ഈറൻ കാറ്റ്
എഴുത്ത്:-ഭാവനാ ബാബു
വീടിനു മുന്നിൽ രാജുവിന്റെ ഓട്ടോ വന്നു നിന്നതും എന്റെ മനസ്സൊന്നു പിടഞ്ഞു………
മീനു കൊണ്ടു വച്ച ചായ ആറി ത്തുടങ്ങിയിരിയ്ക്കുന്നു….
പോകാൻ നേരം അവൾ പറഞ്ഞതൊക്കെയും മനസ്സിലൊരു കനലായി നീറിപ്പുകയുന്നുണ്ട്.
“”ആനന്ദേട്ടാ, രാജു ഇപ്പോഴെത്തും. പോകാൻ നേരം ഏട്ടന്റെ മനസ്സ് മാറ്റാൻ അമ്മ പലതും പറഞ്ഞെന്നിരിയ്ക്കും “”
ഒന്നും ചെവിക്കൊള്ളേണ്ട. കേട്ടല്ലോ.
പിന്തിരിഞ്ഞു പോകുന്ന അവൾ വാക്കുകൾ കൊണ്ട് എന്തൊക്കെയോ ഓർമ്മിപ്പിച്ചു.
എനിയ്ക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
അച്ഛൻ മരിച്ചതിനു ശേഷം ഗോപിയമ്മാവന്റെ വരവ് ഒരാശ്വാസം തന്നെയായിരുന്നു.
“”സരസൂ, നിനക്കൊരു പേടിയും വേണ്ട, ഞാനില്ലേ നിനക്കും, മോനും “”
ആ വാക്കുകൾ ആശ്വാസം മാത്രമായിരുന്നില്ല, ധൈര്യം കൂടിയായിരുന്നു.
എന്നാൽ അതിനൊക്കെ പകരമായി അമ്മ അമ്മാവന്റെ കയർ ഫാക്ടറിയിലെ ശമ്പളമില്ലാത്തൊരു പണിക്കാരിയായി സ്വയം മാറി.
തൊണ്ടു തല്ലിയും, കയറു പിരിച്ചും, ചുവന്നുപൊട്ടിയ ആ കൈവിരലുകൾ ഞാൻ കാണാതെ മറച്ചു പിടിയ്ക്കുമ്പോഴും, അറിയാതെ എന്റെ മനസ്സ് പൊള്ളുന്നത് അമ്മയും കണ്ടില്ല.
വാശിയോടെ പഠിച്ചു ജോലി നേടിയപ്പോൾ അമ്മയെ ഒരു മഹാറാണിയെപ്പോലെ വാഴിയ്ക്കണം എന്നൊരു ആഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
വിവാഹാലോചനകൾ മുടക്കമില്ലാതെ വരാൻ തുടങ്ങിയപ്പോഴാണ് അനാഥാലയത്തിൽ നിന്നൊരു കുട്ടിയായാലോ എന്ന തോന്നൽ വന്നത്.
ബന്ധങ്ങളുടെ, നോവും, ആഴവും അറിയാൻ കഴിയുന്ന ഒരു പാവം കുട്ടി.
പതിവുപോലെ അതിലും അമ്മ എതിര് പറഞ്ഞില്ല.
ഒന്ന് ചിരിയ്ക്കുക മാത്രം ചെയ്തു.
“”ഒക്കെ നിന്റെ ഇഷ്ടം. എന്റെ ഉണ്ണിയുടെ ഈ നല്ല മനസ്സ് അറിയാൻ കഴിയുന്നൊരു കുട്ടി ആയാൽ മതി. “”
അങ്ങനെ മീനു വലതു കാൽ വച്ചു എന്റെ ജീവിതത്തിലേയ്ക്ക് വന്നു.
ആദ്യമൊക്ക അവളുടെ കുഞ്ഞു കുഞ്ഞു പരിഭവങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു.
കാലം കഴിയുന്തോറും അതിനു ആഴമേറി വന്നു.
അവളെക്കാൾ ഞാൻ അമ്മയെ സ്നേഹിയ്ക്കുന്നു അതായിരുന്നു അവളെ അലട്ടിയിരുന്നത്.
അമ്മയോടുള്ള അവളുടെ പെരുമാറ്റം അതിരു വിടാൻ തുടങ്ങിയപ്പോഴാണ് ഞാനിടപെടാൻ തുടങ്ങിയത്.
രാത്രിയിലെ ഒറ്റപ്പെടുത്തലിൽ അവൾ എല്ലാത്തിനും പകരം വീട്ടി.
അമ്മയെ ചൊല്ലിയുള്ള തർക്കങ്ങൾ വീടിനുള്ളിൽ പതിവ് കാഴ്ചയായി തുടങ്ങിയപ്പോഴാണ് അമ്മയുടെ ശബ്ദം ആദ്യമായി വീട്ടിലുയർന്നത് “”
“”എന്നെച്ചൊല്ലി നിങ്ങൾ രണ്ടാളും വഴക്കിടേണ്ട . നാളെത്തന്നെ ഞാൻ ശരണാലയത്തിലേയ്ക്ക് പോവുകയാണ് “”.
അപ്പോഴും തോറ്റു പോയത് ഞാൻ മാത്രമായിരുന്നു.
“”മോനേ, ഞാനിറങ്ങുകയാണ് “.
ഓർമ്മകളിൽ നിന്നും ഞെട്ടലോടെ ഞാനുണർന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ സാരിത്തലപ്പിൽ കണ്ണുകളൊപ്പി അമ്മ നിൽക്കുന്നു.
“”അമ്മേ “”
ഇടനെഞ്ച് പൊട്ടുമാറു ഞാൻ വിളിച്ചു.
“”എന്നെ നീ തടയാൻ നോക്കേണ്ട. നീയും, മീനുവും, അല്ലുവും സുഖമായി കഴിയണം. ഈ അമ്മയ്ക്ക് അത് മതി “”.
ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയുടെ വിരൽത്തുമ്പുകൾ കോർത്തുപിടിയ്ക്കണമെന്നുണ്ടായിരുന്നു എനിയ്ക്ക്.
ചുണ്ടിലൊരു നേർത്ത പുഞ്ചിരിയൊളിപ്പിച്ചു മീനു വാതുക്കൽ തന്നെയുണ്ട്.
“”അച്ഛാ, അച്ഛമ്മയോട് പോണ്ടാന്ന് പറയ് “”
മുണ്ടിന്റെ കോന്തല പിടിച്ചു വലിച്ചു അല്ലു ഉറക്കെ കരയുകയാണ്.
ആ അഞ്ചു വയസുകാരിയുടെ കണ്ണുകളിലുമുണ്ട്, സങ്കടത്തിന്റെ തീരാക്കടൽ.
ഒന്നും ശബ്ദിയ്ക്കാനാവാതെ ഒരു പ്രതിമ പോലെ നിൽക്കാനേ അപ്പോഴും എനിയ്ക്കായുള്ളൂ..
“”അച്ഛാ, വേഗം പോ “” മോൾ എന്നെ മാന്തി പറിയ്ക്കാൻ തുടങ്ങി.
ഒരു മകന്റെ കടമകൾ നിറവേറ്റാൻ കഴിയാത്ത ഞാനെങ്ങനെ ഒരു അച്ഛന്റെ കർത്തവ്യങ്ങൾ നിറവേറ്റും.
പെട്ടന്ന് ഞാൻ അമ്മയുടെ പിന്നാലെ പാഞ്ഞു. ഓട്ടോയിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ തുടങ്ങുകയായിരുന്നു അമ്മ.
“”അമ്മേ, “”
ഉറക്കെ ഞാൻ വിളിച്ചു.
ഒന്നും മനസ്സിലാക്കാൻ കഴിയാതെ അമ്മ തരിച്ചു നിന്നു.
“”വേണ്ട അമ്മേ, അമ്മ എങ്ങോട്ടും പോകുന്നില്ല. ഈ വീട്ടിലാണ് അമ്മയുടെ സ്ഥാനം “”. “”മോനേ, ഞാൻ എനിയ്ക്ക്, മീനു “”
പതർച്ചയോടെ അമ്മ ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി.
അമ്മയെ ഞാൻ ചേർത്തു പിടിച്ചു. ആ മൂര്ദ്ധാവിലൊരു സ്നേഹചുംബനം നൽകി.
“”ഇനി അമ്മയൊന്നും പറയേണ്ട. ബാഗുമെടുത്തു അമ്മ ഉള്ളിലേയ്ക്ക് ചെല്ല് “”.
ഓട്ടോ പറഞ്ഞുവിട്ടു തെല്ലൊരു ആഹ്ലാദത്തോടെ ഹാളിലേക്ക് കയറിയതും ഉറഞ്ഞു തുള്ളി മീനു മുന്നിലേയ്ക്ക് വന്നു.
“”നിങ്ങൾ ഇതെന്തു ഭാവിച്ചാണ്, ഇവരെ വീണ്ടും ഇവിടെ പൊറുപ്പിയ്ക്കാൻ പോകുകയാണോ “”?
അതിനു മറുപടിയായി എന്റെ കൈ ശക്തിയോടെ അവളുടെ ക രണത്തു വീണു.
അടിയുടെ ആഘാതത്തിൽ അവൾ വേച്ചു പിന്നാക്കം പോയി.
“”മിണ്ടരുത് നീ, മര്യാദയ്ക്കാണെങ്കിൽ നിനക്കിവിടെ കഴിയാം. അല്ലെങ്കിൽ ആ പഴയ സ്ഥലത്തേയ്ക്ക് പോകേണ്ടിവരും “”
ചൂണ്ടു വിരലുയർത്തി ആജ്ഞാസ്വരത്തിൽ ഞാൻ അവളോടായി പറഞ്ഞു.
**************
“”ഈ ശ്യാമേട്ടന്റെ ഒരു കാര്യം. രാവിലെ തന്നെ എഴുത്ത് തുടങ്ങിയോ “”?
കാറ്റിൽ പറന്നുവീണ ചില പേപ്പറുകൾ മേശമേൽ അടുക്കി വച്ച് ആശ ചോദിച്ചു.
“”നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, എഴുതുന്നതിനിടയിൽ ശല്യപ്പെടുത്താൻ വരരുതെന്ന് “”
“”നിങ്ങൾ എന്തെങ്കിലും ചെയ്യ്. ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം പറയാനാണ് “”.
“”കാര്യം എന്താന്ന് വച്ചാൽ വേഗം പറഞ്ഞു തൊലയ്ക്ക് “”
നീരസത്തോടെ ഞാൻ പറഞ്ഞു.
“”ഓൾഡ് ഏജ് ഹോമിൽ നിന്നും ഫാദർ വിളിച്ചിരുന്നു. “”
ഇന്നലെ നടന്ന കുടുംബസംഗമത്തിൽ നമ്മൾ പോയില്ലല്ലോ, അതിന്റെ കാരണം ചോദിച്ചിട്ട്.
“”അങ്ങേർക്കു വട്ടാണ് . ഇടയ്ക്കിടെ വിളിച്ചു ശല്യപ്പെടുത്താനാണെങ്കിൽ അങ്ങോട്ട് നമുക്ക് തള്ളയെ ആക്കേണ്ട ആവശ്യമുണ്ടോ? “”
“”നമുക്ക് എന്ന് പറയേണ്ട. നിങ്ങളുടെ മാത്രം താല്പര്യം. എനിയ്ക്ക് അമ്മയെ എങ്ങോട്ടും വിടുന്നത് ഇഷ്ടമല്ലായിരുന്നു. കനിമോൾക്കിപ്പോൾ പന്ത്രണ്ടു വയസ്സായി. അമ്മയുള്ളപ്പോൾ അവളെ ഇവിടെ ആക്കി എങ്ങോട്ട് വേണമെങ്കിലും പോകാമായിരുന്നു. ഇപ്പോൾ തിരിച്ചു വരും വരെ ഉള്ളിലൊരു ആധിയാണ് “”
“മോളെ നോക്കാൻ നീയില്ലെ, പിന്നെയെന്തിനാണ് അവര്. ഏത് സമയവും തുപ്പിയും കാറിയും. ആളുകളുടെ മുന്നിൽ ഞാൻ നാണം കെട്ടു “”
“”വയസ്സായാൽ എല്ലാരും ഇങ്ങനെയൊക്കെയാണ് ഏട്ടാ, നമുക്ക് അമ്മയെ കൂട്ടി കൊണ്ടുവരാം “”
അവളുടെ വാക്കുകളൊന്നും ശ്യാമിന്റെ തീരുമാനം മാറ്റിയില്ല.
“”എന്നെ ദേഷ്യം പിടിപ്പിക്കാതെ കടന്നു പൊയ്ക്കോ. ഇനിയും ചിലയ്ക്കാൻ നിന്നാൽ എന്റെ സ്വഭാവം മാറും “”.
“”കിടന്നു തുള്ളേണ്ട. ഞാനിപ്പൊഴേ ഫാദറിനോട് പറഞ്ഞു അവിടെയൊരു സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. പിന്നെ എന്നേക്കാൾ പത്തു വയസ്സ് അധികമുള്ള നിങ്ങൾക്കാകും ആദ്യം വാർദ്ധക്യമെത്തുക.. അതൊന്നു ഓർമ്മയിരിയ്ക്കട്ടെ. “”
ചവിട്ടി തുള്ളി നടന്നുപോകുന്ന ആശയെ നോക്കി പുച്ചത്തോടെ ഞാനൊന്നു ചിറികോട്ടി.
ക്ളൈമാക്സ് മനസ്സിൽ ചികഞ്ഞു ഞാൻ വീണ്ടുമെന്റെ തൂലിക ചലിപ്പിയ്ക്കാൻ തുടങ്ങി.
ആ കറുത്ത മഷിയുടെ ഭംഗിയിൽ അയാൾ ഒരായിരം അക്ഷരങ്ങൾ കോറിയിടാൻ തുടങ്ങി .
കഥകളിൽ അയാളൊരു നല്ല മകനും, ഭർത്താവും അച്ഛനുമൊക്കെയായിരുന്നു.
ദൂരെയെവിടെയോ ഒരു ഓൾഡ് -എജ് ഹോമിൽ നിന്നുയർന്ന നനുത്ത നിശ്വാസങ്ങളും, ജാലകത്തിനപ്പുറമുള്ള കാത്തിരിപ്പുകളും അയാളുടെ മനസ്സിന്റെ കോണിൽ പോലും ഇടം നേടിയില്ല .
അപ്പോഴും ഒട്ടനവധി കൾ കൊണ്ട് അയാളുടെ കഥ നിറഞ്ഞാടാൻ തുടങ്ങി ……..