നീ എവിടെ പോയാലും, എനിക്കൊന്നുമില്ല, നീ പോയാൽ ഞാനൊന്ന് കൈ ഞൊടിക്കുമ്പോൾ, എൻ്റെ കൂടെ ജീവിക്കാൻ, നിന്നെക്കാൾ സുന്ദരികൾ വരുമെന്ന്…

Story written by SAJI THAIPARAMBU

നാല് മണിയായപ്പോഴെ, നിർമ്മല ജോലിയൊക്കെ ഒതുക്കി കുളിച്ചൊരുങ്ങി, പൂമുഖത്ത് വന്ന് വഴിയിലേക്ക് കണ്ണും നട്ടിരുന്നു.

അജയനിന്ന് ഓഫീസിൽ നിന്നും നേരത്തെയിറങ്ങുന്നുമെന്ന്, അവൾക്കറിയാമായിരുന്നു.

അത് മറ്റൊന്നുമല്ല, അവളുമായി രാവിലെ ചെറിയ കശപിശയുണ്ടാക്കിയിട്ടാണ്, അയാൾ ഓഫീസിലേക്ക് പോയത്.

സാധാരണ വഴക്കിട്ട് ഓഫീസിൽ പോകുന്ന ദിവസങ്ങളിലൊക്കെ, അജയൻ നേരത്തെ തിരിച്ച് വരാറാണ് പതിവ്.

ഇടയ്ക്കൊക്കെ വഴക്കിടുന്നത്, തന്നെപ്പോലെ തന്നെ, അദ്ദേഹത്തിനും ഇഷ്ടമാണെന്ന് അവൾക്കറിയാം.

കാരണം ,ആ പിണക്കത്തിന് ശേഷമുള്ള സ്നേഹത്തിൻ്റെ ആഴം, അത്രത്തോളം ആസ്വാദ്യകരമാണെന്ന് അവരിരുവരും അനുഭവിച്ചറിഞ്ഞതായിരുന്നു.

രാവിലെ വഴക്കിട്ടപ്പോൾ, താൻ ദേഷ്യം കൊണ്ട് പറയാൻ പാടില്ലാത്തതൊക്കെയാണ്, പറഞ്ഞ് പോയതെന്ന്, കുറ്റബോധത്തോടെ അവളോർത്തു.

പിന്നെങ്ങനെ ദേഷ്യം വരാതിരിക്കും? ഏട്ടൻ എന്ത് പറഞ്ഞാലും, താനത് അക്ഷരംപ്രതി അനുസരിക്കും, പക്ഷെ താനൊരു കാര്യം പറഞ്ഞാൽ , ചില സമയത്ത് പുള്ളിക്കാരൻ കേട്ട ഭാവം പോലും നടിക്കില്ല, അപ്പോൾ പിന്നെ, തനിക്ക് സങ്കടം വരില്ലേ? അത് കൊണ്ടല്ലേ അങ്ങനെയൊക്കെ പറയേണ്ടി വന്നത് ,അതിൽ തെറ്റൊന്നുമില്ല.

അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ദൂരെ നിന്നും, ഓരോ ബൈക്കിൻ്റെ ഹോൺ കേൾക്കുമ്പോഴും, അവൾ ഇളം തിണ്ണയിലേക്കിറങ്ങി നിന്ന് റോഡിലേക്ക് നോട്ടമയക്കും, പക്ഷേ, അത് അജയനല്ലെന്ന് മനസ്സിലാകുമ്പോൾ, നിരാശയോടെയവൾ തിരിഞ്ഞ് വരാന്തയിലെ അരമതിലിൽ കയറിയിരിക്കും.

മണി അഞ്ചരയായി , സാധാരണ വരുന്ന സമയം കഴിഞ്ഞിട്ടും, അജയനെ കാണാതായപ്പോൾ, നിർമ്മലയുടെ ഉള്ളിൽ അസ്വസ്ഥത പെരുകി.

ചുമരിലെ ക്ളോക്കിൽ സൂചികൾ ഓടിപ്പോയിക്കൊണ്ടിരുന്നു, മണിക്കൂർ സൂചി ഏഴിലേക്ക് കയറിയപ്പോൾ, നിർമ്മലയ്ക്ക് ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ലായിരുന്നു.

അവളെഴുന്നേറ്റ്, അകത്ത് പോയി മൊബൈൽ കൈയ്യിലെടുത്തു.

ഉള്ളിൽ രാവിലത്തെ പിണക്കത്തിൻ്റെ ചെറു കണിക ബാക്കി നില്ക്കുന്നത് കൊണ്ട്, മടിച്ച് മടിച്ചാണവൾ അയാളുടെ മൊബൈലിലേക്ക് വിളിച്ചത്.

റിങ്ങ് ചെയ്ത് തീർന്നിട്ടും, അജയൻ ഫോൺ അറ്റൻ്റ് ചെയ്യാതിരുന്നപ്പോൾ, അവളുടെ ഉത്ക്കണ്ഠ വർദ്ധിച്ചു.

വീണ്ടുമവൾ ഡയൽ ചെയ്തു.

ഇത്തവണ രണ്ടാമത്തെ ബെല്ലടിച്ചപ്പോൾ തന്നെ, ഫോൺ അറ്റൻറ് ചെയ്തു.

പക്ഷേ, ഒന്നും മിണ്ടുന്നില്ല, അജയൻ്റെ പിണക്കം ഇത് വരെ മാറിയില്ലെന്ന്, അവൾക്ക് മനസ്സിലായി.

താൻ തന്നെ അങ്ങോട്ട് മിണ്ടിച്ചെല്ലാൻ വേണ്ടിയാണ്, അദ്ദേഹം നിശബ്ദനായിരിക്കുന്നതെന്ന് മനസ്സിലാക്കിയ നിർമ്മല, ഹലോ പറഞ്ഞു.

ഹലോ ആരാ ?

കാറ്റിൻ്റെ അകമ്പടിയിൽ, അവ്യക്തമായൊരു സ്ത്രീ ശബ്ദം കേട്ട് നിർമ്മല ഞെട്ടി.

അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

തൻ്റെ ഭർത്താവിൻ്റെ ഫോൺ അറ്റൻറ് ചെയ്ത ആ സ്ത്രീ ആരായിരിക്കും ?

അതും, ഈ സന്ധ്യ നേരത്ത്, അഞ്ച് മണിക്ക് മുമ്പായിരുന്നെങ്കിൽ, ഓഫീസിലെ ആരെങ്കിലുമാണെന്ന് കരുതാമായിരുന്നു.

നിർമ്മലയുടെ മനസ്സിൽ ഒരു ഇടിത്തീ വീണ് പുകഞ്ഞ് കൊണ്ടിരുന്നു.

രാവിലെ, തന്നെ വെല്ല് വിളിച്ചിട്ടാണ് അദ്ദേഹം പോയത്.

വഴക്ക് മൂത്തപ്പോൾ, താൻ തൻ്റെ വീട്ടിലേക്ക് പോകുമെന്നും ,നിങ്ങൾ വൈകിട്ട് തിരിച്ചെത്തുമ്പോൾ, താനുണ്ടാവില്ലെന്നും വീറോടെ പറഞ്ഞപ്പോൾ, അതിലുമുറക്കെ അദ്ദേഹം തന്നോടൊരു കാര്യം പറഞ്ഞിരുന്നു.

നീ എവിടെ പോയാലും, എനിക്കൊന്നുമില്ല, നീ പോയാൽ ഞാനൊന്ന് കൈ ഞൊടിക്കുമ്പോൾ, എൻ്റെ കൂടെ ജീവിക്കാൻ, നിന്നെക്കാൾ സുന്ദരികൾ വരുമെന്ന് പറഞ്ഞപ്പോഴും, അത് തന്നെ ജയിക്കാൻ വേണ്ടി പറഞ്ഞതാണെന്നാണ് താൻ കരുതിയത്.

പക്ഷേ, ഇപ്പോൾ ആ സ്ത്രീ ശബ്ദവും, കാറ്റിൻ്റെ മർമ്മരവും കൂടി കൂട്ടി വായിക്കുമ്പോൾ ,തൻ്റെ ഭർത്താവ് ,ഏതോ ഒരുത്തിയുമായി ബീച്ചിൽ കാറ്റ് കൊള്ളാൻ പോയിരിക്കുവാണെന്ന് നിർമ്മല ഉറപ്പിച്ചു.

സങ്കടം കൊണ്ട് അവളുടെ നെഞ്ച് വിങ്ങി, കരച്ചിലടക്കാൻ കഴിയാതെ തിരിച്ച് ബെഡ് റൂമിലേക്ക് പാഞ്ഞ് ചെന്നിട്ട്, കട്ടിലിലേക്ക് കമിഴ്ന്ന് വീണു.

ജീവന് തുല്യം താൻ സ്നേഹിച്ച ഭർത്താവ് ,തന്നെ വഞ്ചിച്ചെന്ന് മനസ്സിലാക്കിയ നിർമ്മലയ്ക്ക് ദുഃഖം സഹിക്കാനായില്ല.

ഇല്ല ,ഇനി താനിവിടെ നില്ക്കുന്നതിലർത്ഥമില്ല, കണ്ണ് തുടച്ച് കൊണ്ട് എന്തോ മനസ്സിലുറപ്പിച്ചത് പോലെ, അവളെഴുന്നേറ്റ് കട്ടിലിനടിയിൽ നിന്ന് ട്രോളിബാഗ് വലിച്ചെടുത്തു.

അലമാര തുറന്ന് തൻ്റെ ഡ്രസ്സുകളെല്ലാം, വാരിവലിച്ച് ബാഗിനുള്ളിൽ കുത്തിനിറച്ചു.

ഉടുത്തിരുന്ന സാരി മാറാതെ തന്നെ, ട്രോളിബാഗും വലിച്ച് കൊണ്ടവൾ പുറത്തേയ്ക്ക് നടന്നു.

വരാന്തയിലെത്തിയപ്പോൾ, ഒരു ബൈക്ക് ,ഗേറ്റ് കടന്ന് വരുന്നത് കണ്ട് അവൾ നിന്നു.

ഉമ്മറത്ത് കൊണ്ട് നിർത്തിയബൈക്കിൻ്റെ പിന്നിൽ നിന്നും, ഒരു തുണി സഞ്ചിയുമായി അമ്മയിറങ്ങുന്നതും, മൊബൈൽ ഫോൺ അജയൻ്റെ കൈയ്യിലേക്ക് കൊടുക്കുന്നതും കണ്ട്, നിർമ്മല ജാള്യതയോടെ നിന്നു.

അമ്മയായിരുന്നോ, ഞാൻ വിളിച്ചപ്പോൾ ഫോണെടുത്തത് ?

പിന്നല്ലാതെ, ബൈക്കോടിക്കുന്ന അവന് ഫോൺ അറ്റൻ്റ് ചെയ്യാൻ പറ്റാതിരുന്നത് കൊണ്ട്, എൻ്റെ കയ്യിലോട്ട് തന്നതാ ,ഫോണിൽ നോക്കിയിട്ട് ,എനിക്ക് പേര് വ്യക്തമാകാതിരുന്നത് കൊണ്ടാണ്, ഹലോ ആരാണെന്ന് ഞാൻ ചോദിച്ചത് ,അപ്പോഴേക്കും ഫോൺ കട്ടായി ,നീയാണെന്ന് വായ തുറന്ന് പറഞ്ഞൂടായിരുന്നോ കൊച്ചേ? അതോ.. അജയൻ്റെ ഫോണിലൊരു പെണ്ണിൻ്റെ ശബ്ദം കേട്ടപ്പോൾ, നീയവനെയങ്ങ് തെറ്റിദ്ധരിച്ച് കാണുമല്ലേ? നിനക്കിത്തിരി കൂടുന്നൊണ്ട് ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ

ഈശ്വരാ … തന്നെ കുറ്റപ്പെടുത്താനാണോ ഈ അമ്മയിങ്ങോട്ട് വന്നത് ,
അല്ല ,തന്നെ പറഞ്ഞാൽ മതിയല്ലോ ? രാവിലെ ഏട്ടനുമായി താൻ വഴക്കിട്ടതിൻ്റെ പ്രധാന കാരണം, ഇത് തന്നെയല്ലായിരുന്നോ? അമ്മയെ കണ്ടിട്ട് കുറച്ച് ദിവസമായെന്നും, ഓഫീസിൽ പോകുന്ന വഴി, തന്നെയൊന്ന് വീട്ടിൽ കൊണ്ടാക്കണമെന്ന് പറഞ്ഞതിനുമായിരുന്നല്ലോ, രാവിലെ പൊരിഞ്ഞ വഴക്കുണ്ടായത്

അല്ലാ, നീയെന്താ ബാഗുമെടുത്തോണ്ട് വരാന്തയിലോട്ട് വന്നത് ?

അജയൻ ജിജ്ഞാസയോടെ ചോദിച്ചു.

അത് പിന്നെ.. കുറെ നാളായി കട്ടിലിനടിയിൽ പൊടിപിടിച്ചിരിക്കുവല്ലേ? ഒന്ന് തട്ടികൊടഞ്ഞ് വയ്ക്കാമെന്ന് കരുതി

ഉം ഉം… നീ അമ്മയെ അകത്ത് കൊണ്ട് പോയി ചായകൊടുക്ക്

ഒന്നിരുത്തി മൂളിയിട്ട്, അജയൻ മുറിയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ് അജയന് ചായയുമായി നിർമ്മല മുറിയിലേക്ക് കയറി വന്നു.

ഇതെന്താ, എനിക്ക് അമ്മയെ കാണാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ, അമ്മയെയും കൊണ്ട് ഇങ്ങോട്ട് വന്നത്?

എടീ ഭാര്യേ .. നീ വീട്ടിൽ പോയി നിന്നാൽ, ഞാൻ പിന്നെ തനിച്ചിവിടെ എന്തോ ചെയ്യാനാ, രണ്ട് ദിവസത്തേക്കാണെങ്കിലും, നിന്നെക്കാണാതെ, നീയുമായി വഴക്കിടാതെ, നിൻ്റെ പരിഭവവും പരാതികളും കേൾക്കാതെ, എനിക്ക് പറ്റില്ലെടോ, ഇതാകുമ്പോൾ, അങ്കവും കാണാം താളിയുമൊടിക്കാം

അതും പറഞ്ഞയാൾ , അവളുടെ നാണം പുരണ്ട മുഖം ,ഇരുകൈകളും കൊണ്ട് അരുമയോടെ കോരിയെടുത്തു.

അത് കേൾക്കാനായിരുന്നുഅവളും കൊതിച്ചിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *