ദൈവത്തെ ഓർത്ത് അവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കരുത്…….

ഒരുമ്പെട്ടവൾ ഒരു അവലോകനം

story written by Aneesha Sudhish

ഇതൊരു കഥയായി മാത്രം കാണുക …. ആരെയും പരിഹസിച്ചതല്ല … ഒരു പാട് ഇഷ്ടം തോന്നിയ കഥയായത് കൊണ്ട് മാത്രം എഴുതിയതാ …..

ഒരിടത്ത് ഒരിടത്തൊരു…. അല്ലെങ്കിൽ വേണ്ട ……

മഴ പെയ്തു തോർന്ന ഒരു സന്ധ്യാ സമയം അവളാ ഇടവഴിയിലൂടെ വരുകയായിരുന്നു … മൂലമറ്റത്ത് എന്തോ പണി നടക്കുകയായിരുന്നത് കൊണ്ട് തെരുവു വിളക്കുകൾ അന്ന് കത്തിയിരുന്നില്ല … അവൾ ആ വിജനമായ വളവിൽ എത്തി അവളുടെ നെഞ്ചിടിപ്പ് കൂടി പെട്ടെന്നാണ് ഒരാൾ അവളെ ആക്രമിച്ചത് അവൾ തടയാൻ ശ്രമിച്ചു നടന്നില്ല അവളുടെ ബോധം പോയി ….. ബോധം വന്നപ്പോൾ അവൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു … ആരാണ് അതിനുത്തരവാദി…. അതിനുള്ള ഉത്തരം തേടി ആമസോൺ വനാന്തരങ്ങളിൽ ഓടി നടന്ന് എഴുതിയതാണിത്. കഥ തുടരട്ടെ …..

ദേവി…. സുന്ദരിയാണവൾ അതി സുന്ദരി … ഒരു നാട്ടിൻപുറത്തുകാരി … ലോകം എന്തെന്നറിയാത്ത ഒരു പാവം പെണ്ണ് ..

അവൾ പിന്നെ എങ്ങനെ ഒരുമ്പെട്ടവൾ ആയി ? അതിനു മാത്രം അവളുടെ ജീവിതത്തിൽ സംഭവിച്ചതെന്ത് ?

10 മിനിറ്റ് ലാഭത്തിനു വേണ്ടി ആ ഇടവഴി തെരെഞ്ഞെടുത്തത് അവളോ അതോ അവൾക്ക് ജീവൻ നൽകിയ ഷാനുവോ ? എന്തിനാണവളെ സുന്ദരിയാക്കിയത് ? അതുകൊണ്ടല്ലേ ഇന്റർവ്യൂ തോറ്റിട്ടും അവൾക്ക് ആ മുതലാളി ജോലി നൽകിയത് … ആ സൗന്ദര്യത്തിൽ മയങ്ങിയത് കൊണ്ടല്ലേ അയ്യാൾ അവൾക്ക് ജോലി കൊടുത്തത്…

അവൾ ഒരു കറുത്തവൾ ആയിരുന്നുവെങ്കിലോ ?അവൾ അന്ധയും മൂകയും ആയിരുന്നുവെങ്കിൽ ഇങ്ങനെ വരുമായിരുന്നോ ? അവളെ ആര് നോക്കാൻ അഥവാ സുന്ദരി ആയിരുന്നിട്ടും മുതലാളി അന്നവളെ കണ്ടില്ലാ എങ്കിൽ ഇപ്പോൾ വല്ല തൊഴിലുറപ്പ് പണിക്കും പോയി സീരിയൽ കഥയും പറഞ്ഞ് ഇരുന്നേനെ …

നശിപ്പിച്ചു …. ജ്ജ് എന്തിനാ അവളെ നശിപ്പിച്ചേ പാവമല്ലേ ദേവീ… ഒരു കള്ളുകുടിയന്റെ മുന്നിലേക്ക് എന്തിനാണവളെ ഇട്ടു കൊടുത്തത്? അവളെ ചതികുഴിയിലേക്ക് തള്ളിവിട്ട് കഥാകാരാ നിങ്ങളെന്തു നേടി …

പല്ലിയും പഴുതാരയും ഇട്ടു വാറ്റിയ പട്ടചാരായവും കഞ്ചാവും നൽകി എന്തിനു നീ രാഹുലിനെ വില്ലനാക്കി … സ്നേഹിക്കാൻ മാത്രം അറിയാവുന്ന രാഹുൽ നിങ്ങളോട് എന്തു തെറ്റു ചെയ്തു ….

നിങ്ങളുടെ കഥകൾക്ക് ലൈക്ക് തരാത്തതിലുള്ള പ്രതികാരം അല്ലേ അവനോട് തീർത്തത്… ലോക് ഡൗൺ മൂലം പണിയില്ലാതെ തെക്കേ പറമ്പിലെ പ്ലാവിൽ ചക്ക മൂത്തോ എന്നു നോക്കിയിരിക്കുന്ന രാഹുലിന്റെ അവസ്ഥ ആരെങ്കിലും മനസിലാക്കിയോ ? കൈയ്യിൽ 5 പൈസയില്ലാതെ കടം തന്നവരെ കാണാതെ മുങ്ങി നടക്കുന്ന അവന്റെ ഫോണിൽ ബാലൻസ് ഇല്ലാത്തത് കൊണ്ടാണ് ലൈക്കടിക്കാത്തത് എന്ന് കഥാകാരാ നിങ്ങളറിഞ്ഞുവോ ?…. എവിടെ അല്ലേ തരുണീമണികളുടെ കമന്റിനു റിപ്ലേ കൊടുത്തു ഉല്ലസിക്കുന്ന നിങ്ങൾ അതെങ്ങനെ അറിയാനാ …. കമന്റ് ബ്ലോക്കായി എന്നും പറഞ്ഞ് അവരുടെ ഇൻബോക്സ് തപ്പി പോയി തല്ലും വാങ്ങി ഇരിക്കുമ്പോൾ എന്തു രസമാണല്ലേ

ഞാൻ വിഷയത്തിൽനിന്നും തെന്നി മാറുന്നു …

ബൈ ദ ബൈ ….വായനക്കാരെ പറ്റിച്ചു ആദ്യം നിങ്ങൾ രാഹുലിനെ വില്ലനാക്കി …. പക്ഷേ നല്ലവരായ എന്നെ പോലുള്ളവർ അതു കണ്ടുപിടിച്ചു രാഹുൽ നല്ലവനാണെന്ന് CID ദാസനും വിജയനും വഴി ഞങ്ങൾ അറിഞ്ഞപ്പോൾ നിങ്ങൾ കളം മാറ്റി ചവിട്ടി …

കാര്യം കാട്ടു കള്ളനാണെങ്കിലും ആദർശാണ് വില്ലനെന്നു വരുത്തി തീർത്തു… അതിനു വേണ്ടി അമ്മുവിനു അക്കൗണ്ടിൽ തന്നെ ജോലി കൊടുത്തതിനു നന്ദിയുണ്ട് കഥാകാരാ ….എന്നിട്ട് ചേച്ചിയേയും അനിയത്തിയേയും തെറ്റിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ അതാരും കാണാതെ പോകരുത് …

ജന്മം നൽകി ‘അമ്മ ഭൂമിയിൽ നിന്നു പോയെന്നു’ പറഞ്ഞ ആദർശിനു പെട്ടെന്ന് ഒരു അമ്മ വന്നത് എവിടെ നിന്നാണെന്ന് തമ്പുരാനറിയാം .

മാത്രമല്ല ഏഴാമത്തെ പാർട്ടിൽ ക്ളൈമാക്സിനോടടുത്തു എന്നു പറഞ്ഞ ചേതോവികാരം എന്തിനാണെന്നു മനസിലാകുന്നില്ല അതിനു ശേഷം വന്ന തുടരും എണ്ണി തുടങ്ങിയപ്പോൾ എന്റെ കൈ വിരലുകൾ മാത്രമല്ല കാലിന്റെ വിരൽ വരെ ചേർത്തു വെയ്ക്കേണ്ടി വന്നു …

വില്ലൻ രാഹുലാണോ ആദർശാണോ ഭദ്രനാണോ അതോ മുതലാളിയാണോ എന്ന ഊഹാപോഹങ്ങൾക്ക് ഒരു ഉത്തരമുണ്ട് വില്ലൻ ചിലപ്പോൾ ആ പാർട്ടിക്ക് കാറ്ററിംഗിനു വന്ന ആൾ ആകാൻ വരെ ചാൻസുണ്ട് കാരണം നമ്മളറിയാത്ത ഒരു രഹസ്യം ഉണ്ട് വില്ലൻ പോസ്റ്റ് മുതലാളി ആണെന്ന രഹസ്യം ….

എന്തെന്നാൽ ……,

ദേവിയെ സുന്ദരിയാക്കിയതും രാഹുലിനെ കള്ളുകുടിപ്പിച്ചതും അയ്യാളാണ്….

ആദർശിനെ പറഞ്ഞ് മോഹിപ്പിച്ച് പുതിയ ജ്വല്ലറി തൃശൂർ റൗണ്ടിൽ തന്നെ തുടങ്ങാൻ പറഞ്ഞതും അയ്യാൾ തന്നെ

ഒന്നും അറിയാതെ തന്റെ മുറിയിൽ CCTV ക്യാമറ നോക്കിയിരിക്കുന്ന മുതലാളിയെ കൂടി ഇനി പുറത്തേക്ക് കൊണ്ടുവരണം മിഷ്ടർ അയ്യാളെ സ്വർണ്ണക്കടത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി ആണല്ലോ തോറ്റ് തൊപ്പിയിട്ട ദേവിക്ക് ജോലി കൊടുപ്പിച്ചത്… എന്തിനു വേണ്ടി

പോസ്റ്റ് മുതലാളീ….. നിങ്ങൾ ഒരു മാന്യനാണ് എല്ലാ ദിവസവും കറക്റ്റ് സമയത്ത് വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടല്ലോ…

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കാലവർഷമാണ് വരുന്നത് ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് ദേവിയുള്ളത് അവളെ കൊണ്ട് പ്രതികാരം ചെയ്യിക്കുക യാണെങ്കിൽ വേഗം വേണം മഴ പെയ്താൽ പിന്നെ റെയ്ഞ്ച് കിട്ടാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് വാക്കുകൾ എണ്ണാൻ ബുദ്ധിമുട്ടാകും ഇതൊരു അപേക്ഷയാണ്…

എന്നാലും ആ പാവം രാഹുൽ അവൻ ചെയ്ത തെറ്റ് എന്ത് എന്നും കാണുന്ന പെൺകുട്ടിയോട് തന്റെ പ്രണയം പറയാൻ പോയപ്പോൾ അവനെ പറ്റിച്ച് അവളുടെ ചാരിത്ര്യം കവർന്നെടുപ്പിച്ചില്ലേ അതും പോരാഞ്ഞിട്ട് അത് വീഡിയോ എടുപ്പിച്ച് ….. ബാക്കി ഞാൻ പറയുന്നില്ല

അവസാനം നഴ്സ് കൊണ്ടുവന്ന കവറിൽ അവർ തലേ ദിവസം കഴിച്ച ഓറഞ്ചിന്റെ തൊലി ആണെന്ന രഹസ്യം അറിഞ്ഞു ….അത് ദേവി എടുത്തത് വീട്ടിൽ ചെന്ന് രാഹുലിന്റെ കണ്ണിലേക്ക് ഞെക്കി പ്രതികാരം ചെയ്തു തീർക്കാനും ആണെന്നറിയാം

എന്നാലും ഈ ലോക് ഡൗൺ സമയത്ത് പാതിരാത്രിയൊക്കെ ആദർശിനെ കൊല്ലാൻ അയ്യാളെ എങ്ങനെ പറഞ്ഞയച്ചു ….? ഒരെത്തും പിടത്തോം കിട്ടണില്ല …

ദേവീ ,എന്തായാലും പോയത് ഇനി തിരികെ കിട്ടില്ല പകരം പോസ്റ്റ് മുതലാളിയുടെ കാലു രണ്ടും തല്ലിയൊടിച്ച് കണ്ണിൽ മുളക് പൊടി വിതറി നാക്കിൽ ശൂലം കയറ്റി ഏതെങ്കിലും പാണ്ടി ലോറിയിൽ കയറ്റി വിട്ടേക്ക് അങ്ങനെയെങ്കിലും രാഹുലും ദേവിയും സുഖമായി ജീവിക്കട്ടെ …..

എന്നാ പിന്നെ ഞാനങ്ങോട്ട് …. ജീവനോടെ ഉണ്ടെങ്കിൽ വൈകീട്ട് കമന്റ് ബോക്സിൽ ഉണ്ടാകും എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ….

പോസ്റ്റ് മുതലാളിയോട് ഒരു വാക്ക് …. എണ്ണാനൊക്കെ കൃത്യമായി പഠിച്ചിട്ടുണ്ട് അതുകൊണ്ട് ലെങ്ത് കൂട്ടി എഴുതിക്കോ …. രാഹുൽ നല്ല വഴിക്ക് വന്നോണ്ടിരിക്കാ അവനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കരുത് ക്ളൈമാക്സ് കഴിഞ്ഞിട്ട് വേണം രാഹുലിന്റെയും ദേവിയുടെയും റൊമാൻസ് സ്റ്റാർട്ട് ചെയ്യാൻ …

“മഴ …..തണുപ്പ് ……പ്രണയം ….. പീതപുഷ്പങ്ങൾ വീണു കിടക്കുന്ന ആ ചെമ്മൺ പാതയിലൂടെ അവരും പ്രണയിച്ച് നടക്കട്ടെ …. ഇരുട്ടു മൂടിയ അവളുടെ ജീവിതത്തിൽ വെളിച്ചമേകാൻ രാഹുലിനാകട്ടെ … നീല നിലാവിൽ തോളോട് തോൾ ചേർന്ന് അവർ അവരുടെ സ്വപ്നം പങ്കുവെയ്ക്കട്ടെ ….

ദൈവത്തെ ഓർത്ത് അവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കരുത് … കാല് ഞാൻ തല്ലി ഒടിക്കും…

കമന്റായി ഇടാൻ ഉദ്ദേശിച്ചതാ സാഹചര്യം അനുവദിച്ചില്ല …

എന്തായിരുന്നു ആ സാഹചര്യം എന്ന കമന്റ് നിരോധിച്ചിരിക്കുന്നു……

അക്ഷരതെറ്റ് ക്ഷമിക്കണം ക്ഷമിച്ചേ പറ്റൂ …

സ്നേഹത്തോടെ അതിലേറെ നെഞ്ചിടിപ്പോടെ …. അനു

Related Posts

Leave a Reply

Your email address will not be published. Required fields are marked *