നിന്നോട് ഞാനപ്പോഴെ പറഞ്ഞതാ സൂസൻ ഡോക്ടറെ കണ്ടാൽ മതിയെന്ന്, അതാകുമ്പോൾ ഇത് പോലെ…

Story written by Saji Thaiparambu

“വയറ് പരിശോധിക്കണം, കുട്ടി ആ ബെഡ്ഡിലേക്ക് കയറിക്കിടക്ക്”

ഷെമീനയോട്, ഗൈനക്കോളജിസ്റ്റായ, ഡോക്ടർ രാധാമണി പറഞ്ഞു.

“ആ പർദ്ദ ഉയർത്തിയിട്ട് കിടക്കു”

ഡോക്ടർ അക്ഷമയോടെ വീണ്ടും പറഞ്ഞു.

“താനിങ്ങോട്ട് മാറഡോ.. എനിക്കവളെ പരിശോധിക്കണ്ടെ?

ഷെമീനയുടെ അടുത്ത് നിന്ന് മാറാതെ നിന്ന, സിറാജിനോട് ഡോക്ടർ നീരസത്തോടെ പറഞ്ഞു.

“അല്ല ഡോക്ടർ ,ഒരു അന്യപുരുഷനിരിക്കുമ്പോൾ, അവളെങ്ങനാ വയറ് കാണിക്കുന്നത് ,അതാ ഞാനിവിടെ മറഞ്ഞ് നിന്നത്”

ഡോക്ടറുടെ അരികിൽ മറ്റൊരു സീറ്റിലിരുന്ന ,യുവാവിനെ നോക്കിയാണ്, സിറാജത് പറഞ്ഞത്.

“എഡോ.. അതെൻ്റെ മകനാണ്, അവനും ഗൈനക്കോളജിസ്റ്റാണ്, എന്നാടൊപ്പം ലേബർ റൂമിലും അവനുണ്ടാവും ,പിന്നെയാണോ ഇത്”

ഡോക്ടർ പരിഹാസത്തോടെ പറഞ്ഞപ്പോൾ സിറാജ്, യുവഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി ,അയാൾ തൻ്റെ കയ്യിലിരുന്ന പുസ്തകത്തിൽ തലകുമ്പിട്ടിരിക്കുകയാണെന്നറിഞ്ഞപ്പോൾ , സിറാജിന് തെല്ലാശ്വാസം തോന്നി.

**********

“നിന്നോട് ഞാനപ്പോഴെ പറഞ്ഞതാ സൂസൻ ഡോക്ടറെ കണ്ടാൽ മതിയെന്ന് ,അതാകുമ്പോൾ ഇത് പോലെ പ്രസവമെടുക്കുന്ന ആൺഡോക്ടർമാരൊന്നും അവിടെയുണ്ടാവില്ലായിരുന്നു”

ക്ളിനിക്കിൽ നിന്നിറങ്ങുമ്പോൾ, സിറാജ് ഷെമീനയോട് ക്ഷോഭിച്ചു.

“ഇക്ക ഇതെന്തറിഞ്ഞിട്ടാ പറയുന്നത് ,എല്ലാവരും പറയുന്നത്, രാധാമണി ഡോക്ടർ നല്ല എക്‌സ് പീരിയൻസുള്ളവരാണെന്നാ, എത്ര ബുദ്ധിമുട്ടുള്ള പ്രസവമാണെങ്കിലും, അവരത് പുഷ്പം പോലെ കൈകാര്യം ചെയ്യുമെന്ന്,അത് കൊണ്ടാണ് ഉമ്മ പറഞ്ഞത്, ഇവിടെ തന്നെ വന്നാൽ മതിയെന്ന്”

“നിൻ്റുമ്മയ്ക്ക് അങ്ങനൊക്കെ പറയാം ,കണ്ട ആണുങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ ഔറത്ത് (നാണം) മറയ്ക്കാതെ കിടക്കുമ്പോഴുണ്ടാകുന്ന, ഭർത്താവിൻ്റെ വീർപ്പുമുട്ടല് അവർക്കറിയില്ലല്ലോ?

“അതിന്, ആ ഡോക്ടറ് എൻ്റെ നേരെ നോക്കിയത് പോലുമില്ലല്ലോ? പിന്നെന്താ”

“പക്ഷേ ,നിൻ്റെ പ്രസവത്തിന് അയാൾ ലേബർ റൂമിൽ കാണില്ലേ?

സിറാജ് ഉത്ക്കണ്ഠയോടെ ചോദിച്ചു.

“അക്കാര്യത്തിൽ നിങ്ങള് ബേജാറാവണ്ട ,അയാളിപ്പോൾ മെഡിക്കൽ കോളേജിലാണ് പ്രാക്ടീസ് ചെയ്യുന്നത്, രാധാമണി ഡോക്ടർ ജില്ലാ ആശുപത്രിയിലല്ലേ, എൻ്റെ പ്രസവമെടുക്കുന്നത്, രാധാമണി ഡോക്ടർ തന്നെയായിരിക്കും”

“അങ്ങനെയാണെങ്കിൽ കുഴപ്പമില്ല,നീ മറ്റൊരു പുരുഷൻ്റെ മുന്നിൽ, ഒന്നുമില്ലാതെ മലർന്ന് കിടക്കുന്നത്, എനിക്ക് ഓർക്കാൻ കൂടിവയ്യ”

സിറാജ് ആശ്വാസത്തോടെ പറഞ്ഞു.

ഷെമീനയുടെ കടിഞ്ഞൂൽ പ്രസവമാണ്, അതിൻ്റെ ടെൻഷനിലാണ് സിറാജ് ,സുന്ദരിയായ തൻ്റെ ഭാര്യയുമായി പുറത്ത് പോകുമ്പോൾ, മറ്റുള്ളവർ അവളെയൊന്ന് സൂക്ഷിച്ച് നോക്കുന്നത് പോലും, അയാൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല, അപ്പോൾ പിന്നെ ബാക്കി പറയേണ്ടല്ലോ.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോൾ ,ഷെമീന പൂർണ്ണ ഗർഭിണിയായി ,പ്രസവത്തിനായി അഡ്മിറ്റാകാൻ ഹോസ്പിറ്റലിലേക്ക്, പിറ്റേന്ന് ചെല്ലാനാണ് പറഞ്ഞതെങ്കിലും, അന്ന് രാത്രി അവൾക്ക് പ്രസവവേദന തുടങ്ങി.

“മോനേ..ഷെമീനയ്ക്ക് നോവ് തുടങ്ങി, അവളെ ഞങ്ങള് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുവാ, മോൻ അങ്ങോട്ട് വന്നേക്ക്”

ഷെമീനയുടെ ഉമ്മയുടെ ഫോൺ കോൾ വന്നപ്പോഴെ ,സിറാജ് ബൈക്കുമെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

റിസപ്ഷനിൽ ചെന്ന് ലേബർ റൂമ് എവിടെയാണെന്ന് അന്വേഷിക്കുന്ന കൂട്ടത്തിൽ, അന്ന് ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് രാധാമണി ഡോക്ടർ തന്നെയാണെന്ന്, അയാൾ ചോദിച്ച് ഉറപ്പ് വരുത്തിയിരുന്നു.

ഓഹ് സമാധാനമായി, ഡോക്ടറ് പെണ്ണ് തന്നെയാ ,ഇനി കുട്ടി ആണായാലും പെണ്ണായാലും തരക്കേടില്ല.

സിറാജ് ഒരു ദീർഘനിശ്വാസത്തോടെ മനസ്സിൽ പറഞ്ഞു.

ലേബർ റൂമിന് മുന്നിൽ, ചാര് കസേരയിലിരിക്കുന്ന, ഷെമീനയുടെ ഉമ്മയുടെയും ബന്ധുക്കളുടെയുമൊപ്പം, സിറാജ് തൻ്റെ ഉമ്മയെയും കൊണ്ടിരുത്തി.

“രാധാമണി ഡോക്ടർ കയറിപ്പോയിട്ടുണ്ട് ,ഇനി പേടിക്കാനൊന്നുമില്ല ,പ്രസവം ഉടനെ നടക്കുമെന്നാ, ഇടയ്ക്കൊരു നഴ്സ് ഇറങ്ങി വന്നപ്പോൾ പറഞ്ഞത്”

ഷെമീനയുടെ ഉമ്മ ,സിറാജിൻ്റെ ഉമ്മയോട് വിശേഷങ്ങൾ പറഞ്ഞു.

“കുഴപ്പങ്ങളൊന്നുമില്ലാതെ രണ്ടും രണ്ട് പാത്രമാക്കി തന്നാൽ മതിയെൻ്റെ റബ്ബേ .. ഞാൻ ബദ്രീങ്ങളുടെ പേർക്ക്, ഒരു മുട്ടനെയറുത്ത് റാത്തീബ് നടത്താമെന്ന്, നിയ്യത്ത് ചെയ്തിട്ടുണ്ട്”

സിറാജിൻ്റയുമ്മ സാരിത്തുമ്പ് കൊണ്ട്, തല നന്നായി മറച്ചിട്ട്, പ്രാർത്ഥനയോടെ മുകളിലേക്ക് നോക്കി പറഞ്ഞു.

“മോളേ.. മച്ചാക്ക് ഫ്ളാസ്ക്കിൽ നിന്ന്, ഇത്തിരി ചായ ഒഴിച്ച് കൊടുക്ക്”

ഷെമീനയുടെ അനുജത്തിയോട്, അവളുടെ ഉമ്മ വിളിച്ച് പറഞ്ഞു .

“എനിക്കിപ്പോൾ വേണ്ട, കുറച്ച് കഴിയട്ടെ, ഞാനൊന്ന് നടന്നിട്ട് വരാം”

അയാൾ ടെൻഷൻ കൂടിയപ്പോൾ, പുറത്തിറങ്ങി ഒരു സിഗരറ്റ് വലിച്ചിട്ട് വരാമെന്ന് കരുതി, ഉമ്മയോട് പറഞ്ഞിട്ട് തിരിയുമ്പോൾ, ലേബർ റൂമിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട്, പെട്ടെന്ന് തിരിഞ്ഞ് നോക്കി.

“ഷെമീനയുടെ ബന്ധുക്കളുണ്ടോ?

“ഉണ്ട് മോനേ.. ഞങ്ങളാ”

വാതിൽ തുറന്ന്, ഒരു ചോരക്കുഞ്ഞുമായി പുറത്തേയ്ക്ക് വന്ന, യുവാവിൻ്റെ മുന്നിലേക്ക്, ഷെമീനയുടെ ഉമ്മയും മറ്റുള്ളവരും കൂടി എഴുന്നേറ്റ് ചെന്നു.

“ഇതാ, ഷെമീന പ്രസവിച്ചത് ആൺകുഞ്ഞിനെയാണ്”

അയാൾ കുഞ്ഞിനെ അവരുടെ നേർക്ക് നീട്ടി.

“അല്ലാ ,കുട്ടിയെ ആരാ നിങ്ങളുടെ കയ്യിൽ തന്ന് വിട്ടത്, അവിടെ നഴ്സുമാരൊന്നുമില്ലേ?

സിറാജ് അങ്ങോട്ട് വന്ന് അനിഷ്ടത്തോടെ ചോദിച്ചു.

“ഞാനുമൊരു മെയ്ൽനഴ്സാണ് സഹോദരാ.. ഇന്നെനിക്ക് ലേബർ റൂമിലായിരുന്നു ഡ്യൂട്ടി”

അത് കേട്ട സിറാജ് പകച്ച് പണ്ടാരമടങ്ങിപ്പോയി.

പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തോം കുത്തി പടയെന്ന് പറഞ്ഞത് പോലെയായല്ലോ?

സിറാജിൻ്റെ മനസ്സിലപ്പോൾ സന്തോഷത്തിന് പകരം, ആ പഴഞ്ചൊല്ലാണ് കടന്ന് വന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *