നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. എന്ന്, അപ്പോഴും അമ്മയുടെയാ നോട്ടം ചേച്ചിയിലേക്കൊന്ന് പാളിയോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു………….

കോഴി_ചരിതം

Story written by Adarsh Mohanan

”പോ കോഴി എന്റെ പറമ്പിലെങ്ങാനും ഇനി നിന്നെ കണ്ടാ നടുംപുറത്തേക്ക് കവളം പട്ടയെടുത്തു ഞാൻ വീക്കും”

അമ്മേടെ ഗർജ്ജനം വീടാകെ മുഴങ്ങിയപ്പോ പിന്നാമ്പുറത്തെ ശീമക്കൊന്നേൽ ചാരി നിന്ന പ്രവീണേട്ടൻ പച്ചിലകളെ വകഞ്ഞു മാറ്റി എത്തി നോക്കി

എന്തോ അമ്മ അർത്ഥം വച്ച് പറഞ്ഞ പോലെയാണ് എനിക്കും തോന്നിയത് വാളൻ മുറത്തിൽ അരി ചേറ്റിക്കൊണ്ടിരുന്ന അമ്മേടെ നോട്ടം വടക്കേ പ്പുറത്തെയാ ശീമക്കൊന്നയിലേക്കൊന്നു പതിഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല

പറമ്പില് മണ്ണുമാന്തിക്കളിക്കുന്ന തന്റെ പ്രിയപ്പെട്ടവളെയമ്മയൊന്നു നീട്ടി വിളിച്ചു

“സുന്ദരീ ഓടി ബാ……. “

അതുവരെ ഇണപ്രാവുകളെപ്പോലെ അയലത്തെ ചെല്ലച്ചാത്തനൊപ്പം മുട്ടിയൊരുമ്മി നിന്നവൾ ഓടി അമ്മയുടെ അരികിലേക്കെത്തിയപ്പോഴാണ് പിറകിൽ നിന്നും വിളിയും കേട്ട് എന്റെ ചേച്ചിയും ഒപ്പം ഓടി വന്നത്

എന്താ അമ്മേ എന്നെ വിളിച്ചോ എന്നുള്ള ചേച്ചിയുടെ ചോദ്യത്തിന് നിന്നെയാരാ ഇങ്ങോട്ടേക്ക് ക്ഷണിച്ചേ ഞാനെന്റെ സുന്ദരിയെയാണ് വിളിച്ചേ എന്നാണമ്മ മറുപടി പറഞ്ഞത്

ഇടയ്ക്കൊക്കെ അമ്മ സ്നേഹം കൂടുമ്പോൾ അവളെ സുന്ദരി എന്നാണ് വിളിക്കാറ്

മുറം ചാരത്തേക്ക് മാറ്റി വെച്ച് സുന്ദരിക്കേഴിയെ മടിയിലിരുത്തി അമ്മ കൊഞ്ചിക്കണ കണ്ടപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത അസൂയയാണുണ്ടായത്

കാലം കൊറേയായി അമ്മയെന്നെയൊന്നു ലാളിച്ചിട്ട് , അതെങ്ങനെയാ സ്നേഹിക്കാൻ ചെല്ലുമ്പൊളൊക്കെ അലമുറയിട്ട് ഇല്ലാത്ത പണിയൊക്കെ ചെയ്യിക്കലാണല്ലോ അമ്മേടെ ശീലം

പന്തം കണ്ട പെരുച്ചാഴിയെപ്പോലെ സുന്ദരിയെ ഉഴിയുന്ന അമ്മയെ ഞാനും ചേച്ചിയും ഇമ ചിമ്മാതെ നോക്കി നിന്നു

അപ്പോഴും അയലത്തെ ചെല്ലച്ചാത്തൻ ഞങ്ങടെ സുന്ദരിയെത്തന്നെ നിസ്സഹായതയോടെത്തന്നെ നോക്കി വെള്ളമിറക്കി നിൽക്കുന്നുണ്ടായിരുന്നു

ചേച്ചിയുടെ ശബ്ദം കേട്ടപ്പോൾത്തന്നെ വടക്കേപ്പുറത്തുള്ള ശീമക്കൊന്നയുടെ പച്ചിലകൾ ഇളകി മറിയുന്നുണ്ടായിരുന്നു

” നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് തെണ്ടി നടക്കണോരുമായി ഒരു കൂട്ടും വേണ്ടന്ന് ” അതും പറഞ്ഞ് അമ്മ ചേച്ചീനെത്തന്നെ തുറിപ്പിച്ച് നോക്കി

ആ ശബ്ദവീചികൾ പറമ്പാകെ മുഴങ്ങിയപ്പോൾ തല താഴ്ത്തിക്കൊണ്ട് ചെല്ലച്ചാത്തൻ ഓടി മറഞ്ഞു

എന്റെ ദൃഷ്ടി ആ ശീമക്കൊന്നയിലേക്ക് പതിച്ചു പ്രവീണേട്ടൻ നിന്നിടത്ത് വലിയൊരു ശൂന്യതയാണെനിക്ക് ദർശിക്കാനായത്

ഉള്ളിലാകെ സംശയത്തിന്റെ നിഴൽ രൂപം കൊണ്ടു ഞാനർത്ഥം വെച്ചെന്റെ ചേച്ചിയെ ഒന്നു നോക്കിയപ്പോൾ ആ മുഖത്തുണ്ടായ കള്ളച്ചിരിയുടെ പൊരുളും ഒപ്പം കഴിഞ്ഞ നാല് കല്യാണാലോചനകളും മുടങ്ങിയതിന്റെ കാരണവും എനിക്കപ്പോഴാണ് പിടി കിട്ടിയതും

ആ ഓടിട്ട് മേഞ്ഞ കുഞ്ഞു കൂട്ടിലേക്ക് സുന്ദരിയെയും ഉള്ളിലാക്കിപ്പൂട്ടിക്കൊണ്ട് അമ്മ പറഞ്ഞു

“നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ ” എന്ന്, അപ്പോഴും അമ്മയുടെയാ നോട്ടം ചേച്ചിയിലേക്കൊന്ന് പാളിയോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു

എന്റെ നോട്ടം വീണ്ടുമവളിലേക്കൊന്നു പതിഞ്ഞു കോപംപൂണ്ട് കലിയടക്കി നിൽക്കുന്ന അവൾടെ മോന്ത കണ്ടപ്പോൾ അടക്കാനാകാത്ത ചിരിയാണെനിക്ക് വന്നത്

സന്ധ്യ മയങ്ങു നേരം ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്തൊരു തരം തെളിച്ചമാണ് ഞാനവളുടെ മുഖത്ത് കണ്ടത്, പിറ്റേ ദിവസം അഞ്ചാമത്തെ ആലോചനയുമായി ദല്ലാൾ കൃഷ്ണൻകുട്ടി വരുന്നുണ്ടെന്നറിഞ്ഞിട്ടും അതിനായുള്ള ഒരുക്കങ്ങളിൽ ഞങ്ങളോടൊപ്പം ചേർന്ന് പങ്കെടുക്കുന്നത് കണ്ടപ്പോൾ ഈ പെണ്ണിന് നല്ല ബുദ്ധി തെളിഞ്ഞു എന്നാണ് ഞാനും കരുതിയത്

പ്രതീക്ഷകളൊക്കെ തെറ്റാൻ രാത്രിയുടെ ഒരൊറ്റ സായാഹ്നത്തിന്റെ ആവശ്യമേ വേണ്ടി വന്നുള്ളോ എന്ന് പിന്നീടാണെനിക്ക് മനസ്സിലായത്

കാലത്ത് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാനായി അവളെ വിളിക്കാനായ് ചെന്നപ്പോൾ ആ മുറിയിൽ അവളുടെ പൊടിപോലും ഞാൻ കണ്ടില്ല ബെഡ്ഡിൽ നിറയെ തുണികളും മറ്റു സാധനങ്ങളുo നിരന്നു കിടപ്പുണ്ടായിരുന്നു

അമ്മേനെ അന്വേഷിച്ച് പിന്നാമ്പുറത്തേക്ക് ഞാനോടിച്ചെന്നപ്പോൾ തലയിൽ കയ്യും വെച്ച് കോഴിക്കൂടിനരികിൽ മൂകയായ് ഇരിക്കുന്ന അമ്മയേയാണ് കണ്ടത്

തുറന്നിട്ട കൂട്ടിൽ നിന്നും ഒരു കത്ത് മാത്രം കിട്ടി ‘സ്നേഹിക്കുന്നവർ ഒരുമിക്കട്ടെ അതാണ് അതിന്റെ ശരി’

കത്ത് വായിച്ചിട്ട് ഞാൻ വടക്കേപ്പുറത്തുള്ള ശീമക്കൊന്നയിലേക്കൊന്നു നോക്കുക മാത്രമേ ചെയ്തുള്ളു

പേര വടിയും കയ്യിലേന്തി സുന്ദരിക്കോഴിയേയും അന്വേഷിച്ച് കോപത്തോടെ അലഞ്ഞു തിരിഞ്ഞ് നടക്കണ അമ്മയേക്കണ്ടപ്പോൾ അറിയാതെയെന്റെ മനസ്സൊന്നു വിങ്ങി

“പോട്ടെ എങ്ങോട്ടേലും പോട്ടെ, ഇനി വന്നാൽ എന്റെ പട്ടി പോലും തിരിഞ്ഞ് നോക്കില്ല” അതും പറഞ്ഞമ്മയെന്നെ നോക്കിയപ്പോൾ ആ പിറുപിറുക്കൽ എനിക്കുള്ള ഒരു താക്കീതാണെന്ന പോലെയാണെനിക്ക് തോന്നിയത്

ജീവിതത്തിലാദ്യമായാണ് എന്റെയമ്മയൊന്നു കരയുന്നത് ഞാൻ കാണുന്നത്, ധീര ജവാന് വെച്ചു വിളമ്പിയ ആ കൈകൾ വിറക്കുന്നത് കൈയ്യിലിരുന്ന പേര വടിയുടെ തുമ്പനക്കം കണ്ടപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, ആർക്കു മുൻപിലും തല കുനിച്ചിട്ടില്ലാത്ത എന്റെ തന്റേടിയമ്മ പിന്നീടാ നാൽച്ചുവരുകൾക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടിയപ്പോൾ മനസ്സിൽ ഞാനവളെ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട്

അവളോടുള്ള സ്നേഹം ഒരുപാടു രാത്രികളിൽ ആരുമറിയാതെയമ്മ കരഞ്ഞു തീർക്കണ കണ്ടപ്പോളെനിക്ക് മനസ്സിലായി എന്നുമവൾക്ക് നല്ലതുമാത്രം വരുത്തണേ എന്നായിരിക്കുമമ്മയുടെ പ്രാർത്ഥന എന്ന്

എന്നിരുന്നാലും അതൊന്നും ബാധിക്കാത്ത മട്ടിലായിരുന്നു അമ്മയുടെ പെരുമാറ്റവും എന്റെയച്ഛൻ കേണൽ മോഹന കൃഷ്ണന്റെ ചൂടും ചൂരും പറ്റിയതിന്റെയൊരു ശൗര്യം അത്ര പെട്ടെന്നൊന്നും പറിച്ചെടുക്കാൻ കഴിയില്ലെന്നെനിക്ക് പിന്നീടെനിക്ക് മനസ്സിലായി

പിന്നെയൊക്കെ അമ്മയെന്നെ സംശയത്തോടെ മാത്രമേ നോക്കിയിട്ടുള്ളു കോളേജ് വിട്ട് അൽപ്പം വൈകിയാൽ ഏതവന്റെ കൂടെ കറങ്ങാൻ പോയതാടി എന്ന ചോദ്യം പതിവായി മാറിയപ്പോൾ ഞാനൊന്നു മനസ്സിലുറപ്പിച്ചിരുന്നു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അമ്മയ്ക്ക് സമ്മതമുള്ള ഒരാളോടൊപ്പം മാത്രമായിരിക്കും എന്ന്

അതു കൊണ്ട് തന്നെ അയലത്തുള്ള സുമേഷുട്ടനോട് എനിക്ക് തോന്നിയ ഒരിത് മനപ്പൂർവ്വം ഞാൻ വേണ്ടെന്ന് വെച്ചു, ബുള്ളറ്റിൽ പൊട്ടിച്ചു പൊട്ടിച്ച് റോഡിലൂടെയവൻ പോകാറുള്ളപ്പോൾ പ്ലാറ്റി പ്ലാറ്റി നോക്കാറുള്ളയെന്റെയാ നോട്ടം പിന്നീട് ഞാൻ അവസാനിപ്പിക്കുകയാണ് ചെയ്തത്

പിന്നീടവനെ കാണുമ്പോഴൊക്കെ പ്ലസ് ടൂ വിൽ മേരി ടീച്ചർ ബയോളജിയിൽ പഠിപ്പിച്ച ഹ്യൂമൻ അനാട്ടമി ചാപ്റ്റർ ഓർമ്മ വരും അതിൽ ഹോർമോൺ വളർച്ചയുടെ സ്വാധീനത്തിൽ ഉണ്ടാകുന്ന വെറുമൊരു ആകർഷണം മാത്രമാണിതെന്നു കരുതി ഞാൻ സ്വയം സമാധാനിക്കും

മനസ്സിന് ചാഞ്ചാട്ടമുണ്ടാകാറുള്ളപ്പോഴൊക്കെ ഞാൻ ഉള്ളിൽ അമ്മയേ ഓർക്കും എന്നിട്ടെന്നോട് തന്നെ പറയും

” തളരരുത് രോഹിതാ നീ കേണൽ മോഹന കൃഷ്ണന്റെ ഇളയ മകളാണ്” എന്ന്, അപ്പോളിത്തിരി ആശ്വാസം കിട്ടാറുണ്ടെനിക്ക്

അലമാരിയിരിക്കുന്ന അവളുടെ വിവാഹ നിശ്ചയത്തിനു കരുതി വെച്ച ആടയാഭരണങ്ങൾ കണ്ടപ്പോൾ പ്രവീണേട്ടനോട് എനിക്ക് മതിപ്പാണ് തോന്നിയത്, ഒന്നും പ്രതീക്ഷിക്കാതെ ഒന്നായി ജീവിക്കാനായി ഇറങ്ങിത്തിരിച്ച ആ ചങ്കുറപ്പിനോടൊരൽപ്പം ആരാധന എനിക്കും തോന്നിയിരുന്നു

അപ്പോഴും അവർ ചെയ്തത് ശരിയാണോ തെറ്റാണോ എന്നുള്ള ചോദ്യം എന്നെ വല്ലാതെ കുഴക്കി, അമ്മയുടെ പെരുമാറ്റങ്ങളിൽ നിന്നും തികച്ചും വ്യക്തമാണ് അവർ ചെയ്തത് തെറ്റ് തന്നെയാണെന്നുള്ളത്

കാരണം സംഭവം കഴിഞ്ഞ് ഒന്നര വർഷമായിട്ടും ഇപ്പോഴും അമ്മ സുന്ദരി ക്കോഴിയെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്നത് തന്നെയാണതിന് വലിയൊരുദ്ദാഹരണം

പല തവണ അവൾ പെരുന്നലിരുന്നു വിരിഞ്ഞ കുഞ്ഞുങ്ങളെ അമ്മയൊന്നെടുത്തു നോക്കും പിന്നീട് ആ പപ്പുകളിൽ പിടിച്ചു നോക്കിയിട്ട് അയലത്തെ ചെല്ലച്ചാത്തനെ പ്രാകാറുള്ളത് ഒരു പതിവായ് മാറി

പതിവു പോലെ രാവിലെ അമ്മ ഉമ്മറത്തിരുന്നു കൊണ്ട് അരി ചേറ്റിക്കൊണ്ടിരിക്കുമ്പോഴാണ് പടിവാതിക്കലൊരു ആളനക്കം ശ്രദ്ധിക്കുന്നത്

ഉമ്മറത്തപ്പോഴും ചെല്ലച്ചാത്തനൊപ്പം സുന്ദരിക്കോഴിയും നിൽക്കുന്നുണ്ട് ,പടിയിറങ്ങി ഞാനെത്തി നോക്കി

പടിവാതിക്കൽ വേറെ ആരുമായിരുന്നില്ല നിന്നിരുന്നത് ചേച്ചിയും പ്രവീണേട്ടനുമായിരുന്നു അത്

“കേറിപ്പോടി അസത്തെ ,ആരെ കാണാനാ ഇവിടെ നിൽക്കുന്നത് ” എന്നമ്മ പറഞ്ഞപ്പോൾ ഞാനാ മുഖത്തേക്കൊന്നു ദയനീയ ഭാവത്തിൽ നോക്കി.

ആ മിഴികൾ നിറഞ്ഞത് വേദനയുടേതു മാത്രമാണോ അതോ ഒരു മുത്തശ്ശിയായതിന്റെ ആനന്ദക്കണ്ണീരാണോ എന്നെനിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല

പടിവാതിക്കൽ പ്രവീണേട്ടനൊപ്പം നിക്കണ ചേച്ചിയേയും ചെല്ലച്ചാത്തനൊപ്പം നിക്കണ സുന്ദരിക്കോഴിയേയും ഞാൻ മാറി മാറി നോക്കി

രണ്ടാൾടേം മുഖത്ത് അമ്മേടെയൊരു വിളി കാത്തു കൊതിക്കണ മനോഭാവമാണെനിക്ക് കാണാൻ സാധിച്ചത്

പെട്ടെന്നുണ്ടായ അമ്മയുടെയാ നീട്ടി വിളി എന്നിൽ രോമാഞ്ചമാണുണ്ടാക്കിയത്

“സുന്ദരീ…………. ഓടി ബാ”

വിളി കേട്ടതും കുഞ്ഞിനെ പ്രവീണേട്ടന് ഏൽപ്പിച്ച് ചേച്ചി അമ്മയുടെയരികിലേക്കായ് ഓടിയടുത്തു, അതിനു മുൻപ് തന്നെ ചെല്ലച്ചാത്തനൊപ്പം തീറ്റ തേടിക്കൊണ്ടിരുന്ന സുന്ദരിക്കോഴി പപ്പു കുടഞ്ഞോടി വന്ന് അമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു

നിറകണ്ണുകളോടെ കുറ്റബോധത്താൽ തല കുനിച്ചു നിന്ന ചേച്ചിയെ അമ്മ ചോദ്യഭാവത്തിലൊന്നു നോക്കി എന്നിട്ടു പറഞ്ഞു

” ഞാൻ വിളിച്ചത് എന്റെ സുന്ദരിയേയാണ് നിന്നെ അല്ല ” എന്ന്

പൊട്ടിക്കരഞ്ഞു കൊണ്ട് ചേച്ചിയാ കാൽക്കലിൽ വീണു ആവർത്തിച്ചവർത്തിച്ച് മാപ്പ് പറയുമ്പോൾ അമ്മയുടെ മിഴിയിൽ നിന്നുതിർന്ന നീർമുത്തുകൾ വാളൻ മുറത്തിലെ വെള്ളരിയിലാകെ കുതിർച്ചയേകിയിരുന്നു

ഒരു മാറിൽ സുന്ദരിക്കോഴിയേയും മറ്റേ മാറിൽ ചേച്ചിയേയും ചേർത്തു പിടിച്ചപ്പോൾ ഞാനവിടെ കണ്ടത് മക്കളുടെ തെറ്റുകളെ ക്ഷമിച്ച് അവരെ നേഞ്ചോടണയ്ക്കുന്ന മാതൃത്വത്തെയായിരുന്നു

പ്രവീണേട്ടന്റെ കൈയ്യിൽ നിന്നും ഞാനാ ചോരക്കുഞ്ഞിനെ വാങ്ങിച്ചിട്ടമ്മയേ ഏൽപ്പിച്ചപ്പോൾ ആ കുഞ്ഞു നെറ്റിത്തടത്തിൽ അമ്മ തുരുതുരെ ചുംബിച്ചു

അമ്മയുടെ വിരലിലിറുക്കിപ്പിടച്ച അവനെ കൗതുകത്തോടെയൊന്നു ഞാൻ നോക്കി

അമ്മയുടെ നോട്ടം ഉമ്മറത്ത് മിഴിച്ചു നിന്നെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്ന ചെല്ലച്ചാത്തനിലേക്ക് പതിഞ്ഞു ,അമ്മയുടെ ചുണ്ടിൽ നിന്നുമറിയാതെയാ വാക്കടർന്നു വീണു

” കുഞ്ഞനാണേലും കരുത്താനാണിവൻ “

ആ ചെല്ലച്ചാത്തന്റെയും പ്രവീണേട്ടന്റെയുo മനസ്സ് ഒരുമിച്ച് ഒരു പോലെ മന്ത്രിച്ചിട്ടുണ്ടാവണം, അല്ല മന്ത്രിച്ചു ,എനിക്കത് നന്നേ ഉച്ചത്തിൽ കേൾക്കാമായിരുന്നു

” ഈ സുന്ദരിക്കിനി ഞാനുണ്ട് ” എന്നായിരുന്നു അത്

Leave a Reply

Your email address will not be published. Required fields are marked *