നിധി
Story written by Indu Rejith
മോൾക്കെന്താ ഏട്ടാ പേരിടേണ്ടത്??
നിനക്ക് എന്താ ഇഷ്ടം??
അതിപ്പോ…..ഫോൺ വെച്ചിട്ട് പോയി കിടന്ന് ഉറങ്ങു പെണ്ണേ…. പാതിരാത്രിയിലാ അവളുടെ ഒരു കിന്നാരം…..
ഇയാളെയൊക്കെ പ്രേമിച്ച എന്നേ പറഞ്ഞാൽ മതി…
എടി എടി വന്നുവന്ന് ഇയാളെന്നൊക്കെ ആയി വിളി അല്ലേ….ഈ കണക്കിന് കെട്ടു കഴിഞ്ഞാൽ നീ എന്നേ ഡിഗ്രി കൂടിയത് വിളിക്കുമല്ലോ…
എന്നേ പ്രേമിക്കാൻ സേതുഏട്ടനോട് ഞാൻ പറഞ്ഞാരുന്നോ….
വഴക്കിടാതെ കിടന്ന് ഉറങ്ങാൻ നോക്ക് നീ….ഒരാഴ്ച കൂടി കഴിഞ്ഞാൽ പാതിരാത്രിയിൽ നിങ്ങടെ ചെവിക്കകത്ത് മൈക്ക് വെച്ച് അലറും ഞാൻ അപ്പോൾ എങ്ങനെ ഉറങ്ങുമെന്ന് എനിക്ക് കാണണം… ഉറക്ക പ്രാന്തൻ….
ഉറങ്ങു ചാരു നീ…
ഞാൻ പോകുവാണേ നാളെ കാലത്ത് ഫോൺ വിളിച്ചോണ്ട് ഇങ്ങ് വരണേ എടുക്കില്ല ഞാൻ….
ഒരു വിധം അവളെ കൊണ്ട് ഞാൻ കാൾ കട്ട് ചെയ്യിപ്പിച്ചു…മിക്ക രാത്രികളിലും ഫോൺ വിളി അവസാനിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ ആണ്….കുഞ്ഞുങ്ങളോട് വല്ലാത്ത ഇഷ്ടമാണ് അവൾക്ക്… അതും പെൺകുട്ടികളോട്…. പ്രേമിച്ചു തുടങ്ങിയ അന്ന് മുതൽ ഞങ്ങളുടെ മോൾക്കുള്ള പേര് തപ്പി നടപ്പാണ് പുള്ളിക്കാരി….. പക്ഷേ അവളുടെ ചോദ്യത്തിന് ഞാൻ ഉത്തരം നൽകാറില്ല….അങ്ങനെ ഒരാൾ ഒരിക്കലും ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു…
കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ചാരു… തമാശയ്ക്ക് തുടങ്ങിയ ഇഷ്ടം… പിന്നീട് അവളോട് അത് പറയാതെ പറ്റില്ലെന്നായി… ആദ്യത്തെ പ്രതികരണം നമുക്ക് എതിരായിരുന്നു…പിന്നൊരിക്കൽ ആളുതന്നെ വന്ന് ഇഷ്ടം പറഞ്ഞു…. അന്ന് ഉറപ്പിച്ചതാണ് എന്റെ താലി അവൾക്കുള്ളതാണെന്ന്…
ഒരു ദിവസം രാവിലെ കോളേജ് റോഡ് മുറിച്ചു കടന്ന അവളെ ഒരു പയ്യന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു…. ജീവനോടെ ഇനി കാണാനാവുമെന്ന് ഞാൻ പിന്നെ കരുതിയതല്ല… എന്റെകുറേ ഫ്രണ്ട്‌സ് ആണ് അവളെ ഹോസ്പിറ്റലിൽ എത്തിച്ചത്…. ശവം കണക്കെ അവരോടൊപ്പം ഞാനും അവിടൊക്കെ നിന്നതെ ഉള്ളു ഒന്നും ചെയ്യാനുള്ള ശക്തി എനിക്കില്ലായിരുന്നു….അവൾ പോയാൽ കൂടെ പോണമെനിക്ക് അത്രമാത്രം ആയിരുന്നു ചിന്ത….
വിവരം അറിഞ്ഞ് അവളുടെ വീട്ടുകാരുമെത്തി… വാ പൊത്തി പിടിച്ച് കരഞ്ഞ അവളുടെ അമ്മയുടെ അടുത്ത് വരെ ഒന്ന് പോകണമെനുണ്ടായിരുന്നു… പക്ഷേ കഴിഞ്ഞിരുന്നില്ല…പിന്നെ ഏതോ ഒരു സിസ്റ്റർ മറ്റൊരു സിസ്റ്ററിനോട് പറഞ്ഞത് കേട്ടാണ് അതു ഞാനറിഞ്ഞത്… അവളുടെ ഇടിപ്പെല്ലിന് കാര്യമായക്ഷതം പറ്റിയിട്ടുണ്ട് ഒരു കുഞ്ഞിന് ജന്മം നൽകാൻ അവൾക്ക് ഇനി സാധിക്കില്ലെന്ന്….
അപ്പോ ഞങ്ങളുടെ മോൾ…
ആ പൊട്ടി പെണ്ണിനെ എന്ത് പറഞ്ഞു ഞാൻ സമാധാനിപ്പിക്കും….ആ അമ്മയുടെ കണ്ണീരിന്റെ മറ്റൊരർത്ഥം എനിക്കപ്പോഴാണ് ബോധ്യമായത്…. അങ്ങനെ വർഷങ്ങൾ കടന്ന് പോയി അവൾ പൂർണ ആരോഗ്യവതിയായി… പക്ഷേ ഈ രഹസ്യം അവളുടെ വീട്ടുകാർ അവളിൽ നിന്ന് മറച്ചു വെച്ചിരിക്കുകയാണെന്ന് അവളുടെഫോൺവിളികൾ എന്നേ ഓർമിപ്പിച്ചു കൊണ്ടിരുന്നു… മോളുടെ പേര് പറയേട്ടാ എന്ന ചോദ്യം അവൾ തുടർന്നുകൊണ്ടിരുന്നു…
അവളെ പറ്റി ഞാൻ എന്റെ അമ്മയോട് പറഞ്ഞു….ഒന്നും മാറ്റിവെയ്ക്കാതെ… ആദ്യമൊക്കെ അമ്മ എതിർത്തു ഒടുവിൽ എനിക്ക് വേണ്ടി സമ്മതം മൂളി….കുഞ്ഞില്ലെങ്കിൽ എന്താ എട്ടും പൊട്ടും അറിയാത്ത എന്റെ ചാരുമതി എനിക്ക് കൂടെ ഇങ്ങന… ഞാൻ ഇങ്ങനെ അമ്മയോട് പറഞ്ഞു കൊണ്ടേയിരുന്നു…അമ്മയോടൊപ്പം പോയി പെണ്ണാലോചിച്ചു…..അവളുടെ അവസ്ഥയൊക്കെ തനിക്ക് അറിയാമെന്നു പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെ അവർ വിവാഹത്തിന് സമ്മതിച്ചു…
ചുളുവിൽ കല്യാണം ഉറച്ചതിന്റെ ആനന്ദം ആയിരുന്നു അവൾക്ക്… പ്രേമിച്ചവനെ തന്നെ വീട്ടുകാർ കെട്ടിച്ചു കൊടുക്കുന്നു അതും അറേഞ്ച് മാര്യേജ് ആയി….അവളുടെ സന്തോഷം പല സങ്കടങ്ങളും മറക്കാൻ എന്നേ പഠിപ്പിച്ചു… അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു….അത്രയേറെ സ്വപ്‍നം കണ്ട ദിനങ്ങൾ… ചാരുവിനോപ്പം ഞാൻ വലിയ സന്തോഷവാൻ ആയിരുന്നു… അവളുടെ കുട്ടികളിയിൽ അമ്മയും പലതും മറന്നു….
ചിലരാത്രികളിൽ എന്നോട് ചേർന്നു കിടന്നവൾ ചോദിച്ചു… അല്ല മനുഷ്യ പ്രേമിച്ച പെണ്ണിനെ അടുത്ത് കിട്ടിയിട്ടും നിങ്ങൾക്ക് ഒരു കുലുക്കവുമില്ലല്ലോ…അത് എന്താ….അത് എനിക്ക് എന്റെ ചാരുവിനെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട്….എല്ലാരും ചോദിച്ചു തുടങ്ങിട്ടോ വിശേഷം ആയില്ലേ എന്ന്….
നിന്റെ കെട്ട്യോൻ മാന്യൻ ആണെന്ന് നീ അങ്ങ് പറഞ്ഞേക്ക്….
എനിക്ക് മോളേ വേണം സേതുവേട്ടാ…. പേരൊക്കെ ഞാൻ കണ്ടു പിടിച്ചു….
നിന്റെ കുട്ടിക്കളി മാറിയിട്ട് മതി അതൊക്കെ….
ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു…..
എങ്കിൽ ഞാനൊരു കാര്യം പറയട്ടെ ചാരു.. നമുക്ക് ഒരു കുട്ട്യേ ദത്ത് എടുത്താലോ…
ദത്തോ എന്തിന്….?
അല്ല, നീ പ്രസവ വേദന തിന്നുന്നത് എനിക്ക് സഹിക്കാൻ വയ്യ….
അയ്യേ എന്തൊരു ഭർത്താവാടോ നിങ്ങൾ….എനിക്ക് അതിനുള്ള ധൈര്യമൊക്കെ ഉണ്ട്… നിങ്ങളെ കൊണ്ട് പറ്റുമോ ഇല്ലിയോ….
നീ കിടന്ന് ഉറങ്ങ്…
ആഹ്ഹ് അതാ നല്ലത് ഗുഡ്നൈറ്റ്….കാലത്ത് ജോലിക്കിറങ്ങിയ ഞാൻ പരിചയത്തിലുള്ള ഒരു ഡോക്ടറിനെ കണ്ട് ചാരുവിനെ കുറിച്ച് സംസാരിച്ചു….റിസ്ക് ആണ് ചിലപ്പോൾ ആ കുട്ടിയുടെ ജീവൻ, ചിലപ്പോൾ ശരീരം തളർന്ന അവസ്ഥ അങ്ങനെ….
എങ്കിൽ വേണ്ട ഡോക്ടർ,ഞാൻ അവളെ എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കാം…
അങ്ങനെയാണ് വീട്ടിൽ എത്തിയത്… എന്നേ കണ്ടപ്പോഴേ അവളുടെ മുഖത്ത് ഒരു സന്തോഷം… അതെ നമുക്ക് ഒരുമോള് പിറക്കാൻ സമയമായിന്ന് ഒരു കാക്കാത്തി ഇന്നെന്റെ കൈ നോക്കി പറഞ്ഞു… അല്ലേ അമ്മേ…. അമ്മ എന്നേ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…അല്ലേ അമ്മേ….
ശെരിയ മോനേ അങ്ങനെ പറഞ്ഞു….എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലെന്ന് നിനക്ക് അറിഞ്ഞുടെ…. കത്തിച്ച നിലവിളക്ക് ഊതി കെടുത്തിയ പോലെ ആയിരുന്നു എന്റെ ചാരുവിന്റെ മുഖം…ചേർത്ത് പിടിച്ചൊരു ഉമ്മ കൊടുത്തു ഞാൻ അകത്തേക്കു കേറി…
ഏട്ടാ എനിക്ക് മോളേ വേണം…അതേ…നിങ്ങക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഈ ഒഴിഞ്ഞു മാറൽ കൊണ്ട് ഞാൻചോദിച്ചു പോകുവാ…
ഞാൻ ഒന്നും മിണ്ടിയില്ല.. ചോദ്യം പലതവണ ആയപ്പോൾ ഞാനും എപ്പോഴൊക്കെയോ ഒരു കുഞ്ഞിനെ ആഗ്രഹിക്കാൻ തുടങ്ങി…ഈശ്വരൻ അനുഗ്രഹിച്ചാൽ നടക്കാത്തത് ഒന്നുമില്ലലോ അമ്മയോടും പ്രാർത്ഥിക്കാൻ പറഞ്ഞു…
എന്റെ ചാരുവിന്റെ മോഹം പോലെ തന്നെ അവൾക്ക് അടുത്ത മാസം കുളി തെറ്റി… അമ്മയാതിന്റെ പക്വത അവൾ കാണിക്കാൻ തുടങ്ങിയതിൽ എനിക്ക് പലപ്പോഴും ചിരി വരാറുണ്ടായിരുന്നു… പക്ഷേ ഡോക്ടറിന്റെ വാക്കുകൾ എന്നേ ഭയപ്പെടുത്തികൊണ്ടിരുന്നു… പ്രേമിച്ച പെണ്ണിനോട് അകൽച്ച കാട്ടാനും വയ്യ അവളുടെ മോഹങ്ങളെ കൊല്ലാനും വയ്യ വരുന്നതൊക്കെ വിധിയായ് കാണാൻ തന്നെ തീരുമാനിച്ചു…
ചാരുവിന് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ അമ്മ എന്നേ വിളിച്ചു പൊട്ടി കരഞ്ഞു…എല്ലാം അറിഞ്ഞു വെച്ചിട്ട് ഈ ചതി വേണമായിരുന്നോ മോനേ… ജീവനോടെ ഞങ്ങൾക്ക് വേണമായിരുന്നു അവളെ…മറ്റൊരു വിവാഹം ആണ് നിന്റെ ലക്ഷ്യമെങ്കിൽ എന്റെ മോളോട് ഈ കൊടും പാപം ചെയ്തത് എന്തിനാ… ഒരു ജീവനെ വഹിക്കാനുള്ള ശക്തി അവൾക്കില്ലെന്ന് അറിയുവുള്ളവനല്ലേ നീ എന്നിട്ടും….
ദിവസങ്ങൾ കടന്നു പോയി വലിയ പ്രശ്നങ്ങൾ ഇല്ലാതെ അവൾ പ്രസവ ദിനത്തോട് അടുത്തെത്തി….കുറച്ച് സീരിയസ് കേസ് ആയത്തിലാൽ കൂടുതൽ ഡോക്ടർസ് അവളുടെ കാര്യം ശ്രെദ്ധിച്ചിരുന്നു….ലേബർ റൂമിലേക്ക് കേറുന്നതിനു തൊട്ട് മുൻപ് എന്നേ അടുത്തേക്ക് വിളിച്ചവൾ പറഞ്ഞു…
ചിലപ്പോൾ ഞാൻ തിരികെ വരില്ല…. പക്ഷേ എന്റെ മോൾ ജീവനോടെ ഉണ്ടാവും…അവൾക് ഇത്രയും സ്നേഹം ഉള്ള ഒരച്ഛനെ കൊടുക്കാനേ എനിക്കാവു.. എല്ലാം അറിഞ്ഞു കൊണ്ട് ഞാൻ വാശി പിടിച്ചതും ഇതിനൊക്കെ തന്നെ ആണ്… ഒരു ജന്മം കൂടെ ജീവിച്ചതായി ഞാൻ കരുതിക്കോളാം…പിന്നേ അവളുടെ മുഖം കണ്ടിട്ടേ ഞാൻ കണ്ണുകൾ അടയ്‌ക്കാവു എന്ന് പ്രാർത്ഥിക്കണേ ഏട്ടാ…
ആശുപത്രി ഭിത്തിയിൽ തല ചേർത്തു കരഞ്ഞ എന്നേ സമാധാനിപ്പിച്ചത് അവളുടെ അമ്മ ആയിരുന്നു… അവൾ എല്ലാം അറിഞ്ഞു വെച്ച് അഭിനയിക്കുകയായിരുന്നെടാ മോനേ….നമ്മളെ തോൽപ്പിക്കാൻ….മണിക്കൂറുകൾ ഈശ്വരനെ വിളിച്ചു കാത്തിരുന്നു പാതിരാത്രിയിലെപ്പോഴോ ക്ഷീണം കൊണ്ട് ഒന്ന് കണ്ണടച്ചു….
സേതു മോളുടെ പേര് പറ എന്ത് ആലോചിച്ച് ഇരിക്കുവാ….സേതുവേട്ടാ മോളുടെ പേര് കാതിൽ പറ…
വെറ്റില കൊണ്ട് ഒരു കാത് മറച്ചു ഞാൻ അവളുടെ പേര് വിളിച്ചു “നിധി”…
വിധിയെ തോൽപ്പിച് എന്റെ ചാരു എനിക്ക് തന്ന എന്റെ നിധി….
ഇവൾ മുള്ളിട്ടോ സേതുവേട്ടാ….
കൊച്ചിന് വേണ്ടി ചാട്ടമല്ലാരുന്നോ അങ്ങ് തുടച്ചോ…. അല്ല പിന്നെ…
ശുഭം