നീയും ഞാനും ~ ഭാഗം 04, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

സിദ്ധു അടുക്കളയിൽ കിടന്നിരുന്ന ഓലമടൽ കയ്യിലെടുത്തു… ഞാനും വേണ്ടാ വേണ്ടാ വിചാരിച്ചാൽ തലയിൽ കയറുന്നോ..

അയാൾ ഇഴയാൻ തുടങ്ങി, സിദ്ധു കയ്യിലിരുന്ന മടല് കൊണ്ട് രണ്ട് തല്ലു കൊടുത്തു, ശബ്ദം കേട്ട് ഓടിവന്ന ശില്പ സിദ്ധുവിന്റെ കൈപിടിച്ച് മാറ്റി, കിട്ടിയ തക്കത്തിന് അയാൾ പുറത്തേക്കോടി, ശില്പ സിദ്ധുവിന്റെ കയ്യിലെ വടി പിടിച്ചു വാങ്ങി നിലത്തിട്ടു, അവനെ വലിച്ചുകൊണ്ട് മുറിയിൽ കയറി കുറ്റിയിട്ട് , ബെഡിലിരുന്ന തലയണ കൊണ്ട് തല്ലാൻ തുടങ്ങി, സിദ്ധു അവളെ വലിച്ച് നെഞ്ചോട് ചേർത്തു..

നിർത്ത് ശിലു..

ശില്പ സിദ്ധുവിനെ നോക്കികൊണ്ട്.. നിന്നോട് ഞാൻ എന്താ പറഞ്ഞത്, ഇപ്പോൾ എന്താ നീ ചെയ്തോണ്ടിരിക്കുന്നത്..

സിദ്ധു കട്ടിലിലിരുന്നു.. അതുപിന്നെ ചേച്ചിയെ അടിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല, ദേഷ്യം വന്നു.

ശില്പ സിദ്ധുവിന്റെ അരികിൽ വന്നിട്ട്.. അവൾക്കിത് ആദ്യമായിട്ടൊന്നുമല്ല, ഇതിന് എന്താ മറുപടി കൊടുക്കേണ്ടതെന്നും അവൾക്കറിയാം.. പിന്നെ അതെന്റെ ചേച്ചിയല്ലേ..

സിദ്ധു കുറച്ച് നേരം ഒന്നും മിണ്ടിയില്ല, ശില്പ സിദ്ധുവിന്റെ തോളിൽ തൊട്ടു.. സിദ്ധു ഞാൻ പറഞ്ഞത് സങ്കടായോ..

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട്.. ഏയ്‌ സങ്കടമൊന്നുമില്ല, എന്നാലും ഒരു സഹോദരി ഇങ്ങനെയാണോ പറയേണ്ടത്… ഞാൻ നിങ്ങളെ സഹായിക്കല്ലേ ചെയ്തത്..

ശില്പ ചിരിച്ചു.. ആ ബെസ്റ്റ്… അപ്പോൾ ഇത്രേം നേരം ഞാൻ ആരോടാ ഇതൊക്കെ പറഞ്ഞോണ്ടിരുന്നത്…

എന്ത്..

എടോ ദുഷ്ടാ,നീ ലാലേട്ടന്റെ സ്റ്റൈലിൽ സ്റ്റണ്ടും കാണിച്ചിട്ട് സ്ലോ മോഷനിൽ ഇവിടുന്ന് നാളെ പോവും, അത്‌ കഴിഞ്ഞ് ചേച്ചി എങ്ങനെ സമാധാനായിട്ട് ജീവിക്കും ഇവിടെ..

സിദ്ധു അവളെ നോക്കിയിട്ട്.. ആ അതുശരിയാണല്ലോ..

ഒറ്റ കുത്തങ്ങട് വെച്ചു തന്നാലുണ്ടല്ലോ..

സിദ്ധു കുറച്ച് നേരം ആലോചിച്ചിട്ട് ശില്പയെ തോണ്ടി വിളിച്ചു, അവൾ സിദ്ധുവിന്റെ നേരെ തിരിഞ്ഞു..

എന്താ..

അല്ല നമ്മള് ഇനി എന്ത് ചെയ്യും..?

ശില്പ സംശയത്തോടെ.. കേട്ടില്ല..

സിദ്ധു കുറച്ച് കൂടി അരികിലേക്ക് വന്നു.. നമ്മള് ഇനി ഇതിൽ എന്താ പരിഹാരത്തിനു ചെയ്യേണ്ടതെന്ന്..

നമ്മളോ.. ഇത്രേം നേരം ഒറ്റക്കല്ലേ ചെയ്തത്, ഇനിയും നിന്റെ ബുദ്ധി വെച്ചങ്ങട് ചെയ്താൽ മതി..

സിദ്ധു ശില്പയെ തന്നെ നോക്കികൊണ്ടിരുന്നു.. എന്ത് ദുഷ്ടത്തിയാടി നീ..

സിദ്ധു തമാശ വിട്..

ഇതിൽ എവിടെ തമാശ, ഞാൻ കാര്യമായിട്ട് ചോദിക്കാണ് എന്താ ഞാൻ ചെയ്യേണ്ടത്..

ശില്പ ചിരിച്ചു.. പറയുന്നത് അനുസരിക്കോ…

പിന്നെന്താ, തീർച്ചയായും..

എന്നാൽ പെട്ടെന്ന് കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്..

അതെന്തിനാ..

ഇപ്പോൾ നീ ആട്ടിവിട്ടൊരു സാധനം ഫുൾ പവറിൽ തിരിച്ചു വരും, അതിന്റെ ഇടയിൽ പോയി പെടാതിരിക്കാനാ..

ഒരു സിംഹത്തിനെയാണ് കൂട്ടിലടക്കാൻ നോക്കുന്നത്, ഓർമ്മ വേണം..

ശില്പ വീണ്ടും ചിരിച്ചു..

എന്റെ വായിൽ നല്ലോം വരുന്നുണ്ട്, വീട്ടിൽ ചെന്നിട്ടേ പറയുന്നുള്ളൂ വിചാരിച്ച് വെറുതെയിരിക്കാണ്..

എന്നാൽ എന്റെ ഭാര്യ പോയി റെസ്റ്റെടുത്തോളൂ, ഞാൻ നേരത്തെ ഉറങ്ങിയേക്കാം..

എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ പുച്ഛം, വേറെ വഴിയില്ല മിണ്ടാതെ കിടന്നാൽ മതി.

ശരി ഓക്കേ.

സിദ്ധുവിനോട് വേറെയൊന്നും പറയാൻ നിൽക്കാതെ ശില്പ അടുക്കളയിലേക്ക് ചെന്നു, അവളെ കണ്ടപ്പോൾ അമ്മ.. അവൻ ഇത്ര ദേഷ്യക്കാരനാണോ..?

ശില്പ ചുറ്റിലും നോക്കിയിട്ട്.. എന്നോടാണോ…

അമ്മ അവളെയൊന്ന് തുറിച്ചുനോക്കി.. നീ അല്ലാതെ പിന്നെയാരാ ഇവിടുള്ളേ, ഞാൻ സിദ്ധുവിനെ കുറിച്ചാ ചോദിച്ചത്..

ശില്പ ചിരിച്ചു.. ഓ അതായിരുന്നോ… ഏയ്‌ അല്ല അമ്മേ അവൻ ദേഷ്യക്കാരനൊന്നുമല്ല, ചെറിയൊരു കൈയബദ്ധം, ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്..

അമ്മേ ഒരു ഗ്ലാസ്സ് വെള്ളം..

അമ്മയും ശില്പയും ഒരുമ്മിച്ച് തിരിഞ്ഞു നോക്കി, സിദ്ധുവിനെ കണ്ടപ്പോൾ അമ്മ.. മോൻ അവിടെ നിന്ന് പറഞ്ഞാൽ മതിയായിരുന്നു, ഞാൻ ഇവളുടെ കയ്യിൽ കൊടുത്ത് വിടുമായിരുന്നില്ലേ..

അയ്യോ അതൊന്നും വേണ്ടാ.. സിദ്ധു അരികിൽ വന്ന് അമ്മയുടെ കയ്യിൽ പിടിച്ചു… എന്നോട് ക്ഷമിക്ക്, പെട്ടെന്ന് ചേച്ചിയെ തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല, എനിക്ക് എന്റെ ചേച്ചിയെ ഓർമ്മ വന്നു..

അമ്മ സിദ്ധുവിന്റെ കവിളിൽ തലോടി.. അതൊന്നും സാരമില്ല മോനെ, അവന് രണ്ടു തല്ലിന്റെ കുറവുണ്ട്..

പെട്ടെന്ന് ചേച്ചി അകത്തേക്ക് വന്നു, സിദ്ധുവിനെ കണ്ടപ്പോൾ.. നീ ചെയ്തത് തെറ്റാണെന്ന് ആരേലും പറഞ്ഞോ, ഞങ്ങൾക്ക് നല്ലത് വിചാരിച്ചല്ലേ ചെയ്‍തത്, എനിക്ക് അതുമതി..

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട് മുറിയിലേക്ക് പോയി, സിദ്ധു കട്ടിലിലിരിക്കു മ്പോഴാണ് ശില്പ ഗ്ലാസ്സിലെ വെള്ളം അവന് നേരെ നീട്ടിയത്, സിദ്ധുവത് വാങ്ങി, ശില്പ സിദ്ധുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ.. ദേഷ്യമുണ്ടെന്ന് മനസ്സിലായി, സിദ്ധുവിന് ഓർമ്മയില്ലാത്തൊരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം.. ഞാൻ നിന്റെ ഭാര്യയാണ്, എനിക്ക് നിന്നെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്, നിന്റെ വീട്ടിൽ നീ എന്നെ എങ്ങനെ നോക്കുന്നോ, അതുപോലെ എന്റെ വീട്ടിൽ ഞാനും നിന്നെ സുരക്ഷിതനാക്കണ്ടേ.. ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. പ്രത്യേകിച്ച് സിദ്ധുവിന്റെ അമ്മയെ ഓർക്കുമ്പോൾ.

സിദ്ധു കണ്ണടച്ചു.. സോറി.. നിന്നോട് ദേഷ്യമൊന്നുമില്ല,എന്നാലും ഞാനുമൊന്ന് പറയട്ടെ, എനിക്ക് നല്ലതാണ് പറഞ്ഞ് തരുന്നതെന്ന രീതിയിൽ എന്നെ ഇങ്ങനെ ഉപദേശിക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല..

അതുകൊണ്ട്.. ശില്പ സംശയത്തോടെ..

സിദ്ധു അവളെയൊന്ന് നോക്കി.. മിണ്ടാതെ പോടീ എന്ന് എന്നെകൊണ്ട് പറയിക്കരുത്, ഞാൻ അങ്ങനെ പറയില്ല എന്നാലും ഒരു മുന്നറിയിപ്പ്..

ശില്പ സിദ്ധുവിന്റെ കയ്യിലെ ഗ്ലാസ്സ് വാങ്ങി.. എന്നെ കളിയാക്കിയതല്ലല്ലോ..

ഒരിക്കലുമല്ല, നീ തന്നെയാ പറഞ്ഞത് നല്ലത് എടുക്കാനും അല്ലാത്തത് ഒഴിവാക്കാനും, എനിക്ക് നീ പറയുന്നത് നല്ലതായി തോന്നുന്നില്ല..

ഓക്കേ, പക്ഷെ സിദ്ധു പിന്നെ വാക്ക് മാറരുത്, പെൺബുദ്ധി എന്ന് തോന്നുന്നുണ്ടോ..

സിദ്ധു ചിരിച്ചു.. നീ കൂടുതലൊന്നും ചിന്തിക്കേണ്ട, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, ഇനി ഈ വിഷയത്തിൽ തർക്കിക്കാൻ ഞാനില്ല..

ആയിക്കോട്ടെ, കാണാം..

ശില്പ മുറിയിൽ നിന്ന് പോയി, വൈകുന്നേരമായിട്ടും അയാൾ തിരിച്ചു വന്നില്ല, എല്ലാവരും ഭക്ഷണം കഴിച്ച് കിടക്കാൻ തയ്യാറായി, ശില്പ മുറിയിലേക്ക് വന്നപ്പോൾ കൂടെ അമ്മുവും ഉണ്ടായിരുന്നു, സിദ്ധു കട്ടിലിൽ നിന്നിറങ്ങി, ശില്പ ബെഡ്ഷീറ്റ് നേരെ വിരിച്ചു, താഴെ പായ വിരിച്ചപ്പോൾ അമ്മു അതിൽ കിടന്നു, ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. നീ കട്ടിലിൽ കിടന്നോ, നിനക്ക് താഴെ കിടന്ന് ശീലമില്ലല്ലോ, വെറുതെ തണുപ്പടിച്ച് ശരീരം കേടുവരുത്തണ്ട..

അപ്പോൾ നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലേ..

ഞങ്ങൾക്ക് ഇത് ശീലമായി, നീ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ കിടക്കാൻ നോക്ക്..

ഓ ചൂട് പോയിട്ടില്ല തോന്നണു, താഴെ കിടന്നാൽ തണുത്തോളും എന്ന് വിചാരിച്ചിട്ടാണോ..

അതേലോ.. നീ ഇനി കുറച്ച് നേരം മിണ്ടാതിരിക്ക്, വായയ്ക്ക് കുറച്ച് റസ്റ്റ്‌ കിട്ടട്ടെ..

ശില്പ അമ്മുവിനെയും ചേർന്ന് കണ്ണടച്ച് കിടന്നു, കുറച്ച് സമയം കഴിഞ്ഞപ്പോൾ സിദ്ധു അവൾക്ക് നേരെ തിരിഞ്ഞു..

ശിലു..

ശില്പയൊന്നും മിണ്ടിയില്ല, സിദ്ധു കുറച്ചുകൂടി അരികിലേക്ക് വന്നു.. കള്ളയുറക്കം ഉറങ്ങണ്ട.

ശില്പ കണ്ണുതുറന്നു.. എന്താടാ..

നീ താഴെ കിടക്കാണോ..

അല്ല ഡാൻസ് കളിയ്ക്കാ..

സിദ്ധു ചിരിച്ചു.. അയ്യോ തമാശക്കാരി..

ശില്പ സിദ്ധുവിനെ നോക്കി.. നിനക്കെന്താടാ വേണ്ടത്,രാവിലെ പോവണമെങ്കിൽ നേരത്തെ ഉറങ്ങാൻ നോക്ക്..

സിദ്ധു ഒന്നുകൂടി അരികിലേക്ക് വന്നു.. എന്നാ ഇങ്ങോട്ട് വാ.

വരുന്നില്ല, ഇത്രേം കാലം ഒറ്റയ്ക്കാ കിടന്നതെന്നല്ലേ പറഞ്ഞത്..

സിദ്ധു ശില്പയെ കയ്യെത്തിച്ച് തോണ്ടാൻ തുടങ്ങി.. വരാൻ പറ്റോ ഇല്ലയോ.

ശില്പ അമ്മുവിനെ നോക്കിയിട്ട് സിദ്ധുവിനോട്.. വരാടാ കെട്ടിയോനെ, കുറച്ച് നേരം വെയിറ്റ് ചെയ്യ്..

ആ അതുമതി.. രാത്രി ശുഭരാത്രി ഇനിയെന്നും ശിവരാത്രി..

ഒന്ന് വായടയ്ക്കോ..

സിദ്ധു പാടുന്നത് നിർത്തിയപ്പോഴാണ്, പുറത്തു ഒച്ചയും ബഹളവും കേട്ടത്, ശില്പ എഴുന്നേറ്റു വാതിൽ തുറന്നു, അയാളെ കണ്ടപ്പോൾ നിന്നിട്ട് വാതിൽ ചാരി, അയാൾ ദേഷ്യത്തോടെ പാഞ്ഞടുത്തു.. മണവാളനെ തൊട്ടിലിട്ട് ആട്ടാതെ ഇറക്കിവിടെടി..

ശില്പ വാതിലിന് മുന്നിൽ നിന്ന് മാറാതെ അങ്ങനെ തന്നെ നിന്നു.. ഞാൻ തുറക്കില്ല, നിങ്ങൾക്ക് അവനുമായിട്ട് ബന്ധമൊന്നുമില്ലല്ലോ, അതുകൊണ്ട് ഒരു പ്രശ്നത്തിനും ഞാൻ സമ്മതിക്കില്ല..

അങ്ങോട്ട് മാറി നിൽക്കെടി.. അയാൾ ശില്പയെ തള്ളി മാറ്റി, വാതിൽ തുറന്നപ്പോൾ സിദ്ധു ഓടി വന്ന് അയാളെ ചവിട്ടി വീഴ്ത്തി, താഴെ കിടന്ന ശില്പയെ എഴുന്നേൽപ്പിച്ചു, ശില്പ സിദ്ധുവിന്റെ കൈപിടിച്ചു.. ആവശ്യമില്ലാതെ വഴക്കിനു പോവണ്ട സിദ്ധു പ്ലീസ്.

സിദ്ധു തിരിയാൻ നിന്നപ്പോൾ അയാൾ വേഗത്തിൽ സിദ്ധുവിന്റെ ദേഹത്ത് പിടിച്ചത്..

അങ്ങനെ ഈ സുരയെ തൊട്ടിട്ട് നീ ആളാവാൻ നിൽക്കണ്ട..

സിദ്ധു സുരയുടെ കൈ വിടുവിച്ച് തള്ളി പുറത്തേക്കിട്ടു, അപ്പുറത്തുള്ള വീടു കളിൽ ലൈറ്റിട്ട് തുടങ്ങി, തല്ല് മുറ്റത്തെത്തി, സിദ്ധു കയ്യിൽ കിട്ടിയിരുന്ന വടി യെടുത്ത് സുരയെ തല്ലാൻ തുടങ്ങി, അടുത്തുള്ളവർ പിടിച്ചു മാറ്റി, കൂട്ടത്തി ലൊരാൾ..

ഞങ്ങള് പോലീസിനെ വിളിച്ചിട്ടുണ്ട്..

വീട്ടിലുള്ള എല്ലാവരും ഞെട്ടി.. എന്തിന്.

ഞങ്ങൾക്ക് സമാധാനമായിട്ട് ഉറങ്ങൊന്നും വേണ്ടേ.

സുര കൈ തട്ടി മാറ്റിയിട്ട് ഉമ്മറത്തു വന്നിരുന്നു, സിദ്ധുവും കൈവിടുവിച്ച് അരികിലായി വന്നിരുന്നു, ശില്പ സിദ്ധുവിനെ തോണ്ടി.. ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ, ഇനി നമ്മളെന്ത് ചെയ്യും.

സിദ്ധു അടുത്ത് നിന്നവരോട്.. ഏത് പോലീസ് സ്റ്റേഷനാ ഏട്ടാ.

കറുകച്ചാൽ.

സിദ്ധു ശില്പയെ നോക്കികൊണ്ട്.. ഹാവൂ പേടിക്കണ്ട, എനിക്കറിയുന്ന ആളുണ്ട്, നമ്മുക്ക് പറഞ്ഞ് ശരിയാക്കാം.

സിദ്ധു സുരയുടെ നേരെ തിരിഞ്ഞു.. കേട്ടോ സുരേ.. എല്ലാം നമ്മുടെ പരിചയക്കാരാ, പേടിക്കാനൊന്നുമില്ല.

അതിനാർക്കാ പേടി.. സുര ഇതെന്തെന്ന മട്ടിൽ പറഞ്ഞു.

അതുശരി, ഇങ്ങള് സ്ഥിരം അവിടെയാണോ..

സുര സിദ്ധുവിനെ നോക്കി പല്ലിറുമ്മി.. ആൺകുട്ടികൾ അങ്ങനെയാ.

അതിന് നിങ്ങൾക്ക് രണ്ട് പെൺകുട്ടികളല്ലേ, അതെന്തേലും ആവട്ടെ, അവിടെ ഇപ്പോൾ എങ്ങനെയാ ഫുഡ്‌ ഒക്കെ, നോൺ വെജ് കിട്ടോ..

സുര ഒന്നും മിണ്ടിയില്ല, ശില്പ സിദ്ധുവിനെ കണ്ണിറുക്കി കാണിച്ചു.. നീ എന്താടാ അവിടെ സ്ഥിര താമസമാക്കാൻ പോവാണോ..

അല്ല അറിഞ്ഞിരിക്കണമല്ലോ, സുരേട്ടൻ പറഞ്ഞത് കേട്ടില്ലേ ആൺകുട്ടികൾ ജയിലിൽ പോവുമെന്ന്, ചിലപ്പോൾ നമ്മുക്ക് ആൺകുട്ടികൾ ആണെങ്കിലോ..

ശില്പ ഒന്നും മിണ്ടാതെ ചുമരിൽ ചാരി, സിദ്ധു സുരയെ തട്ടി വിളിച്ചു…വേദന യുണ്ടോ..

ഇല്ല..

ആ അങ്ങനത്തെ മാസ്സ് ഡയലോഗ് ഒന്നും വേണ്ട, ചിലപ്പോൾ നല്ലോം വീങ്ങും, അതുകൊണ്ട് രാവിലെ പുളിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിയ്ക്ക്, ശരിയാകും, എന്റെ അമ്മ എന്നെ തല്ലിയാൽ ഞാൻ അതാ ചെയ്യാറ്..

സിദ്ധു സുരയെ തോണ്ടി.. സുരടെ അമ്മ സുരയെ തല്ലാറില്ലേ..

സുര സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. എന്റെ തള്ള എന്നെ പ്രസവിച്ചപ്പോഴേ ചത്തു.

സിദ്ധു സഹതാപത്തോടെ..

വെരി ഡാർക്ക്‌..

സംസാരത്തിനിടക്കാണ് പോലീസ് ജീപ്പ് വന്നത്, സുര പുറത്തേക്ക് നടന്നു, ശില്പ സിദ്ധുവിന്റെ അരികിലേക്ക് വന്നപ്പോൾ തടഞ്ഞുകൊണ്ട്.. നീ പേടിക്കണ്ട, തണുത്ത നിലത്തു കിടക്കാതെ കട്ടിലിൽ കയറി കിടന്നോ, ഞാൻ വേഗത്തിൽ തിരിച്ചു വരാം.

സിദ്ധു ഞാനും വരാം.. ശില്പ ടെന്ഷനിടയിലും പറഞ്ഞൊപ്പിച്ചു..

സിദ്ധു ചിരിച്ചു. ഞാൻ ഗോവക്ക് ടൂർ പോവല്ല,ടെൻഷനാവാതെ എന്റെ സുന്ദരി കുട്ടി, ചേട്ടൻ യുദ്ധത്തിന് പോയിട്ട് ജയിച്ചിട്ട് വരാം..

എന്നാലും.. ശില്പ ടെൻഷൻ മാറാതെ നിന്നു.

സിദ്ധു സമാധാനിപ്പിച്ചുകൊണ്ട്.. നീ പേടിക്കണ്ട, ഞാൻ വരാൻ വൈകിയാൽ എന്റെ ഫോണിൽ മൂന്നാമത്തെ നമ്പറിൽ വിളിച്ചാൽ മതി.

സിദ്ധു ജീപ്പിനരുകിലേക്ക് നടന്നു.. ഭഗവാനെ പോലീസോ, ഉള്ള ഡയലോഗ് മുഴുവനും കഴിഞ്ഞു, ഇനി ഇവരോട് എന്തുപറയും..

എസ്. ഐ സിദ്ധുവിനെ നോക്കിയിട്ട്.. ഒന്നും പറയണ്ട ബാക്കിയൊക്കെ സ്റ്റേഷനിൽ ചെന്നിട്ട്, രണ്ടുപേരും രാവിലെ വരെ അകത്തു കിടക്ക്, നാട്ടുകാരെങ്കിലും ഉറങ്ങട്ടെ..

സിദ്ധു സുരയോട്.. ഒന്ന് നീങ്ങിയിരിക്കോ..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *