ദേവയാമി ~ ഭാഗം 08, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ദിവസങ്ങൾ കൊഴിഞ്ഞു പോകവേ ചെന്നൈ നഗരത്തിലെ ജീവിതത്തോട് ദേവ പെരുത്തപ്പെട്ടുതുടങ്ങി.ഭക്തി സാന്ദ്രമായ പ്രഭാതങ്ങൾ …നൃത്തത്തിൽ മാത്രം ലയിച്ചു ചേർന്ന പകലുകൾ …എല്ലാം ചേർന്ന് അവളുടെ ജീവിതതാളം തന്നെ മാറിയിരുന്നു. രാത്രികൾ മാത്രം ഓർമ്മകളുടെ ചെപ്പുകൾ തുറന്നിരുന്നു… ഒരു മാസം കഴിഞ്ഞു താനിവിടെ വന്നിട്ടെന്ന് ഓർക്കവേ അവൾക്ക് അമ്പരപ്പാണ് തോന്നിയത്.

ഒരു ദിവസം നൃത്ത ക്ലാസ്സിൽ നിന്നും വരുമ്പോഴാണ് ഐഷു ഓടി വന്നത്.

“ദേവ ചേച്ചീ വൈകിട്ട് അമ്മയുടെ പ്രോഗ്രാമിന് വരുന്നുണ്ടോ ?”

” സീതാ മാഡം സമ്മതിക്കുമോ?” സംശയത്തോടെ ദേവ ചോദിച്ചു.

“അമ്മ പറഞ്ഞു വരുന്നുണ്ടെങ്കിൽ ഒരുമിച്ചു പോവാമെന്ന് “ഐഷു പ്രതീക്ഷയോടെ ദേവയെ നോക്കി.

” പോവാം “ദേവയ്ക്ക് വീണ്ടുമൊന്നാലോചിക്കേണ്ടി വന്നില്ല. നൃത്തം അതിയായി മനസ്സിൽ കയറിക്കൂടിയ കാലം മുതലേ ആഗ്രഹിക്കുന്നതാണ് സീതാലക്ഷ്മി മാഡത്തിനെ ഒന്നു കാണാൻ മാഡത്തിൻ്റെ നൃത്തമൊന്നു നേരിട്ടുകാണാൻ. ഇവിടെ വന്നതിനു ശേഷവും മാഡം പ്രോഗ്രാമുണ്ട് എന്നു പറയുമ്പോൾ ‘കൂടെ വരട്ടെ.. ‘എന്നു ചോദിച്ചാലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

കലയും കനിയും അറിഞ്ഞപ്പോൾ അവർക്ക് വല്ലാത്ത അത്ഭുതമായിരുന്നു. വൈകുന്നേരം നേരത്തെ തന്നെ റെഡിയായി.മാഡം ആദ്യം പോയി.ഐഷുവും കലയും കനിയും ദേവയും ഡ്രൈവർ മുത്തുവിനൊപ്പമാണ് പോയത്. വല്ലാത്ത തിരക്കായിരുന്നു പ്രോഗ്രാമിന്.

സീതാലക്ഷ്മിയുടെ നൃത്തം കണ്ടിരുന്ന ദേവ സ്വയം മറന്നിരുന്നു.. അവരുടെ മുദ്രകളും ചുവടുകളും കണ്ണുകളുടെ ചലനവുമെല്ലാം അവൾ അത്ഭുതത്തോടെ നോക്കിയിരുന്നു. തിരിച്ചെത്തിയിട്ടും അവൾ ആ നിമിഷങ്ങളിൽ തന്നെ മുഴുകിയിരുന്നു.

പിറ്റെ ദിവസം സീതാലക്ഷ്മിയെ കണ്ടപ്പോൾ “മാം .. ഇന്നലത്തെ പ്രോഗ്രാം നന്നായിരുന്നു. എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.. “ദേവ ഉത്സാഹത്തോടെ പറഞ്ഞു.

“താങ്ക് യു ഫോർ യുവർ കോംപ്ലിമെൻ്റ്.. തനിക്കും കഴിയും.. ഒരു പക്ഷേ ഇതിലും നന്നായി ചെയ്യാൻ .. എനിക്കത് മനസ്സിലായിട്ടുണ്ട് .. പക്ഷേ താൻ മനസ്സി ലാക്കിയിട്ടില്ല എന്നു മാത്രം” അതും പറഞ്ഞ് സീതാലക്ഷ്മി വാത്സല്യത്തോടെ അവളുടെ തലയിലൊന്നു തഴുകി, പിന്നെ നടന്നകന്നു.ദേവയ്ക്ക് അമ്മയെ ഓർമ്മ വന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞു.

അടുത്ത ദിവസം ഐഷു രാവിലെ സ്കൂളിൽ പോവാതെ തുള്ളിച്ചാടി നടക്കുന്നതു കണ്ടു.

” ഇന്നേക്ക് സ്കൂൾ ഇല്ലയാ …” കലയാണ് ഐഷുവിനോട് ചോദിച്ചത്.

