നിനക്ക് വിഷമായോടായെന്നയെന്റെ ചോദ്യത്തിന് പുറമേ ബൈക്കിന്റെ മിററിലൂടെ ഞാനവന്റെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് തൊണ്ടയിടറിക്കൊണ്ടുള്ള ഇല്ലയെന്ന അവന്റെ മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു…….

ചങ്ക്

Story written by Adarsh Mohanan

” ഓരോരുത്തരേം വിളിച്ചു കേറ്റുമ്പോൾ പ്രായം തികഞ്ഞൊരു പെൺകൊച്ചുള്ള വീടാണിതെന്നോർക്കണം ആദി “

അമ്മായിയത് പറഞ്ഞപ്പോൾ പ്രായത്തേ മാനിച്ച് ഞാനെന്റെ പല്ലുകൂട്ടിക്കടിച്ച് ഉമ്മറത്തേക്കൊന്നു മുഖം തിരിച്ചുപിടിക്കുക മാത്രമേ ചെയ്തുള്ളൂ

തിണ്ണയിലിരിക്കുന്ന കണ്ണന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി, നിറഞ്ഞ കണ്ണുകളോടെ എനിക്ക് നേരെയവൻ പല്ലിളിച്ചു കാട്ടിയപ്പോൾ തക്ക സമയത്ത് അമ്മായിക്കുള്ള ചുട്ട മറുപടിയെനിക്ക് കൊടുക്കാൻ പറ്റാത്തതിന്റെ കുറ്റബോധമായിരുന്നു മനസ്സിലപ്പോൾ

ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഒരുങ്ങിക്കെട്ടി ഒരുമിച്ചെന്റെ വണ്ടിയിൽ പോയിക്കൊണ്ടിരിക്കുമ്പോഴും അവന്റെ മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു

നിനക്ക് വിഷമായോടായെന്നയെന്റെ ചോദ്യത്തിന് പുറമേ ബൈക്കിന്റെ മിററിലൂടെ ഞാനവന്റെ മുഖത്തേക്ക് നോക്കി, കണ്ണു തുടച്ചു കൊണ്ട് തൊണ്ടയിടറിക്കൊണ്ടുള്ള ഇല്ലയെന്ന അവന്റെ മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു ആ വാക്കുകൾ അവനെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന്

കൂടപ്പിറപ്പായി ഒരു പെങ്ങളില്ലാത്ത അവൻ പെങ്ങളില്ലായ്മയാണ് ഏറ്റവും വലിയ ദാരിദ്ര്യം എന്ന് ഒരായിരം തവണ പറഞ്ഞിട്ടുണ്ടെന്നോട് . ഒപ്പം ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്നു ഞാൻ സ്നേഹിച്ചതിനേക്കാൾ കൂടുതൽ അവനവളെ സ്നേഹിച്ചിട്ടുണ്ട്, നിസാര കാര്യങ്ങളിൽ ഞാനവളെ ശകാരിക്കുമ്പോഴൊക്കെ എന്നെ ശാസിച്ചു കൊണ്ട് സ്വന്തം പെങ്ങളെ ഒരു വാക്കു കൊണ്ടു പോലും നോവിക്കരുത് എന്നാണവനെന്നോട് പറഞ്ഞിട്ടുള്ളത്

അമ്മായിക്കു വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ടാ കഴുവേറി പറഞ്ഞു നേരെ നോക്കി വണ്ടിയോടിക്കെടാ മരപ്പട്ടിയെന്ന്

“അളിയാ ദേടാ ഒരു തൊണ്ണൂറ്റാറ് നടന്നു വരുന്നുണ്ട് “

” തൊണ്ണൂറ്റാറോ എവിടെ?”

നോക്കിയപ്പോ വഴിയോരത്തുകൂടെ വെള്ളച്ചുരിദാറുമിട്ട് ഒരു പെൺകുട്ടി നടന്നു വരുന്നുണ്ടായിരുന്നു കണ്ണും മൂക്കും ഒക്കെ കൊള്ളാം പക്ഷെ മുക്കുത്തിയില്ലാത്തവൾക്ക് തൊണ്ണൂറിൽ കൂടുതൽ മാർക്ക് ഞാൻ കൊടുക്കാറില്ലെന്നവന് നന്നേ അറിയാവുന്നതുകൊണ്ടുതന്നെ അതൊരു തൊണ്ണൂറിലൊതുക്കി ബാക്കിയുള്ള കളക്ഷനും പിടിച്ച് ഞങ്ങൾ കല്യാണ ഹാളിലേക്ക് തിരിച്ചു

അവിടെ എത്തിയതും കവാടത്തിനു മുൻപിൽ ഒരു നീല ഡാവണിയും ചുറ്റി ഒരു സുന്ദരി തരുണീമണി നിൽപ്പുണ്ടായിരുന്നു അകലെ നിന്നു കണ്ടപ്പോൾത്തന്നെ മനസ്സിൽ ഞാൻ പ്രാർത്ഥിച്ചു ഈശ്വരാ മുക്കുത്തിയുണ്ടായിരിക്കണേ അവളുടെ മൂക്കിൻ തുമ്പത്ത് എന്ന്

അടുത്തെത്തിയപ്പോൾ ഞങ്ങൾ രണ്ടാളുടേം ചുണ്ട് ഒരു പോലെ മന്ത്രിച്ചു

” നൂറ് “

ഞാൻ അവനേം അവനെന്നേം മാറി മാറി നോക്കി രണ്ട് തേപ്പ് കിട്ടിയതിനു ശേഷം ഇനിയൊരു പ്രണയത്തിനുള്ള യൗവ്വനം എന്നിൽ ഇല്ല എന്നവൻ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ

പെൺപിള്ളേരെ വളക്കാനുള്ള ആ രണ്ടുവരിക്കവിതയെന്റെ കൈവശമുള്ളതുകൊണ്ട് തന്നെ മൂന്നു മാസത്തിൽ കൂടുതൽ സമയമെനിക്ക് വേണ്ടി വന്നില്ല അവളെയൊന്ന് വളക്കാൻ

അവളെന്റെ ജീവിതത്തിലേക്ക് എന്നു കടന്നു വന്നോ അന്നു മുതൽ ഞാനും കണ്ണനും തമ്മിലുള്ള ബന്ധത്തിന്റെയകലം കൂടിക്കൂടി വരികയാണുണ്ടായത്. അല്ല അവൾ മനപ്പൂർവം ഞങ്ങളെ അകറ്റുകയായിരുന്നു

കാരണം അവളുമായുള്ള ബന്ധം തുടങ്ങിയിട്ട് ദിവസങ്ങൾ കഴിയും മുൻപേ അവനെന്നോട് പറഞ്ഞിട്ടുണ്ട് നമുക്കിതു വേണ്ട അത് ശരിയാവില്ല എന്നൊക്കെ, ഒന്നും മുഖത്തടിച്ചോണമവൻ എല്ലാ തുറന്നു പറയാതിരുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴരുതെന്നുള്ള തോന്നലിലായിരിക്കണം

ഒന്നും കാണാതെയവൻ ഇങ്ങനെ പറയില്ലെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു, ഞാനീക്കാര്യം അവളുമായി പങ്കുവെച്ചപ്പോൾ എന്നെ വിശ്വസിപ്പിച്ചു കൊണ്ടവൾ പല പല മറുപടികളും തന്നു, ഒപ്പം നമ്മുടെ ബന്ധത്തിൽ കണ്ണേട്ടന് അസൂയ ആണെന്നും തേപ്പ് കിട്ടിയെന്നു വെച്ച് എല്ലാ പെണ്ണുങ്ങളും ഒരു പോലല്ല എന്നുള്ള അവളുടെ വാക്കുകളെ ശരിവെക്കുകയാണ് ഞാനും ചെയ്തത്

ജീവിതത്തിലൊരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല ഒരു പെണ്ണിന്റെ പേരിൽ ഞാനും അവനും വഴക്കിട്ടു പിരിയും എന്ന് ,അവളെക്കുറിച്ച് ഓരോ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിയവൻ എനിക്കു മുൻപിൽ തെളിവുകളോടു കൂടി നിരത്തുമ്പോഴും അവളോടുള്ളയെന്റെ കടുത്ത വിശ്വാസം ഒരുമിച്ചുണ്ടുറങ്ങി കളിച്ചു വളർന്നയവന്റെ വാക്കുകളേക്കാൾ മുകളിൽ പാട കണക്കേ പൊന്തി നിന്നു

മുഖം കറുപ്പിച്ചിട്ട് ആദ്യമായാണ് ഞാനവനോടൊന്നു കയർത്തു സംസാരിക്കുന്നത്, അതിനു ശേഷം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെയായി, വാശിപ്പുറത്ത് വിട്ടുകൊടുക്കാൻ ഞാനും തയ്യാറായിരുന്നില്ല അവൾ ഏതോ ഒരു ഓട്ടോക്കാരനൊപ്പം ഒളിച്ചോടുന്ന ആ ദിവസം വരെ.

മനസ്സുകൊണ്ട് ഞാനെന്നെത്തന്നെ ഒരുപാട് തവണ ശപിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട് , ഒരുപാട് തവണ ഞാനവനോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറി പോവുകയാണ് അവൻ ചെയ്തത്

ഞങ്ങളുടെ അകൽച്ചയെ ആഘോഷിച്ചവരാണ് നാട്ടിലുള്ളവർ ഏറെയും, ഒറ്റക്ക് ബൈക്കിൽ പോകുമ്പോഴൊക്കെ ഓരോരുത്തരുടെ കുത്തുവാക്കുകളിലും കളിയാക്കലുകളിലും അലിഞ്ഞില്ലാതാവുകയായിരുന്നു ഞാൻ, ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ നേരിൽക്കണ്ടാൽ തലപൊക്കാത്ത ശത്രുക്കളുടെ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിക്കും വിധത്തിലുള്ളതായിരുന്നു

“ഏതോ ഒരു പെണ്ണിനു വേണ്ടി ആത്മാർത്ഥ സുഹൃത്തിനെ വെറുപ്പിച്ചവൻ”

ന്യായികരണം ഒന്നും തന്നെയെന്റെ കൈവശം ഉണ്ടായിരുന്നില്ല പല തവണ ഞാനവനെ സമീപിച്ചപ്പോഴെല്ലാം എനിക്കു മുഖം തരാതെ നടന്നകലുകയാണവൻ ചെയ്തത്

അങ്ങനെയിരിക്കലാണ് എന്റെ പെങ്ങൾ ഗീതുട്ടി ഒരു ദിവസം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു വന്നത് എത്ര ചോദിച്ചിട്ടും കാര്യം എന്താണെന്നവളെന്നോട് പറഞ്ഞില്ല അവസാനം അവളുടെ കൂട്ടുകാരിയോട് തിരക്കിയപ്പോൾ ആണ് കാര്യം പിടികിട്ടിയത് കോളേജു വിട്ടു വരുന്ന വഴിയിൽ ഏതോ ഒരുത്തൻ അവളോട് അപമര്യാദയായി പെരുമാറിയതാണ് കാരണം എന്നറിഞ്ഞപ്പോൾ തന്നെ എന്റെ രക്തം തിളച്ചു കയറിയതാണ്

അവന്റെ അഡ്രസ്സും തപ്പിപ്പിടിച്ച് വീട്ടിലെത്തിയപ്പോഴേക്കും അവന്റെ അച്ഛനും അമ്മയും ഉമ്മറത്തേക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നു പറഞ്ഞു

“മതി മോനെ ഇനി തല്ലിയാൽ അവൻ ചത്തുപോകും , ഞങ്ങൾക്ക് ആകെ ഉള്ളൊരു ആൺതരിയാണ് അത് ” എന്ന്

ഉമ്മറത്ത് കൈയ്യിൽ പ്ലാസ്റ്ററുമിട്ട് മുഖത്ത് പ്ലസ്സും മൈനസ്സുമായി ബാൻഡേജ് ഒട്ടിച്ചിരിക്കണ ആ തെമ്മാടിയെ കണ്ട പ്പോൾത്തന്നെയെനിക്ക് മനസ്സിലായി , എന്റെ കഴുവേറിക്കണ്ണൻ വന്ന് മേഞ്ഞിട്ടു പോയേന്റെ ദയനീയ ഭാവമായിരുന്നു അവന്റെ മുഖത്ത് കണ്ടത് എന്ന്, എനിക്കറിയാം അവൾടെ ദേഹത്ത് ഒരു നുള്ള് മണ്ണു വീണാൽ എന്നേപോലെ തന്നെ അവനും പൊള്ളും എന്ന്

അവനോട് മിണ്ടാൻ കൊതിച്ചു നാളുകൾ കടന്നകലുമ്പോളൊക്കെ നെഞ്ചകത്തിലെ നീറ്റൽ കൂടിക്കൂടി വരികയാണുണ്ടായത്

ന്റെ ഗീതുട്ടീടെ വിവാഹ നിശ്ചയത്തിനവൻ വന്നിട്ട് എന്നോടൊന്നു മിണ്ടിയതു കൂടെയില്ല അവൻ, അതിനു ശേഷം അവളുടെ വിവാഹത്തിന് രണ്ടു ദിവസം മുൻപേ തൊട്ട് ഞാനവനെ ഒരുപാട് തവണ ഫോണിൽ ട്രൈ ചെയ്തു പക്ഷെ കിട്ടിയില്ല

വല്ല്യേട്ടൻ കല്യാണത്തിന് വന്നില്ലെങ്കിൽ ഏട്ടനോട് ഞാനൊരിക്കലും മിണ്ടില്ലെന്ന് എന്റെ ഗീതുട്ടി മുഖത്തു നോക്കിപ്പറഞ്ഞപ്പോൾ , മൗനിയായവളെ നിസ്സഹായതയോടെയൊന്ന് നോക്കുക മാത്രേ ചെയ്തുള്ളു

വിവാഹ നാളിൽ മണ്ഡപത്തിനു മുൻപിൽ നിന്നു കൊണ്ട് ഞാനൊരുപാടു തിരഞ്ഞു അവനെ പക്ഷെ കണ്ടില്ല, കെട്ടിമേളം കഴിഞ്ഞ് വരണമാല്യം ചാർത്തുന്നതിനിടയിലും അവളുടെ കണ്ണുകൾ തിരഞ്ഞത് കണ്ണനെയായിരുന്നെന്ന് ഞാനാ മുഖത്തു നിന്നും വായിച്ചെടുത്തിരുന്നു

പ്രതീക്ഷകളൊക്കെ അസ്തമിച്ചു കൊണ്ടിരിക്കെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചത്, മണ്ഡപത്തിലേക്ക് വലതുകാലു വെച്ചു കൊണ്ട് അവൾക്കായുള്ള വിവാഹ സമ്മാനവുമായി കയറിച്ചെന്ന കണ്ണനെ കണ്ടപ്പോൾ തന്നെ എനിക്ക് രണ്ട് ഏട്ടൻമാരുണ്ട് എന്ന് കൂട്ടുകാരികളോടും ടീച്ചർമാരോടും വീമ്പു പറയാറുള്ള എന്റെ ഗീതുട്ടീടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു,

എനിക്കറിയാമായിരുന്നു ന്റെ കഴുവേറിക്കിന്ന് വരാതിരിക്കാൻ സാധിക്കില്ല എന്ന്, എനിക്കുറപ്പുണ്ടായിരുന്നു എന്തു വില കൊടുത്തും ഈ ദിവസം ഇവിടേക്ക് എത്തിച്ചേരും എന്ന്, കാരണം എന്നേപോലെ തന്നെ അവനും അവളെ അത്രയ്ക്കു സ്നേഹിച്ചിരുന്നു

ആഹ്ലാദത്തോടെ മണ്ഡപത്തിൽ നിന്നും എഴുന്നേറ്റവൾ ഓടിച്ചെന്നവന്റെ കാലിൽ വീണപ്പോൾ കണ്ടു നിന്ന അമ്മായിയുടെ നെറ്റിയിൽ ചുളിവു വീണത് ഞാൻ ശ്രദ്ധിച്ചു

എന്റെ ദൃഷ്ടി അച്ഛന്റെയുo അമ്മയുടേയും മുഖത്തേക്കു പതിഞ്ഞു മിഴിനീർ മുത്തു പൊഴിച്ച ആ പുഞ്ചിരി തൂകിയ രണ്ടു മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് ആശ്ചര്യം ഒന്നും തന്നെ തോന്നിയില്ല , കാരണം

എന്നേക്കാൾ കൂടുതൽ എന്റെ അമ്മേടെ ഉരുള വാങ്ങിക്കഴിച്ചിട്ടുണ്ടവൻ, എന്നേ ശകാരിച്ചതിന്റെ പതിന്മടങ്ങ് ശകാരം എന്റെ അച്ഛന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട് അവൻ , എന്തെന്നാൽ അവർക്ക് പിറക്കാത്ത അവരുടെ മകൻ തന്നെയായിരുന്നു അവൻ

മണ്ഡപത്തിൽ വെച്ചവനവളെ തോളോട് ചേർത്തു നിർത്തി ആ സമ്മാനപ്പൊതിയവളെ ഏൽപ്പിക്കുമ്പോൾ പുതുമണവാളന്റെ മുഖത്തേക്ക് നോക്കി തെല്ലു പോലും കൂസലില്ലാതെയവളവനോട് പറയുന്നുണ്ടായിരുന്നു

” ന്റെ…., ന്റെ വല്ല്യേട്ടനാ ഇത് ” എന്ന്

അവന്റെ നിറഞ്ഞ മിഴികളാരെയും കാണിക്കാതെയവൻ പാടുപെടുമ്പോൾ ഞാനവിടെ കണ്ടത് ഒരു സുഹൃത്തിനേയായിരുന്നില്ല, മറിച്ച് കൂടെപ്പിറക്കാത്ത കൂടപ്പിറപ്പിനെ തന്നെയായിരുന്നു, അന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു സഹോദരങ്ങളാകാൻ ഒരേ വയറ്റിൽ പിറക്കണമെന്നില്ല എന്ന്, കളങ്കമില്ലാത്ത മനസ്സും ഒപ്പം ആ മനസ്സിനകത്ത് കുത്തിനിറച്ച സ്നേഹവും മാത്രം മതി എന്ന്

അന്നും അവനെന്നോട് ഒരു വാക്കു പോലും ഉരിയാടാതെയാണവിടെ നിന്നും ഇറങ്ങിപ്പോയത് വീണ്ടും നെഞ്ചിലെയാ കനലെരിച്ചിൽ കെട്ടടങ്ങാതെയായപ്പോൾ അന്നു രാത്രി മദ്യപിച്ചു കൊണ്ട് എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞ് വീണ്ടും അവനോട് ക്ഷമ ചോദിക്കാനായി അവന്റെ വീട്ടിലേക്ക് തിരിച്ചു

പാതി വഴി എത്തിയപ്പോഴേക്കും എന്റെ വണ്ടി ആക്സിഡന്റ് ആയി ആരൊക്കെയോ ചേർന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ബോധം വന്നപ്പോൾ ആദ്യം തിരഞ്ഞത് കണ്ണനേ ആയിരുന്നു,

കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മാവൻ ബില്ലുമായി വാർഡിലേക്ക് കടന്നു വന്നു ഒപ്പം വിവാഹത്തിനു ചിലവായ മുപ്പതിനായിരം രൂപയുടെ കണക്കു പറച്ചിൽ തുടങ്ങിയിരുന്നു, അപ്പോഴും എന്റെ ശ്രദ്ധ പുറത്തേക്കു മാത്രമായിരുന്നു,

വാതുക്കലിൽ ഒളിക്കണ്ണോടെയെന്നെ നോക്കിപ്പോയ കണ്ണനെ കണ്ടപ്പോൾ, ഒന്നു കാണാനെങ്കിലുo വന്നല്ലോ എന്ന ആശ്വാസമായിരുന്നു ഉള്ളിൽ

പക്ഷെ വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു അവൻ, അമ്മാവൻ തുറന്ന കണക്കു പുസ്തകത്തിന്റ താളുകൾ മറിഞ്ഞ ശബ്ദം ഇരമ്പിയത് അവന്റെ കാതുകളിലാണെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്

കണക്ക് ചൊല്ലിയവൻ ആ മുപ്പതിനായിരം രൂപ എന്നെയേൽപ്പിച്ചു കൊണ്ടവൻ പറഞ്ഞു

” നീ പറഞ്ഞില്ലെ ഇന്നു നിനക്ക് മുപ്പതിനായിരം രൂപേടെ ആവശ്യം ഉണ്ടെന്ന്, ഇത് മൊത്തം ഉണ്ട്” എന്ന്

ആ കള്ളക്കഴുവേറിടെ ഭാവാഭിനയo സിനിമാ നടൻമാരെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു, ഒപ്പം ഒരു ചുണ്ടനക്കത്തിന്റെ സ്വരത്തിൽ അവനെന്നോട് മെല്ലെയോതി

” ചത്തില്ലല്ലേട മരപ്പട്ടി മോറാ”

തിരിച്ചു ഞാൻ അതേ സ്വരത്തിൽ മറുപടി കൊടുത്തു

” നിന്റെ പതിനാറ് കൂടാതെ ഞാനെങ്ങനെ ചാവുമെടാ കഴുവേറി ” എന്ന്

അവന്റെ നെഞ്ചിൻ കൂട്ടിലെ ഒഴിഞ്ഞ ഭാഗത്തേക്ക് ഞാനൊന്നു നോക്കി

ആ കയറു പിരിമാല, അത് രാമേട്ടന്റെ പണയപ്പണ്ടങ്ങൾക്കൊപ്പം ഇരിക്കുന്നതിനേക്കാൾ രസം നിന്റെ നെഞ്ചിൽക്കിടന്ന് തിളങ്ങുന്നത് കാണാനെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനേക്കാൾ രസമുണ്ട് ഇപ്പോൾ നിന്റെയീ കിടപ്പു കാണാൻ അതു കൊണ്ടാ ഞാനത് പണയം വെച്ചത് എന്നാണവൻ പറഞ്ഞത്

ഒന്നു എഴുന്നേറ്റ് അവനെയൊന്ന് വാരിപ്പുണരണമെന്നെനിക്കു തോന്നി, പക്ഷെ ശരീരത്തിന്റെ അവസ്ഥയതിനു സമ്മതിക്കുന്നുണ്ടായിരുന്നില്ല, എന്റെ വിരലുകളാൽ ഞാനവന്റെ ഉള്ളം കയ്യിൽ ചേർത്തു പിടിക്കുമ്പോൾ മനസ്സിൽ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ ജീവിതത്തിലൊരിക്കലും ഇനിയീ കൈകൾ വിടാനുള്ള അവസരം വരുത്തല്ലെ ദൈവമേ എന്ന് , എന്റെ മരണം വരെയെന്നെ ചേർത്തു പിടിക്കാൻ ആ കരങ്ങളെന്നും കൂടെയുണ്ടാകണേ എന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *