നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ, നിലകൊള്ളുന്ന വീട്. ഒരാഴ്ച്ച ആവുന്നതേയുള്ളു, ഈ വീട് വാങ്ങിയിട്ട്. നാട്ടിൻപുറത്തേ പഴയ വീട്, കിട്ടിയ…..

മരപ്പെയ്ത്ത്

എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട്

ഇന്നും, അയാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ല. രാവിന്റെ പ്രായമറിയുവാനായി, ചുവരിലേ ഘടികാരത്തിലേക്ക് മുഖമുയർത്തി നോക്കി.
നട്ടപ്പാതിരാ; ഒന്നര കഴിഞ്ഞതേയുള്ളൂ.

കടന്നുകളഞ്ഞ നിദ്രയുടെ മടങ്ങിവരവിനായി കാത്ത്, മിഴികളടച്ചു കിടന്നു..ചുവരിലെ ക്ലോക്കിന്റെ, നിമിഷസൂചിയുടെ ടിക് ടിക് ശബ്ദം ഇപ്പോൾ വ്യക്തമായി കേൾക്കാം. ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോകുന്ന കാലത്തിന്റെ ഘടികാരധ്വനികൾ. മേശവിളക്കിന്റെ വെളിച്ചം പോലും, എത്ര അസഹ്യമായി തോന്നുന്നു. ഇറുക്കിയടച്ചാലും, മിഴികളിൽ വിരുന്നെത്തുന്ന പേരറിയാച്ചിത്രങ്ങൾ.

തൊട്ടു ചേർന്നുറങ്ങുന സഹധർമ്മിണിയുടെ ശ്വാസഗതിക്ക്, ഒരേ താളം. എത്ര ശാന്തമായാണ്, അവൾ ഉറങ്ങുന്നത്. ഇടയ്ക്കെപ്പോഴോ അവൾ, അയാളുടെ ശരീരത്തോടു ചേർന്നു, കൈകളാൽ ചുറ്റിപ്പുണർന്നു കിടന്നു. വിയർപ്പുണങ്ങാത്ത ദേഹത്തേ നേർത്ത ചൂട്, സ്വന്തം ദേഹത്തേക്ക് പകരുന്നു. അയാൾക്ക്, അസ്വസ്ഥതയാണ് തോന്നിയത്. ആ കൈകൾ, മെല്ലെ എടുത്തു മാറ്റി. എന്തോ കലമ്പിക്കൊണ്ട് അവൾ തിരിഞ്ഞു കിടന്നു. അൽപ്പ നേരം മുൻപ്, തന്നിലേയ്ക്കു പടർന്ന ഉ ന്മാദത്തിന്റെ ഉ ടയോൾ; പക്ഷേ, ഇപ്പോൾ ആ ഭോ ഗസുഖം, മനസ്സിൽ നിലനിൽക്കുന്നില്ല. തൊട്ടടുത്ത മുറികളിൽ, മക്കൾ ശാന്തമായുറങ്ങുകയാവാം.

നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ, നിലകൊള്ളുന്ന വീട്. ഒരാഴ്ച്ച ആവുന്നതേയുള്ളു, ഈ വീട് വാങ്ങിയിട്ട്. നാട്ടിൻപുറത്തേ പഴയ വീട്, കിട്ടിയ വിലക്കു കൊടുത്തിട്ട്, ബാക്കി, വൻതുക അധികമായി ചേർത്ത് വാങ്ങിയ ഒറ്റനിലവീട്. സദാ തിരക്കിലമർന്ന റോഡിന്നരികിൽ, കോൺക്രീറ്റ് മതിലുകൾ കൊണ്ട് അതിരു തിരിച്ച, അനേകം വീടുകളിലൊന്ന്. മീറ്ററുകൾക്കുള്ളിൽ നിലകൊള്ളുന്ന, സമസ്ത സൗകര്യങ്ങൾ. സ്വന്തം കാര്യം മാത്രം നോക്കുന്ന അയൽവക്കങ്ങൾ, ഗേറ്റ് കടന്നു പുറത്തുവരുമ്പോൾ, മുന്നിൽ വന്ന അയൽ ക്കാരന്റെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു. ചിരിയുടെ ഛായയുള്ള ചിരി.

വീട്ടിലെ താമസത്തിന്റെ ആദ്യദിനങ്ങളിൽ, എല്ലാം ഏറെ സുഗമമായി തോന്നി..കുട്ടികൾക്കു സ്കൂളിലേക്കും, തങ്ങൾക്കിരുവർക്കും ജോലിസ്ഥലത്തേക്കും എത്ര അനായാസമായാണ് എത്തിച്ചേരാൻ സാധിക്കുന്നത്. മുൻപ്, ഗ്രാമത്തിലെ ഘടികാരമായ ആ ഒറ്റ ബസ്സിനെ എത്രയോ ആശ്രയിച്ചിരിക്കുന്നു. ബസ്സില്ലാ ദിനങ്ങളിൽ, കഴിച്ചുകൂട്ടിയ ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ല. ഭാര്യയ്ക്കും കൂടി സർക്കാർ ജോലി കൈവന്നപ്പോൾ, നഗരത്തിലൊരു വീട്, എന്ന സ്വപനം ദ്രുതഗതിയിൽ സഫലമായി.

ഉറക്കം, ഇപ്പോഴും നീരസത്തിൽ തന്നേയാണ്. അയാൾ, മെല്ലെയെഴുന്നേറ്റു. ഭാര്യയുടെ ഉലഞ്ഞഴിഞ്ഞ ഉടുപുടവകളേ തെല്ലു ശരിയാക്കിയിട്ട്, അകത്തളത്തി ലൂടെ നടന്നുവന്ന്, ഉമ്മറവാതിൽ തുറന്നു, പൂമുഖത്തു വന്നു നിന്നു. കട്ടിലിൽ, തെല്ലു മുൻപത്തേ പരാക്രമങ്ങൾക്കിടയിൽ താഴെ വീണുപോയ വിലകൂടിയ മൊബൈൽ ഫോണിനേയും, എടുത്ത് കൂടെ കൂട്ടി.

പൂമഖത്തെ ചാരുപടിയിൽ അയാളിരുന്നു. കുംഭത്തിലെ രാത്രിയ്ക്കു, നേർത്ത ചൂടായിരുന്നു. Bഹൈമാസ്ക് വെളിച്ചത്തിന്റെ പ്രഭയിൽ, നിലാവ് നിറംകെട്ടു പോയിരിക്കുന്നു. എവിടേ നിന്നോ വന്ന്, എങ്ങോട്ടോ മറയുന്ന വാഹനങ്ങളാൽ സമൃദ്ധമായ റോഡ്. ഈ പാതിരാവിലും, നിരത്തിൽ എന്തുമാത്രം വാഹനങ്ങളാണ്. ഇത്ര തിരക്കിൽ, ഇവ എങ്ങോട്ടാണ് പോയ് മറയുന്നത്? നിലവിളി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഒരാംബുലൻസ് കടന്നു പോകുന്നു. എങ്ങോട്ടാ യിരിക്കും, അതു പാഞ്ഞു പോകുന്നത്?Nഒരു കാര്യം തീർച്ചയാണ്, ആരുടേയോ തിരക്കിന് വിരാമമായിരിക്കുന്നു. ഉൾക്കണ്ണിൽ കാണാം, കറുത്ത നിരത്തിനെ ചെഞ്ചു വപ്പണിയിച്ച രു ധിരപുഷ്പങ്ങളെ.

മൊബൈൽ ഫോൺ തുറന്നു. അതിലേതോ ഒരു ഫോൾഡറിലേക്ക്, വിരലുകൾ നീങ്ങി. ഒരൊറ്റ വിരൽ സ്പർശത്തിൽ ഫോൾഡർ തുറന്നു. തെളിയുകയായി, ചിത്രങ്ങൾ. ഗ്രാമത്തിലേ പാടശേഖരത്തിന്നരികിലുണ്ടായിരുന്ന, ആ ഓടുവീടിന്റെ ഡിജിറ്റൽ രേഖപ്പെടുത്തലുകൾ. ഓരോ ചിത്രവും, നേർക്കാഴ്ച്ചകളായി പുനർജ്ജനിച്ചു. ഏഴരയിഞ്ചു സ്ക്രീനിൽ നിന്നും, ഹൃദയത്തിന്റെ വിശാലമായ വെള്ളിത്തിരയിലേക്ക്, ഏറെ, വ്യക്തമായി.

ഓടുമേഞ്ഞ വീട്, ചായ്പ്പും, ചെറുമുറികളുമുള്ള വീട്. ഒരു മുറി, ഗുരുകാരണവന്മാരും ദൈവങ്ങളും അധീനതയിലാക്കിയിരിക്കുന്നു. സന്ധ്യ കളിലും പുലരികളിലും ദൈവങ്ങളുടെ അറയിൽ നിന്ന് തിരിവെട്ടവും, ധൂപസുഗന്ധവും ഉയർന്നു. മഴയിലും മഞ്ഞിലും, ഒരു പോലെ വിറങ്ങലിച്ച ചായ്പ്പ്.
രാമഴയിൽ, ദേഹത്തേ തേടിവരുന്ന വർഷപ്പിശറുകൾ. പുതപ്പും, പിൽക്കാലത്ത് സ്വന്തം ശ്രീമതിയും തണുപ്പിന്നറുതി തന്നു. മഞ്ഞുകാലങ്ങളിൽ, അടുക്കളയിലെ ചെറിയ അലമാരയിലെ കുപ്പിയിലിരുന്നു ഉറഞ്ഞുകൂടിയ വെളിച്ചെണ്ണ. അടുപ്പിലെ ചൂടിനോട് ചേർത്തു പിടിക്കുമ്പോൾ കാണാം, മെല്ലെ ഉരുകിയൊഴുകുന്നത്.

ഉമ്മറത്തേ ചുവരിൽ, ഏറെക്കാലം തൂങ്ങി നിന്ന ആ പഴയ കലണ്ടർ. കുഞ്ഞുടുപ്പിട്ട മാമാട്ടിക്കുട്ടിയമ്മ കൈകൾ പുറകിൽ കെട്ടി തല ചെരിഞ്ഞു നോക്കുന്നു. ഒപ്പം, ഭഗവദ്ഗീതയുടെ പടമുള്ള ചന്ദ്രികസോപ്പിന്റെ പരസ്യമുള്ള മറ്റൊന്നും മുത്തച്ഛന്റേയും, മുത്തശ്ശിയുടേയും ഓർമ്മച്ചിത്രങ്ങൾ, വാടാത്ത കടലാസു പൂക്കളാൽ ചമയിക്കപ്പെട്ട് ഭിത്തിയിൽ തൂങ്ങി നിന്നു. അതിനു മപ്പുറത്ത്, അച്ചന്റെയും അമ്മയുടെയും വിവാഹമംഗളപത്രവുമുണ്ടായിരുന്നു.

ഇടവപ്പെയ്ത്തിൽ, രാത്രിയെ കുളക്കോഴികളും വലിയ തവളകളും ശബ്ദമുഖരിതമാക്കി. പകലിൽ, അത് മുളംതത്തകളും ചെമ്പോത്തുകളും ഏറ്റെടുത്തു. ഉമ്മറമുറ്റത്ത്, ഇളംവെയിൽ കൊണ്ട്, ഒരു മഞ്ഞച്ചേര മിഴികളടച്ചു കിടന്നു. അതുവഴി പോയ തള്ളപ്പിടയും കുട്ടികളും ആ ഉറക്കത്തിനെതിരെ കൊക്കിവിളിച്ച് ബഹളമുണ്ടാക്കി മഞ്ഞച്ചേര തൊടിയ്ക്കപ്പുറത്തേ കമ്മ്യൂണിസ്റ്റു പച്ചക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞകന്നു മറഞ്ഞു.

ഉമ്മറത്തു നിന്ന കാശിത്തുമ്പയിലെ കായ്കൾ, മൂത്തുമുരടിച്ചു സ്വയം പൊട്ടിത്തെറിച്ചു. മുറ്റത്തെയാകെ മഞ്ഞയണിയിച്ചു കോളാമ്പിപ്പൂക്കളൂർന്നു വീണു. വിരഹത്തിലലയുന്ന, ചിത്രശലഭങ്ങൾ.Nആവണികൾ തോറും, വെളുക്കേച്ചിരിച്ച നാട്ടിടവഴിയിലേ പൂത്തുമ്പകൾ. ഓരോ ഡിസംബർ രാത്രികളിലും, തൊടിയിലെ ഹരിതങ്ങൾക്കിടയിൽ, നക്ഷത്ര വിളക്കുകൾ കൊളുത്തിയ മിന്നാമിനുങ്ങുകൾ. വടക്കേ മൂലയിയിലെ പാലമരത്തേ ഇറുകേപ്പുണർന്ന, പൂത്തുലഞ്ഞ മുല്ലപ്പടർപ്പ്. രാവു മുഴുവൻ സുഗന്ധം പരത്തിയ ഈഴച്ചെമ്പകങ്ങൾ. നന്മ വിളഞ്ഞ, അയൽപക്കബന്ധങ്ങൾ.

വീണ്ടും, ചിന്തകൾ വഴിമാറി; എത്രയോ നേരമായി, പൂമുഖത്തേ ഇരുപ്പു തുടരുന്നു. എഴുന്നേറ്റു, Bവാതിലുകൾ ചാരി, കിടപ്പുമുറിയിലേക്ക് നടന്നു. പുലരിയെത്താൻ, ഇനിയും ഏറെ ബാക്കിയുണ്ട്. അവൾ, ശാന്തമായി ഉറങ്ങുകയാണ്. മെല്ലെ, അരുകിൽ കിടന്നു. പാതിയുറക്കത്തിൽ, അവൾ പതിവുപോലെ അയാളുടെ കൈത്തണ്ടയേ, തലയിണയാക്കി. അയാളുടെ നെഞ്ചിൽ മുഖ മമർത്തിക്കിടന്നു..നെഞ്ചിൽ പതിച്ച ഉച്ചാസത്തിന്റെ ഊഷ്മളതയിൽ, അയാൾ നിദ്രയെ കാത്തു, മിഴികൾ ഇറുക്കിയടച്ചു കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *