നിങ്ങൾക്ക് ബിരിയാണി ആണ് ഇഷ്ടമെങ്കിൽ അതിനുള്ള കാശുകൂടി ഞാൻ നിങ്ങളുടെ കൂലിയിൽ ഉൾപ്പെടുത്തി തരാം. ഞാൻ പാചകം ചെയ്ത ഭക്ഷണം……..

Story written by Latheesh Kaitheri

“ഇന്ന് എത്രപേരുണ്ട് കുമാർ മെയിൻ വാർപ്പിന്‌?”

“ഇരുപത് പേരുണ്ട് കുമാരേട്ടാ.”

“മലയാളികൾ ഉണ്ടോ?”

“ഇല്ല, അവർക്ക് കൂലി എണ്ണൂറു രൂപയല്ലേ? ഇവർക്കാകുമ്പോൾ അറുന്നൂറു മതി. ആ ഇനത്തിൽ മാത്രം കുമാരേട്ടന് രൂപ നാലായിരം പോക്കറ്റിൽ കിടക്കും.”

“ശരി,ശരി. ഉള്ളതുകൂടി കളയാതെ നീ അവരോടു പണി തുടങ്ങാൻ പറ. ഉച്ചയ്ക്കുള്ളിൽ പറ്റുമെങ്കിൽ വാർപ്പ് തീർക്കണം.”

സമയം പത്തുമണി.

“കുമാർ ഭായ് എന്താണിത്? നിങ്ങൾക്ക് അറിയുന്നതല്ലേ? ഇതുപോലുള്ള കേരള ഫുഡ് നമുക്ക് പറ്റില്ലെന്ന്. പിന്നെന്താ ഇങ്ങനെ? എന്താ ഇന്നലെ വിളിച്ചു പൊറോട്ടയും റൊട്ടിയും ആണ് നമ്മുടെ പ്രഭാത ഭക്ഷണം എന്ന് അറിയിക്കാതിരുന്നത്?” ബംഗാളികളിൽ കൂട്ടത്തിൽ തലവന്റെ ചോദ്യം.

“ക്ഷമിക്കണം അമീർ ഭായ്. ഇത് എന്റെ കയ്യിൽ നിന്നും വന്ന തെറ്റാണ്. ഇപ്പോൾ നിങ്ങൾ പറഞ്ഞ ഭക്ഷണങ്ങൾ ഇവിടെ എത്തിക്കാം. എന്നുവെച്ചാൽ ഈ മലമുകളിൽ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ താഴേക്കുപോകണം.”

അമീറിന്റെ വാക്ക് തള്ളാൻ പറ്റാത്തത് കൊണ്ടാകണം. പിറുപിറുത്തുകൊണ്ട് ബാക്കിയുള്ളവരും കഞ്ഞിയും പുഴുക്കും കഴിച്ചു.

ഭക്ഷണത്തിൽ തൃപ്തി വരാത്തതിൽ ആവണം, അവരുടെ പണി പതുക്കെ ആകുമ്പോൾ കുമാർ ഇടപെടുന്നുണ്ട്.

സമയം രണ്ടു മാണി. വാർപ്പ് കഴിഞ്ഞു പണി പൂർത്തി ആയി.

ഭക്ഷണം ഇവിടെ അല്ല, താഴെ ഉള്ള ഗൃഹനാഥൻ ഇപ്പോൾ താമസിക്കുന്ന വീട്ടിലാണ് എന്ന് പറഞ്ഞതനുസരിച്ചു ബംഗാളി തൊഴിലാളികളേയും കൂട്ടി കുമാർ അങ്ങോട്ട് നടന്നു.

കുറച്ചു താഴെയായി, കട്ടകൊണ്ടു പണിത ഒരു കുഞ്ഞു വീട്.

ഒരു നല്ല കാറ്റിനേയോ മഴയേയോ അതിജീവിക്കാൻ പറ്റാത്ത ഒരു ഓട് മേഞ്ഞ വീട്.

മിക്കവാറും സ്ഥലങ്ങളിൽ കഴുക്കോൽ പൊട്ടി,വെളിച്ചവും,മഴപെയ്താൽ മഴയും നേരിട്ട് പതിക്കും. കാണുമ്പോൾ തന്നെ കുമാറിന് വയ്യാതായി.

ഗൃഹനാഥൻ ഭക്ഷണം വിളമ്പി,ചോറും,മീൻ കറിയും,വറവും,അച്ചാറും,പപ്പടവും.
ബംഗാളികൾ ഒന്നടങ്കം പിറുപിറുക്കാൻ തുടങ്ങി.

സാധാരണ വാർപ്പുള്ള ദിവസങ്ങളിൽ അവർക്കു ലഭിക്കുന്നത് ബിരിയാണി ആണ്. അതിനു പകരം ഈ ഭക്ഷണം വിളമ്പിയത് അവർക്ക് തീരെ പിടിച്ചില്ല.

അവരെന്തോ സമരമുഖത്ത് എന്ന പോലെ കഴിക്കാതെ എഴുന്നേല്ക്കാൻ തുടങ്ങിയപ്പോൾ ഗൃഹനാഥൻ അടുക്കളയിൽ നിന്നും പുറത്തക്കു വന്നു പറഞ്ഞു. “ഇതു നിങ്ങൾ കഴിക്കാതെ പോകരുത്. ഇതു എന്റെ ഈ ദിവസത്തെ മൊത്തം അധ്വാനം ആണ്. രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റു പാചകം ചെയ്തതാണ് ഇവയൊക്കെ.”

“നിങ്ങൾക്ക് ബിരിയാണി ആണ് ഇഷ്ടമെങ്കിൽ അതിനുള്ള കാശുകൂടി ഞാൻ നിങ്ങളുടെ കൂലിയിൽ ഉൾപ്പെടുത്തി തരാം. ഞാൻ പാചകം ചെയ്ത ഭക്ഷണം നന്നായില്ലെങ്കിൽ നിങ്ങളോടു ഞാൻ ക്ഷമ ചോദിക്കുന്നു. ഇവിടെ കുറെ നാളായി പാചകം ഞാൻ തന്നെയാണ്.”

ഒന്ന് മടിച്ചെങ്കിലും ഗൃഹനാഥൻ കൊടുത്ത ഓഫർ അവർക്ക് നന്നായി പിടിച്ചു.

അവർ ഊണ് കഴിക്കാൻ തുടങ്ങി. നല്ല രുചി. അവർ വീണ്ടും വീണ്ടും ചോറും കറികളും വാങ്ങിക്കഴിച്ചു.

നമ്മൾ ബംഗാളികൾ എന്നുപറഞ്ഞു കളിയാക്കുമെങ്കിലും അവർ ഒരു ദിവസം വെക്കുന്ന കറിയിലെ പരിപ്പുണ്ടെങ്കിൽ നമുക്ക് ഒരാഴ്ച പരിപ്പ് കറിവെക്കാം. അത്രയും ഭംഗിയായി,ആർഭാടം ആയെ അവർ ഭക്ഷണം പാചകം ചെയ്യൂ.

“സ്ത്രീകളെ ആരെയും കാണാനില്ലല്ലോ? നിങ്ങൾ തനിച്ചാണോ താമസം ഈ വീട്ടിൽ?” കുമാർ ചോദിച്ചു.

“അല്ല ,മാനസിക രോഗികളായ രണ്ടു സഹോദരിമാരും,വാർദ്ധക്യം കൊണ്ട് എഴുന്നേൽക്കാൻ വയ്യാതായ അമ്മയും ഉണ്ട് ഈ വീടിനുള്ളിൽ. നിങ്ങൾക്ക് കാണണോ?”

അയാളുടെ കൂടെ അകത്തേക്ക് ചെന്നപ്പോൾ,എന്റെ പിറകിലായി ബംഗാളി തൊഴിലാളികളും കൂടി അകത്തു കയറി.

അമ്മയും പെങ്ങന്മാരും! എല്ലാവരും പ്രാഥമിക കാര്യങ്ങൾ ചെയ്യുന്നത് പോലും അവിടെ തന്നെ. എന്നിട്ടും ഒരു മടിയും ഇല്ലാതെ എല്ലാം വൃത്തിയാക്കുന്നു അയാൾ. അതിനിടയിൽ എപ്പോഴാണ് ഈ പാവം ഇവർക്കുള്ള ഭക്ഷണം തയ്യാറാക്കിയത് എന്നതാലോചിക്കുമ്പോൾ എനിക്ക് സംശയം തോന്നി.

“അടുത്ത മാസം മുതൽ നല്ല മഴതുടങ്ങും. അതിനുമുൻപ്‌ ഇവരെ മഴചോരാത്ത ഒരു വീട്ടിൽ എത്തിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം.” “ഇത് കാശ് ഉണ്ടായിട്ടുവെച്ച വീടൊന്നുമല്ല. പാവപ്പെട്ടവർക്ക് വീടുവെക്കാൻ ലഭിച്ച മൂന്നുലക്ഷം രൂപയും ബാക്കി നമ്മുടെ നാട്ടുകാര് പിരിച്ചു തന്ന പൈസ കൊണ്ടെക്കെയാണ് ഇതുവരെ എത്തിച്ചത്.”

എല്ലാം കേട്ടപ്പോൾ കുമാറിന് എന്തോ എവിടെയോ മനസ്സിൽ തട്ടി.

അയാൾ കുമാരേട്ടന്റെ അടുത്തക്കു നടന്നു.

“കുമാരേട്ടാ നിങ്ങളുടെ കരാറ് തുകയിൽ നിന്നും എന്തെങ്കിലും കുറച്ചു കൊടുക്കണം. അത്രയും കഷ്ട്ടമാണ് അവരുടെ അവസ്ഥ”.

“അതൊന്നും നടക്കില്ല മോനെ, ഞാൻ പുണ്യം കിട്ടനൊന്നുമല്ല ഈ പരിപാടിക്ക് ഇറങ്ങിയത്. നീ നിന്റെ പാടുനോക്കി പോയെ.”

“എന്നാലും എന്തെങ്കിലും?”

“ഒരു എന്നാലും ഇല്ല. നീ പോയേ.”

“ശ്രദ്ധിച്ചുനോക്കുമ്പോൾ ബംഗാളികൾ കൂട്ടം കൂടി ചർച്ച ചെയ്യുന്നു.

എനിക്ക് ഒന്നും മനസ്സിലായില്ല.

അല്പം കഴിഞ്ഞപ്പോൾ അമീർ എന്റെ അടുത്തുവന്നു.

“കുമാർ ഭായ്,നമ്മളക്കെല്ലാവർക്കും കൂലി അറുന്നൂറു രൂപവേണ്ട,മുന്നൂറ് മതി! ബാക്കി ആ പാവങ്ങൾക്ക് നിങ്ങളുടെ കരാറിൽ നിന്ന് കുറച്ചുകൊടുക്കാൻ കുമാരേട്ടനോട് പറയണം. നമുക്കുമുണ്ട് കുടുംബം. മറ്റുള്ളവരുടെ ദുഃഖം കണ്ടാൽ അലിയുന്ന മനസ്സും പടച്ചവൻ നമുക്ക് തന്നിട്ടുണ്ട്. ഇതിനുള്ള കൂലി പടച്ചോൻ തരും. അതുമതി നമുക്ക്.”

ഇന്നലെവരെ പുച്ഛത്തോടെ നോക്കി കണ്ടിരുന്ന അവരോടു പറഞ്ഞറിയിക്കാൻ പറ്റാത്ത ബഹുമാനം തോന്നിയ നിമിഷം!

ഈ ലോകത്തു ചിലവില്ലാത്ത കാര്യത്തിന് ആൾക്കാരെ ചിരിച്ചു കൊ ല്ലാനല്ലാതെ കാര്യമായി സഹായിക്കേണ്ട അവസരം വരുമ്പോൾ ഉൾവലിയുന്നവർക്ക് ഇവരൊരു പാഠപുസ്തകമാണ്.

“പണം കൊണ്ട് പാമരനും മനം കൊണ്ട് കോടീശ്വരനും!”.

Related Posts

Leave a Reply

Your email address will not be published. Required fields are marked *