എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലായെന്ന് പറഞ്ഞിട്ടും പ്രേമന് മനസ്സിലാകുന്നില്ല. തനിക്ക് യാതൊരു ഓർമ്മ പിശകുമില്ലെന്ന് പറഞ്ഞ് ആ മനുഷ്യൻ എന്റെ കൈയ്യിൽ പിടിച്ചു. എനിക്ക് ദേഷ്യം വന്നു. ദേഹത്ത് നിന്ന് കൈയ്യെടുക്കെടായെന്ന് പറഞ്ഞ് അയാളെ ഞാൻ തള്ളി മാറ്റുകയായിരുന്നു.
ജോലി കഴിഞ്ഞ് വരുമ്പോൾ സ്ഥിരമായി കയറുന്ന ചായക്കടയിലുണ്ടായ ആ സംഭവം അവിടെയുള്ള മിക്കവരും കണ്ടിരുന്നു.
‘ഡാ… പ്രേമനാടാ… മനസ്സിലായില്ലേ… നിന്റെ പഴയ സ്കൂൾ ദോസ്ത്…’
കഴിഞ്ഞ മാസത്തെ പ്രേമന്റെ ശബ്ദമാണ്. അതും മുഴക്കി ഇതുപോലെ ചായ കുടിച്ചിരുന്ന എന്റെ മുന്നിലേക്ക് അയാൾ വരുകയായിരുന്നു. പറയുന്നതൊക്കെ ഏതാണ്ട് ശരിയാണെങ്കിലും പ്രേമനെ തിരിച്ചറിയാൻ എനിക്ക് സാധിച്ചില്ല.
നാല് ബിയിലെ അവസാന ബെഞ്ചിന്റെ ഓർമ്മയുമായാണ് അയാളുടെ സംസാരം. നാൽപ്പതിന്റെ നിറവിൽ നിന്ന് നാലാം ക്ലാസ്സിലേക്ക് ഓർക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കാലത്തെ ഒന്നോ രണ്ടോ ഓർമ്മകളല്ലാതെ മറ്റൊന്നും എന്റെ തലയിൽ തെളിഞ്ഞില്ല.
രണ്ടുനാൾക്ക് മുമ്പും പ്രേമനെ ഞാൻ കണ്ടിരുന്നു.റെയിൽവേ സ്റ്റേഷന്റെ കാർ പാർക്കിംഗിൽ നിന്നിരുന്ന എന്നോട് അയാൾ കൈ വീശി. ആ നേരം അയാൾ ഏതോയൊരു ബൈക്കിന്റെ പിറകിൽ ഇരുന്ന് നിരത്തിലൂടെ പോകുക യായിരുന്നു. അയാൾക്ക് വട്ടാണോയെന്ന് വരെ ഞാൻ ചിന്തിച്ചുപോയി!
പിന്നേയും ഒന്നു രണ്ട് തവണകളിൽ യാദൃശ്ചികമായി ഞങ്ങൾ പരസ്പരം കണ്ടിരുന്നു. അപ്പോഴൊക്കെയും എനിക്ക് അറിയില്ല ചങ്ങാതിയെന്ന് ഞാൻ പറയും. ആ ചങ്ങാതി വിളിയിൽ പോലും സുഖത്തോടെ പ്രേമൻ ചിരിക്കു മായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും അയാളെ എനിക്ക് ഓർത്തെടുക്കാൻ സാധിച്ചതേയില്ല.
സോഷ്യൽ മീഡിയയിലൂടെ അപൂർവ്വമായി സംസാരിക്കുന്നയൊരു സ്കൂൾ സഹപാഠിയോട് പ്രേമനെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. ആ പേരിൽ ഒരുത്തൻ നമ്മുടെ കൂടെയുണ്ടായിരുന്നുവെന്ന് അവൻ ഓർമ്മിച്ചു. എവിടുത്തുകാരൻ ആണെന്നൊന്നും വ്യക്തതയില്ല. അപ്പോഴും പ്രേമനെന്ന പേര് പോലും ഭൂതകാലത്തിൽ നിന്ന് എനിക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഞാൻ വീട്ടിലെത്തി. നിരന്തരം അറിയാമെന്ന് പറഞ്ഞ് മുന്നിൽ വരുന്ന ആ മനുഷ്യനെ തള്ളി മാറ്റിയത് തെറ്റായി പോയോയെന്ന് തോന്നാതെയില്ല. എന്നാലും ഇടപെടുന്ന മനുഷ്യരുടെ നേരവും മാനസികാവസ്ഥയുമൊക്കെ നോക്കണ്ടേ.. അറിയില്ലെന്ന് രണ്ടുമൂന്ന് വട്ടം പറഞ്ഞിട്ടും എന്തിനാണ് ഒരു മനുഷ്യനോട് അടുക്കാൻ ശ്രമിക്കുന്നത്.
‘ഞങ്ങൾ റെഡി. പോകാം….’
കണ്ടപാടെ ഭാര്യ പറഞ്ഞു. മോനുമായി ഒരുങ്ങി നിൽക്കാൻ അവളോട് ഫോണിൽ വിളിച്ച് പറഞ്ഞിട്ടായിരുന്നു ജോലി സ്ഥലത്ത് നിന്ന് ഞാൻ ഇറങ്ങിയത്. മോന്റെ ഇഷ്ടത്തിനൊരു സിനിമയ്ക്ക് പോകണമായിരുന്നു. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ അന്നുമുഴുവൻ ഭാര്യയുടെ മുഖത്തൊരു കടന്നൽക്കൂട് രൂപം കൊള്ളും. എന്റെ സ്വഭാവം വെച്ച് അതിനെയിളക്കി ഞാൻ കുത്തും വാങ്ങും. അത് ഒഴിവാക്കാനുള്ള ധൃതിയെയാണ് പ്രേമൻ തടഞ്ഞ് നിർത്തിയത്. അതും യാതൊരു ഓർമ്മയുമില്ലാത്ത സൗഹൃദവും പറഞ്ഞുകൊണ്ട്.
വീടടച്ച് ഞങ്ങൾ യാത്രയായി. കാണാൻ പോകുന്ന സിനിമയെ കുറിച്ച് തന്നെയായിരുന്നു അമ്മയുടെയും മോന്റെയും സംസാരം. തിയേറ്റർ ഉൾപ്പെടുന്ന കോംപ്ലക്സിൽ ഞങ്ങളെത്തി. വലിയ തിരക്കൊന്നുമില്ല. ശീതീകരിച്ച ഇടത്തിൽ നിന്നും എനിക്ക് കാണേണ്ടി വന്നതൊരു സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു. തുടർന്ന് കാണാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ പുറത്തുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരുന്നു.
അത്രയും ഉറപ്പോടെ പ്രേമനെന്ന പേരുള്ളയൊരു മനുഷ്യൻ നീയെന്റെ കൂട്ടുകാരനാണെന്ന് എന്നോട് പാറയുന്നു. എന്തുകൊണ്ടാണ് എനിക്കത് ഉൾക്കൊള്ളാൻ സാധിക്കാത്തതെന്ന് ഞാൻ ആലോചിച്ചു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സാഹചര്യം പോലെ ചില സൗഹൃദ വലയങ്ങളിൽ ഞാനും ഉണ്ടായിരുന്നു. അവിടങ്ങളിൽ നിന്നൊന്നും ചേർത്ത് പിടിക്കാനൊരു മനുഷ്യനെ എനിക്ക് കിട്ടിയിട്ടില്ല. പരസ്പരം കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുമെന്നല്ലാതെ എനിക്കെന്ന് നിൽക്കാൻ ആരുമുണ്ടായില്ല. ആർക്ക് വേണ്ടിയും ഞാൻ നിന്നില്ലെന്നതും അതിനുള്ളയൊരു കാരണം ആയിരുന്നിരിക്കാം..
‘അച്ഛൻ ഫോണെടുത്തില്ലേ…?’
ഇടവേളയുടെ നേരത്ത് മോൻ പുറത്തേക്ക് വന്ന് ചോദിച്ചതാണ്. ശരിയാണ്. ഞാൻ ഫോണെടുത്തിട്ടില്ല. അച്ഛനോട് ക്യാഷ് വാങ്ങി രണ്ട് പപ്സും, പോപ്‌കോണും, വെള്ളവും വാങ്ങീട്ട് വരാൻ അമ്മ പറഞ്ഞുവെന്ന് അവൻ പറഞ്ഞു. ഞങ്ങൾ തിയേറ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്റ്റോറിലേക്ക് നടന്നു. മോൻ പറഞ്ഞതെല്ലാം വാങ്ങിയപ്പോൾ അറുന്നൂറ്റിപ്പത്ത് രൂപയായി. പണമെടുക്കാൻ പാന്റിലെ പോക്കറ്റ് തപ്പിയപ്പോഴാണ് അതും എടുത്തിട്ടില്ലായെന്ന് എനിക്ക് മനസ്സിലായത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് നൂറുരൂപ തികച്ചെടുക്കാനായില്ല.
‘പേഴ്സ് കാറിലുണ്ടാകും അച്ഛാ…’
മോൻ പറഞ്ഞു. സാധ്യതയില്ലെന്ന് തോന്നിയിട്ടും അവനെ അവിടെ തന്നെ നിർത്തി ഞാൻ പാർക്കിംഗിലേക്ക് നടന്നു. നിരാശയായിരുന്നു ഫലം! പക്ഷെ, തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ച എനിക്ക് അവിശ്വസനീയമാണെന്ന് തോന്നി. പോപ്‌കോൺ നുള്ളി തിന്നുന്ന എന്റെ മോനോട് പ്രേമൻ സംസാരിക്കുന്നു! ആ വേളയിൽ അയാളൊരു ഭൂതമാണെന്ന് എനിക്ക് തോന്നുകയായിരുന്നു.
‘അച്ഛാ.. ഈ അങ്കിള് ക്യാഷ് കൊടുത്തു. ഞാൻ പോണു.’
എന്നും പറഞ്ഞ് അവൻ സിനിമയുടെ അകത്തേക്ക് കയറി. അച്ഛനും മോനും പപ്സ് വാങ്ങുമ്പോൾ താൻ പിറകിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് പ്രേമൻ ചിരിച്ചു. എനിക്ക് സന്തോഷപൂർവ്വമായ കരച്ചിലാണ് അനുഭവപ്പെട്ടത്. പറഞ്ഞത് വാങ്ങികൊടുത്തില്ലെങ്കിൽ ഭാര്യയുടെ കുത്തേൽക്കുമായിരുന്നുവെന്നത് തീർച്ചയാണ്. അതിൽ നിന്നും രക്ഷപ്പെട്ടല്ലോയെന്ന ചിന്ത കൊണ്ടു മാത്രമായിരുന്നില്ല ആ സന്തോഷാശ്രു. എനിക്ക് തിരിച്ചറിയാൻ പറ്റാത്ത മറ്റെന്തോയൊരു കാരണം കൂടിയുണ്ട്.
‘എടോ.. ഞാനിത്രയും പറഞ്ഞിട്ടും നിനക്കെന്നോട് യാതൊരു ദേഷ്യവുമില്ലേ…?’
ചെറു ചിരിയോടെ പ്രേമനോട് ഞാൻ ചോദിച്ചു. അതിന് നിനക്കെന്നെ ഓർമ്മയില്ലാത്തോണ്ടല്ലെടായെന്ന് മാത്രമായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. എത്ര നിഷ്‌ക്കളങ്കമായ മറുപടി! ഒരു പക്ഷെ, എന്നെ മറവി ബാധിച്ചതു കൊണ്ടായിരിക്കാം എനിക്ക് അയാളെ തിരിച്ചറിയാൻ പറ്റാതിരിക്കുന്നത്. അല്ലെങ്കിൽ അയാൾക്ക് ആളുമാറിയതാകാം. എന്തു തന്നെ ആയാലും പ്രേമനെന്ന മനുഷ്യനെ ഇനി നഷ്ടപ്പെടുത്താൻ പാടില്ലായെന്ന് എനിക്ക് തോന്നി.
എന്നോട് ക്ഷമിക്കെന്റെ സുഹൃത്തേയെന്ന് ഞാൻ പ്രേമനോട് പറഞ്ഞു. മറുപടിയായി, എനിക്ക് നിങ്ങളെ അറിയില്ല ചങ്ങാതീയെന്ന് ഞാൻ പറയുമ്പോഴൊക്കെ തെളിയുന്ന അതേ ചിരിയായിരുന്നു അയാളിൽ എനിക്ക് കാണാനായത്. അതു തന്നെയാണ് ഞാൻ ഇതുവരെ കൊള്ളാത്ത സൗഹൃദത്തിന്റെ ചിരിയെന്ന് എനിക്ക് ആ നേരം തോന്നുകയായിരുന്നു..!!!