മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
സുര അകത്തേക്ക് കയറിപോയി, സിദ്ധു കുറച്ചു നേരം കൂടി മുറ്റത്ത് നിന്നിട്ട് പതിയെ മുറിയിലേക്ക് നടന്നു, ശില്പ കട്ടിലിൽ കിടക്കാൻ റെഡിയാക്കി യിട്ടുണ്ടായിരുന്നു, സിദ്ധു ബെഡ്ഡിലിരുന്നിട്ട് ശില്പയെ നോക്കി, ശില്പ സിദ്ധുവിന്റെ അരികിൽ വന്നു..
എന്തുപറ്റി..?
ഒന്നുമില്ല വെറുതെ ആലോചിച്ചു നോക്കിയതാ..
എന്ത്..?
നീ തലയിൽ നിറയെ പൂവൊക്കെ വെച്ച് കഴുത്തിൽ നിറയെ ആഭരങ്ങളൊക്കെയിട്ട് വരുന്നത്..
ശില്പ ചിരിച്ചു.. കളിയാക്കുന്നതാണോ..?
ഏയ് തമാശ പറഞ്ഞതല്ല, ഞാൻ തീരുമാനിച്ചിട്ടുണ്ട്, എന്റെ ഏട്ടൻ പറഞ്ഞതു പോലെ അമ്മായിഅച്ഛന്റെ കാശുകൊണ്ട് തിളക്കം വരുത്താനല്ല, ഞാൻ കഷ്ടപ്പെട്ട് കാശുണ്ടാക്കി വാങ്ങുന്നതുകൊണ്ട്..
ശില്പ അടുത്തിരുന്നു… സ്വർണത്തിന് വില കുറഞ്ഞാലോ അതൊക്കെ നമ്മള് എവിടെ കൊണ്ടുപോയി വെക്കും..
നമ്മുക്ക് സൂക്ഷിച്ചു വെക്കാം, ഇല്ലെങ്കിൽ പണയം വെച്ചാലോ..
ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു..
എനിക്കൊരു ഐസ് ക്രീം വാങ്ങി തരോ..?
സിദ്ധുവൊന്ന് തല താഴ്ത്തിയിട്ട് പതിയെ ശില്പയെ തലയുയർത്തി നോക്കി..കയ്യിൽ പത്തുപൈസയുണ്ടോന്ന്,ഈ അപമാനത്തിന് ഞാൻ പകരം ചോദിക്കും, നീ ചോദിക്കുന്നതൊക്കെ നിന്റെ മുന്നിൽ കൊണ്ടുവരുന്നൊരു ദിവസം ഞാനും കഷ്ടപ്പെട്ട് ഉണ്ടാക്കും നോക്കിക്കോ..
ശില്പ സിദ്ധുവിനെ കെട്ടിപിടിച്ചു..
ആലോചിച്ചു ചെയ്യ്.
സിദ്ധു ശില്പയെ വിട്ട് കട്ടിലിൽ കിടന്നു, ശില്പ അരികിലായി കിടന്നു, രാവിലെ ശില്പ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സിദ്ധു എഴുന്നേറ്റു, അവൾക്ക് അത്ഭുതം തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ അടുക്കളയിലേക്ക് നടന്നു, ശില്പ അടുക്കളയിൽ നിന്ന് ചായയുമായി വന്നപ്പോഴേക്കും സിദ്ധു കുളിക്കാൻ പോയിരുന്നു, റെഡിയായി പുറത്തേക്ക് വന്ന് എടുത്ത് വെച്ചിരുന്ന ചായയും കുടിച്ചിട്ട് സിദ്ധു ഹാളിൽ വന്നു, ശില്പ വേഗത്തിൽ ഒരുങ്ങി സിദ്ധുവിനടുത്തേക്ക് എത്തി , വേഗത്തിൽ ശില്പയെ സ്കൂളിലാക്കിയിട്ട് സിദ്ധു ഓഫീസിലേക്ക് പോയി, വൈകുന്നേരം ശില്പയോട് ബസ്സിൽ പൊയ്ക്കോളാൻ പറഞ്ഞിരുന്നത് കൊണ്ട് സിദ്ധുവിന് വേണ്ടി അവൾ കാത്തുനിന്നില്ല, ശില്പ വീടിന് പുറത്ത് കാത്തിരിക്കുമ്പോഴാണ് സിദ്ധു ചിരിച്ചുകൊണ്ട് വന്നത്..
എന്റെ കുട്ടി ഉറങ്ങിയില്ലേ..
ശില്പ സിദ്ധുവിനെ സൂക്ഷിച്ചു നോക്കി.. നീ എന്താ ഇങ്ങനെ വല്ലാതെ യായിരിക്കുന്നേ, വെയിലത്തുനിന്ന് കയറിയില്ലേ ഇന്ന് ..
സിദ്ധു വീണ്ടും ചിരിച്ചു.. ഇന്നാണോ ഞാൻ പണിയെടുത്തിരിക്കുന്നേ എന്നല്ലേ ആ ചോദ്യത്തിന്റെ അർത്ഥം..
ശില്പ സിദ്ധുവിനെയൊന്ന് തലോടിയിട്ട്.. വാ ഭക്ഷണം കഴിക്കാം..
രണ്ടുപേരും കഴിച്ചിട്ട് കിടക്കാനായി ബെഡിലിരുന്നു, സിദ്ധു ശിൽപയുടെ കയ്യിലൊരു കവർ കൊടുത്തു.. അലിഞ്ഞുപോയോന്ന് അറിയില്ല,പക്ഷേ ഞാൻ വങ്ങുമ്പോൾ നീ പറഞ്ഞ സാധനമായിരുന്നു..
അവൾ കവർ തുറന്നു നോക്കി, ഐസ്ക്രീം പുറത്തെടുത്തിട്ട് സിദ്ധുവിനു നേരെ തിരിഞ്ഞു…
നീ എന്നെയങ്ങ് സ്നേഹിച്ചു കൊല്ലാനാണോ പ്ലാൻ..
അവൻ ചുമരിൽ ചാരി.. എന്തോ എന്റെ മനസ്സിൽ നീ മാത്രമേയുള്ളൂ… സിദ്ധു നേരെയിരുന്ന് ശില്പയെ നോക്കികൊണ്ട് .. എന്നെ ഇത്രയും മനസ്സിലാക്കുന്ന നിനക്ക് ചോദിക്കുന്ന എന്തെങ്കിലും വാങ്ങിതരണ്ടേ..
ശില്പ ചിരിച്ചു.. അങ്ങനെയാണെങ്കിൽ നീയും ചോദിക്ക് ഞാനും ശ്രമിക്കാം..
സിദ്ധു അവളുടെ കയ്യിൽ പിടിച്ചു.. ഒരു ഉപകാരം ചെയ്യോ, ഞാൻ കുറച്ച് ദിവസം വരാൻ ചിലപ്പോൾ വൈകും നീ അവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു കിടന്നോളുമോ..
ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. ഒറ്റയടിക്കൊന്നും നമ്മളുദ്ദേശിക്കുന്ന ലെവലിൽ എത്താൻ പറ്റില്ല സിദ്ധു, നീ നിന്റെ ആരോഗ്യം മറന്ന് ഒന്നും ചെയ്യരുത് ഇപ്പോൾ എനിക്കിവിടെ നിനക്ക് വേണ്ടി തരാൻ മൂന്നു നേരം ഭക്ഷണവും കിടക്കൊനൊരിടവും മാത്രമേയുള്ളൂ..
സിദ്ധു കണ്ണടച്ചു. അത് ഇപ്പോൾ എനിക്ക് തിരിച്ചു തരാൻ കഴിയില്ലല്ലോ, അതുകൊണ്ട് സാവകാശം വേണം, ഞാൻ എന്റെ വഴിയിലൂടെ സഞ്ചരിക്കട്ടെ പ്ലീസ്..
ശരി നിന്റെ ഇഷ്ടം. പോലെ, സഹായം വേണമെങ്കിൽ ചോദിക്കണം.. ശില്പ കിടന്നു, രാവിലെ പതിവ് പോലെ എഴുന്നേറ്റ് സിദ്ധു മുറ്റത്ത് പല്ല് തേക്കാൻ വേണ്ടി നിൽക്കു മ്പോഴാണ് സുര അരികിലേക്ക് വന്നത്, ആക്കിയ ചിരി ചിരിച്ചിട്ട് സിദ്ധുവിനോട്.. അളിയനെ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കിയല്ലേ, പെണ്ണുമ്പിള്ള പറയുന്നത് കേട്ടു… സിദ്ധുവിനെയൊന്ന് നോക്കിയിട്ട്.. ഓരോ മനുഷ്യർക്ക് സംഭവിക്കുന്ന വിധികളെ..
സിദ്ധു മറുപടിയൊന്നും പറയാതെ പല്ലുതേച്ചുകൊണ്ടിരുന്നു, സുര കുറച്ചു കൂടി അരികിലേക്ക് നിന്നിട്ട്.. എത്ര ദിവസം കാണും ഇവിടെ, എന്റെ കെട്ടിയോൾക്ക് ഇപ്പോഴേ ഒരു ഇളക്കമുണ്ട്, ഇനി ഇവിടെ നിന്നിട്ട് അതിനെ കൂടി അടിച്ചു മാറ്റി വീടും പറമ്പും കയ്യിലാക്കാമെന്നുള്ള വല്ല പ്ലാനുമുണ്ടോ..
സിദ്ധു സുരയെയൊന്ന് നോക്കിയിട്ട് മുന്നിലേക്കൊന്ന് തുപ്പി.. ഞാൻ ഏത് മൂഡിലാ ഇരിക്കുന്നെന്ന് നോക്കാതെ തമാശ പറയാൻ വന്നാലുണ്ടല്ലോ ഈ പരട്ട തല ഞാൻ അടിച്ചു പൊട്ടിക്കും..
സുര രണ്ട് സ്റ്റെപ് പുറകിലേക്ക് മാറിയിട്ട് പതിയെ അകത്തേക്ക് വലിഞ്ഞു, സിദ്ധു റെഡിയായി പുറത്തേക്കിറങ്ങി, ശില്പ അരികിലേക്ക് വന്നു, സാധാരണ ഡ്രസ്സിൽ അവളെ കണ്ടപ്പോൾ സിദ്ധു.. നിനക്കിന്ന് ക്ലാസ്സില്ലേ..?
ശില്പ ഒന്ന് ചിരിച്ചിട്ട്. ഇന്നില്ല, ഞാൻ പറയണമെന്ന് വിചാരിച്ചതാ, നീ ഇന്നലെ മൂഡ് ശരിയല്ലാത്തതുകൊണ്ട് വിട്ടു..
സിദ്ധു അവളെയൊന്ന് തലോടിയിട്ട് ബൈക്ക് സ്റ്റാർട്ടാക്കി ഓഫീസിലേക്ക് പോയി, സിദ്ധുവിനെ യാത്രയാക്കി തിരിഞ്ഞപ്പോഴാണ് സുര ശില്പയെ തടഞ്ഞത്.. നിന്റെ ബുദ്ധി ആയിരിക്കുമല്ലേ അവനെ ഇങ്ങോട്ട് എഴുന്നള്ളിച്ചത്..
ശില്പ സുരയെ മറികടക്കാൻ ശ്രമിച്ചു, അയാൾ ഒന്ന് കൂടി അവളെ ചേർന്നിട്ട്..അങ്ങനെയങ്ങ് പോയാലോ, എത്ര ദിവസമായി ഞാൻ ശരിക്കുമൊന്ന് നിന്നെ കണ്ടിട്ട്.. സുര ശില്പയെയൊന്ന് അടിമുടി നോക്കി.. ആ പൊട്ടന് തീരെ ബുദ്ധിയില്ലെന്ന് മനസ്സിലായി, ഇല്ലെങ്കിൽ നിന്നേ പോലെ ഒന്നിനെ കയ്യിൽ വെച്ചിട്ട് ഇങ്ങനെ ഭാര്യ വീട്ടിൽ വന്ന് കിടക്കോ..
ശില്പ സുരയെ തള്ളിമാറ്റി, സുര ദേഷ്യത്തിൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. എടി നീ അവനുള്ള ധൈര്യത്തിലാ എന്റെ നെഞ്ചത്തേക്ക് കയറുന്നതെങ്കിൽ പൊന്നുമോളെ നിനക്ക് നല്ലോം അനുഭവമുള്ളതല്ലേ, ഞാൻ അവസരം കിട്ടുമ്പോൾ പകരത്തിനുള്ളത് ഇഷ്ടത്തിനങ്ങ് തരും..
ശില്പ ചുമരിൽ ചാരി.. പ്ലീസ് എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ..
സുര അവളുടെ കൈ വിട്ടിട്ട് ശില്പയെ ചേർന്നു.. ഞാനും അതല്ലേ പറഞ്ഞത് എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് പേടിച്ചു ജീവിക്കുന്നേ, നമ്മുക്ക് എല്ലാവർക്കും കൂടി അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്ത് ജീവിച്ചൂടെ..
ശില്പ സുരയെ തള്ളിമാറ്റിയിട്ട് മുറിയിലേക്കോടി, സുര അവളെയൊന്ന് നോക്കി.. നീ ഇവിടെ തന്നെ കാണുമല്ലോ ഞാൻ എടുത്തോളാം..
ശില്പ കട്ടിലിൽ ചാരി കിടന്നു, അമ്മു അരികിലേക്ക് വന്നിട്ട്.. ചേച്ചി നമ്മൾക്ക് ഈ ബുദ്ധിമുട്ടിൽ നിന്ന് ഒരിക്കലും രക്ഷപെടാൻ പറ്റില്ലേ..?
ശില്പ കണ്ണ് തുടച്ചിട്ട് അമ്മുവിനെ കെട്ടിപിടിച്ചു.. നമ്മള് രക്ഷപെട്ടല്ലോ, നമ്മുക്കിനി ഏട്ടനില്ലേ കൂട്ടിന്..
അമ്മു ശിൽപയുടെ മുടിയിഴകൾ തലോടികൊണ്ട്.. ഏട്ടൻ വന്നാൽ പറഞ്ഞു കൊടുക്കാമല്ലേ..
ശില്പ അമ്മുവിനെ നോക്കി.. വേണ്ട മോളെ, ഏട്ടൻ ഇപ്പോഴേ നല്ലോം കഷ്ട പെടുന്നുണ്ട്, പാവമല്ലേ അവൻ, നമ്മുക്ക് എന്തെങ്കിലും വലിയ പ്രശ്നങ്ങൾ വരുമ്പോൾ ഏട്ടനോട് പറയാം..
അമ്മു ശരിയെന്ന് തലയാട്ടി, അടുക്കളയിൽ കാര്യമായി ജോലിയിൽ ശ്രദ്ധിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ശിൽപയുടെ പുറകിൽ ആരോ വന്ന് നിൽക്കുന്ന തായി തോന്നിയത്, അവൾ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു, മനുവിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാത്രം താഴെ വീണു, അവനൊന്ന് ചിരിച്ചിട്ട്.. ആരും ശബ്ദം കേൾക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാ കയറി വന്നത്, അമ്മയും ചേച്ചിയും കടയിൽ പോവുന്നത് കണ്ടു, സന്തോഷം കുറേ ദിവസങ്ങൾക്ക് ശേഷം നിന്നെയൊന്ന് ഒറ്റയ്ക്ക് കാണാൻ കഴിഞ്ഞല്ലോ..
ശില്പ പുറകിലേക്ക് മാറി.. നിന്നോട് ഞാൻ എന്റെ വീട്ടിലേക്ക് വരരുതെന്ന് പറഞ്ഞിട്ടില്ലേ..
മനു ഒന്നുകൂടി മുന്നിലേക്ക് വന്നു.. എന്നെ കൊണ്ട് സാധിക്കുന്നില്ല നിന്നേ മറക്കാൻ, ഇതാ നോക്ക്.. മനു കൈത്തണ്ട അവൾക്ക് നേരെ നീട്ടി. നീ പോയ വിഷമത്തിൽ രണ്ട് തവണ മുറിച്ചതാ..
ശില്പ അവനെയൊന്ന് നോക്കിയിട്ട് ദേഷ്യത്തോടെ.. അങ്ങനെ മുറിച്ചു ചത്തൂടായിരുന്നോ എന്തിനാ എന്റെ മനസമാധാനം കളയുന്നത്..
മനു സങ്കടഭാവം മുഖത്തേക്ക് കൊണ്ടുവന്നിട്ട്.. ശരിയാ എന്തിനാ ഞാൻ ജീവിച്ചിരിക്കുന്നേ മരിക്കുന്നതാ നല്ലത്.. പെട്ടെന്ന് ചിരിച്ചു കൊണ്ട്.. അപ്പോൾ അവനോ, അവനും എന്നെ പോലെ നിന്നെ സ്നേഹിക്കല്ലേ, അങ്ങനെ നോക്കുമ്പോൾ അവനും ചാവണ്ടേ..
ശില്പ മനുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. നിനക്കിപ്പോൾ എന്താ വേണ്ടത്..?
മനു അവളുടെ അരികിലേക്ക് വരാൻ ശ്രമിച്ചപ്പോൾ ശില്പ പെട്ടെന്നൊരു കത്തി യെടുത്ത് അവന് നേരെ നീട്ടി.. അവിടെ നിന്ന് സംസാരിക്ക്..
മനു ഒന്ന് നിന്നിട്ട്.. ശരി ഓക്കെ.. ചുറ്റിലുമൊന്ന് നോക്കി.. ഞാൻ വേറെയെന്ത് ചോദിക്കാൻ നിന്നെ വേണമെന്നല്ലാതെ..
ശില്പയോന്ന് ചിരിച്ചു.. ആണാണെങ്കിൽ വൈകുന്നേരം എന്റെ കെട്ടിയോൻ വരും അങ്ങേരോട് ചോദിക്ക്..
ശ്ശേ കളഞ്ഞു ആ ഫ്ലോ, എടി ഞാൻ നിന്നെയല്ലേ ചോദിക്കുന്നേ അല്ലാതെ അവനെ യാണോ..
ശില്പ കത്തികൊണ്ട് മുന്നിലേക്ക് നീങ്ങി.. മര്യാദക്ക് പുറത്ത് പോ..
മനു പുറകിലേക്ക് നടന്നുകൊണ്ടിരുന്നു, പുറത്തെത്തിയപ്പോൾ ശില്പ വാതിലടച്ചു, മനു ഓടി ജനലിനരുകിലേക്ക് വന്നു.. എടി നീ അവനുണ്ടെന്ന് വിചാരിച്ചാണ് യുദ്ധം ചെയ്യുന്നതെങ്കിൽ ദേ നീ ഇപ്പോൾ നീട്ടിയൊരു കത്തി മതിയെനിക്ക് അവനെ തീർക്കാൻ, എന്റെ ഉണ്ടായിരുന്ന ജോലിയും സ്വന്തവുമൊക്കെ ഉപേക്ഷിച്ചു നിൽക്കുന്നത് നിന്നെ മോഹിച്ചാണെന്ന് അറിയാലോ, അത് അവൻ ഇല്ലാ തായാലേ കിട്ടൂന്നാണേൽ ഞാൻ അതിനും തയ്യാറാണ് ഓർമ്മയിൽ വെച്ചോ..
ശില്പ തലകറങ്ങി നിലത്തിരുന്നു, മനു പോയതിനു ശേഷവും അവൾക്ക് കണ്ണ് തുറക്കാൻ സാധിച്ചില്ല, പെട്ടെന്ന് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ടു, അവൾ ആരാണെന്ന് ചോദിച്ചപ്പോൾ അമ്മ വിളി കേട്ടു, ശില്പ വാതിൽ തുറന്നപ്പോൾ അമ്മ അവളെയൊന്ന് നോക്കിയിട്ട്..
എന്തേ മോളെ വയ്യേ മുഖമൊക്കെ വല്ലാതിരിക്കുന്നു..
ഏയ് ഒന്നുമില്ല അമ്മേ അടുപ്പിലെ പുകയടിച്ചപ്പോൾ..
ശരി നീ കുറേ നേരമായില്ലേ നിൽക്കുന്നു പോയി കിടന്നോ..
ശില്പ മുറിയിലേക്ക് പോയി, രാത്രിയിൽ ബസ്സ്റ്റോപ്പിനരുകിലെ ക്ലബ്ബിൽ വെള്ള മടിച്ചോണ്ടിരിക്കുമ്പോഴാണ് സുര മനുവിനെ ശ്രദ്ധിച്ചത്, ഒരു ആക്കിയ ചിരിയോടെ.. ഒറ്റയ്ക്ക് വിഴുങ്ങാൻ നോക്കിയതല്ലേ ഇപ്പോൾ എങ്ങനെയുണ്ട്..
മനു അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കികൊണ്ട്.. അത് എനിക്കും തിരിച്ചു പറയാലോ, നടത്തിതരാമെന്ന് പറഞ്ഞു കൈകൂലിയായിട്ട് കുറേ കുപ്പി വാങ്ങി പൊട്ടിച്ചൊരു മരയോന്ത് കൂടെ തന്നെ ഉണ്ടല്ലോ..
ആ ചിലക്കാതെടാ ചെക്കാ നിനക്ക് ഇപ്പോൾ വേണേലും ഞാൻ നടത്തിത്തരും, നീ വേണമെന്ന് പറ..
മനു സുരയെ നോക്കിയിട്ട്.. എനിക്ക് എപ്പോഴും അവള് വേണമെന്നേ പറയാനുള്ളൂ, പക്ഷേ തന്നെ ഇനി വിശ്വസിക്കില്ല..
സുര കടലയെടുത്തു വായിലേക്കിട്ടിട്ട്.. നിനക്ക് വാക്ക് തന്നത് ഞാനല്ലേ, ഞാൻ നടത്തിത്തന്നിരിക്കും..
മനു ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട്.. എന്നാൽ നടത്തിതരുന്നതിനു തടസ്സമായിട്ടുള്ളൊരു മുതല് അതാ നിൽക്കുന്നു, തനിക്ക് വല്ലോം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്ത് കാണിക്ക്..
മനുവിന്റെ പുച്ഛം കണ്ടപ്പോൾ സുര പെട്ടെന്ന് ദേഷ്യത്തോടെ എഴുന്നേറ്റു.. പിള്ളേരെ ആ ടൂൾസ് ഇങ്ങോട്ട് എടുത്തേ.. സുര ക്ലബ്ബിന്റെ പുറത്തേക്ക് ഇറങ്ങി നിന്നു, കൂട്ടത്തിലൊരു പയ്യനെ വിളിച്ചിട്ട്.. നീ അവനെ ഇങ്ങോട്ട് വിളിച്ചേ, വെളിച്ചത്തില് വെച്ച് വേണ്ട..
പയ്യൻ നടന്ന് സിദ്ധുവിനരുകിലെത്തി.. ഏട്ടാ നിങ്ങളെ ആ ചേട്ടൻ ക്ലബ്ബിലേക്ക് വിളിക്കുന്നു..
സിദ്ധു ക്ലബ്ബിലേക്ക് നോക്കിയപ്പോൾ സുരയെ കണ്ടു, ഒന്ന് ചിരിച്ചിട്ട് പയ്യനോട്..അങ്ങേർക്ക് വട്ടാണ്, ഞാൻ വരില്ലെന്ന് പറഞ്ഞെന്ന് പോയി പറ..
പയ്യൻ സിദ്ധുവിന്റെ അരികിലേക്ക് നീങ്ങിയിട്ട്.. ആണാണെങ്കിൽ വാ..
സിദ്ധുവൊന്ന് അവനെ നോക്കിയിട്ട്.. നീ ചെല്ല് ഞാൻ വന്നോളാം..
പയ്യൻ ആക്കിയ ചിരി ഒന്നുകൂടി പാസ്സാക്കിയിട്ട് സുരയുടെ അരികിലെത്തി..ടൂൾസ് റെഡിയാക്കിക്കോ ഇര വരുന്നുണ്ട്..
തുടരും…