ദേവയാമി ~ ഭാഗം 12, എഴുത്ത്: രജിഷ അജയ് ഘോഷ്

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് ദേവയ്ക്ക് മനസ്സിലായില്ല .വിശാൽ പറഞ്ഞ വാക്കുകൾ അവൾ മനസ്സിൽ വീണ്ടും ഉരുവിട്ടു.

” ഇവളെ മട്ടും താൻപുടിക്കും … ” .

തമിഴിലായിരുന്നിട്ടും എന്തുകൊണ്ടോ അവൾക്ക് അവൻ പറഞ്ഞത് മനസ്സിലായി. അപ്പോഴും വിശാൽ അവളെ ചേർത്തു പിടിച്ച കൈ മാറ്റിയിരുന്നില്ല. ദേവ വിശാലിൻ്റെ മുഖത്തേക്ക് ദയനീയമായിനോക്കി.. പിന്നെ തന്നെ ചേർത്തു പിടിച്ച അവൻ്റെ കൈ തട്ടി അകറ്റി ഔട്ട് ഹൗസിലേക്ക് ഓടി… അവളുടെ ഹൃദയത്തിൻ്റെ താളം വല്ലാതെ ഉയർന്നിരുന്നു..

ഈശ്വരാ.. എന്തൊക്കെയാ സംഭവിച്ചത്.. സീതാ മാഡവും മുത്തശ്ശിയും തന്നെമോശമായി കാണില്ലേ.. ഇനി അവർക്കു മുൻപിൽ താൻ എങ്ങനെ തലയുയർത്തി നിൽക്കും.. ഏറ്റവുമൊടുവിൽ വിശാലിൻ്റെ മുഖം ഓർമ്മ വന്നൂ.. ഒരിക്കൽ പോലും ഇഷ്ടമാണെന്ന രീതിയിൽ ഒന്നു നോക്കിയിട്ട് പോലുമില്ല.. അയാളുടെ ഉള്ളിൽ പ്രണയമുണ്ട് എന്ന് നേരിയ സംശയം വന്നതിന് ശേഷം അകന്നു നിന്നിട്ടേ ഉള്ളൂ..എന്നിട്ടും ..എൻ്റെ മനസ്സൊന്നു അറിയുക പോലും ചെയ്യാതെ അത്രയും ആളുകൾ കാൺകെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നൂ..

അപമാനഭാരത്താൽ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ.. ഒന്നു കെട്ടിപ്പിടിച്ചു കരയാമായിരുന്നു .. ഇവിടെ വന്നതിനു ശേഷം ആദ്യമായ് തനിച്ചായതുപോലെ, ആരോടും ഒന്നും പറയാനാവാതെ..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാൽ പെരുമാറ്റം കേട്ടു ,തിരിഞ്ഞു നോക്കുമ്പോൾ സീതാലക്ഷ്മിയാണ് .. ദേവ കട്ടിലിൽ നിന്നുംചാടിയെഴുന്നേറ്റു.. സീതാലക്ഷ്മി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.. കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്, കൺ പോളകൾ കരഞ്ഞു വീർത്തിരിക്കുന്നു.

“മാം .. ഞാൻ .. എനിക്കൊന്നും അറിയില്ല .. ഞാനൊന്നും ..” പറയാൻ കഴിയാതെ ദേവ ബുദ്ധിമുട്ടി. സീതാലക്ഷ്മി അവളെ ചേർത്തു പിടിച്ചപ്പോഴേക്കും അവൾ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞിരുന്നു.

” ദേവയാമീ..എന്തിനാ ഇങ്ങനെ കരയുന്നത് .. നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.. പിന്നെന്താ ..” അവർ അവളെ ആശ്വസിപ്പിച്ചു.

“വിച്ചൂട്ടന് ദേഷ്യം വന്നാൽ കണ്ണു കാണില്ലാ..മോൾക്കറിയോ ഇന്ന് അവൻ ദേഷ്യപ്പെട്ട കുട്ടി അവൻ്റെ മുറപ്പെണ്ണാണ് സ്വാതി .. അവൻ്റെ അച്ഛൻ്റെ പെങ്ങളുടെ മകൾ .. ചെറുപ്പത്തിൽ അവരുടെ വിവാഹം പറഞ്ഞു വച്ചിരുന്നു.. പക്ഷേ.. വിച്ചൂട്ടന്ന് അവളെ ഇഷ്ടമല്ല.അവൾക്ക് അവനെന്നു വച്ചാൽ ജീവനാണ്.അത് കൊണ്ട്തമ്മിൽ കണ്ടാൽ പൊരിഞ്ഞ വഴക്കാണ്. ഇന്നും അത് തന്നെയാ സംഭവിച്ചത് പക്ഷേ.. മോളെ അവൻ ഇതിലേക്ക് വലിച്ചിഴക്കുമെന്ന് കരുതിയില്ല. അവളോടുള്ള ദേഷ്യത്തിനു ചെയ്തതാവും മോള് ക്ഷമിക്കൂ ട്ടോ..” സീതാലക്ഷ്മി ദേവയുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

സീതാ മാഡം തന്നെ മനസ്സിലാക്കിയത് ആശ്വാസമായിരുന്നുവെങ്കിലും വിശാലിനെക്കുറിച്ചുള്ള ചിന്തകൾ അവളിൽ ഭയമുളവാക്കി. ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം പലപ്പോഴും കണ്ടതാണ്..

രാത്രി സീതാ മാഡത്തിൻ്റെ വീട്ടിലേക്ക് പോവാൻ തോന്നിയില്ല .. തനിച്ച് കിടക്കണ്ട എന്ന് പറഞ്ഞ് ഐഷുവിനെ ദേവയ്ക്ക് കൂട്ടിനാക്കി സീതാ മാഡം.

രാവിലെ പുറത്ത് നിന്നും സംസാരം കേട്ട് ജനലിന്നരികിൽ നിന്നു നോക്കിയപ്പോഴാണ് വിശൽ തിരികെ ഓസ്ട്രേലിയയിലേക്ക് പോവുക യാണെന്നത് മനസ്സിലായത്. ദേവയ്ക്ക് ചെറിയ സമാധാനം തോന്നി. വിശാൽ സീതാ മാഡത്തിനോട് എന്തോ പറഞ്ഞ ശേഷം ഔട്ട് ഹൗസ് ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു.

‘ഈശ്വരാ.. ഇയാൾ ഇങ്ങോട്ടാണല്ലോ വരുന്നത് ഇതെന്തിനുള്ള വരവാണോ?..’ ദേവയ്ക്ക് ഭയം തോന്നി.

ദേവയാമീ.. നീട്ടിയുള്ള വിളി കേട്ടുവെങ്കിലും മുൻപോട്ടു നടക്കാൻ കഴിഞ്ഞില്ല. തലേ ദിവസത്തെ ഓർമ്മകൾ അത്രമേൽ നല്ലതായിരുന്നല്ലോ.. കാലൊച്ച അടുത്തു വരുന്നത് അറിയുന്നുണ്ട്.

” ദേവാ.. താനിവിടെ ഉണ്ടായിരുന്നോ.. ഞാൻ വിളിച്ചിട്ടും മറുപടിയൊന്നും കേട്ടില്ല .. ” വിശാൽ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ദേവ മുഖം കുനിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

“സോറീ.. ട്ടോ..” വിശാൽ പറഞ്ഞത് കേട്ട് ദേവ തലയുയർത്തി നോക്കി.

“തനിക്ക് വിഷമമായി എന്നെനിക്കറിയാം.. അപ്പൊ അങ്ങനെ സംഭവിച്ചു പോയി.. എല്ലാവരുടെയും മുൻപിൽ വച്ചങ്ങനെ പറയാൻ പാടില്ലായിരുന്നു .. റിയലി സോറി.. ” അവൻ ഒരു നിമിഷം നിർത്തി.

അത്രേയുള്ളൂലേ..ദേവയ്ക്ക് ആശ്വാസം തോന്നി. വിശാൽ തുടർന്നു.. “തനിക്കറിയോ.. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്. വെറുമൊരു ഇഷ്ടമല്ല, വിവാഹം കഴിച്ച് ഒരുമിച്ച് ഒരുപാട് കാലം ജീവിക്കാനുള്ള ഇഷ്ടം.. ഒരുപാട് പെൺ കുട്ടികളെ കണ്ടിട്ടുണ്ട് ഞാൻ , ലൈനടിച്ചു നടന്നിട്ടുണ്ട് ഒക്കെ ഒരു നേരം പോക്കായി മാത്രം .. പക്ഷേ.. തന്നെ കണ്ടപ്പോൾ തന്നോടു അടുത്തപ്പോൾ വല്ലാത്തൊരു ഫീൽ.. കുറെയേറെ ആലോചിച്ചു ,ഒടുവിൽ തീരുമാനിച്ചു.. തിരിച്ചു പോവുന്നതിന് മുൻപ് എൻ്റെ ഇഷ്ടംതന്നോട് തുറന്നു പറയണമെന്ന് .. ഇന്നലെ പക്ഷേ അങ്ങനെ സംഭവിച്ചു പോയി.. തനിച്ചു പറയാൻ ആഗ്രഹിച്ചത് എല്ലാ വർക്കും മുൻപിൽ വച്ച് പറയേണ്ടി വന്നൂ.. ” അവൻ പറഞ്ഞു നിർത്തിയപ്പോൾ ദേവ ശില പോലെ തറഞ്ഞു നിന്നു പോയി.

“തനിക്കൊന്നും പറയാനില്ലേ.. “ദേവയുടെ നിൽപ്പ് കണ്ട വിശാൽ ചോദിച്ചു.

“എനിക്ക് .. “ദേവ പറയാൻ തുടങ്ങിയപ്പോഴേക്കും വിശാൽ പറഞ്ഞു.

” വേണ്ട.. താൻ തിരക്കിട്ടൊരു നോ.. പറയണ്ട.. മൂന്നു മാസം കൂടി കഴിഞ്ഞാൽ ഞാൻ തിരിച്ചു പോരും.. അപ്പോഴേക്കും ആലോചിച്ച് ഒരു യെസ്പറഞ്ഞാൽ മതി..

” ഒരു കുസൃതി നോട്ടം ദേവയെ നോക്കി വിശാൽ തിരിഞ്ഞു നടന്നു..

അവൻ പോയിട്ടും ദേവ അതേ നിൽപു തന്നെ തുടർന്നൂ.. പുറത്ത് കാർ സ്റ്റാർട്ടായി പോവുന്ന ശബ്ദം കേട്ടു . മനസ്സിന് വല്ലാത്ത ഭാരം തോന്നി.. ഇനിയെന്ത് ചെയ്യും.. വെറുതെയങ്ങനെ കിടന്നു.. ഉച്ചയ്ക്ക് ശേഷം ആദി ഫോൺ വിളിച്ചപ്പോൾ ദേവയുടെ സ്വരത്തിലെ മാറ്റം കേട്ടപ്പോൾ അവൾക്കെന്തോ സങ്കടമുണ്ടെന്ന് തോന്നി അവന് ..

“ഞാനൊരാഴ്ചത്തെ ലീവിന് വീട്ടിൽ പോവുന്നുണ്ട്, നീ വരുന്നോ ?” എന്ന ആദിയുടെ ചോദ്യം കേട്ടതും ദേവയ്ക്ക് ആശ്വാസമായി.ഞാനുമുണ്ട് ..എന്ന് പറയാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല അവൾക്ക്. സീതാ മാഡത്തിനോടു പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ല. പിറ്റെ ദിവസം തന്നെ ആദിക്കൊപ്പം നാട്ടിലേക്ക് തിരിച്ചു..

*******************

രാത്രി ഭക്ഷണം കഴിച്ച ശേഷം റൂമിൽ ഫോണിൽ ആരോടോചാറ്റിങ്ങിലാണ്സി താര.കൃഷ്ണകുമാർ അടുത്ത് വന്ന് മോളെ.. എന്നു വിളിച്ചപ്പോൾ ഫോൺ എടുത്ത് വച്ച് അയാളെ നോക്കി അവൾ ..

“എന്താ ഡാഡീ..”

“മോളോടു കുറച്ച് സംസാരിക്കാനുണ്ട്.. ” കൃഷ്ണകുമാർ അവൾക്കടുത്തിരുന്നു.

” പറയൂ ഡാഡീ.. ഹയർ സ്റ്റഡീസിൻ്റെ കാര്യമാണെങ്കിൽ തിരിച്ച് ഡൽഹിക്ക് പോവാനാണ് എൻ്റെ തീരുമാനം.. ” അവൾ ചിരിയോടെ പറഞ്ഞു.

“അതല്ല മോളെ.. നിൻ്റെ വിവാഹക്കാര്യമാണ്. ഞാൻ അരുന്ധതിക്ക് വാക്കു കൊടുത്തു.. ” കൃഷ്ണ കുമാറിൻ്റെ വാക്കുകൾ കേട്ട് സിതാര അമ്പരന്നു..

“വിവാഹമോ.. എന്താ പെട്ടന്നിങ്ങനെ .. എന്തിനാ അരുന്ധതിയാൻറിക്ക് വാക്കു കൊടുത്തത്.. എനിക്കൊന്നും മനസ്സിലായില്ല ഡാഡീ.. ” അവൾ ചോദിച്ചു.

“ഋഷിയും നീയുമായുള്ള വിവാഹത്തിൻ്റെ കാര്യമാണ് ഞാൻ പറയുന്നത് .. ” കൃഷ്ണ കുമാറിൻ്റെ വാക്കുകൾ വീണ്ടും സീതാരയിൽ അമ്പരപ്പുളവാക്കി.

“ഋഷിയേട്ടൻ്റെയും എൻ്റെയും വിവാഹമോ? അത് നടക്കില്ല ഡാഡീ.. എനിക്കതിന് സമ്മതമല്ല.” സിതാര പറഞ്ഞു.

” സമ്മതമല്ലന്നോ.. നിനക്ക് ഋഷിയോടുള്ള താൽപര്യം പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.. പിന്നെന്താ .. ഇപ്പോൾ ഇങ്ങനെ പറയുന്നത്. ” അയാളുടെ
ശബ്ദത്തിൽഅൽപം ദേഷ്യം കലർന്നിരുന്നു.

” ഋഷിയേട്ടനെ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷെ.. ഋഷിയേട്ടന് മറ്റൊരു പെൺകുട്ടിയെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ അവരുടെ വിവാഹം തീരുമാനിച്ചപ്പോൾ ഞാൻ അതെല്ലാം മനപ്പൂർവ്വം മറന്നു് .ഇപ്പോൾ എൻ്റെ മനസ്സിൽ അങ്ങനെ ഒരാഗ്രഹമില്ല ഡാഡീ.. ” സിതാര പറഞ്ഞു.

” ഇപ്പോൾ ഈ വിവാഹത്തിന് നീ സമ്മതിച്ചേ മതിയാവൂ.. അരുന്ധതിക്ക് നൽകിയ വാക്ക് എനിക്ക് പാലിക്കണം” കൃഷ്ണകുമാർ തറപ്പിച്ചു പറഞ്ഞു.

” അപ്പൊ .. എന്നെങ്കിലും ഋഷിയേട്ടന് ഓർമ്മകൾ തിരികെ വന്നാൽ എന്നെ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ എൻ്റെ ജീവിതം എന്താവുമെന്ന് ഡാഡി ചിന്തിച്ചോ?
എനിക്കാ മനുഷ്യനെ ചതിക്കാൻ വയ്യ… ” സിതാരയും ഉറപ്പിച്ചാണ് പറഞ്ഞത്.

” ഋഷി വേണ്ടെന്നു പറയാതെ നോക്കേണ്ടത് നീയാണ്.. ഇനി അങ്ങനെ പറഞ്ഞാലും അരുന്ധതി നിനക്കൊപ്പം നിൽക്കും.. ഋഷിക്ക് അവകാശപ്പെട്ടത് നിൻ്റെ പേരിലാക്കാൻ ഞാനാവശ്യപ്പെടും.. റിതിക ഗ്രൂപ്പിൻ്റെ പകുതി ആസ്തി യെങ്കിലും നമ്മുടെ കൈകളിലെ ത്തും… “കൃഷ്ണകുമാർ പറയുമ്പോൾ അയാളുടെ മുഖത്ത് കുടിലതനിറഞ്ഞു നിന്നു. സിതാര നോക്കുകയായിരുന്നു അയാളുടെ ഭാവം.

“ഡാഡി ഇത്രയ്ക്ക് ചീപ്പാവരുത് .. സ്വത്തിന് വേണ്ടിയായിരുന്നോ ഇതെല്ലാം .. ഡാഡിയിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല ” വല്ലാത്ത വിഷമത്തോടെയാണ് അവളത് പറഞ്ഞത്.

” അങ്ങനെയെങ്കിൽ അങ്ങനെ പക്ഷേ.. ഈ വിവാഹം നടന്നേ പറ്റൂ.. “കൃഷ്ണകുമാർ ശബ്ദമുയർത്തി .

“ഇല്ല .. ഞാൻ സമ്മതിക്കില്ല.. ” സീതാര പറഞ്ഞു തീരും മുൻപേ കൃഷ്ണ കുമാറിൻ്റെ കൈകൾ സിതാരയുടെ കവിളിൽ പതിഞ്ഞിരുന്നു. അമ്മേ.. വേദനയോടെ കവിൾ പൊത്തി കരഞ്ഞു. അവളുടെ ശബ്ദം കേട്ടാണ് ബിന്ദുജ ഓടി വന്നത്.

“എന്താ മോളെ.. എന്തു പറ്റി.. ” അവർ സിതാരയോടു ചോദിച്ചു.

” പറയുന്നത് അനുസരിച്ച് ജീവിക്കാൻ പറഞ്ഞേക്ക് മകളോട് .എൻ്റെ തീരുമാനമേ ഇവിടെ നടക്കൂ ”. കൃഷ്ണകുമാർ ബിന്ദുജയോട് പറഞ്ഞ് പുറത്തേക്ക് പോയി.

“മോളെ.. ഡാഡി പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്.ദേഷ്യം വന്നാൽ കൃഷ്ണേട്ടൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല.” എന്നും പറഞ്ഞു കൊണ്ട് ബിന്ദുജ സിതാരയെ ചേർത്തു പിടിച്ചു.

****************

ശ്രീദേവിയും പ്രഭാകരനും ആദിയും ദേവയും വരുന്നതുംനോക്കിപുറത്ത്തന്നെ യുണ്ടായിരുന്നു.

” ദേവിക്കുട്ടി.. ” എന്നും വിളിച്ചു കൊണ്ട് ശ്രീദേവിയെ കെട്ടിപ്പിടിച്ചു ദേവയാമി.

പിരിഞ്ഞു നിന്നതിൻ്റെ വേദനകൾ പങ്കുവച്ചു കൊണ്ട് അങ്ങനെ തന്നെ കുറച്ചു നേരം നിന്നു അവർ.

“ഇവിടെ നമ്മളും കൂടി ഉണ്ടേ..” പ്രഭാകരൻ്റെ ശബ്ദം കേട്ടാണ് രണ്ടു പേരും അകന്നു മാറിയത്.

ദേവ പ്രഭാകരൻ്റെ അടുത്ത് ചെന്ന് കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

” അച്ഛനാകെ ക്ഷീണമാണല്ലോ .. “

“എൻ്റെ ദേവ മോളെ മതി ഒലിപ്പിച്ചത് .. ഇവിടെ ഇങ്ങനെയൊരുത്തൻ വന്നിട്ട് ഒരാൾക്കും മൈൻഡില്ല.. അല്ലെങ്കിൽ ഞാൻ ബാഗ്ലൂരിൽ നിന്നും വരുമ്പോൾ എന്തൊക്കെയാണ് ബഹളം ..ഇപ്പൊ മോള് വന്നപ്പോനമ്മളെ ആർക്കും വേണ്ടല്ലോ.. ” ആദി പരിഭവം നടിച്ചു നിന്നൂ..

“അയ്യോടാ .. പാവം”ദേവ അവനെ ഇക്കിളിയാക്കി.

പിന്നെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതായിരുന്നു. ഇടയ്ക്ക് അച്ഛച്ഛനേം അമ്മമ്മയേം കാണാൻ പോയി.മേമയും മക്കളും വീട്ടിലേക്ക് വന്നു. ശ്രീദേവി മക്കൾക്ക് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി. പഴയ പോലെ എല്ലാവരെയും സന്തോഷത്തിലാക്കാൻ ദേവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഈ തിരക്കുകൾക്കിടയിൽ വിശാലിനെക്കുറിച്ചുള്ള ചിന്തകളിൽ നിന്നും ഒരു പരിധി വരെ മോചനം ലഭിച്ചിരുന്നു ദേവയ്ക്ക്.

ദിവസങ്ങൾ വേഗം തന്നെ കടന്നു പോയി. നാളെ രണ്ടാളുടെയും ലീവ് കഴിയും അത് കൊണ്ട് ഇന്നൊരു ഷോപ്പിംഗിന് പോവാം എന്നു പറഞ്ഞത് ആദിയാണ്. കാറിൽ പുറത്തേകാഴ്ചകൾനോക്കിയിരിക്കുകയാണ് ദേവ. കോളേജിൽ പോവുന്ന സമയത്ത് സ്ഥിരമായി ബസിൽ പോവുന്ന വഴിയാണ്.

സെൻ്റ് മേരീസ്കോളേജിൻ്റെ അടുത്തെത്തിയതും അറിയാതെ പഴയ ഓർമ്മയിൽ എത്തി നോക്കി. താൻ വരുന്ന ബസ്സിൻ്റെ സമയത്ത് ഒരു നോട്ടം ഒരു പുഞ്ചിരി അതിനായി മാത്രം കേളേജിൻ്റെ ഗേറ്റിനരികിൽ നിൽക്കുമായിരുന്നു മാഷ്.ഇല്ല .. അവിടെ പതിവുപോലെ തന്നെ നോക്കി നിൽക്കുന്ന മാഷില്ല .. ആ ഓർമ്മകളിൽ പോലും ഞാനില്ല.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെഅമർത്തി തുടച്ചു ദേവ.

ഷോപ്പിംഗ് കഴിഞ്ഞ് പുറത്തു നിന്നും ഭക്ഷണവും കഴിച്ച് കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പുറകിൽ നിന്നും ആരോ വിളിച്ചത്..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *