ദേവയാമി ~ ഭാഗം 15, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

അപ്പൊ ഇനി എന്തു ചെയ്യും.. ആകെ പ്രശ്നമായല്ലോ.. നിശ്ചയത്തിന് തന്നെ ഇനി 10 ദിവസമെ ഉള്ളൂ ,കല്യാണം എന്താവും” അരുന്ധതി പറഞ്ഞു.

ഇതെല്ലാം കേട്ട റിതുവും ഋഷിയും മുഖാമുഖം നോക്കി. ഹൊ.. രക്ഷപ്പെട്ടു ഇനി കല്യാണം നടക്കില്ല..എന്ന മട്ടിൽ ശ്വാസം വിട്ടു.

അരുന്ധതി ഉടനെ തന്നെ കൃഷ്ണകുമാറിനെ വിളിച്ചു കാര്യം പറഞ്ഞു. അതിനു ശേഷം ചന്ദ്രശേഖരനോട്..

” ചന്ദ്രേട്ടാ.. കൃഷ്ണേട്ടൻ ചോദിച്ചു നിശ്ചയം തീരുമാനിച്ച ദിവസം തന്നെ ഗുരുവായൂർ വച്ച് വിവാഹം നടത്തിയിട്ട് അടുത്ത ദിവസം ഇവിടെ വച്ച് റിസപ്ഷൻ നടത്തിയാലോ എന്ന്.. പിന്നെ നമുക്കെല്ലാം പരസ്പരം അറിയാവുന്നതല്ലേ, അതു കൊണ്ട്നിശ്ചയം എന്ന ചടങ്ങ് ഒഴിവാക്കിയാലോന്ന്.. ചന്ദ്രേട്ടൻ്റെ അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കാം എന്ന് ഞാൻ പറഞ്ഞു. “

ചന്ദ്രശേഖരൻ കുറച്ചു നേരം ആലോചിച്ചു .. പിന്നെ പറഞ്ഞു .. ” ഒരു കണക്കിന് അതാ നല്ലത് അല്ലേ.. “

“ഉം .. കുറച്ച് സമയമേ ഉള്ളൂവെന്നു മാത്രം.. എങ്കിൽ പിന്നെ അങ്ങനെ കൃഷ്ണേട്ടനെ വിളിച്ചു പറയാം.. ” അരുന്ധതി ഫോണെടുത്ത് നിശ്ചയം തീരുമാനിച്ച ദിവസം തന്നെ കല്യാണം നടത്താൻ സമ്മതമാണെന്ന് കൃഷ്ണ കുമാറിനെ അറിയിച്ചു.

കാര്യങ്ങൾ അറിഞ്ഞപ്പോൾ ഋഷിയും ഋതുവും കിളി പോയി.. എന്ന മട്ടിലായി.. വീണ്ടും പെട്ടിരിക്കുന്നു .. തലയിൽ കൈയ്യും വച്ച് ഇരിക്കുന്ന റിതുവിനോട് ഋഷി ചോദിച്ചു..

” ശരിക്കും എന്താ ഇവിടെ നടക്കുന്നത് .. നീ പഠിക്കാൻ അമേരിക്കയിൽ പോവുന്നതിന് എന്നെ എന്തിനാ കുരുക്കിയിടുന്നത് .. എനിക്കതാ മനസ്സിലാവാത്തത്..”

“അതൊക്കെ അമ്മയുടെ വളഞ്ഞ ബുദ്ധി അല്ലേ.. “റിതു പറഞ്ഞു.

“എന്ത് വളഞ്ഞ ബുദ്ധി.. “ഋഷി തിരിച്ചു ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയതു പോലെ റിതു നാക്കു കടിച്ചു..

“അത് ..പിന്നെ.. “

ഉരുളാൻ തുടങ്ങി .. അപ്പോഴേക്കും അരുന്ധതി അവിടെ എത്തി.

” ഋഷീ.. വിവാഹം നേരത്തെയാക്കാൻ തീരുമാനിച്ചൂട്ടോ..” അവനരികിൽ ഇരുന്നു കൊണ്ട് അവർ പറഞ്ഞു.

“എന്തിനാ.. അമ്മ ഇങ്ങനെ തിരക്ക് കൂട്ടുന്നത് .. ” ഋഷി താത്പര്യമില്ലാതെ അവരോട് ചോദിച്ചു.

“എന്തായാലും തീരുമാനിച്ചതല്ലേ.. അപ്പോ പിന്നെ ഇവൾ പോവുന്നതിന് നടത്താം. തിരക്കുകൂട്ടി ഒന്നും മോശമാക്കില്ല, എല്ലാം ഗംഭീരമായി തന്നെ നടക്കും..” അവനെ സമാധാനിപ്പിച്ചു കൊണ്ട് അവർ പുറത്തേക്ക് പോയി.

തിരക്കുകളുമായി ദിവസങ്ങൾ വേഗത്തിൽ പോവുന്നുണ്ട്. അന്നൊരു ഞായറാഴ്ച യായതുകൊണ്ട് ഋഷിയും റിതുവും വീട്ടിൽ തന്നെയുണ്ട്. അരുന്ധതിയും ചന്ദ്രശേഖരനും ചില ബന്ധുവീടുകളിൽ വിവാഹം ക്ഷണിക്കാൻ പോയതാണ്.

ഋഷി ഹാളിലിരുന്ന് ലാപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് റിതു അവിടെ വന്നിരുന്ന് ടിവി ഓൺ ചെയ്തത്.

“എൻ്റെ റിതൂ.. നീയാ സൗണ്ട് ഒന്നു കുറച്ചു വെക്കുന്നുണ്ടോ.. ഞാനീ അക്കൗണ്ട്സ് ഒന്നു ക്ലിയറക്കട്ടെ.. ” ഋഷി ദേഷ്യത്തോടെ പറഞ്ഞു.

“അതെ.. ഇത് ടി വി കാണാനുള്ള സ്ഥലമാണ്.. ഏട്ടൻ വേണെങ്കിൽ മാറിയിരുന്നോ.. ” എന്നും പറഞ്ഞ് അവൾ കുറച്ചൂടെ സൗണ്ട് കൂട്ടി വച്ചു.

” ഇങ്ങനെയൊരു സാധനം.. ദുഷ്ട .. ” എന്നും പറഞ്ഞ് ഋഷി റൂമിലേക്ക് നടന്നു ..

അതേസമയം ടിവിയിൽ …

” അപ്പൊ .. നമ്മുടെ ഇന്നത്തെ അതിഥി ആരാണെന്നറിയണ്ടേ..നമ്മുടെ കോഴിക്കോടിൻ്റെ മകൾ .. പ്രശസ്ത നർത്തകി സീതാലക്ഷ്മിയുടെ പ്രിയശിഷ്യ ദേവയാമി..

“റിതു സൗണ്ട്കൂട്ടി വച്ചതിനാൽ വല്ലാത്ത മുഴക്കത്തോടെയാണ് കേൾക്കുന്നത്.റിതു ഒന്നു അമ്പരന്നു നോക്കി.. ഏട്ടത്തി .. അവളുടെ ശബ്ദം പുറത്തു വന്നില്ല .. റിതു വേഗം സൗണ്ട് കുറച്ചു. പക്ഷേ.. റൂമിലേക്ക് പോവാൻ സ്റ്റെയർ കയറുകയായിരുന്ന ഋഷി ദേവയാമി എന്ന പേരുകേട്ടതും താഴേക്ക് വന്നു.. അവൻ്റെ കണ്ണുകൾ ടിവിയിലേക്ക് നീണ്ടു ..

” ദേവയാമി വെൽകം ടു അവർ ഷോ.. ” അവതാരിക അവൾക്കു നേരെ കൈ നീട്ടി.

” ഒരുപാടു സന്തോഷം.. “എന്നു പറഞ്ഞ് ദേവയാമിയും അവർക്ക് കൈ കൊടുത്തു.

ഋഷി കാണുകയായിരുന്നു ദേവയാമിയെ.. ഈ കണ്ണുകൾ തന്നെയല്ലേ താൻ കണ്ടിരുന്നത് .. ഈ കൈ തന്നെയാണ് തൻ്റെ സ്വപ്നത്തിൽ ഇടയ്ക്കിടെ വന്നിരുന്നത് .. ആ വിരലിൽ തന്നെയാണ് താൻ ചുംബിച്ചത് .. ദേവയാമിയെ സൂക്ഷിച്ചു നോക്കവേ അവൻ്റെ തല വല്ലാതെ വേദനിക്കാൻ തുടങ്ങി .. കണ്ണുകളിൽ ഇരുട്ടു പടരുന്നത് പോലെ ..

ആ…. തലയിൽ കൈ മുറുക്കി പിടിച്ച് സോഫയിലേക്ക് ഇരുന്നു അവൻ.. അത് കണ്ട റിതു ഓടി വന്നു

“ഏട്ടാ.. എന്താ പറ്റിയേ..” മറുപടി പറയാതെ വേദന കൊണ്ടവൻ പുളഞ്ഞു.

ഡ്രൈവറെ വിളിച്ച് ലീലാമ്മച്ചിയും റിതുവും ഋഷിയെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. അനിത ഡോക്ടർ ഓടി വന്നു.. പരിശോധിച്ച ശേഷം വേദന കുറയാനും മയങ്ങാനുമുള്ള ഇഞ്ചക്ഷൻ കൊടുത്തു. ഋഷി മയങ്ങിയ ശേഷമാണവർ റിതുവിനോട് സംസാരിച്ചത് .

ടിവിയിൽ ദേവയാമിയെ കണ്ടതിന്നു ശേഷമാണ് ഋഷിക്ക് തലവേദനയുണ്ടായത് എന്നറിഞ്ഞപ്പോൾ അനിത ആശ്വാസത്തോടെ ചിരിച്ചു..

“എന്തിനാ ഡോക്ടർ ചിരിക്കുന്നത് .. “റിതു ചോദിച്ചു.

“താനൊരു MBBS കഴിഞ്ഞയാളല്ലേ .. എന്തു തോന്നുന്നു ഋഷിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി .”അനിത മറുചോദ്യമയച്ചു.

” ദേവയാമിയെ കണ്ടപ്പോഴാണ്… അപ്പോൾ ” റിതു സംശയത്തോടെ അനിതയെ നോക്കി.

“അതെ.. അവൻ്റെയുള്ളിൽ ദേവയാമിയുടെ ഓർമ്മകൾ തിരിച്ചു വന്നിരിക്കുന്നു .. ” അനിതയുടെ വാക്കുകൾ റിതുവിന് ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്നതായിരുന്നു.

അരുന്ധതിയും ചന്ദ്രശേഖരനുംഎത്തുമ്പോൾ ഋഷി മയക്കമുണർന്നിരുന്നില്ല. അനിത അവരോട് കാര്യങ്ങളെല്ലാം സംസാരിച്ചു. അരുന്ധതി വല്ലാത്ത അവസ്ഥയിലായിരുന്നു . താൻ ഭയന്നത് സംഭവിച്ചിരിക്കുന്നു .. ഇനി ഈ വിവാഹത്തിനു ഋഷി സമ്മതിക്കുമോ?. ഒരായിരം ചോദ്യങ്ങൾ അവരെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.

ഋഷി കണ്ണു തുറക്കുമ്പോൾ അരികിൽ അനിത ഡോക്ടറുണ്ടായിരുന്നു.

” ഋഷീ.. ഇപ്പൊ എന്തു തോന്നുന്നു.. “അനിത അവനെ നോക്കി ചോദിച്ചു..

“എന്തെല്ലാമോ .. അവ്യക്തമായ ചിത്രങ്ങൾ ” ഋഷിപറഞ്ഞു.

“വ്യക്തമായ ചിത്രങ്ങൾ തന്നെയാണത്.. ഒന്നു റിലാക്സായി ചിന്തിച്ചു നോക്കൂ.. ഉത്തരം കിട്ടും.. ബാക്കിയുള്ളതിനു വഴിയുണ്ടാക്കാം.. ” എന്നു പറഞ്ഞ് അനിത പുറത്തിറങ്ങിയതും അരുന്ധതിയും റിതുവും ചന്ദ്രശേഖരനും വന്നു. അരുന്ധതി അവനരികിൽ ഇരുന്നു.

“മോനെ .. തലവേദന കുറഞ്ഞോ?” അവൻ്റെ നെറ്റിയിൽ തലോടിക്കൊണ്ടവർ ചോദിച്ചു..

“ഉം .. ” അവൻ മൂളി. കുറച്ചു കഴിഞ്ഞ് അവൻ കണ്ണുകൾ അടച്ചപ്പോൾ ‘അവൻ ഉറങ്ങട്ടെ..’ എന്നു പറഞ്ഞ് എല്ലാവരും പുറത്തിറങ്ങി.

എല്ലാവരും പോയശേഷം ഋഷി പതിയെ കണ്ണു തുറന്നു. എൻ്റെ ആമിഎന്തിനാണ് എന്നെ ഉപേക്ഷിച്ച് പോയത്..ഞാൻ മറന്നാലും അവൾക്കെന്നെ ഓർമ്മയുണ്ടല്ലോ.. അത്രയേറെ സ്നേഹിച്ചതല്ലേ ഞാനവളെ.. എൻ്റെ ഹൃദയം കൊണ്ടല്ലേ സ്നേഹിച്ചത്.. ഒരിക്കലും ഒന്നിനു വേണ്ടിയും എന്നെ പിരിയില്ലെന്ന് പറഞ്ഞവൾ എന്തിനാ എന്നിൽ നിന്നും അകന്ന് പോയത്.. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഹൃദയത്തെ കീറി മുറിക്കുന്നുണ്ട്. ഋഷി കണ്ണുകൾ ഇറുക്കിയടച്ചു.. കണ്ണുനീർ ആ കൺകോണുകളിൽ ചാലുകൾ സൃഷ്ടിച്ചു.. അവൻ്റെ ഓർമ്മയിൽ ആ നിമിഷം ആദ്യമായി കണ്ട ദേവയാമിയുടെ മുഖം തെളിഞ്ഞു വന്നൂ..

ദേവമാതാ കോളജിൽ വച്ച് നടക്കുന്ന കലോത്സവത്തിന് സെൻ്റ് മേരീസ് കോളേജിലെ സ്റ്റുഡൻ്റ്സിനൊപ്പം വന്നതാണ് ഋഷിയും സഹപ്രവർത്തകരായ രഞ്ജിത് സാറും നിത്യ മാമും. മൂന്നു ദിവസത്തെ പ്രോഗ്രാമാണ്..രഞ്ജിതും ഋഷിയും കോളേജിൽ ഒരുമിച്ചാണ് ജോയിൻ ചെയ്തത്.അന്നു മുതൽ നല്ല സുഹൃത്തുക്കൾ കൂടിയാണ് രണ്ടു പേരും.

മോഹിനിയാട്ട വേദിയിൽ ദേവയാമിയുടെ പേരു വിളിച്ചപ്പോൾ നൃത്തത്തിനോട് താത്പര്യമില്ലാത്തതു കൊണ്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയ ഋഷി ,’കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ കുട്ടിയാ ദേവയാമി..’ എന്ന നിത്യ ടീച്ചറുടെ വാക്കു കേട്ടപ്പോൾ എന്നാ പിന്നെ ഒന്നു കണ്ടു നോക്കാം എന്ന മട്ടിലാണ് അവിടെ നിന്നത്.

നൃത്തം തുടങ്ങിയപ്പോൾ ഭാവങ്ങൾ നിറഞ്ഞ കണ്ണുകൾക്കൊപ്പം ചടുലമായ ചുവടുകളും കൈവിരലുകൾ കൊണ്ട് വിസ്മയവും തീർക്കുന്ന ദേവയാമിയിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല ഋഷിക്ക് .. അത്രമേൽ മനോഹരമായിരുന്നു അവളുടെ നൃത്തം. നൃത്തം കഴിഞ്ഞ് സ്‌റ്റേജിൽ നിന്നിറങ്ങി അവനരികിലൂടെ നടന്നുപോകുന്ന ദേവയാമിയുടെ ചിലങ്കയുടെ ശബ്ദം തൻ്റെ കാതുകൾക്ക് പകരം ഹൃദയത്തിൽ കേൾക്കുന്നതു പോലെ ..

ഋഷി രഞ്ജിത്തിനോട് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് ദേവയാമീ.. എന്ന് ഒരു ആൺകുട്ടി വിളിക്കുന്നത് കേട്ടത്. അവൻ തിരിഞ്ഞു നോക്കി.. ഒരു പിങ്ക് ചുരിദാറിട്ട പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോൾ വിളിച്ച കുട്ടി പറഞ്ഞു ”താൻ കലക്കീട്ടോ.. ”

“താങ്ക് യൂ ..ടാ.. ” അവൾ മറുപടി പറഞ്ഞു.

അപ്പൊ ഇതാണ് ദേവയാമീ, ഋഷി മനസ്സിൽ പറഞ്ഞു..നേരത്തെ മേയ്ക്കപ്പ് ചെയ്ത് വ്യക്തമല്ലായിരുന്നു മുഖം. ഇപ്പൊ കണ്ടാൽ ഒരു സുന്ദരിക്കുട്ടി ചിരിയോടെ നടന്നു വരുന്നു. അവളെത്തന്നെ നോക്കി നിന്നു ഋഷി .

“ഡാ .. ഋഷീ നീ വായിനോട്ടവും തുടങ്ങിയോ?” രഞ്ജിത്തിൻ്റെ ചോദ്യം കേട്ട് ഋഷി വേഗം മുഖം തിരിച്ചു.

“നല്ല കുട്ടി.. അല്ലേ.. ” ഋഷി ഒരു ചമ്മലോടെ രഞ്ജിത്തിനോട് പറഞ്ഞു.

“ഏത് .. പിങ്കോ .നേരത്തെ ഡാൻസ് ചെയ്ത കുട്ടിയല്ലേ അത്…” രഞ്ജിത് ചോദിച്ചു.

“ഉം .. അത് തന്നെ.” ഋഷി പറഞ്ഞു.

രണ്ടു പേരും അങ്ങോട്ടു നോക്കുന്നത് കണ്ടത് ദേവയാമിക്കൊപ്പമുണ്ടായിരുന്ന സഞ്ജന എന്ന നമ്മുടെസഞ്ജുവാണ്.

“ദേവാ.. ഏതോ രണ്ടു കോഴികൾ ഇങ്ങോട്ടു നോക്കി എന്തോ പറയുന്നുണ്ട്. നീ ഇപ്പൊ നോക്കണ്ട കുറച്ച് കഴിഞ്ഞ് നോക്കിയാ മതി.” എന്നു പറയുമ്പോഴേക്കും ‘എവിടെ ‘ എന്നും ചോദിച്ച് ദേവ തിരിഞ്ഞു നോക്കിയിരുന്നു. അവൾ കണ്ടു തന്നെ നോക്കുന്ന ഋഷിയെ .

ഋഷി വേഗം മുഖം തിരിച്ചു.

“ഹൊ.. ഇവൾ …നോക്കല്ലേ.. എന്നല്ലേ മണ്ടൂസേ പറഞ്ഞത് …” സഞ്ജു ചോദിച്ചു.

” നോക്കിപ്പോയില്ലേ.. എന്തായാലും ചേട്ടൻ കൊള്ളാട്ടോ .. നല്ല ഗ്ലാമറൊക്കെയുണ്ട്. ” ദേവ പറഞ്ഞു.

” കണ്ടിട്ട് പി.ജിക്കാരാവും എന്നു തോന്നുന്നു.” സഞ്ജു ഒന്നുകൂടി നോക്കി

” മതീ ടീ വായിനോക്കീത് ,വാ നമുക്ക് വല്ലതും കഴിക്കാം..” എന്നും പറഞ്ഞ് സഞ്ജു വിനെ വലിച്ച് ദേവ കാൻ്റീനിലേക്ക് പോയി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ വീണ്ടും രണ്ടു പേരും കണ്ടുമുട്ടി. ഒരു പുഞ്ചിരി കൈമാറി ദേവ നടന്നു പോയി.

അടുത്ത ദിവസം ഇടയ്ക്കിടെ തമ്മിൽ ഇടയ്ക്കിടെ കണ്ടുവെങ്കിലും അറിയാത്ത ഭാവത്തിൽ രണ്ടു പേരും നിന്നു.

മൂന്നാമത്തെ ദിവസം മേക്കപ്പ് റൂമിൽ നിൽക്കുമ്പോൾ സഞ്ജു പറഞ്ഞു.

“ദേവ .. ഇവര് രണ്ടും ശരിക്കും വായി നോക്കാനായിട്ട് മാത്രം വന്നതാണോ?”

“ആര് “ദേവ സംശയത്തോടെ സഞ്ജുവിൻ്റെ മുഖത്ത് നോക്കി.

“ദാ .. ആ ചേട്ടൻമാര്..” ഋഷിയെയും രഞ്ജിത്തിനെയും നോക്കി പറഞ്ഞു.

” അതിന് നിനക്കെന്താ എൻ്റെ സഞ്ജൂ .. അവരെന്തെങ്കിലും ചെയ്യട്ടെ..”

ദേവ പറഞ്ഞു.

“എനിക്കൊന്നുമില്ലാ… പക്ഷേ, ഗ്ലാമറുള്ള ചേട്ടൻമാരെ കാണുമ്പോൾ ചിലർക്കൊക്കെ ഒരു ഇളക്കം ഇല്ലേ.. എന്നൊരു സംശയം .. ” സഞ്ജു ദേവയെ ഏറു കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

“നീയൊന്നുപോയെ സഞ്ജു.. “ദേവ ദേഷ്യം നടിച്ചു. ‘കള്ളി..നിന്നെ ഇന്നു ശരിയാക്കിത്തരാം മോളെ..’ എന്നു സഞ്ജു മനസ്സിൽ കരുതി.

ഉച്ചയ്ക്ക് ശേഷം HOD ശരത് സാർ വിളിക്കുന്നുണ്ടെന്ന് ഒരു കുട്ടി പറഞ്ഞ് ഓഫീസിലെത്തിയതാണ് സഞ്ജുവും ദേവയും.

“എന്താ .. സർ വിളിച്ചത്..” സഞ്ജു ചോദിച്ചു.

” നമ്മുടെ കലോത്സവത്തിൻ്റെ ഭംഗിയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും മറ്റു കേളേജുകളിൽ നിന്നും വന്ന വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ കലക്റ്റ് ചെയ്യണം. അത് പറയാനാ വിളിച്ചത്” ശരത് സാർ പറഞ്ഞു.

” ചെയ്യാം സാർ.. “ദേവ പറഞ്ഞു.

“എന്നാ ശരി.. ” .

കുറച്ച് പേരോടു അഭിപ്രായങ്ങൾ ചോദിച്ച് വീഡിയോ എടുത്ത് നടന്നു വരുമ്പോഴാണ് സഞ്ജു ഋഷിയും രഞ്ജിത്തും നിൽക്കുന്നത് കണ്ടത്.

“ദാ .. ആ ചേട്ടൻമാരോടു ചോദിക്കാം ” അവരെ ചൂണ്ടിക്കൊണ്ട് സഞ്ജു പറഞ്ഞു.

” അവരോ.. അത് വേണ്ട .. നമുക്ക് വേറെ ആരോടെങ്കിലും ചോദിക്കാം.. നീ..വാ.. ” ദേവ പറഞ്ഞു.

“നീ ഇങ്ങു വാ മോളെ.. ” എന്നും പറഞ്ഞ് സഞ്ജു അവളെയും കൂട്ടി അവർ ക്കടുത്തെത്തി.

“ഹായ് ചേട്ടൻമാരെ .. ” സഞ്ജുവാണ്.

“ആഹാ.. രണ്ടാളും ഫുൾ ടൈം ഒരുമിച്ചാണല്ലോ.. ” രഞ്ജിത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു.

” അങ്ങനെയായിപ്പോയി.. ” സഞ്ജു പറഞ്ഞു.

ഋഷി ദേവയെനോക്കി ,അവൾ ഒന്നും മിണ്ടാതെ നിൽപാണ് .

” ദേവയാമിക്കൊന്നും പറയാനില്ലേ.. ” ഋഷി അവളെ നോക്കി ചോദിച്ചു.

” ചേട്ടന്എൻ്റെ പേരെങ്ങനെ അറിയാം.. ” അവൾ അത്ഭുതത്തോടെ ചോദിച്ചു.

“അതൊക്കെ അറിയാം.. ” അവൻ ചിരിച്ചു.

“അതെ.. ഈ കലോത്സവത്തിനെക്കുറിച്ച് എന്താണ് ചേട്ടൻമാരുടെ അഭിപ്രായം.. ” സഞ്ജു ഫോണിൽ വീഡിയോ ഓണാക്കിയ ശേഷം ചോദിച്ചു.

“ഇതെന്താ രണ്ടാളുംഇവിടെ?” ശരത് സാറിൻ്റെ ശബ്ദം കേട്ട് ദേവയും സഞ്ജുവും തിരിഞ്ഞു നോക്കി.

“ഈ ചേട്ടൻമാരോടു അഭിപ്രായം ചോദിച്ചതാ.” ദേവ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

” ചേട്ടൻമാരോ.. എൻ്റെ കുട്ടികളെ ഇവര് രണ്ടാളും സെൻ്റ് മേരീസ് കോളേജിലെ അദ്ധ്യാപകരാണ്.. ഇത് മിസ്റ്റർ ഋഷികേശ് ഇത് മിസ്റ്റർ രഞ്ജിത്. “ഋഷിയേയും രഞ്ജിതിനേയും കാണിച്ച് ശരത് സാർ പറയുന്നത് കേട്ട് ദേവയും സഞ്ജുവും അന്തം വിട്ടു.

അയ്യോ.. അദ്ധ്യാപകരായിരുന്നോ.. രണ്ടാളും മുഖാമുഖം നോക്കി. എന്നിട്ട് അവരെ നോക്കി ചമ്മിയ ചിരി പാസാക്കി. അവരാകട്ടെ ചിരി ചിടിച്ചു വക്കാനാവാതെ ഉറക്കെ ചിരിച്ചു.

“അതെ.. ഒരബദ്ധം പറ്റിയതാ.. ചോദിക്കാനും തോന്നിയില്ല .. ” സഞ്ജു ദയനീയ മായി പറഞ്ഞു.

“ഇറ്റ്സ് .. ഓകെ..” ചിരിക്കുന്നതിനിടയിൽ രഞ്ജിത് പറഞ്ഞു. തിരിഞ്ഞു നടക്കുന്നതിനിടയിൽ ദേവ ഋഷിയെ നോക്കി. അവൻ്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

” അതേ .. മാഷെ.. സോറി ട്ടോ..” എന്നു പറഞ്ഞു ഒരു കുസൃതിച്ചിരിയോടെ ദേവ തിരിഞ്ഞു നടക്കവേ ആ കുസൃതിച്ചിരി അവൻ്റെ ചുണ്ടിലും നിറഞ്ഞിരുന്നു.

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *