നീയും ഞാനും ~ ഭാഗം 05, എഴുത്ത്: അഭിജിത്ത്

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സിദ്ധു കയറിയപാടെ തിരഞ്ഞത് പരിചയക്കാരനായായാളെ ആയിരുന്നു, കാണാഞ്ഞപ്പോൾ നിരാശയോടെ സുരയുടെ കൂടെ ബെഞ്ചിലിരുന്നു,സ്റ്റേഷനിലുള്ളവരൊന്നും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ സിദ്ധു എസ്. ഐയെ നോക്കികൊണ്ട്.. അല്ല സർ ഞങ്ങളെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ, ഇങ്ങനെ വെറുതെ ഇരിക്കാ നാണേൽ അവിടെ ഇരുന്നിട്ടുണ്ടാവില്ലേ..

എസ്. ഐ സിദ്ധുവിനെ നോക്കി.. നീ അവിടെ വെറുതെ ഇരിക്കായിരുന്നോ.

സിദ്ധുവൊന്നും മിണ്ടിയില്ല, എസ്. ഐ പല്ലിറുമ്മിക്കൊണ്ട്.. മിണ്ടാതിരുന്നോണം..

സിദ്ധു സുരയെ നോക്കികൊണ്ട്.. കേട്ടോ നമ്മളെ പുല്ല് വില. കുറച്ച് നേരം പുറത്തേക്ക് തിരിഞ്ഞിരുന്നു. (മനസ്സിൽ)മിണ്ടാതെ ഇരിക്കുന്നതാ നല്ലത്..

പെട്ടെന്ന് സുരയുടെ നേരെ തിരിഞ്ഞിട്ട്.. ഭക്ഷണം കഴിച്ചായിരുന്നോ ചേട്ടൻ.

സുര മറുപടി നൽകിയില്ല, സിദ്ധു തുടർന്നു. ഞാൻ കഴിച്ചു, പായസം നല്ല മധുരമുണ്ടായിരുന്നു, ശിലു ഉണ്ടാക്കിയതാ, അവള് ഇത്രേം നന്നായി പാചകം ചെയ്യുമെന്ന് വിചാരിച്ചില്ല.. സിദ്ധു സുരയെ ഒന്നുകൂടി നോക്കി.. ഓരോരുത്തരുടെ കഴിവ് തന്നെയാണല്ലേ പാചകം.

സുര ആക്കിയിട്ടൊന്ന് ചിരിച്ചു, സിദ്ധു കാര്യം മനസ്സിലാവാതെ.. എന്തിനാ ചിരിച്ചേ.

സുര പുച്ഛഭാവത്തിൽ.. തൊലി വെളുപ്പിൽ മയങ്ങി അവളെ കെട്ടിയ പെൺ കോന്തനായ നീ അങ്ങനെയേ പറയൂ, ആദ്യം അവളുടെ ചരിത്രമെന്താണെന്ന് നാട്ടിലൊന്ന് അന്വേഷിക്ക്..

എന്ത് ചരിത്രം.. ദേഷ്യത്തോടെ സിദ്ധു ചോദിച്ചു.

അത്‌ നീ അന്വേഷിച്ചു കണ്ടുപിടിക്ക്.

സിദ്ധു മറുപടിയൊന്നും പറയാതെ ചുമരിൽ ചാരി, കുറച്ച് കഴിഞ്ഞപ്പോൾ സുര അവനെ നോക്കിയിട്ട്.. വീടിന്റെ അപ്പുറത്തൊരു വീട് കണ്ടില്ലേ.

സിദ്ധു പെട്ടെന്ന് നേരെയിരുന്നു.. കണ്ടു..അവിടെയെന്താ.

സുര തുടർന്നു.. അവിടെ ഒരുത്തനുണ്ട്, ഇവളും അവനുമായിട്ട് മുടിഞ്ഞ പ്രേമത്തിലായിരുന്നു, എത്ര തവണ അവന്റെ വീട്ടിൽ വെച്ചിട്ട് പിടിച്ചിട്ടുണ്ടെന്ന് അറിയോ, അതെങ്ങനെ നിനക്കൊക്കെ പെണ്ണുകാണാൻ വന്നാൽ നോട്ടം മുഴുവൻ വേറെ എവിടെക്കെങ്കിലുമല്ലേ, കുറച്ച് ചന്തമുള്ളതാണേൽ പറയുകയും വേണ്ട.

സിദ്ധു സുരയുടെ അരികിൽ നിന്ന് എഴുന്നേറ്റ് മാറിയിരുന്നു, കുറേ നേരം കഴിഞ്ഞപ്പോൾ സിദ്ധുവിന്റെ തോളിൽ ഒരാള് വന്ന് തട്ടി, സിദ്ധു തിരിഞ്ഞു നോക്കി.
ആ രഘുവേട്ടാ, ഇങ്ങളെ ഞാൻ വന്നപ്പോൾ തൊട്ട് തിരയായിരുന്നു.

നീ എഴുന്നേൽക്ക്, ഞാൻ എസ്. ഐയോട് പറഞ്ഞോളാം, കേസ് ഒന്നുമില്ല ഉറക്കം കളയണ്ട വീട്ടിൽ പോവാൻ നോക്ക്..

സിദ്ധു തലയാട്ടി, പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയപ്പോൾ സുരയുടെ കാര്യം ഓർമ്മ വന്നു, രഘുവിനെ നോക്കിയപ്പോൾ.. സിദ്ധു നീ പോവാൻ നോക്ക്, ഇവനെ രാവിലെ വിട്ടോളാം, ഇല്ലേൽ വീണ്ടും ഫോൺ വരും..

ശരി.. സിദ്ധു പുറത്തേക്കിറങ്ങി, റോഡിലേക്കിറങ്ങി കുറച്ച് സമയം നിന്നപ്പോഴൊരു ഓട്ടോറിക്ഷ കിട്ടി, വീടിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഓട്ടോയെ പറഞ്ഞു വിട്ട് അകത്തേക്ക് നടന്നു, വണ്ടിയുടെ ശബ്ദം കേട്ട് ശില്പ വേഗത്തിൽ പുറത്തേക്ക്‌ വന്നു, സിദ്ധുവിനെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപിടിച്ചു, അവളെയൊന്ന് തൊട്ടിട്ട് സിദ്ധു പിടുത്തം വിടുവിച്ചു, മുറിയിലേക്ക് നടന്നു, ശില്പയും കൂടെ ചെന്നു, സിദ്ധു കട്ടിലിൽ കയറി കിടന്നു, ശില്പ വാതിൽ ചാരിയിട്ട് സിദ്ധുവിന്റെ അരികിൽ കിടക്കാനൊരുങ്ങിയപ്പോൾ സിദ്ധു സ്ഥലം കൊടുക്കാതെ കൈ നിവർത്തി വെച്ചു, ശില്പ ക്ഷീണം കൊണ്ടാവുമെന്ന് വിചാരിച്ച് കട്ടിലിൽ നിന്ന് മാറി താഴെ വന്ന് കിടന്നു, ഇടയിൽ സിദ്ധുവിനെ നോക്കിയിട്ട്.. വെള്ളം കുടിക്കാൻ വേണോ.

സിദ്ധുവൊന്നും മിണ്ടിയില്ല, കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും.. സിദ്ധു നിനക്ക് വിശക്കുന്നുണ്ടോ, എന്തേലും ലൈറ്റായിട്ട് ഉണ്ടാക്കി തരണോ..

സിദ്ധു കണ്ണ് തുറന്നു.. ഒന്നും വേണ്ട നീ മിണ്ടാതെ കിടക്കാൻ നോക്ക്..

ശില്പ ചിരിച്ചിട്ട്.. ഹാവൂ ആശ്വാസം, സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ല..

സിദ്ധു ചെരിഞ്ഞ് അവൾക്ക് നേരെ കിടന്നു. എടി ഒരു കാര്യം ചോദിക്കട്ടെ.

ഉം ചോദിക്ക്.

സിദ്ധു ഒന്ന് പരുങ്ങിയിട്ട്.. വേറൊന്നുമല്ല, അപ്പുറത്തെ വീടില്ലേ..

ആ അപ്പുറത്ത് വീടുണ്ട്.

അവിടെയൊരു ആളില്ലേ..

അവിടെ ഒരാളല്ല മൂന്ന് പേരുണ്ട്..

അതല്ല, അവരുടെ മകനില്ലേ..

മകനുണ്ട്..

സിദ്ധുവൊന്ന് നിർത്തിയിട്ട്.. അവനുമായിട്ട് നിനക്ക് പ്രേമം വല്ലോം ഉണ്ടായിരുന്നോ..

ശില്പയൊന്നും മിണ്ടിയില്ല, സിദ്ധു അവളെ തോണ്ടി.. ശിലു തുറന്ന് പറ..

ശില്പ സിദ്ധുവിന്റെ കയ്യിലൊരു തല്ലു കൊടുത്തു. നിൽക്കെടാ ഞാൻ പുതിയ തെറി വല്ലോമുണ്ടോ നോക്കട്ടെ..

എന്തിനാ..

നിന്നെ വിളിക്കാൻ അല്ലാതെന്തിന്..

സിദ്ധുവൊന്നും മിണ്ടിയില്ല, ശില്പ ചിരിച്ചു. നീ പൊട്ടനാണോടാ ശരിക്കും..

എന്തേ അങ്ങനെ ചോദിക്കാൻ..

ശില്പ എഴുന്നേറ്റ് സിദ്ധുവിന്റെ അരികിൽ വന്ന് കിടന്നു.. അല്ലെങ്കിൽ ഇത് കേട്ടയുടനെ എന്നോട് വന്ന് ചോദിക്കോ..

പിന്നെ..

നിനക്ക് പുറത്ത് അന്വേഷിച്ചു കൂടായിരുന്നോ..

സിദ്ധു ചിരിച്ചു.. ഓ അതായിരുന്നോ, അതുപിന്നെ നിന്നെ പറ്റി ആരേലും പറഞ്ഞാൽ അത്‌ സത്യമാണോന്ന് നിന്നോട് തന്നെ ചോദിച്ചാൽ അറിയാലോ.

ശില്പ സിദ്ധുവിന്റെ മുടിയിലൂടെ തലോടി.. അതും ശരിയാണ്, അപ്പോൾ മിസ്റ്റർ കെട്ടിയോൻ എന്റെ അറിവിൽ എനിക്ക് പ്രേമമൊന്നുമില്ല, എന്റെ ഓർമ്മ ശരിയാണേൽ നിങ്ങള് ആണുങ്ങളുടെ കാ മം മാത്രേ കണ്ടിട്ടുള്ളൂ, പ്രത്യേകിച്ച് നിന്നോട് ഇത് പറഞ്ഞു തന്ന തെണ്ടിയുടെ.

ശില്പ സിദ്ധുവിന് വാതിൽ ചൂണ്ടികാണിച്ചു. ആ വാതില് കണ്ടോ അത്‌ പുതിയതാ, കല്യാണത്തിന് രണ്ട് ദിവസം മുന്നേ വെച്ചതാ, ഞാൻ പോയാൽ എന്റെ അമ്മു ക്കുട്ടി ധൈര്യത്തോടെ കിടന്നുറങ്ങാൻ വേണ്ടി ശമ്പളം നുള്ളിപെറുക്കി ഉണ്ടാക്കിയത്..

സിദ്ധു ജനലിലൂടെ അടിക്കുന്ന നിലാവെളിച്ചത്തിൽ ശില്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു, അത്‌ തുടച്ചു കൊടുത്തുകൊണ്ട്. സോറി, എന്നോട് പറയാതിരുന്ന കാര്യമാണല്ലോന്ന് ഓർത്തപ്പോൾ ചോദിച്ചെന്നേയുള്ളൂ, നിനക്ക് വിഷമാവുമെന്ന് വിചാരിച്ചില്ല..

ശില്പ അറിയാതെ ചിരിച്ചു. നിന്നെ ഞാനെന്താ പറയാ, കരയിച്ചതും പോരാ, വീണ്ടും സങ്കടപെടുത്തുന്നോ ദുഷ്ടാ. ശില്പ സിദ്ധുവിനെ ചേർത്ത്പിടിച്ചു. പക്ഷെ എനിക്ക് നിന്നോട് ദേഷ്യമില്ല, കാരണം അത്‌ കേട്ടയുടനെ ശരിയാണോന്ന് എന്നോടല്ലേ വന്ന് ചോദിച്ചത്, നിനക്കത് ഉള്ളതാണോന്ന് അറിയുകയേ വേണ്ടൂ എന്നാണേൽ എന്റെ സിദ്ധുവാണേ സത്യം അവനുമായിട്ടെന്നല്ല ആരുമായിട്ടും ബന്ധമില്ല..

ഏയ്‌ എന്തായിത്.. സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി. ഞാൻ സോറി പറഞ്ഞില്ലേ.

അതല്ലെടാ നിനക്ക് അറിയാത്തൊരു കാര്യം കൂടിയുണ്ട് അതിൽ, ഞാൻ കഴിഞ്ഞു പോയതാണല്ലോ വിചാരിച്ചു വിട്ടതാ, അത്‌ അവസാനിച്ചിട്ടില്ലാന്ന് എനിക്ക് മനസ്സിലായി, കല്യാണത്തിന് മുമ്പ് പറയണമായിരുന്നു, എന്തുപറയാൻ വന്നാലും കുഴപ്പമില്ല ശരിയാക്കാം അല്ലേൽ അത്‌ സാരമില്ല എന്ന് പറയുന്ന നിന്നോട് എങ്ങനെ പറയുമെന്ന് അറിയാതെ തന്നെ ദിവസങ്ങൾ പോയി, ഇപ്പോൾ അവസരം കിട്ടി.. ശില്പ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട്.. ഒരു കഥ പറഞ്ഞു തരട്ടെ.

സിദ്ധുവൊന്ന് ദീർഘശ്വാസമെടുത്തു. പെട്ടെന്ന് ഉറങ്ങാൻ പറ്റോ..

ആ ഉറങ്ങാം, ഞാൻ ബാലരമയിലെ കഥയാണല്ലോ പറയാൻ പോവുന്നത്.

അതല്ല ശിലുകുട്ടി, ഇന്ന് ഫസ്റ്റ് നൈറ്റ്‌ അല്ലേ..

ശില്പ സംശയത്തോടെ.. ആരുടെ..?

നമ്മുടെ..

അത്‌ ഇന്നലെ അല്ലായിരുന്നോ..

സിദ്ധു ശില്പയെ തലോടി.. നമ്മള് ഇന്നലെ ഉറങ്ങിയില്ലേ,ഇന്നും ഉറങ്ങാൻ പോവാണല്ലോ, സത്യത്തിൽ ഈ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കുന്നത് എപ്പോഴാ..

ശില്പ സിദ്ധുവിന്റെ ദേഹത്ത് നിന്ന് കയ്യെടുത്ത് നീങ്ങി കിടന്നു.. വിട്ടതിലും വലിയ പുലിവാലാണല്ലോ പിടിച്ചത്..

സിദ്ധു അവളുടെ നേരെ തിരിഞ്ഞു കിടന്നു. എന്തുപറ്റി ശിലു..

ഒന്നുമില്ല, നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ പറ്റിയ മൂഡിലാണോ..

യെസ്, മൂഡിനെന്താ കുഴപ്പം, ഞാൻ എന്റെയൊരു സങ്കടം പറഞ്ഞതല്ലേ.

ശില്പ ഇടയിലൊരു തലയണ വെച്ചു.. ആ സങ്കടം ഇനിയും വന്നാലോ.

സിദ്ധു ചിരിച്ചു… ഒലക്ക അവസാനം വരെയും ഒറ്റയ്ക്ക് കിടക്കേണ്ടി വരും തോന്നണു.

ശില്പ സിദ്ധുവിനെ നോക്കി.. നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.

കേൾക്കാം. സിദ്ധു ശില്പയുടെ വാക്കുകൾക്ക് കാതോർത്തു.

ശില്പ സാവധാനം പറഞ്ഞു തുടങ്ങി. ചേച്ചിയുടെ പ്രശ്നങ്ങളെല്ലാം തുടങ്ങി ഞാൻ പ്ലസ്ടുവിനു പഠിക്കുന്ന സമയം, ആ പറയാൻ മറന്നു അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ പേരാണ് മനോജ്‌, ആള് വീട്ടിലൊക്കെ എപ്പോഴും വരും, ആദ്യമൊക്കെ വരുമ്പോൾ കാര്യമാക്കിയില്ല, പിന്നെ തോന്നി ചേച്ചിയെ നോക്കുന്നുണ്ടെന്ന്, അത്‌ രണ്ടു മല്ലെന്ന് മനസ്സിലായത് അന്ന് വീട്ടിൽ ആരുമില്ലാത്ത ദിവസമായിരുന്നു, വായ പൊത്തി പിടിച്ചിട്ടൊരു പ്രണയാഭ്യർത്ഥന, ജീവിതത്തിൽ ഇത്രയും പേടിച്ചൊരു നിമിഷം വേറെയുണ്ടായിട്ടുണ്ടോന്ന് ഓർമ്മയിലില്ല..

സിദ്ധു ശില്പയെ തൊട്ടു, ശില്പ സിദ്ധുവിന്റെ കയ്യിൽ പിടിച്ചു.. ഏയ്‌ അത്‌ കഴിഞ്ഞു പോയില്ലേ, ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്, അതിന് ശേഷം മനുവേട്ടൻ വരുമ്പോഴൊക്കെ അമ്മയുടെ അടുത്ത് അടുക്കളയിൽ പോയി നിൽക്കും, അവഗണിക്കാണെന്ന് മനസ്സിലായത് കൊണ്ടാവും സ്കൂൾ വിട്ട് വരുമ്പോൾ തടയാൻ തുടങ്ങിയത്, കിട്ടിയ വഴിയിലൂടെയൊക്കെ ഓടും, കഷ്ടപ്പെട്ട് ഓടി ചാടി വീട്ടിലെത്തിയാൽ ഇവിടെ ഈ പിശാചും, ഒരു തവണ ഒരൊറ്റ തവണത്തെക്കേന്ന് ചോദിക്കുന്നത് ഒരു 17 വയസ്സുള്ള കൊച്ചിനോടാണെന്നു കൂടി ബോധമില്ലാത്ത മൃഗം, വാതില് പോലുമില്ലാത്ത മുറിയിൽ ഉറങ്ങാതെ ഇരിക്കും നേരം വെളുക്കുന്നത് വരെ, പിന്നെ എങ്ങനെയൊക്കെ പഠിത്തമൊക്കെ കഴിഞ്ഞു, അച്ഛന് ചിലവ് താങ്ങാനാവാതെ ബുദ്ധിമുട്ടായപ്പോൾ നിർത്തിയെന്ന് പറയുന്നതാവും ശരി, ആഗ്രഹമുണ്ടായിരുന്നു ഒരുപാട്, പക്ഷെ വലുതാ വണ്ടായിരുന്നെന്ന് തോന്നി പോയൊരു നിമിഷമുണ്ടായിരുന്നു ജീവിതത്തിൽ, എന്റെ ശരീരം വലുതായത് ഓർമ്മിപ്പിച്ച നിമിഷം, മനുവേട്ടന്റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു, ഓടിയിറങ്ങിയത് നേരെ ഈ കാലന്റെ മുന്നിലേക്കും, പിന്നെ പറയണ്ടല്ലോ ചീത്തപ്പേരായി, എന്നും രാത്രി അത്‌ പറഞ്ഞ് വഴക്കുണ്ടാക്കലായി, അച്ഛൻ ഒരുപാട് ശ്രമിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അവസാനത്തെ അടവായിരുന്നു കല്യാണം കഴിപ്പിച്ചു വിടുകയെന്നുള്ളത്, അതും ശരിയായില്ല, പെണ്ണിനെ കൊള്ളാം പക്ഷെ ഒന്നും കൊടുക്കാനില്ല പറയുമ്പോൾ കളഞ്ഞിട്ട് പോവും, അതും കടന്ന് ആരേലും വന്നാൽ മുടക്കാൻ വീട്ടിൽ തന്നെ ആളുണ്ടല്ലോ..

സിദ്ധു ഇടയിലെ തലയണ മാറ്റി ശില്പയെ കെട്ടിപിടിച്ചു, ശില്പ സിദ്ധുവിനെ ചേർത്തു.
എല്ലാം കടന്ന് എന്നെ തന്നെ മതിയെന്ന് നീ പറഞ്ഞപ്പോൾ നിനക്ക് ഭ്രാന്താണെന്നാ ഞാൻ വിചാരിച്ചത്, കാണാൻ കൊള്ളാവുന്ന നല്ല ജോലിയുള്ള സാമ്പത്തികമുള്ള വീട്ടിലെ കുട്ടി ഈ പാവം പെണ്ണിനെ എന്തിനാ മോഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, ആലോചിച്ചു ഉറക്കം പോവുന്ന രാത്രിയിലൊക്കെ ഞാൻ ആലോചിക്കും ഒരുപക്ഷേ എന്നെ അത്യാവശ്യം കാണാൻ ചന്തമുണ്ടല്ലോ അപ്പോൾ ആ വകുപ്പിൽ എന്തേലും പ്രതീക്ഷിച്ചിട്ടാവുമെന്ന്, എന്തായാലും എന്നെ രക്ഷിക്കാൻ വന്ന രാജകുമാരനാണെന്ന് വിചാരിച്ചാ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത്, അതു തെറ്റിയിട്ടില്ലെന്ന് തെളിയിച്ചു..

സിദ്ധു ശില്പയുടെ തലയിലൂടെ വിരലോടിച്ചു. എല്ലാ ആണുങ്ങളും ഒരുപോലല്ല, എനിക്ക് നിന്നെ മതിയെന്ന് പറയാൻ നീ അന്ന് തന്ന ചിരി തന്നെ ധാരാളം..

ഉം ഇത് എവിടെ വായിച്ചതാ..

സിദ്ധു ചിരിച്ചു.. വാട്സ്ആപ്പ് സ്റ്റാറ്റസ്.

ശില്പ സിദ്ധുവിനെ നോക്കി.. എന്നാൽ സ്വന്തമായിട്ട് ഒന്ന് പറഞ്ഞേ..

സിദ്ധു ആലോചിക്കാൻ തുടങ്ങി.. ഞാനെന്ന മനസ്സിൽ നീയെന്ന വെളിച്ചം.

ഇത് ഞാൻ എവിടെയോ..

അഡ്ജസ്റ്റ് ചെയ്യ് അഡ്ജസ്റ്റ് ചെയ്യ്..

ഓക്കേ, ഇനി ബുദ്ധിമുട്ടിക്കുന്നില്ല, ഉണ്ണി ഉറങ്ങിക്കോ..

സിദ്ധു ശില്പയെ നോക്കിയിട്ട്.. എനിക്ക് വെള്ളം കുടിക്കാൻ ദാഹിക്കുന്നു.

പോയി എടുത്ത് കുടിച്ചോ, അടുക്കളയിലേക്ക് വഴി അറിയില്ലേ.

അതല്ല നീ കൊണ്ടുവന്ന് തരാ പറഞ്ഞില്ലേ.

അത്‌ അപ്പോഴല്ലേ, എനിക്കിപ്പോൾ സൗകര്യമില്ല..

സിദ്ധു എഴുന്നേറ്റു.. ദാഹിച്ചു മരിക്കാതിരിക്കാൻ വേണ്ടി മാത്രം ബുദ്ധിമുട്ടുന്നതാ, എന്റെയൊരു അവസ്ഥയെ..

ശില്പ ചിരിച്ചു.. വരുമ്പോൾ എനിക്കും കൂടി ഒരു ഗ്ലാസ്സ്.

ഞാൻ എഴുന്നേൽക്കാൻ വേണ്ടി കാത്തിരിക്കായിരുന്നല്ലേ..

സിദ്ധുവേട്ടാ, എന്റെ മുത്തല്ലേ പോയി എടുത്തിട്ട് വാടാ..

ഉം ഉം എനിക്കും വരും അവസരം..

സിദ്ധു അടുക്കളയിൽ പോയി തിരിച്ചു വന്നു, വെള്ളം കുടിച്ചിട്ട് രണ്ടുപേരും കിടന്നു, രാവിലെ എഴുന്നേറ്റ് ശില്പ സിദ്ധുവിനെ നോക്കുമ്പോൾ സിദ്ധു കാര്യമായിട്ട് എന്തോ ആലോചിച്ചു മുറ്റത്ത് നിൽക്കായിരുന്നു, ശില്പ ചായ സിദ്ധുവിന് നേരെ നീട്ടി, സിദ്ധുവത് വാങ്ങിയിട്ട്.. അതല്ലേ നിന്റെ കാമുകൻ..

ശില്പയൊന്ന് സിദ്ധുവിനെ നോക്കി.. ഇനി ഒരു തവണ അങ്ങനെ പറഞ്ഞാൽ നിന്റെ പല്ല് ഞാൻ അടിച്ചു താഴെയിടും..

സിദ്ധു സ്വയം കവിളിലൊന്ന് തൊട്ടു. സോറി.

ശില്പ ചിരിച്ചു.. സാരമില്ല പോട്ടെ

ശില്പ മനുവിനെ നോക്കി.. അത്‌ തന്നെയാ നീ പറഞ്ഞ വില്ലൻ..

സിദ്ധു വേഗത്തിൽ ചായകുടിച്ചു, ശില്പയുടെ കയ്യിൽ പിടിച്ചിട്ട്..വാ നമ്മുക്ക് അവിടെ വരെ പോയിട്ട് വരാം..

ശില്പ ഞെട്ടലോടെ.. സിദ്ധു വട്ട് കാണിക്കല്ലേ, നീ റെഡിയാവാൻ നോക്ക് നമ്മുക്ക് വീട്ടിൽ പോവാനുള്ളതാ, അതുമല്ല എനിക്കാ മുഖം കാണണ്ട.

സിദ്ധു അവളുടെ തോളിൽ കയ്യിട്ടു.. പക്ഷെ സിദ്ധുവേട്ടന് കാണണമല്ലോ..

സിദ്ധു ശില്പയെ വിട്ട് ഓടിപോയി വേലി ചാടി അപ്പുറത്തെത്തി, മനുവിന്റെ മുന്നിലെത്തി നിന്നു.. ബ്രോ ടൈം എന്തായി..

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *