നീ എന്ത് പറഞ്ഞാലും ശരി.. അവളുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല…..

Story written by Kannan Saju

” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ???  “

ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്…

നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു വീണയെ വിവാഹം കഴിപ്പിച്ചത്..

ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള അവളുടെ അടങ്ങാത്ത മോഹം സ്വന്തം വീട്ടിലെ കുട്ടി ആവുമ്പോൾ ആരും ഒന്നും പറയില്ലല്ലോ…  അതിനും ഒരു കാരണം ഉണ്ടായിരുന്നു…

അടുത്ത വീട്ടിലെ നനൻസിയുമായി നിഷ നല്ല സൗഹൃദം ആയിരുന്നു… അവൾക്കു കുഞ്ഞുണ്ടായപ്പോൾ ഏറ്റവും സന്തോഷിച്ചവരിൽ ഒരാളും നിഷ ആയിരുന്നു ഒന്നാം പിറന്നാളിന് കുഞ്ഞിനെ ഏറ്റവും കൂടുതൽ എടുത്തു നടന്നതും നിഷ ആയിരുന്നു… അന്ന് വൈകുന്നേരം മുതൽ കുഞ്ഞിന് പനിയും ശാരീരികമായ മറ്റു അസ്വസ്ഥതകളും തുടങ്ങി.. ഒടുവിൽ നാൻസിയിടെ അമ്മ പറഞ്ഞു

” ആ മച്ചിയെ ഇതിനകത്തു കയറ്റരുത്….  അവളുടെ കണ്ണ് കിട്ടിയതാവും.. അഞ്ചു കൊല്ലം കഴിഞ്ഞും പ്രസവിക്കാത്തവൾ അല്ലേ… കുഞ്ഞിനെ കാണുമ്പോ സഹിക്കുവോ.. അല്ലെങ്കിലും ഈ വിധവകൾക്കും മച്ചികൾക്കും തനിക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുന്നത് കാണുമ്പൊൾ സഹിക്കില്ല “ അന്ന് മുറിവേറ്റതാണ് മനസ്സിന്…

അന്ന് തീരുമാനിച്ചു അനിയനെ കൊണ്ടു വിവാഹം കഴിപ്പിക്കണം..അവൾ ആഗ്രഹിച്ചപോലെ ഭർത്താവിന്റെ അനിയൻ സ്നേഹിക്കുന്ന പോലെ തന്നെ അവളെ സ്നേഹിക്കാൻ മനസ്സുള്ള ഒരു പെണ്ണിനെ തന്നെ അവനു കിട്ടുകയും ചെയ്തു…

അമ്മയുടെ വാക്കുകൾ കേട്ട വീണ അവളുടെ ഭർത്താവിനെ നോക്കി… ഏട്ടത്തി എന്ന് പറഞ്ഞാൽ അയാൾക്ക്‌ ജീവനായിരുന്നു.. അടുത്തത് ഭർത്താവിന്റെ വായിൽ നിന്നും ആളുകളുടെ മുന്നിൽ വെച്ചു തന്റെ അമ്മ എന്തെങ്കിലും കേൾക്കും മുന്നേ വീണ ആദ്യം പറഞ്ഞു ” അമ്മേ… ആളുകളു നിക്കുന്നത് നോക്കാതെ ഓരോന്ന് വിളിച്ചു പറയരുത് “ ” നീ എന്ത് പറഞ്ഞാലും ശരി.. അവളുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.. കുഞ്ഞിനെ അച്ഛനോ അമ്മയോ ഏറ്റു വാങ്ങട്ടെ “

എന്തോ പറയുവാനായി തുടങ്ങിയ അനിയന്റെ കയ്യിൽ ഏട്ടത്തി പിടിച്ചു… മിണ്ടരുതെന്നു തലയാട്ടി ” അവരുടെ ആഗ്രഹം അല്ലേ വീണ.. അങ്ങനെ നടക്കട്ടെ… ഇനി മുതൽ കുഞ്ഞു എപ്പോഴും ഇവിടെ അല്ലേ…??  എനിക്ക് എപ്പോ വേണേലും എടുക്കാലോ “ അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. നിഷ അത് മറക്കാൻ വേഗം മുറിയിലേക്ക് പോയി…

കുറച്ചു സമയത്തിന് ശേഷം ഭർത്താവു മുറിയിലേക്ക് വന്നു. അവൾ കട്ടിലിൽ മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു.. ” മോളേ ” നിഷ കണ്ണുകൾ തുടച്ചു എണീറ്റു… ” ഞാൻ വന്നോളാം.. ഏട്ടൻ അങ്ങോടു ചെല്ല് “ അവൻ അവളെ സൂക്ഷിച്ചൊന്നു നോക്കി… അവനു മുഖം കൊടുക്കാതെ അവൾ പുറത്തേക്കും നോക്കി നിന്നു..

” എനിക്ക് അതിനു കഴിയില്ലെന്ന് അറിഞ്ഞ അന്ന് തന്നെ ഞാൻ പറഞ്ഞതല്ലേ മോളോട്… ഞാൻ മാറി തരാം… നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റില്ല നിഷ… നീ ഏറ്റവും ആഗ്രഹിക്കുന്ന സന്തോഷം തരാൻ എനിക്ക് പറ്റില്ല…  നീ മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം ” അവൾ അയ്യാളുടെ അടുത്തേക്ക് വന്നു

” എനിക്കാണ് കുഴപ്പം എങ്കിൽ നിങ്ങൾ എന്നെ ഉപേക്ഷിക്കുമായിരുന്നോ ?  ” അവളുടെ കണ്ണുകൾ ചുവന്നു…. ” പറ ” അയ്യാളുടെ ഷിർട്ടിൽ പിടി മുറുക്കി അവൾ ചോദിച്ചു ” നിനക്കാണ് കുഴപ്പം എങ്കിൽ നിന്റെ സമ്മതത്തോടെ ഞാനൊരു കുഞ്ഞിനെ ദത്തെടുക്കുമായിരുന്നു ” അവളുടെ ഇരു കൈകളും പിടിച്ചു കൊണ്ടു നിറ കണ്ണുകളോടെ അയ്യാൾ പറഞ്ഞു… ” എങ്കി പിന്നെ ഇപ്പോഴും അത് ചെയ്തൂടെ ഏട്ടാ… ??? 

ആരോരും ഇല്ലാത്ത.. ആരും അവകാശം പറയാനില്ലാത്ത… ഒരിക്കലും നമ്മളെ വിട്ടു പോവാത്ത, അച്ഛന്റേം അമ്മേടേം സ്നേഹം കൊതിക്കുന്ന ഒരു കുഞ്ഞിനെ നമുക്കും ദത്തെടുത്തു കൂടെ “ ” എടുക്കാം ” അവൾ അവന്റെ നെഞ്ചോട് ചേർന്ന് വാരി പുണർന്നു നിന്നു….” അല്ലെങ്കിലും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നിഷ മാതൃത്വവും പിതൃത്വവും യാഥാർഥ്യമാകുന്നത്… ” അവളെ ചേർത്തു പിടിച്ചു കൊണ്ടു അയ്യാൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *