ദേവയാമി ~ ഭാഗം 06, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രാത്രി വൈകിയാണ് ചെന്നൈയിലെത്തിയത്. രാത്രി ഏറെ വൈകിയിട്ടും ചെന്നൈ ഉണർന്നിരിക്കുന്നത് പോലെ തോന്നി.. വാഹനങ്ങൾ തിരിക്കി ലോടുന്നുണ്ട്, ലൈറ്റുകൾ പ്രഭ ചൊരിയുന്നുണ്ട്. എന്തുകൊണ്ടോ ആ ഭംഗിയും തിരക്കുമൊന്നും തനിക്ക് ശ്രദ്ധിക്കാനാവാത്തത് പോലെ ദേവയ്ക്ക് തോന്നി. ഒരു പറിച്ചു നടലിൻ്റെ വേദനയാവാം..

രാവിലെ 10 മണിക്കാണ് സീതാലക്ഷ്മി മാഡത്തിനെ കാണാനുള്ള സമയം . അപ്പോയിൻ്റ്മെൻറ് കിട്ടിയാൽ മാത്രമേ അവരെ കാണാനാവു എന്നതിനാൽ നേരത്തെ തന്നെ ഫോണിൽ വിളിച്ച് എല്ലാം റെഡിയാക്കിയിരുന്നു ആദി.രാത്രി ഒരു ഹോട്ടലിൽ റൂമെടുത്തു. കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം ഓർഡർ ചെയ്തു. പക്ഷേ ക്ഷീണം കാരണം ദേവ പെട്ടന്ന്ഉറങ്ങിപ്പോയി. ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ ആന കുത്തിയാലും അവൾ എണീക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് ആദിയും വിനയും കഴിച്ച് കിടന്നു.

രാവിലെ എഴുന്നേറ്റ് റെഡിയായി. ഹോട്ടലിൽ അന്വോഷിച്ചപ്പോൾ അവിടെ നിന്നും അരമണിക്കൂർ കൂടി വേണം ഈ അഡ്രസ്സിൽ എത്താൻ എന്നു പറഞ്ഞു. ആദിക്ക് തമിഴ് അറിയാത്തതിനാൽ വിനയാണ് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞത്. വിനയ് കുറച്ചു നാൾ കോയമ്പത്തൂർ വർക്ക് ചെയ്തിരുന്നതിനാൽ അയാൾക്ക് അത്യ വശ്യം തമിഴറിയാമായിരുന്നു. ചോദിച്ചു ചോദിച്ച് അവസാനം വലിയൊരു ഗേറ്റിന് മുൻപിലെത്തി. സെക്യൂരിറ്റി വന്നു ആരാണെന്ന് ചോദിക്കുന്നുണ്ട്. വീണ്ടും തമിഴ് തന്നെ .”ഈശ്വരാപെട്ടോ… പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ…” ദേവ മനസ്സിൽ പറഞ്ഞതാണെങ്കിലും അൽപം ശബ്ദം കൂടിപ്പോയി.

“പിന്നെ തമിഴ്നാട്ടിൽ നിനക്ക് എല്ലാം മലയാളത്തിൽ തന്നെ പറഞ്ഞു തരും. ചാടി പുറപ്പെട്ടപ്പോ ഇതൊന്നും ആലോചിച്ചില്ലേ.. ” ആദി അവളെ കളിയാക്കി. ഇല്ലെന്ന് അവൾ തലയാട്ടി.

ഗേറ്റ് തുറന്ന് അയാൾ അകത്തേക്ക് കയറാൻ പറഞ്ഞു. അകത്തെത്തിയപ്പോൾ മറ്റൊരാൾ ഓടി വന്നു കാറിടാൻ സ്ഥലം കാണിച്ചു കൊടുത്തു. കാറിൽ നിന്നിറങ്ങി ചുറ്റും നോക്കിയ ദേവ അന്തം വിട്ടു വായും പൊളിച്ചു നിന്നു. എൻറമ്മോ ഇതെന്താ .. കൊട്ടാരമോ. സീതാലക്ഷ്മിയുടെ വീടായിരിക്കും… അവൾ ചുറ്റുപാടും കണ്ണോടിച്ചു. കൊട്ടാരത്തിൻ്റെ അടുത്തായി വേറൊരു കെട്ടിടമുണ്ട്. കുറച്ചപ്പുറത്ത് വേറൊരു ഗേറ്റ് കാണുന്നുണ്ട്. എല്ലായിടത്തും നിറയെ ചെടികളും പൂക്കളും നിറഞ്ഞു നിൽക്കുന്നു. വല്ലാത്തൊരു സ്ഥലം തന്നെ കാണാൻ നല്ല ഭംഗി.

” വായടക്ക് പെണ്ണേ… ഈച്ച കേറും…” വിനയ് പറഞ്ഞപ്പോഴാണ് ദേവക്ക് സ്ഥലകാലബോധം വന്നത്.

“എന്തൊരു ഭംഗിയാലേ…” അവൾ പറഞ്ഞു.

“അതെ… ദാ ആ ഗേറ്റിൻ്റെ അപ്പുറത്താണ് അവരുടെ ഓഫീസ് നമുക്ക് അങ്ങോട്ടു പോവാം..” വിനയ് പറഞ്ഞു

ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഓഫീസ് ബിൽഡിംഗ് അടുത്തായി സീതാലക്ഷ്മി നാട്യകലാക്ഷേത്രയും.ഓഫീസിൽ എത്തിയപ്പോൾ തന്നെ

“വാങ്ക സാർ അമ്മാ ഉള്ള വര സൊന്നത് ” എന്ന് അകത്ത് കണ്ട സെക്യൂരിറ്റി പറഞ്ഞു.

ആദി … വാ അകത്തേക്ക് പോവാനാണ് പറഞ്ഞത് എന്നും പറഞ്ഞ് വിനയ് എഴുന്നേറ്റു.പുറകെ ആദിയും ദേവയും.

അവരെ കണ്ടതും അകത്തിരുന്ന ആൾ കസേര ചൂണ്ടി പറഞ്ഞു. “വരൂ… ഇരിക്കൂ” ശബ്ദത്തിൻ്റെ ഉടമയെ നോക്കിയ ദേവയ്ക്ക്

എന്തു ചെയ്യണമെന്നറിയാത്ത പരിഭ്രമം തോന്നി. സീതാലക്ഷ്മി …ഒരുപാടു കാലമായി കാണാൻ ആഗ്രഹിക്കുന്ന മുഖം. എന്തൊരു തേജസ്സാണ് അവർക്ക് അമ്മോ….

അവൾ കണ്ണു മിഴിച്ച് നിൽക്കുന്നത് കണ്ട സീതാലക്ഷ്മി ദേവയെ നോക്കി ചോദിച്ചു.

” ദേവയാമി ഈ ലോകത്തൊന്നുമല്ലേ?” അവർ തന്നെ പേരു വിളിച്ചതു കേട്ട ദേവ അമ്പരപ്പോടെ നോക്കി.

“എൻ്റെ പേരെങ്ങനെ മാഡത്തിന് അറിയാം.”

“ദേവയാമിയുടെ പേരും അഡ്രസ്സും മാത്രമല്ല ഒന്നു രണ്ടു നൃത്തങ്ങളും കണ്ടിട്ടുണ്ട്.

” അവർ ചിരിയോടെ പറഞ്ഞു. മലയാളത്തിൻ്റെ കൂടെ തമിഴ് ചുവയുള്ള അവരുടെ സംസാരത്തിനും പ്രത്യേക രസമുണ്ടെന്നവൾക്ക് തോന്നി.

“അതെപ്പോ.. ..” അവളുടെ അമ്പരപ്പ് കൂടി .

“ഇരിക്കടോ എന്നിട്ടു പറയാം” സീതാലക്ഷ്മി ചിരിച്ചു.ദേവ ഇരുന്നു.

” ഇപ്പോൾ പുതിയൊരു അഡ്മിഷനുള്ള സമയമല്ലാഞ്ഞിട്ടു കൂടി ദേവയാമിക്ക് നൃത്തത്തിനോടുള്ള ആഗ്രഹവും പിന്നെ ഇയാളുടെ നൃത്തം കണ്ടപ്പോൾ തോന്നിയ ഇഷ്ടവും കൊണ്ടാണ് ആദിദേവ് പറഞ്ഞപ്പോൾ ഓ കെ പറഞ്ഞത്. ദേവയാമി യുടെ നൃത്തത്തിൻ്റെ വീഡിയോകൾ അയച്ചു തന്നതും ആദിദേവാണ്. ” അവർ വിശദീകരിച്ചു.ദേവ സ്നേഹത്തോടെ ഏട്ടനെ നോക്കി. അവൻ കണ്ണടച്ചു കാണിച്ചു.

അവിടെ ഔട്ട്ഹൗസിൽത്തന്നെ താമസിക്കാമെന്നും വേറെ രണ്ടു കുട്ടികൾ കൂടി അവിടെ ഉണ്ടെന്നും ഒക്കെ അവർ പറയുന്നുണ്ടായിരുന്നുവെങ്കിലും ദേവയുടെ കണ്ണുകൾ അവരുടെ മുഖത്തു തന്നെയായിരുന്നു. വലിയ കണ്ണുകൾ വട്ടപ്പൊട്ട്, പഴയ നടി ശ്രീവിദ്യയെ ഓർമ്മ വന്നു ദേവയ്ക്ക് .എന്തൊരു ഐശ്വര്യം അവൾ മനസ്സിൽ പറഞ്ഞു. സീതാലക്ഷ്മിയും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സീതാലക്ഷ്മിയുടെ ബംഗ്ലാവിന് അടുത്തായുള്ളതായിരുന്നു ഔട്ട് ഹൗസ്. ലെഗേ ജെല്ലാം അവിടെയിറക്കിയപ്പോഴേക്കും ഒരു സ്ത്രീ ചായയുമായ് വന്നു. വിനയ് സാരിച്ചുകൊണ്ടിരുന്നു.

“ദേവ …ഇത് കനകമ്മാൾ ഇവിടത്തെ സെർവൻ്റ് ആണ്. ” വിനയ് പറഞ്ഞു. ദേവ അവരെ നോക്കി ചിരിച്ചു. തമിഴത്തിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.

“വാങ്കെ അമ്മാ ഉള്ളെ പോലാം ” അവർ ദേവയ്ക്ക് റൂമെല്ലാം കാട്ടി ക്കൊടുക്കുമ്പോൾ മറ്റു രണ്ടു കുട്ടികൾ വന്നു.

” ഇതു താ സീതാമ്മാ സൊന്ന കേരളാ വിലുരുന്ത് വന്നവർ” കനകമ്മാൾ ദേവയാമിയെ കാട്ടി അവരോടു പറഞ്ഞു. അവർ ചിരിച്ചു. അപ്പോഴേക്കും ആദിയും വിനയും വന്നു.

” ദേവ മോളെ… ഇങ്ങു വാ.. “ആദി അവളെയും കൂട്ടി പുറത്തിറങ്ങി.

“ഭാഷ വേറെയായത് കൊണ്ട്കുറച്ചു ദിവസത്തേക്ക് ബുദ്ധിമുട്ടാവും .പതിയെ ശരിയാവും. പിന്നെ… ഇവിടെ മോളെ വീട്ടിലെ പോലെ എപ്പോഴും നോക്കാൻ ആളുണ്ടാവില്ല… അടഞ്ഞിരിക്കരുത്.. അച്ഛനേം അമ്മയേം ഇടക്കിടെ വിളിക്കണം. നിന്നെ പിരിഞ്ഞിരുന്നിട്ടില്ല അവർ .. ” അവൻ പറഞ്ഞു കൊണ്ടിരുന്നു.

“എനിക്കറിയാം ഏട്ടാ.. ഏട്ടൻ നാളെ തന്നെ പോവ്വോ ബാംഗ്ലൂർക്ക് ”ദേവ ചോദിച്ചു.

” ഉം.. നാളെ പോണം. രണ്ടു ദിവസം അമ്മമ്മയോടും അച്ഛച്ഛനോടും നിൽക്കാൻ പറഞ്ഞിട്ടുണ്ട്. “

യാത്ര പറഞ്ഞിറങ്ങുമ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.കുട്ടി ക്കാലത്തും വഴക്കു കൂടിയാലും കുറുമ്പുകൾ കാട്ടിയാലും തൻ്റെ മുഖം വാടിയാൽ ഏട്ടന് സങ്കടമാവുമായിരുന്നുവെന്ന് ദേവ ഓർത്തു.

അവിടെയുണ്ടായിരുന്ന രണ്ടു കുട്ടികളും കൂടി എന്തൊക്കെയോ പറയുന്നുണ്ട്. തമിഴിലായത് കൊണ്ട് ദേവയ്ക്ക് ഒന്നും മനസ്സിലായില്ല.

‘ദൈവമേ …തേന്മാവിൻ കൊമ്പത്തെ മോഹൻ ലാലിൻ്റെ അവസ്ഥയാവുമോ എൻ്റെ അവൾ ചിന്തിച്ചു.

“ഹായ്, ഉൻ പേർ എന്ന.. ” എന്ന ചോദ്യം കേട്ടവൾ അവരുടെ മുഖത്ത് തന്നെ നോക്കി നിന്നു. എന്തായാലും ദേവയ്ക്ക് മനസ്സിലായില്ല എന്നവർക്ക് മനസ്സിലായി.

” യുവർ നെയിം പ്ലീസ്…” അതിൽ ഒരാൾ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോഴാണ് ദേവയ്ക്ക് കാര്യം മനസ്സിലായത്

“ദേവയാമി” അവളും ചിരിച്ചു. അവർ സ്വയം പരിചയപ്പെടുത്തി. ഒരാൾ കനിമൊഴി മറ്റെയാൾ കലൈവാണി. രണ്ടു പേരും ഒരു വർഷത്തിലധികമായ് ഇവിടെയുണ്ട്. കനിയും കലയും ദേവയെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം അടുക്കി വയ്ക്കാൻ സഹായിച്ചു. പറയുന്നത് മനസ്സിലാക്കാൻ എല്ലാവർക്കും ബുദ്ധി മുട്ടായിരുന്നു വെങ്കിലും ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് കാര്യങ്ങൾ പറഞ്ഞു അവർ പെട്ടന്നു തന്നെ അടുത്തു . ഭക്ഷണമെല്ലാം കനകമ്മാൾ കൊണ്ടുവരുന്നത് കൊണ്ട് കുക്ക് ചെയ്യണ്ട.

അച്ഛനേം അമ്മയേം വിളിച്ചു സംസാരിച്ചു കഴിഞ്ഞു കുറച്ചു നേരംവെറുതെ കിടന്നു ദേവ. എന്തെല്ലാമാണ് തൻ്റെ ജീവിതത്തിൽ സംഭവിക്കുന്നത് ഈ യാത്ര പോലും തികച്ചും അപ്രതീക്ഷിതം. ഓർമ്മകൾ വീണ്ടും കാടുകയറി. കണ്ണുകൾ അറിയാതെ തന്നെ നനഞ്ഞു.

കലയും കനിയുമാണ് മറ്റൊരാളെ ദേവയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു കൊച്ചു സുന്ദരി ക്കുട്ടി ‘ഐശ്വര്യ ലക്ഷ്മി’ എന്ന ഐഷു.സീതാ മാഡത്തിൻ്റെ മകൾ. പ്ലസ്ടു വിന് പഠിക്കുകയാണവൾ. മാഡത്തിനെ പോലെത്തന്നെ തമിഴ് ചുവയോടെയാണവൾ മലയാളം പറയുന്നത് .കേൾക്കാൻ നല്ല രസമാണ്, മലയാളം എഴുതാനും വായിക്കാനു മൊന്നും അവൾക്കറിയില്ല. എന്തായാലും ദേവയ്ക്ക് അവളെ കണ്ടപ്പോളാണ് അൽപം ആശ്വാസം തോന്നിയത്.

************************

റിതിക പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് താഴ ഹാളിൽ നിന്നും സംസാരം കേട്ടത്. അവൾ വാതിൽ തുറന്നു താഴേക്കു നോക്കി. കൃഷ്ണ കുമാറും ബിന്ദുജയും സിതാരയുമാണ്. ഇവരാണോ എന്ന ഭാവത്തിൽ അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഋഷിയെക്കുറിച്ച് പറയുന്നത് കേട്ടത്.

“നാളെ ഋഷിമോനെ ഡിസ്ചാർജ്ജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അവനും അതൊരു ആശ്വാസമാകും. ഞാനെന്തായാലും കുറച്ചു ദിവസം വീട്ടിൽ തന്നെയിരിക്കാൻ തീരുമാനിച്ചു. ചന്ദ്രേട്ടൻ നോക്കട്ടെ ബിനിനസ്സെല്ലാം ” അരുന്ധതിയാണ്. ” അതാണ് നല്ലത്.. ഇനി താൻ കുറച്ചധികം ശ്രദ്ധിക്കണം അവനെ ,പിന്നെ ഒരു കാര്യം കൂടിയുണ്ട്. ” കൃഷ്ണകുമാർപറഞ്ഞു നിർത്തിയതും അതെന്ത് എന്ന ഭാവത്തിൽ അരുന്ധതി അയാളെ നോക്കി.

” ഋഷിക്ക് ഓർമ്മയില്ലാത്തതൊന്നും ഇനി അവൻ്റെ റൂമിൽ ഉണ്ടാവരുത്. ദേവയാമിയുടെ ഓർമ്മയായ് ഒന്നും തന്നെ ഈ വീട്ടിൽ ഉണ്ടാവരുത്.ഞാൻ പറയുന്നത് അരുന്ധതിക്ക് മനസ്സിലാവുന്നുണ്ടോ ?” അയാൾ അരുന്ധതിയെ നോക്കി.

“ഉം … ശരിയാക്കാം. ” അരുന്ധതിയും ശരിവച്ചു.

ഇതെല്ലാം കേട്ടു നിന്ന റിതു റൂമിൽ കയറി. അപ്പൊ അതാണ് കാര്യം.പെട്ടന്നാണ് അവൾ ഓർത്തത് ഏട്ടൻ കല്യാണത്തിനു തലേന്ന് വാങ്ങിയ ആ ഗിഫ്റ്റ്. ഞാനാണത് ഷെൽഫിൽ വച്ചത്, അമ്മ കാണുന്നതിന് മുൻപ് അതെടുക്കണം. അമ്മ കണ്ടാൽ നശിപ്പിച്ച് കളയും അതുറപ്പാണ്. എല്ലാത്തിനും കാരണം കൃഷ്ണ കുമാറങ്കിൾ ആണ്. അയാളുടെ ഉദ്ദേശം അമ്മയ്ക്കറിയില്ല. പക്ഷേ.. ഞാൻ അതിന്നു അനുവദിക്കില്ല.. റിതു മനസ്സിൽ ഉറപ്പിച്ചു.

” റിതൂ… “താഴെ നിന്നും അരുന്ധതിയുടെ വിളി കേട്ടു .എന്തിനാണാവോ എന്നും മനസ്സിൽ കരുതിയാണ് റിതു താഴെയെത്തിയത്.

മോളിവിടെ ഉണ്ടായിരുന്നോ?”ബിന്ദുജയാണ്.

“ആ…ആൻറി ഞാൻ പഠിക്കുവാരുന്നു.. ” റിതു പറഞ്ഞു.

” വീട്ടിലാരെങ്കിലും വന്നാൽ നിനക്കൊന്നു പുറത്തിറങ്ങിക്കൂടെ ” അരുന്ധതി അൽപം ദേഷ്യത്തോടെ ചോദിച്ചു.

” ഞാനറിഞ്ഞില്ല…” റിതു അരുന്ധതിയെ കൂർപ്പിച്ചൊന്നു നോക്കിപ്പറഞ്ഞു . അരുന്ധതി പിന്നെയൊന്നും മിണ്ടിയില്ല. തന്നെ നോക്കി നിൽക്കുന്ന സിതാരയെ നോക്കി റിതുമൊന്നു മെല്ലെ ചിരിച്ചു. അവൾ തിരിച്ചും.

ഉച്ചഭക്ഷണവും കഴിച്ചാണ് കൃഷ്ണ കുമാറും കുടുംബം ഇറങ്ങിയത്. കുറച്ചു കഴിഞ്ഞ് അരുന്ധതിയുടെ കാറും ഗേറ്റ് കടന്നു പോയി. ‘ഇതാണ് പറ്റിയ സമയം ‘ എന്നു സ്വയം പറഞ്ഞു കൊണ്ട് റിതു ഋഷിയുടെ റൂമിൽ കയറി.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *