നീലാഞ്ജനം ഭാഗം 65~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണൻ അവരോട് പറഞ്ഞു.

ഹേയ് എന്നാലും അങ്ങനെ അല്ലാലോ… കണ്ണൻ ഞങളുടെ ഒപ്പം ജോലിക്ക് കേറീട്ടു മൂന്നര വർഷം കഴിഞ്ഞു.. ഇതേ വരേയ്ക്കും തന്നെ കുറിച്ചു ഒരു മോശമായ അഭിപ്രായം ആരും പറഞ്ഞിട്ടു പോലും ഇല്ല…. എന്നിട്ട് ഇപ്പൊ തനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു പോയതിൽ ഞങ്ങൾക്ക് ഒരുപാട് സങ്കടം ഉണ്ടെടോ….”

“കുഴപ്പമില്ല ചേട്ടാ…. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് നമ്മൾ ആരും കരുതിയത് അല്ലാലോ…ആഹ്… എന്തായാലും ആയുസ് ഉണ്ടായിരുന്നു… അതുകൊണ്ട് രക്ഷപ്പെട്ടു..”

കണ്ണൻ മെല്ലെ പറഞ്ഞു.

അര മണിക്കൂർ നേരം ഇരുന്നു അവനോട് സംസാരിച്ച ശേഷം ആണ് അവർ രണ്ടാളും അവിടെ നിന്ന് പോയത്..

ഇറങ്ങാൻ നേരം കണ്ണന്റെ കൈലേക്ക് കുറച്ചു കാശ് കൊടുക്കാനും ജോണി ചേട്ടൻ മറന്നില്ല.

“മോനേ… അമ്മ ഇത്തിരി വെള്ളം ചൂടാക്കിയിട്ടുണ്ട്… ദേഹത്തു ഒക്കെ നന്നായി ചൂട് പിടിച്ചിട്ട് കുളിയ്ക്കാം..

“ഹ്മ്മ്…. കുളിയ്ക്കാം അമ്മേ…”

. അവൻ പാതിയെ എഴുനേറ്റു.

മുരിങ്ങ യുടെ തൊലി ഇട്ടിട്ടു വെള്ളം തിളപ്പിച്ച്‌ വെച്ചിരിക്കുക ആണ് ശോഭ..

അവർ അത് എടുത്തു കൊണ്ട് പോയി ബാത്‌റൂമിൽ വെച്ച്.

“കല്ലൂ എവിടെ അമ്മേ “

“മുറിയിൽ ഉണ്ടല്ലോ മോനേ…. ആകെ സങ്കടം ആണ് അതിനു… ഇത്രയും സമയം ഇരുന്നു കരയുക ആയിരുന്നു…. ശ്രീക്കുട്ടി ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു… എന്തൊരു വിധി ആയിപ്പോയി മോനേ നിനക്ക് “

ശോഭ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവന്റ അടുത്തേക്ക് വന്നു…

“സാരമില്ല അമ്മേ… എനിക്ക് അങ്ങനെ ഒന്നും പറ്റിയില്ല…. ചെറിയ വേദന ഒള്ളൂ “

“എന്നാലും ഒരു തെറ്റും ചെയ്യാത്ത നീയ്…”

.’ആഹ്…. പോട്ടെ…. അമ്മ കരയണ്ട… അവളുമാരുടെ അടുത്തേക്ക് ചെല്ല് “

അവൻ മുറിയിലേക്ക് കയറി പോയി..

കട്ടിലിൽ ഇരിക്കുക ആയിരുന്നു കല്ലു..

അവൻ അകത്തേക്ക് കയറി.. വാതിൽ ചാരി.

“കല്ലു “

അവൻ വിളിച്ചതും അവൾ വേഗം എഴുന്നേറ്റു..

ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു.

“എന്നാലും എന്റെ കണ്ണേട്ടാ……..ഞാൻ… എനിക്ക്…..”

എന്തൊക്കെയോ പറയാൻ വന്നു എങ്കിലും അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല…

“കല്ലു… കരയല്ലേ മോളെ… നമ്മുടെ കുഞ്ഞാവ വിഷമിക്കും…ഏട്ടൻ തിരിച്ചു വന്നല്ലോ കല്ലു …”

അവൻ മെല്ലെ അവളുടെ വീർത്ത വയറിൽ തലോടി കൊണ്ട് പറഞ്ഞു

പക്ഷെ കല്ലു പൊട്ടി കരയുക ആയിരുന്നു.

“ആഹ് ഇങ്ങനെ തുടങ്ങല്ലേ കല്ലുവേ….. … നീ വിഷമിക്കാതെ… ദേ കുഞ്ഞിനും സങ്കടം ആകും……അല്ലേടാ പൊന്നേ

അവൻ കല്ലുവിന്റെ വയറിൽ ഒരു ഉമ്മ വെച്ചു.

“സ്കാനിങ് റിപ്പോർട്ട്‌ ഇൽ എന്താണ് പറഞ്ഞത്….. നമ്മുടെ കണ്മണി വലുതായോടി പെണ്ണേ.. അച്ചേടെ മുത്ത് എന്നാണ് വരുന്നത് എന്ന് ഡോക്ടർ പറഞ്ഞൊ “

അവൻ എഴുന്നേറ്റു അവളുടെ കണ്ണീര് തുടച്ചു കൊണ്ട് ചോദിച്ചു..

“കുഴപ്പം ഒന്നും ഇല്ല ഏട്ടാ… എല്ലം ഓക്കേ ആണെന്ന് ഡോക്ടർ പറഞ്ഞു…”

“ആഹ്ഹാ… അച്ചേടെ കണ്മണി മിടുക്കി ആണല്ലോ…”

അവൻ അവളുടെ വയറിന്മേൽ വീണ്ടും വിരൽ ഒടിച്ചു….വീണ്ടും കുനിഞ്ഞു ഉമ്മ വെച്ചു..എന്നിട്ടും മതിയാവാത്ത പോലെ..

അവന്മാർ ഉപദ്രവിക്കുമ്പോൾ പോലും ആകെ ഒരു പ്രാർത്ഥന ഉള്ളായിരുന്നു…. എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പറ്റണെ എന്ന്……ഓരോ ദിനവും പുലരുമ്പോൾ ആദ്യം ഓർക്കുന്നത്, തങ്ങളുടെ വാവ വരുന്ന ദിവസത്തിന്റെ എണ്ണം കുറഞ്ഞു വരികയാണല്ലോ എന്നാണ്..അവൻ മനസ്സിൽ ഓർത്തു.

കല്ലു അവന്റെ കയ്യും മേലും ഒക്കെ പരിശോധിക്കുക ആണ്..

ഒന്നും പറ്റിയിട്ടില്ല എന്ന് പറയുമ്പോളും അവൾക്ക് വിശ്വാസം വരുന്നില്ല….

നെഞ്ചിന്റെ കോണിലായി ഒരു കരീനീലിച്ച പാട് കണ്ടതും അവൾ കരയാൻ തുടങ്ങി.

എത്രയൊക്കെ പറഞ്ഞു അശ്വസിപ്പിച്ചിട്ടും പെണ്ണിന്റെ കണ്ണീരു തോരുന്നില്ല…

ഒടുവിൽ അമ്മ വന്നു കുളിയ്ക്കാൻ വിളിച്ചപ്പോൾ ആണ് അവളുടെ അടുത്തു നിന്നും ഇറങ്ങി പോന്നത്…

ചൂട് വെള്ളത്തിൽ കുളിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി..നെറ്റിയിലെ കെട്ടു നനയാതെ സൂക്ഷിച്ചു ആണ് കുളിച്ചതും..

ഇറങ്ങി വന്നപ്പോൾ കണ്ടു തന്നെ കാത്തു നിൽക്കുന്ന അച്ഛനെ..

“മോനേ”

“എന്താ അച്ഛാ “

“നിനക്ക് എന്തെങ്കിലും വയ്യഴിക ഉണ്ടോ….”

“ഇല്ല അച്ഛാ….”

“സത്യം ആണോടാ… എനിക്ക് ഒരു സമാധാനവും ഇല്ല. അതുകൊണ്ട് ചോദിച്ചു പോകുന്നതാടാ “

“എനിക്ക് അങ്ങനെ ഒരു കുഴപ്പവും ഇല്ലന്നേ… അങ്ങനെ ആണെങ്കിൽ വേറെ ഹോസ്പിറ്റലിൽ പോകൂല്ലേ.. ഈ അച്ഛന്റെ ഒരു കാര്യം..”

അവൻ അച്ഛനെ നോക്കി കണ്ണിറുക്കി യിട്ട് അകത്തേക്ക് കയറി പോയി..

കല്ലുവും ശ്രീക്കുട്ടി യും കൂടി അത്താഴം വിളമ്പുക ആണ്.

സുനീഷ് തിരിച്ചു പോയിരുന്നു..

രാജിയും സുമേഷും ഒക്കെ അവിടെ ഉണ്ട്… കാലത്തെ പോകാം എന്ന് ശോഭയും രാജനും പറഞ്ഞപ്പോൾ അന്ന് അവിടെ നിൽക്കാം എന്ന് അവർ തീരുമാനിച്ചത് ആണ്.

“അളിയാ… ” കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കുക ആയിരുന്നു സുമേഷ്.. രാജി ആരെയോ ഫോൺ വിളിക്കുന്നുണ്ട്

“എന്താ കണ്ണാ “

“കുഞ്ഞ് ഉറങ്ങിയോ “

“ഇവന് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു….”

കണ്ണൻ എടുക്കാനായി കൈ നീട്ടിയപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി.. അപ്പോളേക്കും രാജി വന്നു മേടിച്ചു കൊണ്ട് പോയി.

“എന്നാൽ അളിയൻ വാ… നമ്മൾക്ക് എന്തെങ്കിലും കഴിയ്ക്കാം “

“ഹ്മ്മ്….”

അച്ഛനും ആയിട്ട് ഇരുന്നു രണ്ടാളും അത്താഴം കഴിച്ചത്..

ഇടയ്ക്ക് ഒക്കെ ആരൊക്കെയോ കണ്ണനെ ഫോൺ വിളിച്ചു… കേട്ട വിവരം ഒക്കെ സത്യം ആണോ എന്ന് അറിയുവാൻ ആയിരുന്നു… എല്ലാവരോടും മറുപടി പറഞ്ഞു അവൻ മടുത്തു.. പിന്നീട് ഫോൺ എടുത്തു സ്വിച് ഓഫ്‌ ചെയ്തു വെച്ചു..

കല്ലു ആണെങ്കിൽ അച്ഛമ്മയോട് ഒന്നും വിവരം അറിയിച്ചിരുന്നില്ല… ശോഭ പറഞ്ഞു അവളോട് ഒന്നും വിളിച്ചു പറയേണ്ട… അവരെയും കൂടി വിഷമിപ്പിക്കണ്ട എന്ന്….

കണ്ണേട്ടാ……..

കണ്ണനോട് ചേർന്ന് കിടക്കുക ആണ് കല്ലു..

“ഹ്മ്മ്…”

“എനിക്ക് സത്യം പറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിച്ചത് വിശ്വസിക്കാൻ പറ്റുന്നില്ല….”

“ഹാ… എല്ലാം ഓരോ സമയ ദോഷം…. അല്ലാണ്ട് എന്ത് പറയാനാ പെണ്ണേ “

. “ഈശ്വരൻ എന്താണ് ഇങ്ങനെ…. ഒരു വിധം ഓട്ടം ഒക്കെ ആയി വന്നപ്പോൾ,”

“സാരമില്ല കല്ലു.. എല്ലാം ശരി ആകും.. ഇത്രയൊക്കെ അല്ലേ സംഭവിച്ചോള്ളൂ എന്ന് ഓർത്തു ആശ്വസിക്കാം…. അവന്മാരുടെ കൈയ്യിൽ ആണെങ്കിൽ കത്തിയുണ്ടായിരുന്നു.. അറിയാതെ എങ്ങാനും എനിക്ക് എന്തെങ്കിലും പറ്റി പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.

പെട്ടെന്ന് കല്ലു തന്റെ കൈയെടുത്ത്, അവന്റെ വായമൂടി..

” അറിയാതെ പോലും ഇങ്ങനെ ഒന്നും കണ്ണേട്ടന്റെ നാവിൽ നിന്നും വരരുത്… ഇതൊന്നും കേൾക്കാനുള്ള ശക്തി എനിക്കില്ല അതുകൊണ്ടാണ്”

അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു..

“കണ്ണേട്ടന് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരുണ്ട്… ഓരോ നിമിഷവും ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ ഏട്ടന് ഒരു പോറൽ പോലും വരുത്തരുതേ എന്ന് ആണ്… കാലത്തെ ഇവിടെ നിന്ന് ഇറങ്ങി പോയാൽ തിരികെ വരും വരെ എനിക്ക് മനസ്സിൽ ഒരു ആന്തൽ ആണ് കണ്ണേട്ടാ..”
..

അവൾ ഒരു വശം ചെരിഞ്ഞു എഴുന്നേറ്റു ഇരുന്നു.

“എന്ത് പറ്റി കല്ലു.. നീ എന്താ എഴുന്നേറ്റത്..”

. “ഒന്നുല്ല… കാലിനു ഇടയ്ക്ക് ഒക്കെ വല്ലാത്ത കടച്ചിൽ “…

കണ്ണൻ എഴുനേറ്റ് അവളുടെ കാൽ എടുത്തു തന്റെ മടിയിലേക്ക് വെച്ചു..

എന്നിട്ട് മെല്ലെ തടവി കൊടുത്തു.

“കുഴപ്പമില്ല ഏട്ടാ…. ഏട്ടൻ കിടന്നോളു “….

പക്ഷെ അവൻ അത് ചെവി കൊണ്ടില്ല…

അവളുടെ കാലുകൾ മാറി മാറി തടവി കൊടുത്തു..

“കല്ലു….”

“എന്തോ…”

“രണ്ട് ദിവസം ആയിട്ട് എനിക്ക് വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു കേട്ടോ…”

“എന്തിനാണ് ഏട്ടാ “
..

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“അറിയില്ല കല്ലു… എന്തോ ഒരു ആപത്തു വരാൻ പോകുന്നു എന്നു എന്റെ മനസ് പറയുവാരുന്നു… ഞാൻ പക്ഷെ അത്രയും കാര്യം ആക്കിയില്ല കേട്ടോ “

“എന്നിട്ട് ഏട്ടൻ എന്നോട് എന്തേ ഒന്നും പറഞ്ഞില്ല…”

“ഓഹ്.. അതിന്റെ ഒന്നും ആവശ്യം എനിക്ക് തോന്നിയില്ല…എന്നാലും എനിക്ക് എന്തൊക്കെയോ ഒരു മനസമാധാന കുറവ് ആയിരുന്നു…”

“എന്റെ ഭഗവാനെ… എനിക്ക് എന്നാലും തിരിച്ചു തന്നല്ലോ… ഒരു നിമിഷം ഈശ്വരനൊന്നു കണ്ണടച്ചു പോയി എങ്കിൽ…. പിന്നെ ഞാനും ഈ ഭൂമിയിൽ ഇല്ല… അതുറപ്പ ആണ് “…

“ദേ… വേണ്ടാത്ത വർത്തമാനം ഒന്നും പറയാതെ പെണ്ണേ.. “അവൻ അവളോട് ദേഷ്യപ്പെട്ടു.

“അല്ല കണ്ണേട്ടാ… സത്യം ആണ് ഞാൻ പറഞ്ഞത്.. എന്റെ കണ്ണേട്ടൻ ഇല്ലാതെ ഞാൻ ഈ ഭൂമിയിൽ ഒരു നിമിഷം പോലും കഴിയില്ല…. ഏട്ടനെ വിളിച്ചു കിട്ടാഞ്ഞപ്പോളും ഏട്ടൻ വരാൻ വൈകിയപ്പോളും ഒക്കെ ഞാൻ ഒരു കാര്യം തീർച്ചപ്പെടുത്തി യിരുന്നു, ഏട്ടനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഇല്ല എന്ന്…പിറകെ ഞാനും പോരും അങ്ങട്…”

. “ദേ. ഒരൊറ്റ അടി ഞാൻ തരും കേട്ടോ… കുഞ്ഞുവാവ കേട്ടോണ്ട് കിടക്കുവാ നിന്റെ ഈ വിവരക്കെട് മുഴുവനും…നാവടക്കി ഇട്ടോണം നിയ്.. മാസം ഇത്രയും ആയത് ആണ്… അറിയാല്ലോ…. കുഞ്ഞിന് സങ്കടം ആവില്ലേ നിന്റെ ഈ വർത്താനം ഒക്കെ കേട്ടാലു…..”

അവൻ നോക്കി പേടിപ്പിച്ചതും കല്ലു അവനെ കെട്ടിപിടിച്ചു…

“എനിക്ക്… എനിക്ക്… ഒരു നിമിഷം പോലും പറ്റില്ല കണ്ണേട്ടാ… ഏട്ടൻ ഇല്ലാണ്ട്….. എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…എനിക്ക് ഈ ലോകത്തിൽ സ്വന്തം എന്ന് പറയാൻ എന്റെ അച്ഛമ്മയും ഏട്ടനും, ഇവിടെ ഉള്ളവരും ഒക്കെ അല്ലേ ഒള്ളൂ “
..

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു….

എനിക്കും അങ്ങനെ തന്നെ ആണ് പെണ്ണേ…

കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്ന ഞാനാ…. എനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ആണ് ആദ്യം അമ്മയും രാജിയും ശ്രീ യും ഒക്കെ ചേർന്നു നിന്നെ കാണാൻ വന്നത്.. അവർ ആണെങ്കിൽ കണ്ടിട്ട് വന്നു കഴിഞ്ഞു നിന്നെ കുറിച്ച് ഓരോന്ന് വർണ്ണിക്കും… ഞാൻ ആണെങ്കിൽ ഒന്നും കേൾക്കാതെ മാറി പോകുക ആയിരുന്നു.. ഒടുവിൽ ഇവിടെ എല്ലാവരും സ്ട്രോങ്ങ്‌ ആയിട്ട് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുക ആണ് എന്ന് അറിഞ്ഞതും ഞാൻ എന്റെ കല്ലുപ്പെണ്ണിനെ കാണാൻ ആയി വന്നത്…. വന്നപ്പോൾ ദേ,,, ഒരു ഷർട്ടും പാവാടയും ഇട്ട കൊച്ച് ഇറങ്ങി വന്നേക്കുന്നു… ആകെ കൂടി ഇത്തിരി യേ ഒള്ളൂ… ഞാൻ ഓർത്തു പ്ലസ് ടു നു പഠിക്കുവാണെന്നു….. അവൻ അത് പറയുകയും കല്ലു നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു

തുടരും

Leave a Reply

Your email address will not be published. Required fields are marked *