നിനക്ക് പരിഹാസം മാത്രല്ലേ എന്നും. നീയെന്നെ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ വിനു…..

സമാന്തരരേഖ

Story written by Nijila Abhina

ഡിസംബറിന്റെ കുളിരിൽ തണുത്തു വിറയ്ക്കുമ്പോഴും ബാഗിൽ കൂടെ കരുതിയിരുന്ന ചൂടൻ കുപ്പായത്തെ ആശ്രയിക്കാൻ തോന്നിയില്ല..

ഈ തണുപ്പിനും എന്തോ ഒരുന്മാദം തരാൻ സാധിക്കുന്നുണ്ട്…

തണുത്തു വിറച്ച ഇതുപോലൊരു പ്രഭാതത്തിലാണ് അന്നും അവനെ അവസാനമായി കണ്ടത്….

അന്നുമീ മഞ്ചാടി മരം ഇവിടെ തന്നെ ഉണ്ടായിരുന്നു.. മൂന്ന് നാലു ചാരു ബെഞ്ചുകൾ കൂടിയിരിക്കുന്നു കുറച്ചധികം പുതുമകൾ അവിടെയുമിവിടെയും.. പത്തു വർഷത്തിന്റെ മാറ്റങ്ങൾ..

എനിക്കും മാറ്റങ്ങളാണല്ലോ. വെളുത്തു മെലിഞ്ഞ ഗാഥയിൽ നിന്ന് തടിച്ചുരുണ്ട കണ്ണാടി കൂടിനെ ആശ്രയം പ്രാപിച്ച മുപ്പത്തിനാലുകാരി പെണ്ണിലേക്കുള്ള മാറ്റം.. എന്തിന് ചിന്തകൾക്ക് പോലും ഒരുപാട് മാറ്റങ്ങൾ… വിനുവിനെപ്പറ്റി, തീവണ്ടിയെപ്പറ്റി, തണുപ്പിനെപ്പറ്റി ഒക്കേം ഓർക്കുമ്പോൾ മാത്രം നെഞ്ച് വിങ്ങുമായിരുന്നു കാലം മായ്ക്കാതെ എന്നിൽ ബാക്കി വെച്ചതും അത് മാത്രമായിരുന്നു.

ഞാനും വിനുവും……. പറയാൻ കഥകളായി ഒന്നുമില്ലാത്ത രണ്ടുപേർ. പരസ്പരം പറഞ്ഞു തീർക്കാൻ തക്കവണ്ണം ഒരുപാടു കഥകളുള്ള രണ്ടു ജന്മങ്ങൾ… ഓർക്കാൻ ഒരുപാടുണ്ട്.പ്രണയിച്ചു വിവാഹം കഴിച്ച പപ്പയുടേം അമ്മേടേം വിവാഹ മോചനം… ഒരുപാട് സ്നേഹമുണ്ടായിട്ടും എന്നെ പപ്പയെ ഏൽപ്പിച്ചു വീട് വിട്ട് പോയ അമ്മ. പിന്നീടെപ്പോഴോ അറിഞ്ഞു പപ്പ ജീവിതം നശിപ്പിച്ചു കളയാതിരിക്കാൻ അമ്മ വിട്ടു കൊടുത്തതാണത്രേ എന്നെ. അപ്പോഴൊക്കെ ചിരിക്കാൻ തോന്നിയിട്ടുണ്ട്. തമാശ കഥ പോലെ തോന്നിയ ജീവിതം ഒന്നും വ്യക്തമല്ലാത്ത കുറെ കഥകൾ…വീണ്ടും വിവാഹം കഴിഞ്ഞു എന്നറിഞ്ഞു പിന്നീടമ്മയെ കുറിച്ച് ഒന്നും കേട്ടിട്ടില്ല. കേൾക്കാൻ ആഗ്രഹിച്ചതുമില്ല.

ബിസിനസും ബാങ്ക് ബാലൻസും മാത്രം നോക്കി ജീവിച്ച പപ്പയെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാനും ശ്രദ്ധിച്ചു… പക്ഷേ പപ്പ അതിനേക്കാളൊക്കെ എന്നെയും സ്നേഹിച്ചിരുന്നു. ചെന്നൈ നഗരത്തിലേക്ക് പഠനം പറിച്ചു നടുമ്പോൾ ആകാംഷയായിരുന്നു ഓരോ ദിവസവും.. റയിൽവേ സ്റ്റേഷനു തൊട്ടരികിലുള്ള കോളേജ്… ഇടയ്ക്കിടെ അസഹ്യമായ രീതിയിൽ ചൂളം വിളിയോടെ പാഞ്ഞെത്തുന്ന ട്രെയിൻ റയില്പാളത്തിനക്കരെ കുടിലുകൾ കെട്ടി താമസിക്കുന്ന കുഞ്ഞു കുഞ്ഞു കുടുംബം.. അന്നൊക്കെ ശ്വാസം മുട്ടുമായിരുന്നു അവരെയോർത്ത്. നിവർന്നു നിൽക്കാൻ പറ്റാത്തത്ര ചെറിയ കുടിലുകൾ പോസ്റ്ററുകളും കീറിയ തുണിയും സമാസമം ചേർത്തു വലിച്ചു കെട്ടിയ കൂരകൾ… പട്ടിയും കാക്കയും ഒരുപോലെ അവിടെയുള്ള കുഞ്ഞുങ്ങൾക്കൊപ്പം റയിൽവേ പാളത്തിലേക്ക് നോക്കിയിരിക്കുന്ന ആ കാഴ്ച കണ്ണ് നിറച്ചിട്ടുണ്ട്…. അന്ന് കൂട്ടുകാരി പറഞ്ഞതിങ്ങനെയാണ്

“ഇതൊന്നും നോക്കണ്ട അതൊക്കെ പതിയെ മാറും ഗാഥാ അവരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഭാഗ്യം കടാക്ഷിച്ചാല് മാത്രം മാറി മറിയുന്ന ഒരു ജീവിതം നമ്മടെ വിനൂട്ടനെ പോലെ “

“വിനൂട്ടനോ അതാരാ…?

“വിനു സെക്കന്റ്‌ ഇയർ ബാച്ചിലെ സ്റ്റുഡന്റാ. ഈ കോളേജിന്റെ എല്ലാ മേഖലയിലും കൈവെക്കുന്ന ഓൾ ഇൻ ഓൾ ആണ്. പണ്ടാരോ ചതിച്ചതാണത്രേ അവന്റെ അമ്മയെ മലയാളിയാണ്.ട്രെയിനിനു മുന്നിൽ ചാടി മരിക്കാൻ നോക്കി. ഭാഗ്യത്തിന് ഒന്നും പറ്റാതെ രക്ഷപെട്ടു. പിന്നീട് ദേ ആ കുടിലുകളിലൊക്കെ ഉള്ളോരാ അവരെ നോക്കിയത്. പിന്നീടെപ്പോഴോ അമ്മയും പോയി “

തൊണ്ടക്കുഴിയിലെന്തോ ശ്വാസം വിലങ്ങിയത് പോലെ. അല്ലെങ്കിലും അമ്മയെ പറ്റി പറയുമ്പോഴൊക്കെ അങ്ങനെ ആണല്ലോ…

“എന്താ പറ്റിയെ ആയമ്മയ്ക്ക്?

“വീണ്ടും ഏതോ ഒരിരുട്ടിന്റെ മറവിൽ കാ മം തീർത്തതാ ആരൊക്കെയോ “

നാട്ടുകാരൊക്കെയറിഞ്ഞു വാർത്തയായി അങ്ങനെ ഗവണ്മെന്റ് ഏറ്റെടുത്തു വിനൂട്ടനെ. അടുത്തുള്ള ഓർഫനേജിൽ മറ്റോ ആയിരുന്നു. പഠിക്കാൻ തുടങ്ങിയപ്പോ ഇവിടെ തന്നെ വേണത്രെ അവന്….

“നിനക്കിതൊക്കെ എങ്ങനെ അറിയാം

“ഇതിവിടെ എല്ലാവർക്കുമറിയാം. പറ്റുന്ന പോലെ ഒരു നേരമെങ്കിലും അവിടെയുള്ളോർക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കും അവൻ ഇപ്പൊ ഞങ്ങളും “

അന്നാ കഥകളേക്കാൾ ഏറെ മനസ്സിൽ കൊണ്ടത് അവന്റെ പ്രത്യേകത കളായിരുന്നു. കണ്ടതും മിണ്ടിയതും കൂട്ടായതും ഒക്കെയും സാധാരണ പോലെ തന്നെ.

കൂടെക്കൂടെ അവനൊപ്പം അവിടേക്ക് പോകാറുണ്ടായിരുന്നു ആ കോളനിയിലേക്ക് ചോറുപൊതികളും അവന്റെ സ്നേഹവുമായി. ഇത്ര നിഷ്കളങ്കമായി ചിരിക്കാൻ പറ്റുമെന്ന് പഠിച്ചത് ആ കുഞ്ഞുങ്ങളിൽ നിന്നാണ്..വയറു നിറഞ്ഞ സന്തോഷത്തിൽ കെട്ടി പിടിച്ച് അവന്റെ കവിളുകളിൽ ഉമ്മ വെക്കുന്ന കുഞ്ഞുങ്ങൾക്ക് അവൻ അണ്ണനാണ്. ഒരു ബന്ധവും ഇല്ലാതെയുള്ള ചില ബന്ധനം അതാണെനിക്കിവർ അവനൊരിക്കൽ അവരെപ്പറ്റി പറഞ്ഞതാണ്…

പ്രണയം തോന്നിയതെപ്പോഴായിരുന്നു…അറിയില്ല ഒരുപക്ഷെ കാലുതെറ്റി പാളത്തിൽ വീണയന്നെ വലിച്ചെടുത്തു നെഞ്ചോട് ചേർത്തു പിടിച്ച അന്നാവണം.. പേടിച്ചു പോയിരുന്നു അന്ന്. ട്രെയിനിന്റെ ചുവന്ന വെളിച്ചം പാളത്തിനപ്പുറം തെളിഞ്ഞു കാണുമ്പോഴുള്ള ആ വീഴ്ച..വലിച്ചെടുത്തു ചേർത്തു പിടിക്കുമ്പോൾ അവൻ വല്ലാതെ കിതച്ചിരുന്നു എന്നെക്കാളേറെ..

പിന്നീട് യാത്രകൾ ഒരുപാടുണ്ടായി അവധികളിൽ എനിക്ക് മുഷിച്ചിൽ തോന്നി അവന്റെ അസാന്നിധ്യത്തിൽ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ. പൊസ്സസ്സീവ്നെസ് അങ്ങനെ എന്തൊക്കെയോ..

“നീയില്ലാതെ പറ്റാണ്ടായല്ലോ വിനു എനിക്ക് “

“അതിനു ഞാനില്ലാതെ ആയില്ലലോ പെണ്ണേ.

“തമാശ അല്ല വിനൂട്ടാ ഒരുനിമിഷം കൂടി പറ്റില്ലെനിക്ക്… വല്ലാതെ വല്ലാതെ ആഗ്രഹിക്ക്‌ആ നിന്നോടൊപ്പം ഇരിക്കാൻ നിന്നോട് മിണ്ടാൻ ആ കയ്യിൽ കൈ കോർക്കാൻ അങ്ങനെയങ്ങനെ……

“പ്രണയം അല്ലെ… പ്രായത്തിന്റെയാടോ ഇതൊക്കെ മാറും. ഞാൻ കണ്ട ഗാഥ നല്ല പക്വത ഉള്ള കുട്ടിയാ…

അവൻ ഒഴിഞ്ഞു നടക്കാൻ തുടങ്ങി.. പപ്പയോടു അവനെ പറ്റി പറഞ്ഞത് അവസാന പ്രതീക്ഷയോടെയായിരുന്നു.. ഒരല്പം കണ്ണ് നിറച്ചിട്ടെങ്കിലും പപ്പ അത് സമ്മതിക്കുമ്പോൾ വീണ്ടും എന്റെ സ്വപ്‌നങ്ങൾ പൂത്ത സന്തോഷമായിരുന്നു.. ഒരേയൊരു ആവശ്യം മാത്രമേ പപ്പയ്ക്കും ഉണ്ടായിരുന്നുള്ളു. എല്ലാം വിട്ട് അവനിവിടേക്ക് വരണം എന്ന് മാത്രം..

ഓടിച്ചെന്നു പറയുമ്പോൾ സന്തോഷമായിരുന്നു പ്രതീക്ഷ. അത് തെറ്റിച്ചു കൊണ്ട് അവൻ ചോദിച്ചത് യാത്ര എങ്ങനെ ഉണ്ടായിരുന്നു എന്നാണ്.

“വിനു ഞാൻ നാളെ തിരിച്ചു പോകും കോഴ്സ് കഴിഞ്ഞു ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ച്ച കൂടി ഉണ്ടായെന്നു വരില്ല ഇത്രയായിട്ടും ഇനിയെങ്കിലും പറഞ്ഞൂടെടോ ഇഷ്ടാണെന്ന് ന്റൂടെ നാട്ടിലേക്ക് വരാന്ന്…

“ഇവിടം വിട്ട് ഞാനെങ്ങോട്ടും ഇല്ല ഗാഥാ ഇതാ എനിക്ക് ലോകം.. ജീവിതത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും ചിന്തിച്ചു കൂട്ടിയിട്ടില്ല. നിനക്കറിയില്ല എന്ത് സുഖാണെന്നോ ഇതുപോലുള്ള ജീവിതം. ബാങ്ക് ബാലൻസും സമൂഹത്തിലെ സ്റ്റാറ്റസും ഒന്നുമോർത്ത് വേവലാതി പെടേണ്ട.. നോട്ടു നിരോധനവും ഉള്ളീടേം പെട്രോളിന്റേം വിലേം ഒന്നും ബാധിക്കാതെ കുഞ്ഞു പുഞ്ചിരികളിൽ മാത്രം സന്തോഷം കണ്ടെത്താൻ പറ്റുന്നത് വേറെവിടെ പറ്റും…

“ചോദ്യങ്ങൾ ഇനിയില്ല വിനു നാളെ എന്നെ കൊണ്ട് വിടാൻ വരോ നീ “

“ഉം ഞാനുണ്ടാകും “

അന്ന് വൈകുന്നേരം തണുത്തു വിറച്ചു റയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ അവൻ പറഞ്ഞു.

“ഒരു കുഞ്ഞു തണുപ്പിനെ പോലും അതിജീവിക്കാത്ത നീ അത്താഴ പട്ടിണിക്കാരന്റെ പ്രാരാബ്ദങ്ങളെ ഏറ്റെടുക്കാൻ കാണിക്കുന്ന ഉത്സാഹം കാണുമ്പോ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ഗാഥ”…

“നിനക്ക് പരിഹാസം മാത്രല്ലേ എന്നും. നീയെന്നെ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ വിനു.. “

“ഒരുപാട് നിന്നിലുമധികം “

അവന്റെ വാക്കുകൾ അന്നെന്നിൽ ഒരു പുഞ്ചിരി നിറച്ചു. വേദനയും നിസ്സഹായതയും എല്ലാം നിറച്ചൊരു പുഞ്ചിരി. ഒരുപക്ഷെ അതിന്റെ അർഥം എനിക്ക് തന്നെ അറിയില്ലായിരുന്നു.

എന്റെ ബാഗിൽ നിന്ന് നീലയിൽ കറുത്ത വരകളുള്ള ഷാൾ വലിച്ചെടുത്ത് ചെവിയും തലയും കുഞ്ഞ് കുട്ടിയെ പോലെ തണുപ്പ് കേറാത്ത വിധം പൊതിഞ്ഞു കെട്ടി എന്നെ നോക്കി ചിരിക്കുമ്പോൾ ഞാൻ വല്ലാതെയാഗ്രഹിച്ചിരുന്നു ആ നെഞ്ചിലൊന്ന് ചായാൻ..

“ഈ അവസാന നിമിഷം നിന്റെ തീരുമാനത്തിന് എന്തെങ്കിലും മാറ്റം?? ഉണ്ടാവില്ലെന്നറിയാം എങ്കിലും ഒരു പ്രതീക്ഷയാടോ ഓരോ നിമിഷത്തിലും.. നീയെന്നെ സ്നേഹിക്കുന്നത് പോലെ ഇനിയാർക്കും പറ്റി എന്ന് വരില്ല അല്ല നിനക്ക് തന്നെ പറ്റോ വിനു വേറൊരാളെ എന്റെ സ്ഥാനത്ത്??

“നിന്റെ സ്ഥാനം അതെന്നും നിനക്ക് മാത്രമാവകാശപ്പെട്ടതാ ഗാഥ.. മറ്റൊരാൾക്കും നുഴഞ്ഞു കയറാൻ പോലും സാധ്യമാവാത്ത വിധത്തിൽ നിന്റെ ഓർമകളെ നിന്നോടൊത്തുള്ള നിമിഷങ്ങളെ ഞാനതിൽ നിറച്ചിട്ടുണ്ട്. “

“ഒരുമിച്ചു ജീവിക്കണം എന്നുണ്ടോടോ നിന്നെയോർക്കാനും നിന്നെ സ്നേഹിക്കാനും “

“വിനു നീ വെറും സാഹിത്യമാണ് സംസാരിക്കുന്നത്. കൈവിട്ട് പോകാൻ പോകുന്നത് ജീവിതാ ഞാനേറെ സ്വപ്നം കണ്ട ജീവിതം. നിനക്ക് മാത്രം നിറങ്ങൾ ചാലിക്കാൻ പറ്റുന്ന ജീവിതം

“ഇതൊക്കെ ഇപ്പോഴുള്ള നിന്റെ തോന്നലാടോ. പതിയെ നീയും മാറും പുതിയ ജീവിതം ആഢംബരം സൗന്ദര്യം കണക്കുകൾ കണക്കു കൂട്ടലുകൾ,,, ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും അർഹതയില്ലാത്ത അരപ്പട്ടിണിക്കാരനു പ്രണയിക്കാൻ എന്തർഹതയാ പെണ്ണെ..

“നീയെന്നും ഇതിനെപ്പറ്റി മാത്രാ പറയണേ പട്ടിണിയും പരിവട്ടവും. സ്നേഹത്തെ പറ്റി സംസാരിക്കാൻ നിനക്ക് അറിയാണ്ടായിരിക്കുന്നു..

പോന്നൂടെ നാട്ടിലേക്ക് എന്റൊപ്പം.. പപ്പയുടെ ഒരേയൊരാവശ്യം.. അത് ന്യായമല്ലേ വിനൂട്ടാ. കെട്ടുപാടുകളും ബന്ധങ്ങളും ഒന്നൂല്ലാത്ത നിനക്ക് നിന്റെയീ വാശി ഒഴിവാക്കിക്കൂടെ…

ഈ തീവണ്ടി ശബ്ദവും ഈ ചുറ്റുപാടും ബന്ധനങ്ങളും ഒക്കെ വിട്ട് നിനക്ക് വന്നൂടെ വിനു…

ഞാൻ പണ്ടെന്നോ പറഞ്ഞു എന്നാണ് എന്റെയോർമ.. ബന്ധങ്ങളില്ലാത്ത ഈ ബന്ധനത്തിലാടോ എന്റെ ജീവൻ.. കുട്ടനാട്ടിലെ കോടീശ്വരൻ അച്ചായന്റെ പൊന്നോമന പുത്രി. നിന്നെ കാത്തിരിക്കുന്നത് നിറങ്ങളുള്ളൊരു ജീവിതാ പെണ്ണേ..

“എന്റെ ജീവിതത്തിന് ഒരേയൊരു നിറം മതീന്ന് കരുതിയവളാ ഞാൻ. നിന്റെ സ്നേഹത്തിന്റെ നിറം. അല്ലേലും പ്രണയം എന്നും വിപ്ലവമല്ലേ വിനു ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ.. “

“പ്രണയം വിപ്ലവമാണെന്ന് നീ പറയുമ്പോൾ ഞാനോര്ക്കുന്നത് പഴയയാ വിനുവിനെയാട്ടോ ഒരു നേരത്തെയാഹാരത്തിനു വേണ്ടി അമ്മ വരുന്നതും നോക്കി വഴിക്കണ്ണുമായി കാത്തിരുന്നൊരു കുഞ്ഞു വിനുവുണ്ട്….. അവന് വിശപ്പിനേക്കാൾ വലിയ വിപ്ലവം വേറൊന്നുണ്ടെന്ന് വിശ്വസിക്കാൻ ഇന്നും പ്രയാസമാണ് ഗാഥ..

അവൻ പറയുന്നതൊക്കെ ഉത്തരം മുട്ടിക്കുന്ന വാക്കുകളാണ്…. ജീവിതം പോലും ഉത്തരമില്ലാത്ത സമസ്യയായി തീർന്നിരിക്കുന്നു…

പലപ്പോഴും കരുതും അവനെന്നെ തേടി വരുമെന്ന് അല്ലെങ്കിൽ അവനെ തേടി ആ കുഞ്ഞു പുഞ്ചിരികളെ തേടി ചെല്ലണമെന്ന്.. അപ്പോഴൊക്കെയും അവന്റെ വാക്കുകളെ ഓർക്കും

‘ഒരുമിച്ചു ജീവിക്കണം എന്നുണ്ടോടോ ഞാൻ നിന്നെ ഓർക്കാനും നിന്നെ സ്നേഹിക്കാനും ‘

വർഷങ്ങൾക്ക് ശേഷം ഒരറിയിപ്പ് പോലുമില്ലാതെ ഞാൻ കേറി ചെല്ലുമ്പോൾ ആശ്ചര്യം തോന്നുമായിരിക്കണം അവന് അതോ ഇനി മനസിലാകാതെ വരുമോ? ഫോണിൽ ഒന്ന് കൂടി സുഹൃത്തിൽ നിന്ന് കിട്ടിയ അവന്റെ നമ്പറിലേക്ക് വിളിച്ചു.

ഒറ്റബെല്ലിനു തന്നെ നോക്കിയിരുന്നത് പോലെ അവന്റെ ഹലോ ശബ്ദം കേട്ടപ്പോൾ കണ്ണൊന്നു നീറി. പത്തു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ശബ്ദം ഒരിത്തിരി പതിഞ്ഞു അവന്റെ. ഓർമയിൽ മുഴുവൻ നീണ്ടു മെലിഞ്ഞ കോലൻ മുടിയുള്ള വിനുവാണ്. അതിനും മാറ്റം വന്നിരിക്കുമോ

“ഗാഥാ നോക്കിയിരുന്നു മുഷിഞ്ഞോ നീ?

പുറകിൽ നിന്നുള്ള ചോദ്യത്തിന് പോലും പണ്ടത്തെ അതേ സ്നേഹവും അധികാരവും….

പരസ്പരം കണ്ണുകൾ കൂട്ടി മുട്ടുമ്പോൾ വാക്കുകൾക്ക് അവിടെ സ്ഥാനമില്ലെന്ന് തോന്നി.. മഞ്ചാടി മരത്തിനു താഴെ ചാരുബെഞ്ചിൽ അവനോട് ചേർന്നിരിക്കുമ്പോൾ അപരിചിതത്വം ഒട്ടും തോന്നിയില്ല..

‘ഒറ്റയ്ക്കാണോ വന്നത്???

“ഒറ്റയ്ക്കായിട്ട് വര്ഷങ്ങളായില്ലേ “

“അപ്പൊ നീ?

“നിന്നെ പോലെ തന്നെ…. ഒറ്റയ്ക്ക്…. അങ്ങനെ പറയാൻ പറ്റുമോ എന്നറിയില്ല കൂട്ടിന് നിന്റെ ഓർമകളും ണ്ട്…

“എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ ഗാഥാ നിനക്ക്…

“ഉവ്വ് പലപ്പോഴും തോന്നിയിട്ടുണ്ട്. ദേ ഇപ്പഴും….

അവനൊന്നും പറയാനുണ്ടായിരുന്നില്ല. പത്തു വർഷത്തെ വിശേഷങ്ങൾ പരസ്പരം ചോദിച്ചുമില്ല…

“കാനഡ വിശേഷങ്ങൾ പറയ് പെണ്ണേ. ഇനി തിരിച്ചു പോക്കുണ്ടോ…

“പോവും നാളെ അതിനു മുമ്പ് ഒന്ന് കാണാൻ തോന്നി അതാ വന്നത്. “

” ഗാഥ .”….

“പറയ്..”

അവൻ വാക്കുകൾക്ക് വേണ്ടി തപ്പുന്നത് പോലെ തോന്നി….

ഇനിയൊരു ക്ഷെണം ആണെങ്കിൽ വേണ്ട വിനു…. ഒറ്റയ്ക്ക് ശീലിച്ചു പോയി ഒരുപാട് ഒരുപാട് ആഗ്രഹിച്ചപ്പോൾ, നിന്നെയോർത്ത് കരഞ്ഞപ്പോൾ ഒന്നും എനിക്ക് കിട്ടാത്ത ആ ജീവിതം ഓർക്കുമ്പോൾ അതൊക്കെ തമാശയാണിന്ന്..

ഒരു ചൂളം വിളിയോടെ എട്ടു മണി വണ്ടി ഞങ്ങളെ കടന്നു പോകുമ്പോൾ ഞാനാ പാളത്തെപ്പറ്റിയാണോർത്തത് ലോകത്തിനു കുറുകെയൊരു സമാന്തരരേഖ ഒരിക്കലും ഒന്നിക്കാതെയിങ്ങനെ…..

വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെ അവനോട് വിട പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു. ആ കൈകളമർത്തി ഞാൻ പറഞ്ഞു.

സ്നേഹം എന്നത് ഒരുമിച്ച് ജീവിക്കുന്നതല്ലല്ലോടോ ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ സ്നേഹിക്കുന്നതല്ലേ ഓര്മിക്കാനും ഓമനിക്കാനും താലോലിക്കാനും ഓര്മകളുള്ളപ്പോൾ നമ്മളങ്ങനെ ഒറ്റയ്ക്കാവോ…

“നീയെന്നും നീ തന്നെയാണ് ഗാഥാ അതാ എനിക്ക് നിന്നിൽ നിന്നുമൊരു മോചനമില്ലാത്തതും “

“നിനക്ക് പിന്നെയും തെറ്റി വിനു ഞാൻ ഇന്ന് നീ മാത്രമാണ് നീ മാത്രം “

തിരിച്ചുള്ള യാത്രയിൽ എന്റെ മനസ്സിൽ നിറയെ അവന്റെ മുഖമായിരുന്നു.. വീണ്ടും കൈപ്പിടിയിലൊതുങ്ങിട്ടും വിട്ടു കളഞ്ഞ അവന്റെ മുഖം…

ചില തീരുമാനങ്ങൾ ഇങ്ങനെയാണ് ശെരിയോ തെറ്റോ എന്ന് വേർതിരിച്ചറിയാൻ പറ്റാത്തത് ചിലപ്പോഴൊക്കെ നിഗൂഢമായത്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *