സിദ്ധുവിനെ പെട്ടെന്ന് കണ്ടപ്പോൾ മനു ഞെട്ടിപ്പോയി, അവൻ പുറകിലേക്ക് മാറിക്കൊണ്ട് സിദ്ധുവിനെ നോക്കി..
നിനക്ക് ഭ്രാന്തുണ്ടോ..
സിദ്ധു ചിരിച്ചു.. ചെറുതായിട്ട്… എനിക്ക് മാത്രമല്ല നിനക്കുമുണ്ടല്ലോ..
മനു മനസ്സിലായില്ലെന്ന ഭാവത്തിൽ നിന്നു,സിദ്ധു അരികിലേക്ക് നീങ്ങി. അമ്മയുണ്ടോ അകത്ത്..
ഉണ്ടെങ്കിൽ..
ഉണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല, പറയാനുള്ളത് ഇത്രയേയുള്ളൂ, ഈ വേലിയരുകിൽ നിൽക്കുന്ന മാങ്ങ ഞാൻ പൊട്ടിച്ചോട്ടെ..
മനു അന്തംവിട്ട് സിദ്ധുവിനെ നോക്കി.. അതിന് അവിടെ എവിടെയാ മാവ്.
സിദ്ധു വീണ്ടും ചിരിച്ചു.. ഞാൻ പറഞ്ഞത് വേലിയരുകിൽ നിൽക്കുന്ന നിന്നെയാടാ പൊട്ടാ.
ദേ വീട്ടിൽ കയറി ഒരുമാതിരി വർത്തമാനം പറഞ്ഞാലുണ്ടല്ലോ.. മനു ദേഷ്യത്തോടെ പറഞ്ഞു നിർത്തി.
നീയൊരു ചുക്കും ചെയ്യില്ല, എന്നാലും ഒന്നുകൂടി ചോദിക്കാണ് അന്യന്റെ ഭാര്യയെ വായ്‌നോക്കുന്നത് തെറ്റല്ലേ ചേട്ടാ..
അതിന് ഞാൻ ആരുടെ ഭാര്യയെയും നോക്കിയിട്ടില്ലല്ലോ..
സിദ്ധു മനുവിന്റെ തോളിൽ തട്ടി.. നല്ലകുട്ടി, അവള് എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്, നോക്കിയും കണ്ടുമൊക്കെ നടന്നാൽ ജീവിച്ചു പോവാം,അടുത്ത പ്രാവശ്യം ഞാനിത് പറഞ്ഞു തരില്ല.. സിദ്ധു തിരിഞ്ഞു നടന്നു, ഒന്ന് നിന്നിട്ട്.. അല്ല ബ്രോ ഇവിടുന്ന് പുറത്തേക്കുള്ള വഴിയേതാണ്,ഒരു ആവേശത്തിന് വേലിചാടി.
മനു മുന്നിലേക്ക് കൈചൂണ്ടി, സിദ്ധു നടക്കുന്നതിനിടയിൽ മനുവിനെയൊന്ന് നോക്കിയിട്ട്.. നിന്നെ ഏതേലും ദൈവം അനുഗ്രഹിക്കട്ടെ..ഈ നന്ദി മറന്നാലും ഞാൻ വഴി മറക്കില്ല.. താങ്ക്സ്.
സിദ്ധു വരുന്നത് കണ്ടപ്പോൾ ശില്പ അരികിലേക്ക് ഓടി വന്നു.. നീയെന്തിനാടാ കുരങ്ങനെ പോലെ വേലി ചാടി പോയേ..
അത് ഒരു രസം..
ശില്പ തലയിലൊരു കൊട്ട് കൊടുത്തു.. കുട്ടികളെ പോലെ തമാശ കളിക്കുന്നോ .
സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. ഞാൻ മാസ്സ് ഡയലോഗ് പറയാൻ പോയതല്ലേ.
എന്നിട്ട് പറഞ്ഞോ..
സിദ്ധു ശില്പയുടെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. പിന്നല്ലാതെ.
ശില്പ ചിരിച്ചു.. അധികം ആവേശം വേണ്ട, തുടങ്ങിയട്ടല്ലേയുള്ളൂ, അവസാനം വരെ നോക്കാം..
സിദ്ധു ചിരിച്ചു.. നീ മുംബൈ എന്ന് കേട്ടിട്ടുണ്ടോ..
ആ കേട്ടിട്ടുണ്ട്, അടുത്തത് ധാരാവിയെന്നാണേൽ അതും കേട്ടിട്ടുണ്ട്..
അയ്യോ അതൊന്നുമല്ല, നമ്മുക്ക് മുംബൈ കാണാൻ പോയാലോന്ന് ചോദിക്കാൻ വന്നതാ..
ശില്പ സിദ്ധുവിനെ നോക്കി.. ആ ബെസ്റ്റ് ഹണിമൂൺ പോവാൻ പറ്റിയ സ്ഥലം..
അതെന്താ മുംബൈ ചൊവ്വാഗ്രഹത്തിലാണോ..
അയ്യടാ തമാശ, അതൊന്നുമല്ല കുറച്ച് കൂടി റൊമാന്റിക്കായിട്ടുള്ള സ്ഥലത്തേക്ക് പോവണം..
ഉം പറയണ്ടായിരുന്നു..
വേണ്ടേൽ വേണ്ട, അല്ലേലും ഞാൻ ഹണിമൂണൊന്നും പ്രതീക്ഷിക്കുന്നില്ല..
സിദ്ധു ശില്പയുടെ നേരെ നിന്നു.. നിൽക്ക് ഞാൻ വീട്ടിൽ പോയാൽ ഒരു സർപ്രൈസ് തരും..
അത് നീ തരേണ്ട ആവശ്യമില്ല, അമ്മ അവിടെ റെഡിയാക്കി വെച്ചിട്ടുണ്ട്..
സിദ്ധു ചിരിച്ചു.. നീ പേടിക്കണ്ട, എല്ലാം തലതിരിഞ്ഞാ നമ്മുക്ക് നടക്കുന്നത്, കല്യാണം കഴിഞ്ഞ് പിറ്റേദിവസത്തെ ചടങ്ങുകളാണോ ഇതൊക്കെ, ഒന്നും വിചാരിച്ച പോലെ നടന്നില്ല..
ശില്പ സിദ്ധുവിനെ സമാധാനിപ്പിച്ചു.. വിട് സാരമില്ല എല്ലാം ശരിയാവും, അല്ല ഞാനിന്നലെ ചോദിക്കണം വിചാരിച്ചതാ ആരുടെയാ ഈ മൂന്നാമത്തെ നമ്പർ..
സിദ്ധു അവളെയൊന്ന് നോക്കി.. ഇന്നലെ വിളിക്കാൻ പറഞ്ഞ നമ്പറാണോ.
ശില്പ അതേയെന്ന് തലയാട്ടി, സിദ്ധു ചിരിച്ചു. ആ ആർക്കറിയാം..
ശില്പ ഞെട്ടി.. അപ്പോൾ പിന്നെയെന്ത് തേങ്ങക്കാ കാര്യായിട്ട് വിളിച്ചോളാൻ പറഞ്ഞത്..
അതുപിന്നെ നിന്നെ ആ സമയത്ത് സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ..
ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു..ഇജ്ജാതി മനുഷ്യനേം വെച്ചിട്ട് എങ്ങനെ ജീവിക്കാനാ..
സിദ്ധു പുറകെ നടന്നു.. എന്റെ ശിലൂ, നിനക്ക് സന്തോഷാവാൻ വേണ്ടിയല്ലേ സിദ്ധുവേട്ടൻ ഇങ്ങനെ ഓരോന്ന് ചെയ്യുന്നേ..
ശില്പ നിന്നു.. ആണോ… എന്നാൽ കേട്ടോ മിസ്റ്റർ കെട്ടിയോൻ എനിക്ക് തീരെ സന്തോഷമില്ല, എന്നെ ഇങ്ങനെയല്ല സന്തോഷിപ്പിക്കേണ്ടത്..
സിദ്ധുവിന്റെ മുഖം മങ്ങി, ശില്പ നടന്നു പോവുന്നതും നോക്കി നിന്നു, വേഗത്തിൽ കുളിച്ചിട്ട് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി, മുന്നിലേക്കൊരു ഓട്ടോ വന്ന് നിന്നു, സുരയും രണ്ട് കൂട്ടുകാരും ചാടി ഇറങ്ങി, സിദ്ധുവിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറി, ഒരു പാത്രത്തിൽ വെള്ളമെടുത്തുകൊണ്ട് വന്ന് പുറത്ത് വെച്ചു, കുപ്പി എടുക്കുന്നത് കണ്ടപ്പോൾ സിദ്ധുവിനെയൊന്ന് നോക്കി, സുര അകത്തേക്ക് നോക്കിയിട്ട്.. എടി വല്ലോം ഉണ്ടേൽ എടുത്തോ..
സിദ്ധു അരികിൽ ചാരിയിരുന്ന വടി എടുത്തു. ഇതുമതിയോ..
സുര എഴുന്നേറ്റ് സിദ്ധുവിന്റെ അരികിലേക്ക് വന്നു.. നീ പോവാറായില്ലേ, മിണ്ടാതെ പോവാൻ നോക്ക്.
സിദ്ധു വടി താഴെയിട്ടു.. നിങ്ങളെ നന്നാക്കാൻ ഞാൻ ആരാലെ.. സിദ്ധുവൊന്ന് ചിരിച്ചിട്ട് കുപ്പി കയ്യിലെടുത്തു.. വിദേശമാണോ.
എടാ കുപ്പി പൊട്ടിച്ചാലുണ്ടല്ലോ..
ഹാ പേടിക്കാതെ അളിയാ, ഞാനൊന്ന് നോക്കട്ടെ, കുടുംബത്തേക്ക് പത്തു പൈസ കൊടുക്കാതെ താനൊക്കെ വാങ്ങി കുടിക്കുന്നത് എന്ത് അമൃതാണെന്ന് ഞാനും കൂടി അറിയട്ടെ.. സിദ്ധു കുപ്പിയുടെ എല്ലാപുറവും നോക്കി. ഇത് എനിക്ക് ഇഷ്ടായില്ല.
സുര എന്തേലും പറയുന്നതിന് കുപ്പി താഴെ വീണ് പൊട്ടി, സിദ്ധു കൈ തുടച്ചിട്ട്.
ഇതിന്റെ പേരിൽ ഇവിടെ ആരുടേലും കണ്ണീരു വീണാൽ അളിയനെ ഞാൻ കുടിപ്പിക്കും, നല്ല മോരുവെള്ളം കുടിപ്പിക്കും ഓർമ്മയിൽ വെച്ചോ..
സുരയുടെ കൂട്ടുകാർ ഇറങ്ങിപ്പോയി, സുര ഒന്നും മിണ്ടാതെ അവരുടെ കൂടെ നടന്നു, ചേച്ചിയുടെ കുട്ടികൾ ശില്പയുടെ കയ്യിൽ തൂങ്ങി വരുന്നത് കണ്ട് സിദ്ധു ചിരിച്ചു.. എന്താ രണ്ടാളും ഊഞ്ഞാലാടാണോ മേമയുടെ കയ്യിൽ..
ചെറിയച്ഛാ ഞങ്ങടെ മേമയെ കൊണ്ടുപോവണ്ട..
സിദ്ധു ശില്പയെ നോക്കി.. അതിന് ഇവളെ ആര് കൊണ്ടുപോവുന്നു വലിഞ്ഞു കയറി വരുന്നതല്ലേ..
ശില്പ സിദ്ധുവിന്റെ അരികിലെത്തിയപ്പോൾ. ഇന്നും ഒറ്റയ്ക്ക് കിടന്നോട്ടോ..
പോടീ ഇത്രേം കാലം ഒറ്റയ്ക്ക് തന്നെയായിരുന്നു..
ശില്പ കലിപ്പിൽ.. ഇത് കേട്ട് ഞാൻ മടുത്തു, പിന്നെ എന്റെ കൂടെയൊക്കെ നൂറുപേരായിരുന്നല്ലോ..
സിദ്ധു ശില്പയുടെ കയ്യിൽ പിടിച്ചു.. ഇനിയൊന്നും പറയണ്ട ദേഷ്യത്തിലാണെന്ന് മനസ്സിലായി, കാർ വന്ന് നിൽക്കുന്നുണ്ട്, അമ്മ ഇത്രേം നേരായിട്ടും വിളിച്ചിട്ടില്ല അവിടെ ചെന്നാൽ എന്താ പറയാൻ സാധ്യതയെന്ന് പോലും അറിയില്ല, നീ വേഗം വാ..
ശില്പ ഇറങ്ങുമ്പോൾ എല്ലാവരും സങ്കടത്തോടെ നോക്കി, സിദ്ധു അവരോട്.
ഞങ്ങള് പോയിട്ട് പെട്ടെന്ന് വരാം..
സിദ്ധു ശില്പയെയും കൂട്ടി കാറിൽ കയറി, വേഗത്തിലുള്ള യാത്രയിൽ വീട്ടിലെത്തി, സിദ്ധു ഇറങ്ങുന്നതിനു മുമ്പ് ശില്പയുടെ കയ്യിൽ പിടിച്ചു.. ഇതുവരെയുള്ള തമാശ വിട്, അമ്മ ചില സമയത്ത് പ്രത്യേക സ്വഭാവമാണ്, എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ..
അഡ്ജസ്റ്റ് ചെയ്യണമെന്നല്ലേ.. ശില്പ ഇടയിൽ കയറി.
സിദ്ധു ചിരിച്ചു.. ഒരിക്കലുമില്ല, എന്നോട് വന്ന് പറയണം ഞാൻ പറഞ്ഞോളാം, എന്റെ കുട്ടിയെ പറയരുതെന്ന്..
ആയിക്കോട്ടെ.. ശില്പ പുറത്തേക്കിറങ്ങി, സിദ്ധു കൂടെ ഇറങ്ങി അകത്തേക്ക് നടന്നു, അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു, ശില്പയെ കണ്ടപ്പോൾ.. എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ മോളെ..
ശില്പ ചിരിച്ചു.. സുഖം, കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.
ഹാളിലേക്ക് കയറിയപ്പോഴാണ് അമ്മയെ കണ്ടത്, ശില്പയൊന്ന് നിന്നു, അമ്മ പുറകിൽ വരുന്ന സിദ്ധുവിനെ നോക്കികൊണ്ട്.. എവിടെയായിരുന്നെടാ ഇത്രേം നേരം, രാവിലേ വരുന്നെന്നു പറഞ്ഞിട്ട്..
സിദ്ധു അമ്മയുടെ അരികിൽ വന്നു.. ഇതുപിന്നെ നട്ടുച്ചയാണോ അമ്മയ്ക്ക്.
അമ്മയൊന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി, ശില്പ മുറിയിൽ കയറി ഡ്രെസ്സൊക്കെ മാറ്റി, സിദ്ധു അവളെ പിടിച്ച് ദേഹത്തേക്കിട്ടു, ശില്പ അവനെ ചേർത്തു.. ഞാൻ പിന്നെ വരാം, അമ്മ നല്ല ദേഷ്യത്തിലാണ് തോന്നുന്നു, ഞാൻ പോയി ഏടത്തിയമ്മമാർ വരുന്നതിനു മുമ്പ് ചീത്തയൊക്കെ കേട്ട് വെക്കട്ടെ, ഇല്ലേൽ അവരുടെ മുന്നിൽ നാണക്കേടാ..
സിദ്ധു അവളെ മോചിപ്പിച്ചു.. നിനക്ക് ക്ഷീണമുണ്ടേൽ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതി..
ശില്പ ചിരിച്ചു.. ഹായ് കേൾക്കാനെന്ത് രസം..
അതെങ്കിലും ഞാൻ പറയണ്ടേ..
നീ ഒന്നും പറയണ്ട, ഞാൻ പോയി ശരിയാക്കിക്കോളാം..
ശില്പ അടുക്കളയിലേക്ക് നടന്നു, അമ്മ ദേഷ്യത്തിൽ തന്നെ നിൽക്കുക യായിരുന്നു, ശില്പ ഓരോ പണികളായി സഹായിക്കാൻ തുടങ്ങി,അമ്മ ഒന്ന് അയഞ്ഞു, അവളെ നോക്കിയിട്ട്.. മോള് നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം, അവരൊക്കെ ജോലിക്കാരല്ലേ, നേരത്തെ പോവാനുള്ളതാ..
ശില്പ ശരിയെന്ന് തലയാട്ടി, അമ്മ അവളെ കാര്യമായിട്ട് അരികിലേക്ക് വിളിച്ചിട്ട് സ്വകാര്യമെന്നോണം.. അമ്മ പറയുന്നത് ശരിയല്ലെന്ന് അറിയാം എന്നാലും മോള് അനുസരിച്ചാൽ മതി, അവനിപ്പോൾ ചെറുപ്പമാണല്ലോ അതുപോലെ മോളും ചെറുപ്പമാണ്, പോരാത്തതിന് ഇവിടെ ഇപ്പോൾ തന്നെ ചെറുതും വലുതുമായി ഇഷ്ടംപോലെ കുട്ടികളുണ്ട്, അതുകൊണ്ട് മോള് അവനോട് എടുത്ത് പറയണം തൽകാലം ഇപ്പോൾ കുട്ടികളൊന്നും വേണ്ടാന്ന്..
ശില്പയുടെ കയ്യിൽ നിന്ന് പാത്രം താഴെ വീണു, അമ്മ അവളെ നോക്കികൊണ്ട്..
മോളിത് അമ്മ പറഞ്ഞെന്ന് അവനോടൊന്നും പോയി പറഞ്ഞേക്കല്ലേ..
ശില്പ ഇല്ലെന്ന് തലയാട്ടി, കുറച്ചു നേരം കഴിഞ്ഞ് ശില്പ അമ്മയെ നോക്കിയിട്ട്..
ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റ് പണിയൊക്കെ ഒരുക്കിയിട്ട് ജോലിക്ക് പൊയ്ക്കോട്ടേ..
അമ്മക്ക് ദേഷ്യം വന്നെങ്കിലും ഒന്ന് ക്ഷമിച്ചിട്ട്.. എന്തിനാ മോളെ ഇപ്പോൾ ജോലിയൊക്കെ, അവന് നല്ല ശമ്പളമുള്ള ജോലിയുണ്ടല്ലോ, പോരാത്തതിന് അവന് ബാധ്യതയൊന്നുമില്ല, സമ്പാദിക്കുന്നത് നിനക്ക് വേണ്ടിയല്ലേ, അതിന്റെ കൂടെ ചെറിയ ശമ്പളം കിട്ടുന്ന ആ ജോലിയെന്തിനാ..
ശില്പയൊന്നും മിണ്ടിയില്ല, വൈകുന്നേരം എല്ലാവരും വന്ന് കഴിച്ചു കഴിഞ്ഞ് കിടക്കുന്നത് വരെ ശില്പക്ക് ജോലിതിരക്കുണ്ടായിരുന്നു, വൈകി മുറിയിൽ ചെന്നപ്പോൾ ശില്പയൊന്ന് സിദ്ധുവിനെ നോക്കി ചിരിച്ചു.. ഏയ് ഉറങ്ങിയില്ലേ..
സിദ്ധു ലാപ്ടോപ് മടക്കി.. ആ വന്നോ, ഇനിയും വന്നില്ലേൽ ഞാൻ വാതിലടച്ചേനെ..
നീ ദുഷ്ടനാണേ അങ്ങനെയൊക്കെ ചെയ്യും..
സിദ്ധു അവളെ കെട്ടിപിടിച്ചു, ശില്പ സങ്കടത്തോടെ.. എനിക്ക് വേദനിക്കുന്നുണ്ട് വിട്..
സിദ്ധു കൈവിട്ടു.. എന്തുപറ്റി.
ഏയ് ഒന്നുമില്ല, മുതുവേദന.
സിദ്ധു അവളെയൊന്ന് നോക്കി, നല്ലോണം ക്ഷീണിച്ചിട്ടുണ്ടെന്ന് മനസ്സിലായപ്പോൾ.. നിനക്ക് വയ്യെങ്കിൽ കിടന്നോ..
ശില്പ ചിരിച്ചു. അയ്യോ അപ്പോൾ ഫസ്റ്റ് നൈറ്റ്..
ആ അങ്ങനെയൊരു നൈറ്റ് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്..
സാരമില്ല എന്റെ കുട്ടിക്ക് തൽക്കാലം കേൾക്കാനേ യോഗമുള്ളൂ.. ശില്പ ബെഡിലിരുന്നു. ഞാനൊരു കാര്യം ചോദിക്കട്ടെ..
ചോദിക്ക്.. സിദ്ധു ശില്പയുടെ വാക്കുകൾക്ക് കാതോർത്തു.
ഞാൻ തിങ്കളാഴ്ച്ച മുതൽ ജോലിക്ക് പൊയ്ക്കോട്ടേ..
സിദ്ധു ചിരിച്ചു.. അതെന്തിനാ ചോദിക്കുന്നേ, നീ പൊയ്ക്കോ..
അതല്ല അമ്മ പോവണ്ടാ പറഞ്ഞു, അതുകൊണ്ടാ നിന്നോട് ചോദിക്കുന്നേ, ഞാൻ നേരത്തെ എഴുന്നേറ്റ് എല്ലാ പണിയും ചെയ്തോളാം,10 മണിക്ക് മുമ്പേ സ്കൂളിൽ പോയാൽ മതി, അത് ഞാൻ എങ്ങനേലും പൊയ്ക്കോളാം, നീ ആ സമ്മതം മാത്രം വാങ്ങി തരോ പ്ലീസ്..
സിദ്ധു പെട്ടെന്ന് എഴുന്നേറ്റ് മുറിയിൽ നിന്നിറങ്ങി അമ്മയുടെ മുറിയുടെ വാതിലിൽ കൊട്ടി, ശില്പ സിദ്ധുവിന്റെ കൈപിടിച്ച് വലിച്ചു.. നീയെന്താ കാണിക്കുന്നേ നമ്മുക്ക് രാവിലെ സംസാരിക്കാം, തമാശ കാണിക്കാതെ വാ..
അമ്മ വാതില് തുറന്നു, സിദ്ധു അമ്മയെ നോക്കികൊണ്ട്.. പുതിയതായി കൊണ്ടു വന്ന റോബോട്ടിനെ തിങ്കളാഴ്ച്ച മുതൽ ഞാൻ അവള് ചെയ്തോണ്ടിരുന്ന പഴയ ജോലിക്ക് വിടാൻ തീരുമാനിച്ചു, അമ്മയുടെ അഭിപ്രായമെന്താ..
അമ്മ സിദ്ധുവിനെ ശ്രദ്ധിക്കാതെ ശില്പയെ നോക്കി.. ഇവിടെ നിന്ന് പോയ ഉടനെ രണ്ടാളും കൂടി ഇതായിരുന്നോ ചർച്ച..
സിദ്ധു ശില്പയുടെ മുന്നിലേക്ക് നിന്നു.. അമ്മയോട് ഞാനാ സംസാരിക്കുന്നേ, അവള് വന്നയുടനെ അമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് വന്നില്ലേ, ഏടത്തിയമ്മമാര് പോവുന്ന പോലെ പണിയൊക്കെ ഒരുക്കിയിട്ട് ജോലിക്ക് പൊയ്ക്കോട്ടെന്നല്ലേ ചോദിക്കുന്നത്, അതിന് പറ്റില്ലെങ്കിൽ ആരും ജോലിക്ക് പോവണ്ട..
അമ്മ ദേഷ്യത്തോടെ സിദ്ധുവിനോട്.. നിനക്ക് വാശി കാണിക്കാനുള്ള സമയമല്ലിത്..
ഒരാള് കഷ്ടപ്പാടിന്റെ ഇടയിലും പഠിച്ച് ജോലി വാങ്ങുന്നത് അടുക്കളയിൽ തന്നെ തമ്പടിച്ച് ഇരിക്കാനല്ല, അവള് പഠിച്ച അറിവ് നാലുപേർക്ക് പകർന്നു നൽകുന്നൊരു അദ്ധ്യാപികയല്ലേ, അവള് ജോലി ചെയ്തോട്ടെ..
ശില്പ മുറിയിലേക്ക് നടന്നു, സിദ്ധുവൊന്ന് അമ്മയെ നോക്കി ചിരിച്ചു.. ഞാൻ താലികെട്ടിയ എന്റെ പെണ്ണാണേൽ എങ്ങനെ നോക്കണമെന്ന് എനിക്ക് നന്നായറിയാം.. ഒന്നുകൂടി അരികിലേക്ക് ചേർന്നിട്ട്.. അമ്മക്കൊരു കാര്യമറിയോ എത്ര സ്വകാര്യമായി പറഞ്ഞാലും ചില കാര്യങ്ങൾ പുറത്ത് കേൾക്കും, എന്താണ് ആ സ്വകാര്യമെന്ന് പറഞ്ഞു തരേണ്ടല്ലോ..
അമ്മ വാതിലടച്ചു, സിദ്ധു തിരിച്ചു മുറിയിലേക്ക് വന്നു, ശില്പ സിദ്ധുവിന്റെ കയ്യിൽപിടിച്ച് ബെഡിലിരുത്തി.. എങ്ങനേലും ജീവിക്കാന്ന് വെച്ചാൽ സമ്മതിക്കില്ലല്ലേ..
സിദ്ധു ചിരിച്ചു.. ആ ബെസ്റ്റ്, അപ്പോൾ ഇത്രേം നേരം ഞാൻ ആർക്ക് വേണ്ടിയാ സംസാരിച്ചേ..
ശില്പ കിടക്കയിൽ മലർന്ന് കിടന്നു.. രാവിലെ സമാധാനത്തോടെ സംസാരിക്കേണ്ട കാര്യമാണ് കുളമാക്കി കയ്യിൽ തന്നത്…
ഫസ്റ്റ് നൈറ്റിനു സമയമായോ..
ശില്പ ഇടയിലൊരു തലയണ വെച്ചു.. ഇതിനൊരു തീരുമാനമാവുന്ന വരെ നീയത് സ്വപ്നത്തിൽ പോലും കാണണ്ട..
സിദ്ധു ശില്പയെ ചെരിഞ്ഞു നോക്കി.. അറ്റ്ലീസ്റ്റ് ഒരു ഉമ്മയെങ്കിലും..
ശില്പ ലൈറ്റ് ഓഫാക്കി.. മിണ്ടാതെ കിടന്നോണം.
സിദ്ധു ശില്പയുടെ അരികിലേക്ക് നീങ്ങിക്കൊണ്ട്.. അത് ശരിയാക്കിയാൽ ഈ തടസ്സം മാറുമെന്ന് ഉറപ്പാണോ..
ഉറപ്പ്..
സിദ്ധു സന്തോഷത്തിൽ തലയണ മാറ്റി.. രാവിലെ തന്നെ ശരിയാക്കും.
ശില്പ സിദ്ധുവിനെ തള്ളിമാറ്റി.. ആ അടവ് മനസ്സിൽ വെച്ചാൽ മതി, ശരിയാക്കിയിട്ട് നമ്മുക്ക് കാണാം..
തുടരും……..