ഒരു മീൻ വിൽപ്പനക്കാരന്റെ പ്രണയം..
എഴുത്ത്:-ബഷീർ ബച്ചി
ഞാനൊരു മീൻ കച്ചവടക്കാരനായിരുന്നു..
പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു എന്റെ വാപ്പ അറ്റാക്ക് വന്നു എന്നേയും മൂന്ന് സഹോദരിമാരെയും ഉമ്മയെയും തനിച്ചാക്കി ഈ ലോകം വിട്ടു പോയത്.
ജീവിതം ഒരു ചോദ്യ ചിഹ്നമായി മുന്പിൽ നിന്നപ്പോൾ പഠനം ഉപേക്ഷിച്ചു വാപ്പയുടെ കച്ചവടം ഞാൻ ഏറ്റെടുത്തു.
ഗുഡ്‌സ് ഓട്ടോ എടുത്തു പുലർച്ചെ നാലുമണിക്ക് മാർക്കറ്റിൽ പോയി മീൻ എടുത്തു ലൈനിൽ വിൽപ്പന നടത്തും..
ആദ്യത്തെ ഒരു പകപ്പ് മാറിയതോടെ ജീവിതം വീണ്ടും ട്രാക്കിലായി.. ഏകദേശം ആറു വർഷങ്ങൾ.. രണ്ടു സഹോദരിമാരുടെ കല്യാണം കഴിഞ്ഞു..
പതിവ് പോലെയുള്ള കച്ചവടത്തിന് ഇടയിലാണ് ഞാൻ പോകുന്ന ലൈനിൽ ഒരു പുതിയ വീട്ടിൽ താമസക്കാർ വന്നത് ശ്രദ്ധിച്ചത്.. ഞാനൊന്ന് ഹോൺ നീട്ടിയടിച്ചു…
ഇരുപത് ഇരുപത്തിരണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ആ വീട്ടിൽ നിന്ന് മത്സ്യം വാങ്ങാൻ ഇറങ്ങിവരുന്നത് ഞാൻ കണ്ടു.
ഗോതമ്പിന്റ നിറം.. നല്ല ഓമനത്തം തോന്നിക്കുന്ന മുഖം അത്യാവശ്യം ആകാരഭംഗിയും..ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.. ഇത് വരെ ആരോടും തോന്നാത്തൊരു എന്തോ ഒരിഷ്ടം..
അപ്പോഴാണ് അവൾ നടന്നു വരുമ്പോൾ ഒരു കാല്പത്തി ചെരിഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. നടക്കുമ്പോൾ മുടന്ത് പോലെ.. അവൾ വന്നു വേഗം മത്സ്യം വാങ്ങി തിരിച്ചു പോയി.. ഞാൻ ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല..
അന്ന് മുഴുവൻ എന്റെ മനസ്സിൽ ആ മുഖമായിരുന്നു. ആ കാലിന്റെ ന്യൂനത എനിക്കൊരു പ്രശ്നമായി തോന്നിയില്ല.. പക്ഷെ എന്നെ അവൾക്കു ഇഷ്ട പ്പെടുമോ എന്നുള്ളൊരു ചിന്ത മനസിനെ അലട്ടി..
ഒരു മീൻവിൽപ്പനക്കാരൻ..
വിവാഹകമ്പോളത്തിൽ തീരെ വിലയില്ലാത്തവൻ…
പിന്നെയെന്നും അവൾ മത്സ്യം വാങ്ങാൻ എന്റെയരികിൽ വരും..ഒന്ന് പരിചയമായി തോന്നിയതോടെ അവളുടെ പേര് ചോദിച്ചു.
ആയിഷ.. ആയിഷത്തുൽ അസ്മാ..
നല്ല അടിപൊളി പേരാണല്ലോ.. അവൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. പതിയെ അവളുടെ വീട്ടുകാരെ പറ്റി ചോദിച്ചറിഞ്ഞു.. ഉമ്മ അവളുടെ ചെറിയ പ്രായത്തിൽ മരിച്ചു പോയതാണെത്രെ..ഉപ്പ മറ്റൊരു വിവാഹം കഴിച്ചു ആ ഭാര്യയുടെ കൂടെ വേറെ എവിടെയോ താമസമാണെന്നും അവൾ പറഞ്ഞു.. പിന്നെ എന്റെയൊരു സുഹൃത്ത് മുഖേനെ അവളുടെ കാര്യങ്ങൾ എല്ലാം ഞാൻ മനസിലാക്കി..
ഒരു ഏട്ടൻ ഉണ്ട് യൂണിയന്റെ കീഴിൽ മണൽ വാരൽ തൊഴിലാളിയാണ്.. ഏട്ടന്റെ ഭാര്യയും ചെറിയ കുഞ്ഞും അവളും ഒരു അനിയനുമാണ് ആ വീട്ടിൽ താമസം.. ഏട്ടൻ പുതിയതായ് എടുത്ത വീടാണ്.. ചെറുപ്പത്തിൽ അമ്മാവന്റെ വീട്ടിലാ യിരുന്നു താമസം..
പിന്നെ അവിടുത്തെ അവഗണനകൾ സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഏട്ടൻ അവരെയും കൂട്ടി ഒരു വാടക വീടെടുത്ത് താമസമാരംഭിച്ചു..ഒരു അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ കൂട്ടി. അധ്യാനിച്ചു സ്വന്തമായി ഇപ്പോൾ ഒരു വീട് പണിതു. ആയിഷ ഇപ്പോൾ ഒരു വുമൺസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു.
പിന്നെയെന്നും തമ്മിൽ കാണുമ്പോൾ അവളൊരു പുഞ്ചിരി സമ്മാനിക്കും..
പതിയെ തമാശകൾ പറയാനും സൗഹൃദപരമായും അവളോട് ഞാൻ പലതും സംസാരിച്ചു തുടങ്ങി.. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടെലെടുത്തു.. പക്ഷെ മനസിലെ ഇഷ്ടം അവളോട് തുറന്നു പറയാൻ എനിക്ക് ഭയമായിരുന്നു..
അവളുടെ കാലിന്റെ മുടന്ത് അവൾക്കൊരു അപകർഷതാബോധം നൽകിയിട്ടുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു അവളുടെ സംസാരത്തിൽ നിന്നും..
പിന്നെയൊരു ദിവസം അവൾ മ്ലാനമായ മുഖത്തോടെ നില്കുന്നത് കണ്ടു.. മനസ്സിൽ എന്തൊക്കൊയോ സങ്കടം നിറഞ്ഞ പോലെ.. എന്ത് പറ്റി.. മുഖം വല്ലാതെയിരിക്കുന്നല്ലോ.. ഒന്നുമില്ല.. അവൾ തലതാഴ്ത്തി.. എന്താണെങ്കിലും പറ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരവും കാണുമല്ലോ..
എന്നെ ഇന്നൊരാൾ കാണാൻ വരുന്നുണ്ട്. അവൾ പതിയെ പറഞ്ഞു അത് കേട്ടതോടെ എന്റെ മനസ്സിലൊരു ആധി നിറഞ്ഞു..ആരാ വരുന്നത്.. എന്റെ ശബ്ദം ഇടറിയതും മുഖം വല്ലാതെയായതും കണ്ടു അവൾ എന്റെ മുഖത്തേക്ക് നോക്കി.. അവളെന്തോ പ്രതീക്ഷിക്കുന്നത് പോലെ.. അറിയില്ല..
ഒരു കുഞ്ഞുള്ള ഒരാളാണ്.. ഭാര്യ മരിച്ചു പോയതാണത്രേ.. ഞാനൊരു മുടന്തിയല്ലേ.. ഇങ്ങനെയുള്ള ആലോചനകൾ ആണ് ഇപ്പോൾ വരാറുള്ളത്.. എന്റെ ഇക്കാക്ക കുറെ ആലോചനകൾ നോക്കി. പക്ഷെ എന്റെ മുടന്ത് കണ്ടിട്ട് ആർക്കും ഇഷ്ടമായില്ല..ഇത് ചിലപ്പോൾ നടക്കുമായിരിക്കും.. പോട്ടെ..
അതും പറഞ്ഞു അവൾ മത്സ്യം വാങ്ങി തിരിഞ്ഞു നടന്നു.
അയിഷാ…. ഞാൻ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..
ഞാൻ കല്യാണം കഴിച്ചോട്ടെ നിന്നെ..
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ചോദിച്ചു. അവൾ ഞെട്ടുന്നതും ആ മുഖം സന്തോഷം കൊണ്ട് വിടരുന്നതും ഞാൻ കണ്ടു..
എനിക്കിഷ്ടമാണ് നിന്നെ ഒരുപാട്.. ഇപ്പോൾ തുടങ്ങിയ ഇഷ്ടമല്ല.. നിന്നെ കണ്ട അന്ന്മുതലുള്ള ഇഷ്ടമാണ്.. ഇത്രയും കാലം പറയാതിരുന്നത് നിനക്ക് ഇഷ്ട്ട മാകുമോ എന്നൊരു ഭയം കൊണ്ടാ.. എന്റെ ജോലിയും ഇപ്പോഴത്തെ പെൺ കുട്ടികൾക്കു ഇഷ്ടമാവില്ല.. നിനക്ക് എന്നെ ഇഷ്ടമാകുമെങ്കിൽ ഞാൻ വീട്ടിൽ വന്നു ചോദിക്കട്ടെ.. നിന്റെ കാലിന്റെ ന്യൂനത എനിക്കൊരു പ്രശനമല്ല. ശരിക്കും ഇഷ്ടമായിട്ടാണ്..
അവൾ എന്റേയരികിലേക്ക് തിരിച്ചു വന്നു.. എനിക്കും ഇഷ്ടമാണ് എന്റെ മുടന്ത് കണ്ടിട്ട് ഇഷ്ടമാകില്ലാന്നു കരുതിയിട്ടാ ഞാൻ.. അവൾ പതിയെ പറഞ്ഞു..
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..
പെട്ടന്ന് ഒരാവേശത്തിൽ ചേർത്ത് പിടിച്ചു നെറുകയിൽ ഒരുമ്മ നൽകി ഇടവഴി റോഡ് ആണെന്ന് പോലുമോർക്കാതെ…
പരിഭ്രമത്തോടെ അവൾ ചുറ്റും നോക്കിക്കൊണ്ട് കുറച്ചു പിന്നിലേക്ക് മാറി..
സോറി… ഞാൻ എന്റെ സന്തോഷം കൊണ്ട് അറിയാതെ..
ഞാൻ വിക്കി..
അവളുടെ മുഖത്തേക്ക് നാണം ഇരച്ചു വരുന്നതും ചിരി പടരുന്നതും കണ്ടു..
ഞാൻ പോകുവാ.. അതും പറഞ്ഞു അവൾ വേഗം തിരിഞ്ഞു നടന്നു.. ഇടക്ക് അവൾ പിന്തിരിഞ്ഞു നോക്കി.. ആ മുഖത്ത് സന്തോഷവും നാണവും കൂടി കലർന്നൊരു പുഞ്ചിരിയുണ്ടായിരുന്നു..
അന്ന് വൈകുന്നേരം തന്നെ അവളുടെ ഇക്കയെ കണ്ടു എന്റെ ഇഷ്ടം അറിയിച്ചു.. അവൾക്കു എന്നോടുള്ള ഇഷ്ടവും..
ഇടക്ക് വല്ലപ്പോഴും എന്നേ കാണാറുള്ളത് കൊണ്ട് പരിചയപെടുത്തേണ്ട ആവിശ്യമില്ലായിരുന്നു..
അവളുടെ ഇഷ്ടമാ എന്റെയും ഇഷ്ടം.. കരയിപ്പിക്കരുത് അവളെ ഒരിക്കലും. ആ വാക്ക് തന്ന മതി.. ന്റെ ജീവനാ അത്…
ആ ഇക്കയുടെ മനസിലുള്ളിലുള്ള സ്വന്തം പെങ്ങളോടുള്ള അഗാധമായ സ്നേഹവും വാത്സല്യവും എനിക്ക് മനസിലായി..
ഒരിക്കലും ഞാൻ കാരണം അവൾ കരയില്ല.. അത്രക്ക് ഇഷ്ടം ആയിട്ട് തന്നെയാ സഹതാപം കൊണ്ട് തോന്നിയതല്ല.. ഞാൻ മറുപടി പറഞ്ഞു..
(വീണ്ടും ആറു വർഷങ്ങൾ… ഇന്ന് അവർക്ക് രണ്ടു കൺമണികൾ.. ഒരാണും പെണ്ണും.. ഉമ്മയുടെ സ്നേഹം അറിയാത്ത അവളെ അവന്റെയുമ്മ സ്വന്തം മകളെ പോലെ സ്നേഹിക്കുന്നു.. അയിഷയും അൻവറും ഇപ്പോഴും തീവ്രമായിതന്നെ പ്രണയിച്ചു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു. )
പലരുടെയും ജീവിതങ്ങളാണ് എഴുത്തിൽ പകർത്തുന്നത്. പോരായ്മകൾ ഉണ്ടാകാം..
ശുഭം