മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
“എന്തിനാ വന്നത്.. വരരുതായിരുന്നൂ.. “
അവളതു പറയവെ തൻ്റെ ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നത് പോലെ തോന്നി അവന് ..
“ആമീ.നീയെന്താ പറഞ്ഞത്..” അവൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.
“മാഷൊരിക്കലും എന്നെത്തേടി വരരുതായിരുന്നു .. എല്ലാമറിഞ്ഞിട്ടും എന്തിനാ വെറുതെ.. “ദേവ പറഞ്ഞു നിർത്തി.
“വെറുതെയല്ല ..കൂടെ കൊണ്ടുപോവാനാണ് വന്നത്.. ആരോ എന്തോ പറയുന്നത് കേട്ട് തന്നെ ഉപേക്ഷിച്ച് കളയാൻ കഴിയില്ലെനിക്ക് .. ” ഋഷി പറഞ്ഞു.
“ഇല്ല മാഷെ.. കൂടെ വരാൻ കഴിയില്ലെനിക്ക് .. അന്ധവിശ്വസം മാത്രമാണെന്ന് പറഞ്ഞ് എല്ലാം തള്ളിക്കളയാൻ കഴിയില്ലെനിക്ക്.. എൻ്റെ ജീവനായിരുന്നു ദോഷമെങ്കിൽ കൂടെ വന്നേനെ ഞാൻ .. ഒരു ദിവസമെങ്കിലും കൂടെ ജീവിക്കാൻ.. പക്ഷേ.. ഒരിക്കൽ മാഷിൻ്റെ അമ്മ പറഞ്ഞതുപോലെ നമുക്കേറെ ഇഷ്ടപ്പെട്ട വരുടെ ജീവൻ വച്ച് പരീക്ഷിക്കാൻ ആർക്കാണ് കഴിയുക.. എനിക്കും കഴിയില്ല.. ” ഇടർച്ചയോടെ അവളത് പറയവേ ഋഷിക്ക്ദേ ഷ്യമാണ് വന്നത്..
” ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടെ ജീവിക്കാനാണ് ഞാനും വിളിക്കുന്നത് ..ഒരുപാട് സങ്കടപ്പെട്ടതല്ലേ നീ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്..”ഋഷി പറഞ്ഞു.
“വാശിയോ.. ആരോട് ,എന്തിനുവേണ്ടി , ഇപ്പൊ എൻ്റെ ലോകത്ത് നൃത്തം മാത്രമേ ഉള്ളൂ.. മാഷ്..അമ്മ പറയുന്നത് കേൾക്കണം, സന്തോഷമായി ജീവിക്കണം.” സങ്കടം കടിച്ചമർത്തി മുഖം താഴ്ത്തിയവൾ പറഞ്ഞു.
” മുഖത്ത് നോക്കെടീ..” ഋഷി ദേഷ്യത്തോടെ പറഞ്ഞു. ഋഷിയെ ഇങ്ങനെ ആദ്യ മായാണ് ദേവ കാണുന്നത്. അവൾ മുഖമുയർത്തി.അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവന് അലിവു തോന്നി.
” ഉപദേശം ചോദിക്കാൻ വന്നതല്ല ഞാൻ, കൂടെക്കൊണ്ടുപോവാൻ വന്നതാണ്. നിനക്കറിയില്ലേ ആമീ.. നീയില്ലാതെ എനിക്കാവില്ലാന്ന്.. അമ്മ സിതാരയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്. . കൂടെ വന്നൂടെ ആമീ നിനക്ക്” അവൻ അവളെ നോക്കി വീണ്ടും പറഞ്ഞു.
” പ്ലീസ്.. നിർബന്ധിക്കരുത്.. ഞാൻ വരില്ല.. മാഷെ.. ” കൈകൂപ്പിക്കൊണ്ടവൾ പറഞ്ഞു.
“നീയുമെന്നെ തോൽപിക്കുകയാണല്ലേ.. ഒരുപാട് സന്തോഷമായി.. നിന്നെയും കൊണ്ട് വരുമെന്ന് അമ്മയോട് വെല്ലുവിളിച്ചിട്ടാ വന്നത്.. ” അവൻ്റെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി ദേവയ്ക്ക്.
” മാഷെ.. ഞാൻ .. എനിക്ക് ..” അവളെന്തെങ്കിലും പറയും മുൻപേ അവൻ മതി എന്നർത്ഥത്തിൽ കൈ ഉയർത്തി. അവളെ ഒന്നുകൂടി നോക്കിയിട്ട് തിരിഞ്ഞു നടന്നൂ..
ശൂന്യമായ മനസ്സോടെ….
തൻ്റെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ ചുമരിലേക്ക് ചാരി … ഈശ്വരാ.. മനസ്സ് മാഷിൻ്റെ കൂടെയാണ്. പക്ഷേ.. ഞാൻ കാരണം ആ അമ്മയ്ക്ക് മകനെ നഷ്ടമായി കൂടാ..
ദേവയെക്കാണാൻ ആരോ വന്നെന്ന് കനി പറഞ്ഞപ്പോഴാണ് സീതാലക്ഷ്മി ഔട്ട് ഹൗസിലേക്ക് വന്നത്.. പുറത്താരെയും കാണാനില്ല.. റൂമിലെത്തിയപ്പോഴാണ് നിലത്തിരുന്ന് മുഖം പൊത്തിക്കരയുന്ന ദേവയെ കണ്ടത്..
” ദേവയാമീ..എന്താ .. എന്തു പറ്റി. ” അവർ അവളോടു ചോദിച്ചു. അവളുടെ കരച്ചിലിൻ്റെ ശക്തി കൂടിയതല്ലാതെ മറുപടിയൊന്നും വന്നില്ല. ഒടുവിൽ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് എല്ലാം തുറന്നു പറഞ്ഞത്. അവളെ ചേർത്തു പിടിച്ചാശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നിനും അവർക്കും കഴിയുമായിരുന്നില്ല ..
*******************
തിരിച്ചുള്ള യാത്രയിൽ മനസ്സു കൈവിട്ടു പോവുമെന്ന് തോന്നി ഋഷിക്ക്… തൻ്റെ പ്രാണനായിരുന്നവൾ പോലും തന്നിൽ നിന്നും അകന്നിരിക്കുന്നു.. ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ..
ഋഷി വീട്ടിലെത്തുമ്പോൾ അരുന്ധതി റൂമിലായിരുന്നു.ലീലാമ്മ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കിയപ്പോൾ ഋഷിയെ കണ്ടു. അവൻ്റെ മുഖം കണ്ടപ്പോൾ തന്നെ അവിടെ നടന്നത് അവർക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു. അവർക്ക് വിഷമം തോന്നി.
ഋഷി മുകളിലെത്തിയപ്പോൾ “മോനെ .. ” എന്നവർ വാത്സല്യത്തോടെ വിളിച്ചു കൊണ്ട് അവനരികിലെത്തി.
“നിങ്ങൾ തന്നെ ജയിച്ചു .. ഇനി നിങ്ങളുടെ ഇഷ്ടം നടക്കട്ടെ .. ” എന്നും പറഞ്ഞ് അവൻ റൂമിലേക്ക് കയറി വാതിലടച്ചു. അരുന്ധതി തറഞ്ഞു നിന്നു.. അമ്മ എന്നതിനു പകരം നിങ്ങൾ എന്നവൻ പറഞ്ഞത് അവർക്ക് ഏറെ വിഷമ മുണ്ടാക്കി.
രാവിലെ പതിവിലും നേരത്തെ ഋഷി റെഡിയായി ഇറങ്ങുന്നതു കണ്ടത് ചന്ദ്രശേഖരനാണ്.
“നീയിതെങ്ങോട്ടാ .. ” അയാൾ ചോദിച്ചു.
” കോളേജിലേക്ക് .. ജോലിയെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്യാലോ ” എന്നും പറഞ്ഞവൻ പോയി.
ചെന്നൈയിൽ നിന്നും വരുന്ന വഴിക്കാണ് രഞ്ജിതിനെക്കുറിച്ചോർത്തത്.അന്ന് അവൻ വന്നു സംസാരിച്ചപ്പോൾ തനിക്കാരാണെന്ന് മനസ്സിലായില്ല.. അത് കൊണ്ട് അവൻ്റെ വീട്ടിൽ പോയി കുറെ സംസാരിച്ചു. ആമിയെ കണ്ടതും അവൾ പറഞ്ഞ തുമെല്ലാം പറയുമ്പോഴേക്കും ഋഷി കരഞ്ഞിരുന്നു.. അവനെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു ..
ആക്സിഡൻ്റിന് ശേഷം നടന്നതൊന്നും അവനറിഞ്ഞിരുന്നില്ല … കോളേജിലേക്ക് വിളിച്ചതും മാനേജരോട് സംസാരിച്ചതും രഞ്ജിത്തായിരുന്നു. അങ്ങനെയാണ് നാളെ വരാൻ മാനേജർ പറഞ്ഞത് …
വിവാഹ വസ്ത്രങ്ങൾ എടുക്കുന്നതതിൻ്റെയും എല്ലാവരെയും ക്ഷണിക്കുന്ന തിൻ്റെയും തിരക്കിലാണ് അരുന്ധതി. വിവാഹത്തിന്ആകെ രണ്ടു ദിവസങ്ങൾ കൂടിയേ ഉള്ളൂ.റിതു ഋഷിയെ വിളിച്ചെങ്കിലും നിങ്ങൾ എടുത്താ മതീ.. എന്നും പറഞ്ഞ് അവൻ കോളേജിലേക്ക് പോയി. വൈകിട്ട് ഋഷി വന്നപ്പോൾ റിതു റൂമിലേക്ക് വന്നു .
“ഏട്ടാ.. ഈ സാരിയെങ്ങനെയുണ്ട്.. ഞാനാ സെലക്ട് ചെയ്തത്. ” അവൾ പറഞ്ഞു.
ഋഷി അതു ശ്രദ്ധിച്ചതേയില്ല..
“ഏട്ടാ..” അവൾ വീണ്ടും വിളിച്ചു..
“അല്ല .. നിനക്കെന്താ ഇത്ര ഉത്സാഹം .. രണ്ടു ദിവസം മുൻപു വരെ നീ എൻ്റെ യൊപ്പമായിരുന്നല്ലോ.. ഇപ്പൊ നീ കാലുമാറിയോ.. ” അവൻ ചോദിച്ചു.
“കാലം മാറിയതൊന്നുമല്ല .. എന്തായാലും ഏട്ടൻ്റെ കല്യാണമല്ലേ.. അപ്പൊ പിന്നെ ഒന്നു ഉഷാറാവാം എന്നു കരുതി, അത്രയേ ഉള്ളൂ.. ” അവൾ പറഞ്ഞു.
“ഏട്ടൻ്റെ ഡ്രസ്സെങ്കിലും ഒന്നു നോക്കേട്ടാ..” അവൾ അവനു നേരെ കവർനീട്ടി.
“നീയതവിടെ എവിടെയെങ്കിലും വച്ചിട്ടു പോയെ.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കേണ്ട..” അവൻ്റെ സ്വരമുയർന്നപ്പോൾ റിതു വേഗം രക്ഷപ്പെട്ടു.
*******************
ഋഷി വന്നു പോയതിൽ പിന്നെ ദേവ തകർന്ന അവസ്ഥയിലായിരുന്നു. പ്രാക്ടീസിനിടെ പലപ്പോഴും അവളുടെ ചുവടുകൾ പിഴയ്ക്കുന്നത് സീതാലക്ഷ്മി ശ്രദ്ധിച്ചിരുന്നു.
” ദേവയാമീ..എവിടെ ശ്രദ്ധിച്ചാണ് നൃത്തം ചെയ്യുന്നത്. ” അന്നത്തെ ക്ലാസ്സ് കഴിഞ്ഞ് അവൾ പുറത്തിറങ്ങുമ്പോൾ സീതാലക്ഷ്മി ചോദിച്ചു.
“അത് … സോറീ.. മാം .. ” പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” ഞാൻ നാളെക്കഴിഞ്ഞ് ഗുരുവായൂരപ്പനെ കാണാൻ പോവുന്നുണ്ട്. നീ വരുന്നുണ്ടോ?” അവർ ചോദിച്ചു.
” വരാം.. പ്രോഗ്രാമുണ്ടോ മാം ..?” അവൾ തിരിച്ചു ചോദിച്ചു.
“നിനക്ക് താൽപര്യമുണ്ടെങ്കിൽ നിൻ്റെ ഇഷ്ട ദൈവത്തിനു മുൻപിൽ ചിലങ്കയണിയാനുള്ള അവസരം ഞാൻ ഉണ്ടാക്കിത്തരാം…. എന്തു പറയുന്നു .. ” സീതാലക്ഷ്മി ചോദിച്ചു.ദേവ ഒരു നിമിഷം ചിന്തിച്ചു.
“അതെ.. മാം .. എനിക്കെൻ്റെസങ്കടങ്ങളെല്ലാം കണ്ണനോട് പറയണം. കണ്ണൻ്റെ മുൻപിൽ ചിലങ്കയണിയണം.. എല്ലാം മറന്ന് സ്വയം സമർപ്പിക്കണം .. ” ദേവ പറഞ്ഞു.
“എങ്കിൽ തയ്യാറായിക്കൊള്ളൂ.. ” എന്നും പറഞ്ഞ് സീതാലക്ഷ്മി നടന്നു.
പിന്നെ ദേവ പ്രാക്ടീസ് ചെയ്യുന്നതിൻ്റെ തിരക്കിലായിരുന്നു. അച്ഛനും അമ്മയും അറിഞ്ഞപ്പോൾ അവരും ഗുരുവായൂർക്ക് വരാമെന്നു പറഞ്ഞു. ഗുരുവായൂര് പോവുന്നു എന്നു കേട്ടപ്പോൾ മുത്തശ്ശിക്കും പോവണം. കലയും കനിയും ഇതുവരെ ഗുരുവായൂര് കണ്ടിട്ടില്ലാ.. അത് കൊണ്ട് ഞങ്ങളും ഉണ്ട്.. എന്ന് പറഞ്ഞു രണ്ടാളും .പിന്നെ ഐഷു മുഖം വീർപ്പിക്കേണ്ട എന്നു കരുതി അവളെയും കൂടെ കൂട്ടി.
രാത്രി തന്നെ ഗുരുവായൂരെത്തി. തൻ്റെ കണ്ണൻ്റെ അടുത്തെത്തിയപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി ദേവയ്ക്ക്. അവിടെ റൂമൊക്കെ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.
“എല്ലാവരും ഉറങ്ങിക്കോളൂ.. നേരത്തെ എഴുന്നേറ്റാൽ നിർമ്മാല്യം തൊഴാൻ പോവാം.” റൂമിലെത്തിയപ്പോൾ സീതാലക്ഷ്മി പറഞ്ഞു.
എല്ലാവരും കിടന്നു. വർഷങ്ങൾക്ക് മുൻപ് അച്ഛനും അമ്മയ്ക്കുമൊപ്പം വന്നതും തിരക്കു കാരണം ശരിക്കൊന്നു തൊഴാൻ കഴിയാതെ സങ്കടപ്പെട്ട് തിരിച്ചു പോയതും ഓർത്ത് ദേവകിടന്നു.
അലാറം വച്ച് കിടന്നതു കൊണ്ട് നേരത്തെ എഴുന്നേറ്റു.സെറ്റും മുണ്ടും ഉടുത്ത് റെഡിയായി. മുത്തശ്ശിയും ഐഷുവും കലയും കനിയും നല്ല ഉറക്കമാണ്. അവർ നേരം വെളുത്തിട്ടേ തൊഴുന്നുള്ളൂ എന്നു പറഞ്ഞു.
സെറ്റും മുണ്ടുമൊക്കെ ഉടുത്ത് സീതാലക്ഷ്മി ഇറങ്ങിയപ്പോൾ ഒന്നു നോക്കി നിന്നു ദേവ.
” ഉം.. “സീത അവളുടെ നോട്ടം കണ്ടു ചോദിച്ചു.
“മാമിന് സെറ്റും മുണ്ടും നന്നായി ചേരുന്നുണ്ട് ” ദേവ ചിരിയോടെ പറഞ്ഞു.
“തനിക്കും .. ” സീത പറഞ്ഞപ്പോൾ ദേവ ചിരിച്ചു.
കൃഷ്ണനെ കാണാൻ ക്യൂവിൽ നിൽക്കുമ്പോൾ അവൾ ഓർത്തു .. വലിയ തിരക്കില്ല.. ഇത്തവണ നന്നായി തൊഴാൻ പറ്റിയാൽ മതിയായിരുന്നു ..അകത്ത് കയറിയപ്പോൾ കൃഷ്ണനെ കണ്ട് നോക്കി നിന്നു പോയി.. നന്നായി അലങ്കരിച്ചിരിക്കുന്നു.. തന്നെക്കണ്ടപ്പോൾആ മുഖത്തൊരു കുസൃതിച്ചിരി വിരിഞ്ഞതുപോലെ .. കണ്ടിട്ടും മതിയാവാതെ നോക്കി നിന്നു.
“ൻ്റെ..കൃഷ്ണാ.. ” എന്നു പറഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോഴേക്കും ആകെ തിക്കും തിരക്കും .. ഒരു വിധത്തിൽ പുറത്തു കടന്നു. ദേവയ്ക്ക് വല്ലാത്ത സങ്കടം വന്നു. ഇന്നും ഒന്നും നടന്നില്ല.. അല്ല പറഞ്ഞിട്ടും കാര്യമില്ല.. കൃഷ്ണൻ്റെ ചന്തവും നോക്കി എത്ര നേരമാ നിന്നത്..
” നന്നായി തൊഴുതൂ.. എല്ലാം പറയാനും പറ്റി.. മനസ്സിനൊരു സുഖം.. “സീതാലക്ഷ്മി പറഞ്ഞപ്പോൾ ദേവയൊന്നു മൂളിയതേയുള്ളൂ.. എൻ്റെ അവസ്ഥ എനിക്കല്ലേ അറിയൂ എന്ന മട്ടിൽ. തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോഴാണ് “മോളെ..” എന്നു വിളി കേട്ടത് ,നോക്കുമ്പോൾ അരുന്ധതിയാണ്. അവർ അവൾക്കരികിലേക്ക് വന്നു.
അവരെ അവിടെ കണ്ടപ്പോൾ ദേവയൊന്നു ഞെട്ടി.. “അമ്മയ്ക്ക് സുഖമാണോ?” അവൾ ഞെട്ടൽ മറച്ചു വച്ച് ചോദിച്ചു.
” ഉം.. മോൾക്കോ ..?” അവർ തിരിച്ചു ചോദിച്ചു.
” സുഖമാണ് .. ” അവൾ പറഞ്ഞു.
” ഇന്ന് ഋഷീൻ്റെ കല്യാണമാണ് .. ഇവിടെ കെട്ടും കഴിഞ്ഞ് നാട്ടിൽ വച്ച് റിസപ്ഷൻ ” അവർ പറഞ്ഞു. എന്തുകൊണ്ടോ ദേവയുടെ മുഖം വാടി.
” അതു നന്നായി.. മാഷിനൊരു മാറ്റം നല്ലതാണ്..” സങ്കടം മറച്ചു വച്ച് അവൾ പറഞ്ഞു. സീതാലക്ഷ്മി അവളെ നോക്കി.
“മാം .. ഇത് അരുന്ധതി അമ്മ.. ഞാൻ പറഞ്ഞിട്ടില്ലേ.. മാഷിൻ്റെ അമ്മയാണ്.. ” അവൾ പറഞ്ഞു. അവർ തമ്മിൽ പരിചയപ്പെട്ടു.
“ന്നാ.. നമുക്ക് നടക്കാം .. ” സീതാലക്ഷ്മിയോട് ദേവ പറഞ്ഞു. അധികനേരം അവിടെത്തന്നെ നിന്നാൽ തൻ്റെ മനസ്സ് കൈവിട്ടു പോവുമെന്ന് തോന്നി യവൾക്ക്..
” ഉം.. പോവാം.” സീതയും പറഞ്ഞു.
******************
ഇന്നു തൻ്റെ വിവാഹമാണ്.. ഒരിക്കൽ ഏറെ ആഗ്രഹിച്ചിരുന്നത് .. എന്നാൽ ഇന്ന് മറ്റുള്ളവർക്ക് വേണ്ടി ഒരു വേഷം കെട്ടൽ.. ഓർത്തുകൊണ്ട് ഗുരുവായൂരിലെ റൂമിൽ ഇരുന്നു ഋഷി .റെഡിയാവാനുള്ളതെല്ലാം കൊണ്ടു വച്ചിട്ട് പോയി റിതു.. ഒന്നിനും തോന്നുന്നില്ല .. ഓർമ്മയിൽ പലതുമങ്ങനെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
“ഏട്ടാ… വേഗം റെഡിയാവൂട്ടോ.. ഞങ്ങൾ അപ്പുറത്തെ റൂമിലുണ്ടാവും.. ഏട്ടത്തീനെ ഒരുക്കട്ടെ .. “റിതു പറഞ്ഞു.
“ഏട്ടത്തിയോ.. ശത്രുവായിരുന്നവൾ നിനക്ക് ഏട്ടത്തിയായോ.. ” ഋഷി പുച്ഛത്തോടെ ചോദിച്ചു..
“ചില കാര്യങ്ങൾ അങ്ങനെയാണേട്ടാ.. പിന്നെ ഏട്ടൻ്റെ ഭാര്യ എൻ്റെ ഏട്ടത്തി തന്നെയാണല്ലോ.. അതു മാത്രമല്ല, സിതാര ഒരു പാവമാണേട്ടാ..”
“പെട്ടന്നാണോ പാവമായത്..” ഋഷി വീണ്ടും ചോദിച്ചു.
” അവളുടെ നടപ്പും ഭാവവുമൊക്കെ കണ്ടപ്പോൾ എനിക്ക് ദേഷ്യമായിരുന്നു .. പക്ഷേ, ഇപ്പോഴാണ് അവളൊരു പാവമാണെന്ന് മനസ്സിലായത്..” ഋതു പറഞ്ഞിട്ട് പുറത്തിറങ്ങി.
ഇവൾക്കെത്ര പെട്ടന്നാ മാറ്റം വന്നത്, സിതാരയെ ഒട്ടും ഇഷ്ടമില്ലാതിരുന്നവൾ അവളെ ഏട്ടത്തിയെന്നു പറയുന്നു.. ഋഷിക്ക് അത്ഭുതം തോന്നി.. ഒപ്പം വേദനയും ..
തുടരും…