” ഇന്ന് പാട്ടി ഊരിലെ ഇരുന്ത് വറ്ത്.” ഐഷുവിൻ്റെ മറുപടി കേട്ട് ദേവയ്ക്ക് ഒന്നും മനസ്സിലായില്ല. “എന്താ ” അവൾ സംശയത്തോടെ ചോദിച്ചു.

സീതാലക്ഷ്മിയുടെ അമ്മയാണ് സരസ്വതി അമ്മ .അവർ ഇവിടെ തന്നെയാണ് താമസവും. വർഷത്തിൽ ഒരിക്കൽ പാലക്കാട് അവരുടെ വീട്ടിലേക്ക് പോവും. ഒപ്പം ഗുരുവായൂരപ്പനെയും കണ്ട് ഒന്നു രണ്ടു മാസം കഴിഞ്ഞേ വരൂ. അതു കൊണ്ടാണ് ദേവ വന്നപ്പോൾ അവരെ കാണാതിരുന്നത്. ഐഷു വിശദമായി തന്നെ പറഞ്ഞു കൊടുത്തു.

“ആഹാ.. അങ്ങനെയൊരാൾ കൂടിയുണ്ടായിരുന്നോ ഇവിടെ “ദേവ പറഞ്ഞു.

“പാട്ടിയുണ്ടെങ്കിൽ നല്ല രസമാ.. ദേവ ചേച്ചിയെക്കുറിച്ച് പാട്ടിയോട് പറഞ്ഞിട്ടുണ്ട് ഞാൻ .പിന്നെ ..പാട്ടി മാത്രമല്ല ഇവിടെ വേറെ ഒരാൾ കൂടിയുണ്ട് “ഐഷുവാണ്.

“അതാരാ.. വേറെ ഒരാൾ”ദേവ അമ്പരപ്പോടെ ചോദിച്ചു.

“എൻ്റെ ഏട്ടൻ വിശാൽ കൃഷ്ണമൂർത്തി എന്ന വിച്ചൂ.. ആളങ്ങ് ഓസ്ട്രേലിയയിലാ.. ” ഐഷുവിൻ്റെ മുഖത്ത് തിളക്കം കാണാം. അവൾ തുടർന്നു ..

“ഏട്ടൻ കൂടി വന്നാലേ ഒരു ഉഷാറുള്ളൂ” പറയുമ്പോൾ തന്നെ ഐഷുവിന് വല്ലാത്ത സന്തോഷമായിരുന്നു. ഓ.. ഇവിടെ വേറെയും കഥാപാത്രങ്ങൾ ഉണ്ടോ? ദേവ മനസ്സിൽ ഓർത്തു.

*************

ഋഷി ആരോഗ്യം വീണ്ടടുത്തത്തും അരുന്ധതിക്കൊപ്പം ബിസിനസ്സിൽ ശ്രദ്ധിക്കാൻ പോവുന്നതുമെല്ലാം കൃഷ്ണ കുമാർ അറിയുന്നുണ്ട്. അയാൾ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി.അയാളുടെ മുഖത്ത് ഒരു ഗൂഢമായ ചിരി തെളിഞ്ഞു.

“എന്താ തനിച്ചിരുന്ന് ചിരിക്കുന്നത് ” ബിന്ദുജയാണ്.

“ഏയ് ഒന്നുമില്ല.. മോളെവിടെ? ” അയാൾ ചോദിച്ചു.

” അവൾ ഷോപ്പിംഗിനെന്നും പറഞ്ഞ് പുറത്ത് പോയി, വീട്ടിലിരിക്കുന്ന സ്വഭാവം പണ്ടേ അവൾക്കില്ലല്ലോ ,ഇപ്പോഴാണേൽ പഠിത്തവും കഴിഞ്ഞു.

“ബിന്ദുജപറഞ്ഞു.

” അവളുടെ കല്യാണക്കാര്യമാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്. ” കൃഷ്ണ കുമാറിൻ്റെ പറച്ചിൽ കേട്ട് ബിന്ദുജ ചോദിച്ചു ‘

“കല്യാണമോ .. എന്താ ഇപ്പോ പെട്ടന്ന് അങ്ങനെ ഒരാലോചനാ “

” പെട്ടന്നല്ല.. പതിയെ മതി പക്ഷേ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണം എന്നു മാത്രം ” അയാൾ ചിരിച്ചു.

“എനിക്കൊന്നും മനസ്സിലായില്ല ” ബിന്ദുജ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

“അതൊക്കെയുണ്ട്.. ഋഷിയാണ് എൻ്റെ മനസ്സിൽ.. “

“ഋഷിയോ..?അതൊക്കെ നടക്കുമോ.. നമ്മൾ ആദ്യമേ ആലോചിച്ചതല്ലേ ഇതെല്ലാം അന്ന് ഋഷിക്ക് താത്പര്യമില്ലാത്തതു കൊണ്ട് നടന്നില്ല. ഇനിയും എന്തിനാ വെറുതെ മോളെ ആശിപ്പിക്കുന്നത്.?”ബിന്ദുജ പറഞ്ഞു.

” അന്ന് ഋഷിക്ക് ആ പെണ്ണിനോട് ഇഷ്ടമായിരുന്നു. ഇന്നവൻ്റെ ഓർമ്മയിൽ പോലും അവളില്ല. അരുന്ധതി ഇനിയെന്തായാലും ഞാൻ പറയുന്നത് കേൾക്കും ,നീ നോക്കിക്കോ കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ തന്നെ നടക്കും.” അപ്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

*******************

ദേവ പ്രഭാകരനോടു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു കാർ വന്നത്. ഐഷു പാട്ടീ.. എന്നും വിളിച്ചു കൊണ്ട് ഓടിച്ചെന്നു. കാറിൽ നിന്നും പ്രായം കൂടിയ സ്ത്രീ ഇറങ്ങി വന്നു ഐഷുവിനെ കെട്ടിപ്പിടിക്കുന്നത് കണ്ടു..

“ദേവ ചേച്ചീ… പാട്ടി വന്നൂട്ടോ..”ഐ ഷുവിൻ്റെ ശബ്ദം കേട്ടപ്പോൾ “അച്ഛാ.. പിന്നെ വിളിക്കാട്ടോ ” എന്നു പറഞ്ഞ് ദേവ ഫോൺ കട്ടു ചെയ്തു.പുറത്തെത്തിയപ്പോൾ ഐഷു വിൻ്റെ കൂടെ ശ്രീത്വം നിറഞ്ഞ മുഖമുള്ള മുത്തശ്ശിയെ കണ്ടതും മുത്തശ്ശീ.. എന്നും വിളിച്ച് അവർക്കരികിലേക്ക് ചെന്നു അവൾ.

” ഫോൺ വിളിക്കുമ്പോഴെല്ലാം മോളെക്കുറിച്ച് പറയാനെ ഇവൾക്ക് നേരമുള്ളൂ.. ” എന്നും പറഞ്ഞ് സരസ്വതി അമ്മ ദേവയെ നോക്കി ചിരിച്ചു. പെട്ടന്ന്അവരുടെ കണ്ണുകൾ എന്തോ നിറഞ്ഞു .. “എന്താ മുത്തശ്ശി കണ്ണെല്ലാം നിറഞ്ഞല്ലോ.. “ദേവ പറഞ്ഞു. ” ഏയ്… ഒന്നുമില്ല…” എന്നും പറഞ്ഞ് അവളെയൊന്ന് തലോടി അവർ പോയി .. എന്തിനാ അവരുടെ കണ്ണുകൾ തന്നെ കണ്ടപ്പോൾ നിറഞ്ഞത് ദേവയ്ക്ക് അമ്പരപ്പ് തോന്നി.. കുറച്ച്ദിവസങ്ങൾ കൊണ്ട് തന്നെദേവയോട് മുത്തശ്ശി നന്നായ് അടുത്തു.

ഒരു ദിവസം രാവിലെ റെഡിയായി നിൽക്കുന്നത് കണ്ടപ്പോൾ ” സുന്ദരിക്കുട്ടി യായിട്ടുണ്ടല്ലോ.. എവിടേക്കാ.. ” ദേവ ചോദിച്ചു.

” ഇന്ന് പാട്ടീൻ്റെ പിറന്നാളാ കോവിലിൽ പോവ്വാ.. ” അവൾ പറഞ്ഞു. മുത്തശ്ശിയെ കണ്ടെങ്കിലും ആ മുഖത്ത് വലിയ തെളിച്ചമില്ലാത്തതു പോലെ ..

“ഹാപ്പി ബെർത്ഡേ..മുത്തശ്ശീ.. “ദേവ വിഷ് ചെയ്തു.

“സന്തോഷായി.. മുത്തശ്ശീന്ന് വിളിക്കണ കേട്ടല്ലോ.. “അവർ പറഞ്ഞു.

“എന്തു പറ്റി സങ്കടമാണല്ലോ.. “ദേവ ഐഷുവിനോട് ചോദിച്ചു.

“വിച്ചുവേട്ടൻ ഇല്ലാത്തതിൻ്റെ പരിഭവമാ.. പിന്നെ രാവിലെ വിളിച്ചതും ഇല്ലാ.. ആകെപ്പാടെ കലിപ്പിലാണ് കക്ഷി.. “ഐഷു പറഞ്ഞു.

അവർ പോയപ്പോൾ ദേവ ചിന്തിച്ചു .. മുത്തശ്ശീൻ്റെ പരിഭവം മാറ്റണമല്ലോ.. മുത്തശ്ശിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കിയാലോ.. കനകമ്മാളോട് ചോദിക്കാം ദേവസീതാലക്ഷ്മിയുടെ ബംഗ്ലാവിലേക്ക് നടന്നു..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *