നിങ്ങൾ അപ്പോൾ എന്നെ ഇഷ്ടമായിട്ട് ഈ വിവാഹത്തിന് സമ്മതിച്ചത് അല്ല അല്ലേ… ആദ്യരാത്രിയിൽ ശിവന്കുട്ടിയെ കുറിച്ച് വാ തോരാതെ സംസാരിച്ചു…..

ഗജപോക്കിരി.

എഴുത്ത്: മിത്ര വിന്ദ

അ…. അമ്മ….

ആ…. ആന…

ശാരദ ടീച്ചർ പഠിപ്പിക്കുക ആണ്.

ആന എന്ന വാക്കും, പാഠപുസ്തകത്തിലെ ആനയുടെ പടവും കണ്ടപ്പോൾ അപ്പുണ്ണിക്കും തോന്നി ആനയെ ഒന്ന് കാണണം എന്നു.

കളിക്കൂട്ടുകാരനായ റിയാസിനോട് ഒറ്റ കാര്യത്തിൽ മാത്രമേ തനിക്കു പിണക്കം ഉണ്ടായിരുന്നുള്ളു.

അവൻ നന്നായി ആനയുടെ പടം വരയ്ക്കുമായിരുന്നു.

പല തവണ താൻ പറഞ്ഞതാണ് അവനോട് തന്നെയും കൂടെ ഒന്ന് പഠിപ്പിക്കാൻ.

പക്ഷെ എന്ത് ചെയ്യാനാ എത്ര ഒക്കെ വരച്ചിട്ടും അങ്ങ് ശരിയാകുന്നില്ല.

മേലെവീട്ടിലെ ശങ്കരൻ നായരുടെ വീട്ടിലെ തൊടിയിൽ നിന്ന ഒരു പടുകൂറ്റൻ തേക്ക്, ദാമു ചേട്ടനും കൂട്ടുകാരും ചേർന്ന് വെട്ടി ഇട്ടപ്പോൾ, അച്ഛൻ ആണ് പറഞ്ഞത് തടി പിടിക്കുവാൻ ആന വരുന്നുണ്ടെന്നു.

അതുവരെ പാഠപുസ്തകത്തിൽ മാത്രം കണ്ട കറുത്തനിറം ഉള്ള ആ കൊമ്പനെ ഒന്ന് നേരിൽ കാണണം എന്ന ആഗ്രഹം മനസിന്റെ അകത്തളത്തിൽ ആർത്തിരമ്പി..

അച്ഛാ, എന്നെയും കൂടെ ഒന്ന് കൊണ്ടുപോയികാണിക്കുമോ ആ ആനയെ.

അയ്യോ അപ്പുണ്ണി വേണ്ട കെട്ടോ, ആനക്ക് ചിലപ്പോൾ കുട്ടികളെ കണ്ടാൽ ഹാലിളകും, ആദ്യം ഇടങ്ങേറ് ഇട്ടത് മുത്തശ്ശൻ ആണ്.

അമ്പലത്തിൽ പോയിട്ട് വന്നു ഉമ്മറത്തിരുന്ന കിണ്ടിയിൽ നിന്നു വെള്ളം എടുത്തു കാലുകൾ കഴുകിയിട്ടു മുത്തശ്ശിയും കോലായിലേക്ക് പ്രവേശിച്ചു.

ശിവ ശിവ… നിനക്ക് ആനയെ കാണാൻ മോഹമോ.. അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്ക് എന്റെ കുട്ട്യേ നിയ്.

മുത്തശ്ശിയുടെ വക ആയി അടുത്ത നിർദേശം

എന്ത് ചെയ്യണം എന്നറിയാതെ അപ്പുണ്ണി വിഷമിച്ചപ്പോൾ ആണ് അമ്മ അച്ഛന് കഴിക്കുവാൻ ഉള്ള പ്രാതലും ആയിട്ട് ഊണ് മുറിയിലേക്ക് വന്നത്.

കുട്ട്യേ ഒന്ന് കൊണ്ടുപോയി കാണിക്ക് വിജയേട്ടാ,,അവൻ ഇതേ വരെ ആനയെ കണ്ടിട്ടില്ലന്നെ.. , പാവം അമ്മ മാത്രം ആണ് തനിക്ക് അനുകൂലമായി സംസാരിച്ചത്.

മ്മ്.. നോക്കട്ടെ.. ഒരു കഷ്ണം ദോശ എടുത്തു തേങ്ങ ചട്നിയിലേക്ക് മുക്കികൊണ്ട് അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അപ്പുണ്ണിക്ക് സമാധാനമായി.

അവൻ ഇടംകണ്ണാൽ അച്ഛനെ ഒന്ന് പാളി നോക്കി.

മുത്തശ്ശൻ ചെരുപ്പ് കൊണ്ട് ഉണ്ടാക്കി തന്ന ചക്രവണ്ടി എടുത്തു മുന്നോട്ട് ഓടിച്ചുകൊണ്ട് അപ്പുണ്ണി മുറ്റത്തുകൂടി നടന്നു.

കുട്ടിപട്ടാളങ്ങൾ എല്ലാം ആർത്തിരമ്പി കൊണ്ട് ഓടുകയാണ്,

ആന വന്നു എന്നൊരു വാർത്ത കേട്ടു.

അപ്പുണ്ണിയുടെ കണ്ണുകൾ വിടർന്നു.

ഇവറ്റകൾക്ക് ഒന്നും ഒരു പണിയുമില്ലേ ന്റെ മഹാദേവ…. കൈയിൽ ഇരുന്ന കൊട്ടയിലേക്ക്ക് അച്ചിങ്ങ പയർ അടർത്തി എടുത്തുകൊണ്ടു നിന്ന മുത്തശ്ശി പിറുപിറുത്തു.

അപ്പുണ്ണി അക്ഷമനായി നടന്നു..

ചക്രവണ്ടിക്ക് വേഗം പോരാ… അച്ഛൻ ആണെങ്കിൽ ഇറങ്ങി വരുന്നില്ല. തനിക്കു ചോദിക്കുവാൻ മടിയും.

ആ… ആന…

അപ്പുണ്ണിയുടെ മനസ് പിടച്ചു.

കഴിഞ്ഞ കൊല്ലം കാവിലെ പൂരത്തിന് പോയപ്പോൾ എഴുന്നള്ളത്തു നടക്കുക ആണ്.

ആനയെ കാണണം എന്നു അപ്പോൾ അത്രക്ക് മോഹം ഒന്നും ഇല്ലാ, തന്നെയും അല്ല മുത്തശ്ശി പേടിപ്പിച്ചുകൊണ്ട് വേഗം വീട്ടിലേക്ക് പോന്നു.

മോനേ അപ്പുണ്ണി… അച്ഛൻ വിളിച്ചു

അവൻ ഓടി..

വാ.. നിന്നെ ഒരുകൂട്ടം കാണിച്ചു തരാം എന്നു പറഞ്ഞു കൊണ്ട് അച്ഛൻ അവന്റെ വലം കൈയിൽ പിടിച്ചു കൊണ്ട് നടന്നു.

അവർ എങ്ങോട്ടേക്കാ പോയത്… മുത്തശ്ശൻ വിളിച്ചു ചോദിച്ചപ്പോൾ,,, ആവോ നിക്ക് അറിഞ്ഞിടാന്നു അമ്മയുടെ മറുപടി അപ്പുണ്ണി കേട്ടു.

ശങ്കരൻ നായരുടെ പറമ്പിൽ ആണെങ്കിൽ കാവിലെ പൂരത്തിന് ഉള്ള ആളുകൾ ഉണ്ടായിരുന്നു.

തിരിയാനേ അങ്ങട്,,,,, ഇടത്തേക്ക് തിരിയാനെ… അങ്ങനെ പിടിക്ക് ആനെ…. ആരുടെയോ നിർദ്ദേശം കേൾക്കാം ഉറക്കെ…

ചങ്ങല കിലുങ്ങുന്ന ശബ്ദവും, ചെറിയ ചെറിയ ചീറ്റലും, മൂളലും ഒക്കെ പൊന്തി വരുന്നുണ്ട്.

അച്ഛൻ അപ്പുണ്ണിയെ പൊക്കി എടുത്തു കാണിച്ചു കൊടുത്തു.

അപ്പുണ്ണി നോക്കിയപ്പോൾ ആനയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നു .

ഒന്നാംതരം ഒരു തേക്ക് ആണ് വലിക്കുന്നത്.

പാവം..

അപ്പുണ്ണിയുടെ ചങ്ക് നീറി പൊടിഞ്ഞു.

ഈശ്വരാ… എന്ത് കഷ്ടം ആണ്

അവനു സങ്കടം സഹിക്കാൻ പറ്റിയില്ല.

അച്ഛാ നമ്മൾക്ക് പോകാം.

അപ്പുണ്ണി അച്ഛന്റെ കാതിൽ മന്ത്രിച്ചു.

പിന്നീട് അവനു ആനയെ കാണണം എന്ന ആഗ്രഹം ഉണ്ടായില്ല.

കൗമാരത്തിലേക്ക് കടന്നപ്പോൾ പൂരപ്പറമ്പിലും ഉത്സവത്തിനും ഒക്കെ ആനയെ കാണാൻ പോകാൻ തുടങ്ങി.

നെറ്റിപ്പട്ടം ഒക്കെ കെട്ടി കുട്ടിക്കൊമ്പൻ വരണത് കാണുന്നത് തന്നെ ഒരു കോരിത്തരിപ്പ് ആണ്.

ആനയോടുള്ള ഇഷ്ട്ടം കൊണ്ട് ആണ് കോയിപ്പറമ്പിലെ ദേവൻ മേനോന്റെ മകൾ ശ്രീദേവിയുടെ കല്യാണ ആലോചന പൊതുവാൾ കൊണ്ടുവന്നപ്പോൾ മറുത്തൊന്നും പറയാതെ സമ്മതം മൂളിയത്.കഴിഞ്ഞ ഉത്സവത്തിന് എഴുന്നള്ളത്തിനു കൊണ്ടുവന്ന ശിവൻകുട്ടി അവളുടെ വീട്ടിലെ ആന ആയിരുന്നു.

നിങ്ങൾ അപ്പോൾ എന്നെ ഇഷ്ടമായിട്ട് ഈ വിവാഹത്തിന് സമ്മതിച്ചത് അല്ല അല്ലേ… ആദ്യരാത്രിയിൽ ശിവന്കുട്ടിയെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ശ്രീദേവി ചെറിയ ദേഷ്യത്തോടെ തന്നോട് ചോദിച്ചു.

ഒരു ചെറു ചിരിയോടെ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തപ്പോൾ അറിയാതെ അവളും ചിരിച്ചു പോയി.

പിന്നീട് താനും ഒരു പ്രവാസിയായി.

ശ്രീദേവിയും ആയിട്ട് ദുബായിലേക്ക് അങ്ങനെ വിമാനം കയറി.

മൂത്ത മകൻ മാധവിന് ഒരു വയസ് ആയപ്പോൾ ആണ് നാട്ടിലേക്ക് വന്നത്.

ആദ്യത്തെ ദിവസം യാത്രക്ഷീണം കാരണം അടുത്ത ദിവസം കാലത്തെ ആണ് ശ്രീദേവിയുടെ വീട്ടിലേക്ക് പോയത്.

അവനെയും എടുത്തുകൊണ്ടു തൊടിയിലൂടെ നടന്നപ്പോൾ അവൻ അവന്റെ കൈ ചൂണ്ടി…

എന്നിട്ട് അവൻ കിലുകിലെ ചിരിച്ചു.

ശിവന്കുട്ടിയെ കണ്ടുകൊണ്ടാണ് അവൻ ചിരിച്ചത്.

മ്മ്… അച്ഛന്റെ അല്ലേ മോൻ.. ഇങ്ങനെയേ വരൂ…

ശ്രീദേവി അവർക്കരികിലേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

അതുകേട്ടതും മകനെ മുകളിലേക്ക് ഉയർത്തികൊണ്ട് അയാൾ ചിരിച്ചു.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *