അച്ഛനൊരു വധു❤️
Story written by BHADRA VAIKHARI
താനെന്താ അമ്മു തമാശ പറയുവാണോ?? ഈ നാല്പത്തിയൊൻപതാം വയസിലാണോ തന്റെ അച്ഛന് ഇനിയൊരു വിവാഹം????
ദേവേട്ടാ… ഞാൻ ദേവേട്ടൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല… ദേവേട്ടന് എല്ലാം അറിയാമല്ലോ എനിക്ക് മൂന്നു വയസുള്ളപ്പോൾ എന്നെയും അച്ഛനെയും തനിച്ചാക്കി ഈ ലോകം വിട്ട് പോയതാ എന്റെ അമ്മ…. അന്ന് അച്ഛന് പ്രായം വെറും മുപ്പതേ ഉണ്ടായിരുന്നുള്ളു..മൂന്നു വയസ് മാത്രമുള്ള എന്നെ നോക്കാനെങ്കിലും ഒരു വിവാഹം കഴിക്കാൻ എല്ലാവരും അച്ഛനെ ഉപദേശിച്ചിട്ടും എന്റെ മോളെ ഇനി ഞാൻ നോക്കിക്കോളാമെന്നും പറഞ്ഞു അന്ന് മുതൽ ഈ നിമിഷം വരെ എനിക്ക് വേണ്ടി ജീവിക്കുന്ന ഒരു പാവമാണ് എന്റെ അച്ഛൻ…
അതൊന്നും ഞാൻ തള്ളി കളയുന്നില്ല അമ്മു….പക്ഷെ നാട്ടുകാർ എന്ത് പറയും….നീ ഒന്ന് ആലോചിച്ചു നോക്ക് മൂന്ന് മാസം കഴിഞ്ഞാൽ നമ്മുടെ വിവാഹമാണ്…എന്റെ വീട്ടുകാരോട് ഞാൻ എന്ത് മറുപടി ആണ് പറയേണ്ടത്
എനിക്കറിയില്ല ദേവേട്ടാ….അച്ഛന്റെ നല്ല പ്രായത്തിൽ ചെറുപ്പത്തിന്റേതായ എല്ലാവിധ വികാരവിചാരങ്ങളും മനസ്സിൽ ഒതുക്കിവെച്ച് എന്നെ വളർത്താൻ ഒറ്റയ്ക്ക് പാട് പെടുകയായിരുന്നു എന്റെ അച്ഛൻ…..അമ്മയില്ലാത്തതിന്റെ കുറവ് ഒരേ ഒരു തവണ മാത്രമേ ഞാൻ അറിഞ്ഞിട്ടുള്ളു…. അതെനിക്ക് ആദ്യമായി മാസമുറ വന്ന സമയത്താണ്…അന്ന് “നമ്മുടെ അമ്മു വലിയ കുട്ടിയായെന്നും” പറഞ്ഞു അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി എന്നെ ചേർത്ത് പിടിച്ചു അച്ഛൻ കരയുമ്പോൾ ആ കണ്ണിൽ സന്തോഷത്തേക്കാൾ വലിയൊരു നിസ്സഹായത എനിക്ക് കാണാൻ കഴിഞ്ഞു…. അന്ന് മാത്രമേ അമ്മയില്ലാത്ത വേദന ഞാൻ അറിഞ്ഞിട്ടുള്ളു… പിന്നീട് ഒരിക്കലും ആ കുറവെന്നെ അച്ഛൻ അറിയിച്ചിട്ടില്ല. എന്റെ ഒരു ഇഷ്ടത്തിനും അച്ഛൻ എതിര് പറഞ്ഞിട്ടില്ല….ഇണങ്ങിയും പിണങ്ങിയും ഇത്രയും നാൾ ഞങ്ങൾ ജീവിക്കുകയായിരുന്നു….ഇതിപ്പോ മൂന്നു മാസങ്ങൾക്ക് ശേഷം നമ്മുടെ വിവാഹം കഴിഞ്ഞാൽ ആ വലിയ വീട്ടിൽ എന്റെ അച്ഛൻ തനിച്ചാവും…. അത്കൊണ്ടാണ് അച്ഛനൊരു രണ്ടാം കല്യാണത്തെ കുറിച്ച് ഞാൻ ആലോചിച്ചത്
എനിക്ക് മനസിലായി അമ്മൂട്ടാ….പക്ഷെ അച്ഛൻ സമ്മതിക്കുമോ….സമ്മതിച്ചാൽ തന്നെ ആര്…. ആരെയാണ് നമ്മൾ അച്ഛന് കൂട്ടായി കണ്ടെത്തുക….
ഒരാളുണ്ട് ദേവേട്ടാ..ജാനകി കൃഷ്ണൻ… ഒരു സമയത്ത് ബലരാമനെന്ന എന്റെ അച്ഛന്റെ മാത്രമായിരുന്ന ജാനിയെന്ന ജാനകി
നീ എന്തൊക്കെയാ അമ്മു പറയുന്നേ…. ഏത് ജാനകി…എനിക്കൊന്നും മനസിലാവുന്നില്ല… ദേവൻ പറഞ്ഞു
ദേവേട്ടനോട് ഞാൻ പറയാത്ത ഒരു കഥയുണ്ട്….ഒരുപാട് പണ്ട് ഞാനൊക്കെ ജനിക്കും മുൻപ് നടന്നൊരു കഥ
നീയൊന്നു തെളിയിച്ചു പറ കുട്ടി
എന്റെ അച്ഛമ്മ പണ്ട് നല്ലൊരു നർത്തകി ആയിരുന്നുവെന്നു ഞാൻ പറഞ്ഞിട്ടില്ലേ…. അച്ഛൻ കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ അച്ഛമ്മ തറവാട്ടിൽ നൃത്തം പഠിപ്പിക്കാറുണ്ടായിരുന്നു….. അന്ന് അവിടെ നൃത്തം പഠിക്കാൻ വെള്ളാരംകണ്ണുള്ള ഒരു 19വയസുകാരി വരാറുണ്ടായിരുന്നു…. അവരാണ് ജാനകി കൃഷ്ണൻ…..അവിടെ വെച്ചുള്ള കണ്ടുമുട്ടലുകളിൽ നിന്നും എന്റെ അച്ഛനും അവരും പ്രണയത്തിലായി….അവരെ വിവാഹം ചെയ്യാൻ വേണ്ടി അച്ഛൻ നല്ലപോലെ പഠിച്ചു ജോലി വാങ്ങി….പക്ഷെ ഒരു താണജാതിയിൽ പെട്ടവളെ മരുമകളായി കാണാൻ സാധിക്കില്ലെന്നുള്ള മുത്തച്ഛന്റെ വാശിക്ക് മുൻപിൽ അച്ഛന് ജാനകിയെ മറക്കേണ്ടി വന്നു…പിന്നീട് കുറെ കഴിഞ്ഞാണ് എല്ലാരും നിർബന്ധം പിടിച്ചു എന്റെ അമ്മയെ അച്ഛനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്…. പിന്നെയാണ് ഞാൻ ഉണ്ടായതും എന്റെ അമ്മ പോയതുമൊക്കെ….
പക്ഷെ അമ്മു… അവരിപ്പോ വേറെ കല്യാണം കഴിച്ചിട്ടുണ്ടാവും…. പണ്ട് എപ്പോഴോ അവർ പ്രണയിച്ചിരുന്നു എന്ന് കരുതി… നീ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ എന്ത് വിഡ്‌ഡിതരമാണ് കുട്ടി
അവർ കല്യാണം കഴിച്ചിരുന്നു ദേവേട്ടാ…. പക്ഷെ….
എന്ത് പക്ഷെ… ബാക്കി കൂടി പറ
പറയാം ദേവേട്ടാ…. നാളെ നമുക്ക് ഒരിടം വരെ പോണം…. അവിടെ ചെല്ലുമ്പോൾ എല്ലാം ദേവേട്ടന് മനസിലാവും
=============
തന്റെ മുൻപിൽ നിൽക്കുന്ന ജാനകിയെ കണ്ണു ചിമ്മാതെ നോക്കുകയായിരുന്നു അമ്മു… വയസു നാല്പത് കഴിഞ്ഞിട്ടും അച്ഛന്റെ പഴയ ഡയറിയിൽ നിന്നും കിട്ടിയ ആ വെള്ളാരംകണ്ണി പത്തൊൻപത്കാരിയുടെ ഫോട്ടോയിലെ അതേ നിഷ്കളങ്കതയും ശാലീനതയും ആ മുഖത്തുണ്ടായിരുന്നു….
നിങ്ങൾ എവിടുന്നാ….ദേവനോടും അമ്മുവിനോടും ജാനകി ചോദിച്ചു
കുറച്ചു ദൂരെ നിന്നാ….കാവുംപുറത്തു നിന്ന്…. ഒരു ബലരാമനെ ഓർക്കുന്നുണ്ടോ…തിരുവോത്തെ ലക്ഷ്മികുട്ടിയമ്മയുടെ മകൻ ബലരാമനെ
അവർ ഒന്ന് ചെറുതായി ഞെട്ടി ആ വെള്ളാരംകണ്ണുകൾ വല്ലാതെ പിടയ്കുന്നത് അമ്മു തിരിച്ചറിഞ്ഞു…
വാ കേറിയിരിക്ക്… ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് ജാനകി അവരോട് പറഞ്ഞു
രാമനെട്ടനെ കുട്ടിക്ക് എങ്ങനെ അറിയാം ജാനകി തിരക്കി
എന്റെ അച്ഛനാണ് അമ്മു ജാനകിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു
രാമേട്ടന് സുഖമാണോ
അമ്മു തലയുർത്തി ജാനകിയെ നോക്കി…. അവരുടെ കണ്ണുകളിൽ തന്റെ അച്ഛനോടുള്ള ആ പഴയ സ്നേഹം മിന്നി മറയുന്നത് ഒരു വേള അവൾക്ക് തിരിച്ചറിയാൻ സാധിച്ചു….
അച്ഛന് സുഖമാണ് അമ്മു പറഞ്ഞു
കുട്ടീടെ അമ്മയ്ക്കോ??വസുധ എന്നല്ലേ അമ്മയുടെ പേര്…എനിക്ക് ഓർമയുണ്ട് അവർ വേദനയോടെ പറഞ്ഞു
എനിക്ക് അമ്മയില്ല…. എന്റെ അമ്മ മരിച്ചു പോയി… അമ്മുവിന്റെ കണ്ണ് നിറഞ്ഞു
ജാനകി വല്ലാതെയായി….ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം… ജാനകി അകത്തേക്ക് നടന്നു
നല്ല തണുത്ത മോരുംവെള്ളമാണ് കുടിച്ചോളൂ…. ജാനകി രണ്ട് ഗ്ലാസ്സ് അവർക്ക് നൽകി….അത് വാങ്ങി കുടിക്കുമ്പോൾ ആണ് ജാനകിയുടെ സാരീതുമ്പിൽ പിടിച്ചു മറഞ്ഞു നിൽക്കുന്ന ഒരു ആൺകുട്ടിയെ അമ്മു കാണുന്നത്….
ഇതാരാ??? അമ്മു ജാനകിയോട് ചോദിച്ചു
എന്റെ മോനാ ജാനകി പറഞ്ഞു
അമ്മു അവനെ കൈ കാട്ടി വിളിച്ചു… അവൻ ജാനകിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി… പൊയ്ക്കോ എന്ന് ജാനകി മുഖം കൊണ്ട് ആംഗ്യം കാണിച്ചു…
അവൻ മടിച്ചു മടിച്ചു അമ്മുവിന്റെ അടുത്തേക്ക് ചെന്നു…..ജാനകിയുടെ അതേ വെള്ളാരംകണ്ണുകൾ തന്നെയായിരുന്നു അവനും
നിന്റെ പേരെന്താ…അമ്മു അവന്റെ കവിളത്തു പിടിച്ചു ഓമനിച്ചു കൊണ്ട് ചോദിച്ചു
അവൻ മറുപടി പറയാതെ കണ്ണ് മിഴിച്ചു അവളെ ഉറ്റുനോക്കി
ഹിരൺ….അതാണ് അവന്റെ പേര്… ജാനകി പറഞ്ഞു…. അവനു സംസാരിക്കാൻ കഴിയില്ല മോളെ…. കേൾക്കാനും കഴിയില്ല അതാണ് മറുപടി പറയാഞ്ഞത് ജാനകി വല്ലായ്മയോടെ പറഞ്ഞു….
ഹിരണിന്റെ അച്ഛൻ എവിടെ… പെട്ടന്ന് ദേവൻ ജാനകിയോട് ചോദിച്ചു
ജാനകിയുടെ മുഖത്തു പെട്ടന്ന് വേദന നിറഞ്ഞൊരു ചിരി തെളിഞ്ഞു…..രാമേട്ടൻ കല്യാണം കഴിഞ്ഞു പോയപ്പോ വല്ലാതെ തളർന്നു പോയിരുന്നു ഞാൻ …ഇനിയൊരു കല്യാണം പോലും വേണ്ടെന്ന് വെച്ചിരുന്നു…. പക്ഷെ വീട്ടുകാർക്ക് ഞാൻ ഭാരമാവുമെന്നു മനസിലായതോടെ ആണ് വകയിലെ അമ്മാവൻ കൊണ്ട് വന്ന ജയേട്ടന്റെ ആലോചനയ്ക്ക് എനിക്ക് സമ്മതം മൂളേണ്ടി വന്നത്….സന്തോഷം നിറഞ്ഞ ജീവിതം തന്നെയായിരുന്നു….ഒരുപാട് കൊല്ലം കാത്തിരുന്നാണ് ഞങ്ങൾക്ക് ഹിരൺ ജനിച്ചത് ആദ്യമൊക്കെ ഇവന് ഇങ്ങനെ ഒരു കുഴപ്പം ഉള്ളതായി ഞങ്ങൾക്ക് മനസിലായില്ല….പിന്നീട് ആണ് ഹിരണിനു സംസാരിക്കാൻ കഴിയില്ലെന്ന് മനസിലാക്കുന്നത്….അന്ന് മുതൽ തുടങ്ങിയതാണ് ജയേട്ടന്റെ മദ്യപാനം….ഒരിക്കൽ വീട് വിട്ടൊരു പോക്ക് പോയി….രണ്ടാം ദിവസം വിഷം കഴിച്ച നിലയിൽ ഏതോ ഹോസ്പിറ്റലിൽ വെച്ചാണ് കാണുന്നത്….ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്യ്തു… ജാനകി തലയുർത്തി ഭിത്തിയിലെ പൂമാലയിട്ട് വെച്ച ഫോട്ടോയിലേക്ക് നോക്കി കണ്ണ് തുടച്ചു
അമ്മ കരയുന്നത് കണ്ട ഹിരൺ ഓടി ചെന്ന് അമ്മയെ വട്ടം കെട്ടി പിടിച്ചു….
ദേവൻ വല്ലായ്മയോടെ അമ്മുവിനെ നോക്കി പോകാമെന്നു ആംഗ്യം കാണിച്ചു…..
എന്നാ ഞങ്ങൾ ഇറങ്ങട്ടെ ദേവൻ ചോദിച്ചു…..
ആ വീടിന്റെ പടികെട്ടുകൾ ഇറങ്ങുമ്പോൾ അറിയാതെ അമ്മു ഒന്ന് തിരിഞ്ഞു നോക്കി…..ഹിരൺ അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു
അത് കണ്ടതും ഒരു പൊട്ടികരച്ചിലോടെ അമ്മു ജാനകിയുടെ മാറിലേക്ക് വീണു….ജാനകി അവളെ ചേർത്ത് പിടിച്ചു….
ഞാൻ അമ്മേ എന്ന് വിളിച്ചോട്ടെ അമ്മു ദയനീയമായി ജാനകിയുടെ മുഖത്തേക്ക് നോക്കി…. ജാനകി നിറഞ്ഞു തൂവിയ കണ്ണുകളെ പുറംകയ്യാൽ തുടച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു
തന്റെ അടി വയറ്റിൽ എവിടെയോ ഒരു വേദന പിടഞ്ഞു ഉണരുന്നത് ജാനകി തിരിച്ചറിഞ്ഞു…മാ റിടങ്ങൾ വിങ്ങുന്ന പോലെ…. തന്റെ രാമേട്ടന്റെ മകൾ….തന്റെ വയറ്റിൽ പിറക്കേണ്ടിയിരുന്ന തന്റെ രാമേട്ടന്റെ ചോര…. ജാനകി അമ്മുവിന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു തുരാതുരാ ഉമ്മ വെച്ചു
ഇന്ന് വരെ അനുഭവിക്കാത്ത പേരറിയാത്ത ഒരു അനുഭൂതിയാൽ അമ്മുവിൻറെ ഹൃദയം വല്ലാതെ തുടിച്ചു കൊണ്ടിരുന്നു
വരുവോ… എന്റെ വീട്ടിലേക്ക്…. എന്റെ അമ്മയായിട്ട്…എന്റെ അച്ഛന്റെ പഴയ ജാനിയായി… തരുവോ ഹിരണിനെ എനിക്ക് എന്റെ അനിയനായിട്ട്…..എന്റെ അച്ഛനൊരു കൂട്ടായി… എനിക്ക് കിട്ടാതെ പോയ ഒരമ്മയുടെ സ്നേഹം തരാൻ വരുമോ ഞങ്ങടെ ജീവിതത്തിലേക്ക്…ആരെയും ബോധിപ്പിക്കണ്ട എനിക്ക്…ആരെയും ഗൗനിക്കുന്നുമില്ല… എനിക്കെന്റെ അച്ഛനാണ് വലുത്…. ആ സന്തോഷമാണ് വലുത്…അച്ഛൻ ഇതിനു എതിര് പറയില്ല… എനിക്ക് ഉറപ്പുണ്ട്…. എന്റെ അച്ഛന് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ സന്തോഷമാണിത്… വന്നൂടെ..അമ്മു ജാനകിയോട് കെഞ്ചി
വരാം… വരും ജാനകി അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു
പടി കടന്നു പുറത്ത് പാർക്ക് ചെയ്യ്തിരുന്ന കാറിലേക്ക് കയറുമ്പോൾ ജാനകി അമ്മുവിനോട് ചോദിച്ചു
അമ്മു എന്ന് തന്നെയാണോ ശരിക്കും പേര്….
അല്ല…. ജാനകി…. ജാനകി ബലരാമൻ….. അതാണെന്റെ ശരിക്കും പേര് ജാനകിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമ്മു കാറിൽ കേറി
അല്ലെടോ…. ഈ പ്രേമകഥയൊക്കെ താൻ എങ്ങനെ അറിഞ്ഞു….തിരിച്ചുള്ള യാത്രയിൽ ദേവൻ അമ്മുവിനോട് ചോദിച്ചു
അതോ…. ഒരിക്കൽ അച്ഛന്റെ മുറി വൃത്തിയാക്കുമ്പോൾ അലമാരയിൽ നിന്നും കിട്ടിയ ഒരു ഡയറിയിൽ ഒരു വെള്ളാരംകണ്ണി സുന്ദരിയുടെ ഫോട്ടോയുണ്ടായിരുന്നു…..അതിൽ കേറിപിടിച്ചു അച്ഛനോട് ചോദിച്ചപ്പോ അച്ഛൻ അഡ്രസ് അടക്കം പറഞ്ഞു തന്നതാണ് ഈ പ്രേമകഥ
ആഹാ കൊള്ളാലോ… അപ്പൊ തന്റെ അച്ഛനൊരു പഴയ കള്ളകാമുകൻ ആയിരുന്നല്ലേ…ദേവൻ ചിരിച്ചു ഒപ്പം അമ്മുവും
മൂന്നു മാസങ്ങൾക്ക് അപ്പുറം സർവ്വാഭരണ ഭൂക്ഷിതയായി ദേവന്റെ കയ്യും പിടിച്ചു കാറിലേക്ക് കയറുമ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി….. അവിടെ കണ്ണ് നിറച്ചു കൊണ്ട് അമ്മുവിന്റെ അച്ഛൻ ബലരാമൻ നിൽപ്പുണ്ടായിരുന്നു….തൊട്ടടത്തു അയാളോട് ചേർന്ന് സന്തോഷത്തോടെ ബലരാമന്റെ ജാനിയും ഹിരണും….അമ്മുവിൻറെ നിറുകയിൽ ചാർത്തിയിരുന്ന അതേ സിന്ദൂരചുവപ്പ് ജാനകിയുടെ നിറുകയിലും അതേ മനോഹാരിതയോടെ തെളിഞ്ഞു കാണാമായിരുന്നു….
അത് കണ്ടു കൊണ്ട് സമാധാനത്തോടെ… സന്തോഷത്തോടെ…. പുതിയ ജീവിതത്തിലേക്ക് അവൾ ദേവനൊപ്പം യാത്രയായി……………..