Story written by Saji Thaiparambu
92 ബാച്ചിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ബാലു എത്തുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു
കാരണം 1992 ൽ പത്താം ക്ളാസ്സിൽ പഠിച്ചവർ ,ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷത്തിന് ,കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഉണ്ടാക്കിയ വാട്ട്സ്ആപ് ഗ്രൂപ്പിൽ അവനെ കാണാതിരുന്നപ്പോൾ ഉറപ്പിച്ചു, വിദേശത്തെവിടെയോ ഫാമിലിയോടൊപ്പം അവൻ സെറ്റിൽഡായിട്ടുണ്ടാവുമെന്ന്
അത് കൊണ്ട് തന്നെ കൂട്ടുകാരികൾ ക്ഷണിച്ചിട്ടും എനിക്ക് തീരെ താല്പര്യ മില്ലായിരുന്നു അവൻ പങ്കെടുക്കാത്ത ആഘോഷത്തിൽ നിർവ്വികാരതയോടെ പോയി നില്ക്കാൻ
പതിനഞ്ച് വയസ്സിൽ പരസ്പരം തോന്നിയ പ്രണയം വെറും ചാപല്യമാണെന്ന് പലരും പറഞ്ഞെങ്കിലും അതങ്ങനെയല്ലെന്ന്സ്കൂ ൾ ജീവിതം കഴിഞ്ഞ് ,മറ്റൊന്നിനും പോകാതെ വീട്ടിൽ തന്നെ കഴിച്ച് കൂട്ടിയ നാലഞ്ച് വർഷങ്ങൾ അവനെ മനസ്സിൽ ധ്യാനിച്ച് അവനോ ടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് കഴിഞ്ഞ എനിയ്ക്ക് മനസ്സിലായിരുന്നു
ഇരുപതാം വയസ്സിൽ കല്യാണാലോചന വന്നപ്പോൾ എനിയ്ക്ക് ബാലുവിനെ ഇഷ്ടമാണെന്നും അവനോടൊപ്പം ജീവിച്ചാൽ മതിയെന്നും പറയാനുള്ള ധൈര്യമില്ലാതെ പോയത് കൊണ്ടുമാണ്, അന്ന് വീട്ടുകാരുറപ്പിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്
വണ്ടിക്കച്ചവടക്കാരനായിരുന്നു എൻ്റെ ഭർത്താവ്, നല്ല വരുമാനവുമുണ്ടായിരുന്നു, അത് കൊണ്ട് ദാരിദ്ര്യമൊന്നുമില്ലായിരുന്നു പക്ഷേ അതൊന്നുമല്ലല്ലോ ഒരു ഭാര്യ ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്നത് ,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലൈംiഗികാസ ക്തി തീർക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ,
ദിവസവും കുiടിച്ചിട്ട് വരുന്ന അയാൾ സ്നേഹത്തോടെ എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല ,ഉപദ്രവിച്ചിട്ടേയുള്ളു എന്നും ,അതിനായി ,കറിക്ക് ഉപ്പില്ല ചോറ് വെന്തിട്ടില്ല എന്നൊക്കെ ഓരോ നിസ്സാര കാരണങ്ങളും കണ്ട് പിടിക്കുമായിരുന്നു ,സഹികെട്ട് ഞാൻ അയാളൊന്ന് മരിച്ച് പോയാൽ മതിയെന്ന് വരെ തലയിൽ കൈവച്ച് പ്രാകിയിട്ടുണ്ട്
എൻ്റെ പ്രാക്ക് ദൈവം കേട്ടു പക്ഷെ അതെനിക്ക് തന്നെ വിനയാകുന്ന രീതിയിലാണ് പിന്നീട് സംഭവിച്ചത് ,മ iദ്യപിച്ച് വണ്ടിയോടിച്ചപ്പോൾ ഉണ്ടായ ആക്സിഡൻ്റിൽ അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന് അയാൾ കിടപ്പിലായി
എൻ്റെ ജീവിതം വീണ്ടും നരകതുല്യമായി ,ഇത്രയും കാലത്തെ ജീവിതത്തിനുള്ളിൽ എനിയ്ക്ക് സന്തോഷിക്കാനോ പ്രതീക്ഷിക്കാനോ ഒരു കുഞ്ഞിനെ പോലും ദൈവം തന്നിരുന്നില്ല
ഒരു വിധത്തിൽ അത് നന്നായി അല്ലെങ്കിൽ കിടപ്പിലായ ഭർത്താവിനെയും കുട്ടികളെയും കൊണ്ട് ഞാനെങ്ങനെ ജീവിക്കുമായിരുന്നു
ഇപ്പോൾ നാട്ടിലെ ധനികരായ രണ്ട് മൂന്ന് പേരുടെ വീടുകളിൽ ജോലിക്ക് പോയിട്ടാണ് അങ്ങേരുടെ മരുന്നിനും ഞങ്ങൾ രണ്ട് പേരുടെ ആഹാരത്തിനും വക കണ്ടെത്തുന്നത്
ഇന്ന് ഞാൻ പഴയ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പോകുവാണെന്ന് പറഞ്ഞിട്ട് അങ്ങേര് യാതൊന്നും മിണ്ടിയില്ല
സ്കൂളിൻ്റെ ഗേറ്റ് കടക്കുന്നത് വരെ നിശ്ചലമായിരുന്നു എൻ്റെ മനസ്സ്
പക്ഷേ, അപ്രതീക്ഷിതമായി സ്കൂൾ മുറ്റത്ത് അവനെ കണ്ട് മുട്ടിയപ്പോൾ എൻ്റെ ഹൃദയം പടപടാ മിടിച്ചു
എന്നെ പ്രതീക്ഷിച്ച് നിന്നത് പോലെ അവൻ എൻ്റെ അടുത്തേയ്ക്ക് വന്നു
അലസമായി കിടക്കുന്ന തലമുടിയും വളർന്ന് തൂങ്ങിയ താടിയും അവനിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോഴും എനിക്ക് പെട്ടെന്ന് തന്നെ അവനെ മനസ്സിലായിരുന്നു
എന്നെക്കാൾ മുമ്പേ അവനെന്നെ മനസ്സിലായത് കൊണ്ടല്ലേ എന്നെ കണ്ടതും അവൻ എൻ്റെ അടുത്തേയ്ക്ക് വന്നത്
ഒന്നും മിണ്ടാനാവാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി കുറേ നേരം നിന്നു
നിൻ്റെ ഭാര്യയും കുട്ടികളും വന്നിട്ടുണ്ടോ?
ഒടുവിൽ ഞാൻ തന്നെ നിശബ്ദതയെ ഖണ്ഡിച്ചു
അതിന് ഞാൻ വിവാഹം കഴിച്ചിട്ട് വേണ്ടേ ?
ങ്ഹേ “
അത് കേട്ട് ഞാനൊന്ന് ഞെട്ടി
നിങ്ങൾ സ്ത്രീകൾക്ക് , വിവാഹാലോചനകൾ വരുമ്പോൾ പഴയ പ്രണയമൊക്കെ വേഗത്തിൽ മറക്കാൻ കഴിയും, പക്ഷേ എന്നെപ്പോലെ ആത്മാർത്ഥമായി പ്രണയിച്ച ഒരു പുരുഷന് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല നിന്നെ എനിക്ക് ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഞാനിപ്പോഴും ബാച്ച്ലറായി കഴിയുന്നത്
അത് കേട്ട് എൻ്റെ നെഞ്ച് പിടഞ്ഞു
എന്ത് മണ്ടത്തരമാണ് നീ പറയുന്നത് ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ് ,ഇനിയെന്തിനാണ് നീ പിന്നെയും കാത്തിരിക്കുന്നത്
അറിയാം ,എല്ലാം ഞാനറിഞ്ഞു ,92 ബാച്ചിൻ്റെ സംഗമം ഉണ്ടെന്നറിഞ്ഞ ഞാൻ, നീയാ പരിപാടിക്ക് നിർബന്ധമായും വരണമെന്ന് പറയാനാണ് ഒരു ദിവസം നിൻ്റെ വീട്ടിൽ വന്നത് ,അന്ന് നീ ഏതോ വീട്ടിൽ ജോലിക്ക് പോയിരിക്കുവാണെന്ന് കിടപ്പിലായിരുന്ന നിൻ്റെ ഭർത്താവ് പറഞ്ഞപ്പോൾ ഞാൻ തിരിച്ച് പോകാനൊരുങ്ങിയതാണ്
അപ്പോൾ അയാളെന്നോടൊരു കാര്യം പറഞ്ഞു
അലമാരയുടെ ഡ്രോയ്ക്കുള്ളിൽ വണ്ടിയുടെ ബുക്കും പേപ്പറുകൾക്കുമിടയിൽ ഒരു ഫോട്ടോ ഇരിപ്പുണ്ട് അതിങ്ങ് എടുക്കാൻ
ആ ഫോട്ടോ എൻ്റെ ആയിരുന്നു
വർഷങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞ സമയത്ത് നിൻ്റെ വസ്ത്രങ്ങൾ ക്കിടയിൽ നിന്നും അയാൾക്കത് കിട്ടിയതാണെന്ന് പറഞ്ഞു.
എന്നിട്ട് അയാളെന്നോട് ചിലത് കൂടി സംസാരിച്ചു
കല്യാണത്തിന് ശേഷവും പഴയ കാമുകൻ്റെ ഫോട്ടോ സൂക്ഷിക്കുന്ന ഭാര്യയെ ഏതെങ്കിലും ഭർത്താവിന് സ്നേഹിക്കാൻ പറ്റുമോ ?അത് കൊണ്ട് ഞാനെൻ്റെ ഭാര്യയെ സ്നേഹിച്ചില്ലെന്ന് മാത്രമല്ല ഒരു പാട് ഉപദ്രവിക്കുകയും ചെയ്തു അതിനെനിക്ക് ദൈവം തന്ന ശിക്ഷയാണിത്, ഇനിയെങ്കിലും നല്ല ജീവിതം കിട്ടുമെന്ന് കരുതി ,ഞാൻ കിടപ്പിലായപ്പോഴെങ്കിലും അവൾക്കെന്നെ ഉപേക്ഷിച്ച് രക്ഷപെടാമായിരുന്നു, എന്നാൽ അവളെന്നെ ഉപേക്ഷിച്ചില്ല, എന്താ അതിനർത്ഥം? അവൾക്കെന്നോട് സ്നേഹമുണ്ടെന്നല്ലേ? പക്ഷേ ആ സ്നേഹം അനുഭവിക്കാനുള്ള യോഗ്യത എനിക്കില്ല അതിനും മാത്രം ഞാനവളെ ദ്രോiഹിച്ചിട്ടുണ്ട് ,എൻ്റെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് ഇന്ന് വരെ സന്തോഷത്തോടെ ഒരു ദിവസം പോലും അവൾ കഴിഞ്ഞിട്ടില്ല, അവളോട് ഞാൻ ചെയ്ത തെറ്റുകൾക്ക് എനിക്ക് പ്രായശ്ചിത്തം ചെയ്യണം ,ബാലു അവിവാഹി തനാണെന്നല്ലേ പറഞ്ഞത് ,ഇപ്പോഴും ഗീതയോട് നിങ്ങൾക്ക് സ്നേഹമുണ്ടെങ്കിൽ അവളെ നിങ്ങൾ സ്വീകരിക്കണം
നിൻ്റെ ഭർത്താവ് അങ്ങനെ പറഞ്ഞത് കേട്ട് കൊണ്ടാണ് ഞാനന്ന് മടങ്ങിയത് അന്ന് തന്നെ ഞാനൊരു ഉറച്ച തീരുമാനവുമെടുത്തിരുന്നു സംഗമത്തിന് വരുന്ന ദിവസം നമ്മൾ പ്രണയിച്ച ഈ സ്കൂൾ മുറ്റത്ത് വച്ച് തന്നെ എൻ്റെ ജീവിതത്തിലേയ്ക്ക് നിന്നെ കൂട്ടണമെന്ന് ,എന്താ ഗീതേ എന്നോടൊപ്പം വരാൻ നീ തയ്യാറല്ലേ?
ബാലുവിൻ്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഞാൻ പതറി നിന്നു
ആത്മാർത്ഥമായി പ്രണയിച്ച പുരുഷനോടൊപ്പം ജീവിക്കാൻ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത് പ്രത്യേകിച്ച് വർഷങ്ങളായി നരകജീവിതം നയിക്കുന്ന എന്നെ പോലൊരു സ്ത്രീ ,പക്ഷേ ഒരു നിമിഷം ഞാൻ എൻ്റെ ഭർത്താവിനെ കുറിച്ച് കൂടി ചിന്തിച്ചു ,മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ട് നടക്കുന്ന ഭാര്യയെ സ്നേഹിക്കാൻ.ഏതെങ്കിലും ഭർത്താവിന് കഴിയുമോ?.അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി ഞാൻ തന്നെയല്ലേ?.മാത്രമല്ല ഇപ്പോൾ അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ ഇനി മുതൽ അദ്ദേഹത്തിന് എന്നെ സ്നേഹിക്കാൻ കഴിയും ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അത് മതി, എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഞാൻ ജീവിച്ചോളാം ,ബാലുവിനോട് നോ പറയാൻ എനിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല
പരിപാടിക്ക് പങ്കെടുക്കാൻ നില്ക്കാതെ ഞാനപ്പോൾ തന്നെ മടങ്ങി
നിരാശ പൂണ്ട ബാലുവിൻ്റെ മുഖം എന്നെ വേദനിപ്പിച്ചില്ല , എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നായിരുന്നു എൻ്റെ ചിന്ത,കാരണം, ഉച്ചയ്ക്ക് അദ്ദേഹത്തിന് കൊടുക്കാനുള്ള കഞ്ഞി വയ്ക്കണം ,സമയത്ത് മരുന്ന് കൊടുക്കണം ,ഭർത്താവിൻ്റെ സ്നേഹം തിരിച്ച് കിട്ടുമെന്നറിഞ്ഞപ്പോൾ പഴയ കാമുകനെ മറന്ന് സ്വാർത്ഥമതിയായ ഭാര്യയായി മാറുകയായിരുന്നു ഞാനപ്പോൾ .