ദ്വിതാരകം~ഭാഗം17~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗ അനന്തുവിനെ മെല്ലെ നോക്കി.

ഹരി സാറേ…. ഇങ്ങോട്ട് വാ…. സാറുവന്നത് ഞങ്ങൾ ആരും കണ്ടില്ലായിരുന്നു. അനന്തു സ്നേഹപൂർവ്വം ഹരിയോട് സംസാരിച്ചു.

ഹരി സാറേ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? അനന്തു വീണ്ടും ഹരിയോട് ചോദിച്ചു…..

ഒന്നുമില്ല അനന്തു…. എനിക്ക് സംസാരിക്കാനുള്ളത് ഗംഗയോടാ…..

ഗംഗ ഒന്ന് പുറത്തേയ്ക്ക് വരാമോ??ഗംഗ എന്താണ് ചെയ്യേണ്ടതെന്ന ഭാവത്തിൽ അനന്തുവിനെ നോക്കി. അനന്തു ഗംഗയെ നോക്കി തല മെല്ലെ ചലിപ്പിച്ചുകൊണ്ട്
ഹരിയുടെ അടുത്തേയ്ക്ക് പൊയ്ക്കോളാൻ മൗന അനുവാദം കൊടുത്തു.

ഗംഗ മനസ്സില്ലാ മനസ്സോടെ ഹരിയുടെ പിന്നാലെ നീങ്ങി.

ഗംഗാ…….. നീ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്.നിന്നോടിങ്ങനെ മാറി നിന്നു സംസാരിക്കുന്നത് ശരിയല്ലെന്നും എനിക്കറിയാം.

പക്ഷെ എന്റെ മനസ്സിന്റെ വിഷമം അതാരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്തുപിടിക്കും. ഞാൻ ഞാനല്ലാതാവും. നിനക്കെന്നെ അറിയാല്ലോ ഗംഗാ…..നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ എന്റെ ഭാര്യയായി കണ്ടിട്ടില്ല. കാണാൻ കഴിയില്ലെനിക്ക്.

ഹരി സാർ ഇപ്പോൾ എന്നോട് ഇതൊക്കെ പറയുന്നതിന്റെ കാര്യം എനിക്ക് മനസ്സിലാകുന്നില്ല. ഞാനിപ്പോൾ അനന്തുവിന്റെ ഭാര്യയാണ്.ഹരിസാറിന്റെ ജീവിതം സുരക്ഷിതമാകണം എന്നേ ഞാൻ വിചാരിച്ചിട്ടുള്ളൂ. പിന്നെ അനന്തു അവനൊരു പാവമാ…..

ഇവിടെ സ്നേഹദീപത്തിലുള്ളവരെല്ലാവരും പാവങ്ങളാ…. ഇന്ന് എനിക്കും എന്റമ്മയ്ക്കും പേടിക്കാതെ കയറി വരാൻ പറ്റുന്ന ഒരിടം.ഇവിടെ നിന്ന് ആട്ടിപ്പായ്ക്കില്ല എന്നൊരു വിശ്വാസം. അല്ലാതെ ഞാൻ എന്റെ അമ്മയെയും കൊണ്ട് എങ്ങോട്ട് പോകാനാ….? പിന്നെ ഹരിസാർ വച്ച മറ്റൊരു ഡിമാൻഡ് ഓർക്കുന്നില്ലേ ഞാൻ കല്ല്യാണം കഴിച്ചാൽ സാറും കല്യാണത്തിന് സമ്മതിക്കുമെന്ന്.

ഞാൻ നോക്കിയപ്പോൾ ഒന്നുമില്ലാത്ത എന്നെ സ്വീകരിക്കാൻ ഉള്ള മനസ്സ് അനന്തുവിനുണ്ട്. അവനെന്നെ മനസ്സിലാകും. പിന്നെ ഇപ്പോൾ അവന് വേണ്ടത് നല്ല കെയർ ആണ്. എന്നെക്കൊണ്ടാവും വിധം ഞാൻ അവനെ പഴയ അനന്തുവാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും.കാരണം ഈ സ്നേഹദീപത്തിലെ പ്രകാശം അത് അനന്തുവാണ്. ഇവിടെ ഉള്ളവരുടെ എല്ലാവരുടെയും പ്രതീക്ഷ അവനിലാണ്. അവരുടെ ആ സന്തോഷത്തെ തിരിച്ചുകൊടുക്കാൻ എനിക്ക് കഴിഞ്ഞാൽ…?അത് മതി എനിക്ക്… അത് മാത്രം മതി…….

ഗംഗാ…. എല്ലാം എന്റെ തെറ്റാ… നീ ഒരിക്കലും ഇങ്ങനെ ഒരു തീരുമാനമെടുക്കും എന്ന് ഞാൻ കരുതിയില്ല.

മൃദുലയുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ……എന്റെ അമ്മയും ഞാനും തീർന്നു ഗംഗാ….. എന്റെ സ്വപ്‌നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു. ഞാൻ എന്താണ് ചിന്തിക്കുന്നതെന്നുപോലും എനിക്കറിയില്ല. കുട്ടികൾക്കു ക്ലാസ്സ്‌ എടുത്തു കൊടുക്കുന്ന അധ്യാപകനാണോ ഞാനെന്നു എനിക്ക് തന്നെ അറിയില്ല. ശരിക്കും ഞാൻ തോറ്റുപോയല്ലോ ഗംഗാ……. എല്ലാവരുടെയും മുൻപിൽ ഞാൻ ഇനി ഏത് വേഷമാ കെട്ടേണ്ടത്?ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഹരിസാറേ……. ചില കാര്യങ്ങൾ നമ്മൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണം. എത്ര പ്രതിസന്ധികൾ ഉണ്ടായാലും……

അല്ലാതെ ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടപ്പെടലിനെ കുറിച്ചോർത്ത് പിന്നീട് എത്ര കരഞ്ഞിട്ടും വേദനിച്ചിട്ടും ഒരു കാര്യവുമില്ല. ആ നഷ്ടപ്പെടലും മരണവും ഒന്നുപോലെയാണ് ഹരിസാറേ….

മരണത്തിന് നമുക്കൊരു പരിഹാരമില്ല. എന്ന് പറഞ്ഞതുപോലെയാണ് നമ്മുടെ ഈ നഷ്ടപ്പെടലും…… അതുകൊണ്ട് ഹരി സാർ പോകാൻ നോക്ക്.

ഗംഗാ നീ ഒരിക്കൽ പറഞ്ഞില്ലേ…. എന്റെ ഭാര്യ ആയി എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി നമ്മുടെ രണ്ടുപേരുടെയും അമ്മമാർക്കൊപ്പം ജീവിക്കുമെന്ന്.

ഗംഗയുടെ കണ്ണുകളിൽ അഗ്നിയുടെ ജ്വാലയുണ്ടായിരുന്നു….. ഹരി സാർ ഇനി ഒരക്ഷരം എന്നോട് പറയരുത്.

ഞാൻ…. ഞാനാണോ എല്ലാത്തിനും കാരണം. എന്റെ ജീവിതം ഇങ്ങനെ ആക്കിയത് ഞാനാണോ എന്ന്….. ഹരിയെ നോക്കി ഗംഗ പരിസരം മറന്നലറി വിളിച്ചു.

അന്ന് ഒരു തവണ എങ്കിലും എന്നെ…… എന്നെ ഒന്ന് വിളിച്ചോ? അപ്പോൾ അമ്മയ്ക്ക് വിഷമമാകാതിരിക്കാൻ ഹരി സാർ ശ്രമിച്ചു.എന്റെ മനസ്സ് സാറ് കണ്ടായിരുന്നോ…..? ഇല്ലല്ലോ….. എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ വന്നിരിക്കുന്നു….. എന്തിന്….. എന്തിനുവേണ്ടി…..

ഇപ്പോൾ ഈ വരവ് സുഭദ്രാമ്മ അറിഞ്ഞിട്ടാണോ? അറിഞ്ഞാൽ വളരെ സന്തോഷിക്കും അല്ലേ? ഹരി സാർ ഒരു കാര്യം ചെയ്യ്. വീട്ടിലേയ്ക്ക് ചെന്ന് അമ്മയുടെ അടുത്തിരിക്ക്. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അമ്മ തന്നെ മോന് വിശദമായി പറഞ്ഞുതരും……

ഹരി സാർ ഒരു കാര്യം മനസ്സിലാക്കണം പഴയ ഗംഗയല്ല ഞാൻ…. അതുകൊണ്ട് പണ്ടുള്ള കാര്യങ്ങൾ ഇനിയും പറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് വരരുത്. അത് ശരിയല്ല.

ഇവിടെ ആരെയെങ്കിലും ഹരിസാറിന് കാണാനുണ്ടെങ്കിൽ കാണാം….

എന്തായാലും ഞാൻ അങ്ങോട്ട് ചെല്ലട്ടെ….. ഗംഗ തിരിഞ്ഞുനോക്കാതെ നടന്നു.

ഹരി നെടുവീർപ്പോടെ അവൾ പോകുന്നതും നോക്കി നിന്നു………

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *