ദേവയാമി ~ ഭാഗം 07, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

റിതു താക്കോലെടുത്ത് ഷെൽഫ് തുറന്നു. ഷെൽഫിൻ്റെ ഒരു ഭാഗം നിറയെ ഏട്ടത്തിയ്ക്ക് വേണ്ടി വാങ്ങിയ ഡ്രസ്സുകളും സാധനങ്ങളും ആണല്ലോ എന്നവൾ ഓർത്തു. ഏട്ടൻ വരുമ്പോഴേക്കും ഇതെല്ലാം മാറ്റേണ്ടി വരുമായിരിക്കും. ഏട്ടൻ്റ ഇഷ്ടത്തിന് വാങ്ങിയവയാണ് ഏറെയും. ആ ഗിഫ്റ്റ്ബോക്സെവിടെപ്പോയി റിതു ഓരോഡ്രോയും തുറന്നു നോക്കുമ്പോഴാണ് ഡോറിൽ മുട്ടുകേട്ടത്.

‘ഈശ്വരാ… അമ്മ വന്നോ ?.. ന്നാ കുടുങ്ങിയതുതന്നെ … ‘ഭയത്തോടെയാണ് റിതു വാതിൽ തുറന്നത്.

“കുഞ്ഞായിരുന്നോ അകത്ത് .. കൊച്ചമ്മ ഇവിടൊക്കെ വൃത്തിയാക്കാൻ പറഞ്ഞിരുന്നു. പിന്നെ.. ഇവിടത്തെ സാധനങ്ങൾ ഒക്കെ കൊച്ചമ്മയുടെ മുറിലേക്ക് മാറ്റാനും പറഞ്ഞു. അതാ ഞാനിങ്ങു വന്നേ…” ലീലാമ്മ റിതുവിനോടു പറഞ്ഞു.

അവിടത്തെ സെർവൻ്റ് ആണ് ലീലാമ്മ.

” ഞാനും സഹായിക്കാം ലീലാമ്മച്ചീ…”

റിതുവിന് പെട്ടന്ന് ലീലാമ്മയെ കണ്ടപ്പോൾ സമാധാനമായി. ഋഷിയുടെ റൂമിനടുത്തായ് ചെറിയൊരു റൂമുണ്ട്. അവിടെ മുഴുവൻ ബുക്ക്സ് അടുക്കി വച്ചിട്ടുണ്ട്. ഒഴിവു സമയം അധികവും ഋഷി എഴുതിയും വായിച്ചും അവിടെയാണ് ചിലവഴിക്കാറ്.ലീലാമ്മ ആദ്യം അവിടേക്കാണ് പോയത്.ആ സമയം കൊണ്ട് റിതു ആ ബോക്സ് ഷെൽഫിൽ നിന്നെടുത്തു വേഗം തൻ്റെ മുറിയിൽ വച്ചിട്ട് വന്നു.
ലീലാമ്മ അവിടെയെല്ലാം പൊടി തട്ടി ഒതുക്കിയ ശേഷം അടിച്ചുവാരി. റിതുവും അവിടെ ഓരോന്നു ചെയ്തു കൊണ്ടിരുന്നു. ഋഷി എഴുതിയ ബുക്കുകൾ അവൾ പതിയെ എടുത്തു. ഇതെല്ലാം അമ്മ കണ്ടാൽ ഒരുപക്ഷേ നശിപ്പിക്കുമോ എന്നവൾക്ക് തോന്നി.

ഋഷിയുടെ റൂമിൽ നിന്നും കൊണ്ടുവന്ന’ ബുക്കുകൾ കട്ടിലിൽ വച്ച് റിതു ആ ഗിഫ്റ്റ് ബോക്സെടുത്തു. എന്തായിരിക്കും അതിൽ … കാട്ടിത്തരാം എന്നു പറഞ്ഞെങ്കിലും അന്നത് കാണാൻ സാധിച്ചില്ല… തുറന്നു നോക്കണോ? എന്താ ചെയ്യാ… റിതു കുറച്ചു നേരം ആലോചിച്ചു.

അവളത് തുറന്നപ്പോൾ കണ്ണുകളിൽ വല്ലാത്ത അത്ഭുതം നിറഞ്ഞു. മനോഹര മായ രണ്ടു ചിലങ്കകൾ …

‘ആമിയ്ക്ക് എന്നോടുള്ള ഇഷ്ടം പോലെയാണ് നൃത്തത്തിനോടുള്ള ഇഷ്ടവും.
നല്ലൊരു നർത്തകിയാവണമെന്ന അതിയായ ആഗ്രഹവും അവൾക്കുണ്ട്. പക്ഷേ… എന്നെ കണ്ടതിനു ശേഷം എന്നോടുള്ള പ്രണയം കാരണം അവൾ മനപ്പൂർവ്വം അവളുടെ നൃത്തത്തിനോടുള്ള ഇഷ്ടം മാറ്റിവയ്ക്കുന്നതു പോലെ എനിക്കു തോന്നി. പക്ഷേ…ആമിയുടെ ആഗ്രഹം പോലെ അവളെ ഒരു നർത്തകിയാക്കാൻ ഞാനാഗ്രഹിക്കുന്നുണ്ടെന്ന് പറയാതെ പറയും ഞാൻ.”
ഒരിയ്ക്കൽ ഏട്ടത്തിയെ പറ്റി സംസാരിക്കുന്നതിനിടയ്ക്ക് ഋഷി പറഞ്ഞത് റിതു ഓർത്തു. ഒരു നർത്തകിയാവാൻ ആഗ്രഹിക്കുന്ന ആൾക്ക് നൽകാൻ പറ്റിയ മികച്ച ഗിഫ്റ്റ് തന്നെയാണത് എന്നവൾ ഓർത്തു. ഒപ്പം തന്നെ നിൻ്റെ ആഗ്രഹ ങ്ങൾക്ക് ഞാനെന്നും കൂടെയുണ്ടെ ന്ന് പറയാതെ അറിയിക്കുകയും ചെയ്യാം.. ഏട്ടൻ ആളു കൊള്ളാലോ ..

ആ ചിലങ്കയ്ക്ക് അടിയിലായി എന്തോ കുറിച്ചിട്ട പേപ്പർ കണ്ടുവെങ്കിലും അതു വായിക്കാൻ ഋതുവിന് തോന്നിയില്ല. ഏട്ടൻ്റെ ആമിയ്ക്ക് വേണ്ടി കുറിച്ച വരികൾ… അത് വായിക്കാൻ തനിക്കൊരിക്കലും അവകാശമില്ലെന്ന് തോന്നിയവൾക്ക്..
ചിലങ്കകൾ ബോക്സിൽ ഭദ്രമായ് വച്ച് തൻ്റെ ഷെൽഫിൽ വച്ചു.ഏട്ടൻ എഴുതിയ ബുക്കുകൾ എന്നെങ്കിലും ചോദിച്ചാൽ തിരികെ നൽകണം… കാരണം അതേട്ടൻ്റെ ആത്മാവാണ് അവൾ അതെല്ലാം സൂക്ഷിച്ചു വച്ചു.

*******************

തിരക്കെല്ലാം കഴിഞ്ഞപ്പോൾ ദേവ അച്ഛനേം അമ്മേം വിളിച്ചു സംസാരിച്ചു. അമ്മയുടെ ശബ്ദത്തിലെ പതർച്ച താൻ അടുത്തില്ലാത്തതിൻ്റെയാണെന്ന് അവൾക്കറിയാമായിരുന്നു. അവരെ പിരിഞ്ഞിരിക്കാൻ സാധിക്കാത്തതു കൊണ്ടാണ് ദൂരെയൊന്നും പഠിക്കാൻ പോലും പോവാതിരുന്നത്.ഇന്ന് പക്ഷേ.. അവർക്കൊപ്പം നിന്നാൽ തന്നെക്കാൾ അവർക്ക് വേദനിക്കും…

ആദി രാത്രിവൈകിയാണ് എത്തിയത്. എത്തിയ ശേഷം ദേവയെ വിളിച്ചിരുന്നു.
യാത്രാ ക്ഷീണം കാരണം ദേവ നേരത്തെ കിടന്നു.

