ചതി
story written by Nisha L
“ശോ.. നാളെ നാട്ടിലെ അമ്പലത്തിൽ ഉത്സവമാണ്. എത്ര നാളായി ഒരു ഉത്സവം കണ്ടിട്ട്. ഉത്സവം മാത്രമല്ല ഒരു ആഘോഷങ്ങൾക്കും കൂടാൻ പറ്റുന്നില്ല. അച്ഛനെയും അമ്മയെയും ശാലുവിനെയും കുഞ്ഞിനെയുമൊക്കെ കാണാൻ കൊതിയാവുന്നു. ടെക്നോളജി വളർന്നത് കാരണം വീഡിയോ കാളിലൂടെ കാണുന്നുണ്ട്. അത്രയും ഭാഗ്യം. എല്ലാം ആ അമ്മാവൻ തെണ്ടി കാരണമാ….
വർഷങ്ങൾക്ക് മുൻപുള്ള ഒരു കല്യാണതലേന്ന് അജിത്തിന്റെ ഓർമയിലേക്ക് വന്നു. കൂടെ അമ്മയുടെയും അച്ഛന്റെയും ദയനീയ മുഖവും.. അമ്മാവന്റെ ചതിയുടെ മുഖവും..
അജിത്തിന്റെ അമ്മ ശാരദക്ക് അഞ്ച് സഹോദരങ്ങളാണ്. ഏറ്റവും മൂത്തത് ശാരദ.. അമ്മയുടെ മരണം ശേഷം സഹോദരങ്ങൾക്ക് ശാരദയായിരുന്നു അമ്മയുടെ സ്ഥാനത്തു.. അതിൽ ഏറ്റവും ഇളയ അനുജൻ വേണുവിന് അമ്മയും അച്ഛനും എല്ലാം അവർ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ശാരദയുടെ ജീവിതത്തിലേക്ക് മുരളി കടന്നു വന്നു. പിന്നീട് മുരളിയും ശാരദയും കൂടി താഴെയുള്ള സഹോദരങ്ങളെ വിവാഹം ചെയ്തു വിടുകയും വേണുവിന് അമ്മയും അച്ഛനുമാകുകയും ചെയ്തു. ഏറ്റവും ചെറിയ അനുജൻ ആയതു കൊണ്ട് സ്വന്തം മകനെ പോലെയാണ് വേണുവിനെ നോക്കിയത്.
അവനെ പ്രീഡിഗ്രി വരെ പഠിപ്പിച്ചു,,, ശേഷം അവൻ ഒരു വർക്ക് ഷോപ്പിൽ പണിക്കു പോയി തുടങ്ങി.. ഒരു ഗതിയും പിടിക്കാതെ ഇരുന്നപ്പോഴാണ് കടം വാങ്ങി അവനെ ഗൾഫിൽ അയച്ചത്…
അവിടെ എത്തി അവൻ കുറേശ്ശേ പച്ച പിടിച്ചു തുടങ്ങി. നാട്ടിൽ സ്വന്തമായി വസ്തു വാങ്ങി, രണ്ടു നില വീടു വച്ചു, ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം ചെയ്തു. ശ്രീദേവി എന്ന ഒരു നാട്ടിൻപുറത്തുകാരി പെണ്ണ് വേണുവിന്റെ ഭാര്യയായി. ഒക്കെ ശാരദക്ക് സന്തോഷമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് ശാരദയുടെ മകൾ അഖിലക്ക് ഒരു കല്യാണ ആലോചന വന്നത്. തങ്ങൾക്ക് പറ്റിയ ബന്ധം ആയതു കൊണ്ട് അതുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. കാശിനു കുറച്ചു ബുദ്ധിമുട്ട് വന്നപ്പോഴാണ് ആദ്യമായി വേണുവിനോട് ഒരു സഹായം ചോദിക്കുന്നത്..
“മോനെ.. അഖിലക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. നീ കുറച്ചു കാശ് തന്ന് സഹായിച്ചാൽ നമുക്ക് അത് ഭംഗിയായി നടത്താമായിരുന്നു…”!!
“അതിനു എന്റെ കൈയിൽ ഇപ്പോൾ കാശില്ല ചേച്ചി.. ശ്രീദേവിയുടെ ഒരു ബന്ധുവിന് കുറച്ചു കാശ് കൊടുത്തു സഹായിച്ചു. അതുകൊണ്ട് ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാ ഞാൻ. വേറെ ആരോടെങ്കിലും ചോദിച്ചു നോക്ക്… ‘!! വേണു കൈ മലർത്തി.
“നീ വെറുതെ തരണ്ട മോനെ… എന്റെ പേരിലുള്ള ഇരുപത് സെന്റ് ഭൂമി ഞാൻ നിന്റെ പേരിൽ ആക്കി തരാം… “!!
“എന്നാൽ ചേച്ചി പ്രമാണം ഒക്കെ ശരിയാക്കി വയ്ക്ക്.. ഞാൻ എവിടുന്നേലും ഒപ്പിച്ചു തരാം… “!! ഭൂമി കിട്ടുമെന്ന് അറിഞ്ഞ വേണു പറഞ്ഞു.
അങ്ങനെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വസ്തു വേണുവിന്റെ പേരിലേക്ക് മാറ്റി..ദിവസങ്ങൾക്ക് ശേഷം.
“മോനെ കാശ് കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു.. തല്ക്കാലത്തേക്ക് കുറച്ചു പൈസ പലരോടും കടം വാങ്ങിയാണ് എല്ലാം തുടങ്ങി വച്ചത്… “!!
“തരാം ചേച്ചി… കാശ് ശരിയായില്ല.. നിങ്ങൾ ഒരുക്കങ്ങൾ മുന്നോട്ടു കൊണ്ട് പൊയ്ക്കോ.. “!! അങ്ങനെ വേണുവിന്റെ വാക്കിന്റെ ബലത്തിൽ കടം വാങ്ങിയും ലോൺ എടുത്തും വിവാഹത്തിനുള്ളതൊക്കെ ഒരുക്കി..
ദിവസങ്ങൾ കൊഴിഞ്ഞു വീണു… കല്യാണ തലേന്ന് രാത്രിയായി..
കാറിൽ വന്നിറങ്ങിയ വേണുവിനെ കണ്ട് ശാരദ ഓടിയെത്തി..
“വേണു.. മോനെ കാശിന്റെ കാര്യം എന്തായി..?? “!!
“കാശ് കൊണ്ടു വന്നിട്ടുണ്ട് ചേച്ചി.. ഇതാ ഒന്നര ലക്ഷം രൂപയുണ്ട്.. “!!
“അയ്യോ.. മോനെ ഒന്നര ലക്ഷം രൂപയോ.. ഇരുപത് സെൻറ് ഭൂമിക്ക്.. അതും വെട്ടി കറയെടുക്കാൻ പാകത്തിലുള്ള റബ്ബർ മരം നിൽക്കുന്ന ഭൂമി….”!!
“മുരളിയേട്ടാ കേട്ടില്ലേ ഇവൻ പറയുന്നത്..ഒന്നര ലക്ഷം രൂപ പോലും.. നമ്മൾ ഇനി എവിടെ പോയി ഒപ്പിക്കും.. ബാക്കി പൈസ.. “!!
ശാരദ നിലവിളിയോടെ ചോദിച്ചു.
“ആ ഞാൻ പോകുന്നു ചേച്ചി.. ശ്രീദേവിയുടെ ഒരു ഫ്രണ്ട്ന്റെ മകളുടെ ബർത്ഡേ പാർട്ടിയുണ്ട്. അവിടെ പോകണം… “!!
“ങ്‌ഹേ.. അപ്പോൾ നീ എന്റെ മോളുടെ കല്യാണം കൂടുന്നില്ലേ.. “!!
“ഓ ഇല്ല ചേച്ചി.. ഞാൻ അവരോടു വാക്ക് പറഞ്ഞു പോയി ചെല്ലാമെന്നു.. “!!
“നീയെന്താ വേണു ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. നിനക്ക് അറിയില്ലായിരുന്നോടാ ഇവിടെ കല്യാണമാണെന്ന്.. പിന്നെന്തിനാ നീ ചെല്ലാമെന്നു വാക്ക് കൊടുത്തത്.. ഇവിടെ ഉള്ളത് നിന്റെ രക്തമല്ലേടാ.. അവളുടെ കല്യാണത്തേക്കാൾ വലുതാണോ നിനക്ക് ആരുടെയോ പിറന്നാൾ.. “!!
“ഞാൻ ഇറങ്ങട്ടെ ചേച്ചി.. “പറഞ്ഞു കൊണ്ട് അയാൾ പോകാൻ തുനിഞ്ഞു.
“ഇവിടെ വരെ വന്നിട്ട് നീയെന്റെ കുഞ്ഞിനെ ഒന്ന് കയറി കാണാതെ പോകുവാണോ. അവളുടെ അമ്മാവൻ അല്ലേടാ നീ.. നിനക്ക് എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പെരുമാറാൻ.. “!”
ശാരദ ശബ്ദമുയർത്തി ചോദിച്ചത് കേൾക്കെ മുരളിയും അജിത്തും അവരെ ആശ്വസിപ്പിച്ചു..
“പോകുന്നവർ പോകട്ടെ ശാരദേ. .. എല്ലാത്തിനും ഈശ്വരൻ ഒരു വഴി കാട്ടി തരും.. “!!
“അമ്മാവൻ കാശ് കണ്ടു കണ്ണ് മഞ്ഞളിച്ചു ഇരിക്കുവാ അമ്മേ.. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അമ്മ വിഷമിച്ചു അസുഖം ഒന്നും വരുത്തി വയ്ക്കാതെ കേറി വാ.. “!!
അജിത് അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“എന്നാലും മോനെ.. എന്റെ മക്കളെക്കാൾ കൂടുതൽ സ്നേഹവും സന്തോഷവും കൊടുത്തു വളർത്തിയതല്ലേ ഞാൻ അവനെ.. ആ അവൻ എന്നോട് ഇങ്ങനെ യൊക്കെ പെരുമാറുന്നത് ഞാൻ എങ്ങനെ സഹിക്കും..?? “!!
നെഞ്ച് തടവി കൊണ്ട് അവർ പരിതപിച്ചു.
“ആ വസ്തു വേറെ ആർക്കെങ്കിലും വിറ്റിരുന്നെങ്കിൽ ഒരു കടവുമില്ലാതെ എനിക്ക് എന്റെ കുഞ്ഞിന്റെ കല്യാണം നടത്താമായിരുന്നു.. ഇനിയിപ്പോൾ നമ്മൾ എന്ത് ചെയ്യും മോനെ.. കടം വാങ്ങിയതും പലിശക്കെടുത്തതും ഒക്കെ എങ്ങനെ വീട്ടും..??? കേറിക്കിടക്കാൻ ആകെ ഈ വീട് മാത്രമാ ഇനി സ്വന്തമായിട്ടുള്ളത്.. അത് നിന്റെ അച്ഛന്റെ പേരിൽ ഉള്ളതായതു കൊണ്ട് അതെങ്കിലും ഉണ്ട്.. ഇല്ലെങ്കിൽ അതും കൂടി ഞാൻ ഈ നന്ദി കെട്ടവന് എഴുതി കൊടുത്തേനെ..” പറഞ്ഞു കൊണ്ട് ശാരദ കുഴഞ്ഞു നിലത്തേക്ക് വീണു പോയി..
“അയ്യോ.. അമ്മേ… “!! അജിത് അമ്മയെ വാരി എടുത്തു മടിയിൽ കിടത്തി..
“വേണു… വണ്ടിയെടുക്കെടാ… ഇവളെ ഒന്ന് ആശുപത്രിയിൽ എത്തിക്ക്.. “!!
മുരളി വേവലാതിയോടെ പറഞ്ഞു..
“വേറെ ഏതെങ്കിലും വണ്ടി നോക്ക് ചേട്ടാ.. ശ്രീദേവിയും പിള്ളേരും അവിടെ ഒരുങ്ങി നിൽക്കുവാ.. ” അയാൾ ഒട്ടും ദയയില്ലാതെ പറഞ്ഞു.
“വേണു.. നിന്നെ സ്വന്തം മകനെ പോലെ വളർത്തിയ സ്ത്രീയല്ലേ അത്.. ഇങ്ങനെ യൊക്കെ പെരുമാറാൻ നിനക്ക് എങ്ങനെ കഴിയുന്നു.. “
“ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിക്കെട.. നീയെന്തൊരു മനുഷ്യനാടാ.. “”!!
“നാളെയൊരു മംഗളകർമ്മം നടക്കേണ്ട വീടല്ലേ ഇത്.. “!!
കണ്ടു നിന്നവരിൽ ആരൊക്കെയോ അയാളോട് പറഞ്ഞു..
“ഇനി ആശുപത്രിയിൽ ഒക്കെ പോകാൻ നിന്നാൽ ഞാൻ ലേറ്റ് ആകും.. നിങ്ങൾ വേറെ ഏതെങ്കിലും വണ്ടി വിളിച്ചു കൊണ്ടു പോ.. “!! ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വേണു കാറിൽ കയറി പോയി.
പിന്നീട്…
അവിടെ നിന്ന ആരുടെയൊക്കെയോ സഹായത്തോടെ ശാരദയെ ഹോസ്പിറ്റലിൽ എത്തിച്ചു,,, ഡ്രിപ് കൊടുത്തു ക്ഷീണം മാറിയ അവരെ രാത്രി വൈകി വീട്ടിൽ എത്തിച്ചു.
പിറ്റേന്ന് കല്യാണത്തിനും വേണു പങ്കെടുത്തില്ല. അയാൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ എല്ലാവരുടെയും മനസ്സിൽ പോറൽ ഏൽപ്പിച്ചെങ്കിലും അഖിലയുടെ വിവാഹം നല്ല രീതിയിൽ തന്നെ നടത്തി..
പിന്നീട് അങ്ങോട്ട് കടം തീർക്കാനുള്ള ഓട്ടമായിരുന്നു…. ഇപ്പോഴും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു..
കടം കാൻസർ പോലെയാണ്. ഒരു വട്ടം കടത്തിൽ വീണു പോയാൽ അതിന്റെ വേരുകൾ നമ്മളെ ആഴത്തിൽ ചുറ്റി പിടിക്കും. അത് മനസിലാക്കിയ ദിവസങ്ങൾ ആയിരുന്നു പിന്നീടുള്ളത്..
പലിശയും കൂട്ടു പലിശയും എല്ലാം ചേർന്ന് കടം വലുതായി കൊണ്ടിരുന്നു. അങ്ങനെയാണ് ഇരുപതാമത്തെ വയസിൽ ഞാൻ പ്രവാസിയായത്.. അന്നു മുതൽ കടം വീട്ടാനുള്ള തുഴച്ചിലാണ്.. ഇന്നും തുഴയുന്നു…
അതിനിടയിൽ എപ്പോഴോ എന്റെ എല്ലാ കഷ്ടപാടുകളും അറിഞ്ഞു കൊണ്ട് ജീവിതത്തിലേക്ക് വന്നതാണ് ശാലു .. അല്ല അവളുടെ വീട്ടുകാർ സന്തോഷ ത്തോടെ കൈ പിടിച്ചു തന്നതാണ്.. ഇപ്പോൾ ഒരു മോള് കൂടിയുണ്ട്… അവളുടെ ഒന്നാം പിറന്നാളിന് കണ്ടതാണ്.. ഇപ്പോൾ മൂന്നര വയസായി കൊച്ചു കുറുമ്പിക്ക്..
കടത്തിൽ നിന്ന് ഒരു വിധം കര കയറി വരുന്നു. എന്നാലും ഈ പ്രവാസ ജീവിതം ഉടനെയൊന്നും അവസാനിപ്പിക്കാൻ പറ്റില്ല. എന്റെ മകൾക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കാൻ ഇനിയും ഇവിടെ തുടർന്നേ പറ്റു.. ആയുസിന്റെ മുക്കാൽ ഭാഗവും ഇവിടെ തന്നെ തീരും.. പിന്നെ എന്ന് ഞാൻ എന്റെ കുടുംബം ഒന്നിച്ചു സമാധാനത്തോടെ കഴിയും..??? ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട് …. ഒന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കാറില്ല… വീട്ടിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്ന മുഖങ്ങൾ ഓർക്കുമ്പോൾ എവിടുന്നൊക്കെയോ എല്ലാം നേരിടാനുള്ള ഒരു ഊർജ്ജം കിട്ടും. അതിന്റെ ബലത്തിൽ ഓരോ ദിവസവും തള്ളി നീക്കുന്നു..
അടുത്ത ഡ്യൂട്ടിക്ക് കയറാൻ സമയമായി.. അജിത് ചിന്തകളിൽ നിന്നുണർന്നു മുഖം കഴുകി,, വേഷം മാറി ജോലിക്ക് പോകാൻ ഇറങ്ങി…. ❤️