നീയൊക്കെ എന്നോട് ഓരോ ആവശ്യവും പറഞ്ഞു പണം ചോദിക്കുമ്പോൾ ഒരിക്കലും ഞാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോൾ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ്…..

_upscale

എഴുത്ത്:-ചൈത്ര

” എടാ എനിക്ക് അത്യാവശ്യം ആയിട്ട് ഒരു 5000 രൂപ വേണം. ഒന്ന് അക്കൗണ്ടിലേക്ക് ഇട്ടു തരാമോ..? “

രാവിലെ തന്നെ സതീഷിന്റെ ഫോൺ ആണ് മനുവിനെ ഉണർത്തിയത്. സതീഷിന്റെ ആവശ്യം കേട്ടപ്പോൾ ബാക്കി നിന്ന ഉറക്കം കൂടി കളഞ്ഞു കൊണ്ട് മനു ചാടി എഴുന്നേറ്റു.

“എന്താടാ..? എന്താ ഇത്ര അത്യാവശ്യം..?”

മനു ആകുലതയോടെ അന്വേഷിച്ചു.

” എടാ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. അതിനു വേണ്ടിയാണ്.അടുത്ത മാസം സാലറി കിട്ടുമ്പോൾ ഉറപ്പായും ഞാൻ തിരിച്ചു തരാം. “

സതീഷ് പറഞ്ഞപ്പോൾ മനു പുഞ്ചിരിച്ചു.

” അതൊന്നും സാരമില്ല. ഞാൻ ഇപ്പോൾ തന്നെ ചെയ്തേക്കാം.”

മനു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. പിന്നെ പെട്ടെന്ന് തന്നെ സതീഷിന് 5000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് ഉറങ്ങാൻ നിൽക്കാതെ അവൻ മുറിക്ക് പുറത്തേക്കിറങ്ങി.

“നീ ഇന്ന് നേരത്തെ എഴുന്നേറ്റോ..?”

അവനെ കണ്ട അത്ഭുതത്തിൽ അമ്മ അന്വേഷിച്ചു.

“സതീഷ് വിളിച്ചിരുന്നു. അതുകൊണ്ട് ഉറക്കം പോയതാണ്.”

അതും പറഞ്ഞു അവൻ ഉമ്മറത്ത് ചടഞ്ഞു കൂടിയിരുന്നു.

“നീ എന്തിനാ ഇങ്ങനെ ഇരിക്കുന്നത്.. എഴുന്നേറ്റ് പോയി റെഡിയായി ക്കൂടെ..?നേരത്തെ എഴുന്നേറ്റാലെങ്കിലും നേരത്തെ റെഡിയായി കൂടെ..? അങ്ങനെയാണെങ്കിൽ മനസമാധാനത്തോടെ ആഹാരവും കഴിച്ചു പോകാമല്ലോ. ഇത് എല്ലാ ദിവസവും വെപ്രാളം പിടിച്ച് കയ്യിൽ കിട്ടുന്നത് എന്തെങ്കിലും വാരിവലിച്ച് കഴിച്ചിട്ട് ഒരു ഓട്ടമാണ്. അതുകൊണ്ടു തന്നെയാണ് ഒന്നും ശരീരത്തിൽ പിടിക്കാത്തത്.”

അമ്മ രാവിലെ തന്നെ ഉപദേശിക്കാനുള്ള മൂഡിലാണെന്ന് കണ്ടപ്പോൾ അവൻ അധികം അവിടെ ചുറ്റിത്തിരിക്കാതെ വീണ്ടും മുറിയിലേക്ക് കയറി.

റെഡിയായി ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞതു പോലെ തന്നെ എന്തൊക്കെയോ വാരിവലിച്ച് കഴിച്ചു കൊണ്ട് അവൻ ഇറങ്ങി ഓടി.

ഓരോ ദിവസവും അവന്റെ ഓരോ സുഹൃത്തുക്കൾ അവനെ വിളിക്കാറുണ്ട്. അവരൊക്കെ ആവശ്യപ്പെടുമ്പോൾ അവർക്കൊക്കെ ആവശ്യമായ തുക അവൻ നൽകാറുണ്ട്. അതൊന്നും ഒരിക്കലും തിരിച്ചു കിട്ടിയിട്ടില്ല. അതിലൊന്നും അവൻ പരാതി പറഞ്ഞിട്ടുമില്ല.

കാരണം സൗഹൃദങ്ങൾക്ക് ഒരുപാട് വില കൽപ്പിക്കുന്ന ഒരാളായിരുന്നു അവൻ.

എല്ലാ സുഹൃത്തുക്കളെയും ആത്മാർത്ഥമായി തന്നെയാണ് അവൻ സ്നേഹിച്ചത്. പലപ്പോഴും അവന്റെ അമ്മ ഉൾപ്പെടെ അവനെ ഉപദേശിക്കാറുണ്ട്.

” ആരെയും അധികം വിശ്വസിക്കരുത്. ചിലപ്പോൾ നമ്മൾ ഏറ്റവും അധികം വിശ്വസിച്ചവർ ആയിരിക്കും നമുക്ക് പണി തരിക. “

ആരൊക്കെ അത് പറഞ്ഞാലും അവൻ ഒരു പുഞ്ചിരിയോടെ മാത്രമാണ് അത് നേരിടാറ്.

മാറ്റങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്നുപോയി.

അവന്റെ സാലറി കിട്ടുന്ന ദിവസം അവന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒത്തുകൂടാറുണ്ട്. അവനെക്കൊണ്ട് അവർ ചെലവ് ചെയ്യിക്കും. തന്റെ കൂട്ടുകാർക്ക് വേണ്ടിയല്ലേ എന്നോർത്ത് അവൻ ഒക്കെയും ചെയ്തു കൊടുക്കുകയും ചെയ്യും.

പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

ഒരു ദിവസം മനു ഓഫീസിൽ ഇരിക്കുമ്പോൾ അവനു തൊട്ടടുത്ത വീട്ടിലെ ഒരു ചേട്ടന്റെ ഫോൺ വന്നു.

അമ്മ ഉച്ചയ്ക്ക് ടൗണിലേക്ക് പോയപ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നുമാണ് ആ ചേട്ടൻ പറഞ്ഞത്.

ആ വാർത്ത കേട്ട മനു ആകെ തകർന്നു പോയി. അവന്റെ അവസ്ഥ കണ്ടു ഓഫീസിലുള്ള ഒന്ന് രണ്ട് പേർ ചേർന്നാണ് അവനെയും കൊണ്ട് ആശുപത്രിയിലേക്ക് എത്തിയത്.

അവിടെയെത്തിയപ്പോൾ അവിടത്തെ സ്ഥിതിഗതികൾ വളരെ ഗുരുതരമായിരുന്നു. അമ്മയുടെ തലയ്ക്ക് സാരമായ പരിക്ക് ഏറ്റിട്ടുണ്ടെന്ന് അതിന് ഒരു സർജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഏകദേശം 5 ലക്ഷം രൂപയോളം അതിന് ചെലവ് വരും എന്ന് അറിഞ്ഞതോടെ മനു ആകെ പകച്ചു.

അക്കൗണ്ടിൽ എല്ലാം കൂടെ കൂട്ടിയാലും ഇത്രയും തുക ഉണ്ടാവില്ല. ബാക്കി പണത്തിന് എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് അവനെ ഒരു രൂപവും ഉണ്ടാകുന്നുണ്ടായിരുന്നില്ല.

ഓഫീസിലുള്ള സുഹൃത്തുക്കൾ ഒക്കെ കൂടി ചേർന്ന് പിരിവെടുത്ത് ഒരു തുക മനുവിനെ ഏൽപ്പിച്ചു. വേണ്ടെന്ന് അവൻ എത്രയൊക്കെ എതിർത്തു പറഞ്ഞിട്ടും ഒരു സഹായം എന്നുള്ള നിലയ്ക്ക് അവനെ അത് ഏൽപ്പിച്ചിട്ടാണ് അവർ മടങ്ങിയത്.

പിന്നീട് അവന്റെ മനസ്സിൽ തെളിഞ്ഞത് അവന്റെ സുഹൃത്തുക്കളുടെ മുഖമായിരുന്നു. അവരെ ഓരോരുത്തരെയായി അവൻ വിളിച്ചു.

” എടാ എന്റെ കയ്യിൽ ഇപ്പോൾ ഒന്നുമില്ല. നിന്നോട് ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോ നിന്റെ കയ്യിലും ഒന്നും ഉണ്ടാവില്ലല്ലോ. “

ഒരു കൂട്ടുകാരന്റെ മറുപടി അതായിരുന്നു.

“എന്റെ കയ്യിൽ പൈസ എവിടുന്ന് കിട്ടാനാണ്.. എന്റെ ആവശ്യങ്ങൾ പോലും നടക്കുന്നില്ല. പലപ്പോഴും നിന്റെ കയ്യിൽ നിന്നാണല്ലോ ഞാൻ കടം വാങ്ങാറ്..”

അടുത്തയാളും അതുതന്നെ ആവർത്തിച്ചു.

അവൻ ആരോടൊക്കെ പണം ചോദിച്ചോ എല്ലാവരുടെയും മറുപടി ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ചിലരെങ്കിലും ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ വയ്ക്കും.

അത് അവനൊരു പ്രതീക്ഷയായിരുന്നു. പക്ഷേ ആ പ്രതീക്ഷ അധികം സമയം നീണ്ടു നിൽക്കില്ല. കാരണം പിന്നീട് അവൻ വിളിച്ചാൽ അവരാരും ഫോൺ എടുക്കാറില്ല.

വീടിന്റെ ആധാരം കൂടി പണയപ്പെടുത്തി അമ്മയുടെ ഓപ്പറേഷൻ നടന്നു. അമ്മയ്ക്ക് പിന്നെയും മാസങ്ങളോളം റസ്റ്റ് ആവശ്യമായിരുന്നു.

വീട്ടിൽ അച്ഛനും അമ്മയും അവനും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും പ്രായമായതാണ്. അമ്മയെ നോക്കാൻ അച്ഛന് ആരോഗ്യമില്ല.

ആ സാഹചര്യം കൊണ്ട് തന്നെ മനു ലീവെടുത്ത് വീട്ടിലായിരുന്നു. അപ്പോഴും ദിവസവും ഉള്ള ചെലവിന് എന്ത് ചെയ്യും എന്നോർത്ത് അവനു തല പെരുക്കുന്നുണ്ടായിരുന്നു.

പ്രതീക്ഷ കൈവിടാതെ ഇടയ്ക്കൊരിക്കൽ അവൻ അവന്റെ സുഹൃത്തുക്കളെ വിളിച്ചു. കുറച്ചു പണം കടമായി തരാമോ എന്ന് അന്വേഷിച്ചു. പക്ഷേ ആരുടെയും പക്കൽ പണമില്ല.

” നീയൊക്കെ എന്നോട് ഓരോ ആവശ്യവും പറഞ്ഞു പണം ചോദിക്കുമ്പോൾ ഒരിക്കലും ഞാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോൾ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ് നിങ്ങളോട് ചോദിക്കുന്നത്. നിങ്ങൾ എനിക്ക് തരാതിരുന്നത് പോലെ ഞാൻ ഒരിക്കലും നിങ്ങൾക്ക് തരാതിരിക്കില്ല. ഞാൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഓരോരുത്തരുടെയും കടം ഞാൻ കൃത്യമായി തന്നെ തീർക്കും. “

ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയപ്പോൾ അവൻ അറിയാതെ പ്രതികരിച്ചു.

“അപ്പോൾ നീ എന്താ പറഞ്ഞു വരുന്നത്.. ഞങ്ങളൊക്കെ കൂടി നിന്നെ പറ്റിച്ചതാണെന്നോ..? ഞങ്ങൾക്കാർക്കും നിന്റെ ഒരു രൂപ പോലും വേണ്ട. ഒരു അത്യാവശ്യ സാഹചര്യം വന്നപ്പോഴാണ് നിന്റെ കയ്യിൽ നിന്ന് ഞങ്ങളെല്ലാവരും പണം വാങ്ങിയത്. എന്നിട്ട് ഇപ്പോൾ നീ അതിനെ കണക്ക് പറയും എന്ന് ഞങ്ങൾ ആരും വിചാരിച്ചില്ല. ആത്മാർത്ഥ സൗഹൃദം എന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് ഇപ്പോൾ മനസ്സിലായി.”

അവർ തിരികെ ഓരോന്ന് പറയാൻ തുടങ്ങിയപ്പോൾ മനുവിന് ആകെ വിഷമം തോന്നി.

“ഞാൻ എന്റെ അവസ്ഥ കൊണ്ട് പറഞ്ഞു പോയതാണ്. നിങ്ങൾക്കറിയില്ല ഞാനിപ്പോൾ കടന്നു പോകുന്ന മാനസികാവസ്ഥ എന്താണെന്ന്.”

മനു അത്രയും പറഞ്ഞപ്പോൾ മറുവശത്തു നിന്ന് അനക്കമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ പ്പോഴാണ് അവിടെ അവർ പരസ്പരം സംസാരിക്കുന്നത് അവൻ കേൾക്കുന്നത്.

“എന്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടൊന്നുമല്ല. അത് അടുത്തയാഴ്ച ട്രിപ്പ് പോകാൻ വേണ്ടി എടുത്തു വച്ചിരിക്കുന്നതാണ്. അതെടുത്ത് അവന് കൊടുത്താൽ അടുത്തയാഴ്ചത്തെ നമ്മുടെ യാത്ര മുടങ്ങും.”

സതീഷ് പറയുന്നത് കേൾക്കേ മനുവിന് വല്ലാത്ത സങ്കടം തോന്നി.

” എന്റെ കൈയിലും അത്യാവശ്യം വേണ്ടുന്ന നീക്കിയിരിപ്പൊക്കെ ഉണ്ട്. പക്ഷേ കൊടുക്കാൻ പറ്റില്ല എന്ന് മാത്രം. “

മറ്റൊരു സുഹൃത്ത് കൂടി അങ്ങനെ പറയുന്നത് കേട്ടപ്പോൾ മനുവിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഫോൺ കട്ട് ചെയ്തു കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു.

അന്ന് അവൻ മനസ്സിലാക്കി പുഞ്ചിരിച്ചു കണ്ട സുഹൃത്തുക്കൾക്ക് ആവശ്യം അവന്റെ പണം മാത്രമായിരുന്നു എന്ന്.

അമ്മയെ നോക്കാനും വീട്ടു ചെലവ് നടത്താനും ഒക്കെ കൂടിയുള്ള അവന്റെ ബുദ്ധിമുട്ടു മനസ്സിലായപ്പോൾ അയൽവക്കത്തുള്ള ഒരു ചേച്ചിയാണ് സഹായത്തിന് എത്തിയത്.

അവൻ ജോലിക്ക് പോകുന്ന സമയങ്ങളിൽ അമ്മയെ ആ ചേച്ചി ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞു. അവനു അത് വലിയൊരു സഹായം തന്നെയായിരുന്നു.

അവൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. പതിയെ പതിയെ കടങ്ങളൊക്കെ ഓരോന്നായി തീർത്തു തുടങ്ങി. അമ്മയ്ക്കും മാറ്റങ്ങൾ വരാൻ തുടങ്ങിയിട്ടുണ്ട്.

അവൻ സാമ്പത്തികമായി പിന്നെയും ഉയർന്നു വരുന്നു എന്ന് കണ്ടതോടെ സുഹൃത്തുക്കളിൽ പലരും അവനിലേക്ക് അടുക്കാൻ തുടങ്ങി. പക്ഷേ എല്ലാവരെയും ഒരു കൈയകലത്തിൽ നിർത്താൻ അവൻ അപ്പോഴേക്കും ശീലിച്ചിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *