ദേവയാമി ~ ഭാഗം 10, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

അരുന്ധതിയുടെ നിർബന്ധത്തിന് വഴങ്ങിയാണെങ്കിലും ഋഷി ബിസിനസ്സ് കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഇന്ന് വലിയ സുഖം തോന്നാത്തത് കൊണ്ട് നേരത്തെ വീട്ടിലേക്ക് പോന്നു.

“മോനിന്ന് നേരത്തെ വന്നോ?” ലീലാമ്മ ചോദിച്ചു.

” ആ ഒരു ക്ഷീണം തോന്നി.. അപ്പോ ഇങ്ങു പോന്നു … ഞാനൊന്നു ഫ്രഷായി വരാം.. കടുപ്പത്തിൽഒരു ചായ എടുത്തോ ലീലാമ്മച്ചീ .. “

“ശരി കുഞ്ഞേ..” അവർ അടുക്കളയിലേക്ക് പോയി. ഋഷിയും റിതുവും കുഞ്ഞായിരിക്കുമ്പോൾ മുതൽ ലീലാമ്മയാണ് അവരുടെ കാര്യങ്ങൾ നോക്കു ന്നത്. അതിൻ്റെ സ്നേഹം രണ്ടാൾക്കും ലീലാമ്മയോടുണ്ട്. ഋഷി ഫ്രഷായി താഴെ വന്നപ്പോഴേക്കും ലീലാമ്മ ചായയും കൊണ്ടുവന്നിരുന്നു. രാത്രി ബാൽക്കണി യിലിരുന്ന് ലാപ് ടോപ്പിൽ കണക്കുകൾ നോക്കിയിരിക്കുമ്പോഴും മനസ്സിന് വലിയ സുഖമൊന്നും തോന്നിയില്ല.

“ഏട്ടാ…” റിതുവാണ്

“റിതൂ… നിന്നെയിന്ന് കണ്ടതേയില്ലല്ലോ .. “ഋഷി പറയുമ്പോഴേക്കും റിതു അടുത്തെത്തി.

“ഏട്ടന് എന്തു പറ്റി…ലീലാമ്മച്ചി പറഞ്ഞു എന്തോ വയ്യായ്കയുണ്ടെന്ന് ” അവൾ ഋഷിയുടെ കഴുത്തിലൂടെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

” ഒന്നൂല്ലെടാ.. ശരീരത്തിന് കുഴപ്പമൊന്നുമില്ല.. ഈ ബിസിനസ്സ് കാര്യങ്ങളും കണക്കുകളും എല്ലാം കൂടി മനസ്സിനാണ് വയ്യായ്ക..” ഋഷി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഏട്ടന് അമ്മയോട് പറഞ്ഞൂടെ ബിസിനസ്സ് ചെയ്യാൻതാത്പര്യമില്ലെന്ന്?”റിതു അവൻ്റെ മുഖത്ത് നോക്കി.

” അമ്മയ്ക്കത് വിഷമമാവും .. പതിയെ ശരിയായിക്കൊള്ളും” അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഏട്ടൻ്റെ അവസ്ഥയിൽ റിതുവിന് സങ്കടം തോന്നി. ഏട്ടൻ്റെ കളിയും ചിരിയും പഴയ പ്രസരിപ്പും എല്ലാമൊന്നു തിരിച്ചു കിട്ടിയാൽ മതിയായിരുന്നുവെന്ന് അവൾ പ്രാർത്ഥിച്ചു.

ഋഷി നല്ല ഉറക്കത്തിലായിരുന്നു. പെട്ടന്ന് അവൻ ചാടിയെഴുന്നേറ്റു. അവ്യക്തമായ
ചില സ്വപ്നങ്ങൾ അവൻ്റെ ഉറക്കം കെടുത്തി. എഴുന്നേറ്റ് മേശമേൽ വച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച് വീണ്ടും കിടന്നു എങ്കിലും നിദ്രാദേവി അൽപം പോലും അവനെ കടാക്ഷിച്ചില്ല. കിടന്നു കൊണ്ട് തന്നെ സ്വപ്നം കണ്ടത് എന്താണെന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെളുത്തു മെലിഞ്ഞ എന്നാൽ കാണാൻ ഭംഗിയുള്ള കൈവിരലുകൾ മാത്രം ഓർമ്മ വന്നു. ആ വിരലുകൾ ആരുടേതെന്നോ ആ സ്വപനത്തിൻ്റെ ബാക്കി ഭാഗങ്ങളോ ഒന്നും തന്നെ അവന് ഓർമ്മ വന്നില്ല.

പിറ്റെ ദിവസം അരുന്ധതിക്കൊപ്പം കാറിലിരിക്കുമ്പോഴും ആ വിരലുകൾ എന്തിനോ ഋഷിയുടെ മനസ്സിലെത്തി. എന്തിനായിരിക്കും ആ വിരലുകൾ തൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് എന്ന് ഋഷി ചിന്തിച്ചു കൊണ്ടിരുന്നു.

****************

പ്രോഗ്രാമിന് ഇനി രണ്ടു ദിവസങ്ങൾ മാത്രമുള്ളതിനാൽ ദേവ അധിക സമയവും പ്രാക്ടീസ് തന്നെയാണ്. സീതാലക്ഷ്മിയും അവളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുത്തശ്ശിയും ഐഷുവും വിശാലും കലയും കനിയുമെല്ലാം അവൾക്ക് ആത്മവിശ്വാസം പകരാൻ കൂടെത്തന്നെ യുണ്ടായിരുന്നു. പകലുമുഴുവൻ പ്രാക്ടീസ് ചെയ്ത് രാത്രിയാവുമ്പോഴേക്ക് തളർന്നുറങ്ങുംദേവ.

അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ പതിവുപോലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് വന്ന് കണ്ണൻ്റെ മുൻപിൽ കൈകൂപ്പി നിന്നവൾ … തൻ്റെ സ്വപനങ്ങളുടെ ആദ്യത്തെ ചവിട്ടുപടിയാണിത്.. ചുവടുകൾ പതറാതിരിക്കാൻ … മനസ്സ് ഏകാഗ്ര മായിരിക്കാൻ കൂടെയുണ്ടാവണേ.. കൃഷ്ണാ.. എന്നു മനമുരുകി പ്രാർത്ഥിച്ചു. വൈകിട്ടാണ് പ്രോഗ്രാം എങ്കിലും ഉച്ചയ്ക്ക് തന്നെ അവിടെയെത്തണം. മേയ്ക്കപ്പ് ചെയ്യാനെല്ലാം ഒരു പാട് സമയം വേണം.

പൂന്തോട്ടത്തിലെ റോസാച്ചെടികളോട് കിന്നാരം പറഞ്ഞിരിക്കുകയാണ് ദേവ. പൂക്കളുടെ ഭംഗി ആസ്വദിച്ചിരിക്കവേ അവളുടെ മനസ്സിനൊരു സുഖം തോന്നി..

” ടോ.. താനെന്താ സ്വപ്നം കാണുവാണോ?” ദേവ നോക്കുമ്പോൾ വിശാലാണ്.

“ഏയ്…വെറുതെ.. ” അവൾ ചിരിച്ചു. അവൻ അവൾക്കടുത്തായ് ഇരുന്നു.
“ചിലപ്പോഴൊക്കെ എനിക്ക് തന്നെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട് ” വിശാലിൻ്റെ വാക്കുകൾ കേട്ട് എന്തിനെന്ന ഭാവത്തിൽ ദേവ അവനെ നോക്കി.

” താൻ നൃത്തം ചെയ്യുമ്പോൾ നല്ലൊരു നർത്തകിയാണെന്നു തോന്നും.. മുത്തശ്ശിക്കൊപ്പം ഇരിക്കുമ്പോൾ കൊച്ചു കുഞ്ഞാണെന്ന് തോന്നും.. ദാ.. ഈ പൂക്കൾക്കൊപ്പം ഇരിക്കുമ്പോൾ ഒരു പൂവാണെന്ന് തോന്നും…” വിശാലിൻ്റെ പറച്ചിൽ കേട്ട് ദേവയ്ക്ക് ചിരി വന്നു.

“അതേ .. വിച്ചുവേട്ടന് വട്ടാണ്.. എനിക്ക് പ്രോഗ്രാമുള്ളതാ.. ഞാൻ റെഡിയാവട്ടെ, ആശാനിവിടെ പൂക്കളുടെ ഭംഗിയാസ്വദിച്ച് ഇരിക്കൂട്ടോ ….” എന്നും പറഞ്ഞ് ദേവ അകത്തേക്ക് നടന്നു.നടന്നകലുന്ന അവളെ നോക്കവെ വിശാലിൻ്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

മേയ്ക്കപ്പ് റൂമിൽ സീതാ മാഡത്തിൻ്റെ ഒപ്പം തന്നെ അവളെയും ഒരുക്കി.ആദ്യം സീതാലക്ഷ്മിയുടെ നൃത്തമാണ് അതിനു ശേഷം ദേവയുടേതും. അൽപസമയം കഴിഞ്ഞപ്പോൾ വേദിയിൽ സീതാലക്ഷ്മിയുടെ നൃത്തം തുടങ്ങി.