രാവിലെ നേരത്തെ തന്നെ ദേവ ഉണർന്നു .. നേർത്ത ദേവീ സ്തുതി എവിടെ നിന്നോ അവളുടെ കാതുകളിൽ പതിച്ചു.അതു കേട്ടുകൊണ്ട് കുറച്ചു നേരം അവിടെത്തന്നെ കിടന്നവൾ. കുളി കഴിഞ്ഞ് ഫ്രഷായി വന്നപ്പോഴും ചെറിയ ശബ്ദത്തിൽ ഭക്തിഗാന മങ്ങനെ കേൾക്കുന്നുണ്ട് .അവൾ പതിയെ പുറത്തിറങ്ങി. വാതിൽക്കൽ പല നിറത്തിലുള്ള വർണ്ണപ്പെടികൾ കൊണ്ട് ഭംഗിയായി കോലം വരച്ചിട്ടുണ്ട്. വല്ലാത്തൊരു ആശ്വാസമോ ഉണർവ്വോ എന്തെല്ലാമോ തോന്നി അവൾക്ക്.. പുറത്തെ റോസാച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന പല കളറിൽ ഉള്ള പൂവുകൾക്കരികിലായ് നടന്നു അവൾ.. പ്രഭാതത്തിലെ മഞ്ഞുകണങ്ങൾ അവയിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്.

കനകമ്മാൾ ചായയും കടിയുമെല്ലാം കൊണ്ടു വന്നിരുന്നു. കനിയും കലയും വിളിച്ചപ്പോഴാണ് ദേവ അകത്തേക്ക് വന്നത്.ഇന്ന് രാവിലെ നൃത്ത ക്ലാസ്സുള്ളതു കൊണ്ട് വേഗം കഴിച്ച് റെഡിയായി.. ഇടദിവസമായതിനാൽ കുട്ടികൾ കുറവാണ്. അവധി ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ വരും.. വേറെ ടീച്ചേർസ് പഠിപ്പിക്കാനും വരുന്നുണ്ട്.സീതാമാഡത്തിന് പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങളിൽ അവർ വരും.

സീതാ മാഡത്തിൻ്റെ കാൽക്കൽ ദക്ഷിണയും വച്ച് അനുഗ്രഹവും വാങ്ങി ദേവ. അവർ ഉയരങ്ങളിൽ എത്തട്ടെ എന്നവളെ അനുഗ്രഹിച്ചു. ഭൂമീദേവിയെ വന്ദിച്ച് ദേവ മറ്റു കുട്ടികക്കൊപ്പം ചുവടുകൾ വച്ചു. സീതാലാക്ഷ്മി വിരലുകൾ കൊണ്ട് താളം പിടിച്ചു. ഇടയ്ക്ക് ദേവയുടെ ചുവടുകൾ തെറ്റി.. തൻ്റെ മനസ്സിടറിയത് അവളും അറിഞ്ഞിരുന്നു. ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ പുറകിൽ നിന്നും “ദേവയാമി…” എന്ന വിളി കേട്ടപ്പോൾ തന്നെ സീതാ മാഡം ആണെന്ന് അവൾക്ക് മനസ്സിലായി.

“മാഡം.. ” അവൾ തിരിഞ്ഞു നിന്നു.

” ഇടയ്ക്ക് മനസെവിടെ ആയിരുന്നു.. “അവർ ചോദിച്ചു.ദേവ തല കുനിച്ചു നിന്നു.

” ഒരു നല്ല നർത്തകിയാവാൻ മനസ്സു പൂർണ്ണമായും നൃത്തത്തിൽ ശ്രദ്ധിക്കണം.. മനസ്സും ശരീരവും കഴിവുകളും എല്ലാം ചേർന്നാൽ മാത്രമേ അതിനു കഴിയൂ …
ദേവയാമിക്ക് ജന്മനാ കിട്ടിയ വാസനയുണ്ട്. അതിനെ പ്രയോജനപ്പെടുത്തേണ്ടത് താൻ മാത്രമാണ്. ” സീതാലക്ഷ്മി ദേവയെ നോക്കി പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതു കണ്ടപ്പോൾ അവർ വാത്സല്യത്തോടെ പറഞ്ഞു “സാരല്യാ… മോള് വിഷമിക്കേണ്ട ഇനി ശ്രദ്ധിച്ചാ മതീട്ടോ.. ” ദേവ തലയാട്ടി.

അവർ കുറച്ചു മുൻപോട്ടു നടന്ന ശേഷം തിരിഞ്ഞു നിന്നു പറഞ്ഞു.” പെൺ കുട്ടികൾ കണ്ണുകളിൽ നല്ല കൺമഷിയിടുന്നത് കാണാൻ നല്ലതാ.. ദേവയാമി കണ്ണെഴുതാറില്ലേ..?” സീതാലക്ഷ്മിയുടെ ചോദ്യം ദേവ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ” ഉണ്ട്.. ശ്രദ്ധിച്ചില്ല അതാ…” ദേവ കഷ്ടപ്പെട്ടു പറഞ്ഞൊപ്പിച്ചു. ഇവർ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ? ഇന്നലെ വന്നപ്പോഴും തന്നെ ശ്രദ്ധിക്കുന്നത് കണ്ടിരുന്നു.

റൂമിലെത്തി കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവർ പറഞ്ഞത് ശരിയാണെന്ന് അവൾക്ക് തോന്നി. കണ്ണുകൾ വെളുത്തിരിക്കുന്നു. ഇപ്പോൾ ഇതൊന്നും ശ്രദ്ധിക്കാറില്ല. കുഞ്ഞനാൾ മുതൽ കണ്ണിൽ മഷിയെഴുതി പൊട്ടു തൊട്ട് കാൽക്കൊലുസ്സണിഞ്ഞ് നടക്കണം എന്ന് അമ്മ പറയുമായിരുന്നു.എന്നും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്ക് മനസ്സൊന്നിടറിയപ്പോൾ എല്ലാം മാറിയപോലെ.

” ദേവാ… എന്ന യോസിച്ചിട്ട് ഇറുക്ക്…” കനിയാണ് ‘

” ഒന്നുമില്ല…” ദേവ കണ്ണടച്ചു കാണിച്ചു.

********************

ഋഷിയെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചന്ദ്രശേഖരൻ പിടിച്ചിരുന്നു. കുറച്ചു നാൾ ഹോസ്പിറ്റലിൽ കിടന്നതു കൊണ്ട് ആകെപ്പാടെ ഒരു മാറ്റം പോലെ തോന്നി
ഋഷിക്ക്. ഏട്ടൻ വന്നപ്പോൾ മുതൽ കൂടെയുണ്ട് റിതു.

“നിനക്കെന്താ ഒരു മൂഡോഫ് പോലെ … ” അവളുടെ മങ്ങിയ മുഖം കണ്ട് ഋഷി ചോദിച്ചു.

“ഒന്നൂല്ലാ.. ഏട്ടാ..” എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയവൾ. അരുന്ധതി ഋഷിക്കുള്ള ഭക്ഷണവുമായ് വന്നപ്പോൾ

“ഏട്ടാ ഞാൻ കുറച്ച് പഠിക്കട്ടെ ” എന്നും പറഞ്ഞ് റിതു പോയി . ഭക്ഷണം കഴിക്കുമ്പോൾ ഋഷി എന്തോ ആലോചിക്കുന്നതു പോലെ തോന്നി അരുന്ധതിക്ക്

“എന്താ മോനെ .. ചിന്തിച്ചിരിക്കുന്നത്? വേഗം കഴിക്ക് ഗുളിക കഴിക്കാൻ ഉള്ളതാ.” അവർ പറഞ്ഞു.

” അത് .. അമ്മേ റിതു ഇപ്പോ എന്തിനാ പഠിക്കുന്നെ എന്നാലോചിച്ചിട്ട് ഓർമ്മ വരുന്നില്ല.അതാ ആലോചിച്ചത്..” ഋഷിയുടെ വാക്കു കേട്ട് അരുന്ധതി ഞെട്ടി.

” അവൾ എം ബി ബി എസ് ചെയ്യുന്നു. പിന്നെ വയ്യാത്തതല്ലേ ഒരുപാടൊന്നും ചിന്തിക്കേണ്ട മോൻ..” അവർ വീണ്ടും പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

വാതിലിൽ തുടരെ മുട്ടുന്നത് കേട്ടാണ് റിതുകതക് തുറന്നത്, അരുന്ധതി യായിരുന്നു പുറത്ത്.

“എന്താ ..” അവൾ ചോദിച്ചു.

” അവൻ്റെ കൂടെ ചുറ്റിപറ്റി നിന്നിട്ട് കഴിഞ്ഞതൊക്കെ ഓർമ്മിപ്പിക്കണ്ട എന്നു പറയാൻ വന്നതാ.. “അവർ പറഞ്ഞു.

“ഞാനാരോടും ഒന്നും പറയുന്നില്ല .. പോരെ ” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നീയെന്തിനാ റിതൂ എന്നോടിങ്ങനെ പെരുമാറുന്നത് ” അവരുടെ ശബ്ദം ഇടറിയിരുന്നു. റിതുവിന് അത് വിഷമം ഉണ്ടാക്കിയെങ്കിലും അവളത് പുറത്ത് കാണിച്ചില്ല.

” അമ്മയല്ലെ ഓരോന്നു ചെയ്യുന്നത് .. ഏട്ടൻ്റെ മുഖത്ത് നോക്കാൻ വയ്യ.. ഹൃദയം പൊട്ടുന്ന പോലെ … ” അവളും സങ്കടപ്പെട്ടു.

മറുപടിയൊന്നും പറയാതെ അരുന്ധതി താഴേക്കിറങ്ങി. എത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു .. പക്ഷേഇന്ന് മകൾക്ക് ദേഷ്യം .. മകനു മുന്നിൽ എത്ര നാൾ ഇങ്ങനെ നിൽക്കാനാവും..വിഎന്നെങ്കിലും അവനെല്ലാം അറിയുമ്പോൾ എന്ത് മറുപടി നൽകും.. തൻ്റെ മറുപടിയിൽ അവൻ തൃപ്തനാകുമോ? അതോ അവൻ തന്നെ വെറുക്കുമോ? അരുന്ധതിയുടെ മനസ്സുനീറിക്കൊണ്ടിരുന്നു.

കുറച്ചു ദിവസങ്ങൾ കഴിയവേ ഋഷിയും ഏറെക്കുറെ ആക്സിഡൻ്റിൻ്റെ പരിക്കുകളിൽ നിന്നും മോചിതനായിരുന്നു. അരുന്ധതി ഋഷിക്കൊപ്പം തന്നെ യായിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന് ഇടയിൽ ചന്ദ്രശേഖരൻ ഋഷിയെ നോക്കി ചോദിച്ചു.

” ഋഷീ.. താൻ ഓകെയല്ലേ.. “

“അതെ.. അച്ഛാ ,എന്തെ അങ്ങനെ ചോദിച്ചത് ” ഋഷി ചന്ദ്രശേഖരനെ നോക്കി.

“ബിസിനസ്സ്കാര്യങ്ങൾ നോക്കാൻഞാൻ തനിച്ചായതു കൊണ്ട് എല്ലായിടത്തും കൃത്യമായ് കണ്ണെത്തുന്നില്ല .. താൻ ഓകെയാണെങ്കിൽ അരുന്ധതിക്ക് എൻ്റെ
കൂടെ വരാമല്ലോ.. “ചന്ദ്രശേഖരൻ പറഞ്ഞു.

” ഞാൻ മാത്രമല്ല ചന്ദ്രേട്ടാ.. ഋഷിയും കൂടെ ഇനി നമ്മുടെ കൂടെ വരട്ടെ, ഇവിടെ തനിച്ചിരുന്ന് ബോറടിക്കണ്ടല്ലോ, മാത്രവുമല്ല കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്യാം ” ഇത്തവണ അരുന്ധതിയാണ് പറഞ്ഞത്.

” അത് നല്ലതാ.. “ചന്ദ്രശേഖരൻ പറഞ്ഞു.

” ഞാനോ.. എനിക്കതിനുള്ള മൂഡൊന്നും തോന്നുന്നില്ലാ.. അമ്മ പോയാമതി.. ” ഋഷി താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

” അതു പറ്റില്ല.. നിന്നെ തനിച്ചാക്കി പോയാൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല.. വെറുതെ കൂടെ വന്നാൽ മതി.. ” അരുന്ധതി പറഞ്ഞപ്പോൾ പിന്നെ ഋഷിയൊന്നും പറഞ്ഞില്ല. അവരുടെ സംസാരമെല്ലാം കേട്ടിട്ടും റിതിക മാത്രം ഒന്നും മിണ്ടിയില്ല. ഏട്ടന് ബിസിനസ്സിൽ ആദ്യമേ താത്പര്യം ഇല്ലായിരുന്നു എന്നവൾ ഓർത്തു. പക്ഷേ അമ്മയ്ക്ക് ഏട്ടൻ ബിസിനസെല്ലാം നോക്കി നടത്തുന്നതാണ് ഇഷ്ടം. ആ വഴിക്കാണ് കാര്യങ്ങൾ നീങ്ങുന്നതും .

വലിയ മനസ്സില്ലാതെയാണ് ഋഷി അവർക്കൊപ്പം ഇറങ്ങിയത്. അരുന്ധതി നല്ല സന്തോഷവതിയാണ്, ഇനിയെങ്കിലും ഋഷിയുടെ ശ്രദ്ധ ബിസിനസ്സിൽ ആവണേ എന്നവർ മനസ്സിൽ പ്രാർത്ഥിച്ചു.

ഹോസ്പിറ്റലിൽ ,ജ്വല്ലറിയിൽ , ടെക്സ്റ്റയിൽസിൽ എല്ലായിടത്തും അരുന്ധതി മകനെയും കൂട്ടി പോയിരുന്നു. ഋഷി വെറുതെ അവർക്കൊപ്പം വെറുതെ യിരുന്നതേ ഉള്ളുവെങ്കിലും അവന് വല്ലാതെ ബോറടിച്ചു തുടങ്ങിയിരുന്നു. അത് മനസിലാക്കിയ അരുന്ധതി അവനൊപ്പം തന്നെ വീട്ടിലേക്ക് മടങ്ങി.വീട്ടിലെത്തി ഫ്രഷായ ശേഷം ഋഷിയൊന്നു കിടന്നു. മനസ്സിലെന്തോ ഒരു സന്തോഷം തോന്നിയില്ല.

“ഏട്ടാ.. എന്താ കിടക്കുന്നെ? ” റിതു അവനരികിൽ വന്നിരുന്നു.

” അറിയില്ല മോളെ.. എന്നിക്കെന്തോ ഒരു സുഖം തോന്നിയില്ല.” അവൻ പറഞ്ഞു.

“കുറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങിയത് കൊണ്ടാവും ഏട്ടാ..” അവൾ ഋഷിയെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും അരുന്ധതി ചായയുമായ് വന്നു. “നീയെന്തിനാ ഋഷീ കിടക്കുന്നത്….”

“ഏയ്.. ഒന്നുമില്ല ഒരു ക്ഷീണം” അവൻ പറഞ്ഞു.

“ഇനി കുറച്ച് ബിസിനസ്സ് കാര്യങ്ങളൊക്കെ നോക്കി തുടങ്ങിയാൽ മതി. നിൻ്റെ ബോറഡിയൊക്കെ മാറിക്കൊള്ളും. ഫുൾ ടൈം വേണ്ട നിനക്ക് പറ്റും പോലെ മതി…പതിയെ ശീലമായിക്കൊള്ളും” അവർ അവനെ നോക്കി പറഞ്ഞിട്ട് മുറി വിട്ടിറങ്ങി. ഋഷിയുടെ മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *