Story written by Saji Thaiparambu
അതെങ്ങനെ ശരിയാവും വല്യേട്ടാ .. മീനു, നന്ദൻ്റെ പെണ്ണാണെന്നല്ലേ, ചെറുപ്രായം മുതലേ കുട്ട്യോളോട് നമ്മൾ പറഞ്ഞ് വച്ചിരിക്കുന്നത്, എന്നിട്ടിപ്പോൾ, അവളുടെ ഇളയവളായ വൈദേഹിയെ മതിയെന്ന് പറഞ്ഞാൽ ,മീനാക്ഷിയോട് ഞാനെന്ത് സമാധാനം പറയും
ശോഭ, തൻ്റെ വല്യേട്ടനായ വാസുദേവനോട് ചോദിച്ചു.
അങ്ങനെ, പണ്ട് പലതും പറഞ്ഞിട്ടുണ്ടാവും, എന്ന് വച്ച് ഇപ്പോൾ അതും പറഞ്ഞോണ്ടിരിക്കാൻ പറ്റുമോ? ശോഭേ .. നന്ദു ഇപ്പോൾ പഴയ ആളല്ല. അവൻ നല്ല ഒന്നാം തരം സർക്കാർ ജോലിക്കാരനാ, നീ തന്നെ പറ ,അവനോടൊപ്പം ജീവിക്കാൻ യോഗ്യതയുള്ളത്, കഴിഞ്ഞ ദിവസം ടീച്ചറായി ജോലിക്ക് കയറിയ വൈദേഹിക്കാണോ? അതോ പത്താം ക്ളാസ്സ് തോറ്റതിന് ശേഷം, അടുക്കളയിലെ കരിയും പുകയും കൊണ്ട് കരിവാളിച്ച് പോയ, മീനാക്ഷിക്കാണോ? എൻ്റെ മോന് വേറെ ജോലിക്കാരായ പെൺകുട്ടികളെ കിട്ടാഞ്ഞിട്ടല്ല, ഭർത്താവില്ലാതെ രണ്ട് പെൺകുട്ടികളുമായി കഴിയുന്ന എൻ്റെ സഹോദരിക്ക്, കുറച്ച് ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ
തൻ്റെ ആങ്ങളയുടെ സംസാരത്തിലെ മുന്നറിയിപ്പ് ശോഭയെ പരിഭ്രാന്തയാക്കി.
അത് പിന്നെ വല്യേട്ടാ… മൂത്തവളെ നിർത്തിയിട്ട്, ഇളയവളെ കെട്ടിച്ച് വിട്ടാൽ നാട്ട്കാരെന്ത് പറയും?
നാട്ട്കാരോട് പോയി പണി നോക്കാൻ പറയെടീ , നിനക്കങ്ങനെ ഒരു വിഷമമുണ്ടെങ്കിൽ, ഈ കല്യാണം കഴിഞ്ഞിട്ട്, പിറ്റേ വർഷം തന്നെ നല്ല ഒരു കൂലി പണിക്കാരനെ കണ്ട് പിടിച്ച്, മീനാക്ഷിയുടെയും കല്യാണം, നമുക്ക് ഗംഭീരമായി നടത്താം എന്താ പോരേ?
അത് തെറ്റില്ലാത്ത ഒരു തീരുമാനമാണെന്ന്, ശോഭയ്ക്ക് തോന്നി ,മക്കൾ രണ്ട് പേരും തനിക്ക് ഒരു പോലെയാണ്, നന്ദു തൻ്റെ ആങ്ങളയുടെ മോനായത് കൊണ്ട് മാത്രമല്ല ,ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണവനെ, യാതൊരു ദു:ശ്ശീലങ്ങളുമില്ലാതെ വളർന്ന്, ഒരു ചെറുപ്പക്കാരനായ് അവൻ ഉദ്യോഗം വാങ്ങിയപ്പോൾ, അത് തൻ്റെ മീനാക്ഷിയുടെ ഭാഗ്യമാണെന്ന് കരുതി ഒത്തിരി സന്തോഷിച്ചു. പക്ഷേ ജോലിയും പഠിപ്പുമില്ലാത്ത, അവൾക്ക് പകരം വൈദേഹിയെ മതിയെന്ന് പറയുമ്പോൾ, തനിക്ക് മറുത്ത് പറയാനും കഴിയില്ല, കാരണം രണ്ട് പേരും, രണ്ട് കണ്ണുകൾ പോലെ തനിക്ക് പ്രിയപ്പെട്ടവരാണ്.
പൂമുഖത്തെ സംസാരമെല്ലാം അകത്ത് നിന്ന മീനാക്ഷി കേൾക്കുന്നുണ്ടായിരുന്നു,
അമ്മാവൻ്റെ തീരുമാനം തന്നെയായിരിക്കുമോ നന്ദേട്ടൻ്റെതും , തന്നെ പോലൊരു പൊട്ടി പെണ്ണിനെക്കാൾ നല്ലത്, വിദ്യാഭ്യാസവും വിവരവുമുള്ള ഒരു ടീച്ചറ് തന്നെയാണെന്ന് അദ്ദേഹത്തിനും തോന്നിക്കാണും
നന്ദേട്ടനോട് തനിക്ക് പ്രണയമായിരുന്നില്ല, അതിനുമപ്പുറം ഒരു തരം ആരാധനയായിരുന്നു, പഠിപ്പ് കൊണ്ടും സൗന്ദര്യം കൊണ്ടും, തന്നെക്കാൾ ഒരു പാട് ഉയരെയായിരുന്ന നന്ദേട്ടനോടുള്ള ആരാധന ,പക്ഷേ നേരിൽ കാണുമ്പോൾ പേടിയായി മാറുമായിരുന്നു .
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നന്ദേട്ടനെ, വെക്കേഷന് മാത്രമേ മീനാക്ഷി കാണാറുണ്ടായിരുന്നുള്ളു , വീട്ടിലെത്തിയാൽ തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് ,അവൻ ഇടയ്ക്കിടെ കയറി വരും, മീനാക്ഷിയോടും, വൈദേഹിയോടും മുറച്ചെറുക്കനാണെന്ന സ്വാതന്ത്ര്യം കാണിക്കാതെ ,എപ്പോഴും ഒരകലം പാലിച്ച് നില്ക്കാൻ ,അയാൾ ശ്രദ്ധിച്ചിരുന്നു, ചലപില സംസാരിക്കുന്ന വൈദേഹിയോട്, തമാശ പറഞ്ഞിരിക്കുന്ന നന്ദുവിന്, ചായകൊണ്ട് കൊടുക്കുമ്പോൾ, മീനാക്ഷിയുടെ കൈകൾക്ക് എപ്പോഴും ഒരു വിറയലുണ്ടായിരുന്നു, അതവൾക്ക് നന്ദനോട് പ്രണയമുള്ളത് കൊണ്ടാണെന്ന്, ഉള്ളിലിരുന്നാരോ പറയുന്നതായി തോന്നുമ്പോഴെ, തൻ്റെ മനസ്സിനെ അവൾ വിലക്കുമായിരുന്നു, യോഗ്യനായ നന്ദേട്ടന്, താൻ ഒരിക്കലും ചേരില്ലെന്ന് ,പക്ഷേ ഇപ്പോൾ അമ്മാവൻ അങ്ങനെയൊക്കെ പറഞ്ഞിട്ട്, അമ്മയുടെ സമ്മതവും വാങ്ങി പോയപ്പോൾ, നെഞ്ചിനുള്ളിൽ സങ്കടത്തിൻ്റെ ഒരു ഉറവ പൊട്ടിയൊലിച്ച് വരുന്നതായി, അവൾക്ക് തോന്നി.
പാടില്ല, നന്ദേട്ടനെ തനിക്ക് വിധിച്ചിട്ടില്ല ,അയാൾ തൻ്റെ പ്രിയപ്പെട്ട അനുജത്തിക്കുള്ളതാണ് ,പണ്ട് മുതലേ താനങ്ങനെയായിരുന്നല്ലോ? തനിക്ക് വാങ്ങുന്ന കളിപ്പാട്ടവും ചോക്ളേറ്റും കൂടി, താനവൾക്ക് കൊടുക്കുമായിരുന്നു, അത്രയ്ക്ക് ഇഷ്ടമാണ് തനിക്കവളെ, ഇതും അത് പോലെ താനവൾക്ക് വിട്ട് കൊടുക്കും.
നന്ദേട്ടനും വൈദേഹിയും തമ്മിലാണമ്മേ.. ഒന്നാകേണ്ടത്, അല്ലേലും, എനിക്കിപ്പോഴെ കല്യാണമൊന്നും വേണ്ട, ഞാനെൻ്റെ അമ്മയോടൊപ്പം കുറച്ച് നാള് കൂടെ ജീവിച്ചോട്ടെ
അമ്മ അവളുടെ അരികിലെത്തി, സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പേ മീനാക്ഷി ,അമ്മയോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
പക്ഷേ ,മകളുടെ ആ പുഞ്ചിരിക്ക് കണ്ണീരിൻ്റെ നനവും, വാക്കുകളിൽ ഗദ്ഗധവും നിറഞ്ഞിരിപ്പുണ്ടെന്ന്, ആ അമ്മയ്ക്ക് മനസ്സിലായിരുന്നു .
നിനക്കും കിട്ടും മോളെ.. നിന്നെ മനസ്സിലാക്കാൻ കഴിയുന്ന നല്ലൊരു പയ്യനെ ,അത് അമ്മ കണ്ടെത്തിത്തരും
മകളെ സമാധാനിപ്പിക്കാനെന്നോണം ശോഭ പറഞ്ഞു.
അങ്ങനെ രണ്ട് മാസത്തിന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ നന്ദൻെറയും ,വൈദേഹിയുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയായി.
ഇതിനിടയിൽ ജോലി സ്ഥലത്ത് നിന്ന് നന്ദനും, വൈദേഹിയും ഇടയ്ക്കിടെ വീട്ടിൽ വരുമ്പോൾ, മറ്റുള്ളവർ കേൾക്കാതെ മാറി നിന്ന് പരസ്പരം സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത്, അടുക്കളയുടെ വെൻ്റിലേഷനിലൂടെ മീനാക്ഷി കാണുന്നുണ്ടായിരുന്നു, എന്തൊരു ചേർച്ചയാണ് അവര് തമ്മിൽ ,അവർ പരസ്പരം മനസ്സിലാക്കിയവരാണ്, അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാതെ, ഒഴിഞ്ഞ് മാറിയ ,തൻ്റെ തീരുമാനം ശരിയായിരുന്നെന്ന്, അവൾ ഒരിക്കൽ കൂടി മനസ്സിനെ ബോധ്യപ്പെടുത്തി.
രണ്ട് മാസം പെട്ടെന്ന് പോയി, കല്യാണ ദിവസമെത്തി ,തലേ ദിവസത്തെ റിസപ്ഷനും കഴിഞ്ഞ്, പാതിരാത്രിയായപ്പോഴാണ് മീനാക്ഷിയും, വൈദേഹിയും ഉറങ്ങാനായി കയറിയത്, പിറ്റേന്ന് അഞ്ച് മണിക്ക് ഉണർന്ന ശോഭ, മക്കളെ വിളിച്ചുണർത്തി.
രണ്ട് പേരും കുളിച്ച് ശുദ്ധിയായി അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചിട്ട് വാ ,മുഹൂർത്തം ഒൻപതരയ്ക്കാ, നിങ്ങള് വന്നിട്ട് വേണം, ബാക്കിയുള്ള ഒരുക്കങ്ങളോക്കെ നടത്താൻ
ശോഭ ധൃതിവച്ചു.
കുളി കഴിഞ്ഞ് ആറ് മണിയോടെ, രണ്ട് പേരും അമ്പലത്തിലെത്തി.
ചേച്ചി ഇവിടെ നിന്ന് പ്രാർത്ഥിക്ക് ഞാൻ കമ്മിറ്റി ഓഫീസിൽ പോയി പൂജയ്ക്കുള്ള പൈസയടച്ച് രസീത് വാങ്ങിയിട്ട് വരാം
വൈദേഹി പോയപ്പോൾ ,മീനാക്ഷി നടയിൽ നിന്ന് കൊണ്ട് ,കണ്ണടച്ച്
അനുജത്തിക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു.
ഏറെ നേരം കഴിഞ്ഞിട്ടും ,രസീത് വാങ്ങാൻ പോയ വൈദേഹിയെ കാണാതെ ,മീനാക്ഷി കമ്മറ്റി ഓഫീസിലേക്ക് നടന്നു.
പക്ഷേ, അവിടെ ചെന്നപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.
പരിഭ്രമത്തോടെ ,മീനാക്ഷി അനുജത്തിയെ അന്വേഷിച്ച് അമ്പലത്തിന് വലംവച്ചു.
നിരാശയായിരുന്നു ഫലം.
എന്താ കുട്ടീ .. എന്താ ഇവിടെ നില്ക്കുന്നത്?
ഒറ്റയ്ക്ക് നില്ക്കുന്ന മീനാക്ഷിയോട് ,തൊഴാനെത്തിയ അയൽപക്കത്തെ സരസ്വതി ചോദിച്ചു.
അത് … വൈദേഹി എൻ്റെ കൂടെ വന്നതാണ് ,ഇപ്പോൾ കാണാനില്ല
ആ കുട്ടി, ഒരു ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ കയറി പോകുന്നത് കണ്ടല്ലോ ,മോള് വീട്ടിലോട്ട് ചെല്ല്, അവളിപ്പോൾ അവിടെയെത്തിക്കാണും
ങ്ഹേ, തന്നെയിവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് ,അവള് ആരുടെയോ ബൈക്കിൽ കയറി പോയെന്നോ? വിശ്വസിക്കാൻ പറ്റുന്നില്ല , ചിലപ്പോൾ തന്നെ കാണാഞ്ഞിട്ട് പോയതായിരിക്കും, എന്തായാലും വീട്ടിൽ ചെന്നിട്ട് അവളെ നല്ല രണ്ട് ചീത്ത പറയണം, കുറച്ച് നേരം കൊണ്ട്, മനുഷ്യൻ ആകെ വിഷമിച്ച് പോയി.
മീനാക്ഷി വേഗം വീട്ടിലേക്ക് നടന്നു.
അവളെന്തിയേടി.. എത്ര നേരമായി നിങ്ങള് പോയിട്ട് ,ബ്യൂട്ടീഷൻ വന്നിട്ട് അവളെ തിരക്കുവാ?
തന്നെ കണ്ടപ്പോഴുള്ള അമ്മയുടെ ചോദ്യം, മീനാക്ഷിയെ തളർത്തിക്കളഞ്ഞു.
അപ്പോൾ അവളിങ്ങോട്ടല്ലേ വന്നത്?
മീനാക്ഷി നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു ,അത് കേട്ടതും, ശോഭ അലമുറയിട്ടു കരഞ്ഞു.
പെങ്ങളുടെ വീട്ടിൽ നിന്നും നിലവിളി ഉയരുന്നത് കേട്ട, വാസുദേവനും നന്ദുവും അങ്ങോട്ടോടി വന്നു.
മീനാക്ഷി പറഞ്ഞത് കേട്ട് ,അവർ രണ്ട് പേരും സ്തബ്ധരായി.
നിർത്തെടീ.. നിൻ്റെ കരച്ചില് നീ കഷ്ടപ്പെട്ട് വളർത്തി ഒരു ജോലിക്കാരിയാക്കിയതിൻ്റെ പ്രതിഫലമാണ്, അവൾ നിനക്ക് തന്നിട്ട് പോയത് ,കുറച്ച് കഴിഞ്ഞ് കല്യാണം കൂടാൻ വരുന്നവരോട്, ഞാനെന്ത് സമാധാനം പറയും ,എൻ്റെ മകൻ കെട്ടാനിരുന്ന പെണ്ണ് കണ്ടവൻ്റെ കൂടെ ഒളിച്ചോടി പോയെന്നോ? അതിലും ഭേദം ഞാൻ ആത്മഹത്യ ചെയ്യുന്നതാ ,വന്നത് വന്നു ,ശോഭേ നീ മീനാക്ഷിയെ ഒരുക്ക്, പഠിപ്പും ജോലിയുമില്ലെങ്കിലും, അവളും നന്ദുൻ്റെ മുറപ്പെണ്ണാണ് ,നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ, ഇവരുടെ കല്യാണം നടക്കണം
വാസുദേവൻ കർക്കശമാമൊരു നിലപാടെടുത്തു.
അച്ഛാ… അതിന് മുമ്പ് എനിക്ക് മീനാക്ഷിയോട് തനിച്ച് സംസാരിക്കണം, അവളുടെ സമ്മതം കൂടി അറിയണമല്ലോ? അല്ലാതെ അമ്മാവൻ്റെയും, അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി ,ഒരിക്കലും അവളെ എൻ്റെ ഭാര്യയാക്കാൻ ഞാനുദ്ദേശിക്കുന്നില്ല
നന്ദൻ ഇടയ്ക്ക് കയറി പറഞ്ഞു .
ഉം ശരി, നിങ്ങള് സംസാരിക്ക് പക്ഷേ തീരുമാനം അനുകൂലമായിരിക്കണം, ഞാൻ അപ്പുറത്തോട്ട് പോകുവാ
വാസുദേവൻ പോയിക്കഴിഞ്ഞപ്പോൾ നന്ദു ,മീനാക്ഷിയെയും വിളിച്ചോണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി.
മീനു.., വൈദേഹി എങ്ങോട്ടും പോയിട്ടില്ല ,അവൾ എൻ്റെ കൂട്ടുകാരനൊപ്പം മുഹൂർത്തം കഴിയുന്നത് വരെ ഒന്ന് മാറി നില്ക്കാൻ പോയതാ ,അത് ഞങ്ങളുടെ ഒരു പ്ളാനിങ്ങായിരുന്നു ,
പ്ളാനിങ്ങോ? എന്തിന് എനിക്കൊന്നുo മനസ്സിലാകുന്നില്ല
എടീ പൊട്ടീ .. എനിക്ക് നിന്നെയല്ലാതെ മറ്റൊരാളെയും എൻ്റെ ഭാര്യയായി സങ്കല്പിക്കാൻ കഴിയില്ല, അത് നിന്നെക്കാൾ നന്നായി വൈദേഹിക്കറിയാം, ഇതെങ്ങാനും അച്ഛനോട് പറഞ്ഞാൽ, അച്ഛൻ എനിക്ക് വേറെ കല്യാണാലോചന നടത്തും, അച്ഛൻ ഒരു ബൈപാസ്സ് കഴിഞ്ഞിരിക്കുന്നത് കൊണ്ട്, എനിക്കതിന് സമ്മതിക്കാതിരിക്കാനും കഴിയില്ല, അതറിയാവുന്നത് കൊണ്ടാണ്, ഞാനീ ആലോചന ആദ്യം മുതലേ എതിർക്കാതിരുന്നത്, മുഹൂർത്തം വരെ ഇതിങ്ങനെ കൊണ്ട് പോകാമെന്നും, സമയമാകുമ്പോൾ വൈദേഹി കുറച്ച് നേരത്തേക്ക് മാറി നില്ക്കാമെന്നും, അതിനുള്ളിൽ അവൾ മറ്റൊരാളുമായി ഒളിച്ചോടിയെന്ന വാർത്ത സ്വാഭാവികമായി പരക്കുമെന്നും, അങ്ങനെ ഞാനായിട്ട് നാണക്കേട് ഒഴിവാക്കാൻ നിന്നെ പ്രൊപ്പോസ് ചെയ്യാമെന്നുമുള്ള ബുദ്ധി, വൈദേഹിയാണ് പറഞ്ഞത് പക്ഷെ ,എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല ,അച്ഛൻ തന്നെ എല്ലാം ശുഭമാക്കി തന്നു ,ഈ കാര്യം ഞങ്ങളെ കൂടാതെ നിനക്ക് മാത്രമെ അറിയു
നന്ദു പറഞ്ഞത് കേട്ട് തരിച്ച് നില്ക്കുകയായിരുന്നു മീനാക്ഷി.
പക്ഷേ നന്ദേട്ടാ.. അവൾ തിരിച്ച് വരുമ്പോൾ ,ഇത് ഒരു പ്ളാനിങ്ങായിരുന്നെന്ന് അമ്മാവനറിഞ്ഞാൽ, പിന്നെ എന്താ നടക്കുകയെന്നറിയാമല്ലോ?
അതോർത്ത് നീ പേടിക്കേണ്ട, ഇതാരുമറിയില്ല ,നമ്മുടെ വിവാഹം കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്ന വൈദേഹി പറയാൻ പോകുന്നത്, കല്ല് വച്ചൊരു നുണയാണ് ,എനിക്ക് ആക്സിഡൻ്റായെന്നും പറഞ്ഞ്, ഒരാൾ അവളെ കൂട്ടികൊണ്ട് പോയതായിരുന്നെന്നും, പിന്നീട് അതൊരു ചതിയായിരുന്നു എന്ന് മനസ്സിലാക്കി, രക്ഷപെട്ട് ഓടി വന്നതാണെന്നും, അതിനിടയിൽ തന്നെ കുറിച്ച് അന്വേഷിക്കാതിരുന്ന അച്ഛനെയും, അമ്മായിയെയും അവൾ കുറ്റപ്പെടുത്തി സംസാരിക്കും, അതോടെ നിൻ്റെ അമ്മാവൻ ക്ളോസ്സ് , പിന്നീട് താൻ ചെയ്ത അവിവേകത്തിന്, അവളോട് മാപ്പ് ചോദിച്ചിട്ട്, എൻ്റെ മോനെക്കാൾ നല്ലൊരു പയ്യനെ നിൻ്റെയമ്മാവൻ നിനക്ക് കണ്ടെത്തിത്തരുമെന്ന് പറയുന്നതോടെ, എല്ലാം ശുഭം
അമ്പടാ … ആള് കൊള്ളാമല്ലോ? നന്ദേട്ടൻ ഇവിടെങ്ങും ജനിക്കേണ്ട ആളായിരുന്നില്ല
അവൾ നന്ദൻ്റെ വയറ്റിൽ, ആരും കാണാതെ ഒരു നുള്ള് കൊടുത്തു.
ഇവിടെ ജനിച്ചത് കൊണ്ടല്ലേടീ.. എനിക്ക് നിന്നെപ്പോലൊരു പൊട്ടിപ്പെണ്ണിനെ കിട്ടിയത്
നന്ദു സ്നേഹത്തോടെ അവളുടെ ചെവിയിൽപ്പിടിച്ച് തിരുമ്മി.