Story written by Saji Thaiparambu
നബീൽ മോനിന്ന് വല്ലുമ്മാൻ്റെ കൂടെ കിടന്നാൽ മതി
ഇല്ല എനിക്കെൻ്റെ ഉമ്മിച്ചിൻ്റെ കൂടെ കിടക്കണം, എന്നെ വിട്, ഞാൻ പോട്ടെ,,
മണിയറ മുറിയിലേക്ക് പോകാൻ ആ ഒൻപത് വയസ്സുകാരൻ വാശി പിടിച്ചു.
മോൻ വലുതായില്ലേ? ഇനി ഉമ്മാൻ്റെ കൂടെ കിടക്കാൻ കഴിയില്ല ,അവിടെ ഇനി മുതൽ മോൻ്റെ പുതിയ ഉപ്പയാണ് കിടക്കുന്നത്,,,
അതെൻ്റെ ഉപ്പയൊന്നുമല്ല, എൻ്റുപ്പ മരിച്ച് പോയെന്ന് ഉമ്മിച്ചി പറഞ്ഞിട്ടുണ്ടല്ലോ? അയാളെന്തിനാ എൻ്റെ ഉമ്മിച്ചീടെ മുറിയിൽ കിടക്കുന്നത്? അയാളോട് നമ്മുടെ വീട്ടീന്ന് ഇറങ്ങിപ്പോകാൻ പറയ്,,,
ദേ നബീലേ,,, കുരുത്തക്കേട് പറയരുത് ? നിൻറുമ്മാക്കും എനിക്കും നിനക്കുമൊക്കെ ഇനി ചിലവിന് തരേണ്ടത് അങ്ങേരാണ്,, അല്ലാതെ നമ്മുക്ക് ജീവിക്കാൻ മരിച്ച് പോയ നിൻ്റുപ്പ ഒന്നും സമ്പാദിച്ച് വച്ചിട്ടൊന്നുമില്ല ,മര്യാദക്ക് ഇവിടെ അടങ്ങിക്കിടന്നോ,,,
ഇല്ല ഇല്ല,, അയാളെൻ്റെ ഉമ്മാനെ കൊ ല്ലും,,, എനിക്കെൻ്റെ ഉമ്മാൻ്റെയടുത്ത് പോണം,,,
നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ? ഹിമാറേ,,,അടങ്ങിക്കിടന്നില്ലെങ്കിൽ നിന്നെ ,ഞാൻ കൊ ല്ലും,,,
പാത്തുമ്മ അവൻ്റെ തുടയ്ക്കിട്ട് നല്ല ഒരു കിഴുക്ക് കൊടുത്തു,
വേദന കൊണ്ട് പുളഞ്ഞ അവൻ, വാ പൊത്തി കരഞ്ഞു ,ഏറെ നേരം നിസ്സഹായതയോടെ ഏങ്ങലടിച്ച് കൊണ്ട് നബീൽ ഉറക്കത്തിലേക്ക് തളർന്ന് വീണു.
മകൻ്റെ കരച്ചിലും, ബഹളവും തൊട്ടടുത്ത മണിയറയിലിരുന്ന് അവൻ്റെ ഉമ്മ കേൾക്കുന്നുണ്ടായിരുന്നു.
ആദ്യരാത്രിയിൽ വിഷണ്ണയായി ഇരിക്കുന്ന തൻ്റെ രണ്ടാം ഭാര്യയുടെ അരികിലേക്ക്, അയാൾ ചേർന്നിരുന്നു.
നിൻ്റെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്, നബീൽ മോനെ മകനായി കാണാൻ ഞാനെത്ര ശ്രമിച്ചാലും അവനത് ഉൾക്കൊള്ളാൻ കഴിയില്ല, അവൻ്റെ ഉപ്പ ജീവിച്ചിരിപ്പില്ലന്ന് അവന് ഉറപ്പിള്ളടത്തോളം കാലം, എന്നെ അവൻ അന്യനായിട്ടേ കാണൂ,, ഇന്നത്തെ അവൻ്റെയീ കരച്ചിലും ബഹളവുമൊക്കെ അടുത്ത ദിവസങ്ങളിലും ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും, അത് നമ്മുടെ ദാമ്പത്യ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത് , അത് കൊണ്ട് ,അവനെ എത്രയും വേഗം മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതായിരിക്കും ഉചിതം,,
നിങ്ങളെന്താ ഈ പറയുന്നത് ? അവൻ ജനിച്ചിട്ട് ഈ നിമിഷം വരെ ഒരിക്കൽ പോലും എൻ്റെ അടുത്ത് നിന്ന് മാറി നിന്നിട്ടില്ല, ഞാനില്ലാതെ ഒരിടത്തേയ്ക്കും അവൻ പോകില്ല,,
ഇന്നല്ലെങ്കിൽ നാളെ അവൻ വലുതാവുമ്പോൾ, നിന്നിൽ നിന്നും അകന്ന് പോകേണ്ടവനാണ്, അത് കുറച്ച് നേരത്തെ, ആയെന്ന് കരുതിയാൽ മതി ,അതല്ല, മകനടുത്തില്ലാതെ നിനക്ക് ജീവിക്കാൻ കഴിയില്ലങ്കിൽ, ഞാനിപ്പോൾ തന്നെ ഒഴിഞ്ഞ് പൊയ്ക്കൊള്ളാം ,എന്നിട്ട് നാളെ നേരം വെളുക്കുമ്പോൾ, നിങ്ങള് മൂന്ന് പേരും, നിങ്ങളുടെ സാധനങ്ങളും പെറുക്കിയെടുത്ത്, ഈ വീട്ടിൽ നിന്നിറങ്ങി തന്നാൽ മതി, കാരണം ബാങ്ക് ,ജപ്തിചെയ്യാൻ ശ്രമിച്ച ഈ വീടും പറമ്പും, ഇപ്പോൾ എൻ്റെ പേരിലാണന്ന് അറിയാമല്ലോ?
ഒരു താക്കീതെന്ന പോലെ അയാൾ പറഞ്ഞ് നിർത്തിയപ്പോൾ, അവളാകെ വിളറിപ്പോയി.
വേണ്ട ,പ്രായമായ ഉമ്മയേയും, എൻ്റെ പൊന്ന് മോനെയും കൊണ്ട് പോകാൻ, എനിക്ക് മറ്റൊരിടവുമില്ല, നിങ്ങളെങ്ങോട്ടും പോകേണ്ട, നാളെ നിങ്ങള് തന്നെ അവനെ സുരക്ഷിതമായ ഒരിടത്ത് കൊണ്ട് ചെന്ന് ആക്കിയാൽ മതി, പക്ഷേ എനിക്ക് അവനെ കാണണമെന്ന് തോന്നുമ്പോഴൊക്കെ, ചെന്ന് കാണാൻ പറ്റിയൊരിടമായിരിക്കണമെന്ന് മാത്രം ,,,
ഉം, അതൊക്കെ ഞാനേറ്റു ,എങ്കിൽ ഞാനീ ലൈറ്റ് ഓഫ് ചെയ്യട്ടെ ?
ഉം…
മനസ്സില്ലാ മനസ്സോടെ അവൾ സമ്മതം മൂളി.
പിറ്റേന്ന്, അയാളുടെ മാരുതിഎണ്ണൂറ് സി സി കാറിൽ , നബീൽ മോനെയും കൊണ്ട് അവർ യാത്ര പുറപ്പെട്ടു.
മോൻ്റെ കൂടെ കളിക്കാൻ ഇഷ്ടം പോലെ കൂട്ടുകാരും, പിന്നെ കാറും ബസ്സും ഫുട്ട്ബോളും പോലുള്ള കളിപ്പാട്ടങ്ങളും ഒക്കെ അവിടെയുണ്ട്
അവൾ തൻ്റെ മടിയിലിരിക്കുന്ന മകനെ കൺവീൻസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
അത് മാത്രമോ? എല്ലാ ദിവസവും കഴിക്കാൻ ബിരിയാണിയുണ്ടാവും,
ഓരോ ദിവസവും ചിക്കനും മട്ടനും ബീഫുമൊക്കെ വയറ് നിറച്ച് തിന്നാം,,,
അവളോടൊപ്പം അയാളും അവനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ ,എന്നാലും എനിക്കെൻ്റെ ഉമ്മിച്ചിയെ കാണാൻ പറ്റില്ലല്ലോ? ഉമ്മിച്ചി എൻ്റെ കൂടെ നിന്നാൽ ഞാനും നിന്നോളാം ,,,
അയ്യോ മോനേ,, അവിടെ കുട്ടികളെ മാത്രമേ നിർത്തുകയുള്ളു ,അത് മാത്രമല്ല ഉമ്മിച്ചിക്ക് ദൂരെ ഒരിടം വരെ പോകാൻ ഉള്ളത് കൊണ്ടല്ലേ തല്ക്കാലം കുറച്ച് ദിവസത്തേയ്ക്ക് മോനെ അവിടെ നിർത്തിയിട്ട് പോകുന്നത് ?ഉമ്മിച്ചി തിരിച്ച് വരുമ്പോൾ മോനെയും കൂട്ടി നമുക്ക് ഒരുമിച്ച് വീട്ടിലേയ്ക്ക് പോകാം
സത്യം ,,ആഹ് എന്നാൽ ഓകെ,,
അവൻ്റെ കണ്ണുകൾ തിളങ്ങി
അപ്പോഴേക്കും ,യതീംഖാന എന്നെഴുതിയ കുമ്മായക്കെട്ട് കൊണ്ട് നിർമ്മിച്ച വലിയ കമാനത്തിന് മുന്നിൽ അവരെത്തിയിരുന്നു.
തേക്കിൻ തടിയിൽ നിർമ്മിച്ച ആർച്ച് ആകൃതിയിലുള്ള വലിയ വാതിലിൻ്റെ ഇടത് വശത്തെ അഴുക്ക് പിടിച്ച കോളിങ്ങ് ബെല്ലിൻ്റെ സ്വിച്ചിൽ വിരലമർത്തിയിട്ട് ,നബീലിനെയും കൈയ്യിൽ പിടിച്ച് അയാൾ അക്ഷമയോടെ നിന്നു.
തങ്ങളോടൊപ്പം ഇറങ്ങി വരാതെ കാറിൽ തന്നെ ഇരിക്കുന്ന ഉമ്മിച്ചിയെ ,നബിൽ മോൻ പലവട്ടം തിരിഞ്ഞ് നോക്കി
അവൻ്റെ നോട്ടം താങ്ങാനാവാതെ മന:സ്താപത്തോടെ അവൾ വിദൂരത്തേയ്ക്ക് കണ്ണ് നട്ടു
അല്പം കഴിഞ്ഞ് താടിവച്ച ഒരു മദ്ധ്യവയസ്കൻ വന്ന് അയാളേയും നബീലിനേയും അകത്തേക്ക് കൂട്ടികൊണ്ട് പോയി
പല പ്രായത്തിലുള്ള ശുഭ്ര വസ്ത്രധാരികളായ പുരുഷൻമാർക്ക് ഇടയിലൂടെ ഓഫീസ് എന്ന് ബോർഡ് വച്ച മുറിയിലേയ്ക്ക് അവർ ചെന്ന് കയറി
പേരും അഡ്രസ്സും വിശദവിവരങ്ങളുമൊക്കെ രജിസ്റ്ററിൽ എഴുതി ചേർത്തതിന് ശേഷം നബീലിനെ അവിടെ നിർത്തിയിട്ട് അയാൾ പുറത്തേയ്ക്കിറങ്ങി
അടഞ്ഞ് കിടന്ന വാതിൽ തുറന്ന് അയാൾ ഒറ്റയ്ക്ക് നടന്ന് വരുന്നത് കാറിലിരുന്ന അവൾ കണ്ണീരോടെ നോക്കി
വാതിലടയുന്നതിന് തൊട്ടടുത്ത നിമിഷം, മുമ്പേ കണ്ട താടിക്കാരൻ്റെ കൈവിടുവിച്ച് നബിൽ മോൻ തൻ്റെ നേരെ ഓടി വരുന്നത് കണ്ട അവളുടെ ഹൃദയം പടപടാ മിടിച്ചു
ഉമ്മിച്ചീ,,,ഷുഗറിൻ്റെ മരുന്നെടുത്തായിരുന്നോ? ഇല്ലെങ്കിൽ പോകുന്ന വഴി കടയിൽ നിന്ന് വാങ്ങാൻ മറക്കല്ലേ ?ഡോക്ടറ് പറഞ്ഞത് ഓർമ്മയുണ്ടല്ലോ ?ഉമ്മിച്ചിക്ക് എന്തേലും സംഭവിച്ചാൽ പിന്നെ എനിക്കാരുമില്ലാണ്ടാവും കേട്ടല്ലോ ?
അത് കേട്ടവൾ ഉറക്കെ പൊട്ടിക്കരഞ്ഞു ,അപ്പോഴേക്കും സൈഡ് ഗ്ളാസ്സ് മുകളിലേക്കുയർത്തി വച്ച് അയാൾ കാറ് മുമ്പോടെടുത്തു
ഉമ്മയുടെ കരച്ചില് കണ്ട് വിളറി നിന്ന ആ ഒൻപത് കാരൻ്റെ കൈയ്യും പിടിച്ച് താടിവച്ചയാൾ യതീംഖാനയുടെ ഉള്ളിലേക്ക് നിർവ്വികാരതയോടെ കയറിപോയി.