നാളെ അവളുടെ കല്യാണമാണ്. നവവധുവായി അവൾ നിൽക്കുമ്പോൾ താൻ നിൽകേണ്ടിടത് വേറെ ഒരാൾ. ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ ആണ് അവന് തോന്നിയത്…

എഴുത്ത്: മഹാ ദേവൻ

അവളുടെ കല്യാണമായെന്ന് കൂട്ടുകാർ പറഞ്ഞത് മുതൽ നെഞ്ചിനകത്തൊരു പിടച്ചിലാണ്. ഒത്തിരി മോഹിച്ചതാണ് . കൈ വിടില്ലെന്ന് വാക്ക് കൊടുത്തതാണ്. ആ അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് വണ്ടി കയറിയതും . പക്ഷെ , ഇപ്പോൾ കേൾക്കുന്നു അവളുടെ വിവാഹമാണെന്ന്. നെഞ്ച് പിടക്കുന്ന വേദനയിലും ആഗ്രഹിച്ചത് ആ വിവാഹത്തിൽ പങ്കെടുക്കണമെന്നായിരുന്നു. ഒരിക്കലും നടക്കില്ല എന്നറിയാം.. വന്നിട്ട് ഒരു വർഷം കഴിഞ്ഞെതെ ഉള്ളൂ.. രണ്ട് വർഷം കഴിഞ്ഞാലേ ലീവ് ഉള്ളൂ..

എല്ലാം ഉള്ളിലൊതുക്കി അവനിരുന്നു. നാളെ അവളുടെ കല്യാണമാണ്. നവവധുവായി അവൾ നിൽക്കുമ്പോൾ താൻ നിൽകേണ്ടിടത് വേറെ ഒരാൾ. ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ ആണ് അവന് തോന്നിയത്.

വാച്ചിൽ സമയം പതിനൊന്നു കാണിച്ചപ്പോൾ അരുൺ ഒന്ന് ദീർഘനിശ്വാസം വിട്ടു.

അങ്ങനെ ആ സ്വപ്നവും അവസാനിച്ചിരിക്കുന്നു. ഇപ്പോൾ അവളുടെ കഴുത്തിൽ വേറൊരുത്തന്റെ താലി കേറിക്കാണും. ഇനി അവൾ വേറെ ഒരാളുടെ സ്വന്തം…ഇന്ന് മുതൽ അവൾ തനിക്കാരോ ആണ്.. എന്നും കണ്ടിരുന്ന സംസാരിച്ചിരുന്ന ഒരു നാട്ടുകാരി. അതിനപ്പുറം ആരുമല്ല ഇനി മുതൽ അവൾ.

ഓരോ കനവുകളെയും മനസ്സിൽ കത്തിച്ച ചിതയിലേക്ക് വലിച്ചെറിഞ്ഞു അരുൺ. മറക്കേണ്ടത് മറക്കണം… ഇനി മുതൽ ഓർക്കാനോ വിളിക്കണോ അവളില്ല. അവളുടെ ഓർമ്മകൾക്ക് പോലും തന്റെ മനസ്സിൽ ഇനിയൊരു ഇടമില്ല .

— — — — — —-

രണ്ട് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തുബോൾ കാത്തിരിക്കുകയായിരുന്നു വീട്ടുകാരും കൂട്ടുകാരും.. എല്ലാവരോടും കുശലാന്വോഷണം നടത്തി വാങ്ങിയതെല്ലാം വീതിച്ചു നൽകി എലാവരുടെയും സന്തോഷത്തിന്റെ ഭാഗമായി നിന്നു അരുൺ.

രാവിലെ, വരുമ്പോൾ വാങ്ങിയ ഫോറിൻ കുപ്പിയുമായി കൂട്ടുകാരുടെ അടുത്തെത്തുമ്പോൾ അവർക്ക് പറയാൻ നൂറു വിശേഷങ്ങൾക്കിടയിൽ അവളുടെ വിവാഹവും ജീവിതവും ഉണ്ടായിരുന്നു.

“ടാ അരുൺ… അവളുടെ ജീവിതം ഒരു ദുരന്തമാണ്. കെട്ടിയവൻ നല്ലവനാണെങ്കിലും അവന്റെ തള്ള ഒരു എരണം കേട്ട സാധനം ആണത്രേ..കിട്ടാനുള്ള സ്ത്രീധനത്തിന്റെ പേരിൽ ആ പെണ്ണിനെ എന്നും ഉപദ്രവിക്കുമെന്ന്. അവനാണേൽ അമ്മയുടെ പേരിലുള്ള റേഷന്കടയും നടത്തിയാണ് ജീവിക്കുന്നത്. അമ്മയോട് വഴക്കിട്ട് പടിയിറങ്ങിയാൽ അതും നഷ്ടമാകുമെന്ന് പേടിച്ച് അവൻ ഒന്നും മിണ്ടതുമില്ലത്രേ “

പക്ഷെ അവന്റെ മനസ്സിൽ അവനെ നിഷ്ക്കരുണം ഉപേക്ഷിച്ചുപോയ ഒരു തേപ്പുകാരിയായിരുന്നു അവൾ.. ഒരിക്കലും പൊറുക്കാൻ കഴിയാത്ത മുറിപ്പാട് തന്നവൾ “അവളുടെ കാര്യങ്ങൾ എന്തിനാണ് എന്നോട് പറയുന്നത്. എന്റെ സ്നേഹത്തെ ഇട്ടെറിഞ്ഞുപോയപ്പോൾ അവൾ ചത്തതാ എന്റെ മനസ്സിൽ.. ചത്തവളുടെ ജാതകം വായിക്കാൻ എനിക്ക് താല്പര്യമില്ല.. വെറുതെ അതും പറഞ്ഞു രാവിലെ ഉള്ള മൂഡ് കളയരുത് “

ശരിയാണ്.. അവൾക്ക് അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നപ്പോൾ നഷ്ടപ്പെട്ടത് നിനക്കായിരുന്നു, പക്ഷെ അവൾക്ക് അങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നതിന്റെ സത്യാവസ്ഥ ആരും ഇതുവരെ തിരക്കിയില്ല അരുൺ.. നീ പോലും…ഒരു പെണ്ണിന് എത്രത്തോളം പിടിച്ചുനിൽക്കാൻ പറ്റും. കടം കയറിയ വീട്ടിൽ താഴെ വേറെയും ഉണ്ട് ഒരു പെൺകുട്ടി. അവളെ മുന്നിലേക്കിട്ട് വിരൽ ചൂണ്ടുമ്പോൾ ഒരു പെണ്ണിന്റ മനസ്സ് എത്രത്തോളം വേദനിക്കും. നിനക്കറിയാലോ അവളുടെ വീടിന്റ അവസ്ഥ.. അവിടെ നിന്നും നീ വരുന്നത്ത് വരെ കാത്തിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയപ്പോൾ അവൾക്ക് മറ്റുള്ളവരെ ഓർത്ത് സമ്മതിക്കേണ്ടി വന്നു.. അതിന് പിന്നിൽ പിന്നെയുമുണ്ട് ഒരുപാട് കഥ . എല്ലാം പറഞ്ഞു നിന്നെ ബോറടിപ്പിക്കുന്നില്ല.. “

അരുൺ മൗനമായിരുന്നു . കൂട്ടുകാരന്റെ വാക്കുകൾക്ക് കാതോർത്തുകൊണ്ട്

” ഉള്ള കടങ്ങൾക്ക് പുറമെ ആണ് കുറച്ചു സ്ത്രീധനം നൽകി അവളെ പറഞ്ഞു വിട്ടത്.. പക്ഷെ, അവിടേം ആ പെണ്ണിന് സമാധാനം ഇല്ല… കാണുമ്പോഴെല്ലാം നിന്നെ കുറിച്ച് ചോദിക്കും.. നിന്നെ ചതിച്ചതിനുള്ള ശിക്ഷയാണെന്ന് പറഞ്ഞു കരയും.. എന്ത് ചെയ്യാം അതിന്റ വിധി. നിന്റെ കൂടെ ആയിരുന്നെങ്കിൽ അവൾക്ക് കരയാതെ എങ്കിലും ഇരിക്കാമായിരുന്നു.. ഇതിപ്പോ….. എല്ലാം ഓരോരുത്തരുടെ വിധിയല്ലേ…. “

കൂട്ടുകാരുടെ വാക്കുകൾ അവനെ വല്ലാതെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. എല്ലാ ഓർമ്മകളും കുഴിച്ചുമൂടിയതാണ്.. പക്ഷെ, അവളുടെ ഇപ്പോഴത്തെ അവസ്ഥ കേൾക്കുമ്പോൾ.. അറഞ്ഞുകൊണ്ട് ചതിച്ചതല്ല എന്നറിയുമ്പോൾ…വെറുക്കരുതായിരുന്നു.. മനസ്സ് കൊണ്ട് പോലും തള്ളിപ്പറയരുതായിരുന്നു .

അവൻ കൂടുതലൊന്നും പറയാതെ കൂട്ടുകാർക്കിടയിൽ നിന്നും മടങ്ങുമ്പോൾ ഒന്നു തീരുമാനിച്ചിരുന്നു, അവളുടെ വീട്ടിൽ പോകണം.. അവരെ കാണണം.

അവളുടെ വീടിന്റെ പടി കയറി ചെല്ലുമ്പോൾ അവളുടെ അമ്മയുടെയും അച്ഛന്റെയും മുഖത്ത് എന്തോ വലിയ അപരാധം ചെയ്ത പോലെ ഉള്ള ഭാവമായിരുന്നു. അരുണിനോട് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥ.

“മോന് കയറി ഇരിക്കൂ “

മടിച്ചു മടിച്ചാണെങ്കിലും അവളുടെ അച്ഛനത് പറയുമ്പോൾ അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” എനിക്കറിയാം മോന് ഞങ്ങളോട് തീർത്താൽ തീരാത്ത പക ഉണ്ടാകുമെന്ന്..പക്ഷെ, അതിന്റ ഒക്കെ ശിക്ഷ ന്റെ മോളിപ്പോ അനുഭവിക്കുവാ. തിന്നാനും കുടിക്കാനും ഇല്ലെങ്കിലും അഭിമാനം കളയാൻ പറ്റില്ല എന്നൊരു വാശി ആയിരുന്നു അന്ന്.. പട്ടിണി ആണെങ്കിലും താഴ്ന്ന ജാതിക്കാരന് മോളെ കൊടുക്കില്ല എന്ന വാശി. പക്ഷെ, ഇതിനിടക്ക് മകൾ അത് ചോദിച്ചപ്പോൾ തോറ്റു പോയി മോനെ ഈ അച്ഛൻ. അച്ഛന്റെ നാക്കിലന്ന് ജാതിയുടെ ചോരച്ചുവ വന്നില്ലായിരുന്നെങ്കിൽ എനിക്ക് ഇന്നീ ഗതി വരുമായിരുന്നോ അച്ഛാ..പട്ടിണിക്കാരന്റ ജാതിയുടെ നീളമൊക്കെ ഒരു കയർക്കുരുക്കു വരെ ഉള്ളു… എന്ന്..

ശരിയാണ് മോനെ.. പക്ഷെ, ഇനി എന്ത് പറയാൻ.. അനിഭവിക്കുക തന്നെ “

അയാളുടെ വാക്കുകൾ അവനിൽ ഒരു രോഷം ഉടലെടുത്തെങ്കിലും അതോടൊപ്പം തന്നെ വല്ലാത്തൊരു സങ്കടവും അവനെ വരിഞ്ഞുമുറുക്കി.
അവരുടെ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ കയ്യിലുമുണ്ടായിരുന്ന പൊതി അവരുടെ കയ്യിലേക്ക് വെച്ച് അവൻ പതിയെ പിന്തിരിഞ്ഞു നടന്നു.

അപ്പോൾ അവന്റെ മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.. ജീവിതത്തിന്റെ വിധിക്കിടയിൽ തോറ്റു പോയവളുടെ മുഖമായിരുന്നു.. ജാതിക്കു മുന്നിൽ തല വെച്ചു ഏറ്റുവാങ്ങിയ ശിക്ഷ അനുഭവിക്കുന്നവുളുടെ മുഖമായിരുന്നു..നാളെ മുതൽ ആ ശിക്ഷക്ക് കുറവ് വരും എന്നൊരു പ്രതീക്ഷയും . അത്രയെങ്കിലും ചെയ്യണമെന്നൊരു തോന്നൽ മാത്രമായിരുന്നു അവളുടെ വീട് തേടിയുള്ള ഈ വരവ്..

അവൻ പടിയിറങ്ങിപോകുമ്പോൾ തന്റെ കയ്യിലേൽപ്പിച്ച പൊതിയിലേക്ക് മിഴിനട്ടിരിക്കുകയായിരുന്നു അവളുടെ അച്ഛൻ.. പൊതിക്കെട്ടഴിക്കുബോൾ അയാളുടെ കണ്ണുകൾ വികസിച്ചു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ പോയ വഴിയേ നോക്കി കൈ കൂപ്പുമ്പോൾ കൈകളിൽ വിറക്കുന്നുണ്ടായിരുന്നു അവളുടെ സ്ത്രീധനത്തിന്റെ ബാക്കിയിലേക്കുള്ള നോട്ടുകെട്ടുകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *