നീയും ഞാനും ~ ഭാഗം 09, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശില്പ അടുക്കളയിൽ കാര്യമായി ജോലി നോക്കികൊണ്ടിരിക്കായിരുന്നു, സിദ്ധു പതിയെ പുറകിലൂടെ ചെന്ന് കഴുത്തിലൊരുമ്മ കൊടുത്തു, ശില്പ കുറച്ച് നേരം അങ്ങനെ നിന്നിട്ട് സിദ്ധുവിനെ തിരിഞ്ഞുനോക്കി, സിദ്ധു ചിരിച്ചു..ഒന്നും പറയുന്നില്ലേ..?

ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. നിന്നെ എന്താണ് ഞാൻ പറയേണ്ടതെന്ന് ആലോചിക്കാ..

ആരോട് ചോദിച്ചിട്ടാ എന്നെ ഉമ്മ വെച്ചതെന്ന് ചോദിക്ക്.. സിദ്ധു ശില്പയെ കളിയാക്കി.

ശില്പ ചിരിച്ചു.. ആരോട് ചോദിച്ചിട്ടാടാ..

എന്റെ മോളോട്..

ശില്പ സംശയത്തോടെ..ഏത് മോള്..

നമ്മുക്കൊരു മോള് ഉണ്ടാവുമല്ലോ അവളോട് സ്വപ്നത്തിൽ ചോദിച്ചു..

ശില്പ ചിരിച്ചിട്ട്.. അയ്യോ നൂറ്റാണ്ട് പഴക്കമുള്ള തമാശ വീണ്ടും കൊണ്ടു വന്നിരിക്കുന്നു, മിണ്ടാതെ റൂമിൽ പോയേ..

സിദ്ധു ശില്പയെ നോക്കി.. ശരി ഇഷ്ടായില്ലേൽ വേണ്ട. പതിയെ മുറിയിലേക്ക് നടന്നു, ശില്പ പഴയപടി ജോലികൾ നോക്കാൻ തുടങ്ങി, രാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ സിദ്ധു നേരത്തെ കിടന്നിരുന്നു, ശില്പ അരികിലായിരുന്ന് തലമുടിയിലൂടെ വിരലോടിച്ചു, സിദ്ധു കുറച്ച് കഴിഞ്ഞപ്പോൾ തലയെടുത്ത് അവളുടെ മടിയിലേക്ക് വെച്ചു, ശില്പ ചിരിച്ചിട്ട്.. ഉറങ്ങിയില്ലായിരുന്നോ.?

സിദ്ധുവൊന്നും മിണ്ടാതെ അങ്ങനെ കിടന്നു, അവൾ അവന്റെ മുഖത്തുകൂടി വിരലോടിച്ചു.. എന്നോട് ദേഷ്യമുണ്ടെന്ന് മനസ്സിലായി, സോറി..

സിദ്ധു അതിനും മറുപടിയൊന്നും പറഞ്ഞില്ല, ശില്പ തുടർന്നു.. നീ ദേഷ്യപ്പെട്ടോ കുഴപ്പമില്ല, നീ ചോദിക്കുന്നത് ന്യായമാണ് സമ്മതിച്ചു, കല്യാണം കഴിഞ്ഞാൽ ആർക്കായാലും മോഹം കാണും, പക്ഷെ ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ, എനിക്ക് കൂടി ആഗ്രഹം വേണ്ടേ.. ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. എനിക്ക് കുറച്ച്കൂടി സാവകാശം താ, ഞാൻ നല്ലപോലെ തയ്യാറായിട്ട് എന്തുവേണേലും ആവാം, അല്ലെങ്കിൽ നീ പ്രതീക്ഷിക്കുന്ന പോലെ ഒന്നും സാധിക്കില്ല..

മറുപടിയൊന്നും കാണാഞ്ഞപ്പോൾ ശില്പ സിദ്ധുവിനെ തട്ടി വിളിച്ചു… ഡാ നീ വല്ലോം കേൾക്കുന്നുണ്ടോ.

സിദ്ധു ചെറുതായൊന്ന് കണ്ണ് തുറന്നിട്ട്‌.. കഴിഞ്ഞോ..

നീ എന്നെ കളിയാക്കാണോ.. ശില്പ മനസ്സിലാവാതെ ചോദിച്ചു..

സിദ്ധുവൊന്ന് ചിരിച്ചു.. എനിക്ക് അങ്ങനെയാണ് നിന്നോട് തോന്നിയിരുന്നേൽ ഈ മുറിയിൽ നിന്ന് ശബ്ദം പോലും വരാതെ എനിക്ക് ബലമായി ആഗ്രഹം സാധിക്കായിരുന്നു,എനിക്ക് നീയെന്ന് പറയുന്നത് ജീവനാണ്, മോഹമുണ്ട്, ഇല്ലാന്ന് പറയുന്നില്ല, എന്നാലും അത്‌ കീഴടക്കാനുള്ളതല്ല..

ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. ഇത് എവിടുന്ന് കിട്ടിയതാ.

സിദ്ധു തലയിലൂടെ പുതപ്പിട്ടു.. നിനക്ക് അങ്ങനെയൊക്കെ തോന്നും.

ശില്പ സിദ്ധുവിന്റെ അരികിലേക്ക് ചേർന്നുകിടന്നു.. അല്ല പറയെന്നേ, എനിക്കും അറിയണ്ടേ നീ ഇങ്ങനെ ഓരോന്ന് എവിടുന്നാ അടിച്ചു മാറ്റിയോണ്ട് വരുന്നെന്ന്..

സിദ്ധു അവൾക്ക് നേരെ തിരിഞ്ഞു.. നീ എന്റെ മനസ്സ് കണ്ടിട്ടുണ്ടോ..

അത്‌ എവിടെയാ വെച്ചിരിക്കുന്നേ.. ശില്പ ചുറ്റിലും തിരയാൻ തുടങ്ങി.

സിദ്ധു കണ്ണടച്ചു.. പെൺകുട്ടികൾ കരയുന്നത് എനിക്ക് ഇഷ്ടമല്ല, നിനക്ക് എന്തേലും പ്രശ്നമുണ്ടേൽ ധൈര്യമായിട്ട് പറയണം, അത് എന്നെ കൊണ്ടാണേൽ പോലും..

ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട് കെട്ടിപിടിച്ചു.. താങ്ക്യൂ, എനിക്ക് നീയൊരു ഭാഗ്യമാണെന്ന് മനസ്സിലാക്കി തരുന്നതിന്..

സിദ്ധു കണ്ണുതുറന്നു.. ഇത് എവിടുന്ന് കിട്ടിയതാ.

ശില്പ ചിരിച്ചു.. സമ്മതിച്ചു അങ്ങോട്ടും ഇങ്ങോട്ടുമായി ഇനി വേണ്ട..

സിദ്ധു കണ്ണടച്ചു കിടന്നു, രാവിലെ എഴുന്നേറ്റപ്പോൾ പതിവ് പോലെ ശില്പ അരികിലില്ലായിരുന്നു, സിദ്ധു വേഗത്തിൽ റെഡിയായിട്ട് അടുക്കളയിലേക്ക് ചെന്നു,ശില്പയെ കണ്ടപ്പോൾ ഒന്ന് നിന്നിട്ട് ചുറ്റിലും നോക്കി, കഴുകാൻ പാത്രങ്ങളുണ്ട്, അടുപ്പത്ത് ഉച്ചത്തേക്കുള്ളത് റെഡിയാവുന്നുമുണ്ട്, അമ്മയെ കാണാനുമില്ല, സിദ്ധു അരികിലേക്ക് ചെന്നു, ശില്പ അവനെ കണ്ടപ്പോൾ.. നീ റെഡിയായോ, എന്നാൽ ഇരുന്നോ ഞാൻ കഴിക്കാനെടുക്കാം..

അമ്മ എവിടെ..?

അമ്മ പുറത്തുണ്ടാവും..

ഒറ്റക്കാണോ എല്ലാം കൂടി ചെയ്യുന്നേ..?

അതിനെന്താ, ഇതൊക്കെ ഞാൻ ചെയ്യുന്നതല്ലേ..

അതെന്താ നിനക്ക് ഹോട്ടലിൽ ആയിരുന്നോ ജോലി..

ശില്പ ചിരിച്ചു.. രാവിലെ നല്ല മൂഡിലാണല്ലോ..

സിദ്ധുവൊന്നും മിണ്ടിയില്ല, ശില്പ പ്ലേറ്റെടുത്ത് സിദ്ധുവിന് നേരെ നീട്ടി, അവനത് വാങ്ങാതെ പാത്രങ്ങൾ എടുത്ത് കഴുകാൻ തുടങ്ങി, ശില്പയൊന്ന് നോക്കിയിട്ട് മിണ്ടാതെ മാറി നിന്നു, എല്ലാം കഴിഞ്ഞിട്ട് പതിയെ പുറത്തേക്ക് നടന്നു, അമ്മ അയല്പക്കത്തുള്ള ചേച്ചിയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ
അമ്മയെ നീട്ടി വിളിച്ചു..

അമ്മ പെട്ടെന്ന് തിരിഞ്ഞുനോക്കി,കയ്യിൽ ഫോൺ കണ്ടപ്പോൾ ഉണ്ണിയോട്..
ആരാടാ ദുബായിന്ന് ചേച്ചിയാണോ..

അല്ല അമേരിക്കയിൽ നിന്ന് ഒബാമ..

ഈ ചെക്കനിതെന്താ.. അമ്മ സംസാരം നിർത്തി.. ഒരു മിനിറ്റ് ഞാനിപ്പോൾ വരാം, ചിലപ്പോൾ മോള് ദുബായിൽ നിന്ന് വിളിക്കുന്നതാവും..

അമ്മ സിദ്ധുവിന്റെ അരികിലെത്തി.. ഫോൺ എവിടെ..

എന്ത് ഫോൺ, അമ്മ എന്തിനാ വെയില് കൊള്ളാൻ അവിടെ പോയി നിൽക്കുന്നേ, അകത്തിരുന്നാൽ പോരെ..

ശ്ശെടാ ഇവനിത്രയ്ക്ക് സ്നേഹമുണ്ടോന്ന് ചിന്തിച്ച് അമ്മ ഹാളിൽ വന്നിരുന്നു, സിദ്ധു അടുക്കളയിൽ പോയി തിരിച്ചു വന്ന് അമ്മയുടെ മടിയിലേക്ക് പച്ചക്കറി വെച്ചുകൊടുത്തു.. വെറുതെ ഇരിക്കണ്ട ഇതുകൂടി അരിഞ്ഞേക്ക്..

അമ്മ സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. ഇതിനായിരുന്നോ കാര്യമായിട്ട് എന്നെ അവിടെ നിന്ന് വിളിച്ചത്..

അല്ലല്ലോ അമ്മ വെറുതെ ഇരുന്നോട്ടെ വിചാരിച്ചു, കൂട്ടത്തിൽ കയ്യിനൊരു വ്യായാമവും..

ആ വ്യായാമം നിനക്കും ആവാലോ, ഭാര്യയോട് അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ അരിഞ്ഞു കൊടുക്കായിരുന്നില്ലേ..

സിദ്ധു ചിരിച്ചിട്ട് കൈകാണിച്ചു കൊടുത്തു.. എല്ലാ പാത്രങ്ങളും കഴുകി വെച്ചിട്ടുണ്ട്, അവള് ഒറ്റയ്ക്ക് പണിയെടുക്കുന്നത് കാണാൻ വയ്യാത്തോണ്ടല്ല എനിക്ക് കൂടി കഴിക്കാൻ വേണ്ടിയിട്ടാണല്ലോന്ന് ഓർമ്മയുള്ളതുകൊണ്ടാ.. സിദ്ധു അമ്മയെയോന്ന് നോക്കി. അമ്മയ്ക്ക് റസ്റ്റ്‌ എടുക്കാൻ സമയം തരാ, അതുവരെ എന്തിനേലും ഇതുപോലെ കൂടാം..

അമ്മ കഷ്ണം നുറുക്കാൻ തുടങ്ങി, പ്രിയ ഹാളിലേക്ക് വന്നപ്പോഴാണ് അമ്മയുടെ മടിയിൽ പച്ചക്കറി കണ്ടത്, വേഗത്തിൽ അമ്മയുടെ അരികിൽ ചെന്ന്.. അയ്യോ അമ്മേ ഞാൻ അരിഞ്ഞോളാം..

അമ്മ മറുപടിയൊന്നും പറയാതെ സിദ്ധുവിനെ നോക്കി, എന്നിട്ട് ശില്പയോട്.. സാരമില്ല, കഴിയാറായില്ലേ ഞാൻ തന്നെ ചെയ്തോളാം..

സിദ്ധു എഴുന്നേറ്റപ്പോൾ ശില്പ പുറകെ ചെന്ന് തടഞ്ഞു.. എടാ ദുഷ്ടാ നീ സഹായിക്കാ പറഞ്ഞല്ലേ എടുത്തോണ്ട് പോന്നത്..

സിദ്ധു ചിരിച്ചു.. നിനക്ക് അത്‌ കഷ്ണമാക്കി കിട്ടിയാൽ പോരെ..

ശില്പ തലയിൽ കൈവെച്ചു.. റേഷൻ കാർഡിൽ പേര് ചേർക്കാൻ സമ്മതിക്കില്ലല്ലേ..

പോടീ അവിടുന്ന് എന്റെ പേരെ ലിസ്റ്റിലില്ല പിന്നെയാണ് നീ..

ശില്പ ചിരിച്ചു.. അപ്പോൾ 5 കുട്ടികളെയും കൊണ്ട് റോഡിലിറങ്ങി തെണ്ടാൻ തന്നെ തീരുമാനം..

അത്‌ അപ്പോഴല്ലേ, എന്റെ യോഗം വെച്ചു നോക്കുമ്പോൾ ഞാൻ രാജാവാ, അപ്പോൾ നീ റാണിയും..

ശില്പ വീണ്ടും ചിരിച്ചു.. അതേ ഭരണം മുഴുവൻ അടുക്കളയിലാണെന്ന് മാത്രം..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട് മുറിയിലേക്ക് നടന്നു,, വൈകുന്നേരം ഭക്ഷണം കഴിക്കല് കഴിഞ്ഞിട്ട് പ്രിയ കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി, ഉണ്ണി കസേരയിൽ ഇരുന്നുകൊണ്ട്.. നീ തിങ്കളാഴ്ച്ച രാവിലെ പോയിട്ട് എപ്പോൾ വരും..

ശില്പ ബെഡ്ഷീറ്റ് ശരിയാക്കിയിട്ട് സിദ്ധുവിന് നേരെ തിരിഞ്ഞു.. ജനിച്ചയുടനെ നീ നേരെ എഞ്ചിനീയറിംഗ് കോളേജിലേക്കാണോ പോയത്..

അല്ല രണ്ട് ദിവസം റെസ്റ്റെടുത്തിട്ട് പതുക്കെയാ പോയത്..

സിദ്ധുവിന്റെ മറുപടി കേട്ടപ്പോൾ ശില്പ ചിരിച്ചിട്ട് ബെഡിലിരുന്നു.. സ്കൂളിൽ പോയിട്ടില്ലെന്ന് ചോദിക്കാൻ വന്നതായിരുന്നു, ഇനി വേണ്ട ഞാൻ കറക്റ്റ് 4 മണിക്ക് പുറത്തിറങ്ങും, ഇനി നിർഭാഗ്യവശാൽ എന്തെങ്കിലും തിരക്ക് വന്നാ 15 മിനിറ്റ് അധികം..

സിദ്ധു ശില്പയുടെ അരികിലേക്ക് വന്നിട്ട്.. എന്നാൽ നമ്മുക്ക് ഒപ്പം പോയിട്ട് വന്നാലോ..

ശില്പ സിദ്ധുവിനെ നോക്കി.. അതിന് നിനക്ക് 6 മണി വരെ ഓഫീസില്ലേ.

സിദ്ധു ആലോചിച്ചു..

ഉണ്ടോ.

ശില്പ തലയിൽ കൈവെച്ചു.. കൃഷ്ണാ ഏത് നേരത്താണാവോ ഇതിനെ കെട്ടാൻ തോന്നിയെ..

സിദ്ധു അവളുടെ കൈ തലയിൽ നിന്ന് മാറ്റി.. 10:30 to 11 നല്ല മുഹൂർത്തമല്ലേ..

ശില്പ ബെഡ്ഡിൽ കിടന്നു.. നിന്നെ കൂടുതലൊന്നും പറയുന്നില്ല, ഉറക്കം വരുന്നുണ്ടേൽ കിടന്നോ..

സിദ്ധു അവളുടെ അരികിൽ കിടന്നിട്ട് മുഖത്തേക്ക് നോക്കി.. എടി നമ്മുക്ക് കറങ്ങാൻ പോയാലോ.

ശില്പ പെട്ടെന്ന് തിരിഞ്ഞു.. ഹണിമൂൺ..

സിദ്ധു ചിരിച്ചു.. ഹണിമൂണോ, അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..

ശരി ഓക്കേ കല്യാണം കഴിഞ്ഞിട്ട് പോവാം, ഇപ്പോൾ നീ പോവാ പറഞ്ഞത് എങ്ങോട്ടാ..

സിദ്ധു അവളുടെ നെറ്റിയിലൂടെ വിരലോടിച്ചു.. നമ്മുക്ക് രാത്രിയിൽ പുറത്തുകൂടി നടന്നാലോ..

ശില്പ എഴുന്നേറ്റു.. എന്നാൽ വാ പോവാം.

സിദ്ധു ചുറ്റിലും നോക്കി.. ഇരുട്ടത്തോ..

തമാശ കളിക്കാതെ എഴുന്നേൽക്ക്.. ശില്പ സിദ്ധുവിന്റെ കൈപിടിച്ച് വലിച്ചു..

സിദ്ധു എഴുന്നേറ്റ് ശില്പയുടെ പുറകെ നടന്നു, അവള് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തെത്തി, സിദ്ധുവിനെ നോക്കികൊണ്ട്.. എടാ നമ്മള് തിരിച്ചു വരുമ്പോഴേക്കും അവര് വാതിലടച്ചു കുറ്റിയിടോ..

ഏയ്‌ ചാൻസില്ല, നമ്മള് വേഗം വരുമല്ലോ..

ശില്പ ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി, സിദ്ധു കൂടെ നടക്കാൻ തുടങ്ങി, ശില്പ റോഡിലെ കല്ലുകളൊക്കെ തട്ടിക്കൊണ്ടിരുന്നു, സിദ്ധു പുറകിൽ നിന്ന്.. കാല് വേദനിക്കും.

ശില്പ തിരിഞ്ഞിട്ട് ചിരിച്ചു.. എനിക്കറിയാം.

സിദ്ധു ചിരിച്ചു.. പിന്നെയെന്തിനാടി അറിഞ്ഞോണ്ട് ചെയ്യുന്നേ.

ആ അങ്ങനെ പോരട്ടെ, നീ രണ്ട് ചീത്തയൊക്കെ പറയ്, എനിക്കും കേൾക്കണമെന്ന് ആഗ്രഹമില്ലേ..

സിദ്ധു ആകാശത്തേക്ക് നോക്കിയിട്ട്.. എല്ലാ പെൺകുട്ടികൾക്കുമുണ്ടോ രാത്രിയിൽ കറങ്ങണമെന്ന് മോഹം..

എല്ലാവർക്കുമുണ്ടോന്ന് അറിയില്ല, എനിക്ക് ഇഷ്ടമാണ്, പകലിനേക്കാൾ ഭംഗിയുണ്ടെന്ന് തോന്നിയിട്ടുണ്ട് ഉറക്കമൊഴിച്ച് ഇരിക്കുമ്പോൾ..

ഉം പഴയ ഓർമ്മകൾ അല്ലെ..

അതേ മൈഡിയർ ഹസ്ബന്റ്, പക്ഷെ ഒരു കാര്യത്തിൽ ഇപ്പോൾ സന്തോഷമുണ്ട്, എന്നെ മനസ്സിലാക്കുന്ന നീയല്ല, മറിച്ച് എനിക്ക് സ്വാതന്ത്ര്യം നീയാണ് കൂടെ യുള്ളത്..

സിദ്ധു നിന്നു.. എഴുതി വെക്കട്ടെ..

ശില്പ ചിരിച്ചു.. കളിയാക്കിക്കോ.

സിദ്ധു കൂടെ നടന്നു, ശില്പ നിന്നിട്ട് ഒരു വീട്ടിലേക്ക് നോക്കി.. നമ്മുക്ക് മാവിന് കല്ലെറിഞ്ഞാലോ..

സിദ്ധു ചുറ്റിലും നോക്കി.. ഈ പകൽ സമയത്തോ.

എന്തേ നല്ല ടൈമല്ലേ, നമ്മുക്ക് മാങ്ങ തിന്നുകൊണ്ട് നടന്നൂടെ..

സിദ്ധു പതിയെ മതിലിൽ ചാടി കയറി രണ്ട് മാങ്ങ കൈനീട്ടിയെത്തിച്ച് പൊട്ടി ച്ചെടുത്തു, താഴെയിറങ്ങി ശില്പയുടെ നേരെ നീട്ടി, അവളത് വാങ്ങി തുടച്ചിട്ട് ഒന്ന് കടിച്ചു, സിദ്ധുവിനെ നോക്കിയിട്ട്.. നല്ല പുളിയുണ്ട്..

ഉണ്ടാവും ആരാന്റെ മാവിലെ മാങ്ങയല്ലേ..

അതുവിട് നന്നായി വേലി ചാടാൻ അറിയാലോ, എവിടുന്ന് പഠിച്ചു..

ഉം കളിയാക്കിക്കോ, കഷ്ടപ്പെട്ട് മതിലിൽ കയറിയ എനിക്ക് ഇതുതന്നെ വേണം..

ശില്പ കാല് വേദനിച്ചപ്പോൾ നിന്നു.. ഇനി തിരിച്ചു നടന്നാലോ..

ഞാൻ പറഞ്ഞില്ലേ കാല് വേദനിക്കുമെന്ന്, അപ്പോൾ അവൾക്ക് ജാഡ..

പോടാ ദുഷ്ടാ, എനിക്ക് നടക്കാൻ വയ്യ എന്നെ എടുക്കോ..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. കുറച്ച് ദൂരം എടുക്കാം, അത്‌ കഴിഞ്ഞ് എന്നെ എടുക്കണം..

സമ്മതിച്ചു..

സിദ്ധു അവളെ കൈകളിൽ കോരിയെടുത്തു.. ഭാഗ്യം കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കുന്നില്ല തോന്നണു, തീരെ വെയ്റ്റില്ല..

ഇനി വെയ്റ്റ് കൂട്ടണം.

എന്നാൽ 10 കിലോന്റെ രണ്ട് കട്ടിയെടുത്ത് വിഴുങ്ങിക്കോ..

ഓ അത്‌ ഞാൻ ആലോചിച്ചോളാം..

രണ്ടുപേരും സംസാരിച്ച് സംസാരിച്ച് വീടെത്തി, ശില്പ സിദ്ധുവിനെ നോക്കിയിട്ട്..
സോറി ഇനി നിന്നെ നാളെ എടുക്കാം.

നടന്നത് തന്നെ. സിദ്ധു പതിയെ മുറിയിലേക്ക് കയറി ബെഡ്ഡിൽ കിടന്നു, ശില്പ അരികിൽ കിടന്നിട്ട് സിദ്ധുവിനെ നോക്കി.. ക്ഷീണിച്ചോ..

ഏയ്‌, ഞാൻ ആലോചിക്കായിരുന്നു, രാവിലെ നിന്നെ സ്കൂളിൽ വിട്ട് വൈകുന്നേരം കൂട്ടികൊണ്ട് വരുന്നതിനെ കുറിച്ച്..

നല്ലതാ, ഞാൻ റെഡിയായിട്ട് നിൽക്കാം, വേഗത്തിൽ സ്കൂളിലെത്താലോ..

അപ്പോൾ ഓക്കേ, നമ്മള് രണ്ടുപേരും മറ്റന്നാൾ തൊട്ട് ജോലിക്ക് പോവുന്നു..

ശില്പ സിദ്ധുവിനെ നോക്കി.. ഒരു രഹസ്യം പറയട്ടെ.

സിദ്ധു ആകാംക്ഷയോടെ.. പറ കേൾക്കട്ടെ..

ശില്പ സിദ്ധുവിന്റെ നേരെ തിരിഞ്ഞു..

ഒരു ദുരന്തം എനിക്ക് വേണ്ടി അവിടെ വെയ്റ്റിങ്ങാണ്..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *