മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
ആദ്യത്തെ പ്രണയം… കുഞ്ഞു നാൾ മുതലുള്ള അടങ്ങാത്ത പ്രണയമാണിത്. ദേവ തൻ്റെ കയ്യിലിരുന്ന ചിലങ്കകളിലൂടെ പതിയെ കൈവിരലോടിച്ചു. റൂമിലെ ചുമരിലെചില്ലിട്ട ഷെൽഫിൽ നിറഞ്ഞിരിക്കുന്ന ട്രോഫികൾ, എല്ലാം കുഞ്ഞുന്നാൾ മുതൽ നൃത്തം ചെയ്ത് സ്വന്തമാക്കിയവയാണ്.
കുട്ടിക്കാലത്ത് പാട്ടുകേൾക്കുമ്പോൾ തനിയെ ചുവടുകൾ വയ്ക്കുന്നതു കണ്ട മുത്തശ്ശിയാണ് ആദ്യം അച്ഛനോട് പറഞ്ഞത്” ദേവക്കുട്ടിക്ക് നൃത്തം നന്നായി വഴങ്ങുന്ന പോലെയുണ്ട് പ്രഭാകരാ ” എന്ന്. പാട്ടിട്ട് തലയിൽ ഒരു തോർത്തു മുണ്ടും കെട്ടിയിട്ട് കൊടുത്താൽ ഒരു മടിയും കൂടാതെ ചുവടുകൾ വയ്ക്കുന്നത് കണ്ടപ്പോൾ അമ്മയാണ് അച്ഛനോടു പറഞ്ഞത് നമുക്കിവളെ നൃത്തം പഠിപ്പിച്ചാലോ എന്ന്.
അഞ്ചാം വയസ്സിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യ ഗുരുവായ മായാവതി ടീച്ചറുടെ അടുത്തെത്തി. ടീച്ചറാണ് ദേവയാമിയെ നൃത്തത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്.
ദേവയാമി ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യയാവാൻ അധികം നാൾ വേണ്ടി വന്നില്ല. ദേവയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് ആദ്യം പറഞ്ഞതും മായാവതി ടീച്ചറായിരുന്നു. പിന്നീട് സ്കൂളിലും കോളേജിലും പഠിക്കുമ്പോഴും നൃത്തത്തിലുള്ള ശ്രദ്ധ വിട്ടിരുന്നില്ല. നൃത്തമത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം ദേവയാമിയ്ക്കായിരുന്നു.
ഇനിഇതാണ് തൻ്റെ ലോകം. ഒരിക്കൽ ഏറെ ആഗ്രഹിച്ചതാണ് അറിയപ്പെടുന്ന ഒരു നർത്തകിയാവണമെന്നത് .പിന്നീട് മാഷോടുള്ള പ്രണയവും ആ കൂടെ ജീവിക്കാനുള്ള മോഹവുമെല്ലാം കാരണം നൃത്തം ഒരു ഭാഗത്ത് ഒതുക്കി വയ്ക്കേണ്ടി വന്നു. ദേവ ബുക്കുകൾക്കിടയിൽ നിന്നും ഒരു പേപ്പർ എടുത്തു, സിറ്റൗട്ടിൽ ഇരിക്കുന്ന ആദിയുടെ അടുത്തെത്തി.
“ഏട്ടാ ഇതൊന്നു നോക്കിക്കേ… ” പേപ്പർ അവനു നേരെ നീട്ടി
” ഇത്…. ഇത് നിൻ്റെ റോൾ മോഡൽ നർത്തകി സീതാലക്ഷ്മിയല്ലേ…” ആദി സംശയത്തോടെ ദേവയെ നോക്കി.
“അതെ ഏട്ടാ… ഏട്ടൻ പറഞ്ഞില്ലേ നല്ലൊരു തീരുമാനം എടുക്കാൻ .. ഇതാണെൻ്റെ തീരുമാനം. സീതാലക്ഷ്മി മാഡത്തിൻ്റെ ശിഷ്യയായ് നല്ലൊരു നർത്തകിയായ് മാറണം എനിക്ക് … ഒരിക്കൽ ഏറെ ആഗ്രഹിച്ചതാണ് പിന്നീട് മനസ്സിൽ ഒതുക്കി വച്ച ആഗ്രഹം.”ദേവ പറഞ്ഞു നിർത്തി.
“മോളെ.. പെട്ടന്ന് … തന്നെയുമല്ല അവരിപ്പോൾ ചെന്നൈയിലാണ്. “ആദി സംശയത്തോടെ അവളെ നോക്കി.
” അറിയാം ഏട്ടാ…. ചെന്നൈയിലാണെങ്കിലും അവരവിടെ നൃത്ത വിദ്യാലയമൊക്കെ നടത്തുന്നുണ്ട്. ഏട്ടൻ അച്ഛനോടും അമ്മയോടുമെല്ലാം പറഞ്ഞ് സമ്മതിപ്പിക്കണം.ഇനി ദേവയാമിക്ക് മറ്റൊരു തീരുമാനമില്ല.” അവളുടെ ശബ്ദം ഉറച്ചതായിരുന്നു.
പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. ആദി തന്നെയാണ് ചെന്നൈയിലെ കാര്യങ്ങളെല്ലാം റെഡിയാക്കിയത്. ശ്രീദേവിക്കും പ്രഭാകരനും മകൾ ദൂരെ പോകുന്നത് ഏറെ വിഷമമായിരുന്നു. എങ്കിലും ഒരു മാറ്റം അവൾക്ക് അത്യാവശ്യമാണെന്ന് അവരും മനസ്സിലാക്കി. രണ്ടു ദിവസം കഴിഞ്ഞാൽ ചെന്നൈയിലേക്ക് പോവണം അതിന് ദേവയും മനസ്സുകൊണ്ട് തയ്യാറായി.
*****************
ഋഷിയുടെ അരികിൽ ഇരിക്കുകയാണ് റിതു. അരുന്ധതിയും ചന്ദ്രശേഖരനും കുറെ ദിവസമായിട്ട് ബിസിനസ്സ് കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാത്തതിനാൽ എല്ലാം അവതാളത്തിലാണ്.ഇന്ന് റിതുവിനെ ഋഷിയ്ക്കൊപ്പമാക്കി രണ്ടു പേരും അത്യാവശ്യം ഒരു മീറ്റിംഗിന് പോയതായിരുന്നു. അപ്പോഴാണ്
“ആഹാ ഋഷിയേട്ടനാള് ഉഷാറായല്ലോ?” എന്നും പറഞ്ഞു കൊണ്ട് സിതാര കയറി വന്നത്. റിതുവിന് പണ്ടേ സിതാരയെ വല്യ താത്പര്യമില്ലാത്തതിനാൽ അവൾ സിതാരയെ മൈൻഡ് ചെയ്യാതെ കയ്യിലിരുന്ന ന്യൂസ് പേപ്പറിൽ കണ്ണും നട്ടിരുന്നു. ഋഷി സിതാരയെ നോക്കി ഒന്നു ചിരിച്ചു.
“ഇപ്പൊ എങ്ങനെ വേദനയൊക്കെ കുറവുണ്ടോ ” അവൾ ഋഷിയുടെ അടുത്തേക്ക് കസേര നീക്കിയിട്ടിരുന്നു.
” ആ കുറവുണ്ട്. തലയനക്കുമ്പോൾ കുറച്ച് വേദനയുണ്ട്. ” ഋഷി പറഞ്ഞു. കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് അവൾ പോവാനിറങ്ങി.
“നിനക്കെന്താ നാളെ എക്സാമാണോ?” മൈൻഡ് ചെയ്യാത്തതിൻ്റെ ഈർഷ്യ യോടെ തന്നെ സിതാര റിതുവിനോട് ചോദിച്ചു.
“അതേല്ലോ …എന്താ പഠിപ്പിക്കാൻ വന്നതാണോ?” റിതുവും വിട്ടുകൊടുത്തില്ല.
സിതാര ദേഷ്യത്തോടെയാണ് പുറത്ത് പോയത്.
“നീയെന്തിനാ റിതൂ അവളോട് ദേഷ്യപ്പെടുന്നത്?”ഋഷി റിതുവിൻ്റെ മുഖത്ത് നോക്കി.
“എന്ക്കെന്തോ അവളെ കാണുന്നതേ കലിയാ, ചില സമയത്ത് ഒടുക്കത്തെ ജാഡയാ അതിന് ” റിതുവിൻ്റെ മുഖത്ത് സിതാരയോടുള്ള ഇഷ്ടക്കേട് പ്രകടമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അരുന്ധതിയും ചന്ദ്രശേഖരനും എത്തി.റിതു അരുന്ധതിയെ കണ്ടപ്പോൾ മുഖം തിരിച്ചു.
“രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് പോവാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. മെഡിസിൻ കണ്ടിന്യൂ ചെയ്താൽ മതി പിന്നെ നന്നായി റെസ്റ്റ് എടുത്താൽ മതി” ചന്ദ്രശേഖരൻ പറഞ്ഞു.
” വീട്ടിലൊന്ന് എത്തിയാ മതി. ഈ കിടപ്പ് വല്ലാത്ത മടുപ്പാണ് .. ” ഋഷി പറഞ്ഞു.
“ഈ അന്തരീക്ഷത്തിൽ നിന്നും മാറിയാൽ തന്നെ നിൻ്റെ മടുപ്പൊക്കെ മാറും. പിന്നെ നമുക്ക് ബിസിനസ്സിൽ ശ്രദ്ധിക്കാം അപ്പോൾ തന്നെമോൻ ഉഷാറാവും” അരുന്ധതി അവൻ്റെ കവിളിൽ തലോടി. ഋഷി അവരുടെ കൈയ്യുടെ മേലെ അവൻ്റെ കൈ വച്ച് ആർദ്രമായ് അമ്മയെ നോക്കി.
” അമ്മ വല്ലാതെ ഭയന്നു പോയോ?”
“നീയില്ലാത്ത നിമിഷത്തെക്കുറിച്ച് ഓർക്കാൻ കൂടി കഴിയില്ല കുഞ്ഞേ… ദൈവം എൻ്റെ പ്രാർത്ഥന കേട്ടു … ഇനി ഒന്നും പേടിയില്ല അമ്മയ്ക്ക്.. നീയുണ്ടല്ലോ ” അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹോസ്പിറ്റലിലെ മറ്റു കാര്യങ്ങൾക്കായ് അരുന്ധതി പുറത്തിറങ്ങുമ്പോൾ റിതുവും പുറകിലെത്തി.
“പിന്നെ… അമ്മ പറഞ്ഞില്ല എൻ്റെ പ്രാർത്ഥന കേട്ടു എന്ന് .. അമ്മയോളം തന്നെ ഏട്ടനു വേണ്ടി പ്രാർത്ഥിച്ച മറ്റൊരാൾ കൂടിയുണ്ടായിരുന്നു … ഏട്ടൻ്റെ ആമി… അമ്മയതു മറക്കണ്ടാട്ടോ ” റിതു അരുന്ധതിയെ ഓർമ്മിപ്പിച്ചു. അരുന്ധതി തിരിച്ചെന്തെങ്കിലും പറയുന്നതിനു മുൻപേ റിതു പോയിക്കഴിഞ്ഞിരുന്നു. അരുന്ധതിക്ക് മനസ്സിന് വല്ലാത്ത ഭാരം തോന്നി.
**********************
ദേവ ചെന്നൈക്ക് പോവുന്നതിനാൽ അമ്മമ്മയും അച്ഛനും മേമയും ശിവദയും ശ്രീയയുമൊക്കെ വന്നിട്ടുണ്ട്. ദേവ താൻ പോകുന്ന വിവരം സഞ്ജുവിനെ വിളിച്ചു പറഞ്ഞിരുന്നു.
സാധാരണ എല്ലാവരും ഒത്തുകൂടിയാൽ ഉത്സവത്തിൻ്റെ പ്രതീതിയാണ്. പക്ഷേ ഇത്തവണ എല്ലാവരിലും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചുള്ള സങ്കട മായിരുന്നു.
ദേവയോട് എല്ലാവരും സന്തോഷത്തോടെ പെരുമാറാൻ ശ്രമിച്ചു. രാത്രി തന്നെ ദേവ കൊണ്ടുപോവാനുള്ളതെല്ലാം എടുത്തു വച്ചു. കൂടെ ഋഷിയുടെ കൈയ്യിൽ താനണിയിച്ച ,അരുന്ധതി തിരികെ ഏൽപിച്ച മോതിരം ആരുമറിയാതെ അവൾ എടുത്തു വച്ചിരുന്നു. വെളുപ്പിനെ എഴുന്നേൽക്കാനുള്ളത് കൊണ്ട്നേരത്തെ അത്താഴം കഴിച്ചു കിടന്നു എല്ലാവരും .
ശ്രീദേവി വരുമ്പോൾ ദേവ ഉറങ്ങിയിരുന്നില്ല. “മോളെന്താ ഉറങ്ങാത്തെ “”ഉറക്കം വന്നില്ല അമ്മെ…ഞാനമ്മയുടെ മടിയിൽ കിടക്കട്ടേ…” അവൾ ചേദിക്കുന്നത് കേട്ട് ശ്രീദേവി വാത്സല്യത്തോടെ അവളെ മടിയിൽ ചേർത്തു കിടത്തി പതിയെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. അവൾ കരയുന്നുണ്ടെന്ന് തൻ്റെ മടിയിലെ നനവറിഞ്ഞപ്പോൾ ശ്രീദേവിക്ക് മനസ്സിലായി. കരയട്ടെ… അവളുടെ സങ്കടങ്ങൾ കുറച്ചെങ്കിലും കണ്ണുനീരായി ഒഴുകിത്തീരട്ടെ എന്നവരും കരുതി.
കുറെ കഴിഞ്ഞപ്പോൾ അവൾ ഉറങ്ങി. ശ്രീദേവി അവളെ മെല്ലെ കട്ടിലിൽ കിടത്തി അവളോട് ചേർന്നു കിടന്നു.പക്ഷെ അവർക്ക് അൽപം പോലും ഉറക്കം വന്നില്ല. രാവിലെ 6 മണിയായപ്പോഴേക്കും ദേവ റെഡിയായിശേഷം പൂജാമുറിയിലേക്ക് കയറി. ” കൃഷ്ണാ … എന്നോട് ക്ഷമിക്കണം ട്ടോ… സങ്കടം കൊണ്ട് എന്തൊ ക്കെയോ പറഞ്ഞിട്ടുണ്ട് ഞാൻ … പോവ്വാ എല്ലാ വേദനകളും ഓർമ്മകളും പേറി തന്നെ മറ്റൊരു ലോകത്തേക്ക്… മാഷിൻ്റെ മനസ്സിൽ ഞാനില്ലെങ്കിലും എൻ്റെ മനസ്സിൽ എന്നും ആ മുഖം ഉണ്ടാവും… നീയെൻ്റെ കൂടെയുണ്ടാവണെ കൃഷ്ണാ …” അവൾ മനമുരുകി പ്രാർത്ഥിച്ചു.
ദൂരം അധികമുള്ളതിനാൽ ആദിയുടെ ഫ്രണ്ട് വിനയ് കൂടെയുണ്ട്. ആദിയും അച്ഛനും കൂടി ലെഗേജെല്ലാം കാറിൻ്റെ ഡിക്കിയിലെടുത്തു വച്ചു. ശ്രീദേവിയും പ്രഭാകരനും അവളെ കെട്ടിപ്പിടിച്ചു.അച്ഛച്ചനും അമ്മമ്മയും അവളെ അനുഗ്രഹിച്ചു “നന്നായി വരും” . ദേവ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന് തിരിഞ്ഞു നോക്കുമ്പോൾ എല്ലാ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. അവൾ പതിയെ നിറഞ്ഞകണ്ണുകൾ അമർത്തി തുടച്ചു…. ‘ഇതൊരു ഒളിച്ചോട്ടമാണോ?’സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ച് സ്വയം ചോദിച്ചു ദേവയാമി. ‘അല്ല പുതിയൊരു തുടക്കം മാത്രം..’
തുടരും….❤️