നീയും ഞാനും ~ ഭാഗം 07, എഴുത്ത്: അഭിജിത്ത്

സിദ്ധു രാവിലെ കണ്ണുതുറന്നപ്പോൾ ശില്പ അരികിലില്ലായിരുന്നു, അവൻ ടേബിളിൽ തപ്പി ഫോൺ കയ്യിലെടുത്തു, സമയം ഏഴ് മണി, ബാത്‌റൂമിൽ പോയി ഫ്രഷായി വന്നപ്പോഴും ശില്പ മുറിയിലില്ല, സിദ്ധു പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി, അവള് കാര്യമായിട്ടെന്തോ പണിയിലാണ്, സിദ്ധു സാവധാനം അരികിൽ ചെന്ന് പുറകിലൂടെ കവിളിൽ തൊട്ടു, ശില്പയൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി, സിദ്ധുവിനെ കണ്ടപ്പോൾ..

ഉം എഴുന്നേറ്റോ, വിശക്കുന്നുണ്ടേൽ ഇരിക്ക് ഞാൻ കഴിക്കാനെടുക്കാം..

സിദ്ധു സ്വയം പ്ലേറ്റെടുത്ത് വിളമ്പാൻ തുടങ്ങി, ശില്പ അത്ഭുതത്തോടെ..ഇതെന്തുപറ്റി.

സിദ്ധു അവളെ ശ്രദ്ധിക്കാതെ.. എനിക്കാരുടെയും സഹായം വേണ്ട.

ശില്പ സിദ്ധുവിന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി. അങ്ങനെ യാണേൽ സ്വയം ഉണ്ടാക്കിയങ്ങ് കഴിച്ചാൽ മതി.

സിദ്ധു ചിരിച്ചു. സ്വന്തം ഭർത്താവിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നൊരു ഭാര്യയെ ആർക്കേലും കിട്ടോ.

ശില്പ പ്ലേറ്റ് തിരിച്ചു നൽകി.. നാവിന് ഒരു കുറവുമില്ല, എന്നാൽ വല്ല പണിയും ചെയ്യുന്നുണ്ടോ അതുമില്ല..

സിദ്ധു പ്ലേറ്റെടുത്ത് ടേബിളിൽ വന്നിരുന്നു, ശില്പ പുറകെ വന്ന് ഒരു ഗ്ലാസ്സ് വെള്ളം നിറച്ച് അരികിൽ വെച്ചു, സിദ്ധു അത്‌ കണ്ടപ്പോൾ.. ഞാൻ വെള്ളം ചോദിച്ചില്ലല്ലോ..

ശില്പ ചിരിച്ചു.. അയ്യടാ ഒരു ദേഷ്യക്കാരൻ, വേണേൽ എടുത്ത് കുടിക്ക്..

സിദ്ധു അവളെ ശ്രദ്ധിക്കാതെ കഴിക്കാൻ തുടങ്ങി, ശില്പ സിദ്ധുവിനെ നോക്കിയിട്ട്..ഇന്ന് വല്ലോം നടക്കോ..

എന്ത്.. സിദ്ധു തലയുയർത്താതെ തന്നെ ചോദിച്ചു.

നമ്മള് ഇന്നലെ സംസാരിച്ച കാര്യം..

സിദ്ധു വേഗത്തിൽ കഴിച്ച് പ്ലേറ്റ് എടുത്ത് കഴുകി വെച്ചിട്ട് മുറിയിലേക്ക് നടന്നു, ശില്പ പെട്ടെന്ന് മുന്നിലേക്ക് കയറി തടഞ്ഞു.. അയ്യോ മുങ്ങല്ലേ, ഇന്നലെ അത്രയും ഡയലോഗ് അടിച്ചതല്ലേ, സംഭവം സെറ്റാക്കിയിട്ട് പോ..

സിദ്ധു അവളുടെ കവിളിൽ തൊട്ടിട്ട് ചിരിച്ചു. അമ്മ വരട്ടെ ഞാൻ സംസാരിക്കാം.

അതുമതി, ഞാൻ വിചാരിച്ചു നീ ദേഷ്യത്തിൽ വേണ്ടാന്ന് വെച്ചിട്ടുണ്ടാവുമെന്ന്..

പോടി അവിടുന്ന് എനിക്കൊക്കെ ഒരു വാക്കേയുള്ളൂ.

ഓ അത്രയ്ക്ക് വലിയ ആളാണോ, അപ്പോൾ അതൊന്ന് കാണണമല്ലോ..

സംസാരത്തിനിടയിലാണ് അമ്മ ഹാളിലേക്ക് വന്നത്, ഇരുവരെയും കണ്ടപ്പോൾ അമ്മയൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി, ശില്പ സിദ്ധുവിനോട്.. അമ്മ രാവിലെ തൊട്ട് എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല, നീ ജോലിക്ക് പോവുന്നതിനെ കുറിച്ച് സംസാരിച്ചില്ലേലും എന്നോട് മിണ്ടാതിരിക്കരുതെന്നെങ്കിലും പറഞ്ഞാൽ മതി..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. നീ കഴിച്ചോ അപ്പോഴേക്കും ഞാൻ അമ്മയുടെ പിണക്കം മാറ്റിയിട്ട് വരാം..

ശില്പ തലയാട്ടി, സിദ്ധു നടന്ന് അമ്മയുടെ മുറിയുടെ മുന്നിലെത്തി, പതിയെ വാതിൽ തുറന്ന് അമ്മയെ എത്തിനോക്കി..അമ്മുക്കുട്ടി ദേഷ്യത്തിലാണോ..

അമ്മ സിദ്ധുവിനെയൊന്ന് തലയുയർത്തി നോക്കിയിട്ട്.. നീ കൊഞ്ചാനൊന്നും വരണ്ട, എനിക്ക് നിറയെ ജോലിയുണ്ട്..

കണ്ടോ അമ്മയ്ക്ക് വരെ നിറയെ ജോലിയുണ്ട് അവൾക്ക് മാത്രം ജോലിയില്ല, അതല്ലേ ഞാനും പറഞ്ഞുള്ളൂ. സിദ്ധു മുറിയിലേക്ക് കയറി.

അമ്മ ഒന്നും മിണ്ടിയില്ല, സിദ്ധു അരികിലായിരുന്നു.. കല്യാണം കഴിയുന്നതിനു മുമ്പ് അവള് ആകെയൊരു ആഗ്രഹമേ പറഞ്ഞുള്ളൂ, ജോലിക്ക് പൊയ്ക്കോട്ടെയെന്ന്, എന്റെ സ്വന്തമല്ലേ വിചാരിച്ച് ഞാൻ സമ്മതിച്ചു, ഇപ്പോൾ അമ്മ പറയുന്നത് കേട്ട് അവളോട് പോവണ്ടാന്ന് പറഞ്ഞാൽ ഞാൻ അവളെ പറഞ്ഞു പറ്റിച്ചത് പോലെയാവില്ല, അങ്ങനെ ഒരാളെ ചതിക്കുന്നത് ശരിയാണോ അമ്മേ..

അമ്മയൊന്ന് സിദ്ധുവിനെ നോക്കി, സിദ്ധു തുടർന്നു.. അമ്മയുടെ മോൻ അങ്ങനെ ചെയ്യണമെന്നാണോ, അങ്ങനെയാണോ അമ്മ പഠിപ്പിച്ചു തന്നത്..

അമ്മ കുറച്ചു നേരം മിണ്ടിയില്ല, സാവധാനം സിദ്ധുവിനെ നോക്കിയിട്ട്..ശരി നിന്റെ ഇഷ്ടം പോലെ ചെയ്തോ, പക്ഷെ അവളോട് ഇവിടുത്തെ പണികളൊക്കെ കണ്ടറിഞ്ഞു ചെയ്യാൻ പറയണം..

അത്‌ ഞാൻ പറയേണ്ട കാര്യമില്ലല്ലോ അല്ലാതെ തന്നെ അവൾ ചെയ്യുന്നില്ലേ, പിന്നെ ഞാൻ പറഞ്ഞു ചെയ്യിക്കണമെന്നാണേൽ നടക്കില്ല, അവൾക്ക് കഴിയുന്നതൊക്കെ ചെയ്തു തരും കൂടെ ഞാനും..

അമ്മ സിദ്ധുവിനോട്. നീ ദിവസം കൂടുന്തോറും ആളാകെ മാറാണല്ലോ..

അത്‌ അമ്മയ്ക്ക് സ്നേഹക്കൂടുതൽ കൊണ്ട് തോന്നുന്നതാ.. സിദ്ധു ചിരിച്ചിട്ട് എഴുന്നേറ്റ് വാതിൽ ചാരി, അടുക്കളയിലേക്ക് നടന്നു, ശില്പയുടെ തോളിലൂടെ കയ്യിട്ടു.. തിങ്കളാഴ്ച്ച മുതൽ നേരത്തെ ഒരുങ്ങിയാൽ നേരത്തെ സ്കൂളിലെത്താം..

ശില്പ പെട്ടെന്ന് തിരിഞ്ഞു സിദ്ധുവിനെ നോക്കി.. സത്യമായിട്ടും.

സത്യം എല്ലാം ശരിയാക്കിയിട്ടുണ്ട്..

ശില്പ സിദ്ധുവിനെ ചേർത്തുപിടിച്ചു, സിദ്ധു പെട്ടെന്ന് അവളെ തള്ളിമാറ്റി, അവൾ കാര്യം മനസ്സിലാവാതെ..

എന്തുപറ്റി..

സിദ്ധു വേദനയോടെ.. നിന്റെ കയ്യിലെന്താ..

ശില്പ കയ്യിലേക്ക് നോക്കി.. അയ്യോ സോറി. ചട്ടുകം മാറ്റിവെച്ചു.. അറിയാതെ നീ പെട്ടെന്ന് വന്നപ്പോൾ ആവേശത്തിൽ പറ്റി പോയതാ..

സിദ്ധു പൊള്ളിയ ഭാഗം കാണിച്ചുകൊണ്ട്.. താങ്ക്സ്, അടയാളം കിട്ടിയിട്ടുണ്ട്, ഏതേലും സർട്ടിഫിക്കേറ്റിന് ആവശ്യം വരും..

ഞാൻ മരുന്ന് വെച്ചു തരാം..

ഏയ്‌ വേണ്ട, ഇനി ആ പാടും കൂടി മായ്ക്കാൻ പറ്റിയില്ലെങ്കിലോ..

സിദ്ധു മുറിയിലേക്ക് നടന്നു, അമ്മ എഴുന്നേറ്റ് പുറത്തിരുന്ന അച്ഛനരുകിലെത്തി..അതേയ് നിങ്ങളുടെ മകനിതെന്തുപറ്റി..

അച്ഛൻ മനസ്സിലാവാതെ.. എത്രാമത്തെ..

അമ്മ ദേഷ്യത്തിൽ.. മൂന്നാമത്തെ, അവനല്ലേ ഇപ്പോൾ ഇവിടുള്ളൂ..

നീ ദേഷ്യപ്പെടാതെ, മകനെന്ന് പറയുമ്പോൾ മൂന്നെണ്ണമില്ലേ, അല്ലാതെ ബാക്കിയുള്ളത് രണ്ടും expiry date കഴിഞ്ഞിട്ടൊന്നുമില്ലല്ലോ..

അമ്മ അച്ഛനെയൊന്ന് നോക്കിയിട്ട്.. സിദ്ധു ആളാകെ മാറിയിരിക്കുന്നു, അവൻ എന്നോട് ഇതുവരെ തലയുയർത്തി സംസാരിച്ചിട്ട് പോലുമില്ല ഇന്നലെ അവൻ എന്തോരം വലിയ വാക്കുകളാ പറഞ്ഞത്, ഇന്നിതാ കല്യാണത്തിന് മുമ്പ് അവൾക്ക് വാക്കുകൊടുത്തതാണ് അവളെ ജോലിക്ക് വിടണമെന്ന് പറയുന്നു..

അച്ഛൻ ചിരിച്ചു.. ഇപ്പോഴാണ് അവൻ വലുതായത്.

എന്ത്..

അച്ഛൻ തുടർന്നു.. ഇത്രയും കാലം അവൻ കുഞ്ഞായിരുന്നു, ഇന്നലെ മുതൽ അവൻ വലിയ പുരുഷനായെന്ന്..

നിങ്ങള് അവനെ സപ്പോർട്ട് ചെയ്യാണോ..?

അച്ഛൻ അമ്മയെയോന്ന് നോക്കി.. എന്താ തെറ്റ്‌, അവൻ അവൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നു, അല്ലേലും അവനെ തിരുത്താനൊന്നും നമ്മളെ രണ്ടാളെ കൊണ്ടും സാധിക്കില്ല, സ്വയം ചിന്തിക്കുന്ന മനസ്സാ അവന്റേത്, നിന്റെ ഉപദേശമൊന്നും മറ്റുള്ള രണ്ടുപേരെയും പോലെ അവന്റെ മണ്ടയിൽ കയറില്ല, ഇനിയും നിനക്ക് മനസ്സിലായില്ലേൽ അവനോട് നാളെ മുതൽ ജോലിക്ക് പോവാൻ പറഞ്ഞു നോക്ക്, മുഖത്ത് നോക്കി സൗകര്യമില്ലാന്ന് പറയും, അതുകൊണ്ട് തൽക്കാലം എന്റെ ഉപദേശം കേൾക്ക്, നമ്മളെ ബാധിക്കാത്തൊരു കാര്യത്തിന് അഭിപ്രായം പറയാൻ പോവണ്ട, അവൻ ഇപ്പോൾ മര്യാദക്ക് നമ്മളോട് അനുവാദം ചോദിക്കുന്നുണ്ട്, ഇനിയും വല്ലോം ചെയ്താൽ അതുംകൂടി ഇല്ലാതെയാവും..

അമ്മ ഒന്നും മിണ്ടാതെ എഴുന്നേറ്റു, അച്ഛൻ അകത്തേക്കൊന്ന് നോക്കിയിട്ട്..നേരെയാവാൻ ഉദ്ദേശ്യമില്ലല്ലേ.

പറഞ്ഞു തീരുന്നതിനു മുന്നേ സിദ്ധു പുറത്തേക്ക് വന്നു, അച്ഛനെ കണ്ടപ്പോൾ..വാട്ട്‌ ഡാഡി, എന്താണ് രാവിലെ തന്നെ അമ്മയോട് തല്ലുണ്ടാക്കുന്നെ..

അച്ഛൻ സിദ്ധുവിനെ നോക്കി ചിരിച്ചു.. എല്ലാത്തിനും കാരണം നീയാ..

ഞാനോ..

അതേ നീ തന്നെ..

ഞാനെന്ത് ചെയ്തു..?

നീ അവസാനം കണ്ട സിനിമയേതാ, ഇന്നലെ കാര്യമായിട്ട് ഡയലോഗടിക്കുന്നത് കണ്ടതോണ്ട് ചോദിക്കുന്നതാ..

സിദ്ധു ചിരിച്ചു. അതാണോ,അതുപിന്നെ ഞാൻ അപ്പോഴെത്തെയൊരു മൈൻഡ് വെച്ചിട്ട് എന്തൊക്കെയോ പറഞ്ഞതല്ലേ.. സിദ്ധു അച്ഛനെയൊന്ന് നോക്കിയിട്ട്.. എന്തേ അമ്മയുടെ പരാതി തീർന്നില്ലേ.

അമ്മയുടെ പരാതിയൊക്കെ വിട്, അത്‌ ഈ കാലത്തൊന്നും തീരില്ല.. അച്ഛൻ സിദ്ധുവിനെ അരികിൽ വിളിച്ചു, സിദ്ധു അടുത്തേക്ക് ചെന്നു.. ഞാൻ നിനക്ക് ചിലവില്ലാത്തൊരു സഹായം ചെയ്യട്ടെ, ഒരു ഉപദേശമാണ് കേട്ടോ, നമ്മൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തോ, എന്നതിന്റെ അർത്ഥം തോന്നുന്നതാവരുത് ഉറപ്പുള്ളതാവണം, ഇന്നലത്തെ പോലെ എടുത്ത് ചാടി ഒരു കാര്യവും സംസാരിച്ച് ശീലിക്കരുത്, അമ്മയോട് സമയം പോലെ ഇരുന്ന് സംസാരിച്ചാൽ പ്രശ്നം തീരും, എന്തിനാണ് അച്ഛൻ ഇത് പറഞ്ഞു തരുന്നതെന്ന് വെച്ചാൽ നീ അതും പറഞ്ഞങ്ങ് പോവും, നീ ആർക്ക് വേണ്ടിയാണോ ചെയ്തത് അവൾ ഒറ്റക്കാവും നീ പോയി കഴിഞ്ഞാൽ അവരുടെ അടുത്ത്, പുറത്ത് നിന്ന് വന്ന അവൾക്ക് ഒരു സ്പേസ് ഉണ്ടാക്കി കൊടുത്തതിനു ശേഷം തല്ലുണ്ടാക്ക്, അപ്പോൾ നീ ഇല്ലേലും അവൾക്ക് പിടിച്ചു നിൽക്കാം..

സിദ്ധു നിലത്തിരുന്നു..എക്സ്പീരിയൻസ് അല്ലെ..

അങ്ങനെ കൂട്ടിക്കോ, നിന്റെ അമ്മയുടെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ട് പറയുന്നതാ..

ആയിക്കോട്ടെ. സിദ്ധു പുറത്തേക്കിറങ്ങി..

നീ എങ്ങോട്ടാ..

സിദ്ധു തിരിഞ്ഞു നിന്നു.. ഇൻഷുറൻസ് എടുക്കാൻ, അച്ഛൻ ഇത്രയും പറഞ്ഞതിന് ശേഷവും ഞാനിത് എടുത്തില്ലേൽ ശരിയാവില്ല..

അച്ഛൻ ചിരിച്ചു.. എന്നാൽ നോമിനീ എന്റെ പേര് കൊടുക്ക്.

സിദ്ധു ചിരിച്ചു.. എന്തിന് അത്‌ കിട്ടിയിട്ട് ഗോവക്കോ ഹിമാലയോ പോവാൻ ഉദ്ദേശ്യമുണ്ടോ..

എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ഇവിടുന്ന് രക്ഷപെട്ടാൽ മതി..

എങ്ങോട്ട്.. അമ്മ പെട്ടെന്ന് ഇടയിൽ കയറി..

സിദ്ധു വേഗത്തിൽ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി, അച്ഛൻ കസേരയിൽ നിന്ന് എഴുന്നേറ്റു.. ഞാനൊന്നും പറഞ്ഞില്ല, അവൻ എന്തോ ചോദിച്ചപ്പോൾ തലയാട്ടിയതാ..

ഇനി കിടന്നുരുളണ്ടാ, നിങ്ങള് പോയി ഈ സാധനങ്ങളൊക്കെ വാങ്ങിയിട്ട് വാ..

അച്ഛൻ അമ്മയെ നോക്കി.. അത്‌ ഇപ്പോൾ പുറത്ത് പോയ അവനോട് പറഞ്ഞാൽ പോരായിരുന്നോ…

നിങ്ങളല്ലേ പറഞ്ഞത് അവനോടൊന്നും ചോദിക്കണ്ടാന്ന്..

ആ ബെസ്റ്റ് ഞാനെന്താ പറഞ്ഞത് നീയെന്താ മനസ്സിലാക്കിയത്, എനിക്കിത് വേണം,മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു..

സംസാരിച്ചോണ്ട് നിൽക്കാതെ പോയി വാങ്ങിയിട്ട് വാ മനുഷ്യാ.. അമ്മ അകത്തേക്ക് പോയി, അച്ഛൻ വേറെ വഴിയില്ലാതെ ലിസ്റ്റുമെടുത്ത് പുറത്തേ ക്കിറങ്ങി, സിദ്ധു റോഡിൽ നിൽക്കുമ്പോഴാണ് ഒരു ബൈക്ക് അരികിൽ വന്ന് ഹോണടിച്ചത്, സിദ്ധു തിരിഞ്ഞു നോക്കി, മനുവാണെന്ന് മനസ്സിലായപ്പോൾ ചിരിച്ചു..

അല്ല ആരിത്, എന്താണാവോ ഈ വഴി.

മനുവൊന്ന് സിദ്ധുവിനെ നോക്കിയിട്ട്.. വീട്ടിൽ കയറി അത്രയും സീനിട്ടതല്ലേ അപ്പോഴൊന്ന് കണ്ടിട്ട് പോവാമെന്ന് വെച്ചു..

വരവ് എന്തിനാണെന്ന് മനസ്സിലായില്ലല്ലോ.. സിദ്ധു സംശയത്തോടെ ചോദിച്ചു.

മനു ഫോൺ കയ്യിലെടുത്തു. നമ്പർ പറ ഒരു കല്യാണ സമ്മാനം തരാ.

സിദ്ധുവൊന്ന് ആലോചിച്ചതിനുശേഷം ചിരിച്ചിട്ട് നമ്പർ പറഞ്ഞു കൊടുത്തു..റീചാർജ് ചെയ്തു തരാനാണോ..

മനു സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. അവളുടെ എവിടെയൊക്കെ മറുകുണ്ടെന്ന് നീ കണ്ടിട്ടുണ്ടോ.

സിദ്ധുവിന്റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു, മനു തുടർന്നു.. നിന്റെ വാട്സാപ്പിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട്, കണ്ടു നോക്ക്..

സിദ്ധു മൊബൈൽ ഓണാക്കി വാട്സ്ആപ്പ് തുറന്നു, മനു അയച്ച വീഡിയോ നോക്കിയിട്ട് അവനോട്.. നിന്നെ കൊണ്ടൊക്കെ എന്ത് ചെയ്യാൻ പറ്റുമോ അത്‌ മനോഹരമായി ചെയ്തിട്ടുണ്ട്, സന്തോഷം…

മനു ബൈക്ക് സ്റ്റാർട്ടാക്കി.. ഇത്രേയുള്ളോ.. ഞാൻ വരുമ്പോൾ ഇന്ന് ഇവിടെയൊരു തല്ല് പ്രതീക്ഷിച്ചിരുന്നു..

സിദ്ധു അവനെ നോക്കി.. അതിന് ഈ വീഡിയോയുടെ ആവശ്യമില്ല, അല്ലാതെ തന്നെ നിന്നെ ആവശ്യത്തിന് തല്ലാനുള്ളത് നീ അവളോട് ചെയ്തിട്ടുണ്ട്,പിന്നെ ഇതുപോലെയുള്ള ഒളിഞ്ഞു നിന്നെടുത്ത ഊള കുളി സീൻ വീഡിയോയും ഡ്രസ്സ് മാറുന്ന ഫോട്ടോയും കാണിച്ചു കുത്തിത്തിരിപ്പുണ്ടാക്കുന്നതൊക്കെ പഴയ ട്രെൻഡാ, ഞങ്ങൾക്ക് ഇതൊക്കെ ഡെയിലി കൊഴിയുന്ന മുടിയോളമേ വരൂ.. തൽക്കാലം മോൻ ചെല്ല്..

സിദ്ധു മുന്നിലേക്ക് നടന്നു, മനു ബൈക്ക് സ്റ്റാർട്ടാക്കി, സിദ്ധുവിനെ പുറകിൽ നിന്ന് വിളിച്ചിട്ട്..

നിനക്ക് കാക്ക കൊത്താത്ത മാങ്ങയൊന്നുമില്ലെന്ന് കാണിച്ചു തരണമെന്നേ വിചാരിച്ചുള്ളൂ..

സിദ്ധുവൊന്ന് നിന്നിട്ട് തിരിഞ്ഞു..

നിന്റെ വീട്ടിലിരിക്കുന്ന അമ്മയും ആ വകുപ്പിൽ പെടുമോ..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *