മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
സിദ്ധു വാങ്ങിയ സാധങ്ങൾ ബൈക്കിൽ വെച്ച് ക്ലബ്ബിലേക്കൊന്ന് നോക്കി, സുര തൂണിൽ ചാരി തന്റെ വരവും കാത്ത് നിൽക്കാണെന്ന് തോന്നിയപ്പോൾ പതിയെ മുന്നിലേക്ക് നടന്നു, സുരയുടെ അരികിലെത്തെറായപ്പോൾ നിന്നു, സുരയൊന്ന് ചിരിച്ചു.. എന്തേ അളിയാ നിന്നു കളഞ്ഞത്..?
സിദ്ധു സുരയെ നോക്കിയിട്ട്.. ആണുങ്ങളുടെ മുന്നിലേക്കാണേൽ ധൈര്യമായിട്ട് വരായിരുന്നു, പിന്നിൽ നിന്ന് കുത്തുന്നവരുടെ മുന്നിലേക്കാണെങ്കിലും വരാം, പക്ഷേ കൂടെ നിന്ന് കാലുവാരുന്ന തെണ്ടികളെ ഞാൻ വിശ്വസിക്കാറില്ല, അതു കൊണ്ട് അളിയനുമായിട്ട് ഇത്തിരി ഗ്യാപ് വെക്കുന്നത് നല്ലതാ..
സുര വീണ്ടും ചിരിച്ചു. ഒന്ന് പോയേ അളിയാ, ഈ വെളിച്ചത്തിൽ വെച്ച് ഞാൻ എന്ത് ചെയ്യാനാ..
ഓഹോ അപ്പോൾ ഇരുട്ടത്ത് കിട്ടിയാൽ ചെയ്യും.
സുര അരികിലേക്ക് വന്നിട്ട്.. അവന്റെയൊരു തമാശ.. വാ അകത്തേക്ക് പോവാം..
സിദ്ധു ഒന്ന് മടിച്ചെങ്കിലും സുര വീണ്ടും നിർബന്ധിച്ചു കൈപിടിച്ച് വലിച്ചപ്പോൾ..
ശരി ഞാൻ വരാം..
സിദ്ധു അകത്തേക്ക് കയറിയപ്പോഴാണ് ടേബിളിന് ചുറ്റും സുരയുടെ ഫ്രണ്ട്‌സ് ആവേശത്തോടെ വരവും കാത്ത് ഇരിക്കുന്നത് കണ്ടത്, സുരയെ ഒന്ന് തിരിഞ്ഞു നോക്കി.. ഒന്നും പേടിക്കണ്ട എല്ലാം നമ്മുടെ പിള്ളേരാ.. സുര സിദ്ധുവിനെ വീണ്ടും നിർബന്ധിച്ചു, സിദ്ധുവൊരു കസേരയിലിരുന്നിട്ട് ടേബിളിലേക്ക് നോക്കി, നിറയെ കുപ്പികളുണ്ട്, ഒന്ന് കയ്യിലെടുത്തിട്ട്.. ഇതെന്താ എപ്പോഴും ചുവപ്പ് കളറ് തന്നെ അടിക്കുന്നേ..
ഇതെന്താ പെയിന്റ് കടയോ ഇഷ്ടത്തിന് കളറ് മാറ്റിയടിക്കാൻ..മനു സിദ്ധുവിന് മുഖം കൊടുക്കാതെ എഴുന്നേൽക്കാനൊരുങ്ങി.. സുര അവനെ പിടിച്ചിരുത്തിയിട്ട്.. നീ നിൽക്ക് നമ്മുക്ക് കാര്യങ്ങള് സംസാരിക്കണ്ടേ..
എന്നാൽ സംസാരിക്ക്.. മനു സുരയെയൊന്ന് നോക്കിയിട്ട് തിരിച്ചു കസേരയിൽ തന്നെയിരുന്നു..
സുര സിദ്ധുവിന്റെ അരികിലേക്കൊരു കസേര നീക്കിയിട്ട് അവനെ ചേർന്നിരുന്നു. ഒരു കാര്യം ചോദിച്ചാൽ കൃത്യമായി ഉത്തരം പറയോ..
സിദ്ധു മനസ്സിലാവാതെ സുരയെ നോക്കി.. എന്ത്..?
സുര ഒന്നുകൂടി അരികിൽ വന്നിട്ട്.. ഒരാളെ സ്നേഹിക്കുന്നത് തെറ്റാണോ..?
സിദ്ധു ചിരിച്ചു.. ഏയ് ഒരിക്കലുമല്ല..
സുര സിദ്ധുവിനെ നോക്കികൊണ്ട്.. ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യണമെന്ന് തോന്നുന്നത് നല്ലതാണോ..
സിദ്ധുവിന് അർത്ഥം മനസ്സിലായി, എങ്കിലും മുഖത്ത് ഭാവം മാറ്റാതെ.. അതിനും തെറ്റ് പറയാൻ പറ്റില്ല..
എന്നാൽ പിന്നെ കോംപ്രമൈസ് ആയിക്കൂടെ..
സിദ്ധു അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഒന്ന് ചിരിച്ചിട്ട് സുരയുടെ അരികിലേക്ക് നീങ്ങിയിരുന്നു.. ഞാനൊരു ചോദ്യം ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയോ..
ഉം ചോദിക്ക്.. സുര ആത്മവിശ്വാസത്തോടെ പറഞ്ഞു..
നമ്മള് സ്നേഹിച്ചിരുന്ന പെണ്ണിന് നമ്മളെ ഇഷ്ടമല്ലെന്ന് മനസ്സിലായിട്ടും അവൾക്ക് വേറെ ഭർത്താവുണ്ടെന്ന് അറിയാമായിരുന്നിട്ടും വീണ്ടും അവളെ തന്നെ മോഹിക്കുന്ന നാറിയെ കൊല്ലുന്നത് ശരിയാണോ തെറ്റാണോ..
സുര കസേരയിൽ നേരെയിരുന്നു.. അപ്പോൾ അളിയൻ ഒരു നടയ്ക്ക് പോവില്ല..
സിദ്ധു സുരയുടെ നേരെ തിരിഞ്ഞിട്ട്.. ഞാൻ തന്നോട് നേരത്തെ പറഞ്ഞതാണ് എന്റെയും അവളുടെയും കാര്യത്തിൽ ഇടപെടരുതെന്ന്, അതുപോരാ തനിക്ക് ഈ പണി തന്നെ തുടരാനാണ് ഭാവമെങ്കിൽ ആയിക്കോ പക്ഷേ എന്റെയടുത്ത് വേണ്ട..
സുര ദേഷ്യത്തോടെ ഒന്ന് ചിരിച്ചു.. നിന്നെ ഇവിടെ കുത്തിയിട്ടാൽ ഒരു പട്ടിയും വന്ന് ചോദിക്കില്ല..
സിദ്ധു ചുറ്റിലുമൊന്ന് നോക്കി.. ഈ നിൽക്കുന്ന കൂട്ടുകാരുടെ ബലത്തിൽ പറഞ്ഞതാണെങ്കിൽ എന്നോട് ഇജ്ജാതി ഊള ഡയലോഗ് ഒന്നും അടിച്ചു പേടിപ്പിക്കാ വിചാരിക്കണ്ട..
എന്നാൽ നമ്മുക്ക് കാണാമെടാ.. സുര ചാടിഎഴുന്നേറ്റ് സിദ്ധുവിന്റെ ദേഹത്തേക്ക് വീണു, സിദ്ധു സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റിയിട്ട് എഴുന്നേറ്റു, വീണ്ടും പാഞ്ഞു വന്ന സുരയെ മനു തടഞ്ഞു.. വിട് അവനെ നമ്മുക്ക് കിട്ടും..
സിദ്ധു മനുവിനെയൊന്ന് നോക്കി.. നീ ഒലത്തും ഒന്ന് പോടാ ചെക്കാ അവിടുന്ന്..
സിദ്ധു ക്ലബിന് പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു, സുര മനുവിനെ നോക്കിയിട്ട്.. വെളിച്ചമല്ലേ നിന്റെ പ്രശ്നം, ആ പടവരമ്പിലൂടെ കയറിയാൽ ആലിൻ ചുവടെത്തും അവിടെ വെച്ച് തീർക്കാം..
അതുകേട്ടപ്പോൾ മനു സുരയുടെ കയ്യിന് മുകളിലുള്ള പിടുത്തം വിട്ടു.. എന്നാൽ ചെല്ല്..
സുര പുറത്തേക്കിറങ്ങി, വേഗത്തിലോടി, ഇന്ന് നടന്ന കാര്യങ്ങളാലോചിച്ചു ആകെ ടെൻഷനായിരുന്ന സിദ്ധു സാവധാനത്തിലാണ് വണ്ടിയോടിച്ചിരുന്നത്, പെട്ടെന്ന് സിദ്ധു ബ്രേക്കിട്ടു, ബൈക്കിന്റെ സ്റ്റാൻഡ് ഇട്ട് താഴെയിറങ്ങി, മുന്നിൽ നിൽക്കുന്ന സുരയെയും കൂട്ടുകാരെയും നോക്കിയിട്ട്.. അപ്പോൾ തമാശയായിട്ടല്ല പറഞ്ഞതല്ലേ..
സുര ചിരിച്ചിട്ട്.. അതേടാ തമാശയല്ല, ഇന്ന് നമ്മൾ ആരെങ്കിലും ഒരാള് വീട്ടിൽ പോയാൽ മതി..
സിദ്ധു ഒന്ന് ദീർഘാശ്വാസമെടുത്തിട്ട്.. അങ്ങനെയെങ്കിൽ അങ്ങനെ.
സുര സിദ്ധുവിന് നേരെ പാഞ്ഞു, സിദ്ധു അയാൾക്ക് നേരെ ആഞ്ഞു വീശി, സുര നിലത്തു പതിച്ചു, സുരയെ സഹായിക്കാൻ വേണ്ടി കൂട്ടുകാർ ഓരോരുത്തരായി സിദ്ധുവിനെ അടിക്കാനായി ഓങ്ങികൊണ്ടിരുന്നു, എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി അവരെ അടിക്കാനായി നിന്നപ്പോഴാണ് പുറകിൽ നിന്നൊരു അടി വന്ന് വീണത്, സിദ്ധു താഴെ വീണിട്ട് തലയുയർത്തി നോക്കി, മനുവിനെ കണ്ടപ്പോൾ തല താഴ്ത്തി, സിദ്ധു താഴെ വീണ അവസരം മുതലാക്കികൊണ്ട് കൂട്ടുകാരും സുരയും അവനുനേരെ പാഞ്ഞു, ക്രൂരമായി മർദ്ധിച്ചു, തളർന്നു വീണ സിദ്ധുവിനെ കുത്താനായി സുര കത്തി പുറത്തെടുത്തു, മനു തടഞ്ഞുകൊണ്ട്.. ഏയ് വിട്, ഇവൻ ഇങ്ങനെ കിടക്കട്ടെ നമ്മുക്ക് വീട്ടിലേക്ക് പോവാം..
സുര മനുവിനെയൊന്ന് നോക്കി.. എന്താ പ്ലാൻ..?
ഞാൻ പറഞ്ഞു തരാം.. മനു സുരയെയും കൊണ്ട് കുറച്ച് നീങ്ങി നിന്നു, തന്റെ പ്ലാനെന്താണെന്ന് വിശദീകരിച്ചു, എല്ലാം കേട്ടിട്ട് സംശയമെന്നോണം.. അവള് വരോ..?
മനു ചിരിച്ചു.. നല്ല സ്നേഹമുണ്ട് ഇവനോട്, താൻ പറയേണ്ടപോലെ പറഞ്ഞാൽ അവള് എങ്ങോട്ട് വേണേലും വരും..
ശരി നോക്കാം.. സുര വീട്ടിലേക്ക് നടന്നു, വാതില് തുറന്നപ്പോൾ അകത്തേക്ക് കയറിയിട്ട് ഭാര്യയെ നോക്കി.. നീ പോയി കഴിക്കാനെടുക്ക്..
അവൾ അടുക്കളയിലേക്ക് പോയപ്പോൾ സുര പതിയെ ശിൽപയുടെ മുറിയുടെ അരികിലേക്ക് വന്നു, കട്ടിലിലിരിക്കുന്ന ശില്പയെ ഒന്ന് നോക്കിയിട്ട്.. കെട്ടിയോനെ കാത്തിരിക്കാവും ലെ..
പെട്ടെന്നുള്ള ശബ്ദത്തിൽ അവളൊന്ന് ഞെട്ടി, സുരയെ കണ്ടപ്പോൾ ദേഷ്യ ത്തോടെ.. മിണ്ടാതെ പോ ഇവിടുന്ന്.
സുര ചിരിച്ചു.. ഞാൻ പോവാൻ തന്നെയാ വന്നത്, എന്നാലും ഒരേ വീട്ടിലല്ലേ താമസിക്കുന്നേ ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ വന്ന് പറയണമല്ലോ എന്ന് ആലോചിച്ചു വന്നതാ..
ശില്പ കാര്യം മനസ്സിലാവാതെ.. ആർക്ക് അപകടം, നിങ്ങളിതെന്തൊക്കെയാ പറയുന്നേ..
സുര മുറിയിലേക്ക് കയറി.. ബഹളം വെക്കേണ്ട ആലിന്റെയടുത്ത് വെച്ച് സിദ്ധുവിന് മനുവുമായൊരു കശപ്പിശ, രണ്ടും കൂടി തല്ലായിട്ട് ആൾക്കാരൊക്കെ കൂടി പിരിച്ചു വിട്ടിട്ടുണ്ട്, ഞാൻ രണ്ടെണ്ണം അടിച്ചോണ്ട് അവനെ എടുത്തോണ്ട് വരാൻ പറ്റിയില്ല, നീയും കൂടിയുണ്ടേൽ എങ്ങനേലും തൂക്കിക്കൊണ്ട് വരാം..
ശില്പ സുരയെ തന്നെ നോക്കികൊണ്ടിരുന്നു.. താൻ പറയുന്നത് ഞാൻ വിശ്വസിക്കണം ലെ ..
സുര ക്ലോക്കിലേക്ക് വിരൽ ചൂണ്ടികൊണ്ട്.. നിന്റെ കെട്ടിയോൻ എത്ര മണിക്കാടി വരുന്നേ..
ശില്പ ക്ലോക്കിലേക്കൊന്ന് നോക്കി,10 മണി കഴിഞ്ഞിരിക്കുന്നു, ടേബിളിലിരുന്ന ഫോണെടുത്ത് സിദ്ധുവിന്റെ നമ്പർ ഡയൽ ചെയ്തു, സ്വിച്ച്ഓഫ് എന്ന് കേട്ടപ്പോൾ തളർന്നു നിലത്തിരുന്നിട്ട് സുരയെ നോക്കികൊണ്ട്.. താനൊക്കെപ്പാടെ എന്താടോ ആ പാവത്തിനെ ചെയ്തേ..
സുര അവളുടെ അരികിൽ വന്നു.. ദേ പെണ്ണെ ഒരുമാതിരി വർത്തമാനം പറയല്ലേ, എന്റെ നല്ല മനസ്സുകൊണ്ട് നടന്ന കാര്യം ഇവിടെ വന്നു പറഞ്ഞു, ദാ ഇപ്പോഴും പറയുന്നു ഞാൻ സഹായിക്കാം..
ശില്പ ആലോചിക്കുന്നത് കണ്ടപ്പോൾ..ദേ നീ ഇങ്ങനെ നോക്കികൊണ്ടിരുന്നാൽ ചിലപ്പോൾ നമ്മള് ചെല്ലുമ്പോഴേക്കും ആള് വടിയാവും..
ശില്പ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് സുരയെ നോക്കി.. ഇത് സത്യമാണെന്നു എനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല..
സുര കയ്യിലിരുന്ന മാല അവൾക്ക് നീട്ടി.. ഇത് അവന്റെയാണോ..
അവൾ മറുപടി പറയുന്നതിന് മുമ്പേ തടുത്തുകൊണ്ട്.. വേണമെങ്കിൽ ഇവിടെ ആരെയും അറിയിക്കാതെ എന്റെ പുറകെ വാ..
ശില്പ കയ്യിലൊരു ടോർച്ചുമെടുത്ത് പുറത്തേക്ക് നടന്നു, സുര മുന്നിൽ നടന്ന് മുറ്റത്തെത്തിയപ്പോൾ ഒന്ന് നിന്നു.. ചത്തില്ലല്ലേ, ഒരിറ്റ് ബാക്കി വെച്ചാൽ നീ എഴുന്നേറ്റ് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..
സിദ്ധു ദേഹത്തുണ്ടായിരുന്ന ചോര തുടച്ചിട്ട് സുരയുടെ നെഞ്ചിനിട്ടൊന്ന് കുത്തി, സുര വേദന കൊണ്ട് പുറകിലേക്ക് മറിഞ്ഞു, ശില്പ ഓടി സിദ്ധുവിനരുകിലേക്ക് വന്ന് അവനെ അടിമുടി നോക്കിയിട്ട്.. എല്ലാവരും കൂടി നിന്നെ കൊല്ലാകൊല ചെയ്തോ..
സിദ്ധു അവളുടെ കണ്ണ് തുടച്ചിട്ട്.. എനിക്ക് കുഴപ്പമൊന്നുമില്ല..
സുര എഴുന്നേറ്റ് തിരിച്ചു തല്ലാനോങ്ങിയപ്പോഴേക്കും സിദ്ധു അയാളെ തള്ളി താഴെയിട്ടു, ശബ്ദം കേട്ട് അച്ഛനും അമ്മയും ചേച്ചിയുമെല്ലാം പുറത്തേക്ക് വന്നു, സുര ഭാര്യയെ നോക്കികൊണ്ട്.. കണ്ടോടി ഒരു ദിവസം ഇവനെ വീട്ടിൽ കയറ്റിയപ്പോഴേക്കും കാണിച്ചിരിക്കുന്നെ..
സിദ്ധു സുരയെ നോക്കിയിട്ട്.. ഇറങ്ങി പോടാ..
സുര ദേഷ്യത്തോടെ.. നീയാരാ അതുപറയാൻ..
സിദ്ധു എല്ലാവരെയുമൊന്ന് നോക്കിയിട്ട് സുരയെ പിടിച്ചു ഗേറ്റിനു പുറത്താക്കി ഗേറ്റ് അടച്ചു കുറ്റിയിട്ടു..
സുര അലറിക്കൊണ്ട്.. എടാ നീ പറഞ്ഞപോലെ തന്നെ അവളെയും കൂടി നോക്കാമെന്ന് വെച്ചിട്ടാണോ..
സിദ്ധു സുരയുടെ നേരെ നിന്നു.. ആരെ നോക്കണം നോക്കണ്ടാന്ന് ഞാൻ തീരുമാനിച്ചോളാം താൻ തന്റെ പാട്ടിനു പോ..
സുര അവസാനമേന്നോണം..കാണാമെടാ..
സിദ്ധു മതിലിലിരുന്ന ഇഷ്ടിക എടുത്ത് സുരയുടെ തലക്കൊരു ഏറുകൊടുത്തു.. ഞാൻ കാണിച്ചു തരാം തനിക്ക് എങ്ങനെയാ ജീവിക്കേണ്ടതെന്ന്..
തുടരും….