മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പുറകിൽ നിന്നും ആരോ വിളിച്ചത്.
ദേവ തിരിഞ്ഞു നോക്കുമ്പോൾ റിതുവാണ്.
“ഏട്ടത്തീ.. ” എന്നും വിളിച്ചു കൊണ്ട് ദേവയ്ക്കരികിലേക്ക് ഓടി വന്നു അവൾ.
“ആഹാ.. റിതുമോൾക്ക് സുഖമാണോ?” ദേവ റിതുവിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ടാണ് ചോദിച്ചത്.
“സുഖാണ് ഏട്ടത്തീ.. എത്ര നാളായി ഏട്ടത്തിയെ കണ്ടിട്ട്.. “റിതുപരിഭവം പറഞ്ഞു.
“അതു ശരിയാ.. ഞാനിപ്പോൾ കുറച്ചായിട്ട് ചെന്നൈയിലാ.. ഇപ്പൊ വന്നിട്ട് ഒരാഴ്ചയാവുന്നു, നാളെ തിരിച്ചു പോവും.” ദേവ പറഞ്ഞു.
“ചെന്നൈയിൽ എന്താ.. ” റിതു സംശയം മറച്ചുവച്ചില്ല.
” നർത്തകി സീതാലക്ഷ്മി മാഡത്തിൻ്റെ കൂടെ നൃത്തപഠനത്തിനു് പോയതാ..
അതിരിക്കട്ടെ.. മാഷിന് സുഖാണോ റിതൂ.. ” ദേവ ചോദിച്ചു.
“ഏട്ടൻ സുഖമായിരിക്കുന്നു.. പക്ഷേ .. ” അതു പറഞ്ഞപ്പോൾ റിതുവിൻ്റെ മുഖം വാടി.
” പക്ഷേ.. “ദേവ റിതുവിൻ്റെ മുഖത്തേക്ക് ഉറ്റുനോക്കി.
” സ്വന്തം ഇഷ്ടങ്ങളൊന്നും തിരിച്ചറിയാതെ.. ഇഷ്ടപ്പെട്ട ജോലിയെന്താണെന്നു പോലും അറിയാതെ.. അമ്മയ്ക്കും അച്ഛനുമൊപ്പം ബിസിനസ്സ് കാര്യങ്ങൾ നോക്കി നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പലപ്പോഴും ആള് വേറെ ഏതോ ലോകത്താണെന്ന് തോന്നും. പഴയ കളിയും ചിരിയും ഒന്നുമില്ല.. “
അതു പറയുമ്പോൾ റിതുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവയ്ക്കും എന്തു പറയണമെന്ന് അറിയില്ലായിരുന്നു. എങ്കിലും എല്ലാവരും പറയുന്നതുപോലെ അവളും പറഞ്ഞു ” എല്ലാം ശരിയാവും..”
“ശരിയാവും ഏട്ടത്തീ.. ഒരു ദിവസം ഏട്ടൻ എല്ലാം തിരിച്ചറിയും.ഏട്ടത്തിയെ അന്വേഷിച്ചു വരും.. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണണം എനിക്ക് .. ” അതു പറയുമ്പോൾ റിതുവിൻ്റെ ശബ്ദം ഇടറിയിരുന്നു.
” വേണ്ട റിതുമോളെ.. പഴയതൊന്നും ഇനി ആവർത്തിക്കണ്ട.. ഒരുപക്ഷേ എന്നെങ്കിലും മാഷെല്ലാം അറിഞ്ഞാലും ഒരിക്കലും എന്നെ തേടി വരരുത് എന്ന് മോള് പറയണം. ഞാൻ കാരണം മാഷിനൊന്നും സംഭവിക്കാൻ പാടില്ല ..അത് കൊണ്ട് മാഷിൻ്റെ കൂടെ ദേവയാമി വരില്ല.. ഞാൻ മാഷിനെ മറന്ന് സുഖ മായിരിക്കുന്നുവെന്ന് പറയണം. എന്നെത്തേടി വന്നാൽ അതെന്നെ കൂടുതൽ വേദനിപ്പിക്കുകയേ ഉള്ളൂവെന്ന് പറയണം .. ” ഇത്രയും പറയുമ്പോഴേക്കും ദേവ കരഞ്ഞു പോയിരുന്നു.
“ഏട്ടത്തീ.. “റിതു വേദനയോടെ വിളിച്ചു.
” പോട്ടെ മോളെ.. ” റിതുവിൻ്റെ ചുമലിൽ തട്ടി തിരിഞ്ഞു നോക്കാതെ ദേവ കാറിൽ കയറി.
ദേവ പറഞ്ഞ വാക്കുകൾക്ക് മുന്നിൽ അപ്പോഴും പകച്ചു നിൽക്കുകയായിരുന്നു റിതു.
കാറിൽ ശ്രീദേവിയുടെ തോളിലേക്ക് തല ചേർത്ത് കിടന്നു ദേവ. അവളുടെ സങ്കടം അറിയാവുന്നത് കൊണ്ട് തന്നെ ആരും ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തിയിട്ടും റൂമിൽ കുറച്ചു നേരം കിടന്നു അവൾ.. വീണ്ടും ഓർമ്മകളുടെ മായാലോകം തന്നെ വലിഞ്ഞു മുറുകുന്നു .. എപ്പോഴോ ഒന്നു മയങ്ങി..
കണ്ണുതുറന്നപ്പോൾ അടുക്കളയിൽ നിന്നും അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ മണം മൂക്കിലെത്തി .മുഖം കഴുകി ഒരു ചിരി ഫിറ്റ് ചെയ്ത് താഴേക്കിറങ്ങി ദേവ.
“ആഹാ.. ഇന്നെൻ്റെ ഫേവറിറ്റ് ശ്രീദേവി സ്പെഷ്യൽഉണ്ണിയപ്പം ആണല്ലോ ” അടുപ്പിൻ്റെ തറയിലേക്ക് കയറിയിരുന്നു ഒരു ഉണ്ണിയപ്പം കടിച്ച് കൊണ്ട് ദേവ പറഞ്ഞു.
“നിനക്കും ആദിക്കും പോവുമ്പോകൊണ്ടു പോവാൻ വേണ്ടി ഉണ്ടാക്കണതാ ” ശ്രീദേവി അവളെ നോക്കി പറഞ്ഞു.
“ഇവള്നല്ല പോളിങ്ങാണല്ലോ അമ്മേ ” എന്നു പറഞ്ഞു കൊണ്ട് ആദിയും അവിടെ എത്തി.
“നിനക്ക് വേണെങ്കിൽ കഴിച്ചോ ഏട്ടാ.. വെറുതെ എൻ്റെ വയറു ചീത്തയാക്കണ്ടാ..”
അവൾ ഒരു ഉണ്ണിയപ്പം അവൻ്റെ നേരെ നീട്ടി.
അവൻ അതു വാങ്ങി കഴിച്ചു കൊണ്ട് അവളുടെ അടുത്തിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ പ്രഭാകരനും അവിടേക്ക് വന്നു.പിന്നെ എല്ലാവരും കൂടി രാത്രി വരെ ഓരോ കഥകൾ പറഞ്ഞ് അടുക്കളയിൽ തന്നെയായിരുന്നു.
രാത്രി കിടക്കാൻ നേരം “ഞാനിന്ന് ഇവിടെയാ.. ” എന്നും പറഞ്ഞ് ദേവ അച്ഛനുമമ്മയ്ക്കും ഇടയിൽ കയറിക്കിടന്നു..
അവളുറങ്ങുന്നത് വരെ ശ്രീദേവി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളെ തലോടിക്കൊണ്ടിരുന്നു.. തന്നോട് പറ്റിച്ചേർന്ന് കിടന്നിരുന്ന നാലു വയസ്സുകാരി ദേവയാമിയെ ഓർമ്മ വന്നു അവർക്ക് ..
രാവിലെ ചെന്നൈയിലേക്ക്പോകാൻ റെഡിയായിറങ്ങുമ്പോൾ അച്ഛൻ്റെയും അമ്മയുടെയും മുഖം വാടിയിരിക്കുന്നത് ദേവ കണ്ടിരുന്നു.. “പോയിട്ടു വരാം ” എന്നു പറഞ്ഞിറങ്ങുമ്പോൾ നിറഞ്ഞ നാലു കണ്ണുകൾ വീണ്ടും കാണാൻ കഴിയാത്തതുകൊണ്ട് മാത്രം തിരിഞ്ഞു നോക്കിയില്ലവൾ ..
ദേവയെ സീതയ്ക്കടുത്താക്കിയിട്ട് ആദി ബാംഗ്ലൂർക്ക് തിരിച്ചു പോയി.
********************
ഋഷി ജ്വല്ലറിയിൽ നിന്നും ഇറങ്ങി പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും.. ” ഋഷീ.. നിൽക്ക് എന്തു സ്പീഡാ ഡോ ..” എന്ന് കേട്ടതും അവൻ തിരിഞ്ഞു നിന്നു.
പക്ഷേ.. തൻ്റെ നേരെ വരുന്നയാളെ അവന് മനസ്സിലായില്ല.’ ഇനി ഇയാൾക്ക് ആളുമാറിയതാവുമോ? എന്നു ചിന്തിച്ചപ്പോഴേക്കും അയാൾ ഋഷിയെ കെട്ടിപ്പിടിച്ചു.
“എത്ര നാളായി ഋഷീ നമ്മൾ കണ്ടിട്ട് .. പറയെടാ വിശേഷങ്ങൾ.. നിനക്ക് സുഖമല്ലേ?, അച്ഛൻ്റെം അമ്മയുടേയും കൂടെ ബിസിനസ്സ് നോക്കി കൂടാൻ തന്നെ തീരുമാനിച്ചോ നീ..” ഋഷിയെ കണ്ട സന്തോഷത്താൽ ഫുൾ സ്റ്റോപ്പില്ലാതെ സംസാരിക്കുകയാണ് അയാൾ. ആരാണത് എന്നു മനസ്സിലാവാതെ ഋഷി നിന്നു പരുങ്ങി.ആ മുഖത്തെ സന്തോഷം കണ്ടപ്പോൾ ആരാണെന്ന് ചോദിക്കാനും കഴിയുന്നില്ല. തന്നെ അത്രയ്ക്ക് അറിയുന്ന പോലെയാണ് സംസാരവും മുഖഭാവവും.
” സുഖമാണെടാ..ബിസിനസ്സുമായങ്ങനെ പോവുന്നു. “ഋഷി പറഞ്ഞൊപ്പിച്ചു.
“ഞാൻ അൽപം തിരക്കിലാണെടോ.. നീയിവിടെത്തന്നെയാണെന്നറിഞ്ഞല്ലോ.. ഇടയ്ക്ക് കാണാം.” എന്നു പറഞ്ഞയാൾ തിരിഞ്ഞു നടന്നു,പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു.
“ആ പിന്നെ .. ദേവയാമിയോട് തൻ്റെ ആമിയോട് എൻ്റെ അന്വോഷണം പറയൂട്ടോ.. കാണാം.. “
ഋഷിയ്ക്ക് ഒന്നും മനസ്സിലായില്ല. ആരാണയാൾ.. ആരെക്കുറിച്ചാണയാൾ പറഞ്ഞത് .. ദേവയാമി.. ആരാണത്.. തൻ്റെ ആമി… ഓർക്കും തോറും തലയ്ക്ക് പെരുപ്പ് തോന്നി. കാറിൽ കയറി കുറച്ചു നേരം ഇരുന്നു ..അയാളുടെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ അലയടിക്കുന്നതുപോലെ. വീട്ടിൽ എത്തുമ്പോഴേക്കും നല്ല തലവേദന തുടങ്ങി. റൂമിലെത്തിയതുംഡ്രസ്സ് മാറ്റാതെ ബെഡ്ഡിലേക്ക് വീണു..
ചന്ദ്രശേഖരൻ ഒരാഴ്ചയായി ബിസിനസ്സ് ആവശ്യത്തിനായ് ഡൽഹി യിലായതിനാൽ അരുന്ധതിക്ക് ഋഷിയുടെ വിവാഹകാര്യം സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് ചന്ദ്രശേഖരൻ എത്തും. അതു കൊണ്ട് തന്നെ അരുന്ധതി നേരത്തെവീട്ടിലെത്തി.വന്നപ്പോൾ ഋഷിയുടെ കാർ പുറത്ത് കണ്ടതുകൊണ്ട് അവൻ്റെ റൂമിലേക്ക് കയറി. ഡ്രസ്സ് പോലും മാറ്റാതെ ഋഷി കിടക്കുന്നത് കണ്ട് അരുന്ധതിക്ക് ഭയം തോന്നി.
“എന്താ മോനെ .. എന്തു പറ്റി.. ” അവർ അവൻ്റെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
“വല്ലാത്ത തലവേദന.. ” ഋഷി കിടന്നു കൊണ്ട് തന്നെ പതിയെ പറഞ്ഞു.
” ഞാനൊരു സ്ട്രോങ്ങ്ചായകൊണ്ടുവരാം .. എന്നിട്ടും കുറയുന്നില്ലെങ്കിൽ നമുക്ക് അനിത ഡോക്ടറെ വിളിക്കാം.. ” എന്നു പറഞ്ഞ് അരുന്ധതി താഴെയിറങ്ങി.
അരുന്ധതി കൊണ്ടുവന്നചായ കുടിച്ച് ഒന്നുറങ്ങിയപ്പോൾ ഋഷിക്ക് തലവേദന കുറഞ്ഞു.
രാത്രി ചന്ദ്രശേഖരൻ വന്നപ്പോൾ അരുന്ധതി സിതാരയും ഋഷിയുമായുള്ള വിവാഹ കാര്യം സംസാരിച്ചു.
“എന്തിനാ അരുന്ധതി തിരക്കിട്ട് ഇങ്ങനെയൊരു തീരുമാനം ” അയാൾ ചോദിച്ചു.
“അവനെ നഷ്ടപ്പെടാതിരിക്കാൻ വേറെ വഴിയൊന്നും കണ്ടില്ല ചന്ദ്രേട്ടാ..” അരുന്ധതി പറഞ്ഞു.
” അവൻ സമ്മതിക്കുമോ?” അയാൾ സംശയത്തോടെ അരുന്ധതിയെ നോക്കി.
“സ്നേഹത്തോടെ സമ്മതിപ്പിക്കണം.. ” അരുന്ധതി ഒരു നിശ്വാസത്തോടെ പറഞ്ഞു.
“നാളെ സൺഡേയാണല്ലോ.. എല്ലാവരും ഇവിടെത്തന്നെ കാണും.. ഋഷിയോട് നാളെ സംസാരിക്കാം” എന്നും പറഞ്ഞ് ചന്ദ്രശേഖരൻ കിടന്നു.
ഉറങ്ങാൻകിടന്നിട്ടും ഋഷിയുടെ മനസ്സിൽ വൈകുന്നേരത്തെസംഭവം തന്നെ യായിരുന്നു. ആരാണ് ദേവയാമി … തന്നെ കെട്ടിപ്പിടിച്ച് സംസാരിച്ച ആൾ ആരാണ്? ചോദ്യങ്ങൾ വീണ്ടും വീണ്ടും മനസ്സിനെ ഉലയ്ക്കുന്നു. പാതിരാത്രി കഴിഞ്ഞപ്പോൾഎപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെറിതു വിളിക്കുമ്പോൾ അവൻ സ്വപ്ന ലോകത്തായിരുന്നു .. നീണ്ട ഭംഗിയുള്ള കൈ വിരലുകൾ .. മോതിരവിരലിൽ തൻ്റെ പേരു കൊത്തിയ മോതിരം… അവൻ ആ കൈയ്യിൽ അമർത്തി ചുംബിക്കവെ വിടർന്ന കണ്ണുകൾ… അറിയാതെ ഉറക്കത്തിലും അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ..
“ഏട്ടാ… എണീക്ക്.. വട്ടായോ… ഉറക്കത്തിൽ ചിരിക്കുന്നുണ്ടല്ലോ.. “റിതു ഋഷിയെ കുലുക്കി വിളിച്ചു.
അവൻ ദേഷ്യത്തോടെയാണ് ഉണർന്നത്.
” ഒന്നുറങ്ങാനും സമ്മതിക്കില്ലേ.. നിനക്ക് വേറെ പണിയൊന്നുമില്ലേ?”സ്വപ്നം പാതിയിൽ ആയതിൻ്റെ ദേഷ്യത്തോടെയാണ് ചോദിച്ചത്.
” 9 മണി കഴിഞ്ഞു .. എഴുന്നേറ്റു വല്ലതും കഴിച്ചോട്ടെ എന്നു കരുതിയ എന്നെ വേണം തല്ലാൻ .. ” എന്നും പറഞ്ഞ് റിതു പുറത്ത് പോയി.
‘ഛെ.. അവൾ വിളിച്ചില്ലായിരുന്നു വെങ്കിൽ ആ മുഖം കാണാമായിരുന്നു.’ അവന് നിരാശ തോന്നി. എന്നാലും ആ വിരലിലെ മോതിരത്തിൽ ഋഷികേശ് എന്ന് എഴുതിയത് കൺമുന്നിൽ തെളിഞ്ഞു നിൽക്കും പോലെ .. ആ വിടർന്ന കണ്ണുകളും ..
ഋഷിയും റിതുവും ഹാളിൽ ഇരുന്ന് ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ ചന്ദ്രശേഖരനും അരുന്ധതിയും അവർക്കരുകിൽ വന്നിരുന്നത്.
“ഋഷീ..മോനോടുകുറച്ച്സംസാരിക്കാനുണ്ടായിരുന്നു.” ചന്ദ്രശേഖരൻ പറഞ്ഞു.
“എന്താ അച്ഛാ.. ഒരു മുഖവുരയൊക്കെ ..” ഋഷി അയാൾക്കഭിമുഖമായി ഇരുന്നു.
“അമ്മ പറയുകയായിരുന്നു നിനക്ക് വിവാഹം കഴിക്കാനൊക്കെ ആയെന്ന്.” ചന്ദ്രശേഖരൻ ചിരിയോടെ അരുന്ധതിയെ നോക്കി പറഞ്ഞു. ഋഷി പ്രതീക്ഷിക്കാത്തത് കേട്ടതുകൊണ്ട് പെട്ടന്ന് എന്തു പറയുന്നമെന്നറിയാതെ ഇരുന്നു.
“എന്താ മോനെ നിൻ്റെ അഭിപ്രായം ” അരുന്ധതി അവനെ നോക്കി ചോദിച്ചു.
” പെട്ടന്ന് .. എന്താ ഇങ്ങനെ?”ഋഷി സംശയത്തോടെ ഇരുവരെയും നോക്കി.
“നിനക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾക്ക് തോന്നി.. നിൻ്റെ ലൈഫിൽ ഒരു മാറ്റത്തിന് സമയമായി എന്ന് ഞങ്ങൾക്ക് തോന്നുന്നു.. ” ചന്ദ്രശേഖരനാണ് പറഞ്ഞത്.
“ഞാനതിനെക്കുറിച്ചെന്നും ആലോചിച്ചിട്ടില്ല.. കുറച്ചു കൂടെ സമയം വേണമെന്ന് തോന്നുന്നു അച്ഛാ.. ” ഋഷി തുറന്നു പറഞ്ഞു.
“ആലോചിച്ചു മതി.. നമ്മുടെ കൃഷ്ണ കുമാറിൻ്റെ മകൾ സിതാരയെക്കുറിച്ച് എന്താ നിൻ്റെ അഭിപ്രായം.?” ചന്ദ്രശേഖരൻ ചോദിച്ചു.
” സിതാര നല്ല കുട്ടിയാണ് .. എന്താ അങ്ങനെ ചോദിച്ചത്.? ” അവൻ ചോദിച്ചു.
“നമുക്ക് അവളെ ആലോചിച്ചാലോ .. മോനെ.. അവർക്കും താത്പര്യമുണ്ട്.” അരുന്ധതിയാണ് പറഞ്ഞത്. ഋഷി അമ്പരപ്പോടെ അരുന്ധതിയുടെ മുഖത്തേക്ക് നോക്കി. ഇതെല്ലാം കേട്ടിരുന്ന റിതുവിന് അരിശം വരുന്നുണ്ടായിരുന്നു.
“അമ്മാ.. ഞാനാക്കുട്ടിയെ അങ്ങനെ കണ്ടിട്ടേയില്ല.”ഋഷി പറഞ്ഞു.
“മോനെ .. അവരാവുമ്പോൾ നമുക്കറിയുന്നവരാണ്. നല്ല കുട്ടിയാണവൾ.. നിന്നെ ഇഷ്ടവുമാണവൾക്ക്.. ” അരുന്ധതി പറഞ്ഞുകൊണ്ടിരുന്നു.
” അമ്മയ്ക്കെന്താ അവളെത്തന്നെ ഏട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തിരക്ക്.. ” റിതുവിന് ദേഷ്യം അടക്കാനായില്ല.
“റിതൂ…” അരുന്ധതി ശാസനയോടെ വിളിച്ചതും റിതു തിരിഞ്ഞിരുന്നു.
വിവാഹം വേണ്ടെന്നു പറഞ്ഞാൽ അമ്മയ്ക്ക് വിഷമമാവും പക്ഷേ.. സമ്മതിക്കാൻ കഴിയുന്നുമില്ല.. എന്തുകൊണ്ടോ സ്വപ്നത്തിൽ കണ്ട കണ്ണുകൾ മനസ്സിൽ തെളിഞ്ഞു. ഇതൊന്നും ആരോടും പറയാനും വയ്യാ.. ഒടുവിൽ ഞാനൊന്ന് ആലോചിക്കട്ടെ എന്നു പറയേണ്ടി വന്നു ഋഷിക്ക്. പിന്നീടുള്ള ഓരോ ദിവസവും പുറത്തിറങ്ങുമ്പോൾ അന്നു കണ്ട ആളെ ഋഷിയുടെ കണ്ണുകൾ തിരയാൻ തുടങ്ങി.
ഒരു ദിവസം റിതു ഏറെ സന്തോഷത്തോടെയാണ്ഹോസ്പിറ്റലിൽ നിന്നും എത്തിയത്.ബാഗ് സോഫയിലിട്ട് ചായ കുടിച്ചു കൊണ്ടിരുന്ന ചന്ദ്രശേഖരനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു അവൾ.
“ഇതെന്താ ഇന്നിത്ര സന്തോഷം.. ” അയാൾ അത്ഭുതത്തോടെ ചോദിച്ചു.
“അച്ഛാ.. എൻ്റെ സ്വപ്നം നടക്കാൻ പോവുന്നു. സ്കോളർഷിപ്പോടെ അമേരിക്കയിൽ തുടർ പഠനത്തിന് കോളജിൽ നിന്നുംസെലക്ട് ചെയ്ത രണ്ടു പേരിൽ ഒരാളാണ് ഞാൻ..” അവൾ ഉത്സാഹത്തോടെ പറഞ്ഞു.
പണം നൽകി എവിടെപ്പോയി വേണമെങ്കിലും പഠിക്കാൻ കഴിയുമെങ്കിലും സ്വന്തം കഴിവു കൊണ്ട് ഉയരങ്ങളിൽ എത്താനായിരുന്നു റിതുവിന് ഇഷ്ടം.. അതു കൊണ്ട് തന്നെ ഇത് അവൾക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത യായിരുന്നു.
“ആഹാ.. അച്ഛൻ്റെ മിടുക്കിക്കുട്ടി… നമുക്കിത് ആഘോഷിക്കണം .. “ചന്ദ്രശേഖരനും ഉത്സാഹത്തിലായി. അരുന്ധതിയും ഋഷിയും അറിഞ്ഞപ്പോൾ അതിലും സന്തോഷമായിരുന്നു. ഋഷി അവളെ ചേർത്തു പിടിച്ചു പറഞ്ഞു.
“കൺഗ്രാറ്റ്സ്..റിതൂ.. നിനക്കെന്താ ഏട്ടൻ്റെ വക വേണ്ടത്. ” “അതൊക്കെ ഞാൻ വാങ്ങിച്ചോളാം മോനെ.” അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
അരുന്ധതി അവളെ കെട്ടിപ്പിടിച്ചു. റിതുവിൻ്റെ കണ്ണുകൾ നിറഞ്ഞു .. ഏറെ നാളുകൾക്ക് ശേഷമാണ് അമ്മയുമായ് ഇങ്ങനെ ചേർന്നു നിൽക്കുന്നത് എന്നവൾ ഓർത്തു.
തുടരും…