മേയ്ക്കപ്പ് റൂമിലിരിക്കുമ്പോൾ ദേവയ്ക്ക് നല്ലടെൻഷൻ തോന്നി. സ്കൂളിലും കോളേജിലുമൊക്കെ യാതൊരു ഭയവും കൂടാതെ നൃത്തം ചെയ്തിട്ടുണ്ട്. പക്ഷേ.. ഇതു പോലൊരു പൊതുവേദിയിൽ .. അതും സീതാ മാഡത്തിൻ്റെ പ്രോഗ്രാമിൽ …അൽപം മോശമായാൽ പോലും അത്അവരുടെ പ്രസ്റ്റിജിനെ ബാധിക്കും.. എന്നെല്ലാം ചിന്തിച്ച് ദേവ വീർപ്പുമുട്ടി ..

” ഡോ.. താനെന്താ വല്ലാതിരിക്കുന്നത് .. ടെൻഷനാണോ?” വിശാലാണ്.

” ചെറുതായിട്ട്… “ദേവ പറഞ്ഞു.

“താനെന്തിനാ വെറുതെ ടെൻഷനടിക്കുന്നത് .തനിക്ക് നന്നായ് പെർഫോം ചെയ്യാൻ കഴിയും.. ഞാനല്ലേ.. പറയുന്നേ.” അവൻ്റെ വാക്കുകൾദേവയ്ക്ക് ഒരാശ്വാസം തന്നെയായിരുന്നു.ഒരു നിമിഷംആദിയെ ഓർത്തു അവൾ… ഏട്ടനുണ്ടായിരുന്നെങ്കിൽ തനിക്ക്ഇതുപോലെ ധൈര്യം പകർന്നു തന്നേനെ..

സീതാലക്ഷ്മിയുടെ നൃത്തം കഴിഞ്ഞ് ദേവ സ്റ്റേജിൽ കയറി .. കർട്ടൻ ഉയർന്നതും തനിക്കു മുൻപിലിരിക്കുന്ന ജനക്കൂട്ടമോ മറ്റൊന്നും തന്നെ അവൾ കണ്ടില്ല .. സ്വയം മറന്ന് ചുവടുകൾ വച്ചു ദേവയാമി.. ചടുലമായ ചുവടുകളും അസാധ്യമായ മെയ് വഴക്കവും നൃത്താവസാനം വരെ നിറഞ്ഞു നിന്നിരുന്നു. പാട്ട് അവസാനിച്ചപ്പോൾ ചുവടുകൾ നിർത്തി കണ്ണുകളടച്ചു നിന്നു അവൾ.. ഗംഭീര പ്രകടനമായിരുന്നു എന്നു പുറത്തെ കരഘോഷം കേട്ടാലറിയാം.

പുറത്തേക്കിറങ്ങിയ ദേവയെ കണ്ട സീതാലക്ഷ്മി അവളെ ഇറുകെ പുണർന്നു. അവരുടെ സന്തോഷവും വാത്സല്യവും അഭിനന്ദനവുമെല്ലാം അതിലുണ്ടായിരുന്നു…

മുത്തശ്ശി അവളുടെ നെറ്റിയിൽ ചുംബിച്ചു എന്നിട്ട് പറഞ്ഞു .. “അസ്സലായിരിക്കുന്നൂ.. വിസ്മയിപ്പിച്ച് കളഞ്ഞു നീ ഞങ്ങളെയെല്ലാം .. “

ഐഷുവും കലയും കനിയും അവളെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു ..
വിശാൽ കുറച്ച് മാറി നിന്ന് എല്ലാം കണ്ടു … എല്ലാവരും അവളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് അവനറിയാം. തനിക്കും എന്തെന്നില്ലാത്ത ഒരിഷ്ടം ദേവയാമിയോട് തോന്നുന്നത് അവൻ അറിയുന്നുണ്ടായിരുന്നു ..

ഡ്രസ്സ് മാറാനായ് റൂമിലേക്ക് പോവുമ്പോഴും പലരും വന്നവളെ അഭിനന്ദങ്ങൾ അറിയിച്ചു.

തിരികെയുള്ള യാത്രയിൽ എല്ലാവരും നല്ല സന്തോഷത്തിലാണ്.. ദേവയും ..
ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിശാൽ മിററിലൂടെ നോക്കുമ്പോൾ ചമയങ്ങൾ അൽപം ബാക്കിയുള്ള അവളുടെ മുഖത്ത് ചിരി നിറഞ്ഞു നിൽക്കുന്നത് കണ്ടു.. ദേവയുടെ കണ്ണുകൾ അറിയാതെ മിററിലേക്ക് നീണ്ടപ്പോൾ തന്നെ നോക്കുന്ന വിശാലിനെ കണ്ടു .. അവൻ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു.. അവൻ്റെ കണ്ണു കളിലെ ഭാവം എന്തെന്ന് അവൾക്ക് മനസ്സിലായില്ല..

റൂമിലെത്തിയപ്പോൾ തന്നെ ദേവ അച്ഛനേം അമ്മേം ഏട്ടനേം..വിളിച്ചു.. എല്ലാം കേട്ടപ്പോൾ അവർക്കും വല്ലാത്ത സന്തോഷമായിരുന്നു. ഒപ്പം ജീവിതത്തിൽ തോറ്റു കൊടുക്കാതെ പൊരുതിക്കൊണ്ടിരിക്കുന്ന മകളെക്കുറിച്ചു ഏറെ അഭിമാനവും തോന്നിയവർക്ക് …

കിടക്കാൻ തുടങ്ങിയപ്പോൾ മാഷെ ഓർമ്മ വന്നു.. കൂടെയുണ്ടായിരുന്നെങ്കിൽ ഒരു പാട് സന്തോഷിച്ചേനെയെന്നു തോന്നി. വീട്ടിൽ നിന്നും കൊണ്ടുവന്ന വലിയ ബാഗിൻ്റെ ഉള്ളിൽ നിന്നും ദേവയാമി എന്നു പേരെഴുതിയ മോതിരമെടുത്ത് വിരലിലിട്ടു അവൾ.. കുറച്ചു നാളെങ്കിലും മാഷിൻ്റെ വിരലിൽ ചേർന്നു കിടന്ന താണിത് .. തൻ്റെ വിരലിൽ പാകമല്ലെങ്കിലും വെറുതെയങ്ങനെ കുറച്ചു നേരം വിരലിലിട്ടു അവൾ.. പിന്നെ.. എടുത്ത ബാഗിലേക്ക് തന്നെ തിരിച്ചു വച്ചു.

കുറെ ദിവസത്തെ അടുപ്പിച്ചുള്ള പ്രാക്ടീസിൻ്റെ ക്ഷീണവും തലേ ദിവസം വൈകി കിടന്നതുകൊണ്ടും രാവിലെ വൈകിയാണ് ദേവ എഴുന്നേറ്റത്.അന്ന് ക്ലാസില്ലാത്തതു കൊണ്ട് വെറുതെ ഗാർഡനിൽക്കൂടി നടക്കുമ്പോഴാണ് സീതാലക്ഷ്മി പുറത്തെവിടെയോ പോയി വന്നത് കണ്ടത്… കുറച്ചു കഴിഞ്ഞ് ഐഷു വന്ന് ദേവയോട് പറഞ്ഞു.

“ദേവ ചേച്ചീ .. അമ്മ വിളിക്കുന്നു .. “

ഐഷുവിൻ്റെ കൂടെ മാഡത്തിൻ്റെ വീട്ടിലെത്തിയപ്പോൾ അവിടെഎല്ലാവരും ഉണ്ടായിരുന്നു.

” ദേവയാമി ഇങ്ങു വാ.. ” എന്ന് സീതാലക്ഷ്മി വിളിച്ചപ്പോൾ അവൾ അവർ ക്കരികിൽ ചെന്നു. അടുത്തിരുന്ന ജ്വല്ലറി ബോക്സിൽ നിന്നും ഡയമണ്ടിൻ്റെ ഒരു സിംപിൾ നെക്ക്ലെയ്സ് എടുത്ത് അവളുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു അവർ. ദേവ അമ്പരന്ന് അവരുടെ മുഖത്തേക്ക് നോക്കി.” ഇതെൻ്റെ പ്രിയപ്പെട്ട ശിഷ്യയ്ക്കുള്ള സ്നേഹസമ്മാനമാണ് ..” സീതാലക്ഷ്മി പറഞ്ഞു.

” ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് ട്ടോ..” ഐഷു നെക്ക്ലെയ്സ് പിടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. വിശാൽ കൈകൾ കെട്ടി ചുമരിൽ ചാരി നിന്നുകൊണ്ട്
ദേവയെ നോക്കുകയായിരുന്നു… അവളുടെ തിളങ്ങുന്ന കണ്ണുകൾ ഒന്നുകൂടി വിടർന്ന പോലെ തോന്നിയവന്.. മുത്തശ്ശിയോട് എന്തോ പറഞ്ഞ് തലയുയർത്തിയ ദേവയുടെ കണ്ണുകൾ വിശാലിൻ്റെ മുഖത്തേക്കായി. അവൻ്റെ കണ്ണുകളിൽ നോക്കിയ ദേവ വേഗം മുഖം താഴ്ത്തി. അവൻ്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി അവൾക്ക്.. വേഗം തന്നെ അവിടെ നിന്നും ഇറങ്ങി ഔട്ട് ഹൗസിലേക്ക് പോയി..

വിശാലിൻ്റെ കണ്ണുകൾ വീണ്ടും ഓർക്കവേ സങ്കടം തിങ്ങുകയായിരുന്നു അവളുടെ ഉള്ളിൽ,വിശാലിനെകണ്ടപ്പോൾമുതൽ ആദിയേട്ടനെ പോലെ തോന്നിയതുകൊണ്ട് ചിരിക്കാനും കളിക്കാനുമൊക്കെ കൂടിയിട്ടുണ്ട് .. അത് ഒരു പക്ഷേ അയാൾ തെറ്റിദ്ധരിച്ചിരിക്കുമോ?.. എൻ്റെ കൃഷ്ണാ.. എല്ലാം എൻ്റെ വെറും തോന്നൽ മാത്രമാവണേ.. ദേവ കണ്ണടച്ചു പ്രാർത്ഥിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ വിശാലിനെ കാണുമ്പോഴെല്ലാം ഒഴിഞ്ഞു മാറാൻ ദേവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന സീതാ മാഡത്തിനും മുത്തശ്ശിക്കും ഒരിക്കലും താൻ കാരണം വേദനിക്കാൻ ഇടവരരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു ..

*****************

ദിവസങ്ങൾ വേഗത്തിൽ തന്നെ പോവുന്നുണ്ടായിരുന്നു. ദീപാവലി ആയതു കൊണ്ട് കലയും കനിയും അവരുടെ വീട്ടിലേക്ക് പോവുകയാണ്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി..

ദേവയും വീട്ടിൽ പോവാം എന്ന് കരുതിയിരുന്നു എന്നാൽ “ദേവയാമി ദീപാവലി ആഘോഷിച്ചിട്ടില്ലല്ലോ .. നമുക്കെല്ലാവർക്കും കൂടി ഇവിടെ ആഘോഷിക്കാം.. ” എന്ന് സീതാലക്ഷ്മി സ്നേഹത്തോടെ പറഞ്ഞപ്പോൾ ദേവയ്ക്കത് നിരസിക്കാൻ കഴിഞ്ഞില്ല. കലയും കനിയും പോകുന്നത് കൊണ്ട് തനിച്ച് നിൽക്കണ്ട അവിടെ ഐഷുവിൻ്റെ കൂടെ നിന്നാ മതി എന്നു പറഞ്ഞതും സീതാ മാഡം തന്നെ യായിരുന്നു.

ഐഷുവിനും ദേവയ്ക്കും ദാവണി സമ്മാനിച്ചത് മുത്തശ്ശിയാണ്. രാവിലെ ദാവണിയും ഉടുത്ത് മുല്ലപ്പൂവും ചൂടി സുന്ദരികളായി രണ്ടു പേരും വന്നപ്പോൾ “ആഹാ.. രണ്ടാളും രാജകുമാരിമാരെ പോലുണ്ടല്ലോ.. ” എന്നും പറഞ്ഞ് ചേർത്ത് പിടിച്ചു മുത്തശ്ശി. ഐഷുവിനൊപ്പം നടക്കുമ്പോൾ പല തവണ വിശാലിൻ്റെ കണ്ണുകൾ തന്നിൽ പതിയുന്നത് ദേവ കണ്ടിരുന്നു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *