നീയും ഞാനും ~ ഭാഗം 08, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മനു മറുപടിയൊന്നും പറയാതെ ബൈക്കെടുത്ത് പോയി, സിദ്ധു തിരിച്ചു വീട്ടിലെത്തി, കയ്യും വീശി വരുന്നത് കണ്ടപ്പോൾ അമ്മ.. എന്താടാ പോയതിനേക്കാൾ വേഗത്തിൽ വരുന്നേ.

സിദ്ധുവൊന്ന് അമ്മയെ നോക്കി..

മറന്നു..

എന്ത്..? അമ്മ സംശയത്തോടെ ചോദിച്ചു.

എന്റെ കല്യാണം കഴിഞ്ഞ കാര്യം..

അമ്മ സിദ്ധുവിന്റെ മുതുകിനിട്ടൊരു അടി കൊടുത്തു.. കാര്യമായിട്ട് ചോദിക്കുമ്പോൾ തമാശ പറയുന്നോ..

സിദ്ധു മുതുക് ഉഴിഞ്ഞിട്ട് അകത്തേക്ക് നടന്നു, മുറിയുടെ വാതിൽ അടച്ചിട്ടുണ്ടായിരുന്നു, തള്ളിയപ്പോൾ പെട്ടെന്ന് തുറന്നു, ശില്പ ഞെട്ടിയിട്ട് ചുരിദാറിന്റെ ടോപ് എടുത്ത് ദേഹത്തേക്കിട്ടു, ദേഷ്യത്തിൽ സിദ്ധുവിനോട്..
നിനക്കൊന്ന് വാതിലിൽ കൊട്ടിക്കൂടെ.

സിദ്ധുവും പെട്ടെന്ന് തുറന്നപ്പോൾ പേടിച്ചിരുന്നു, ശില്പയെ നോക്കിയിട്ട്.. അയ്യോ സോറി പെങ്ങളെ, ഞാൻ പോയിട്ട് പിന്നെ വരാം.. സിദ്ധു പുറത്തേക്കിറങ്ങി, തിരിച്ച് വാതിൽ ചാരിയിട്ട് കൊട്ടി വിളിച്ചു.. ചേച്ചി അകത്തേക്ക് വന്നോട്ടെ.

ശില്പക്ക് ദേഷ്യം ഇരച്ചു വരുന്നുണ്ടായിരുന്നു, സിദ്ധു അകത്തേക്ക് വന്നപ്പോൾ ഒന്ന് സ്വയം തണുപ്പിച്ചിട്ട്.. എവിടെ പോയതാ രാവിലെ കുറ്റിയും പറിച്ച്..

സിദ്ധു കട്ടിലിലിരുന്നു, ശില്പയെ നോക്കികൊണ്ട്.. ഞാൻ നിന്റെ കെട്ടിയോനല്ലേ, നീ എന്തിനാ എന്നെ കാണുമ്പോഴേക്കും പേടിക്കുന്നെ.

ശില്പ ചിരിച്ചു.. കേട്ടില്ല.. ആർക്ക് പേടിയെന്നാ പറഞ്ഞേ.

സിദ്ധു ബെഡ്ഡിൽ ചാഞ്ഞു.. അല്ല പേടിയെന്നല്ല, ഇത്ര ബഹുമാനം എന്തിനാണെന്ന്..

ശില്പ വീണ്ടും ചിരിച്ചു.. നീ ഈ പറഞ്ഞ രണ്ടും തത്കാലം നിന്നോടെനിക്കില്ല, അതുവേണേൽ ആദ്യം നീ കുറച്ച് പക്വതയോടെ നടക്കാൻ നോക്ക്.

സിദ്ധു ശില്പയുടെ മുഖത്തേക്ക് നോക്കിയിട്ട് ചിരിച്ചു.. ശരി മാഡം.

എന്താ ഒരു ആക്കിയ ചിരി..

സിദ്ധു അവളെ അരികിലേക്ക് വിളിച്ചു, ശില്പ ഡ്രസ്സ്‌ നേരെയിട്ട് സിദ്ധുവിന്റെ അരികിലായി വന്നിരുന്നു.. നിനക്ക് എന്നോട് വല്ലോം പറയാനുണ്ടോ.

സിദ്ധുവിന്റെ ചോദ്യം മനസ്സിലാവാതെ ശില്പ.. എന്ത് പറയാനുണ്ടോന്ന്..?

എന്തെങ്കിലും പിന്നെ പറയാമെന്ന് വെച്ചത്..

ശില്പ ചിരിച്ചു.. പിന്നെ നിന്നോട് പറയാൻ മാത്രം കുറേ രഹസ്യങ്ങളല്ലേ ഇരിക്കുന്നേ..

സിദ്ധു അവളുടെ മുന്നിലേക്ക് വീഡിയോ ഓണാക്കി വെച്ചു കൊടുത്തു, ശില്പ അതിലേക്ക് ഒരു നിമിഷം നോക്കി, ചിരി നിന്നു, അവൾ പതിയെ വീഡിയോ സ്റ്റോപ്പ്‌ ചെയ്തു, ശില്പ ടെൻഷനിൽ ഇരുന്ന് വിറക്കുന്നുണ്ടായിരുന്നു, സാവധാനം സിദ്ധുവിന്റെ നേരെ മുഖം തിരിച്ചു, സിദ്ധു തന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ..
എവിടുന്ന് കിട്ടി..?

സിദ്ധു അവളുടെ മുഖത്ത് നിന്ന് ശ്രദ്ധ മാറ്റിയിട്ട്.. നിന്റെ ശത്രു കൊണ്ടുവന്ന് തന്നതാ..

ശില്പ തലതാഴ്ത്തി… ഞാൻ നിന്നെ ചതിക്കുന്ന പോലെ ഫീലാവുന്നുണ്ടോ..

കുറേ നേരം കഴിഞ്ഞിട്ടും സിദ്ധുവിന്റെ മറുപടി കാണാതിരുന്നപ്പോൾ ശില്പ സിദ്ധുവിനെയൊന്ന് നോക്കി, സിദ്ധുവൊന്ന് ചിരിച്ചു കാണിച്ചു.. ഞാൻ നിന്നെ വിഷമിപ്പിക്കാണോ ചെയ്തേ..

ശില്പയുടെ കണ്ണു നിറയാൻ തുടങ്ങി.. സത്യായിട്ടും ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല..

സിദ്ധു അവളുടെ തോളിൽ തട്ടി.. അതുവിട് കരയാൻ വേണ്ടിയല്ല ഞാൻ ഇത് നിനക്ക് കാണിച്ചു തന്നേ, ഞാനിത് അറിഞ്ഞു, ഇനി ഞാൻ ഇത് അറിയാത്ത കാര്യമാണെന്ന് വിചാരിച്ചു അവൻ വല്ലോം പറഞ്ഞാൽ പേടിക്കാൻ നിൽക്കരു തെന്ന് പറയാനാണ്.

സിദ്ധു ശില്പയുടെ കണ്ണുനീർ തുടച്ചിട്ട് അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തു.
നിനക്ക് എന്നോട് ഇഷ്ടമുണ്ടെന്ന് അറിയാം, എന്നാലും ഇനിയും വിശ്വാസം ഇല്ലല്ലോന്ന് ഓർക്കുമ്പോൾ..

ശില്പ സിദ്ധുവിന്റെ വാപൊത്തി.. പ്ലീസ്.. ദൈവമാണേ എനിക്ക് അങ്ങനെ തോന്നിയതുകൊണ്ടല്ല, അത്‌ കഴിഞ്ഞു പോയ കാര്യമാണല്ലോ അവസാനിച്ചല്ലോ എന്നൊക്കെയുള്ള ചിന്ത കൊണ്ട് പറയാതിരുന്നതാ,പുതിയൊരു ജീവിതം തുടങ്ങണമെന്ന കൊതികൊണ്ട്.. ശില്പ സിദ്ധുവിന്റെ കൈപിടിച്ചു. സത്യായിട്ടും ഈ ലോകത്ത് ഞാൻ നിന്നെ മാത്രേ വിശ്വസിക്കുന്നുള്ളൂ, എന്നോട് ദേഷ്യമൊന്നും തോന്നരുത്.

സിദ്ധു ശില്പയുടെ കൈ മാറ്റി, ശില്പ സിദ്ധുവിന്റെ കാലുപിടിക്കാൻ നോക്കി, സിദ്ധു പെട്ടെന്ന് ഒഴിഞ്ഞു മാറിയിട്ട്.. നീ എന്നെ കാലുവാരിയിടാൻ പോവാണോ.

സിദ്ധു ശില്പയെ ചേർത്തുപിടിച്ചു.. അത്‌ കഴിഞ്ഞു പോയെന്ന് നിനക്ക് തോന്നുണ്ടേൽ അങ്ങനെ തന്നെ വിശ്വസിച്ചോ, ഒരു ചെറിയ കുളി സീൻ വീഡിയോക്ക് ഇത്രയും പേടിക്കേണ്ട ആവശ്യമില്ല, അവൻ അത്‌ കൊണ്ടുപോയി പുഴുങ്ങി തിന്നോട്ടെ..

സിദ്ധു ശില്പയുടെ മുഖമുയർത്തി.. അവന്റെ കയ്യിൽ ചിത്രം മാത്രമേയുള്ളൂ, മനസ്സും ശരീരവും എന്റെയടുത്തല്ലേ..

ശില്പ സിദ്ധുവിനെ കെട്ടിപിടിച്ചു.. സോറി..

എന്തിന്..?

ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. ശരീരമേയുള്ളൂ മനസ്സ് അടുക്കളയിലാണ്, ഉച്ചയ്ക്ക് എന്തുണ്ടാക്കുമെന്ന ആലോചനയിൽ..

സിദ്ധു കട്ടിലിലിരുന്നു.. സമ്മതിച്ചിരിക്കുന്നു, നീറുമ്പോഴും തമാശ പറയാൻ കാണിക്കുന്ന നിന്റെ മനസ്സിനെ..

ശില്പ കണ്ണീരിനിടയിലും ചിരിച്ചു.. അനുഭവിച്ചിട്ടുണ്ടേ ഒരുപാട്.. ഒന്ന് നിർത്തിയതിനു ശേഷം.. ഇനിയും അനുഭവിക്കാനുണ്ടെന്ന് ഓർക്കുമ്പോൾ..

സിദ്ധു അവളുടെ കയ്യിൽ പിടിച്ചു.. അത്‌ നീ എന്നെ കെട്ടിയത് കൊണ്ട് തോന്നുന്നതാ..

ശില്പ കണ്ണുതുടച്ചു.. അതുതന്നെയാ പറഞ്ഞത്..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. എന്നെ പറയുമ്പോൾ ഒരു സങ്കടവുമില്ലാലെ..

ശില്പ ചിരിച്ചിട്ട് വേഗത്തിൽ ബാഗ് തുറന്ന് ഫോൺ എടുത്തു, വാട്സ്ആപ്പ് തുറന്ന് സിദ്ധുവിന്റെ നേർക്ക് നീട്ടി.. ഞാൻ കുറേ നോക്കിയതാ, ഇപ്പോൾ എനിക്ക് ചോദിക്കാൻ നീയുണ്ടല്ലോ..

സിദ്ധു സ്ക്രീനിന്റെ മുകളിലേക്ക് നോക്കി, ഡെവിൾ എന്ന് സേവ് ചെയ്തു വെച്ചിട്ടുണ്ട്..

ശില്പ പുറത്തേക്ക് നടന്നു, ഒന്ന് നിന്നിട്ട്.. മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു, തിരിച്ചു കൊടുക്കണമെന്ന് ഒരുപാട് ആഗ്രഹവുമുണ്ട് , സാധിക്കുമെങ്കിൽ അവനും അതൊരു മറക്കാൻ പറ്റാത്ത അനുഭവമാക്കി കൊടുക്ക്..

സിദ്ധു സ്‌ക്രീനിൽ തന്നെ നോക്കികൊണ്ടിരുന്നു,പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തപ്പോൾ ഞെട്ടിയുണർന്നു, ചുറ്റിലും നോക്കിയപ്പോൾ റോഡിലാണ് നിൽക്കുന്നതെന്ന് മനസ്സിലായി, മനുവിനെയാണേൽ കാണാനുമില്ല, ഫോൺ പോക്കറ്റിലിട്ട് വീട്ടിലേക്ക് നടന്നു, വീടിന് മുന്നിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു, അമ്മയെ കണ്ടപ്പോൾ സിദ്ധുവൊന്ന് ചിരിച്ചു കാണിച്ചു, അമ്മ മൈൻഡ് ചെയ്യാതെ മാറി നിന്നു, തുടക്കം തന്നെ പുച്ഛമാണല്ലോന്ന് വിചാരിച്ച് സിദ്ധു മുറിയിലേക്ക് നടന്നു, വാതിൽ തുറക്കാനൊരുങ്ങിയപ്പോൾ ഒന്ന് നിന്നിട്ട് ആലോചിച്ചു, പിന്നെ ഡോറിൽ കൊട്ടി, പതുക്കെ വാതിൽ തുറന്നു, സിദ്ധുവിനെ കണ്ടപ്പോൾ ശില്പ..

നീയെന്താ വല്ല ഇന്റർവ്യൂനും വരാണോ..

സിദ്ധു അവളെയൊന്ന് നോക്കി.. അല്ല ഇനി നീ ചിലപ്പോൾ ഡ്രസ്സ്‌ മാറോ മറ്റോ ആണെങ്കിലോ വിചാരിച്ചാ..

ശില്പ പെട്ടെന്ന് തിരിഞ്ഞു.. മനസ്സിലായില്ല, ഡ്രസ്സ്‌ മാറാണെങ്കിൽ തന്നെ നിനക്കെന്താ..

എനിക്കൊന്നുമില്ല, ഒരു മര്യാദയുടെ പുറത്ത് നമ്മൾ അങ്ങനെ ചെയ്യണമല്ലോ..

ശില്പ അരികിൽ വന്ന് സിദ്ധുവിനെയൊന്ന് മണത്തു നോക്കി.. കഞ്ചാവ് വല്ലോം അടിച്ചിട്ടുണ്ടോ..

സിദ്ധു ചിരിച്ചു… ഏയ്‌ ഞാൻ അത്രക്കാരൻ നഹി.

പിന്നെയെന്താടാ പൊട്ടാ നീ എന്നെ പൂജിക്കാൻ വേണ്ടി കെട്ടികൊണ്ട് വന്നിരിക്കാണോ, എന്നെ അങ്ങനെ കണ്ടാൽ കണ്ണുപൊട്ടി പോവോ നിന്റെ..

സിദ്ധു കുറച്ച് നേരമൊന്നും മിണ്ടിയില്ല, ശില്പ തണുത്തെന്ന് തോന്നിയപ്പോൾ മൊബൈലെടുത്ത് വീഡിയോ ഓണാക്കി അവൾക്ക് നേരെ നീട്ടി, ശില്പ ഒരു നിമിഷം അതിൽ നോക്കിയിട്ട് സിദ്ധുവിനോട്..

ഇത് എവിടുന്ന് കിട്ടി.?

നിന്റെ ശത്രു വിവാഹാസമ്മാനമായിട്ട് തന്നതാ..

ശില്പ വീഡിയോ ഓഫാക്കിയിട്ട് ദേഷ്യത്തോടെ.. തെണ്ടി, പോലീസ് സ്റ്റേഷനിൽ വെച്ച് ഡിലീറ്റ് ചെയ്‌തെന്ന് പറഞ്ഞ വീഡിയോ സൂക്ഷിച്ചോണ്ട് നടക്കുന്നു, അന്നേ കേസുമായിട്ട് പോയാൽ മതിയായിരുന്നു..

ഓ അന്ന് കേസ് കൊടുത്തിരുന്നോ..

ശില്പ സിദ്ധുവിന്റെ നേരെ നിന്നു.. ഏയ്‌ ഇല്ല, ഒളിഞ്ഞു നിന്ന് കുളിസീൻ എടുത്താൽ ഞാൻ പിന്നെ അവാർഡ് വാങ്ങികൊടുക്കാം..

സിദ്ധു ചിരിച്ചു.. കളിയാക്കണ്ട, ഇത് എന്നോട് മുന്നേ പറഞ്ഞിട്ടില്ലല്ലോ..

ശില്പ ഒന്ന് ദീർഘാശ്വാസമെടുത്തു.. എങ്ങനെയാ പറയാ, ഇത് കഴിഞ്ഞു പോയതല്ലേ, അവസാനിച്ചെന്ന് വിചാരിച്ചു, പോരാത്തതിന് എന്റെ കുളിസീൻ എടുത്തിട്ടുണ്ടേ എടുത്തിട്ടുണ്ടേന്ന് പറഞ്ഞോണ്ടിരിക്കാൻ പറ്റുമോ..

സിദ്ധു ക്ഷമയില്ലാതെ.. എന്തിനാ എന്നോടിങ്ങനെ ദേഷ്യപെടുന്നേ..

ആര് ദേഷ്യപ്പെട്ടു, നിനക്കിപ്പോൾ അവനോട് സംസാരിക്കേണ്ട ആവശ്യമെന്താ..

സിദ്ധു കട്ടിലിൽ ചാരി.. ഈ കാര്യം പറഞ്ഞു നിന്നെ ബ്ലാക്‌മെയിൽ വല്ലോം ചെയ്താലോ വിചാരിച്ചു..

ശില്പ ചിരിച്ചു.. ഒലക്ക.. അവന് എന്നെ ഒറ്റയ്ക്ക് കിട്ടിയിട്ട് പോലും ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, പിന്നെയാണ് ബ്ലാക്‌മെയിൽ..

എന്നാലും..

ഒരു എന്നാലുമില്ല, അവനുള്ള പണി ഞാൻ കൊടുത്തോളാം, എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവം ഉണ്ടാക്കി തന്നതല്ലേ, അവന്റെയും ഓർമ്മയിൽ നിൽക്കുന്ന പോലെ എന്തേലും കൊടുക്കണം..

അപ്പോൾ നിനക്ക് പേടിയില്ലേ.. സിദ്ധു അത്ഭുതത്തോടെ ചോദിച്ചു..

എന്തിന്.. ഞാൻ ഒരുപാട് അനുഭവിച്ചതാ, എനിക്കിങ്ങനെ പേടിച്ചിട്ട് ജീവിക്കാൻ ഇനി മനസ്സില്ല, പോരാത്തതിന് നീയുണ്ടല്ലോ കൂടെ..

സിദ്ധു ചിരിച്ചു.. ശരിയാണ്, ഞാനുണ്ടല്ലോ..

ശില്പ സിദ്ധുവിന്റെ മുന്നിലായിരുന്നു.. കുളിസീൻ അവൻ കണ്ടതിൽ സങ്കടമുണ്ടോ..

ഏയ്‌.. സിദ്ധു ഇല്ലെന്ന് തലയാട്ടി..

ശില്പ ചിരിച്ചുകൊണ്ട്.. ഉണ്ടേലും വിട്ടുകളയടാ, അവന്റേൽ ഫോട്ടോയല്ലേയുള്ളൂ, ഞാനിവിടെ നിന്റെ മുന്നിൽ ലൈവായിട്ട് നിൽക്കല്ലേ..

സിദ്ധു ഞെട്ടി.. അയ്യോ ഇത് ഞാൻ പറയണ്ട ഡയലോഗല്ലേ..

ശില്പ വീണ്ടും ചിരിച്ചു.. എന്തൊക്കെയാടാ പറയുന്നേ.

അല്ല ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഇതല്ല പ്രതീക്ഷിച്ചേ.. നീ കരഞ്ഞിട്ട് കാലു പിടിക്കുന്നതൊക്കെ.

ശില്പ പെട്ടെന്ന് എഴുന്നേറ്റു.. എന്ത് പിടിക്കുന്നത് ഞാൻ കേട്ടില്ല.

സിദ്ധു താഴേക്ക് നോക്കി.. കട്ടിലിന്റെ കാല് നല്ല ആട്ടമുണ്ട് തോന്നണു, ആശാരിയെ വെച്ച് ശരിയാക്കണം പറഞ്ഞതാ..

ഓ അങ്ങനെ, അതു നമ്മുക്ക് ശരിയാക്കാം.. ശില്പ മുറിയിൽ നിന്ന് ഇറങ്ങാൻ വേണ്ടി നിന്നു, സിദ്ധു പതിഞ്ഞ സ്വരത്തിൽ… അപ്പോൾ എനിക്ക് ഹീറോയിസം കാണിക്കാൻ ഒന്നുമില്ലേ..

ശില്പയൊന്ന് നിന്നു,സിദ്ധുവിന്റെ നേരെ തിരിഞ്ഞിട്ട്.. ഞാൻ കേട്ടു,നമ്മള് തുടങ്ങിയിട്ടല്ലേയുള്ളൂ, കാണിക്കാൻ അവസരം തരാട്ടോ..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *