നാളെ കേരളത്തിലെത്തുമ്പോൾ തന്നെ സ്വീകരിക്കാൻ തൻ്റെ സ്നേഹനിധിയായ അമ്മ അവിടെയുണ്ടാവുമെന്ന പ്രതീക്ഷയിൽ….

ടേക്ക് ഓഫ്

Story written by Saji Thaiparambu

ഇന്നാണ് വിധി പറയുന്ന ദിവസം

ഉണ്ണിക്കുട്ടനെന്ന് വിളിക്കുന്ന പതിമൂന്ന്കാരനായ ടൈസനെ, മലപ്പുറംകാരിയായ അമ്മയ്ക്കൊപ്പമാണോ, നൈജീരിയക്കാരനായ അച്ഛനോടൊപ്പമാണോ കോടതി പോകാൻ അനുവദിക്കുന്നതെന്നറിയാൻ ഇനി എതാനും മണിക്കൂറുകൾ മാത്രം.

പത്ത് മണിയോട് കൂടി, ഉണ്ണിക്കുട്ടനോടൊപ്പം കോടതി മുറ്റത്തെത്തിയ സേതുലക്ഷ്മി , കുറച്ച് ദൂരെ മാറി ,പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കാറിനരികിൽ, തന്നെ നോക്കി നില്ക്കുന്ന മുൻ ഭർത്താവ് നൈജീരിയക്കാരൻ റോബീനോ യെ കണ്ടു.

അയാളുടെ ചെമ്പൻ കണ്ണുകളിലെ തീഷ്ണമായ നോട്ടത്തെ അവഗണിച്ച് കൊണ്ട്, സേതുലക്ഷ്മി മകനെ ചേർത്ത് പിടിച്ച്, കോടതി വരാന്തയിൽ കിടന്ന ചാര് ബഞ്ചിൽ കയറിയിരുന്നു.

അമ്മേ… എനിക്ക് ഡാഡിയുടെ അടുത്തേയ്ക്കൊന്ന് പോകണം

ഉണ്ണിക്കുട്ടൻ പറഞ്ഞത് കേട്ടപ്പോൾ, സേതുലക്ഷ്മിക്ക് ആധിയായി.

മോനേ .. നീ പോയി ഡാഡിയോട് സംസാരിച്ചിട്ട് വേഗം തിരിച്ച് വരണം, നിന്നെ നൈജീരിയയിലേക്ക് കൊണ്ട് പോകാനായി, ഡാഡി പലതും പറയും, മോനതൊന്നും കാര്യമാക്കേണ്ട ,അമ്മയ്ക്ക് മോനല്ലാതെ മറ്റാരുമില്ല,

അതിന് മറുപടിയൊന്നും പറയാതെ അവൻ വേഗം റോബീനോയുടെ അരികിലേക്ക് ചെന്നു.

പത്ത് വയസ്സ് വരെ അമ്മയോടൊപ്പം റോബിനോയുടെ നൈജീരിയയിലെ വീട്ടിലായിരുന്ന ഉണ്ണിക്കുട്ടന്, ഡാഡിയുമായി അമ്മ പിണങ്ങിയതിന് ശേഷം കേരളത്തിലേക്കുള്ള പറിച്ച് നടൽ ഒരിക്കലും പൊരുത്തപ്പെടാനായിരുന്നില്ല.

നൈജീരിയയിലെ പ്രമുഖ ഫുട്ബോൾ ക്ളബ്ബിലെ കളിക്കാരനായിരുന്ന റോബീനോയും, ക്ളബ്ബിൻ്റെ മെഡിക്കൽ ടീമിൽ നഴ്സായിരുന്ന സേതുലക്ഷ്മിയുമായി പ്രണയത്തിലാവുകയും, പിന്നീട് വിവാഹിതരാവുകയും ചെയ്തു.

നീണ്ട പതിനൊന്ന് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, റോബീനോയ്ക്ക് മറ്റൊരു നൈജീരിയൻ സത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞ സേതുലക്ഷ്മി, അയാളുമായി ബന്ധം വേർപെടുത്തി മകനെയും കൊണ്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മകനെ തനിക്ക് വേണമെന്ന് റോബീനോ ആവശ്യപ്പെട്ടെങ്കിലും, സേതുലക്ഷ്മി വിട്ട് കൊടുക്കാൻ തയ്യാറാകാതെയിരുന്നപ്പോൾ, അയാൾ കോടതിയെ സമീപിച്ചു.

തൻ്റെയടുത്തേക്ക് വന്ന മകനെ റോബീനോ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മവച്ചു.

ടൈസൻ നീയെൻ്റെ കൂടെ വരുമല്ലോ ? നമുക്ക് നിൻ്റെ കോച്ചിംങ്ങ് തുടരണ്ടെ ,ഡാഡി നിനക്ക് വേണ്ടിയല്ലേ ലക്ഷങ്ങൾ മുടക്കിയതും, അണ്ടർഫോർട്ടീനിൽ സെലക്ഷൻ വാങ്ങിയതും, നിൻ്റെ ആഗ്രഹം പോലെ, നിനക്ക് ലോകമറിയുന്ന ഫുട്ബോളറാകണ്ടേ?

ഡാഡിയുടെ ചോദ്യം അവനെ കൺഫ്യൂഷനിലാക്കി ,ഒരു വശത്ത് അമ്മയുടെ സ്നേഹം, മറുവശത്ത് തൻ്റെ സ്വപ്നമായ ഫുട്ബോൾ. അമ്മയോടൊപ്പം നിന്നാൽ തനിക്കൊരിക്കലും ഒരു ഫുട്ബോൾ പ്ളയറാകാൻ കഴിയില്ലെന്ന് അവന് ഉറപ്പുണ്ടാവിരുന്നു.

മാത്രമല്ല നൈജീരിയയിലെ ,ആർഭാട കരമായ ജീവിത സൗകര്യങ്ങളുമായി താരതമ്യം ചെയ്തപ്പോൾ അമ്മയോടൊപ്പമുള്ള ലളിത ജീവിതത്തിൽ ഉണ്ണിക്കുട്ടന് മടുപ്പ് തോന്നി തുടങ്ങിയിരുന്നു.

കോടതി മുറിയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഘടികാരത്തിൽ മണി പതിനൊന്നടിച്ചപ്പോൾ അവിടമാകെ നിശബ്ദത പരന്നു.

സൂചി നിലത്ത് വീണാൽ ശബ്ദം കേൾക്കുന്ന നിശബ്ദ്ദതയെ കീറി മുറിച്ച് ജഡ്ജിയുടെ ഷൂസിൻ്റെ ശബ്ദം അടുത്തടുത്ത് വന്നപ്പോൾ സേതുലക്ഷ്മിക്ക് ഉത്ക്കണ്ഠകൂടി വന്നു.

ഒടുവിൽ ഉണ്ണിക്കുട്ടൻ്റെ കേസിനാസ്പദമായ ഫയൽ തുറന്നിട്ട് ജഡ്ജി, സദസ്സിലേക്ക് നോക്കി സംസാരിച്ച് തുടങ്ങി.

ഈ കേസ്സിൽ കോടതിക്ക് കുട്ടിയോടൊപ്പമേ നില്ക്കാൻ കഴിയൂ, ഉണ്ണിക്കുട്ടന് അവൻ്റെ അച്ഛനോടൊപ്പം പോകാനാണ് താല്പര്യമെന്നറിയിച്ചിരിക്കുന്നത് കൊണ്ട്, മിസ്റ്റർ റോബീനോയ്ക്ക് തൻ്റെ മകനുമായി നൈജീരിയയിലേക്ക് പോകാൻ കോടതി അനുമതി നല്കുന്നു.

വിധി കേട്ട സേതുലക്ഷ്മി തളർന്നിരുന്നു പോയി.

അമ്മയുടെ മുഖത്ത് നോക്കാൻ കഴിയാതെ ,തലകുനിച്ച് ഉണ്ണിക്കുട്ടൻ, ഡാഡിയുടെ കൈപിടിച്ച് കോടതിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി പോയി.

നൈജീരിയയിലെ വീട്ടിലെത്തുമ്പോൾ അവരെ സ്വീകരിക്കാൻ ഡാഡിയുടെ ഗേൾഫ്രണ്ട് വാതില്ക്കൽ തന്നെയുണ്ടായിരുന്നു.

അവർ ഷെയ്ക് ഹാൻഡിനായി നീട്ടിയ കൈ അവഗണിച്ച് കൊണ്ട് ഉണ്ണിക്കുട്ടൻ തൻ്റെ പഴയ മുറിയിലേക്ക് പോയി.

രാത്രി അത്താഴത്തിന് മറ്റുള്ളവരോടൊപ്പമിരുന്നെങ്കിലും ഉണ്ണിക്കുട്ടന് ഒട്ടും വിശപ്പ് തോന്നിയില്ല.

ബെഡ് റൂമിൽ AC യുടെ കുളിർമയിൽ പുതച്ച് മൂടി കിടന്നിട്ടും അവന് ഉറക്കം വന്നില്ല.

കണ്ണടയ്ക്കുമ്പോഴെല്ലാം അമ്മയുടെ ദയനീയ മുഖം അവൻ്റെ മനസ്സിലേക്കോടി വന്നു.

ഒറ്റയ്ക്ക് ആ മുറിയിൽ കിടന്നിട്ട് അവന് വല്ലാത്ത ഭയം തോന്നി.

ഇന്നലെ വരെ താൻ അമ്മയോടൊപ്പമാണ് ഉറങ്ങാൻ കിടന്നിരുന്നത്, അമ്മ നന്നായി പാട്ട് പാടുമായിരുന്നു ,തനിക്ക് ഉറക്കം വരാത്ത രാത്രികളിൽ സിനിമകളിലുള്ള താരാട്ട് പാട്ടുകൾ പാടിതന്ന് അമ്മ തന്നെ ഉറക്കിയിരുന്നത് സങ്കടത്തോടെ അവനോർത്തു.

അവൻ മുറിക്ക് പുറത്തിറങ്ങി ഡാഡിയുടെ മുറിയുടെ നേരെ നോക്കി ,അത് അടഞ്ഞ് കിടക്കുകയാണ്.

തനിക്ക് കൂട്ട് കിടക്കാനും, താരാട്ട് പാടാനും ഇവിടെയാരുമില്ലെന്ന തിരിച്ചറിവ് അവനെ ദു:ഖിതനാക്കി.

രാത്രിയുടെ യാമത്തിലെപ്പോഴോ ഉറങ്ങിപ്പോയ ഉണ്ണിക്കുട്ടനെ ഡാഡി തട്ടി വിളിച്ചു.

ടൈസൻ.. എഴുന്നേല്ക്ക്, നിനക്ക് ഇന്ന് മുതൽ കോച്ചിങ്ങ് തുടങ്ങുവാ, വേഗം റെഡിയായിക്കോ

ഉറക്കം വിട്ട് മാറാതെ നിന്ന കണ്ണുകൾ ,അവൻ തിരുമ്മി തുറന്ന് ബാത്റൂമിൽ കയറി,

ഫ്രഷായിട്ട് ഡൈനിങ്ങ് ടേബിളിലേക്ക് വന്നെങ്കിലും ,അവൻ പ്രതീക്ഷിച്ചത് പോലെ ,ആരും അവന് ചൂട് ചായയുമായി വന്നില്ല.

നാട്ടിൽ വച്ച് രാവിലെ ട്യൂഷന് പോകാനായി, അമ്മ വന്ന് തട്ടി വിളിക്കുമ്പോൾ, അമ്മയുടെ കൈയ്യിൽ ആവി പറക്കുന്ന ചായക്കപ്പുള്ളത് അവനോർത്തു.

കുറച്ച് നേരമിരുന്നിട്ട് അവനെഴുന്നേറ്റ് പാതി തുറന്ന് കിടന്ന ഡാഡിയുടെ ബെഡ്റൂമിനടുത്തേക്ക് ചെന്നു.

റൂമിനകത്ത് കമ്പിളി കൊണ്ട് മൂടിപ്പുതച്ചുറങ്ങുന്ന ഡാഡിയുടെ ഗേൾ ഫ്രണ്ടിനെ കണ്ട ഉണ്ണിക്കുട്ടൻ നിരാശയോടെ , ക്ളബ്ബിലേക്ക് പോകാൻ തന്നെ കാത്ത് പുറത്ത് നില്ക്കുന്ന ഡാഡിയുടെ അടുത്തേക്ക് പോയി.

ദിവസങ്ങൾ കടന്ന് പോയി ,ആ വലിയ വീട്ടിൽ ഉണ്ണിക്കുട്ടന് ഒറ്റപ്പെടൽ അനുഭവപ്പെട്ട് തുടങ്ങി.

തന്നെ കോച്ചിങ്ങിന് കൊണ്ട് പോകാനും തിരികെയെത്തിക്കാനും മാത്രമാണ്, ഡാഡി തൻ്റെയരികിലേക്ക് എത്തുന്നത്.

സമയാസമയം കഴിക്കാനുള്ള ആഹാരം ഡൈനിങ് ടേബിളിൽ നിരത്തി വയ്ക്കും, തനിക്ക് വേണമെങ്കിൽ കഴിക്കാം, കഴിച്ചില്ലെങ്കിൽ ആരും ചോദിക്കില്ല, സമയം കഴിയുമ്പോൾ കൊണ്ട് വച്ച സർവ്വൻറ് തന്നെ, അത് തിരിച്ചെടുത്ത് കൊണ്ട് പോയ്ക്കോളും

തന്നെയെന്തിനാണ് ഡാഡി ഇത്രയും ബുദ്ധിമുട്ടി ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് അവൻ ആലോചിച്ചു.

അദ്ദേഹത്തിന് തന്നോട് സ്നേഹമുള്ളത് കൊണ്ടല്ല, തന്നെ ഒരു വലിയ ഫുട്ബോളറാക്കിയിട്ട്, ഏതെങ്കിലും ക്ളബ്ബിന് വില്ക്കാൻ വേണ്ടി മാത്രമാണെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായി, അതിലൂടെ കോടികൾ സമ്പാദിക്കുക എന്ന ബിസിനസ് മൈൻഡാണ് ഡാഡിക്ക് എന്നറിഞ്ഞ ഉണ്ണിക്കുട്ടന് അമ്മയുടെ വാത്സല്യം വല്ലാതെ മിസ്സ് ചെയ്തു.

എല്ലാവരും പുറത്ത് പോയ തക്കം നോക്കി, അവൻ അമ്മയ്ക്ക് ഫോൺ ചെയ്തു.

ആദ്യം ഒരു പൊട്ടിക്കരച്ചിലായിരുന്നു സേതുലക്ഷ്മിയിൽ നിന്നുമുണ്ടയത്.

പിന്നെ ഉണ്ണിക്കുട്ടൻ്റെ വിശേഷങ്ങൾ ഓരോന്ന് ചോദിക്കുമ്പോഴും കരച്ചിലടക്കാർ അവർ നന്നേ പാട് പെട്ടു.

അമ്മേ …എനിക്ക് അമ്മയെ കാണണമമ്മേ…

എൻ്റെ പൊന്ന് മോനെ.. അമ്മയ്ക്ക് നീയില്ലാതെ പറ്റില്ലെടാ, എങ്ങനെയെങ്കിലും നീയിങ്ങോട്ട് കയറി വാ ,ബാക്കിയൊക്കെ ഇവിടെ വന്നിട്ട് നമുക്ക് നോക്കാം

ഫോൺ വയ്ക്കുമ്പോൾ, എത്രയും പെട്ടന്ന് അമ്മയുടെ അടുത്തെത്താൻ അവൻ്റെ മനസ്സ് വെമ്പി.

ഒരവസരത്തിനായി അവൻ കാത്തിരുന്നു.

അങ്ങനെ ഒരു ദിവസം, റോബീനോ തൻ്റെ കാമുകിയുമായി ബിസിനസ്സ് ആവശ്യത്തിന് ലോങ്ങ് ട്രിപ്പ് പോയ സമയത്ത് ഉണ്ണിക്കുട്ടൻ ഡാഡിയുടെ മുറിയിലെ അലമാര തുറന്നു.

അതിൽ അടുക്കി വച്ചിരുന്ന ഒരു കെട്ട് കറൻസിയെടുത്ത്, നേരെ എയർപോർട്ടിലേക്ക് പോയി.

ഇൻഡ്യയിലേക്കുള്ള ഫ്ളൈറ്റ് പാതിരാത്രി ആണെന്നറിഞ്ഞപ്പോൾ അക്ഷമയോടെ അവൻ എയർപോർട്ടിൽ തന്നെ ആ ദിവസം ചിലവഴിച്ചു.

നാളെ കേരളത്തിലെത്തുമ്പോൾ തന്നെ സ്വീകരിക്കാൻ തൻ്റെ സ്നേഹനിധിയായ അമ്മ അവിടെയുണ്ടാവുമെന്ന പ്രതീക്ഷയിൽ, ഇൻഡ്യൻ എയർലൈൻസിൻ്റെ ടേക്ക് ഓഫിനായി അവൻ കാത്തിരുന്നു.

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *