നിന്‍റെ കുട്ടിക്കളികള്‍ക്ക് ഇനി കൂട്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല.. ഒരാഴ്ച സമയമുണ്ട് അത് കഴിയുമ്പോള്‍ നീ ശ്രീകുട്ടന്‍റെ ഓഫീസില്‍ പോവണം……

കാന്താരിപ്പെണ്ണിന്‍റെ കലിപ്പ് മമ്മി

എഴുത്ത്:- ആദി വിഹാൻ

”അമ്മക്കറിയോ ഇവന്‍ എന്നെ കെട്ടാമെന്ന് പറഞ്ഞിരുന്നതല്ലേ.. ഇപ്പോള്‍ ഇവന്‍ എന്നെ മെെന്‍റ് ചെയ്യുന്നില്ല.. ഇവന് വേറെ ആരോ ഉണ്ടെന്നാണ് തോന്നുന്നത്.. സിദ്ധുനോടൊന്ന് ചോദിച്ച്‌ നോക്ക് അമ്മ.”

കല്ല്യാണപ്പാര്‍ട്ടിക്കിടയില്‍ പട്ടുസാരിയുടുത്ത് കുലീനതയോടെനില്‍ക്കുന്ന രേവതിയമ്മയുടെ മുന്‍പില്‍ പരാതിയുമായിവന്ന മുന്‍പരിചയമില്ലാത്ത പെണ്‍ കുട്ടിയെ അവര്‍ സൂക്ഷിച്ചു നോക്കി.

ചന്ദനക്കളറില്‍ സ്വര്‍ണ്ണക്കരയുളള പട്ടുപാവാടയും അതിലേക്ക് തിളങ്ങുന്ന ഡാര്‍ക്ക് പിങ്ക് ജംബറുമാണ് വേഷം. അതിനൊത്ത ദാവണിയും നെറ്റിയില്‍ ചന്ദനക്കുറിയും കെട്ടിവെക്കാത്ത നീളമുളളതലമുടിയും അവളെ ഏറെ സുന്ദരി യാക്കിയിരുന്നു.

തന്‍റെ മുന്‍പില്‍ പരിഭവത്തോടെ പക്വതയില്ലാതെ സംസാരിക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയെ നോക്കി സിദ്ധു പരുങ്ങുന്നത് കണ്ട രേവതിയമ്മക്കും എന്തോ വശപ്പിശക് തോന്നി.

”നീ ഏതാടി വെളളപ്പാറ്റെ.?” ഒട്ടും മയമില്ലാതെയാണ് രേവതിയമ്മ അത് ചോദിച്ചത്..

പെണ്‍കുട്ടി ദയനീയമുഖത്തോടെ അവരെ നോക്കി.

”ഞാന്‍ ആതിര.. അമ്മക്കെന്നെ മനസിലായില്ലെ.. സിദ്ധു പറഞ്ഞിരുന്നില്ലെ എന്നെക്കുറിച്ച്.?”

”ഇല്ല കുട്ടീ.. എനിക്കുമനസിലായില്ല നിന്നെ.”

”ഏതാടാ ഈ പെണ്‍കുട്ടി.. എന്തൊക്കെയാണ് ഇവള് ഈ പറയുന്നത്.?”

അമ്മക്ക് മുന്‍പില്‍ എലിയെ പോലെ പരുങ്ങുന്ന സിദ്ധുപെട്ടെന്ന് ഇടപെട്ടു.. ”അവള്‍ക്ക് വട്ടാണമ്മേ.. വെറുതെ ഓരോന്ന് വിളിച്ചു പറയുകയാണ്..

”എങ്കില്‍ അമ്മയുടെ തലയില്‍ കൈവച്ച് അത് ഒന്ന്കൂടി നീ അത് പറയെട സിദ്ധൂ.” ആതിര വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു..

സിദ്ധുവും ആതിരയും വഴക്ക്കൂടുന്നത് കണ്ട് രേവതിയമ്മ ദേഷ്യപ്പെട്ടു..

”എന്താടാ ഇത്.? നീ ഇവള്‍ക്ക് വാക്കുകൊടുത്തിരുന്നോ. നീ ആരോട് ചോദിച്ചാ വാക്കെല്ലാം കൊടുത്തത്.?”

”അത് അവളോട് തമാശക്ക് പറഞ്ഞതാണമ്മേ.. അമ്മക്ക് ഇവളെ ശരിക്കറിയില്ല.. അവസരം മുതലെടുക്കുകയാണവള്‍.”

രേവതിയമ്മ ആളുകള്‍ക്കിടയിവച്ച് സിദ്ധുവിന്‍റെ ചെവിക്ക് പിടിച്ചു..

”അതിന് നീ കെട്ടാനായോടാ… ഇങ്ങനെയൊക്കെയാണോടാ കുരുത്തം കെട്ടവനെ ഒരു പെണ്‍കുട്ടിയോട് പറയുക.?”

വേദനിക്കുന്ന കാതിലെ പിടിവിടുവിക്കാന്‍ ശ്രമിച്ചുകൊണ്ട് സിദ്ധുപിറുപിറുത്തു.

”ഒന്ന് വിടമ്മേ.. ആളുകള്‍ നോക്കുന്നു.. ഞാനെന്താ ചെറിയ കുഞ്ഞാണോ ഇപ്പോളും ചെവിപിടിച്ച് തിരിക്കാന്‍.?”

”മീശ കിളിര്‍ത്തപ്പോള്‍ നിനക്ക് തോന്നുന്നുണ്ടാവും നീ വലിയ ആളായെന്ന്.. അതങ്ങ് മനസില്‍ വച്ചാല്‍മതി.. എന്‍റെ കണ്ണിന്‍റെ മുന്‍പില്‍നിന്നും പൊക്കോ നീ.. അതാണ് നിനക്ക് നല്ലത്.”

കല്ല്യാണവീട്ടില്‍ അവരെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ച്തുടങ്ങിയിരുന്നു. സിദ്ധു അമ്മയുടെ വഴക്കുകേട്ട നിമിഷം അവിടെ നിന്നും പിണങ്ങി ഇറങ്ങിപ്പോയി..

അത്കണ്ട ആതിര രഹസ്യം പറയുന്നവിധത്തില്‍ കൈവച്ച് അമ്മയുടെ കാതില്‍ പറഞ്ഞു.

”അവന്‍ എന്നെ ചതിച്ചതാ അമ്മേ.. അമ്മയോടുപോലും എന്നെക്കുറിച്ച് പറഞ്ഞിട്ടില്ല ദുഷ്ടന്‍.”

രംഗം അത്രത്തോളമായിട്ടും ഒട്ടും പരിഭ്രമമില്ലാതെ അടുത്തിടപഴകുന്ന പെണ്‍ കുട്ടിയെ രേവതിയമ്മ കൗതുകത്തോടെ നോക്കി..

”അതിന് നിനക്ക് എത്രവയസായെടി പെണ്ണെ.?”

”ഡിഗ്രി ചെയ്യുകയാണമ്മേ..”

”അത് വലിയ കാര്യമായിപ്പോയി.. പത്താംക്ലാസുകാരിയുടെ പക്വതകൂടിയില്ല.. നിനക്ക് പാട്ടു പാടാന്‍ അറിയുമോടീ.?”

അവള്‍ നിരാശയോടെ പറഞ്ഞു.

”ഇല്ലമ്മെ.”

”ഡാന്‍സോ.?”

”ഇല്ലെന്നെ.. എന്തിനാ.?”

”ഇതെല്ലാം അറിയുന്ന ഒരു പക്വതയുളള പെണ്‍കുട്ടിയെയാണ് അവന് വേണ്ടി അന്വേഷിക്കുക..”

ആതിരയുടെ ശാരീരികവടിവുകളെ ചൂഴ്ന്നുനോക്കികൊണ്ട് രേവതിയമ്മ പറഞ്ഞു..

”മൊട്ടില്‍നിന്ന് വിരിയുന്നതേയുളളൂ അതിനു മുന്‍പെ കല്ല്യാണം കഴിക്കാന്‍ നടക്കുന്നു അവള്‍.”

അത്കേട്ടപ്പോള്‍ ആതിരയുടെ മുഖംവാടി.. കണ്ണുകള്‍ നിറയുന്നത്കണ്ട രേവതിയമ്മ പറഞ്ഞു.

”അവനോ പക്വതയില്ല വരുന്ന പെണ്‍കുട്ടിക്കെങ്കിലും അതുണ്ടാവണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.”

”പാട്ടും ഡാന്‍സും പക്വതയുമായി വന്നാല്‍ അമ്മക്ക് എന്നെ ഇഷ്ടമാവുമോ.?”

രേവതിയമ്മയുടെ കൈയില്‍പിടിച്ച് കാര്യഗൗരവത്തോടെയുളള ആതിരയുടെ ചോദ്യംകേട്ട അവര്‍ക്ക് ചിരിവന്നു.

”നീ ആള് കൊളളാമല്ലോടീ പെണ്ണെ.? അവന് ഒരു ജോലിയായിട്ടില്ല ജോലി വേണമെന്ന് അവന് ഇത് വരെ തോന്നിയിട്ടുമില്ല… ഉത്തരവാതിത്വം എന്നത് അറിയുകയേ ഇല്ല..”

”അതെല്ലാം അമ്മ ശരിയാക്കണ്ടേ.”

”ആരുടെ അമ്മ.?”

”സിദ്ധുവിന്‍റെ അമ്മ.”

”ആഹാ..അത് കൊളളാമല്ലോ.. ആ ബൈക്കും ഡ്രസ്സിങ്ങും കണ്ടിട്ടാണെങ്കില്‍ അത് അവന്‍റെ അച്ഛന്‍ അയക്കുന്ന പണമാണ് മോളെ..”

”കാശിനൊന്നും എനിക്ക് ഒരു കുറവുമില്ല അമ്മേ..”

”പിന്നെ എന്താണ് പെണ്ണേ നിനക്ക് അവനെ ഇത്രക്ക് പിടിക്കാന്‍..”

”അവന് എല്ലായ്പോളും അമ്മയെകുറിച്ചു പറയാനേ സമയമുളളൂ.. അമ്മയുടെ സ്നേഹത്തെകുറിച്ചും മക്കളോടുളള കരുതലിനെകുറിച്ചും.”

രേവതിയമ്മ സംശയത്തോടെ ചോദിച്ചു..

”അതിന്.?”

ആതിര രേവതിയമ്മയുടെ കൈകളില്‍ പിടിച്ച് അവരെചേര്‍ന്നു നിന്നു..

”എനിക്ക് ഈ അമ്മയെ അമ്മയായിട്ട് വേണം.?”

”ആഹാാ.. അതു ശരി.. നീ എന്നെ സോപിട്ട് കുപ്പിയിലാക്കാനുളള പ്ലാനാണല്ലോടീ.. ആട്ടെ, നീ എവിടുത്തേതാണ്..?”

”ഞാന്‍ മാധവമേനോന്‍റെ മോളാ.”

രേവതിയമ്മ അതിശയ ഭവത്തോടെ അവളെ നോക്കി..

”മാധവമേനോന്‍റെ മോളോ.. ഏത് മോള്.?”

”ആദ്യത്തേതിലെ.”

”എന്നിട്ടാണോടീ പെണ്ണെ നീ ഈ അലബന്‍ ചെക്കന്‍റെ പുറകെ നടക്കുന്നത്.?”

അവള്‍ നാണത്തോടെ മുഖംകുനിച്ചു..

”ഊം.”

രേവതിയമ്മ ആതിരയുടെ തലയില്‍ സ്നേഹത്തോടെ തലോടി..

”ഈ പ്രായത്തില്‍ നിനക്ക് പക്വതമായ ഒരു തീരുമാനം എടുക്കാനായിട്ടില്ല മോളെ.. നിന്‍റെ അച്ഛന്‍ നിനക്ക് യോജിച്ച ഒരു പയ്യനെതന്നെ കണ്ടെത്തും.. അതാണ് അതിന്‍റെ ശരിയും.”

”എനിക്ക് വേണ്ടത് എന്താണെന്ന് എനിക്കറിയാം അമ്മേ.. അമ്മക്ക് എന്നെ ഇഷ്ടമില്ലായി എന്തെങ്കിലും ഉണ്ടോ..? അത് പറയൂ.”

ആതിരയുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിനല്‍കാന്‍ രേവതിയമ്മക്ക് കഴിഞ്ഞില്ല.. പുഞ്ചിരിയോടെ അവളുടെ മൃദുലമായ കവിളില്‍ ഒരു പിച്ച്കൊടുത്ത് രേവതിയമ്മ നടന്നു നീങ്ങി..

ആതിര പുറകെ ഓടിച്ചെന്ന് രേവതിയമ്മയെ പിടിച്ചുനിര്‍ത്തി അവരുടെ ചെവിയില്‍ പതിയെ പറഞ്ഞു..

”ഞാന്‍ പാട്ടും ഡാന്‍സും പഠിച്ചുവരുമ്പോള്‍ ഇനി അമ്മവാക്കു മാറരുത്ട്ടോ..”

രേവതിയമ്മ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തലക്ക് പതിയെ ഒരു കിഴുക്കു കൊടുത്തു മറുപടിയോന്നും പറയാതെ മുന്‍പോട്ടു നടന്നു..

ബിസിനസ്സ് മാനായിരുന്നു മാധവമേനോന്‍. ആദ്യഭാര്യമരിച്ചതിനു ശേഷം അയാള്‍ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ചെറുപ്പംമുതലേ അവളെ മാധവമേനോന്‍റെ രണ്ടാംഭാര്യയും കുടുംബവും അകറ്റിനിര്‍ത്തി.. ആ കുട്ടിയാണ് ആതിര എന്നറിഞ്ഞപ്പോള്‍ രേവതിയമ്മക്ക് അവളോട് സ്നേഹവും വാത്സല്ല്യവും തോന്നിയിരുന്നു..

കല്ല്യാണപ്പാര്‍ട്ടികഴിഞ്ഞ് വീട്ടിലെത്തിയ രേവതിയമ്മ മകളുടെ കുഞ്ഞിനോടൊപ്പം ടീവിയില്‍ കാര്‍ട്ടൂണ്‍കണ്ട് ചിരിച്ചിരിക്കുന്ന സിദ്ധുവിനെയാണ് കാണുന്നത്..

ദേഷ്യത്തോടെ അവര്‍ സിദ്ധുവിന്‍റെ കൈയില്‍നിന്നും റിമോട്ട് പിടിച്ചുവാങ്ങി ടീവി ഓഫാക്കി..

”കെട്ടാന്‍ മുട്ടിനടക്കുന്ന ഒരു കാമുകന്‍ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ അതും കുഞ്ഞുങ്ങളുടെ കാര്‍ട്ടൂണും കണ്ട്.”

അമ്മയുടെ പരിഹാസംകേട്ട് പരിഭവത്തോടെ പിണങ്ങി എഴുന്നേറ്റുപോകാന്‍ നോക്കുന്ന സിദ്ധുവിനെ നോക്കി അവര്‍ പറഞ്ഞു..

”അമ്മയുടെ പൊന്നുമോന്‍ അവിടെ ഒന്നു നിന്നെ… അമ്മക്ക് കുറച്ച് കാര്യങ്ങള്‍ ചോദിക്കാനുണ്ട്..”

രേവതിയമ്മക്കു മുന്‍പില്‍ സിദ്ധു തലതാഴ്ത്തിനിന്നു..

”ഏതാണെടാ ആ പെണ്‍കുട്ടി.? കളളംപറയാന്‍ നില്‍ക്കേണ്ട.”

”പേര് ആതിര.. അവള്‍ക്ക് എന്നെ ഇഷ്ടമാണമ്മേ..”

”പ്രണയിക്കുന്ന പെണ്ണിനുമുന്‍പില്‍ തലയുയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍കൂടി ത്രാണിയില്ലാത്ത ഒരു ഉണക്കക്കാമുകനായല്ലോടാ നീ..”

സിദ്ധുവിനെ രേവതിയമ്മ അടിമുടി ഒന്നു നോക്കി.

”അപ്പോള്‍ നിനക്കോ.?”

”എനിക്കും.”

രേവതിയമ്മ സംസാരത്തില്‍ ഗൗരവം നിറച്ചുകൊണ്ട് ചോദിച്ചു..

”എന്നിട്ട് എന്താണ് നിന്‍റെ പ്ലാന്‍.? വയസും അത്യാവശ്യമായില്ലേ നിനക്ക്..?”

സിദ്ധു കൈമലര്‍ത്തി..

”ഒരു പ്ലാനുമില്ല..”

രേവതിയമ്മ സിദ്ധുവിനെ തല്ലാനെന്ന ഭാവത്തോടെ കൈ ഉയര്‍ത്തി..

”പോത്തുപോലെ വളര്‍ന്നു.. ഒന്നങ്ങ് വച്ച് തന്നാലുണ്ടല്ലോ.. ഇന്നത്തോടെ നിര്‍ത്തിക്കോ എല്ലാകളിയും.. നിന്‍റെ കുട്ടിക്കളികള്‍ക്ക് ഇനി കൂട്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല.. ഒരാഴ്ച സമയമുണ്ട് അത് കഴിയുമ്പോള്‍ നീ ശ്രീകുട്ടന്‍റെ ഓഫീസില്‍ പോവണം. നിനക്ക് അവിടെയാണ് ഇനിമുതല്‍ ജോലി.”

”ഞാന്‍ ജോലിക്കൊന്നും ഇപ്പോള്‍തന്നെ പോകുന്നില്ല..”

രേവതിയമ്മക്ക് ദേഷ്യംഇരച്ചുകയറി.

”നീ പോയില്ലെങ്കില്‍ നിന്‍റെ ചെകുത്താനെ ഞാന്‍ അങ്ങോട്ടുപറഞ്ഞയക്കും.. നിനക്കറിയില്ല എന്നെ.”

”ഇല്ല ഞാന്‍ പോവില്ല അങ്ങോട്ട്.. മൂപ്പര് ഒരു മുരടനാണമ്മെ..”

”നീ എന്‍റെ മോനാണെങ്കില്‍ നീ പോയിരിക്കും.. അതല്ലെങ്കില്‍ നിനക്കിഷ്ടമുളളത് പോലെ നീ എന്താണെങ്കിലും ചെയ്തോ..”

മറ്റൊന്നും പറയാതെ രേവതിയമ്മ തിരിച്ചുനടന്നു.. സിദ്ധു പുറകെ ഓടിച്ചെന്ന് അമ്മയുടെ കൈപിടിച്ചു..

”അമ്മേ.. ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കമ്മേ.. മറ്റെവിടെയെങ്കിലും ഞാന്‍ ജോലിക്ക് പോവാം..”

സിദ്ധുവിന്‍റെ കൈ ദേഷ്യത്തോടെ രേവതിയമ്മ തട്ടിമാറ്റി..

”കമ്മേ.. കമ്മേന്ന് വിളിച്ചു പുറകെവന്നിട്ട് കാര്യമില്ല.” രേവതിയമ്മ മുഖം കൊടുക്കാതെ റൂമില്‍കയറി വാതില്‍ അടച്ചു..

അന്നു രാത്രിയായിട്ടും രേവതിയമ്മ റൂമിന് പുറത്തേക്ക് വന്നില്ല.. ഭക്ഷണ സമയത്തും അമ്മയെ പുറത്തേക്ക് കാണാത്തപ്പോള്‍ സിദ്ധു അകത്തേക്ക് ചെന്നു..

”അമ്മയെന്താ ഭക്ഷണം കഴിക്കാന്‍ വരാത്തത്.?”

സിദ്ധുവിനെ കണ്ട രേവതിയമ്മ പരിഭവത്തോടെ മുഖം തിരിച്ചു..

”നീ എന്നോട് മിണ്ടണ്ട..”

”അതെന്താണമ്മെ..?”

”എനിക്കാരുമില്ലല്ലോ.. സ്നേഹമുളള മക്കളും എനിക്കില്ല.”

സിദ്ധു അമ്മയുടെ അരികില്‍ ഇരുന്ന് അവരുടെ കൈകവര്‍ന്നു..

”അമ്മ വെറുതെ ഒരു കണ്ണീര്‍ സീനുണ്ടാക്കേണ്ട.. മാമന് ഞാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് വരുന്നുണ്ടെന്ന് പറഞ്ഞ്.”

അത്കേട്ട് രേവതിയമ്മയുടെ മുഖംതെളിഞ്ഞു…

സിദ്ധു അമ്മയുടെ കൈപിടിച്ച് വലിച്ച് ഭക്ഷണടേബിളിലേക്ക് കൊണ്ട് വന്നിരുത്തി.. മകന് തന്നോടുളള കരുതല്‍കണ്ട് രേവതിയമ്മയുടെ കണ്ണ്നിറഞ്ഞു..

”ഇനിയിപ്പോ എന്താ അമ്മയുടെ പ്രശ്നം.?”

രേവതിയമ്മ കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു..

”ഒന്നുമില്ലെടാ..”

”ഭയന്നിട്ടാണ് അമ്മയോട് പറയാതിരുന്നത്.. അമ്മക്ക് ആതിരയെ ഇഷ്ട മായില്ലെങ്കില്‍ വേണ്ട.. ഞാനും അവളെ മറന്നോളാം.. അമ്മ അതിന് ഇനി വിഷമിക്കേണ്ട..”

”അതല്ലെടാ.. അവള്‍ നല്ലകുട്ടിയാണ്.. എനിക്കറിയാം അവളുടെ കാര്യങ്ങള്‍.. വായാടിത്വം അല്‍പം കൂടുതല്‍ ഉണ്ടന്നേയുളളൂ.. പാവംകുട്ടിയാണവള്‍..”

അന്നത്തെ ദിവസം സന്തോഷത്തോടെ അവസാനിച്ചു..

ഒരാഴ്ച കഴിഞ്ഞു.. സിദ്ധു ജോലിക്ക് പോയിത്തുടങ്ങി.. ജോലിത്തിരക്കിനിടയില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ വീട്ടിലേക്ക് എത്താന്‍ അവന് കഴിഞ്ഞിരുന്നുളളൂ..

രേവതിയമ്മയുടെ നമ്പര്‍ സംഘടിപ്പിച്ച ആതിര ഇടക്കിടക്ക് അവരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു..

ആതിര രേവതിയമ്മയുമായി കൂടുതല്‍ സൗഹൃദത്തിലായി.. അവള്‍ അവളുടെ വിഷമങ്ങളെല്ലാം ഒരു അമ്മയോടെന്നപോലെ രേവതിയമ്മയോട് പറഞ്ഞു.. രേവതിയമ്മ അവളെ സമാധാനിപ്പിച്ചു.. ധൈര്യം നല്‍കി..

ആതിരക്ക് സിദ്ധുവുമായുളള ഇഷ്ടത്തെ രേവതിയമ്മ പ്രോത്സാഹിപ്പിച്ചില്ല കഴിയുന്നതും അവരത് നിരുത്സാഹപ്പെടുത്തി..

കാരണം തങ്ങളേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന ബിസിനസ്മാനായ മാധവമേനോന്‍റെ അടുത്ത് സിദ്ധുവിന് ആതിരയെ ചോദിച്ച് ചെല്ലുക എന്നത് അവര്‍ക്ക് ബുദ്ധിമുട്ടുളള കാര്യമായിരുന്നു..

മാസങ്ങള്‍ കഴിഞ്ഞുപോയി..

ഒരു ദിവസം സിദ്ധുവും അവന്‍റെ ചേച്ചിയും അമ്മയും വീട്ടിലിരിക്കുന്ന സമയത്താണ് ഗേറ്റ് കടന്ന് ഒരു ഓട്ടോ മുറ്റത്ത് വന്നു നിന്നത്..

ഓട്ടോയില്‍ ആരാണ് വന്നതെന്നറിയാന്‍ മൂവരും ഹാളില്‍നിന്നും പുറത്തേക്ക് എത്തിനോക്കി..

ഒട്ടോയില്‍നിന്നിറങ്ങിയ ആളെ കണ്ട് ആതിരമോളാണോ എന്ന് ചോദിച്ച് രേവതിയമ്മ പുറത്തേക്ക് ചെന്ന് ആതിരയുടെ കൈപിടിച്ചു..

ഒട്ടോയിലിരിക്കുന്ന രണ്ട് വലിയബാഗുകള്‍ ആതിര കഷ്ടപ്പെട്ട് പുറത്തേക്ക് എടുത്തുവെക്കുന്നത് കണ്ട രേവതിയമ്മ ചോദിച്ചു..

”ഏങ്ങോട്ടാണ് മോളെ യാത്ര..”

”ഇങ്ങോട്ടുതന്നെ അല്ലാതെങ്ങോട്ട് പോവാനാ ഞാന്‍.?”

രേവതിയമ്മക്ക് കാര്യംമനസിലായില്ല..

”ഇങ്ങോട്ടോ.?”

ഓട്ടോക്കാരന് പണംകൊടുത്ത് വിട്ടതിന് ശേഷം ആതിര രേവതിയമ്മയെ നോക്കി..

”പാട്ടും ഡാന്‍സുമൊന്നും എനിക്ക് ശരിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല അമ്മേ.. എങ്കിലും ഞാനിങ്ങ് പോന്നു അമ്മയുടെ അടുത്തേക്ക്..”

കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ നേരം രേവതിയമ്മ വേവലാതിയോടെ നെഞ്ചത്ത് കൈവച്ചു..

”എന്‍റീശ്വരാ എന്താണ് കുട്ടീ നീ ഈ കാണിച്ചത്.. വീട്ടില്‍നിന്നും ഇറങ്ങി പ്പോരുകയോ..?”

ഒരു പിന്‍ബലത്തിനായി അവര്‍ സിദ്ധുവിനെ നോക്കി.. അവന്‍ ചേച്ചിയുടെ കുട്ടിയുടെ കൈയിലെ കോലുമിഠായി പിടിച്ച് വാങ്ങി വായില്‍വച്ച് നുണയുകയായിരുന്നു.. കുഞ്ഞ് അവളുടെ മിഠായി തിരികെകിട്ടാന്‍ വേണ്ടി സിദ്ധുവിനെ കടിച്ചും മാന്തിയും ഉപദ്രവിക്കുന്നുണ്ടായിരുന്നു..

രേവതിയമ്മ എന്തുചെയ്യണമെന്നറിയാതെ കരച്ചിലിന്‍റെ വക്കിലെത്തി..

”ഈശ്വരാ ഈ മക്കളെകൊണ്ട് ഞാന്‍ തോറ്റു.. ഇനി ഞാന്‍ എന്താചെയ്യാ.?”

രേവതിയമ്മ തിരിഞ്ഞ് ആതിരയെ ദയനീയമായി നോക്കി..

”ആ കോലുമിഠായി തിന്നുന്ന മരങ്ങോടനെ കണ്ടിട്ടാണോടീ നീ ഇറങ്ങിവന്നത്.?”

അപ്പോളേക്കും സിദ്ധുവിന്‍റെ ചേച്ചി ഇടപെട്ടു..

”അമ്മയെന്തിനാണിങ്ങനെ പേടിക്കുന്നത്.. നമ്മള്‍ അവളെ തട്ടികൊണ്ട് വന്നതൊന്നും അല്ലല്ലോ.. അവളുടെ ബുദ്ധിമുട്ടുകള്‍ കാരണം അവളായിട്ട് ഇറങ്ങിവന്നതല്ലേ.. അമ്മ ആതിരയെ അകത്തേക്ക് കൂട്ടികൊണ്ട് വരൂ..”

”കണ്ടോ.. ഇതാണെന്‍റെ ചേച്ചിപ്പെണ്ണ്.. ആള് പൊളിയാ..” അടുത്ത് നില്‍ക്കുന്ന ചേച്ചിക്കിട്ട് പതിയെ ഒരു ഇടികൊടുത്താണ് അവനത് പറഞ്ഞത്..

രേവതിയമ്മ വിശ്വാസംവരാതെ മൂവരേയും മാറിമാറിനോക്കി..

”അപ്പോള്‍ നിങ്ങളെല്ലാവരും ഒത്തുകൊണ്ടുളള പരിപാടിയായിരുന്നു അല്ലേ ഇത്..?”

”ആദ്യം പറഞ്ഞാല്‍ അമ്മ ഇതിന് സമ്മതിക്കുമായിരുന്നോ.?”

രേവതിയമ്മ നെടുവീര്‍പ്പോടെ പറഞ്ഞു..

”എന്നാലും ഒരു പെങ്കൊച്ച് ഒറ്റക്ക് ഇറങ്ങിപ്പോരുക എന്നൊക്കെ പറഞ്ഞാല്‍ അത് കുറച്ച് കടന്ന കയ്യായിപ്പോയീ..”

”ഇനിയിപ്പോ അതുമിതും പറഞ്ഞിട്ട് കാര്യമില്ല അമ്മേ.. അമ്മക്കും അറിയുന്നതല്ലേ അവളുടെ കാര്യങ്ങള്‍.. അമ്മ അവളെ അകത്തേക്ക് കൂട്ടിവരൂ.. അച്ഛനോട് കാര്യങ്ങളെല്ലാം നമുക്ക് സാവധാനത്തില്‍ പറയാം..”

ഒന്നുരണ്ടു നിമിഷത്തെ ആലോചനക്കുശേഷം രേവതിയമ്മ സ്നേഹത്തോടെ ആതിരയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറി…

സിദ്ധുവും ചേച്ചിയും ആതിരയുടെ ബാഗുകളെടുത്ത് പുറകെവന്നു..

ഹാളിലെ സോഫയില്‍ ആതിരക്കരികില്‍ ഇരിക്കപ്പൊറുതിയില്ലാതെ സാരിത്തലപ്പു കൊണ്ട് സ്വന്തം മുഖത്തെ വിയര്‍പ്പ് രേവതിയമ്മ ഒപ്പിയെടുത്തു കൊണ്ടിരുന്നു..

”ഈശ്വരാ ഈ കൊച്ചുങ്ങളെ കാക്കണേ.. ഇനി ഇതിനെചൊല്ലി ഇവളുടെ അച്ഛനും കുടുംബങ്ങളും എന്തെല്ലാം പുകിലുകളാണുണ്ടാക്കുക എന്നറിയില്ല..”

ഒരു എടുത്തുചാട്ടത്തിന് പുറകെ ഇനി വരാന്‍ പോകുന്ന വലിയ കോലാഹലങ്ങളെ പ്രതീക്ഷിച്ച് രേവതിയമ്മ വേവലാതിപ്പെട്ടു…

end……

കഥക്കപ്പുറം എന്ത് കോലാഹലങ്ങളുണ്ടാവാന്‍..? പൈങ്കിളി കഥയുടെ അവസാന സീനിനപ്പുറം കഥാപാത്രങ്ങള്‍ക്ക് എന്ത് പറ്റിയെന്ന് ആര് ശ്രദ്ധിക്കാന്‍.?

Leave a Reply

Your email address will not be published. Required fields are marked *