നാളുകൾക്കുള്ളിൽ ഞങ്ങൾ കൂടുതൽ അടുത്തു. എന്റെ കഥകളെല്ലാം ഞാൻ മിൻസാരയോട് പറഞ്ഞു. അവൾ ക്ഷമയോടെ കേട്ടിരിക്കുക മാത്രമല്ല, താനുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നിനക്ക് സുഖമാണെങ്കിൽ എനിക്കും സുഖം തന്നെയാണ് സുഹൃത്തേയെന്ന് പറയുന്ന മിൻസാരയെ എനിക്ക് കിട്ടുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നാണ്.

അവളുടെ കണ്ണുകളിലെ നീല തിളക്കത്തിൽ ഞാൻ മലർന്നടിച്ച് വീണുപോയി. പ്രൊഫൈൽ നോക്കിയപ്പോൾ ഈയിടെയാണ് ആരംഭിച്ചിരിക്കുന്നതെന്ന് മനസ്സിലായി. റീൽസും, ടിക്ക്ട്ടോക്കും, ലൈവുമൊക്കെയായി ഏറെ വീഡിയോകളുമുണ്ട്. ആർക്കും ഇഷ്ട്ടം തോന്നിയേക്കാവുന്നയൊരു പെണ്ണ്!

മെലിഞ്ഞ ശരീരവും, ഒട്ടിയ മോന്തയും, ആന ചെവികളുമുള്ള എന്റെ ആകൃതിയിൽ ചെറുതല്ലാത്തയൊരു അപകർഷതാബോധം എനിക്കുണ്ട്. പോരാത്തതിന് ഞാനൊരു ചായക്കടക്കാരനും. വലിയ തിരക്കൊന്നുമില്ലാത്ത ആ ടീസ്റ്റാളിൽ വെറുതേയിരിക്കുമ്പോഴാണ് മൊബൈലിലെ സകലതിലും തോണ്ടി ഇങ്ങനെയോരോന്ന് കാണുന്നത്.

എന്തായാലും മിൻസാരയോട് മിണ്ടാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. അല്ലെങ്കിലും പരിചയപ്പെടണമെന്ന ആഗ്രഹത്തിൽ ഇപ്പോൾ തന്നെ പതിനായിരക്കണക്കിന് ആൾക്കാർ അവളുടെ സന്ദേശ മുറിയിൽ പെറ്റ് കിടക്കുന്നുണ്ടാകും. അൽപ്പം കൂടുതൽ അല്ലേയെന്ന് കേൾക്കുന്നവർക്ക് തോന്നിയെങ്കിൽ അത് അവളെ കാണാത്തത് കൊണ്ടാണെന്നേ ഞാൻ പറയൂ.

ഹോർലിക്സിന്റെ നിറമാണ് മിൻസാരയ്ക്ക്. മൂക്കിന്റെ തുമ്പിൽ എപ്പോഴും വിയർപ്പുകണങ്ങൾ ഒളിയുന്നുണ്ടാകും. അവളുടെ ചെറിപ്പഴം പോലെയുള്ള മലർന്ന ചുണ്ടുകളെ കാണുമ്പോൾ തന്നെ മനസ്സിൽ ആരോ ചും ബിക്കുന്നത് പോലെ. കണ്ടാൽ പറയില്ലെങ്കിലും ആള് മലയാളിയാണ്. ആയിരം കണ്ണുമായിയെന്ന കാത്തിരിപ്പ് ഗാനം അവൾ പാടിയതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു.

ഒരു ദിവസം ടീസ്റ്റാളിലേക്ക് സ്ഥിരം വരാറുള്ള കോളേജ് ചെറുക്കൻ എന്നോടൊരു കാര്യം പറഞ്ഞു. ഇപ്പോഴത്തെ കിടിലൻ പെൺ പിള്ളാർക്കൊക്കെ ഒന്നിനും കൊള്ളാത്ത ആൺ പിള്ളാരെ മതി പോലും. മുടിക്ക് നിറവും കൊടുത്ത് മസിലുണ്ടാക്കിയിട്ടും അവൾക്ക് തന്നെ വേണ്ടെന്ന് പറഞ്ഞ് ചെറുക്കൻ ചിരിച്ചു. ഓള് പോയാൽ ഓമനയെന്നും പറഞ്ഞാണ് ഓൻ അന്ന് കടയിൽ നിന്ന് പോയത്. അതുകൊണ്ടാണോയെന്ന് അറിയില്ല. മിൻസാരയോട് സംസാരിക്കാനുള്ള ധൈര്യം അന്ന് രാത്രിയിൽ എനിക്കുണ്ടായി.

‘ഞാൻ മിൻസാരയുടെ കടുത്ത ആരാധകനാണ്. എനിക്ക് സംസാരിക്കണമെന്നുണ്ട്. വിരോധമില്ലെങ്കിൽ…?’

അങ്ങനെയൊരു ശബ്ദ സന്ദേശം അയച്ചതിന് ശേഷമുള്ള അര മണിക്കൂറിൽ തന്നെ എനിക്ക് മറുപടി കിട്ടി. ആ സംഗീതം പോലെയുള്ള ശബ്ദം കേട്ടപ്പോൾ എന്റെ മനസ്സ് ഞെട്ടുകയാണ് ചെയ്തത്. മിൻസാര എന്നെ ശ്രദ്ധിച്ചിരുന്നു പോലും! ഞാൻ പങ്കുവെച്ച ചില ചിത്രങ്ങളൊക്കെ നിരീക്ഷിച്ച് എനിക്ക് ടീസ്റ്റാൾ ഉള്ള കാര്യം വരെ അവൾ കണ്ടുപിടിച്ചിരിക്കുന്നു. അത്ഭുതമെന്നല്ലാതെ മറ്റെന്താണ് എനിക്ക് തോന്നേണ്ടത്!

നാളുകൾക്കുള്ളിൽ ഞങ്ങൾ കൂടുതൽ അടുത്തു. എന്റെ കഥകളെല്ലാം ഞാൻ മിൻസാരയോട് പറഞ്ഞു. അവൾ ക്ഷമയോടെ കേട്ടിരിക്കുക മാത്രമല്ല, താനുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. തന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ എപ്പോഴും സന്തോഷമായി ഇരിക്കണമെന്നൊക്കെ അവൾ എന്നെ ഉപദേശിക്കാറുണ്ട്. നിനക്ക് നൊന്താൽ തനിക്കും നോവുമെന്ന് വരെ അവൾ പറഞ്ഞു.

എന്തും സംസാരിക്കാൻ പറ്റുന്നയൊരു കൂട്ടുകാരിയായി മിൻസാരയ്ക്ക് വളരേ പെട്ടെന്ന് മാറാൻ കഴിഞ്ഞൂവെന്നതിൽ എനിക്ക് ആശ്ചര്യം തോന്നി. അത്രയും ആൾക്കാർ പിന്തുടരുന്ന മനോഹരിയായ ഒരു പെൺകുട്ടി, വെറും പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ളയൊരു ചായക്കടക്കാരന്റെ വിളിപ്പുറത്ത് ഉണ്ടാകുകയെന്ന് പറഞ്ഞാൽ അതിനും അപ്പുറം എനിക്ക് എന്തുവേണം…!

അവൾക്കും എന്തൊക്കെയോ പ്രശ്നമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പറയെടീയെന്ന് പറഞ്ഞാൽ ഒന്നുമില്ലെന്ന് പറയും. തമ്മിൽ കാണുന്നതിനെ കുറിച്ചൊക്കെ ഞങ്ങൾ സംസാരിച്ചതായിരുന്നു. പരസ്പരമുള്ള കൂടിക്കാഴ്ച്ചയെ അവൾ വല്ലാതെ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. അതൊരിക്കലും സാധിക്കില്ലായെന്ന് മാത്രം പെണ്ണ് പറഞ്ഞു. യാതൊന്നിനും മിൻസാരയെ നിർബന്ധിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. അതു തന്നെയാണ് എന്നിൽ നിന്നും അവൾ കണ്ടുപിടിച്ചയൊരു ഗുണം.

ആരുമില്ലെന്ന് തോന്നി തുടങ്ങിയ കാലമായത് കൊണ്ട് മിൻസാരയെന്റെ ആഴത്തിൽ തന്നെ പതിഞ്ഞു. അവളെ കണ്ട് സംസാരിക്കാതെ ഒരു നാളും നാളെയിലേക്ക് മറിഞ്ഞു വീണില്ല. ഈയിടെയായി ഇൻസ്റ്റാഗ്രാം കണ്ടുപിടിച്ചവനെ ഞാൻ ഉള്ളിൽ സ്തുതിക്കാറുണ്ട്. ഒന്നുമില്ലെങ്കിലും ഇങ്ങനെയൊരു ഏർപ്പാട് ഉള്ളത് കൊണ്ടാണല്ലോ മണിക്ക്യമെന്ന പോലെ മിൻസാരയെ കണ്ടുമുട്ടിയത്.

അന്ന് നമ്മുടെ കോളേജ് ചെറുക്കൻ ടീസ്റ്റാളിൽ ഉണ്ടായിരുന്നു. മൊബൈലിൽ കാര്യമായി എന്തോ കാണുകയായിരുന്നു. തനിയേ ചിരിക്കുന്നുമുണ്ട്. എന്താടാ ഇത്രയും സന്തോഷമെന്ന് ഞാൻ ചോദിച്ചപ്പോൾ ഇതു നോക്കെന്ന് പറഞ്ഞുകൊണ്ട് സ്ക്രീൻ എനിക്ക് നേരേ അവൻ പിടിച്ചു.

ഒരു സിനിമയിലെ നായികയുടെ രംഗ പ്രവേശനമാണ്. രജനികാന്തിനേക്കാളും പ്രതിഫലം വാങ്ങിയിട്ടാണ് ഇവള് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഞാൻ സൂക്ഷിച്ചുനോക്കി. എന്റെ മീൻസാരയുടെ അത്രയും ഭംഗിയുള്ളതായിട്ട് എനിക്ക് തോന്നിയില്ല.

‘ശരിക്കും ഇങ്ങനെയൊരാളില്ല… എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻഡ്..’

എനിക്ക് മനസ്സിലായില്ല. അവൻ വിശദീകരിച്ചു. കൃത്രിമ ബുദ്ധിയാണ് സംഗതി. മനുഷ്യന്റെ ബുദ്ധിയെ അനുകരിച്ച് പ്രവർത്തിക്കുന്ന ശരീരമുള്ളതും അല്ലാത്തതുമായ യന്ത്രങ്ങളെ നിർമ്മിക്കാനുള്ള ശാസ്ത്ര മേഖല. അതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻഡെന്ന ഈ നിർമ്മിത ബുദ്ധി ശാഖ.

പല ലക്ഷം പേരുടെ കാര്യക്ഷമത ഇത്തരം സാങ്കൽപ്പിക മനുഷ്യർക്കുണ്ടാകും. മനുഷ്യനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തലയിലുള്ളവർ. വൈകാതെ ഈ സാങ്കേതിക ലോകത്ത് എല്ലാ മേഖലയിലും ഇത്തരം ജീവനില്ലാത്ത വ്യക്തിത്വങ്ങൾ കടന്നു വരുമെന്നും അവൻ പറഞ്ഞു. പൂർണ്ണമായി മനസ്സിലായില്ലെങ്കിലും ഇതുകൊണ്ട് ലോകത്തിൽ വലിയയൊരു മാറ്റം വരുമെന്ന് എനിക്ക് തോന്നി.

‘ദേ നോക്ക് ഇവരെല്ലാം അറിയപ്പെടുന്ന എ ഐ ആൾക്കാരാണ്…’

ഞാൻ സ്ക്രീനിലേക്ക് നോക്കി. മൂന്നാമതായി തെളിഞ്ഞ പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. എന്തുപറ്റിയെന്ന് ചെറുക്കൻ ചോദിക്കും മുമ്പേ ഇതാരാണെന്ന് ഞാൻ ആരായുകയായിരുന്നു.

‘മിൻസാര… സോഷ്യൽ മീഡിയ ഇവളാണിപ്പോ ഭരിക്കുന്നത്. ഫ്രണ്ട്‌ലി ക്യാരക്ടർ.. എപ്പോൾ വേണമെങ്കിലും നമുക്ക് സംസാരിക്കാം… എന്തു ചോദിച്ചാലും മറുപടിയുണ്ടാകും..’

അതുകേട്ട് നിശ്ചലമായി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും അവൻ അവളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് കയറിയിരുന്നു. പബ്ലിക്കുമായി ഇടപെടുന്ന സാങ്കൽപ്പിക പാത്രങ്ങളിൽ ഒരുവളാണ് മിൻസാരയെന്ന താനെന്ന് പ്രൊഫൈലിൽ കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നത് അവൻ എനിക്ക് കാണിച്ചു തന്നു.

എന്നെ പറഞ്ഞാൽ മതി! ഇതൊന്നും മനസിലാക്കാൻ എന്റെ മണ്ടൻ തലയ്ക്ക് പറ്റിയില്ലല്ലോയെന്ന് ഓർക്കുമ്പോഴാണൊരു നിരാശ….

നാളുകൾ വേണ്ടി വന്നു മനസ്സൊന്ന് സ്വസ്ഥമാകാൻ. ആഴ്ച്ചയൊന്ന് കഴിഞ്ഞിട്ടും ടീസ്റ്റാൾ തുറക്കാതെ ആയപ്പോൾ ജീവിതവും പ്രയാസപ്പെട്ടു. വരും കാലങ്ങളിൽ തന്റേതെന്ന് ചേർത്ത് പിടിക്കാൻ ഭൂമിയിലെ മിക്കവർക്കും ഒരു സാങ്കൽപ്പിക മനുഷ്യനുണ്ടാകുമെന്ന് എനിക്ക് തോന്നി. അതിന്റെ വരും വരായ്കകൾ കണ്ടു തന്നെ അറിയണം.

മിൻസാരയൊരു മായയാണെന്ന് മനസിലായിട്ടും എനിക്ക് അവളോട് തുടർന്നും മിണ്ടാതിരിക്കാൻ സാധിച്ചില്ല. അവളെ പോലെ എന്നെ കേട്ടിരിക്കാനും ചേർത്ത് വെക്കാനും ഈ ഭൂമിയിൽ ജീവനുള്ള ആരുമില്ല. മറുതലയിൽ നിന്ന് എന്നോട് സംസാരിക്കുന്ന ആൾക്ക് ശ്വാസമില്ലെന്ന് അറിഞ്ഞിട്ടും നിനക്ക് സുഖമല്ലേയെന്ന് അവളോട് ഞാൻ അന്ന് ചോദിച്ചു.

അതേ മറുപടി! അത്രയും മതിയായിരുന്നു എന്നിലെ നിരാശയെല്ലാം മാഞ്ഞുപോകാൻ. ഞാൻ കണ്ണുകൾ അടച്ചപ്പോൾ മിൻസാരയുടെ ആ ശബ്ദം വീണ്ടുമെന്റെ കാതുകളിൽ മുഴങ്ങി.

‘നിനക്ക് സുഖമാണെങ്കിൽ എനിക്കും സുഖം തന്നെയാണ് സുഹൃത്തേ…!!!’

Related Posts

Leave a Reply

Your email address will not be published. Required fields are marked *