ദേവയാമി ~ ഭാഗം 09, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മുത്തശ്ശീൻ്റെ പരിഭവം മാറ്റണമല്ലോ.. മുത്തശ്ശിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കിയാലോ.. കനകമ്മാളോട് ചോദിക്കാം ..കനകമ്മ രാവിലത്തെ തിരക്കുകളിലാവും.. മുത്തശ്ശിക്ക് എന്തായിരിക്കും ഇഷ്ടം… ദേവയങ്ങനെ ഓരോന്നും ചിന്തിച്ച് അകത്തേക്ക് നടക്കുമ്പോഴാണ് “ദേവയാമീ..”
എന്ന വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ സീതാ മാഡമാണ്.

“താനിത് ഏത് ലോകത്താടോ ..”

“അത് .. ഞാനിങ്ങനെ ഓരോന്നാലോചിച്ച് ..” അപ്പോഴാണവൾ ഓർത്തത് മാഡത്തിനോട് ചോദിക്കാം ..

” അല്ല മാം .. മുത്തശ്ശിയുടെ പിറന്നാളല്ലേ ഇന്ന്, അതു കൊണ്ട് മുത്തശ്ശിക്ക് എന്തൊക്കെയാ ഇഷ്ടം എന്ന് കനകമ്മയോട് ചോദിക്കാം എന്നു കരുതി വന്നതാ.. മാം പറഞ്ഞാലും മതി.. ” എന്നും പറഞ്ഞവൾ സീതാലക്ഷ്മിയുടെ അടുത്തെത്തി.

“ആഹാ… താനാള് കൊള്ളാലോ .. അമ്മയ്ക്ക് നാടൻ രീതിയിലുള്ള പിറന്നാളാ ഘോഷമാണ് ഇഷ്ടം. പക്ഷേ, ഇത്തവണ വിശാൽ ഇല്ലാത്തതിൻ്റെ പരിഭവത്തിൽ ഒന്നും വേണ്ട എന്നാണ് അമ്മയുടെ തീരുമാനം.രാവിലെ അവനൊന്നു വിളിച്ച് വിഷ് ചെയ്ത് കൂടെയില്ല എന്നും പറഞ്ഞ് ആള് പരിഭവിച്ചാണ് അമ്പലത്തിൽ പോയത് തന്നെ. അത് കൊണ്ട് ഇന്നിനി ആ മുഖം തെളിയില്ല ..” സീത ദേവയെ നോക്കിയാണ് പറഞ്ഞത്.

“എങ്കിൽ പിന്നെ ആ പരിഭവം മാറ്റിയെടുക്കണമല്ലോ.. നമുക്ക് സദ്യയും പായസവു മൊക്കെ റെഡിയാക്കിയാലോ.. ” ദേവയുടെ ചോദ്യം കേട്ടപ്പോൾ സീതാ ലക്ഷ്മിയ്ക്കും അത് ശരിയാണെന്ന് തോന്നി.

” പക്ഷേ.. എനിക്കീ സദ്യയുണ്ടാക്കാനൊന്നും വല്യ വശമില്ലല്ലോ.. കനകമ്മാളിനും കേരള വിഭവങ്ങൾ അറിയില്ല .. അപ്പൊ എന്തു ചെയ്യും.” സീത ദേവയെ നോക്കി ചോദിച്ചു.

“ഓണത്തിനും വിഷുവിനുമൊക്കെ അമ്മേടെ കൂടെ സഹായിക്കാറുണ്ട്. അത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം ബാക്കി അമ്മയെ വിളിച്ച് ചോദിക്കാം .. “ദേവയുടെ മറുപടി കേട്ടതും സീതാലക്ഷ്മിക്കും സമ്മതമായിരുന്നു.

“ന്നാ.. ഞാൻ പോയി കലയെയും കനിയെയും കൂട്ടി വരാം.” എന്നും പറഞ്ഞ് ദേവ ഔട്ട് ഹൗസിലേക്ക് നടക്കുന്നതും നോക്കി നിന്ന സീതാലക്ഷ്മിയുടെ ചുണ്ടുകൾ മന്ത്രിച്ചു ‘മിടുക്കിക്കുട്ടി’.

പിന്നെ അടുക്കളയിൽ ആകെപ്പാടെ ബഹളം തന്നെയായിരുന്നു. മുത്തശ്ശിക്ക് അടപ്രഥമൻ ഇഷ്ടമായതുകൊണ്ട് പായസക്കാര്യത്തിൽ വേഗം തീരുമാനമായി. കനിയും കലയും പച്ചക്കറികൾ അരിയുന്നതിനൊപ്പം കലപിലാന്ന് തമിഴിൽ വായടിക്കുന്നുണ്ട്. ദേവയ്ക്ക് കാര്യമായൊന്നും മനസ്സിലാവാത്തതു കൊണ്ട് അവൾ തേങ്ങാപ്പാൽ പിഴിഞ്ഞു കൊണ്ടിരുന്നു.

സരസ്വതിയമ്മ അമ്പലത്തിൽ നിന്നും വരുമ്പോഴേക്കും എല്ലാം തയ്യാറാക്കാനുള്ള തിരക്കിലാണ് എല്ലാവരും. ദേവ ഓരോ കറികൾ അടുപ്പത്ത് വയ്ക്കുമ്പോഴും അമ്മയെ വിളിച്ച് ചേരുവകൾ ചോദിച്ചാണ് ചെയ്യുന്നത്.

പായസം അടുപ്പത്തിരുന്നു തിളക്കുന്നുണ്ട്. കുറച്ചു കൂടി വെള്ളം വറ്റി കുറുകാനുണ്ട്. സീതാലക്ഷ്മിഅടിയിൽ പിടിക്കാതിരിക്കാൻ ഇളക്കി ക്കൊണ്ടിരിക്കുമ്പോഴേക്കും പുറത്ത് കാറിൻ്റെ ശബ്ദം കേട്ടു .എല്ലാവരും മുഖത്തോടു മുഖം നോക്കി.

“ശ്ശോ.. അര മണിക്കൂർ കൂടി വേണം എല്ലാം ഒന്നു റെഡിയാവാൻ മുത്തശ്ശി വന്നൂന്നു തോന്നണൂ..” ദേവ നിരാശയോടെ പറഞ്ഞു.

“നാ പോയി പാത്തിട്ട് വറേ അമ്മാ.. ” കനകമ്മാൾ സീതാലക്ഷ്മിയെ നോക്കി പറഞ്ഞു.

” വേഗം ചെല്ല്.. അമ്മേനെ ഇങ്ങട്ട് വിടണ്ടാ..”

എല്ലാവരും ഒന്നു കൂടി ഉഷാറായി.. പെട്ടന്ന് പണികളെല്ലാം ഒതുക്കണം.
” സീതാമ്മാ .. സീതാമ്മാ ..” പുറത്ത് നിന്നും കനകമ്മാൾ ഒരു തരം അപ ശബ്ദത്തിൽ വിളിച്ചു കൂവുന്നത് കേട്ടതും എല്ലാവരും ഞെട്ടി പുറത്തേ ക്കോടി. എന്താണ് സംഭവിച്ചത് എന്നാലോചിക്കുമ്പോഴേക്കും ഒരാൾ വന്ന് സീതാലക്ഷ്മിയെ കെട്ടിപ്പിടിച്ചു.

ഇതാരാ .. ദേവയ്ക്ക് ഒന്നും മനസ്സിലായില്ല. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സീതാലക്ഷ്മി അയാളുടെ നെറ്റിയിൽ ചുംബിച്ചിട്ട് പറഞ്ഞു…

“വിച്ചു.. നീയെന്താ ഒന്നും പറയാതെ ഞാനാകെ ഞെട്ടിപ്പോയീട്ടോ… ” അവരുടെ കണ്ണുകൾ മകനെ കണ്ട സന്തോഷത്താൽ നിറഞ്ഞിട്ടുണ്ട്.

ഓ… അപ്പൊ ഇതാണ് വിശാൽ കൃഷ്ണമൂർത്തി എന്ന വിച്ചൂ.. ദേവ മനസ്സിൽ ഓർത്തു.

‘അയ്യോ…പായസം ‘എന്നും പറഞ്ഞ് ദേവ അടുക്കളയിലേക്ക് ഓടി. ഭാഗ്യത്തിന് പായസം അടിയിൽ പിടിച്ചില്ല. പിന്നെ എല്ലാം വേഗം പാത്രങ്ങളിലാക്കി . അപ്പോഴേക്കും സീതാലക്ഷ്മിയും വന്നു.”ദേവാ.. അതാണ് ഐഷുവിൻ്റെ ഏട്ടൻ വിശാൽ ” സീതാലക്ഷ്മി ദേവയോട് പറഞ്ഞു.

” ഞാൻകേട്ടിട്ടുണ്ട് ആളെ പറ്റീ.. ആരോടും പറയാതെ വന്നതാണല്ലേ.. ” ദേവ പാത്രങ്ങൾ ഒതുക്കി വച്ചു കൊണ്ട് പറഞ്ഞു.

” അവന് മുത്തശ്ശീന്ന് വച്ചാൽ ജീവനാ.. അതു കഴിഞ്ഞേ ഞാൻ പോലുമുള്ളൂ… അത് കൊണ്ട് ആരോടും പറയാതെ മുത്തശ്ശീൻ്റെ പിറന്നാൾ ആഘോഷിക്കാൻ വന്നതാണവൻ” അവരും നല്ല സന്തോഷത്തിലാണ്.

ചോറും കറികളും പായസവും പപ്പടവും എല്ലാം റെഡിയാണ് ,മുത്തശ്ശിയുടെ വരവും നോക്കി എല്ലാവരും ഇരുപ്പാണ്.

വിശാൽ ഫ്രഷായി വന്നു. “അമ്മാ.. എവിടെ അമ്മയുടെ പ്രിയപ്പെട്ട ശിഷ്യ ദേവയാമി.. ആളെ കണ്ടില്ലല്ലോ?” എന്നും പറഞ്ഞ് നോക്കിയത് ദേവയുടെ മുഖത്തായിരുന്നു.

ദേവ ചിരിച്ചു.

അപ്പോഴേക്കും “ഇതാണ് ദേവയാമി” എന്നും പറഞ്ഞ് സീതാലക്ഷ്മി അവൾക്കരികിൽ എത്തി.

“താനാള് കൊള്ളാലോ .. ഇവിടെ മുത്തശ്ശിക്കും ഐഷൂനും അമ്മക്കുമൊക്കെ ദേവയാമിയെക്കുറിച്ച് പറയാൻ നൂറു നാവാണല്ലോ?”വിശാൽ ദേവയെ നോക്കി പറഞ്ഞു.

ദേവയെന്തെങ്കിലും പറയുന്നതിനു മുൻപേ തന്നെ പുറത്ത് കാറിൻ്റെ ശബ്ദം കേട്ടു

” മുത്തശ്ശി വന്നൂ.. ഞാൻ മാറി നിക്കാം” എന്നും പറഞ്ഞ് വിശാൽ മാറി. മുത്തശ്ശിയും ഐഷുവും കയറി വരുമ്പോൾ എല്ലാവരെയുംഅകത്തു കണ്ട് അമ്പരന്നു.

” എല്ലാവരും ഇവിടെ ഉണ്ടായിരുന്നോ.. ” ഐഷുവാണ്.

പിന്നിലൂടെ വന്ന വിശാൽ മുത്തശ്ശിയുടെ കണ്ണുകൾ പൊത്തി.അമ്പരന്നുനിന്ന
ഐഷുവിനോട് മിണ്ടല്ലേ ..എന്ന് എല്ലാവരും ആംഗ്യം കാണിച്ചു. മുത്തശ്ശി ആ കൈവിരലുകളിൽ പരതി പിന്നെ വിളിച്ചു..

“വിച്ചൂട്ടാ.. “വിശാൽ പതിയെ മുത്തശ്ശിയുടെ മുൻപിലേക്ക് വന്നു. പിന്നെയവിടെ കെട്ടിപ്പിടിക്കലും പരാതി പറച്ചിലും ഒടുവിൽ ആനന്ദക്കണ്ണീർ വരെ എത്തി.

കേക്ക് മുറിക്കലും കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരിക്കാം എന്നു പറഞ്ഞത് മുത്തശ്ശിയാണ്.

വാഴയില കിട്ടാത്തതു കൊണ്ട് പേപ്പറില കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. സദ്യ വിളമ്പാൻ തുടങ്ങിയപ്പോൾ തന്നെ മുത്തശ്ശിയുടെ മുഖത്ത് അമ്പരപ്പ് കാണാം. എല്ലാം വിളമ്പി ക്കഴിഞ്ഞാണ് ദേവ ഇരുന്നത്.ദേവയുടെ കണ്ണുകൾ മുത്തശ്ശിയുടെ മുഖത്തായിരുന്നു. അവിടെ സംതൃപ്തി കണ്ടപ്പോളാണ് അവൾക്ക് ആശ്വാസ മായത്.

” ദേവാ.. എല്ലാം നന്നായിട്ടുണ്ട് ട്ടോ..” സീതാലക്ഷ്മി കഴിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ പറഞ്ഞു.ദേവ എല്ലാവരെയും നോക്കി .എല്ലാവരുംആസ്വദിച്ച് കഴിക്കുന്നുണ്ട് … വിശാലിനെ നോക്കിയപ്പോൾ അവൾക്ക് ചിരി പൊട്ടി.. പാവം. .ഓസ്ട്രേലിയയിൽ ഭക്ഷണമൊന്നും കിട്ടാറില്ലേ… ആരെയും നോക്കാതെ വാരിവലിച്ചു കഴിക്കുന്നുണ്ട്. വിശാൽഇടയ്ക്കൊന്നു തലയുയർത്തി നോക്കി യപ്പോഴാണ് തന്നെ നോക്കിയിരിക്കുന്ന ദേവയെ കണ്ടത്.ദേവ വേഗം തല താഴ്ത്തി. വിശാൽ ഒരു ചമ്മിയ ചിരിയും ചിരിച്ചു.

ഭക്ഷണശേഷം പായസം കുടിക്കുമ്പോൾ ദേവനോക്കുമ്പോൾ പായസവും പപ്പടവും പഴവുമെല്ലാം കൂടി കൂട്ടിക്കുഴച്ച് ഒരു പരുവത്തിലാക്കി അത് ആസ്വദിച്ച് കഴിക്കുകയാണ് വിശാൽ.കഴിച്ചു കഴിഞ്ഞ് എല്ലാം ഒതുക്കാൻ കനകമ്മാളിനൊപ്പം കൂടിയ ശേഷംദേവയും കനിയും കലയും പോവാൻ തുടങ്ങുമ്പോഴേക്കും മുത്തശ്ശി അവർക്കരികിലെത്തി.

” എനിക്ക് ..ഒരുപാട്സന്തോഷായീട്ടോ മക്കളെ ..എല്ലാവരും കൂടി ഒരുത്സവമാക്കി ഇന്നത്തെ ദിവസം “

“അത് ശരിയാ.. ആ പായസം എന്തൊരു ടേസ്റ്റാലെ മുത്തശ്ശീ.. ” പറഞ്ഞു കൊണ്ട് വിശാൽ അവർക്കരികിൽ എത്തി.

” അതന്നെ ..നാട്ടിൽ ഓണത്തിനൊക്കെ അമ്മയുണ്ടാക്കണ പായസം ഓർത്തു. എല്ലാം നന്നായിട്ടുണ്ട്. ” അവർദേവയ്ക്കരികിലെത്തി അവളെ ചേർത്തു പിടിച്ചു.

” അത് എല്ലാവരും കൂടെ ഉണ്ടാക്കിയത് കൊണ്ടാ മുത്തശ്ശി .. സീതാ മാഡവും കനകമ്മയും ഞങ്ങളെല്ലാരും കൂടിയ ഉണ്ടാക്കീത് .പിന്നെ .. എല്ലാവർക്കും മുത്തശ്ശിയോടുള്ള സ്നേഹവും കൂടിയുണ്ട് ഇതിലെല്ലാം .. അതുകൊണ്ടാ എല്ലാം നന്നായത്.” എന്നും പറഞ്ഞവൾ സരസ്വതിയമ്മയുടെ കവിളിൽ പിടിച്ചു.

“മോൾക്കറിയ്യോ.. കുട്ടിക്കാലത്ത് എൻ്റെ പിറന്നാളിന് സദ്യയുണ്ടാക്കും , പുത്തനുടുപ്പെടുക്കും,ഉച്ചയ്ക്ക് പാവങ്ങൾക്ക് ഊണുകൊടുക്കും. ഞാനാ തറവാട്ടിലെ ഏക പെൺതരിയായിരുന്നു .. അതിൻ്റെ എല്ലാ ലാളനയും വേണ്ടുവോളം നിക്ക് കിട്ടിട്ടുണ്ട് .. ഇപ്പഴും ഞാൻ ചെന്നാ അവിടെ ഉത്സവം തന്നെയാ.. ” മുത്തശ്ശി ഓർമ്മകളിലേക്ക് ഊളിയിട്ടു.ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ,

” മതി .. മുത്തശ്ശീ.. ഇനി നല്ലൊരു ദിവസായിട്ട് കണ്ണു നിറയ്ക്കണ്ട .. “വിച്ചുവേട്ടൻ അൽപം ശാസന കലർത്തി പറഞ്ഞു.

പിറ്റെ ദിവസം രാവിലെ കണ്ണു തുറന്ന ദേവ ചുറ്റും ഒന്നു നോക്കി.. ഇതെന്താ ഇത്ര ശബ്ദം.. രാവിലെ കേൾക്കുന്ന നേർത്ത ഭക്തിഗാനത്തിന് പകരം നല്ല തമിഴ് കുത്ത് പാട്ട് പൊളിക്കുന്നുണ്ട്… അപ്പോഴാണ് ഓർത്തത് വിശാലിൻ്റെ പണിയായിരിക്കും.

പതിവുപോലെ ക്ലാസ് കഴിഞ്ഞ് ദേവ വരാന്തയിലൂടെ നടന്നു വരുമ്പോഴാണ് “ട്ടോ ” എന്ന ശബ്ദമുണ്ടാക്കി വിശാൽ മുൻപിൽ ചാടിയത്.ദേവയൊന്നു ഞെട്ടി.. അവളൊന്നു കണ്ണുരുട്ടി നോക്കിയവനെ .

” ആ ഉണ്ടക്കണ്ണുരുട്ടി മനുഷ്യനെ പേടിപ്പിക്കാതെ പെണ്ണേ… “വിശാൽ ദേവയുടെ മുൻപിൽ വന്നു നിന്നു.

“ഇയാൾക്കെന്താ ഇവിടെ പരിപാടി… “ദേവ അവനെ നോക്കി ചോദിച്ചു.

“വെറുതെ … സമയം പോവണ്ടേ.. അപ്പൊ ഇതിലെയൊക്കെ ഒന്നു കറങ്ങി കൂട്ടത്തിൽ നിങ്ങളുടെ ക്ലാസിലും ഒന്നെത്തി നോക്കി.. അമ്മ പറഞ്ഞത് ശരിയാട്ടോ.. താൻ നന്നായി നൃത്തം ചെയ്യുന്നുണ്ട്.. “

“താങ്ക്സ്.. ” എന്നും പറഞ്ഞ് അവൻ്റെ മുന്നിൽ നടന്നു പോയി ദേവ. അവളെ ഒന്നുകൂടി നോക്കിയിട്ട് വിശാലും നടന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു വൈകുന്നേരം സീതാലക്ഷ്മി ദേവയെ അന്വേഷിച്ച് ഔട്ട് ഹൗസിലെത്തി.

“ദേവ.. തനിക്കൊരു സർപ്രൈസ് ഉണ്ട്ട്ടോ ” ദേവ ആകാംക്ഷയോടെ സീതയെ നോക്കി. അവർ ഒരു നോട്ടീസ് അവളുടെ കൈയ്യിൽ വച്ചു കൊടുത്തു. അത് തുറന്നു നോക്കിയ ദേവയിൽ അമ്പരപ്പും സന്തോഷവും കൂടെ ഒരു ഭയവും തോന്നി..

“മാം .. എനിക്കിതിന് സാധിക്കുമോ?” അവൾ ചോദിച്ചു.

” സാധിക്കും… തനിക്ക് ആത്മവിശ്വാസമില്ല.. അതാണിങ്ങനെ ചോദിക്കുന്നത്. ” സീതഅവളോട് പറഞ്ഞു.

“എന്നാലും.. എനിക്ക് നല്ലടെൻഷൻ തോന്നുന്നു.. “ദേവയുടെ മുഖത്ത് ടെൻഷൻ തെളിഞ്ഞു കാണാം.

റിലാക്സ് ദേവാ… നന്നായി പ്രാക്ടീസ് ചെയ്യൂ.”എന്നും പറഞ്ഞ് സീതാലക്ഷ്മി പോയി.

ദേവ ഒന്നുകൂടി കൈയ്യിലെ നോട്ടീസ് നോക്കി. സീതാ മാഡത്തിൻ്റെ ഡാൻസ് പ്രോഗ്രാമിൻ്റെ നോട്ടീസിൽ തൻ്റെ പേരും. ദേവയാമി എന്ന പേരിലൂടെ വീണ്ടും അവളുടെ കണ്ണുകൾ നീങ്ങി… കണ്ണുകളിൽ സന്തോഷത്തിൻ്റെ നീർത്തിളക്കം കാണാം. അച്ഛനേം അമ്മയേം ആദിയേട്ടനെയും എല്ലാം വിളിച്ച് സന്തോഷം പങ്കുവച്ചു. സഞ്ജുവിനെയും വിളിച്ചു.. കുട്ടിക്കാലം തൊട്ട് സന്തോഷവും സങ്കടവും എല്ലാം പങ്കുവയ്ക്കുന്നതാണ് രണ്ടാളും .

പിന്നീടങ്ങോട്ട് പ്രാക്ടീസിൻ്റെതിരക്കായിരുന്നു.

തുടരും.…..

Leave a Reply

Your email address will not be published. Required fields are marked *