ദൈവമാണ് പോലും… മകൾ ഉണർന്നിരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഭാര്യയെ പുറത്താക്കുന്ന ദൈവമോ… ഹാ, എന്തുമാകട്ടെ… അവരായി അവരുടെ പാടായി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അടിച്ചില്ല. കൈയ്യോങ്ങിയപ്പോൾ തന്നെ കാതുകൾ രണ്ടും പൊത്തി അമ്മ നിലവിളിച്ചു. സ്റ്റീലിന്റെ ജഗ്ഗെടുത്ത് ഒറ്റ ഏറായിരുന്നു. ചുമരിൽ തട്ടി തറയിൽ വീണപ്പോൾ അത് ഉടഞ്ഞുപോയി. ശേഷം അമ്മയെ പിടിച്ച് മുറ്റത്തേക്ക് തiള്ളിയിട്ടു. ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പാവാടക്കാരി ഇതൊക്കെ കാണുന്നുണ്ടെന്ന് ആരും ഓർത്തില്ല. പറഞ്ഞാൽ തീരാത്ത അത്രത്തോളം ദേഷ്യം അച്ഛനോട് തോന്നിപ്പോയ രാത്രി ആയിരുന്നുവത്.

‘ആരെ കാത്തിരിയ്ക്യാ… അമ്മയൊന്നും ഇനി വരില്ല. ഉറങ്ങാൻ നോക്ക്…’

കനത്തിൽ തന്നെ അച്ഛൻ പറഞ്ഞു. ഇവരുടെ ബഹളം കേട്ട് ഉണർന്ന ഞാൻ വിറയലോടെ കിടക്കയിലേക്ക് തന്നെ ചായുകയായിരുന്നു. അച്ഛൻ കതക് അടച്ചിട്ടുണ്ട്. അതാണ് അമ്മയ്ക്ക് അകത്തേക്ക് വരാൻ പറ്റാത്തത്. ആ പാവം പുറത്തിരുന്ന് കരയുകയായിരിക്കും. പോളകളിൽ അമ്മയുടെ ഇല്ലായ്മ നനഞ്ഞതിന്റെ ചൂടുണ്ട്. എപ്പോഴോ… അച്ഛന്റെ അനക്കങ്ങൾ ശ്രദ്ധിച്ച് കിടന്ന എപ്പോഴോ… ഞാൻ മയങ്ങിപ്പോയി…

പിറ്റേന്ന് ഉണർന്നപ്പോൾ ആദ്യം തിരഞ്ഞത് അമ്മയെ ആയിരുന്നു. അടുക്കളയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു. അമ്മ എവിടെയും പോയിട്ടില്ല. എല്ലാം പതിവ് പോലെ തന്നെ. എന്നെ കണ്ടപ്പോൾ തലേന്ന് യാതൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെയാണ് അമ്മ പെരുമാറിയത്.

‘അച്ഛൻ എന്തിനാ അമ്മയെ തiല്ലാൻ വന്നത്? എന്തിനാ പുറത്തേക്ക് തള്ളിയത്…?’

ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അമ്മ പാടുപെടുന്നത് പോലെ തോന്നി. കുളിച്ച് റെഡിയാകെന്ന് പറഞ്ഞ് മുഖം വെട്ടിച്ച് തിരക്കും അഭിനയിച്ചു. മനസ്സ് ഇവിടെയല്ല. അല്ലായിരുന്നെങ്കിൽ, മറിച്ചിട്ട ദോശ കരിയുന്നത് വരെ തിരിച്ചിടില്ലായിരുന്നുവല്ലോ…

ഞാൻ ഓർത്തൂ… കഴിഞ്ഞ രാത്രിയിൽ ബഹളം കേട്ട് ഞെട്ടി ഉണർന്നപ്പോൾ അച്ഛൻ അമ്മയെ തiല്ലാൻ ഓങ്ങുന്നു. മുറ്റത്തേക്ക് തiള്ളിയിടുന്നു. അമ്മ ഇനി വരില്ലെന്ന് പറഞ്ഞത് അച്ഛനാണ്. ഉണരുമ്പോൾ അമ്മ എവിടെയും പോയിട്ടില്ല. അവർക്ക് ഇടയിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞേ പറ്റൂ… അമ്മ പറയുന്ന മട്ടില്ല. അച്ഛനോട് ചോദിക്കാമെന്ന് വെച്ചാൽ, കാണുമ്പോഴേ പേടിയാകുന്നു. അമ്മയോടുള്ള ദേഷ്യത്തിൽ സ്റ്റീൽ ജഗ്ഗ്‌ എടുത്ത് എറിയുന്ന അച്ഛന്റെ ചുകന്ന മുഖം എളുപ്പത്തിൽ മായില്ല. ഭയത്തിന്റെ ആദ്യപാഠം പോലെ ഉള്ളിലത് പതിഞ്ഞ് കിടക്കുകയാണ്.

പിന്നീടുള്ള നാളുകളിൽ ഇരുവരെയും ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ആ സംഭവത്തിന്റെ തുടർച്ചയെന്നോണം യാതൊന്നും ഉണ്ടായില്ല. ആദ്യ കുറച്ച് നാളുകൾ അച്ഛൻ മാറി നടക്കുമായിരുന്നെങ്കിലും ഇപ്പോൾ അവർ വലിയ സ്നേഹത്തിലാണ്. കുടുംബമെന്ന ചുറ്റുപാടിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ടായിരിക്കണം, നാലാം ക്ലാസിലെ പരിസ്ഥിതി പഠന വിഷയത്തിൽ ഞാൻ തോറ്റ് പോയത്…

‘തോറ്റാലെന്താ അഞ്ചിലേക്ക് ജയിച്ചില്ലേ…’

ഞാൻ എന്നോട് തന്നെ പറയും. അഞ്ചും കഴിഞ്ഞ് പത്തിൽ എത്തിയിട്ടും എന്തുകൊണ്ടാണ് അന്നത് സംഭവിച്ചതെന്ന് കണ്ടെത്താനെ കഴിഞ്ഞില്ല. ചോദിച്ചിട്ട് ആരും വിട്ട് പറയുന്നുമില്ല. കാണുമ്പോഴെല്ലാം ആ രാത്രി ഓർമ്മ വരുന്നത് കൊണ്ടായിരിക്കണം അച്ഛനിൽ നിന്ന് ഏറെ അകന്നത്. പക്ഷെ, അമ്മയും അച്ഛനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. അവർ പരസ്പരം ചിരിക്കുന്നു. കൊഞ്ചുന്നു. തക്കം കിട്ടുമ്പോൾ ചുംiബിക്കുക കൂടി ചെയ്യുന്നു.

വർഷങ്ങൾ പിന്നേയും കടന്ന് പോയി. ഒരു നട്ടുച്ചയ്ക്ക് അച്ഛൻ ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞു. വൈകുന്നേരം ആകുമ്പോഴേക്കും മരിച്ചു. ആ രാത്രിയെ താണ്ടാൻ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. എന്നുവെച്ച് വിഷമം ഇല്ലായിരുന്നുവെന്നല്ല. ഉണ്ടായിരുന്നു. ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു. എന്നാൽ, അമ്മയുടെ കാര്യം കടുപ്പമായിരുന്നു.

ആ പാവം കരയാതെ കല്ല് പോലെ ഇരിക്കുകയാണ്. അമ്മയേന്ന് വിളിച്ച് തോളിൽ തൊടുമ്പോൾ മാത്രം കണ്ണുകൾ അനങ്ങുന്ന പാവ പോലെ ഇരിക്കുയാണ്… നാളുകളല്ല. മാസങ്ങളോളം അത് തുടർന്നുവെന്ന് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്…

‘അമ്മയ്ക്ക് എങ്ങനെയാ ഇങ്ങനെ അച്ഛനെ സ്നേഹിക്കാൻ പറ്റുന്നേ… അമ്മയെ അന്ന് എന്തോരം ഉപദ്രവിച്ചതാണ്… എനിക്ക് നല്ല ഓർമ്മയുണ്ട്…’

കോളേജ് പഠനകാലത്തിന് ശേഷമുള്ള ഏതോ നാളിൽ ഞാൻ ചോദിച്ചതാണ്. നിന്റെ അച്ഛൻ പാവമായിരുന്നുവെന്ന മറുപടി യായിരുന്നു അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത്. ദൈവമായിരുന്നു വെന്ന് കൂടി ചേർത്തപ്പോൾ, അമ്മയൊരു പാവ ആയതുകൊണ്ട് തോന്നുന്നതാണെന്ന് സൂചിപ്പിക്കാനേ എനിക്ക് തോന്നിയുള്ളൂ..

ദൈവമാണ് പോലും… മകൾ ഉണർന്നിരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഭാര്യയെ പുറത്താക്കുന്ന ദൈവമോ… ഹാ, എന്തുമാകട്ടെ… അവരായി അവരുടെ പാടായി. ഇനിയെന്റെ കാര്യത്തിലേക്ക് വരാം.

‘അമ്മേ… എനിക്കൊരു കാര്യം പറയാനുണ്ട്. പേര് സൂരജെന്നാണ്. സീനിയറായിരുന്നു. ജോലിയൊക്കെയുണ്ട്… അമ്മയൊന്ന് സംസാരിക്കോ…’

തക്കത്തിലുള്ള സംസാരത്തിന്റെ പൊരുൾ അമ്മയ്ക്ക് മനസ്സിലായി. വരാൻ പറയൂയെന്നും അമ്മ പറഞ്ഞു. സൂരജുമായുള്ള നാളുകളെ സ്വപ്നം കണ്ട് ജീവിക്കുന്ന എനിക്കന്ന് ശിവരാത്രിയായിരുന്നു. നീല നിറത്തിലുള്ള ശലഭങ്ങൾ എന്റെ രാക്കിനാക്കളിൽ പാറി അലഞ്ഞു. പ്രണയിക്കുന്നവ നുമായുള്ള തുടർ ജീവിതത്തിലേക്ക് കലരാൻ മനസ്സ് വെമ്പി നിൽക്കുകയാണ്. പക്ഷേ, അപ്രതീക്ഷിതമായി എല്ലാം മാറിപ്പോയി…

‘എന്നോടിത് ചെയ്യരുതായിരുന്നു. കല്യാണത്തിന് മുമ്പ് തന്നെ ഇങ്ങനെ ആണെങ്കിൽ….’

സൂരജ് മിണ്ടിയില്ല. തെറ്റ് ചെയ്തുവെന്ന ബോധ്യത്തിൽ തലകുനിച്ച് നിൽക്കുകയാണ്. മറ്റൊരു പെണ്ണിന്റെ വിയർപ്പ് പറ്റി കിടന്നിട്ടുള്ള ആ പാവത്താൻ നിർത്തം എനിക്ക് ഇഷ്ടപ്പെട്ടില്ല. കൈ നീട്ടി സൂരജിന്റെ മുiഖത്തൊന്ന് കൊടുത്തതിന് ശേഷമാണ് ഞാൻ പിൻവലിഞ്ഞത്.

‘നീ കരുതുന്നത് പോലെയൊന്നുമല്ല… പ്ലീസ്… ക്ഷമിക്ക്… എനിക്കൊരു തെറ്റ് പറ്റിപ്പോയി… ഇനിയുണ്ടാകില്ല. നിന്നെക്കാളും കൂടുതൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല…’

ഇമ്മാതിരി പറച്ചിലുകളൊക്കെ വല്ല പൈങ്കിളി പെൺപിള്ളാരോട് മതിയെന്ന് പറഞ്ഞപ്പോൾ പിന്നാലെ വരുന്നത് അവൻ നിർത്തി. ശേഷം, ഞാൻ തിരിഞ്ഞ് നോക്കിയില്ല. ആ അധ്യായം തുറക്കാൻ ഇഷ്ടപെടുന്നുമില്ല…

‘ഒന്നുകൂടി ആലോചിക്കെന്നേ എനിക്ക് പറയാനുള്ളൂ…’

കാര്യങ്ങളൊക്കെ കേട്ടപ്പോൾ അമ്മ പറഞ്ഞതാണ്. എനിക്ക് അതിശയം തോന്നി. എത്ര നിസ്സാരമായാണ് ഇങ്ങനെ പറയുന്നത്. വിശ്വാസവഞ്ചന കാട്ടുന്നവരോട് യാതൊരു ഒത്തുതീർപ്പുമില്ല.

‘അമ്മയ്ക്ക് പറ്റുമായിരിക്കും… എനിക്ക് പറ്റില്ല…’

അമ്മ ചിരിച്ചു. സത്യത്തിൽ അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ ചിരിക്കുന്നത് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന്, ചിരിയിലെ കാര്യവും വ്യക്തമാക്കി.

‘എനിക്ക് പറ്റുമോയെന്ന് അറിയില്ല. പക്ഷെ, നിന്റെ അച്ഛന് പറ്റിയിരുന്നു.’

അമ്മ എന്താണ് പറഞ്ഞ് വരുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

‘ നീയന്ന് പറഞ്ഞില്ലേ ഞാൻ പാവയാണെന്ന്… പാവയല്ല. പാപിയാണ്. ചില സാഹചര്യത്തിൽ എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയിരുന്നു. ഒന്ന് രണ്ട് തവണ കാണുകയും ചെയ്തിരുന്നു. അത് നിന്റെ അച്ഛൻ അറിഞ്ഞ നാളിലെ ഓർമ്മയാണ് നീയിടയ്ക്ക് പറയാറുള്ളത്. അന്ന്, കുറച്ച് കഴിഞ്ഞപ്പോൾ നിന്റെ അച്ഛൻ കതക് തുറന്നിരുന്നു. എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. കാലത്ത് പോയാൽ മതിയെന്ന്…, നിനക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചോയെന്ന്…. ഞാൻ ആ കാലിൽ വീണ് മാപ്പ് പറഞ്ഞപ്പോൾ നിന്റെ അച്ഛൻ കരഞ്ഞുപോയി. അറിയാതെ പറ്റിപ്പോയതാണെന്ന് കെഞ്ചിയപ്പോൾ എന്നോട് ക്ഷമിക്കുകയും ചെയ്തു. മരിക്കുന്നത് വരെ അതിന്റെ പേരിൽ ആ മനുഷ്യൻ എന്നെ കുiത്തി നോവിച്ചിട്ടില്ല… പാവയായ അമ്മയെ പാപിയായി തോന്നുന്നുണ്ടല്ലേ…!’

ചിരിയോടെ അവസാനിച്ച അമ്മയുടെ ആ നീളൻ സംസാരം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞ് പോയി. അത് ഒരിക്കലും, അമ്മയെ ഓർത്താ യിരുന്നില്ല. അച്ഛനെ ഏറെ തെറ്റിദ്ധരിച്ചുപോയി.. ആ ധാരണയിൽ അറിഞ്ഞ് സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല. അതിന്റെ പരിഭവമൊന്നും എന്നോട് കാട്ടാറുമില്ല. അച്ഛനെ വീണ്ടും കാണണമെന്ന് എനിക്ക് തോന്നി.

മനുഷ്യരാണ്. സ്നേഹമെന്ന് സങ്കൽപ്പിക്കുമ്പോൾ തെറ്റുകളൊക്കെ സംഭവിക്കുന്നത് സ്വഭാവികമാണ്. എഴുതപ്പെടാത്ത എത്രയോ നിയമങ്ങൾ പങ്കുവെച്ചുള്ള ബന്ധങ്ങളിൽ തീർച്ചയായിട്ടും ലംഘനങ്ങളും പ്രകടമാകും. അതിൽ, തെറ്റ് പറ്റിപ്പോയെന്ന ബോധ്യത്തിൽ തിരുത്താൻ അവസരം കെഞ്ചുന്ന മനുഷ്യരെ പരിഗണിക്കുന്നത് വലിയ കാര്യമാണ്. പക്ഷെ, പറയുന്നത് പോലെയല്ലല്ലോ അനുഭവത്തിലേക്ക് ചേരുമ്പോൾ…

ഇണയുടെ സ്നേഹം എനിക്ക് മാത്രമാണെന്ന് ചിന്തിക്കുന്ന ശരാശരി ബുദ്ധി മാത്രമേ എനിക്കുള്ളൂ… സൂരജിനോട് ക്ഷമിക്കാൻ എനിക്ക് പറ്റില്ല. അച്ഛനെ പോലെയുള്ള പഞ്ച പാവങ്ങൾക്കേ അതിനുള്ള വിശാലത യുണ്ടാകൂ… അമ്മയോട് ഞാനത് പറയുകയും ചെയ്തു.

‘അച്ഛന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അമ്മയോട് ക്ഷമിക്കില്ലായിരുന്നു…!’

വൈകാതെ മറുപടിയും വന്നു. എനിക്ക് മറുശബ്ദം ഉണ്ടായിരുന്നില്ല. അമ്മയുടെ വാക്കുകൾ കാതുകളിൽ ആവർത്തിച്ച് കൊണ്ടേയിരുന്നു.

‘ഇതൊക്കെ കൊണ്ടാണ് നിന്റെ അച്ഛൻ എനിക്ക് ദൈവം ആയിരുന്നു വെന്ന് പറഞ്ഞത്. അല്ലെങ്കിലും, പ്രിയപ്പെട്ടവരോട് പൊറുക്കാൻ നമ്മൾ മനുഷ്യർക്ക് പറ്റാറില്ലല്ലോ…!!!’

l

Leave a Reply

Your email address will not be published. Required fields are marked *