നീലാഞ്ജനം ഭാഗം 31~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

“പേടിച്ചു പോയോ….”

കണ്ണൻ ചോദിച്ചു.

“ദേ… മേലാൽ ഇമ്മാതിരി അഭ്യാസം ആയിട്ട് എന്റെ അടുത്ത വന്നാൽ ഉണ്ടലോ…ഈ കല്ലു ആരാണെന്നു അറിയും…”

അവനെ നോക്കി ഒന്നു പേടിപ്പിച്ചിട്ട് കല്ലു കഴിച്ച പാത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് പോയി..

കണ്ണൻ ആണെങ്കിൽ അത് കേട്ടതും ശരിക്കും ഒന്ന് ചമ്മി പോയി.

എന്നാലും അവൻ പിറകെ ചെന്നു..

“കല്ലു “

“എന്താ “

. “ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ.. തമാശക്ക് “

“തമാശ അധിക കൂടേണ്ട… അത്രയേ ഞാനും പറഞ്ഞൊള്ളൂ.

അവൾ അപ്പോളും സീരിയസ് ആണ്.

കണ്ണൻ പിന്നീട് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.

ശ്രീക്കുട്ടി വന്നപ്പോൾ കല്ലു അവല് നനച്ചു വെച്ചിട്ടുണ്ട്. ചായയും കൂട്ടി അത് അവൾക്ക് എടുത്തു കൊടുത്തു.

കണ്ണനെ വിളിക്കാനായി അവൾ മുറിയിൽ ചെന്നപ്പോൾ ആള് നല്ല ഉറക്കത്തിൽ ആണ്

കാലത്തെ എഴുന്നേറ്റത് കൊണ്ട് ആകും എന്ന് കല്ലു കരുതി.

******

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശോഭയും രാജനും ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു.

കല്ലു ആണെങ്കിൽ എല്ലാം വൃത്തിക്കും വെടിപ്പിനും ഇട്ടിട്ടുണ്ടായിരുന്നു.

ഏകദേശം രണ്ട് മണി ആയി കാണും അവർ വന്നപ്പോൾ.. കണ്ണൻ അവരെ കൂട്ടാൻ അവന്റ ഒരു സുഹൃത്തിന്റെ വണ്ടി എടുത്തു കൊണ്ട് ആണ് പോയത്.

“അച്ഛാ.. ഇപ്പോൾ എങ്ങനെ ഉണ്ട് “

“ആഹ്… ഇത്തിരി ആശ്വാസം ഉണ്ട് മോളെ “

അയാൾ പതിയെ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.

കല്ലു ചെന്നു അമ്മയെ ഹോസ്പിറ്റലിൽ നിന്നു കൊണ്ട് വന്ന ബാഗുകൾ ഒക്കെ എടുക്കാൻ സഹായിച്ചു.

കണ്ണൻ ആണ് അച്ഛനെ റൂമിൽ കൊണ്ട് പോയി കിടത്തിയത്.

കർട്ടൻ എല്ലാം വകഞ്ഞു മാറ്റി ജനാലകൾ എല്ലാം തുറന്നു ഇട്ടിട്ട്, അവൻ അച്ഛന്റെ അടുത്ത് വന്നു ഇരുന്നു.

“ഹോ.. ഇവിടെ വന്നപ്പോൾ ആണ് ഒരു സമാധാനം ആയത് മോനെ…” അയാൾ ശ്വാസം എടുത്തു വലിച്ചു കൊണ്ട് പറഞ്ഞു.

“അച്ഛൻ ഒരുപാട് സംസാരിക്കേണ്ട… അത് ബുദ്ധിമുട്ട് ആകും കേട്ടോ “

“ആഹ്… “

“കുറച്ചു സമയം അച്ഛൻ കിടന്നോ.. ഞാനാ വണ്ടി തിരിച്ചു കൊടുത്തിട്ട് വരാം “

. “ഹ്മ്മ് “

അവൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

ശോഭ ആണെങ്കിൽ മരുന്നുകൾ എല്ലാം എടുത്തു വെയ്ക്കുക ആണ്.

കല്ലു അവർക്ക്  കഴിക്കാൻ ഉള്ള ഭക്ഷണം എടുത്തു മേശമേൽ വെച്ചു.

ശോഭ ഇത്തിരി വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് ചെന്നു.

പെട്ടന്ന് ആണ് കല്ലുവിന്റെ കൈ തട്ടി ഒരു സ്റ്റീൽ പാത്രം മറിഞ്ഞു വീണത്.

“ഇത് എന്താ കല്ലു.. ഒന്ന് നോക്കീം കണ്ടും ചെയ്തു കൂടെ.. എല്ലാം നശിപ്പിക്കുവാണോ “

ശോഭയുടെ ശബ്ദം ഉയർന്നു.

കല്ലു ഒന്നും മിണ്ടാതെ പാത്രം എടുത്തു വെച്ചു.

“കൊച്ചു കുട്ടി ഒന്നും അല്ലാലോ… ഇത് ഒക്കെ ആരേലും പറഞ്ഞു തരണോ “
.. പിറുപിറുത്തു കൊണ്ട് ശോഭ ഇറങ്ങി വന്നത് മകന്റെ മുന്നിലേക്ക്..

“നീ എന്താടാ നോക്കി പേടിപ്പിക്കുന്നത്….”

അവർ മകനെ ഒന്ന് തീഷ്ണമായി നോക്കി.

“ഞാൻ നോക്കിയപ്പോൾ അമ്മ എന്തിനാണ് പേടിച്ചത്..,”

അവനുംവിട്ടു കൊടുത്തില്ല.

പെട്ടന്ന് അമ്മയുടെ പിന്നിൽ വന്നു നിന്നു കല്ലു അവനെ ദീനമായി.നോക്കി.

ആ കണ്ണുകൾ നിറഞ്ഞിരുന്നു

അവൻ പിന്നീട് ഒന്നും മിണ്ടിയില്ല..

ശോഭ മുറിയുലേക്ക് കയറി പോയി

“എന്താ ശോഭേ അവിടെ ഒരു ബഹളം കേട്ടത്…”

..”ഒരു പാത്രം താഴേക്ക് വീണതാ.. “

“അത്രയും ഒള്ളോ “

“ഓ… ഒള്ളൂ… എന്തേ “

. “നീ എന്തിനടി കിടന്നു ഒച്ച വെയ്ക്കുന്നത്… അതിന് മാത്രം ഒന്നും സംഭവിച്ചില്ലലോ “

. “സംഭവിക്കാതെ ഇരുന്നാൽ മതി എന്നേ എനിക്ക് പ്രാർത്ഥന ഒള്ളൂ..”

അവൾ സാരീ മാറി ഒരു നൈറ്റി എടുത്തു ഇട്ടു.

കണ്ണന്റെ വണ്ടി മുറ്റത്തു സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു.

“അവൻ പോയോ “

. “ഹ്മ്മ്.. വണ്ടി കൊടുത്തേച്ചു ഇപ്പോൾ വരും “

“ആഹ് “

. “ചേട്ടൻ വാ… നമ്മൾക്ക് എന്തെങ്കിലും കഴിക്കാം…”

“ദൃതി ഇല്ല ശോഭേ….”

“മരുന്ന് കഴിക്കണ്ടേ….”

അവൾ ഭർത്താവിനെ കട്ടിലിൽ നിന്നും എഴുനേൽപ്പിക്കാൻ ശ്രെമിച്ചു.

“ഞാൻ ഇങ്ങോട്ട് എടുത്തു കൊണ്ട് വരാം “

അല്പം കഴിഞ്ഞു അവർ ഭക്ഷണവുമായിട്ട് വന്നു.

“കല്ലു മോള് കഴിച്ചോ “

“ഇല്ല്യ…..”

. “എന്നാൽ അവളെ കൂടി വിളിക്ക് “

. “ഇങ്ങോട്ടോ…..”

. “ആഹ്…”

“ഇപ്പോൾ ആദ്യം ചേട്ടൻ എന്തെങ്കിലും കഴിക്ക്…”ചോറ് ഉരുട്ടി വായിലേക്ക് വെച്ചു കൊടുത്തു കൊണ്ട് ശോഭ പറഞ്ഞു.

അയാൾക്ക് കൊടുത്തു കഴിഞ്ഞു ശോഭ യും എടുത്തു ഭക്ഷണം കഴിച്ചു.

കല്ലുനോട് ഒന്നും അവർ ചോദിച്ചില്ല.

കണ്ണൻ വണ്ടി കൊടുത്തിട്ട് പെട്ടന്ന് തിരിച്ചു വന്നു

“കല്ലു….. ഊണ് എടുക്ക്… വല്ലാതെ വിശക്കുന്നു “

അവൻ അതും പറഞ്ഞു കൊണ്ട് ആണ് തിണ്ണയിലേക്ക് കയറിയത്.

“നീ കഴിച്ചോ “

“ഇല്ല്യ.. ഞാൻ കഴിച്ചോളാം…”

. “പോയി എടുത്തു കൊണ്ട് വാ..”

“കുറച്ചു കഴിഞ്ഞു മതി… അതുകൊണ്ട് ആണ് “

. “പോയി എടുത്തു കൊണ്ട് വാ പെണ്ണെ…”

. അവൻ വീണ്ടും പറഞ്ഞു.

പിന്നീട് ഒന്നും പറയാതെ കല്ലു പോയി അവൾക്ക് കഴിക്കാനും ഇത്തിരി ചോറും കറികളും എടുത്തു കൊണ്ട് വന്നു.

ശോഭ വന്നു നോക്കിയപ്പോൾ അവർ രണ്ട് പേരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നു.

ശോഭ ഒരു കസേര വലിച്ചിട്ടു മകന്റെ അടുത്ത് ഇരുന്നു.

ആശുപത്രിയിൽ ചിലവായ കണക്കുകൾ എല്ലാം പറഞ്ഞു കേൾപ്പിക്കുക ആണ്..

അവൻ ആണെങ്കിൽ ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുക ആണ്.

ശോഭ ആണെങ്കിൽ നിർത്തുന്ന ഭാവവും ഇല്ല…ഒന്നൊന്നായി പറഞ്ഞു കൊണ്ട് ഇരിക്കുക ആണ് അവർ

, അല്പം കഴിഞ്ഞു അവനു ദേഷ്യം വന്നു “

“ഇത് എല്ലാം എന്നോട് വിസ്തരിച്ചു പറഞ്ഞു കേൾപ്പിക്കണ്ട….. കുറച്ചു നേരം പോയി റസ്റ്റ്‌ എടുക്ക് “

. “അല്ല… കണക്ക് കണക്ക് ആകണം…. അതുകൊണ്ട് പറഞ്ഞത് ആണേ “

“എന്റെ അമ്മേ… ഒന്ന് നിർത്തു…. പൈസ ചിലവായെങ്കിലും സാരമില്ല… ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് അല്ലേ…. എനിക്ക് എന്റെ അച്ഛനെ തിരിച്ചു കിട്ടിയല്ലോ അത് മതി..”

“ഞാൻ അങ്ങ് പറഞ്ഞന്നേ ഒള്ളൂ.. അതിന് നീ കിടന്ന് തുള്ളണ്ട…”

“ആഹാ… ഇനി എന്റെ മെക്കിട്ട് കേറിക്കോ “

അവൻ ഒച്ച വെച്ചപ്പോൾ ശോഭ എഴുന്നേറ്റു മുറിയുലേക്ക് പോയി.

“എന്താടി അവിടെ ഒരു ബഹളം

വന്നു കേറിയതെ നീ തുടങ്ങിയോ “

ഭർത്താവിനെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് അവർ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.

“എന്റെ ശോഭ.. വല്ലവരും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ ആ കൊച്ചിനെ അങ്ങനെ ഒന്നും കാണണ്ട കേട്ടോ “

“വല്ലവരും ആണോ പറഞ്ഞത്… സ്വന്തം അച്ഛൻ അല്ലേ…അയാൾ പറഞ്ഞത് കേട്ടിട്ട് എനിക്ക് പേടി ആകുവാ “

“പിന്നേ… ഓരോരോ അന്തവിശ്വാസംങ്ങൾ..ദേ… അവൻ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്താണ് ഇവിടെ നടക്കുന്നത് എന്ന് പോലും അറിയില്ല “

“എന്ത് നടക്കാൻ….. എനിക്ക് എന്റെ കുഞ്ഞുങ്ങൾ ആണ് വലുത്….”

“അതിനു ഇപ്പൊ എന്നാ പറ്റി “

“ഒന്നും പറ്റിയില്ല… പറ്റാതെ ഇരുന്നാൽ മതി.. അത്രയും ഒള്ളു “

“ആഹ്… ഇത് ഒരു നടയ്ക്കു പോകില്ല ശോഭേ…”

ശോഭ അതിന് മറുപടി ഒന്നും പറയാതെ ഇരുന്നു.

“എടി… അത് ഒരു പാവം കൊച്ചാണ്… നീ ദൈവത്തെ ഓർത്തു അതിനെ കൊലയ്‌ക്കൊടുക്കാതെ ഇരുന്നാൽ മതി..

“നിങ്ങൾ അവിടെ മര്യാദക്ക് കിടക്കാൻ നോക്ക്.. വെറുതെ ഇനി ഓരോന്ന് വരുത്തി വെയ്ക്കണ്ട..”

ശോഭ എഴുനേറ്റ് വെളിയിലേക്ക് പോയി.

നോക്കിയപ്പോൾ കല്ലു ആണെങ്കിൽ അവർ ഹോസ്പിറ്റലിൽ നിന്നു കൊണ്ട് വന്ന മുഷിഞ്ഞ തുണികൾ എല്ലാം സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുക ആണ്…

കണ്ണൻ ഫോണിൽ നോക്കി തിണ്ണയിൽ ഇരിപ്പുണ്ട്

“അതൊക്ക അവിടെ വെച്ചേക്ക്.. ശ്രീക്കുട്ടി നനച്ചോളും “

ശോഭ കല്ലുവിനോട് പറഞ്ഞു.

“അത് സാരമില്ല അമ്മേ… ശ്രീക്കുട്ടി മടുത്തു വന്നിട്ട് വെറുതെ തുണി നനയ്ക്കാൻ നിൽക്കേണ്ടല്ലോ “

“അവളു കോളേജ് വിട്ട് വന്നിട്ട് ഇവിടെ എല്ലാ ജോലിയും ചെയുന്നത് ഒക്കെ ആണ്…”

ശോഭ ഇഷ്ടപെടാത്ത മട്ടിൽ പറഞ്ഞു.

“ഇവള് നനച്ചു എന്ന് കരുതി തുണിക്ക് എന്തെങ്കിലും സംഭവിക്കുമോ അമ്മേ…”

കണ്ണൻ അത് പറഞ്ഞതും ശോഭ അവനെ തുറിച്ചു നോക്കി.

എന്നിട്ട് അടുക്കളയിലേക്ക് കയറി പോയി.

പിന്നാലെ അവനും.

“അമ്മേ…”

“എന്താടാ…”

”  അല്ല ഞാൻ കുറെ നേരമായിട്ട് ശ്രദ്ധിക്കുന്നു. അമ്മയ്ക്ക് എന്താണ് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ മുതൽ ഒരു മാറ്റം,, “

” എന്തു മാറ്റം “

“അത് എനിക്കറിഞ്ഞുകൂടാ.. ഇവിടെ വന്നു കയറിയപ്പോൾ മുതൽ അമ്മയുടെ മുഖം കടന്നല് കുത്തിയത് പോലെ ആണല്ലോ ഇരിക്കുന്നത് “

” എന്റെ മുഖം എന്നും ഇതുപോലെ തന്നെയാണ്.. എന്തേ നീ ഇതുവരെ എന്നെ കണ്ടിട്ടില്ലേ  “

” ഞാൻ ഇതുവരെ ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ  “

” നീ ഒരുപാട് കാടുകയറി ചിന്തിക്കുക ഒന്നും വേണ്ട,  പോകാൻ നോക്ക്”

” അമ്മേ…. ഞാൻ അമ്മയെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്, അമ്മയുടെ മുഖം ഒന്നു മാറിയാൽ എനിക്ക് മനസ്സിലാകും, അതുകൊണ്ട് അമ്മ ഒരുപാട് ഉരുണ്ട് കളിക്കുക ഒന്നും വേണ്ട, എന്താ അമ്മയ്ക്ക് പറ്റിയത്? കാരണം എന്നോട് പറയ് “

” എന്റെ കണ്ണാ എനിക്കൊന്നും പറ്റിയില്ല…നീ മിണ്ടാതെ പോടാ “

“ഹ്മ്മ്… ആയിക്കോട്ടെ… ഒരു കാര്യം അമ്മയോട് ഞാൻ പറയാം, ടിവിയിലെ സീരിയൽ എല്ലാം കണ്ടു കണ്ടു, കേറിവരുന്ന പെണ്ണുങ്ങളോട് അമ്മായിയമ്മപോര് എടുക്കാനാണ് ഭാവം എങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കണം .. അത് ഈ വിട്ടിൽ ചിലവാകില്ല.. എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ ഈ കണ്ണന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം …”

” എന്റെ മഹാദേവ…. ഒരാഴ്ച കൊണ്ട് നിന്നെ കുപ്പിയിൽ ആക്കിയോടാ..തലയണ മന്ത്രം…… ” ശോഭ മൂക്കത്ത് വിരൽ വെച്ചു.

” ആര് ആരെ കുപ്പിയിൽ ആക്കിയോ എന്ന് “

“അത് നീ നിന്നോട് തന്നെ സ്വയം ചോദിക്ക് കണ്ണാ “

“ദേ

അമ്മേ… വെറുതെ വേണ്ടതീനാം പറഞ്ഞാൽ ഉണ്ടല്ലോ… വിവരം അറിയും “

“എന്നാൽ ഒന്ന് അറിഞ്ഞിട്ടേ ഒള്ളൂ “

ശോഭയും വിട്ട് കൊടുത്തില്ല..

കണ്ണൻ ദേഷ്യം വന്നിട്ട് ചവിട്ടി തുള്ളി ഇറങ്ങി പോയി…

വാതിൽക്കൽ നിൽക്കുന്ന കല്ലുവിനെ കണ്ടതും അവനു സങ്കടം ആയി..

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴിക്കിയിരുന്നു..

ഒന്നും മിണ്ടാതെ അവൾ വീണ്ടും മിഴിനീർ തുടച്ചു കൊണ്ട് അലക്ക് കല്ലിന്റെ അടുത്തേക്ക് പോയി…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *