മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
സിദ്ധു ബൈക്ക് ഓഫാക്കിയപ്പോൾ ശില്പ താഴെയിറങ്ങി, സിദ്ധുവിനെ നോക്കിയിട്ട്.. എടാ സത്യായിട്ടും ഈ നേരത്ത് കഴിച്ചാൽ ചെല്ലില്ല..
സിദ്ധു കയ്യിൽ പിടിച്ചു.. നീ കഴിക്കണ്ട, എനിക്ക് വിശക്കുന്നുണ്ട്..
ശില്പ സിദ്ധുവിന്റെ കൂടെ അകത്തേക്ക് നടന്നു, മുന്നിലുള്ള ടേബിൾ തിരഞ്ഞെടുത്ത് ഇരുന്നു, ശില്പ ചുറ്റിലുമൊന്ന് നോക്കി..
അടിപൊളി സ്ഥലമാണല്ലേ.
പിന്നല്ലാതെ, നീ ഇവിടുന്ന് കഴിച്ചിട്ടില്ലേ..
ശില്പ ഇല്ലെന്ന് തലയാട്ടി, സിദ്ധു അവളെ നോക്കികൊണ്ട്..
എന്നിട്ടാണോ വേണ്ടാ പറഞ്ഞത്..
ശില്പ താടിക്ക് കൈകൊടുത്തിരുന്നു.. നിന്നോട് ഞാൻ എങ്ങനെയാ പറയാ, എടാ ഇപ്പോൾ കഴിച്ചാൽ രാത്രി എനിക്ക് വിശക്കില്ല..
അത് സാരമില്ല..
നിനക്ക് കുഴപ്പമില്ല, ഞാൻ അടുക്കളയിൽ പോയി പണിയെടുക്കാനുള്ളതാ, വയറും ഫുള്ളാക്കിയിട്ട് എത്ര നേരം നിൽക്കണം അവിടെ..
സിദ്ധു ശില്പയെ നോക്കി.. എന്തിനാ അടുക്കളയിൽ പോവുന്നേ, ഇന്ന് അവര് ഉണ്ടാക്കിക്കോളും..
ശില്പ ചിരിച്ചു.. ഇത് നീ അമ്മയോട് പറയോ..
പിന്നെന്താ..
ശില്പ പെട്ടെന്ന് അബദ്ധം മനസ്സിലാക്കിയിട്ട്.. അയ്യോ വേണ്ട, അറിയാതെ പോലും മിണ്ടിയേക്കല്ലേ..
സിദ്ധു കുറച്ച് നേരം മിണ്ടാതെയിരുന്നിട്ട് ശില്പയോട്.. നിനക്ക് ശരിക്കും ജീവിതം ബോറടിക്കുന്നുണ്ടോ..
ശില്പ ഞെട്ടി..
നീ എന്താ അങ്ങനെ ചോദിച്ചേ..
അല്ല ഇത്രയും അനുഭവിച്ചിട്ട് വീണ്ടും അതേ ജീവിതം തന്നെ തുടരുമ്പോൾ അങ്ങനെ തോന്നി പോവില്ലേ..
ശില്പ സിദ്ധുവിനെ നോക്കി.. സന്തോഷം തേടുന്നത് കൊണ്ടാ ജീവിക്കാൻ ആഗ്രഹിക്കുന്നേ, നിന്നെ കാണുമ്പോൾ എനിക്ക് ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്, നല്ലൊരു കൂട്ട് അടുത്തുണ്ടല്ലോന്ന്, ഇങ്ങനെയുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിച്ച് എന്നെ തളർത്താതെ മോട്ടിവേറ്റ് ചെയ്ത് വല്ല ഉയരത്തിലും എത്തിക്കാൻ നോക്ക്..
സിദ്ധു അവളുടെ കയ്യിൽ പിടിച്ചിട്ട് ചിരിച്ചു.. എന്നാ പറ എന്താ നിന്റെ ആഗ്രഹം..?
ശില്പ കുറച്ച് അരികിലേക്ക് വന്നു.. കളിയാക്കരുത് പറയട്ടെ..
ഞാൻ കാര്യമായിട്ടാ ചോദിക്കുന്നേ, നീ ധൈര്യമായിട്ട് പറ..
ശില്പ സിദ്ധുവിനെ നോക്കി.. എനിക്ക് വിമാനത്തിൽ കയറണം.
സിദ്ധു ശില്പയുടെ കവിളിൽ തലോടി.. ബഡ്ജറ്റ് കുറക്കാൻ വേണ്ടി വിമാന മെന്നുള്ളത് ട്രെയിൻ ആക്കാൻ പറ്റോ..
ശില്പ സിദ്ധുവിന്റെ കൈ തട്ടി.. ഞാൻ ആദ്യമേ പറഞ്ഞു തമാശിക്കരുതെന്ന്..
സോറി അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല, എന്നാലും ഞാൻ വാക്ക് തരുന്നു നമ്മള് വിമാനത്തിൽ തേരാ പാര യാത്ര ചെയ്തിരിക്കും..
ശില്പ ചിരിച്ചു.. കേൾക്കാൻ നല്ല രസമുണ്ട്..
സിദ്ധു അവളെ നോക്കികൊണ്ട്.. ഈ വിമാനമെന്ന് പറയുന്നത് രണ്ട് സൈഡ് ചിറകുള്ള സാധനം തന്നെയല്ലേ, സിംപിൾ പരിപാടി, നാളെ വേണേലും ടിക്കറ്റെടുക്കാം..
അയ്യോ വേണ്ടായേ, ഇത്രേം സ്പീഡ് വേണ്ട, നമ്മുക്ക് പതിയെ പ്ലാൻ ചെയ്ത് പോവാം, എന്നാലും സന്തോഷം എന്തേലും പറയുമ്പോഴേക്കും ചെയ്ത് തരാമെന്ന് പറയുമ്പോൾ..
എനിക്ക് പറയാൻ നീയല്ലേയുള്ളൂ..
അയ്യോ അത്രയ്ക്ക് വേണ്ട, കുറച്ച് കുറയ്ക്കാം, നിനക്ക് പറയാൻ കൂട്ടിന് ഞാനും കൂടിയുണ്ടല്ലോന്ന് പറഞ്ഞോ..
അങ്ങനെയെങ്കിൽ അങ്ങനെ..
സിദ്ധുവും ശില്പയും ഭക്ഷണം കഴിച്ച് വേഗത്തിൽ വീട്ടിലേക്ക് പുറപ്പെട്ടു,വീടിനു മുന്നിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു, ബൈക്കിൽ നിന്നിറങ്ങി ശില്പ സിദ്ധുവിനെ നോക്കി, സിദ്ധു അവളുടെ ഭാവം മനസ്സിലാക്കി മുന്നിൽ നടന്നു, ശില്പ പുറകിൽ ചെന്നു, അമ്മ സിദ്ധുവിനെ ശ്രദ്ധിക്കാതെ ശില്പയെ തടഞ്ഞു.. മോളൊന്ന് നിന്നേ..
ശില്പ നിന്നിട്ട് അമ്മയെ നോക്കി, അമ്മ അവളുടെ അരികിലേക്ക് വന്നിട്ട്.. പോവു മ്പോൾ ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ ഇങ്ങോട്ട് വന്നോളാമെന്ന്, ഞാനെന്താ നിങ്ങൾക്കൊക്കെ വെച്ചുണ്ടാക്കി തരാൻ വേണ്ടി ഇരിക്കാണോ..
ശില്പയൊന്നും മിണ്ടിയില്ല, അമ്മ ഒന്ന് തണുത്തു… ശരി ചെല്ല്, കുട്ടികൾക്കുള്ള വല്ലോം ഉണ്ടാക്കി കൊടുക്ക്..
ശില്പ അകത്തേക്ക് കയറാനൊരുങ്ങിയപ്പോൾ ഉണ്ണി പിടിച്ചു നിർത്തി, അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി..
എന്റെ ഭാര്യയാണെന്ന് ഓർക്കണ്ട, വേറൊരു വീട്ടിൽ നിന്ന് വന്നതാണെന്നെങ്കിലും ഓർത്തൂടെ..
ശില്പ സിദ്ധുവിനെ തടഞ്ഞു.. പ്ലീസ് നീ മിണ്ടാതിരിക്ക്..
സിദ്ധു അമ്മയെ ഒന്നുകൂടി നോക്കി.. അവള് സഹായിക്കും , പക്ഷെ ഇങ്ങനെ പണിയെടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..
അമ്മ സിദ്ധുവിന്റെ നേരെ തിരിഞ്ഞു.. ഇവളുടെ വാക്ക് കേട്ടാണ് നീ എന്നോട് തർക്കിക്കുന്നെങ്കിൽ എനിക്ക് നിന്നോട് ഒന്നും പറയാനില്ല, ഞാനും ഇത്രയും കാലം ഒറ്റയ്ക്ക് തന്നെയാ നിങ്ങൾക്കൊക്കെ വെച്ചുണ്ടാക്കി തന്നിരുന്നേ അന്നൊന്നും നീ ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലല്ലോ, ഇപ്പോൾ നിന്റെ ഭാര്യ കഷ്ടപ്പെടുന്നത് കാണുമ്പോൾ നിനക്ക് സഹിക്കുന്നില്ലല്ലേ..
സിദ്ധു ശില്പയുടെ കൈവിട്ടു, അമ്മയുടെ കൈപിടിച്ചു.. ശരി എന്നാൽ അമ്മയും പണിയെടുക്കണ്ട..
അമ്മ സിദ്ധുവിന്റെ കൈമാറ്റിയിട്ട് മാറിപ്പോയി, സിദ്ധുവും ശില്പയും അകത്തേക്ക് നടന്നു, അമ്മ പുറത്തിരുന്ന അച്ഛനരുകിലേക്ക് ചെന്നു, അമ്മയെയൊന്ന് നോക്കിയിട്ട് അച്ഛൻ..
നീ നല്ലോം നുണ പറയുന്നുണ്ടല്ലോ..
അമ്മ തലതാഴ്ത്തി.. അതുപിന്നെ എനിക്ക് പറയാൻ വല്ലോം കിട്ടണ്ടേ..
എന്നാലും അവനോട് അങ്ങനെ പറയണ്ടായിരുന്നു, രണ്ട് മരുമക്കളുടെ ഇടയിലും നീ ഒറ്റയ്ക്ക് വലഞ്ഞപ്പോൾ അവൻ മാത്രേ എന്റെ അമ്മയ്ക്ക് വയ്യ ബുദ്ധിമുട്ടി ക്കരുതെന്ന് പറഞ്ഞ് നിന്നെ രക്ഷപ്പെടുത്തിയുള്ളൂ..
അമ്മ ഇരുന്നു.. ശരി സമ്മതിച്ചു, ഇനി എന്താ ഞാനിപ്പോൾ ചെയ്യേണ്ടത് അവനോട് മാപ്പ് പറയണോ..
ഒന്നും വേണ്ട വഴക്കുണ്ടാക്കാതിരുന്നാൽ മതി..
എല്ലാത്തിനും കാരണം അവളൊരുത്തിയാ, അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാ ഈ ബന്ധം വേണ്ടാ ചേരില്ലാന്ന്..
ധൈര്യമുണ്ടേൽ അവനോട് പോയി പറഞ്ഞിട്ട് വാ..
അമ്മയൊന്നും മിണ്ടിയില്ല, ഈ സമയം സിദ്ധു മുറിയിൽ കയറി ഡ്രസ്സ് മാറിയിട്ട് ശില്പയോട്.. നിനക്ക് വയ്യെങ്കിൽ അടുക്കളയിൽ കുറച്ച് നേരം നിന്നാൽ മതി..
ശില്പ ചിരിച്ചു.. ഞാൻ വിചാരിച്ചു അടുക്കളയിൽ പോവണ്ടാന്ന് പറയാൻ വരായിരിക്കുമെന്ന്..
ഏയ് അമ്മ പാവമാ, ആ ദേഷ്യമൊന്നും കാര്യമാക്കണ്ട, ഒരു കുഴപ്പവുമില്ലാത്ത നിനക്കേ വയ്യെങ്കിൽ ശരീരം കൊണ്ട് വയ്യാത്ത അമ്മയുടെ കാര്യം പറയണോ..
അതിനു ഞാൻ സഹായിക്കില്ല പറഞ്ഞില്ലല്ലോ..
സിദ്ധു ചിരിച്ചു..
പറയണ്ട, എന്തിനേലും കൂട്ടിനു വേണേൽ എന്നെ വിളിച്ചാൽ മതി..
ശില്പ സിദ്ധുവിനെ നോക്കി.. എന്നാൽ വാ..
അയ്യോ എന്തേലും സഹായം വേണേൽ മാത്രമേ വിളിക്കാവൂ..
ശില്പ സിദ്ധുവിന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.. അങ്ങോട്ട് നടന്നേ.
സിദ്ധു അടുക്കളയിലെത്തി, ശില്പയുടെ കൂടെ ഓരോന്നിനും സഹായിച്ചു കൊണ്ടിരുന്നു, വൈകുന്നേരം കഴിക്കല് കഴിഞ്ഞിട്ട് കിടക്കാൻ നേരം ശില്പ സിദ്ധുവിന്റെ അരികിൽ വന്നിട്ട്..
ഒരു രഹസ്യം പറയട്ടെ…
സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. അടുത്തതാരാ..
ശ്ശേ വൃത്തികേട് പറയാതെ, ഞാൻ കാര്യായിട്ട് പറയാൻ വന്നതാ..
എന്താണത്… സിദ്ധു ആകാംക്ഷയോടെ കാതോർത്തു..
ഞാനുണ്ടല്ലോ നിന്നെ ശരിക്കും കല്യാണം കഴിച്ചാലോന്ന് ആലോചിക്കാ..
അതിന് എനിക്ക് സമ്മതമല്ലല്ലോ..
അതെന്താ..
സിദ്ധു എഴുന്നേറ്റു.. സോറി പെങ്ങളെ എനിക്ക് വേറെയൊരാളെ ഇഷ്ടാണ്..
ആരാ അത്..
സിദ്ധു ചുമരിലെ ഫോട്ടോക്ക് നേരെ കൈചൂണ്ടി, കല്യാണഫോട്ടോ കണ്ടപ്പോൾ ശില്പ ..
പോടാ…
സിദ്ധു അരികിലേക്ക് വന്ന് അവളെ മുറുകെ പിടിച്ചു.. പാവമല്ലേ വിചാരിച്ചു വെറുതെ വിട്ടപ്പോൾ തലയിൽ കയറുന്നോ..
സിദ്ധു ശരിക്കും വേദനിക്കുന്നുണ്ട്..
സിദ്ധു കൈവിട്ടു.. വേദനിച്ചോ.?
ശില്പ ചിരിച്ചു.. പറ്റിച്ചതാ..
ആണോ മിണ്ടാതെ കിടന്നുറങ്ങ് എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ..
അയ്യോ വലിയ കളക്ടർ വന്നിരിക്കുന്നു, സാർ ഉറങ്ങിക്കോ..
സിദ്ധു കിടന്നു, ശില്പ കുറച്ച് നേരം അങ്ങനെയിരുന്നു, സിദ്ധു ഉറങ്ങിയതിനു ശേഷം ജനലിനരുകിലേക്ക് വന്നിട്ട് മുട്ടുകുത്തി കരയാൻ തുടങ്ങി, പതിയെ കണ്ണ് തുടച്ച് തിരികെ വന്ന് കിടന്നു, ശില്പ കണ്ണടച്ചപ്പോൾ.. ഡി വെള്ളം കുടിക്കാൻ വേണോ..
ശില്പ പെട്ടെന്ന് എഴുന്നേറ്റ് ലൈറ്റിട്ടു, സിദ്ധു തിരിഞ്ഞ് അവളെ നോക്കിയിട്ട്..
ഓഫാക്കിയിട്ട് ഉറങ്ങെടി..
ശില്പ അത്ഭുതത്തോടെ.. നിനക്ക് ഉറക്കമൊന്നുമില്ലേ..
സിദ്ധു കണ്ണ് തുറന്നു.. ഉം ഇത്രേം കാലം ഒറ്റക്കല്ലേ കിടന്നിരുന്നേ അപ്പോൾ പെട്ടെന്ന് ഉറങ്ങിയിരുന്നു, ഇപ്പോൾ നീയുള്ളത് കൊണ്ട് നീ ഉറങ്ങി കഴിഞ്ഞേ ഉറക്കം വരുന്നുള്ളൂ, അതുപോട്ടെ എന്തിനാ കരഞ്ഞേ, ഇന്ന് കരയാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ..
ശില്പ ടേബിളിൽ നിന്ന് ഫോണെടുത്ത് സിദ്ധുവിന് നേരെ നീട്ടി, സിദ്ധുവത് വാങ്ങി നോക്കിയിട്ട്..
ഇത്രേം ബുദ്ധിമുട്ടാണേൽ ഞാനൊന്ന് പറയട്ടെ..
ശില്പ ആകാംക്ഷയോടെ സിദ്ധുവിനെ നോക്കി, സിദ്ധു ശില്പയുടെ അരികിൽ വന്നു.. അവളെ ഇങ്ങോട്ട് കൊണ്ടുവന്നാലോ കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ, അപ്പോൾ നിന്റെ ടെൻഷനും മാറും സങ്കടവും കുറയും..
ശില്പ കുറച്ച് നേരം ആലോചിച്ചിട്ട്.. പക്ഷെ അമ്മ സമ്മതിക്കോ..?
അമ്മ എന്തിനാ സമ്മതിക്കുന്നേ നീ നിന്റെ അനിയത്തിയെയല്ലേ കൊണ്ടു വരുന്നേ..
അതല്ല ഇവിടെ വന്നാൽ എന്തേലും കുഴപ്പമുണ്ടാവോന്നാ ചോദിക്കുന്നേ..
ഒരു പ്രശ്നവും ഉണ്ടാവില്ല നീ ആലോചിച്ചു ടെൻഷനടിക്കാതെ ഉറങ്ങാൻ നോക്ക്, നാളെ വരുമ്പോൾ അവളെയും കൊണ്ടുവരാം..
ശില്പ സംശയം മാറാതെ.. എന്നാലും അമ്മയോട് ഒരു വാക്ക്.
സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട്.. രാവിലെ പറയാം.
അതല്ലേ ഞാനും ചോദിച്ചേ..
സിദ്ധു ചിരിച്ചു.. എന്നെ പുച്ഛം, ഞാൻ പറഞ്ഞിട്ട് എന്തേലും ചെയ്താൽ നാളെ ചീത്ത കേൾക്കേണ്ടി വരുമോയെന്ന് സംശയം ലെ..
അതൊന്നുമല്ല സിദ്ധു,ചോദിക്കണമല്ലോ അതല്ലേ മര്യാദ..
നീ ചോദിക്കുകയോ പറയുകയോ എന്ത് വേണേലും ചെയ്തോ, വൈകുന്നേരം തീരുമാനം പറഞ്ഞാൽ മതി..
ശില്പ സിദ്ധുവിനെ തട്ടി.. സങ്കടായോ പറഞ്ഞത്.
അയ്യേ അതുകൊണ്ടൊന്നുമല്ല, നിനക്ക് പേടിയുള്ളതുകൊണ്ടല്ലേ,പക്ഷേ ആ പേടി എനിക്കില്ല..
ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. വെറുതെ പറയണ്ട, കല്യാണം കഴിയുന്നതിനു മുമ്പ് വരെ അമ്മയുടെ സാരി തുമ്പിലായിരുന്നെന്ന് കേട്ടല്ലോ..
അത് സത്യം, അമ്മ എനിക്ക് ദിവസവും കടല മിഠായി വാങ്ങി തരുമായിരുന്നു..
അതുകൊണ്ട്..
സിദ്ധു ചിരിച്ചു.. നിനക്ക് എന്നെ കാണുമ്പോൾ തമാശയായി തോന്നുന്നുണ്ടോ, എന്റെ അമ്മയാണത്, സാരി തുമ്പിലോ വിരൽ തുമ്പിലോ ഒക്കെ തൂങ്ങി നടന്നെന്ന് വരും.. സിദ്ധു മുഖമൊന്ന് താഴ്ത്തി.. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
ശില്പ സിദ്ധുവിന്റെ കൈപിടിച്ചു.. സോറി..
എന്തിന് നമ്മള് രാവിലെ അമ്മയുമായി തല്ലുണ്ടാക്കുന്നു, ഇതൊന്നും ഇവിടെ യൊരു സംഭവമേയല്ല..
എന്നാൽ രാവിലെ നോക്കാം..
സിദ്ധു ചിരിച്ചു. തല്ലുണ്ടാക്കാ പറഞ്ഞപ്പോൾ സന്തോഷം ലെ..
പോടാ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്.. ശില്പ ലൈറ്റ് ഓഫാക്കി..
രാവിലെ എഴുന്നേറ്റ് റെഡിയായി നിൽക്കുമ്പോഴാണ് ശില്പ സിദ്ധുവിന്റെ അരികിലേക്ക് വന്നത്..
ഡാ.. അമ്മ പുറത്ത് നിൽക്കുന്നുണ്ട്, നീ നൈസായി കാര്യം പറഞ്ഞേക്ക്.
സിദ്ധു ശില്പയെ നോക്കികൊണ്ട്.. എന്ത് കാര്യം..?
അപ്പോഴേക്കും മറന്നോ അമ്മൂനെ കൊണ്ടുവരുന്ന കാര്യം..
സിദ്ധു പെട്ടെന്ന്..
ആ അങ്ങനെയൊരു കാര്യമുണ്ടല്ലേ ഇപ്പോൾ ശരിയാക്കി തരാം..മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി അമ്മയുടെ അരികിലേക്ക് നടന്നു, അമ്മ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ സിദ്ധുവൊന്ന് നിന്നു.. രാവിലെ തന്നെ ട്രെയിനിന് തല വെക്കണോ.. സിദ്ധു തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് ഉമ്മറത്തു നിൽക്കുന്നത് കണ്ടത്.. ആ ചെകുത്താനും കടലിനും ഇടക്കാണല്ലോ..
സിദ്ധു അമ്മയുടെ അരികിലെത്തി, അമ്മയൊന്ന് സിദ്ധുവിനെ നോക്കിയിട്ട്…എന്താടാ..
സിദ്ധു ചുറ്റിലും കണ്ണോടിച്ചു.. മാവൊക്കെ പൂത്തല്ലേ..
അമ്മ മനസ്സിലാവാതെ.. അത് കൊല്ലവും പൂക്കുന്നതല്ലേ.
സിദ്ധു ഒന്ന് കണ്ണടച്ചിട്ട്.. കൊണ്ടുവരട്ടെ.
എന്ത് മാവിൻതൈയോ..?
സിദ്ധു അല്ലെന്നും അതേയെന്നും തലയാട്ടുന്നത് കണ്ടപ്പോൾ അമ്മ.. പെട്ടെന്ന് പൂക്കുന്ന ഇനമാണോ..
സിദ്ധു അമ്മയെയോന്ന് നോക്കിയിട്ട്.. സമ്മതമാണോ പറ..
സമ്മതമാണ്, ഇവിടെ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ,നീ ധൈര്യമായി കൊണ്ടുവാ..
സിദ്ധു ശരിയെന്ന് തലയാട്ടി ശില്പയുടെ അരികിലേക്ക് തിരിച്ചു നടന്നു, അടുത്തെത്തിയപ്പോൾ ശില്പ..
എന്തായി..
സിദ്ധു അമ്മയെ നോക്കിയിട്ട്..അമ്മേ കൊണ്ടുവന്നോട്ടെ.
അമ്മ വേലിയരുകിൽ നിന്നും.. കൊണ്ടുവന്നോളാൻ നിന്നോട് പറഞ്ഞില്ലേ.
ശില്പ സിദ്ധുവിന്റെ കവിളിലൊരു ഉമ്മ കൊടുത്തിട്ട്..താങ്ക്സ്, ഞാൻ പോയിട്ട് അവളോട് ഒരുങ്ങി നിൽക്കാൻ പറയാ..
സിദ്ധു തൂണിൽ ചാരി.. എന്റെ നല്ല സമയം തുടങ്ങി..
തുടരും..