മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
അരുന്ധതി അവളെ കെട്ടിപ്പിടിച്ചു. റിതുവിൻ്റെ കണ്ണുകൾ നിറഞ്ഞു .. ഏറെ നാളുകൾക്ക് ശേഷമാണ് അമ്മയുമായ് ഇങ്ങനെ ചേർന്നു നിൽക്കുന്നത് എന്നവൾ ഓർത്തു.
റിതുവിൻ്റെ ക്ലാസ് കഴിഞ്ഞു. അമേരിക്കയിലേക്ക് പോവാനുള്ള വിസയും മറ്റു പേപ്പേർസും റെഡിയാക്കുന്നതിൻ്റെ തിരക്കിലാണവൾ.
രാവിലെ ഋഷി ജ്വല്ലറിയിലേക്ക്ഇറങ്ങുമ്പോഴാണ് അരുന്ധതി വന്നത്.
“ഋഷീ ഇന്നാണ് ചെക്കപ്പിന്പോവേണ്ട ദിവസം. എനിക്കിന്ന് അത്യാവശ്യമായിട്ട് ടെക്സ്റ്റയിൽസിൽ ഒന്നു പോവണം, ഒരു മീറ്റിംഗുണ്ട്. അതു കൊണ്ട് നീ തന്നെ പോയാൽ മതി. ഞാൻ അനിത ഡോക്ടറെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ” അരുന്ധതി അവൻ്റെ അടുത്ത് വന്നു പറഞ്ഞിട്ട് അവൻ്റെ ഫയലും കൊടുത്തു.
“ഞാനത് മറന്നിരിന്നു… അമ്മ ഓർമ്മിപ്പിച്ചത് നന്നായി. ഞാൻ കണ്ടോളാം” എന്നും പറഞ്ഞ് ഋഷികാറിനരികിലേക്ക് നടന്നു. അമ്മയെ സമ്മതിക്കണം എൻ്റെ ചെക്കപ്പിൻ്റെ കാരുമെല്ലാം ഈ തിരക്കിനിടയിലും കൃത്യമായ് ഓർത്തു വച്ചിരിക്കുന്നു, അവൻ ഓർത്തു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ രണ്ടു പേഷ്യൻ്റ്സ് കയറിയ ശേഷം ഋഷിയെ വിളിച്ചു.
“ആഹാ.. ഇന്ന് ഋഷി തന്നെയാണല്ലോ.. ” ഋഷിയെ കണ്ടപ്പോൾ അനിത ഡോക്ടർ ചിരിയോടെ പറഞ്ഞു.
“ഇന്ന് അമ്മ കുറച്ച് ബിസിയാ ..” ഋഷി മറുപടിയായി പറഞ്ഞു.
“താനിരിക്ക്.. ” അനിത തനിക്കഭിമുഖമായുള്ള കസേര ചൂണ്ടി ഋഷിയോടു പറഞ്ഞു.
അവൻ ഇരുന്നു .. റിതുവിൻ്റെ കാര്യങ്ങളും വിശേഷങ്ങളും സംസാരിച്ച ശേഷമാണ് അനിത ഋഷിയുടെ വിവരങ്ങൾ ചോദിച്ചത് ..
“പറയൂ.. ഋഷീ.. ഇപ്പൊ എങ്ങനെയുണ്ട്..?”
“ഇടയ്ക്കിടെ വല്ലാത്ത തലവേദന തോന്നുന്നു.അസഹ്യമായ വേദന.. “
“എപ്പോഴൊക്കെയാണ് തലവേദന വരുന്നത്?” അനിത ചോദിച്ചു.
രണ്ടു പ്രവശ്യം തലവേദന വന്ന സാഹചര്യവും പിന്നെ താൻ കാണുന്ന സ്വപ്നങ്ങളും, താൻ അറിയാത്ത ഒരാളെ കണ്ടതും അയാൾ പറഞ്ഞതും എല്ലാം ഋഷി അനിതയോടു പറഞ്ഞു.
“ഞാനിതൊന്നും ആരോടും പറഞ്ഞിട്ടില്ല .. എൻ്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ഡോക്ടർ ..” ഋഷി പറഞ്ഞതു കേട്ട അനിതകുറച്ചു നേരം മൗനമായിരുന്നു ..
എന്താണ് ഋഷിയോട് പറയുക. ആ സ്വപ്നങ്ങളിൽ ഋഷിയുടെ പ്രിയപ്പെട്ടവളാണ്
ഉള്ളതെന്നോ .. അയാൾ പറഞ്ഞത് അവളുടെ പേരാണെന്നോ .. അവൻ്റെ അവസ്ഥയിൽ അനിതയ്ക്ക് വിഷമം തോന്നി.
” നോക്കൂ ഋഷീ..ആക്സിഡൻ്റിനു ശേഷം വന്ന ചില മാറ്റങ്ങൾ കാരണമാണ് ഋഷിക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടായത്.. രാവിലെ നേരത്തെ എഴുന്നേറ്റ് യോഗ ചെയ്യണം മെഡിറ്റേഷൻ മനസ്സിൻ്റെ ഏകാഗ്രത വർദ്ധിപ്പിക്കും.. കൃത്യമായ രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ താനിപ്പോൾ എന്നോടു പറഞ്ഞ സംശയങ്ങൾക്കെല്ലാം സ്വയം ഉത്തരം തന്നെത്തേടി വരും.. തനിക്കെന്നെ വിശ്വസിക്കാം.” അനിത ഋഷിയെ നോക്കി പറഞ്ഞു.
” ചെയ്യാം.. എല്ലാം തുറന്നു പറഞ്ഞപ്പോൾ തന്നെ ആശ്വാസമുണ്ട് ” ഋഷി ചിരിയോടെ പറഞ്ഞു.
“പിന്നെ.. ഋഷിക്ക് ഒരു സുഹൃത്തായി എന്നെ കാണാം.. ആരോടും പറയാൻ വയ്യാതെ ഒന്നും തന്നെ മനസ്സിലിട്ടു നടക്കണ്ട.. തനിക്കെപ്പോഴും എന്നെ കാണാൻ വരാം .. ” അവന് നേരെ കൈ നീട്ടിക്കൊണ്ട് അനിത പറഞ്ഞു.
“തീർച്ചയായും.” അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഋഷി പറഞ്ഞു.
അടുത്ത ദിവസം മുതൽ തന്നെ ഋഷി അലാറം വച്ച് നേരത്തെ എഴുന്നേറ്റ് ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു തുടങ്ങി.
റിതുവിന് പോവാൻ രണ്ടു മാസം കൂടിയേ ഉള്ളൂ..റിതു പോയാൽ പിന്നെ വർഷങ്ങൾ കഴിഞ്ഞേ വരൂ.അത് കൊണ്ട് തന്നെ ഋഷിയുടെ വിവാഹം അതിനു മുൻപ് നടത്താൻ അരുന്ധതി ആഗ്രഹിച്ചു. ചന്ദ്രശേഖരനോടു സംസാരിച്ചപ്പോൾ അയാൾ എതിർപ്പൊന്നും പറഞ്ഞില്ല. രാത്രി ഋഷിയും റിതുവും അവൾ പോവുന്ന കാര്യവും പറഞ്ഞിരിക്കുമ്പോഴാണ് അരുന്ധതിയും ചന്ദ്രശേഖരനും ഋഷിയുടെ റൂമിലെത്തിയത്.
“ആഹാ..രണ്ടാളുംഉണ്ടല്ലോ..കാര്യമായിട്ട് ആണല്ലോ വരവ് “റിതു പറഞ്ഞു.
” കാര്യംഉണ്ടല്ലോ.. ” എന്നും പറഞ്ഞ് ചന്ദ്രശേഖരനും അരുന്ധതിയും അവർക്കരികിൽ ഇരുന്നു.
” ഋഷീ.. ആലോചിക്കട്ടെ എന്നു പറഞ്ഞ കാര്യം എന്തായി?”ചന്ദ്രശേഖരൻ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.
” ഞാൻ.. അതിനെക്കുറിച്ച് കാര്യമായിട്ടൊന്നും ആലോചിച്ചില്ല. കുറച്ചൂടെ കഴിയട്ടെ എന്നിട്ട് നോക്കാം.. ” ഋഷി പറഞ്ഞു.
” അതു പറ്റില്ല, റിതു പോവുന്നതിന് മുൻപ് നിൻ്റെ വിവാഹം നടത്താനാണ് ഞങ്ങളുടെ തീരുമാനം.” അരുന്ധതി പെട്ടന്ന് പറഞ്ഞു.
“റിതു പോവുന്നതിനു് മുൻപോ.. എന്തിനാ അമ്മ തിരക്കുകൂട്ടുന്നത്. ” ഋഷി ചോദിച്ചു.
“റിതുവിന് നിൻ്റെ വിവാഹം കൂടണ്ടെ.. അതെന്താ നീ ചിന്തിക്കാത്തത്.” അരുന്ധതി പറഞ്ഞു.
” അവൾ പോയി വരട്ടെ എന്നിട്ടാവാം വിവാഹം, അതാണെൻ്റെ തീരുമാനം .”ഋഷി പറഞ്ഞു.
” അത് നടക്കില്ല.. നിനക്ക് നല്ലതിനു വേണ്ടിയാണ് അമ്മ പറയുന്നത് ,അമ്മ മോന് ദോഷമായി ഒന്നും ചെയ്യില്ലാന്ന് മോനറിയാലോ.. ” അരുന്ധതി അവൻ്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“അമ്മേ… എന്നാലും..” അവൻ പറയുന്നതിനു മുൻപേ തന്നെ അരുന്ധതി പറഞ്ഞു. ” ഒരു എന്നാലുമില്ല.. ഈ മാസം എൻഗേജ്മെൻ്റ് അടുത്ത മാസം കല്യാണം.. മോൻ സമ്മതിക്കണം.. അമ്മയല്ലേ പറയുന്നത്. “
ഋഷി ധർമ്മസങ്കടത്തിലായി.. അമ്മയെ ധിക്കരിക്കാൻ വയ്യ.. ഒരു വിവാഹത്തിന് മനസ്സൊരുക്കവുമല്ല ..
പിറ്റേന്ന്രാവിലെഋഷിഇറങ്ങിയപ്പോൾ അരുന്ധതി പറഞ്ഞു ” നമുക്കൊരുമിച്ച് ഇറങ്ങാം.. ചന്ദ്രേട്ടൻ ഇപ്പൊ റെഡിയാവും.”
കുറച്ച് കഴിഞ്ഞപ്പോൾ ചന്ദ്രശേഖരൻ റെഡിയായി എത്തി. സാധാരണ പോവുന്ന റോഡിൽ നിന്നും മാറി കാർ പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴാണ് ഋഷിക്ക് തോന്നിയത് ഇത് തനിക്കുള്ള പണിയാണെന്ന്. കാർ നിർത്തിയത് കൃഷ്ണ കുമാറിൻ്റെ വീടിൻ്റെ മുറ്റത്തിയിരുന്നു. വീട്ടിൽ നിന്നും കൃഷ്ണ കുമാറും ബിന്ദുജയും ഇറങ്ങി വന്നു അവരെ അകത്തേക്ക് ക്ഷണിച്ചു. കൃഷ്ണകുമാർ സിതാരയെ വിളിച്ചു. അവൾ വന്നപ്പോൾ അരുന്ധതി അവളെ അവർ ക്കരികിലിരുത്തി ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. സിതാര ഇടയ്ക്ക് നോക്കിയപ്പോൾ ഋഷിയൊന്നു ചിരിക്കാൻ ശ്രമിച്ചു. അവന് അവിടെ നിന്നും ഇറങ്ങിയാൽ മതിയെന്ന് തോന്നി. ചായ കുടിച്ച് ഇറങ്ങാൻ നേരത്ത് നാൾ പൊരുത്തവും ജാതക ചേർച്ചയും നോക്കാൻ കൃഷ്ണ കുമാറിൻ്റെ ഏൽപ്പിച്ചു അരുന്ധതി. തിരിച്ചുള്ള യാത്രയിൽ ഋഷി മൗനമായിരുന്നു.
രണ്ടാഴ്ച്ചയ്ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച നിശ്ചയത്തിന് പറ്റിയ ദിവസമാണെന്ന് കൃഷ്ണകുമാർ അന്നു വൈകുന്നേരം തന്നെ ചന്ദ്രശേഖരനെ വിളിച്ചറിയിച്ചു. ദിവസം കുറവായതിനാൽ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
********************
സീതാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യത്തെ പ്രോഗ്രാം എല്ലാവർക്കും ഇഷ്ട പ്പെട്ടതുകൊണ്ട് പിന്നീട് ചില പ്രോഗ്രാമുകളിൽ കൂടി ദേവയ്ക്ക് അവസരം ലഭിച്ചു. ഒരു ദിവസംദേവ നൃത്ത ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോഴാണ് സീതാലക്ഷ്മി” ദേവയാമി ഒന്നു നിൽക്കൂ എന്നു പറഞ്ഞത്.
“എന്താ മാം .. ” അവൾ തിരിഞ്ഞു നിന്നു.
” ഇന്ന് വൈകിട്ട് ഒരു ചാനൽ പ്രോഗ്രാമുണ്ട്.. തൻ്റെ ഒരഭിമുഖവും വേണമെന്നാണ് അവർ പറഞ്ഞത്. ” സീത അവൾക്കടുത്തെത്തി പറഞ്ഞു.
“അഭിമുഖമോ?”ദേവ അമ്പരന്നു.
” അതേടോ… ഒരു മലയാളം ചാനൽ ആണ്.. തന്നെക്കുറിച്ച് എന്നോടു സംസാരിച്ചപ്പോൾ താനൊരുമലയാളിയും കോഴിക്കോട്ടുകാരിയും ആണെന്നറിഞ്ഞപ്പോൾ തൻ്റെ അഭിമുഖം കിട്ടിയേ തീരൂ.. എന്നവർ.എങ്കിൽ പിന്നെ ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു. ” സീതാലക്ഷ്മി ചിരിച്ചു കൊണ്ടു പറഞ്ഞു.
“അയ്യോ.. മാം .. എനിക്ക് പേടിയാണെ”ദേവ പറഞ്ഞു.
” ഞാനുണ്ടല്ലോ കൂടെ.. നമുക്ക് ശരിയാക്കാമെന്നേ.. താൻ റെഡിയായിക്കോ.”
എന്നും പറഞ്ഞ് അവളുടെ തോളിൽ ഒന്നു തട്ടിയിട്ട് സീതാലക്ഷ്മി പോയി. ദേവ അതേ നിൽപ് കുറച്ചു നേരം നിന്നു.. ഈശ്വരാ.. ചാനൽ പ്രോഗ്രാം എന്തെങ്കിലും ചെയ്യാം.. അഭിമുഖം ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..
സീതാലക്ഷ്മിയ്ക്കൊപ്പമാണ് ചാനലിൻ്റെ ഓഫീസിൽ എത്തിയത്.ആദ്യം ദേവയുടെനൃത്തം ഷൂട്ട് ചെയ്തതിനു ശേഷമായിരുന്നു അഭിമുഖം.സീതാലക്ഷ്മി ഏറെക്കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തതിനാൽ ദേവ വല്യതരക്കേടില്ലാതെ
ആ കടമ്പയും കടന്നു. അടുത്ത സൺഡേ രാവിലെ 11 മണിക്ക് ടിവിയിൽകാണാം എന്ന് പോരുമ്പോൾ അവിടത്തെ ഹെഡ് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് ക്ലാസ്സ് കഴിഞ്ഞ് റൂമിലെത്തി ഭക്ഷണവും കഴിച്ച് ഗാർഡനിലെ റോസുകൾക്കിടയിലെ ബെഞ്ചിൽ വെറുതെ പൂക്കളെ നോക്കി യിരിക്കുമ്പോഴാണ് സീതാലക്ഷ്മി അവിടേക്ക് വന്നത്.
“ദേവയാമി .. ” സീതയുടെ ശബ്ദം കേട്ട് ദേവ എഴുന്നേറ്റു.
“താനിവിടെ ഇരിക്കൂ.. കുറച്ച് സംസാരിക്കാനുണ്ട്… ” സീതാലക്ഷ്മി അവളെ അവിടെത്തന്നെ പിടിച്ചിരുത്തി അടുത്തായി ഇരുന്നു.
“എന്താ ..മാം .. പറയൂ “ദേവ അവരുടെ മുഖത്തേക്ക് നോക്ക്. കാര്യമായി എന്തോ പറയാനുള്ളത് പോലെ തോന്നി അവൾക്ക്.
” അത് .. ഞാനിപ്പൊ തൻ്റെ ടീച്ചറായിട്ടല്ല സംസാരിക്കുന്നത് ഒരമ്മയായിട്ടാണ്.. ” അവർ ഒന്നു നിർത്തി. അവരുടെ സംസാരം കേട്ട് ദേവയ്ക്ക് ഭയം തോന്നി. അവൾക്ക് വിശാലിനെ ഓർമ്മ വന്നു.
“വിശാൽ ഇടയ്ക്ക് എന്നെ വിളിച്ചപ്പോൾ ഒരു കാര്യം സൂചിപ്പിച്ചിരുന്നു.. അവന് ദേവയോടുള്ള ഇഷ്ടത്തെപറ്റി പറഞ്ഞു. ദേവയാമിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് പറഞ്ഞു .. അവൻ ആദ്യമായാണ് എന്നോടിങ്ങനെ ഒരു കാര്യം ആവശ്യപ്പെടുന്നത് അതുകൊണ്ട് തന്നെ എനിക്കത് തള്ളിക്കളയാൻ കഴിഞ്ഞില്ല.. അത് തന്നെയല്ലാ.. തന്നെപ്പോലൊരു മിടുക്കികുട്ടിയെ അവൻ ഇഷ്ടപ്പെട്ടതിന് തെറ്റുപറയാൻ പറ്റില്ലല്ലോ .. ” അവർ ചിരിയോടെ പറഞ്ഞു.
ദേവ പക്ഷേ…
വല്ലാതെയായിപ്പോയി.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“എനിക്കും ഐഷുവിനും അമ്മയ്ക്കുമെല്ലാം സന്തോഷമാണ് തോന്നിയത്. അവൻ്റെ അന്നത്തെ പ്രകടനം കണ്ടപ്പോഴേ സംശയം തോന്നിയതാ .. പക്ഷേ ഇത്ര പെട്ടന്ന് പറയുമെന്ന് കരുതിയില്ല.. ” സീതാലക്ഷ്മി പതിവില്ലാത്ത വിധം വാചാലയായി.
ദേവയുടെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അവർ അമ്പരന്നു.
“എന്താ മോളെ.. ” അവർ വാത്സല്യത്തോടെ ചോദിച്ചതും അവൾ ഒരു പൊട്ടി ക്കരച്ചിലോടെ അവരുടെ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു.
“മാം എന്നോടു ക്ഷമിക്കണം.. എനിക്ക് കഴിയില്ല. വിശാലേട്ടനെ ഒരിക്കലുംഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല .. എൻ്റെ ഏട്ടനെപ്പോലെയെ തോന്നിട്ടുള്ളൂ”ദേവ പറയുന്നത് കേട്ട് ഒന്ന് ഞെട്ടി സീതാലക്ഷ്മി,
പിന്നെ പറഞ്ഞു ..
“സാരമില്ല .. നീയിങ്ങനെ കരയാതെ.. അവൻ പറഞ്ഞപ്പോൾ ഞാനത് തുറന്നു പറഞ്ഞൂന്നേയുള്ളൂ ..” സീതഅവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതല്ല മാം .. ഞാൻ നൃത്തത്തെ ഏറെ സ്നേഹിച്ചിരുന്നു.. പക്ഷേ.. ആ ഇഷ്ടം കൊണ്ടു മാത്രമല്ല ഞാൻ മാഡത്തിനെ തേടി വന്നത്.. എനിക്കൊരു മാറ്റം ആവശ്യമായിരുന്നു .. ഒരുതരം ഒളിച്ചോട്ടം ..ഒരു പരിധി വരെ ഞാനതിൽ വിജയിച്ചു.പക്ഷേ.. ഇങ്ങനൊന്നും പ്രതീക്ഷിച്ചില്ല.”ദേവ കണ്ണീരോടെ പറഞ്ഞു.
“നീയെന്തൊക്കെയാ കുട്ടീ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ ” സീതാലക്ഷ്മി അവളെ തനിക്കഭിമുഖമായി നിർത്തി ചോദിച്ചു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവ പറയുകയായിരുന്നു തൻ്റെ ജീവിതത്തെക്കുറിച്ച്..
ഋഷിയെ കണ്ടതും അടുത്തതുംഒടുവിൽ അഗാതമായി പ്രണയിച്ചതും 3 വർഷത്തെ പ്രണയത്തിനൊടുവിൽ എല്ലാവരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചതും ഋഷിയുടെ മണവാട്ടിയായ് കല്യാണ പന്തലിൽ ഇറങ്ങേണ്ട ദിവസം ഋഷിക്ക് അപകടം ഉണ്ടായതും എല്ലാം ശരിയാവുമെന്നു പ്രതീക്ഷിച്ചിരുന്ന തന്നെ അറിയില്ലെന്നു് ഋഷി പറഞ്ഞതും എല്ലാം സീതാലക്ഷ്മിയോടു പറയുമ്പോഴേക്കും സങ്കടം കൊണ്ട്ദേവയ്ക്ക് ശബ്ദം തൊണ്ടയിൽ നിന്നും ഉയരാതെയായിരുന്നു. സീതാലക്ഷ്മി ഞെട്ടലോടെയാണ് എല്ലാം കേട്ടത്..
“ഇത്രയേറെ സങ്കടങ്ങൾ ഉള്ളിൽ വച്ചിട്ടായിരുന്നോ മോളെ നീ എല്ലാവർക്കും മുൻപിൽ കളിച്ചും ചിരിച്ചും നടന്നിരുന്നത്. അറിഞ്ഞില്ലല്ലോ ഞാൻ..” സീതാലക്ഷ്മി നിറഞ്ഞ കണ്ണുകളോടെ അവളെ ചേർത്തു പിടിച്ചു. അവളുടെ കരച്ചിലിൻ്റെ ശബ്ദം ഒന്നൊതുങ്ങിയപ്പോൾ അവർ പറഞ്ഞു.
“എന്നെങ്കിലും ഋഷി നിന്നെ തിരിച്ചറിഞ്ഞ്വ രും, അതുവരെ നീ വിഷമിക്കാതെ ഇരിക്കൂ.. “
“ഇല്ല മാഡം.. എൻ്റെ ജാതകദോഷമായിരുന്നു മാഷിൻ്റെ അപകടത്തിനു കാരണമെന്നറിഞ്ഞപ്പോൾ നിശ്ചയമോതിരം പോലും തിരികെ നൽകി ഇനിയൊരിക്കലും മാഷിൻ്റെ ജീവിതത്തിലേക്ക് തിരികെയില്ലെന്ന് മാഷിൻ്റെ അമ്മയോട് പറഞ്ഞ വാക്ക് പാലിക്കണം .. അതിന് ഒരു മാറ്റവുമില്ല.. എല്ലാം അവസാനിച്ചു. ” എന്നും പറഞ്ഞ് അവളെ ചേർത്തു പിടിച്ചിരുന്ന തൻ്റെ കൈകൾ മാറ്റി നിറഞ്ഞ കണ്ണുകളോടെ നടന്നകലുന്ന ദേവയാമിയെ നിശബദമായി നോക്കി നിൽക്കാനെ സീതാലക്ഷ്മിയ്ക്ക് കഴിഞ്ഞുള്ളൂ.
***************
നിശ്ചയത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റിടുന്ന തിരക്കിലാണ് ചന്ദ്രശേഖരനും അരുന്ധതിയും. വിവാഹത്തിന് താത്പര്യമില്ലാത്തതു കൊണ്ട് റിതുവും ഋഷിയും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിലാണ്. ഇടയ്ക്ക് ചന്ദ്രശേഖരൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു.. സംസാരിച്ച് കഴിഞ്ഞ്കാൾ കട്ടു ചെയ്ത് ഇനി എന്തു ചെയ്യും എന്ന മട്ടിൽ തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന ചന്ദ്രശേഖരനെ കണ്ട് വെപ്രാളത്തോടെഅരുന്ധതി ചോദിച്ചു.
“എന്താ വല്ല പ്രശ്നവും ഉണ്ടോ ചന്ദ്രേട്ടാ..?”
” റിതുവിൻ്റെ പ്രഫസർ ഡോ. ദേവാനന്ദ് ആണ് വിളിച്ചത്.. നമ്മൾ കരുതിയത് പോലെയല്ല.. വരുന്ന 28ന് അതായത് പതിനഞ്ചാമത്തെ ദിവസം റിതുവിന് അമേരിക്കയ്ക്ക് പോവേണ്ടി വരും.. “ചന്ദ്രശേഖരൻ പറഞ്ഞു.
” അപ്പൊ ഇനി എന്തു ചെയ്യും.. ആകെ പ്രശ്നമായല്ലോ.. നിശ്ചയത്തിന് തന്നെ ഇനി 10 ദിവസമെ ഉള്ളൂ ,കല്യാണം എന്താവും” അരുന്ധതി പറഞ്ഞു.
ഇതെല്ലാം കേട്ട റിതുവും ഋഷിയും മുഖാമുഖം നോക്കി. ഹൊ.. രക്ഷപ്പെട്ടു ഇനി കല്യാണം നടക്കില്ല..എന്ന മട്ടിൽ ശ്വാസം വിട്ടു.
തുടരും..