നിങ്ങള് ചെന്ന് ആ നിസാറിൻ്റെ വീട്ടിൽ ചോദിക്ക് ,അവൻ ഗൾഫിൽ പോകാൻ നേരത്ത്, ചെന്നിട്ട് അയച്ച് തരാമെന്ന് പറഞ്ഞ്, അയ്യായിരം രൂപാ കടം വാങ്ങിച്ചോണ്ട് പോയതല്ലേ…….

Story written by Saji Thaiparambu

നിങ്ങളിങ്ങനെ താടിക്ക് കൈയ്യും കൊടുത്തിരുന്നിട്ടെന്താ കാര്യം ?

സ്കൂള് തുറക്കാൻ ഇനി ഒരാഴ്ച കൂടിയേ ഉള്ളു , നിങ്ങളെങ്ങനെയെങ്കിലും ഒരു അയ്യായിരം രൂപ സംഘടിപ്പിച്ചാലേ കാര്യങ്ങൾ നടക്കൂ,,

എടീ ഞാനെവിടെ പോയി ചോദിക്കാനാണ് ,ചോദിച്ചവരുടെ അവസ്ഥയും ഇതൊക്കെ തന്നെയാ

നിങ്ങള് ചെന്ന് ആ നിസാറിൻ്റെ വീട്ടിൽ ചോദിക്ക് ,അവൻ ഗൾഫിൽ പോകാൻ നേരത്ത്, ചെന്നിട്ട് അയച്ച് തരാമെന്ന് പറഞ്ഞ്, അയ്യായിരം രൂപാ കടം വാങ്ങിച്ചോണ്ട് പോയതല്ലേ? ഇപ്പോൾ മാസം അഞ്ചാറായി ,ഇത് വരെ അത് തന്നോ? പോട്ടെ ഒന്ന് വിളിക്കയെങ്കിലും ചെയ്യാമല്ലോ ?അതിനുള്ള മര്യാദപോലും അവൻ കാണിച്ചില്ലല്ലോ ? അവൻ്റെ കെട്ട്യോള് വീട്ടിലുണ്ടാവുമല്ലോ ?നിങ്ങളവളോട് ചെന്ന്, കടം വാങ്ങിച്ച കാശ് തരാൻ പറയ് ,,

എന്നാൽ ഞാൻ അവിടെ വരെയൊന്ന് പോയി നോക്കാം,,

നോക്കിയാൽ പോരാ, നിർബന്ധമായിട്ടും കാശ് വാങ്ങിച്ചോണ്ടേ വരാവു,,

ഭാര്യയുടെ നിർദ്ദേശപ്രകാരമാണ്, കുറച്ചകലെയായി താമസിക്കുന്ന, നിസാറിൻ്റെ വീട്ടിലേക്ക് രാജേന്ദ്രൻ ചെല്ലുന്നത്,

ങ്ഹാ,രാജേട്ടനോ? വാ ഇരിക്ക്, എന്താ വിശേഷിച്ച് ?

നിസാറിൻ്റെ ഭാര്യ, അയാളെ കണ്ടപ്പോൾ, പ്ളാസ്റ്റിക് കസേര, ഷാള് കൊണ്ട് തുടച്ചിട്ട് നീക്കിയിട്ട് കൊടുത്തു.

അല്ലാ, ഞാൻ കുറച്ച് സാമ്പത്തിക ഞെരുക്കത്തിലാണ്, സ്കൂള് തുറക്കാൻ പോകുവല്ലേ? അപ്പോൾ കുട്ടികളുടെ അഡ്മിഷൻ ഫീസും, പിന്നെ യൂണിഫോമു മൊക്കെ ആയിട്ട്, കുറച്ച് പൈസയുടെ ആവശ്യം വന്നു ,നിസാറ് പോകാൻ നേരത്ത്, എൻ്റെ കൈയ്യിൽ നിന്ന്, ഒരു അയ്യായിരം രൂപ കടം വാങ്ങിയിരുന്നു, അത് തിരിച്ച് കിട്ടിയിരുന്നെങ്കിൽ, വലിയ സഹായമായിരുന്നു,,

ഓഹ് ,സോറി രാജേട്ടാ,, ഇക്ക പോകുമ്പോൾ ,കടം വീട്ടാനുള്ളവരുടെ കൂട്ടത്തിൽ ഇങ്ങടെ പേരും പറഞ്ഞിരുന്നു ,പക്ഷേ, എനിക്കത് വീട്ടാൻ കഴിഞ്ഞില്ല ,രാജേട്ടനിരിക്ക് ഞാനിപ്പോൾ കൊണ്ട് തരാം,,

നിസാറിൻ്റെ ഭാര്യ ഫാത്തിമ അകത്തേയ്ക്ക് കയറിപ്പോയപ്പോൾ രാജേന്ദ്രന് ആശ്വാസമായി.

ഹോ ഭാഗ്യം ,ഇവിടെ നിന്നും കിട്ടിയില്ലെങ്കിൽ പിന്നെ താനെന്ത് ചെയ്തേനെ ?

അയാൾ ആശങ്കപ്പെട്ടു.

ഫാത്തിമ അകത്ത് പോയിട്ട് വന്നപ്പോൾ , ചുരുട്ടിപ്പിടിച്ച്കൊ ണ്ട്, രാജേന്ദ്രൻ്റെ കൈയ്യിൽ കൊടുത്തത്, മുഷിഞ്ഞ അൻപതും ഇരുപതും പത്തും ഒക്കെ അടങ്ങിയ നോട്ടുകളായിരുന്നു ,അയാളത് എണ്ണി തിട്ടപ്പെടുത്തിയിട്ട് പോകാനായി എഴുന്നേറ്റു.

ങ്ഹാ പിന്നെ ,നിസാറ് വിളിക്കുമ്പോൾ എൻ്റെ അന്വേഷണം പറയണം, അവനന്ന് പോയപ്പോൾ പറഞ്ഞത്, അവിടെ ചെന്നിട്ട് വിളിക്കാമെന്നാണ്, പക്ഷേ ഇന്ന് വരെ വിളിച്ചിട്ടില്ല ,സാരമില്ല, ജോലി തിരക്കുണ്ടാവും,,

പരിഭവം പറഞ്ഞ് കൊണ്ട് രാജേന്ദ്രൻ പുറത്തേയ്ക്കിറങ്ങി.

രാജേന്ദ്രൻ വീട്ടിലെത്തുമ്പോൾ ഭാര്യ രജനി ,അയാളെയും കാത്തിരിക്കുകയായിരുന്നു,,

നിങ്ങള് നിസാറിൻ്റെ വീട്ടിൽ പോയോ?

പോകുകയും ചെയ്തു ,കിട്ടാനുള്ളത് വാങ്ങിക്കുകയും ചെയ്തു,,

അയ്യോ ,അത് വേണ്ടായിരുന്നു ചേട്ടാ ,,

ങ്ഹേ, വേണ്ടായിരുന്നെന്നോ ? നീയെന്താ ഈ പറയുന്നത്?

ചേട്ടനിത് കണ്ടോ ? ഞാനിപ്പോഴാണ് കണ്ടത്,,

രജനി, താൻ കണ്ട് കൊണ്ടിരുന്ന വീഡിയോ ഭർത്താവിനെ കാണിച്ചു.

എൻ്റെ ദൈവമേ ,, ഇതെന്താ ഞാൻ കാണുന്നത് ? രജനീ ,,നമ്മളിതൊന്നുമറിഞ്ഞില്ലല്ലോ

അതേ ചേട്ടാ ,യാതൊരു തെറ്റും ചെയ്യാതെയാണ് നിസാറ് ജയിലിലായിരിക്കുന്നത് ?

ഇപ്പോൾ അഞ്ച് മാസമായെന്ന് , നിസാറിനെ ജയിൽ മോചിതനാക്കാനുള്ള പൈസയ്ക്ക് വേണ്ടി ,ഫാത്തിമ ആ വീടും സ്ഥലവും ആർക്കോ വിറ്റു, വാങ്ങിയ ആള് ഫാത്തിമ ഉടനെ അവിടെ നിന്ന് ഇറങ്ങി കൊടുക്കണമെന്ന് ആവശ്യ പ്പെട്ടിരിക്കുവാണ്, പക്ഷേ, അവർക്ക് പോകാൻ വേറൊരിടവുമില്ലത്രെ , ഇപ്പോൾ തന്നെ ഫാത്തിമയുടെയും പിള്ളേരുടെയും ചിലവ് കഴിയുന്നത് , നാട്ട്കാരൊക്കെ കൂടി സഹായിച്ചിട്ടൊക്കെയാണ്,,

എടീ,, എന്നിട്ട് ആ കൊച്ച് എന്നോടിതൊന്നും പറഞ്ഞില്ലല്ലോ ? ഈശ്വരാ ,, ഇതറിഞ്ഞിരുന്നെങ്കിൽ ഞാനീ പൈസ വാങ്ങില്ലായിരുന്നു,,

അത് സാരമില്ല ചേട്ടാ,, നിങ്ങളത് തിരിച്ച് കൊടുത്തിട്ട്, സോറി പറഞ്ഞേക്ക്, നമ്മളൊന്നും അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാൽ മതി,,

പക്ഷേ ,രജനീ,, നമ്മളീ പൈസ തിരിച്ച് കൊടുത്താലും അവരുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലല്ലോ? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ? നിസാറ്, ഫാത്തിമയെ സ്നേഹിച്ച് വിളിച്ചിറക്കി കൊണ്ട് വന്നതാണ് ,അതിന് ശേഷം അവൻ്റെ വീട്ടുകാരും ഫാത്തിമയുടെ വീട്ടുകാരും അവരുമായി കടുത്ത ശത്രുതയിലാണ് ,ഇപ്പോഴും അവരാരും തിരിഞ്ഞ് നോക്കാത്തത് കൊണ്ടല്ലേ? നാട്ടുകാരുടെ സഹായത്തിലാണ് ജീവിക്കുന്നതെന്ന് വീഡിയോയിൽ പറഞ്ഞത് , ഈ അവസരത്തിൽ നമുക്ക് നിസാറിൻ്റെ കുടുംബത്തെ സഹായിക്കേണ്ട കടമയുണ്ട് രജനീ ,,,

അതിനിപ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും രാജേട്ടാ ?

അവർക്കിപ്പോൾ ഏറ്റവും അത്യാവശ്യം, കിടന്നുറങ്ങാൻ ഒരു കൂരയാണ് ,ദൈവം സഹായിച്ച് മഴയും വെയിലും കൊള്ളാതെ കിടന്നുറങ്ങാൻ, ചെറുതാണെങ്കിലും നമുക്കൊരു വീടുണ്ടല്ലോ? ഇവിടുള്ള രണ്ട് മുറികളിൽ ഒന്ന് മതിയാകും നമുക്ക്, ബാക്കിയുള്ള ഒരു മുറി അവർക്കു് കൊടുക്കാം, നിസാറിൻ്റെ കേസൊക്കെ കഴിഞ്ഞ്, അവൻ തിരിച്ച് വരുന്നത് വരെ ,ഫാത്തിമയ്ക്കും രണ്ട് കുട്ടികൾക്കും ഭക്ഷണം കൊടുക്കാൻ നമുക്ക് കഴിയില്ലേ രജനീ,,

തീർച്ചയായും ചേട്ടാ ,,, നിങ്ങള് പറഞ്ഞതാണ് ശരി ,നിസാറ് തിരിച്ചെത്തുന്നത് വരെ അവൻ്റെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് ,അല്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യരാണോ ചേട്ടാ ,,,

ഭർത്താവിൻ്റെ അഭിപ്രായത്തോട് രജനി പൂർണ്ണമായും യോജിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *