നീയും ഞാനും ~ ഭാഗം 12, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

സിദ്ധുവും ശില്പയും ജോലിക്ക് റെഡിയായി ഇറങ്ങി, സ്കൂളിന് മുന്നിലെ ത്തിയപ്പോൾ ബൈക്ക് നിർത്തി, താഴെയിറങ്ങിയ ശില്പ സിദ്ധുവിനെ നോക്കി കൊണ്ട്..മാക്സിമം നേരത്തെ വാ.

സിദ്ധു കുറച്ച് നേരം മൗനമായി നിന്നു, പതിയെ അരികിൽ വന്നിട്ട്.. ഹാഫ് ഡേ ലീവ് ഇട്ടാലോ.

നിനക്ക് ജോലിയില്ല ലീവെടുക്കാം അതുപോലെയാണോ ഞാൻ.

ആയിക്കോട്ടെ ഞാൻ ലീവ് എടുത്തോളാം, നീ നട്ടപാതിര വരെ പഠിപ്പിച്ചിട്ട് പതുക്കെ വന്നാൽ മതി.. സിദ്ധു ബൈക്ക് സ്റ്റാർട്ടാക്കി, ഒന്നുകൂടി അവളെ നോക്കിയിട്ട്.. എടുക്കാൻ പറ്റുമോ ഇല്ലയോ..

ശില്പ ചിരിച്ചുകൊണ്ട്..എടുക്കാലോ.. ഇത്രയും പറഞ്ഞതല്ലേ.. പാതിരാ വരെ പഠിപ്പിക്കുന്നില്ല.

ഗുഡ്.. സിദ്ധു ഓഫീസിലേക്ക് പോയി, ശില്പ സ്റ്റാഫ്‌ റൂമിലിരിക്കുമ്പോഴാണ് സജീവ് അരികിൽ വന്നിരുന്നത്, ശില്പ അവനെയൊന്ന് നോക്കിയിട്ട്..എന്താണ് പതിവില്ലാതെ..?

അവൻ കുറച്ച് നേരം അവളെ നോക്കികൊണ്ടിരുന്നു, പതിഞ്ഞ സ്വരത്തിൽ.. നീ ഡെയിലി ചന്തം കൂടിക്കൊണ്ട് വരുകയാണല്ലോ, അവൻ വല്ല മരുന്നും കലക്കി തരുന്നുണ്ടോ..

ശില്പ ചിരിച്ചു, സജീവ് അർത്ഥം മനസ്സിലാവാതെ.. എന്തിനാ ഇളിക്കുന്നേ..?

ശില്പ കയ്യിലിരുന്ന ബുക്ക്‌ താഴെ വെച്ചു, അവന് നേരെ തിരിഞ്ഞിട്ട്.. നിന്നോ ടൊക്കെ എന്ത് മറുപടിയാ പറയേണ്ടതെന്ന് ആലോചിച്ചു ചിരിച്ചതാ.

അതായിരുന്നോ, ശരി സമ്മതിച്ചു, നിനക്ക് എന്നെ ഇഷ്ടായില്ല അംഗീകരിക്കുന്നു, എന്നാൽ പഴയതുപോലെ ഫ്രണ്ട്സായി തുടരാൻ സാധിക്കുമോ.. സജീവ് അവൾക്ക് നേരെ കൈനീട്ടി..

ശില്പയൊന്ന് ഞെട്ടി, സജീവിന്റെ കയ്യിലേക്ക് നോക്കിയിട്ട് മുഖമുയർത്തി.. സജീവ് വീണ്ടും അവളോടായി.. പ്ലീസ് അപേക്ഷയായി എടുത്തൂടെ..

ശില്പ അവനെ നോക്കികൊണ്ട്.. ഒരു തവണ പറ്റിയ അബദ്ധം വീണ്ടും പറ്റരുതെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ട് സോറി എനിക്ക് താല്പര്യമില്ല..

സജീവ് നിരാശയോടെ..ശില്പ പ്ലീസ്.. ഇനി ഞാൻ ശല്യപെടുത്തില്ല, നീ അരികിൽ വേണമെന്ന് മോഹിക്കുന്നതൊരു തെറ്റാണോ..

ശില്പ ദേഷ്യത്തോടെ.. ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് അടി വാങ്ങേണ്ട യെങ്കിൽ എഴുന്നേറ്റ് പോവാൻ നോക്ക്..

സജീവ് എഴുന്നേറ്റ് പുറത്തേക്ക് പോയി, ഉച്ചയായപ്പോൾ ശില്പ പുറത്തേക്കിറങ്ങി നിന്നു, സിദ്ധു വന്നപ്പോൾ അരികിലേക്ക് ചെന്നിട്ട്..നീ ഭക്ഷണം കഴിച്ചോടാ..

ഞാനോ.. ഞാൻ കഴിച്ചിട്ടില്ല..

ശില്പ പുറകിലേക്ക് കയറി..എന്നാൽ നമ്മുക്ക് പോവുന്ന വഴിക്ക് കഴിക്കാം..

അതൊക്കെ കഴിക്കാം, നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നേ..

ശില്പ പെട്ടെന്ന് താഴെയിറങ്ങി, സിദ്ധുവിനെ നോക്കികൊണ്ട്..നീ എങ്ങനെയാടാ ഇതൊക്കെ ശ്രദ്ധിക്കുന്നേ.വന്നിട്ട് ഒരു മിനിറ്റ് പോലുമായില്ലല്ലോ..

സിദ്ധു ചിരിച്ചു..ഒരു നോട്ടം മതി നിന്റെ മുഖം വായിക്കാൻ.

നല്ലതാ, പറയാതെ മനസ്സിലാവുന്നുണ്ടല്ലോ..ശില്പ ബൈക്കിലേക്ക് കയറി, പോവുന്ന വഴിയിൽ കഴിക്കാൻ വേണ്ടി നിർത്തി, ഭക്ഷണത്തിനിടയിൽ സിദ്ധു..നമ്മള് നേരെ പോവുന്നു കടത്തികൊണ്ട് വരുന്നു..

ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. ആരെ.

അമ്മൂനെ..

അതിന് അവളെ പൂട്ടിയിട്ടിരിക്കൊന്നുമല്ലല്ലോ..

സിദ്ധു കുറച്ച് നേരം ആലോചിച്ചിട്ട്.. എന്നാലും അമ്മ ചോദിച്ചാൽ എന്ത് പറയുമെന്നാ..

ശില്പ സംശയത്തോടെ..എന്ത്..

സിദ്ധു വേഗത്തിൽ..അയ്യോ അതല്ല, അമ്മ ചോദിക്കുമല്ലോ അവളെ കൊണ്ടു വന്നാൽ സ്പെഷ്യലായിട്ട് എന്താണ് ഉണ്ടാക്കികൊടുക്കേണ്ടതെന്ന്, അപ്പോൾ എന്ത് പറയുമെന്ന്..

ഓ അതായിരുന്നോ, അതൊന്നും വേണ്ട, അവൾക്ക് രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം സമാധാനത്തോടെ ഇരുന്നാൽ മതി..

(സിദ്ധു മനസ്സിൽ)ആ ബെസ്റ്റ് നല്ല സ്ഥലത്തേക്കാ വരുന്നത്.

നീയെന്തെങ്കിലും പറഞ്ഞോ..? ശില്പ സിദ്ധു ആലോചിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു.

ഏയ്‌ ഒന്നും പറഞ്ഞില്ല, ഒന്നും പറയാനുമില്ല..

കഴിക്കല് കഴിഞ്ഞ് എഴുന്നേറ്റു, വീടിനു മുന്നിലെത്തിയപ്പോൾ അമ്മ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, സിദ്ധു ബൈക്ക് നിർത്തി താഴെയിറങ്ങി, ശില്പ അമ്മയുടെ അരികിലേക്ക് ചെന്നു, അമ്മ അവളെ ചേർന്നിട്ട്..നിനക്കിന്നു സ്കൂളില്ലേ മോളെ..?

ഉണ്ട്, ഞാൻ രണ്ട് ദിവസം അമ്മൂനെ കൂടെ നിർത്താലോ വിചാരിച്ചു, സിദ്ധു വിനോട് പറഞ്ഞപ്പോൾ അവനും ശരിയെന്ന് പറഞ്ഞു, അപ്പോൾ കൂട്ടികൊണ്ട് പോവാലോയെന്ന് വെച്ച് വന്നതാ..

കല്യാണം കഴിഞ്ഞു കുറച്ചു ദിവസമായിട്ടല്ലേയുള്ളൂ, ഇപ്പോൾ തന്നെ അവരെ ബുദ്ധിമുട്ടിക്കണോ..

ബുദ്ധിമുട്ടൊന്നുമില്ലമ്മേ, അവള് രണ്ട് ദിവസം നിൽക്കട്ടെ..

ശില്പ അകത്തേക്ക് അമ്മയുടെ കൂടെ നടന്നു, സിദ്ധു അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ.. നീ അവിടെ തന്നെ നാണംകുലുങ്ങി നിൽക്കാതെ അകത്തേക്ക് വന്നേ..

ദേ വന്നു..സിദ്ധു ശില്പയുടെ പുറകെ നടന്നു, അമ്മൂന്റെ ഡ്രെസ്സൊക്കെ എടുത്തിട്ട് ശില്പ ബാഗിൽ വെച്ചു, അമ്മ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു,അച്ഛൻ മനസ്സില്ലാമനസ്സോടെ ആണെങ്കിലും സമ്മതിച്ചു, ഇറങ്ങാൻ നേരം ശില്പ അമ്മയോട് ചിരിച്ചിട്ട്.. പേടിക്കണ്ട, രണ്ട് ദിവസം കഴിഞ്ഞിട്ട് കൊണ്ടുവന്നാക്കാം..

എനിക്കൊരു പേടിയുമില്ല, നിങ്ങള് നോക്കി പോയിട്ട് വാ..

ശില്പയെയും അമ്മൂനെയും സിദ്ധുവൊരു ഓട്ടോറിക്ഷയിൽ കയറ്റിവിട്ട് പുറകിൽ ബൈക്കിൽ ചെന്നു, പ്രതീക്ഷിച്ചതുപോലെ അമ്മ മതിലിനരുകിൽ റോഡിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു, ഓട്ടോ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ അമ്മ സൂക്ഷിച്ചു നോക്കി, ശില്പ ഇറങ്ങിയപ്പോൾ ഇവളായിരുന്നോയെന്ന ഭാവത്തിൽ മുഖം തിരിച്ചു,അമ്മൂനെ കൂടെ കണ്ടപ്പോൾ അമ്മ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി, പെട്ടെന്ന് സിദ്ധുവിന്റെ ബൈക്ക് വന്ന് നിന്നു, അമ്മ തിരിച്ചു കയറി പോയി, ശില്പ സിദ്ധുവിന്റെ പുറകെ അകത്തേക്ക് നടന്നു, റൂമിലെത്തിയപ്പോൾ സിദ്ധുവിനെ നോക്കിയിട്ട്.. അതെന്താ അമ്മയൊന്നും മിണ്ടാതെ പോയത്..?

സിദ്ധു കട്ടിലിരുന്നു.. അറിയില്ലാട്ടോ, ഇനി വരുമ്പോൾ ചോദിച്ചു നോക്കാം..

ഒന്നും വേണ്ട, ചിലപ്പോൾ അമ്മ അടുക്കളയിൽ വല്ലോം അടുപ്പത്തു വെച്ചത് ഓർമ്മ വന്നിട്ട് പോയതാവും, നീ ചോദിച്ച് അവസാനം അത്‌ വഴക്കാക്കണ്ട.

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട്.. നീ തന്നെ ചോദ്യവും ചോദിച്ച് നീ തന്നെ ഉത്തരവും പറയാണെങ്കിൽ എന്നോട് ചോദിക്കുന്നതെന്തിനാ..

പിന്നെ എനിക്ക് തൃപ്തിയായിട്ടുള്ളൊരു മറുപടി നീ തരാത്തോണ്ടല്ലേ..

ശരി, ഇനി തരാൻ നോക്കാം അടുത്തത് ചോദിക്ക്..

ഇനിയൊരു ചോദ്യവുമില്ല.. ശില്പ ഡ്രസ്സ്‌ മാറിയിട്ട് അടുക്കളയിലേക്ക് നടന്നു, സിദ്ധു അമ്മൂനെ നോക്കിയിട്ട്.. ഇതിന്റെ സ്വഭാവം ജന്മനാ ഇങ്ങനെയാണോ..

അമ്മുവൊന്ന് ചിരിച്ചു.. ചേച്ചി പണ്ടുതൊട്ടേ ഇങ്ങനെയാ, നല്ല സ്വഭാവമല്ലേ ഇത്..

ആണല്ലോ..സിദ്ധു അവളുടെ അരികിലേക്ക് ചെന്നു, കയ്യിൽ പിടിച്ചിട്ട്..മോള് ഞാൻ ചോദിച്ചത് അവളോട് പറയണ്ട, ചിലപ്പോൾ സ്നേഹക്കൂടുതലുകൊണ്ട് വല്ലോം ചെയ്താലോ..

ഒന്ന് പോ ഏട്ടാ, ചേച്ചി പാവാ..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു, വൈകുന്നേരം ഭക്ഷണം കഴിച്ചു കിടക്കാൻ നേരം സിദ്ധു താഴെയിറങ്ങി പായ വിരിക്കാൻ തുടങ്ങി, ശില്പ അവനെ നോക്കിയിട്ട്..

അല്ല എന്താ സംഭവം..?

കിടക്കണ്ടേ..

ശില്പ സിദ്ധുവിന്റെ കയ്യിൽ നിന്ന് പായ വാങ്ങി.. മോൻ കട്ടിലിൽ കിടന്നോ, ഞങ്ങള് പാവപെട്ടവര് താഴെ കിടന്നോളാം..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. എന്താ ഇങ്ങനെയൊക്കെ പറയുന്നേ.?

അയ്യോ അതിനും ഫീലിങ്ങോ..

പിന്നെ സങ്കടം വരാതെ..

ശരി ശരി വിഷമിക്കണ്ട..

ആ അങ്ങനെ പറ.സിദ്ധു കട്ടിലിൽ കിടന്നു, കുറച്ചു കഴിഞ്ഞു അമ്മു ഉറങ്ങിയതിനു ശേഷം ശില്പ എഴുന്നേറ്റ് ഉണ്ണിയുടെ അരികിൽ വന്ന് കിടന്നിട്ട് അവനെ തട്ടി നോക്കി.. ഡോ ഉറങ്ങിയോ..

ഞാൻ ഉങ്ങിയിട്ടൊന്നുമില്ല..

ശില്പ അവനെ ചേർന്നു കിടന്നു.. അമ്മയ്ക്ക് എന്നോട് നല്ലോം ദേഷ്യമുണ്ടെന്ന് തോന്നുന്നു..

എന്തേ അങ്ങനെ പറയാൻ..?

ശില്പ ദീർഘശ്വാസമെടുത്തിട്ട്.. അരി കുറച്ചിട്ടാ ഇട്ടിരുന്നേ..

സിദ്ധു പെട്ടെന്ന് എഴുന്നേറ്റിരുന്നു, ശില്പയുടെ കവിളിൽ തൊട്ടു.. നിനക്ക് കഴിക്കാൻ പറ്റിയില്ലേ.?

ഏയ്‌ അത്‌ സാരമില്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ..

സിദ്ധു മുറി തുറന്ന് അടുക്കളയിലേക്ക് നടന്നു, തിരിച്ചു വന്നപ്പോൾ കയ്യിൽ ഫ്രിഡ്ജിൽ നിന്നെടുത്ത ഫ്രൂട്ട്സുണ്ടായിരുന്നു, ശില്പക്ക് മുറിച്ചു കൊടുത്തിട്ട് അവളെ നോക്കി. നിനക്ക് നല്ലോം വിശക്കുന്നുണ്ടോ, ഞാൻ പുറത്ത് പോയി വല്ലോം വാങ്ങികൊണ്ടുവരട്ടെ..

ഒന്നും വേണ്ട, എനിക്കിത് തന്നെ ധാരാളം, ഞാൻ കുറേ വെള്ളം കുടിച്ച് നിറച്ചിട്ടുണ്ട്..

സിദ്ധു പ്ലേറ്റ് താഴെ വെച്ചു.. ഞാൻ നാളെ അമ്മയോട് ചോദിക്കാം.

എന്തിന്, അമ്മ അളന്നപ്പോൾ തെറ്റി പോയതാവും..

സിദ്ധു ചിരിച്ചു.. ശരിയാ 100 ആളുണ്ടല്ലോ ഇവിടെ, ഇല്ലേൽ ഡെയിലി പത്തു പേർക്കുള്ളത് കൊട്ടി കളയുന്നതാണല്ലോ, ഇന്ന് മാത്രമെന്താ കുറഞ്ഞു പോയത്..

അതുവിട് നാളെ ഞാൻ വെച്ചോളാം..

എന്നാലും..

ഒരു എന്നാലുമില്ല, ഇത് ഇവിടെ വിട്ടേക്ക്..

ശരി, ആയിക്കോട്ടെ..

പിറ്റേന്ന് ദിവസം രാവിലെ ശില്പ റെഡിയായി പുറത്തേക്കിറങ്ങി, അമ്മുവും സിദ്ധുവും കഴിക്കല് കഴിഞ്ഞ് എഴുന്നേറ്റു, പോവാൻ നേരം ശില്പ അമ്മൂനെ നോക്കി കൊണ്ട്.. നിനക്ക് വേണ്ടത് ഞാൻ ആ ഷെൽഫിന്റെയടുത്ത് വെച്ചിട്ടുണ്ട്, മോള് വിശക്കുമ്പോൾ എടുത്ത് കഴിച്ചോ, ചേച്ചി ഉച്ചയ്ക്ക് വരാം..

അമ്മു തലയാട്ടി, സിദ്ധു അവളെ സ്കൂളിലാക്കി ഓഫീസിലേക്ക് പോയി, ഉച്ചയ്ക്ക് ശില്പയെ സിദ്ധു വീട്ടിലേക്ക് കൊണ്ടുവന്ന് വിട്ടു.. നീ കഴിക്കുന്നില്ലേ..

അതു കുഴപ്പമില്ല, ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം..

ശില്പ ചിരിച്ചു.. ഇന്ന് ഫുഡ്‌ വെച്ചിട്ടുണ്ട്, ധൈര്യായിട്ട് വാ..

ഏയ്‌ അതുകൊണ്ടൊന്നുമല്ല, നീ പോയി കഴിച്ചോ..

ശരി.. ശില്പ അകത്തേക്ക് നടന്നു, അമ്മുവിന്റെ അരികിലെത്തി ഡ്രസ്സ്‌ മാറുന്ന തിനിടയിൽ അവൾ പെട്ടെന്ന്.. ചേച്ചി എനിക്ക് വിശക്കുന്നു..

ശില്പ തിരിഞ്ഞു അവളെ നോക്കികൊണ്ട്.. എന്തിനാ മോളെ ചേച്ചി വരുന്ന വരെ നോക്കികൊണ്ടിരുന്നേ, കഴിച്ചൂടായിരുന്നോ..

അമ്മു അരികിൽ വന്നു.. ചേച്ചി വച്ചത് അവിടെ കണ്ടില്ല, അവരാരും കഴിക്കണോന്ന് ചോദിച്ചതുമില്ല..

ശില്പ അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു, അമ്മുവിന് കഴിക്കാൻ കൊടുത്തിട്ട് അവളുടെ ഡ്രെസ്സൊക്കെ എടുത്ത് വെച്ച് ഓട്ടോയെ വിളിച്ചു, മനസ്സില്ലാമനസ്സോടെ അവളെ വീട്ടിൽ തിരിച്ചുകൊണ്ടാക്കി, അമ്മയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ നിൽക്കാതെ തിരിച്ചെത്തി, വൈകുന്നേരം സിദ്ധു വന്നു, മുറിയിൽ അമ്മുവിനെ കാണാതിരുന്നപ്പോൾ അടുക്കളയിലേക്ക് ചെന്നു ശില്പയുടെ പുറകിൽ ചെന്ന് നിന്നിട്ട്.. എവിടെ അമ്മുക്കുട്ടി..

നീ അങ്ങോട്ട് മാറിനിന്നേ.. ശില്പ ദേഷ്യത്തോടെ പറഞ്ഞു.

സിദ്ധു അവളെ വിട്ട് മാറി..

എന്തുപറ്റി..?

അവളെ ഞാൻ വീട്ടിൽ കൊണ്ടാക്കിയിട്ടുണ്ട്..

എന്തിന്..? സിദ്ധു കാര്യം മനസ്സിലാവാതെ ചോദിച്ചു.

അവള് മനസമാധാമില്ലാതെയാണ് ഇരുന്നിരുന്നതെങ്കിലും മൂന്ന് നേരം ഭക്ഷണം കഴിച്ചിരുന്നു..

സിദ്ധു ശില്പയെ നോക്കികൊണ്ട്.. ഇന്നും പ്രശ്നമായോ..?

ശില്പ സിദ്ധുവിന് നേരെ തിരിഞ്ഞു.. പ്ലീസ്.. നിനക്കെന്തേലും വേണമെങ്കിൽ ചോദിക്ക് ഞാൻ ചെയ്തു തരാം, കഴിഞ്ഞ് പോയത് വിട്ടേക്ക്..

സിദ്ധു അടുക്കളയിൽ നിന്നിറങ്ങി,അമ്മയുടെ അരികിലേക്ക് നടന്നു, ഉമ്മറത്തു നിൽക്കായിരുന്ന അമ്മയുടെ മുന്നിലേക്ക് കയറി നിന്നിട്ട്.. അമ്മയ്ക്ക് ഞാൻ സാധനങ്ങൾ വാങ്ങാൻ കാശ് തരുന്നില്ലേ..

ഉണ്ട്.. ഞാൻ ഇല്ലാന്ന് പറഞ്ഞില്ലല്ലോ..

എന്നിട്ടെന്താ അവൾക്ക് ഭക്ഷണം കൊടുക്കാതിരുന്നേ..

ആർക്ക്‌..? അമ്മ പോവാൻ തുടങ്ങി..

സിദ്ധു തടഞ്ഞിട്ട്.. ഉത്തരം പറഞ്ഞിട്ട് പോയാൽ മതി..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *